പാപ്പിലോമാ വൈറസ് പുരാണം !

അശോക് കര്‍ത്താ മാഷിന്റെ "ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........" എന്ന ലേഖനം ബ്ലോഗുലകത്തില്‍ ഒരു തരം ഹിസ്റ്റീരിയ ഉണ്ടാക്കുന്നുണ്ടോ എന്ന തോന്നലില്‍ നിന്നാണ് ഈ ലേഖനം. വിശേഷിച്ച് ആ പോസ്റ്റിന്റെ യഥാര്‍ത്ഥ വിഷയത്തേക്കാള്‍ കൂടുതല്‍ മറ്റു ചര്‍ച്ചകള്‍ക്കും വ്യക്തിപരമായ ആരോപണങ്ങള്‍ക്കുമൊക്കെ അവിടെ പ്രാധാന്യം കൈവന്ന സ്ഥിതിക്ക്, വിഷയം വൈദ്യശാസ്ത്രപരമായിത്തന്നെ കൈകാര്യം ചെയ്യണമെന്നു തോന്നുന്നു. അതു കൊണ്ട് കര്‍ത്ത മാഷിന്റെ പോസ്റ്റിനിട്ട കമന്റ് വിപുലീകരിച്ച് ഇവിടെ പോസ്റ്റുന്നു.
(വിഷയേതര ചര്‍ച്ചകള്‍ക്ക് എല്ലാ ‘കമന്റുകാരും’ ഒരു സ്വയംപ്രഖ്യാപിതപരിധി വയ്ക്കാന്‍ താല്പര്യപ്പെടുന്നു.)HPV അഥവാ മനുഷ്യ-പാപ്പിലോമാ വൈറസ് നൂറോളം തരത്തിലുണ്ടെങ്കിലും എല്ലാം രോഗകാരകരല്ല. രോഗകാരണമായവയില്‍ ഭൂരിപക്ഷവും വളരെ നിര്‍ദ്ദോഷികളുമാണ്. HPV - 1, 2 എന്നീ ടൈപ്പുകള്‍ ഗുഹ്യേതരമായ ശരീരഭാഗങ്ങളിലെ തൊലിപ്പുറത്ത് അരിമ്പാറകളുണ്ടാക്കുന്നു.
ലൈംഗികാവയവങ്ങളിലെ HPV ഏതാണ്ട് 30 ടൈപ്പുകളാണുള്ളത്. ഇവയാകട്ടെ രതിജന്യ രോഗാണുക്കളായി കണക്കാക്കപ്പെടുന്നു. HPV-6ഉം 11ഉം ലൈംഗികാവയവങ്ങളിലും മലദ്വാരത്തിലും പരിസരത്തുമായി സാധാരണ അരിമ്പാറകള്‍ (condyloma) ഉണ്ടാക്കുമ്പോള്‍ HPV-16, 18, 26, 31, 33, 35, 39, 45, 51, 52, 56, 58, 59, 66, 68, 73, 82 തുടങ്ങിയവ ഗര്‍ഭാശയഗളക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു .

പാപ്പിലോമാ വൈറസ് പകരുന്ന രീതികള്‍

സര്‍വ്വസാധാരണമായ ഒരു വൈറസ്സാണ് ഇത്. അതുകൊണ്ടുതന്നെ ഇന്‍ഫക്ഷനും സര്‍വ്വസാധാരണം. ഇന്‍ഫക്ഷന്‍ വന്ന ഭാഗത്തെ കോശങ്ങള്‍ പൊഴിഞ്ഞുവീഴുന്നിടത്ത് HPVകുട്ടന്‍ വെയിലേറ്റും ചുടേറ്റും ഏറെ നേരം ചാവാതെകിടക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 56 ഡിഗ്രി സെത്സസില്‍ ഒരു മണിക്കൂറ് ചൂടാക്കിയ വസ്തുക്കളിലും HPVയെകാണാം. (അതുകൊണ്ട് യോനിയിലും, മറ്റു ഗുഹ്യഭാഗങ്ങളിലും കടത്തുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കഠിനമായ ചൂ‍ടത്ത് തിളപ്പിച്ചേ ആശുപത്രികളിലും മറ്റും ഉപയോഗിക്കാറുള്ളൂ കേട്ടോ.)


തൊലിപ്പുറത്തെ അരിമ്പാറ, ലൈംഗികവ്രണങ്ങള്‍ എന്നിവയില്‍ നിന്നും നേരിട്ടുള്ള സ്പര്‍ശം വഴിയാണ് പ്രധാനമയും HPV ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു പകരുന്നത്. കൈകാലുകളില്‍ അരിമ്പാറകളുണ്ടാക്കുന്ന തൊലിപ്പുറ HPVയെ തോര്‍ത്ത്, മറ്റു തുണികള്‍ എന്നിവയിലും ജിംനേഷ്യങ്ങളിലെ ഉപകരണങ്ങളിലും, പൊതു നീന്തല്‍കുളങ്ങലുടെ പരിസരങ്ങളിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ നിന്നും ചില അവസരങ്ങളില്‍ അരിമ്പാറകള്‍ കൂട്ടമായി പകരുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ലൈംഗിക-HPVയാകട്ടെ ഏതാണ്ട് 99% വും രതിവേഴ്ചയിലൂടെയാണ് പകരുക . രതിവേഴ്ചയെന്നാല്‍ ലൈംഗയോനീ സംയോഗം മാത്രമല്ല, വദനസുരതവും, ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കലും എല്ലാം പകര്‍ച്ചാരീതികളില്‍പ്പെടും. അതുകൊണ്ടുതന്നെ ‘സാങ്കേതികാ’ര്‍ത്ഥത്തില്‍ കന്യകനോ കന്യകയോ ആണെന്നവകാശപ്പെടുന്ന ആളുകളിലും ലൈംഗിക-HPV ഇന്‍ഫക്ഷന്‍ കാണാം.

കക്കൂസിന്റെ വക്കുകള്‍, വൃത്തിയില്ലാത്ത തുണികള്‍, കുളിക്കാതിരിക്കല്‍, വിയര്‍പ്പ്, മൂത്രം, മലം എന്നിവയിലൊന്നും ലൈംഗിക-HPVയെ ഇന്‍ഫക്ഷനുണ്ടാക്കാവുന്ന രൂപത്തില്‍ കാണാറില്ല. ജീവിതത്തില്‍ ഒരിക്കലും രതിയിലേര്‍പ്പെട്ടിട്ടില്ലാത്ത ആളുകളില്‍ ക്യാന്‍സറിനു കാരണമാകുന്ന ലൈംഗിക-HPVയെ കണ്ടെത്തിയിട്ടുമില്ല. തുണിത്തരങ്ങള്‍, പാത്രം, ഭക്ഷണപാനീയങ്ങള്‍ (fomites)എന്നിവയിലൂടെ ലൈംഗിക-HPV പകരുമെന്നതിനു അസന്ദിഗ്ധമായി അംഗീകരിക്കപ്പെട്ട തെളിവുകളൊന്നുമില്ല. അവിടെയും ഇവിടെയുമൊക്കെ ഈ മട്ടിലുള്ള ചില പ്രചാരണങ്ങള്‍ നടക്കുന്നത് പലപ്പോഴും HPV-ടെസ്റ്റിംഗ് നടത്തി ലാഭം കൊയ്യാനുള്ള ലാബുകളുടെ തന്ത്രമാണെന്ന അഭിപ്രായവുമുണ്ട്. എന്നാല്‍ കന്യക/കന്യകന്മാരില്‍ അല്ലെങ്കില്‍ കുട്ടികളില്‍ കാണുന്ന ലൈംഗിക-HPV ഈ രീതിയില്‍ തുണി/കക്കൂസ്/കുളിമുറി വഴിയായി പകര്‍ന്നതാവാം എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത് . ഈയൊരു കാഴ്ചപ്പാടിന് വലിയ ശാസ്ത്രീയ പിന്‍ബലമില്ലാത്തതിന് ഒരു കാരണം HPVയെ ലാബുകളില്‍ വളര്‍ത്തിയെടുത്ത് അതിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള പ്രയാസമാണ്.


HPV പകരുന്ന ഒരു അപൂര്‍വ്വ രീതി, അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് പ്രസവാവസരത്തിലാണ്. ഇങ്ങനെയുണ്ടാകുന്ന ഇന്‍ഫക്ഷന്‍ കുഞ്ഞിന്റെ വായിലും തൊണ്ടയിലും ശ്വാസകോശത്തിലും വരെ മാരകഫലങ്ങളുണ്ടാക്കുമെന്നതിനാല്‍ ഗര്‍ഭിണിയായ അമ്മയില്‍ പാപ്-ടെസ്റ്റ്/HPV-PCR ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചാല്‍ സിസേറിയന് ഏര്‍പ്പാടാക്കുകയാണ് വൈദ്യശാസ്ത്രത്തിന്റെ രീതി.


HPV ശരീരത്തില്‍ കടന്നാല്‍ അതിനെതിരേ ശരീരത്തിന്റെ പ്രതിരോധകോശങ്ങളായ വെളുത്തരക്താണുക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് അതിനെ നശിപ്പിക്കുകയോ ഒരു മൂലയ്ക്കിരുത്തുകയോ ചെയ്യും (containment). ഈയൊരു പ്രതിരോധപ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ HPV നിതാന്തമായ ഇന്‍ഫക്ഷനിലേക്കു നീങ്ങും. ഇത് നാം നേരത്തേ കണ്ട 16, 18 തുടങ്ങിയ ടൈപ്പുകളാണെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയേറുന്നു.


രതിയും HPVയും പിന്നെ ക്യാന്‍സറും


രതിയിലേര്‍പ്പെടുന്ന മനുഷ്യരില്‍ 50% പേര്‍ ലൈംഗിക HPV വൈറസ് അണുബാധയ്ക്കു വിധേയരാവുന്നു. എന്നാലും ഇത് താരതമ്യേന പ്രശ്നക്കാരനല്ലാത്ത ഒരു വൈറസ് ആയതിനാല്‍ വളരെ ചെറിയൊരു പങ്കിലേ രോഗങ്ങള്‍ ഉണ്ടാകുന്നുള്ളൂ. ക്യാന്‍സര്‍ രൂപത്തിലേക്കൊക്കെ വളരുന്നതു പിന്നേയും ചെറിയ ഒരു വിഭാഗത്തില്‍ മാത്രം.

പ്രഥമമായും രതിജന്യ രോഗാണുവായതിനാല്‍ ലൈംഗിക-HPV ഇന്‍ഫക്ഷനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാതിരിക്കേണ്ടി വരും. കാരണം അത്രകണ്ട് സര്‍വ്വസാധാരണമാണു ലൈംഗിക-HPV. പിന്നെ, കുറേയൊക്കെ ഇന്‍ഫക്ഷന്‍ സാധ്യത കുറയ്ക്കാന്‍ ‘ഏകപങ്കാളീവ്രതം’ എടുത്താല്‍ മതി. അല്ലെങ്കില്‍ ഉറകള്‍ ഉപയോഗിക്കാം. (ഉറ വലിയ പ്രയോജനമൊന്നും ചെയ്യില്ലെങ്കിലും അതുപയോഗിക്കുന്ന പങ്കാളികള്‍ ഉള്ളവരില്‍ ലൈംഗിക-HPVയുമായി ബന്ധമുള്ള ഗര്‍ഭാശയഗളക്യാന്‍സര്‍ കുറഞ്ഞുവരുന്നതായി അസന്ദിഗ്ധമായ തെളിവുകളുണ്ട്.) ചേലാകര്‍മ്മം - circumcision- ചെയ്യുന്നത് പുരുഷനിലെ ലൈംഗിക-HPV ഇന്‍ഫക്ഷന്‍ സാധ്യതയും അതുമൂലമുള്ള ക്യാന്‍സറും ഗണ്യമായി കുറയ്ക്കും. (ഇസ്ലാം/ജൂത മതങ്ങളില്‍ പ്രചാരമുള്ള ഈ ആചാരം ഒരു അനുഗ്രഹമാണ് ഈ കാര്യത്തില്‍.) ഇതിന്റെ കാരണം സുവ്യക്തമല്ല എങ്കിലും ലിംഗാഗ്രചര്‍മ്മത്തിനടിയില്‍ HPV പതിയിരിക്കാനുള്ള സാധ്യത കുറയുന്നതാണ് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
പങ്കാളിക്ക് ഈ ഇന്‍ഫക്ഷന്‍ ഉണ്ടോയെന്ന് PCR വഴി പരിശോധിക്കാന്‍ വലിയ ചെലവു വരും. മാത്രമല്ല സ്ത്രീജനസംഖ്യയില്‍ ഏതാണ്ട് 50-80 ശതമാനത്തിനും തങ്ങളുടെ 50 വയസ്സോടടുത്ത് ഈ ഇന്‍ഫക്ഷന്‍ ഉണ്ടാവുമെന്നിരിക്കെ ഇങ്ങനെ ലാബ് പരിശോധനയും കൊണ്ടിറങ്ങിയാല്‍ കുത്തുപാളയെടുക്കുമെന്നുറപ്പ്.HPV ഒരു ഡി.എന്‍ ഏ വൈറസാണ് . അതു മനുഷ്യകോശത്തിന്റെ കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) കയറിപ്പറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു. ഏതെങ്കിലുമൊരവസരത്തില്‍ കോശവിഭജനവുമായി ബന്ധപ്പെട്ട ജീനുകളില്‍ HPVയുടെ ജനിതകവസ്തുവിന് ഇടപെടാന്‍ അവസരം കിട്ടിയാല്‍ കോശവിഭജനപ്രക്രിയയെ അതു താറുമാറാക്കും. അതോടെ കോശം നിയന്ത്രണമില്ലാതെ പെറ്റുപെരുകി ക്യാന്‍സര്‍ ഉണ്ടാക്കുകയും ചെയ്യും.
കോശ വിഭജനത്തെ നിയന്ത്രണാ‍തീതമാക്കി ക്യാന്‍സറുണ്ടാക്കുന്ന ഈ രീതി മിക്ക വൈറസുകള്‍ക്കുമുണ്ട് . അതുകൊണ്ട് എതാണ്ട് എല്ലാ ക്യാന്‍സറുകളും ഒന്നല്ലെങ്കില്‍ മറ്റൊരു വൈറസ്സിന്റെ സഹായത്തോടെയാണ് ശരീരത്തില്‍ ആരംഭിക്കുന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. ഇതിനു കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു.ലൈംഗിക-HPV കയറിക്കൂടുന്ന കോശങ്ങള്‍ അതിലോലമായ ഭാഗങ്ങളിലെയാണല്ലോ. അത്തരം ഭാഗങ്ങള്‍, വിശേഷിച്ച് ഗര്‍ഭപാത്രത്തിന്റെ താഴത്തേ അറ്റം (സെര്‍വിക്സ് അഥവാ ഗര്‍ഭാശയ ഗളം) ഇത്തരത്തിലുള്ള ഒരു ലോലമായ സന്തുലിതാവസ്ഥയുള്ളിടമാണ്. അവിടെ മാസമുറയുമായി ബന്ധപ്പെട്ട ഹോര്‍മ്മോണ്‍ വ്യതിയാനങ്ങളാല്‍ വരുന്ന നിരന്തരമാറ്റങ്ങള്‍, ത്വരിതഗതിയിലെ കോശവിഭജനം എന്നിവ തന്നെ ക്യാന്‍സറിന് അനുകൂലമായ ഘടകങ്ങളാണ്. പ്രത്യേകിച്ച് Squamo-Columnar Junction എന്നറിയപ്പെടുന്ന കലകള്‍. അപ്പോള്‍ HPVയും കൂടിച്ചെന്നാല്‍ സംഗതി ജോര്‍...!

പക്ഷേ ഒന്നോര്‍ക്കുക: HPVയെക്കാള്‍ കൂടുതല്‍ ഗര്‍ഭാശയഗളത്തില്‍ പരിക്കേല്‍പ്പിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഘടകങ്ങള്‍ പ്രസവങ്ങളുടെ ആധിക്യവും, വളരെ ചെറുപ്രായത്തില്‍ ആരംഭിക്കുന്ന ലൈംഗിക ബന്ധങ്ങളും, ഒന്നിലധികം ലൈംഗികപങ്കാളികളുമായി വേഴ്ചയും , പുകവലിയും പിന്നെ ബാക്റ്റീരിയകള്‍ മൂലമുണ്ടാകുന്ന ഗൊണോറിയ, ക്ലമീഡിയ തുടങ്ങിയ രതിജന്യമാ‍യ മറ്റ് ഇന്‍ഫക്ഷനുകളുമത്രെ.!കാരണം, മേല്‍പ്പറഞ്ഞ സംഗതികളാണ് പലപ്പോഴും ഗര്‍ഭാശയഗളത്തിലെ അതിലോല കോശങ്ങളിലെ സംതുലിതാവസ്ഥയെ അട്ടിമറിക്കുന്നതില്‍ HPVയെക്കാള്‍ മുമ്പില്‍ നില്ക്കുന്നത്. ഈ സംഗതികളെ ‘ക്യാന്‍സര്‍ ത്വരകങ്ങ’ളെന്നു വിളിക്കാം.

HPV ഗര്‍ഭാശയഗളക്യാന്‍സറിന്റെ അനവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് എന്നു സാരം. ഗര്‍ഭാശയഗള ക്യാന്‍സര്‍ (cervical cancer) ബാധിച്ച ഏതാണ്ടെല്ലാവരിലും HPV കണ്ടെത്തിയിട്ടുണ്ട് എന്നു കരുതി HPV ഉള്ളവരിലെല്ലാം ക്യാന്‍സറും ഉണ്ട് എന്ന് ആരും തെറ്റിദ്ധരിക്കരുതേ. ക്യാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റിയവരിലും HPV അണുബാധ നിലനില്ക്കും.


ഗര്‍ഭാശയ ഗള ക്യാന്‍സറിനു ടെസ്റ്റ്

ഗര്‍ഭാശയ ഗളത്തില്‍ നിന്നും ഐസ്ക്രീം സ്പൂണിന്റെ രൂപത്തിലുള്ള ഒരു കോലുകൊണ്ട് ചുരണ്ടിയെടുക്കുന്ന കോശങ്ങളെ ചില പ്രത്യേക രാസവസ്തുക്കളാല്‍ പരുവപ്പെടുത്തിയിട്ട് ഒരു സൂക്ഷ്മദര്‍ശിനിക്കടിയില്‍ (മൈക്ക്രോസ്കോപ്പ്) വച്ചു നോക്കുമ്പോള്‍ ആ കോശങ്ങളില്‍ ക്യാന്‍സറിന്റെ ആദിരൂപങ്ങളോ, ക്യാന്‍സര്‍ തന്നെയോ ഉണ്ടെങ്കില്‍ അറിയാന്‍ കഴിയും. ഇതാണ് പ്രസിദ്ധമായ പാപ്-ടെസ്റ്റ് (Pap test). ഗ്രിക്ക്കാരനായ ഡോ: ജോര്‍ജിയസ് പാപ്പണികോളോവ് (Georgios N. Papanikolaou ) എന്ന ഉപജ്ഞാതാവിന്റെ പേരില്‍ ചുരുക്കി വിളിക്കുന്നതാണ് “പാപ്” എന്നത്. ഒരു സ്ത്രീ ആദ്യത്തെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുകഴിഞ്ഞ് ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍, അല്ലെങ്കില്‍ 21 വയസ്സ് തികയുമ്പോഴോ (ഏതാണാദ്യമെന്നു വച്ചാല്‍ അങ്ങനെ) ആദ്യത്തെ പാപ് -ടെസ്റ്റ് ചെയ്യാനാണ് വിവിധ പഠനങ്ങള്‍ക്കുശേഷം വൈദ്യശാസ്ത്രം നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇങ്ങനെ മൂന്നുവര്‍ഷം തുടര്‍ച്ചയായി ചെയ്യണം. ഈ മൂന്നുവര്‍ഷവും പാപ്-ടെസ്റ്റില്‍ പ്രശ്നമൊന്നും കാണുന്നില്ലെങ്കില്‍ പിന്നീടുള്ള ജീവിതകാലമത്രയും, ലൈംഗികജീവിതം നയിക്കുന്നിടത്തോളം ,എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും ഈ ടെസ്റ്റ് നടത്തണം. 70 വയസ്സോടെ ഗര്‍ഭ്‍ാശയഗള ക്യാന്‍സറിന്റെ സാധ്യത ഏതാണ്ട് തീരേ ഇല്ലാതാകുമ്പോള്‍ ടെസ്റ്റ് ചെയ്യുന്നതും നിര്‍ത്താം. (ഈ ഗൈഡ് ലൈനില്‍ ചില്ലറ പ്രാദേശിക വ്യതിയാനങ്ങള്‍ ഒരോ ആശുപത്രിക്കുമുണ്ട്)ഏതെങ്കിലും അവസരത്തില്‍ പാപ് ടെസ്റ്റില്‍ പ്രശ്നങ്ങള്‍ കണ്ടാല്‍ യോനിയുടെയും ഗര്‍ഭാശയത്തിന്റെയും ഉള്‍ഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കാന്‍ സഹായിക്കുന്ന കോള്‍പ്പോ സ്കൊപ്പി ചെയ്ത് ബയോപ്സിയും മറ്റും എടുക്കേണ്ടതായി വരും.ഇത്ര നിഷ്കര്‍ഷ ഇക്കാര്യത്തിലെടുക്കുന്നതെന്തിനാണ് ?
നേരത്തേ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും സുഖപ്പെടാവുന്നവയാണ് മിക്ക ക്യാന്‍സറുകളും. അതില്‍ എറ്റവും പ്രധാനം ഗര്‍ഭാശയഗളം, സ്തനം എന്നിവയില്‍ വരുന്ന ക്യാന്‍സറുകളാണ്.
സ്ത്രീകളിലെ മരണകാരകനായ ക്യാന്‍സറുകളില്‍ ഗര്‍ഭാശയ ഗള ക്യാന്‍സറിനു മൂന്നാം സ്ഥാനമാണ് ലോകത്ത്. അണ്ഡാശയത്തിലും ഗര്‍ഭപാത്രത്തിന്റെ ഉള്ളിലും വരുന്ന ക്യാന്‍സറുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഇതുപോലെ വളരെ നേരത്തേ കണ്ടെത്താനുള്ള പാപ് ടെസ്റ്റു പോലുള്ള വിദ്യകള്‍ ആ ക്യാന്‍സറുകളുടെ കാര്യത്തില്‍ ഇന്നു വരെ വികസിപ്പിക്കാനായിട്ടില്ല. പാപ്-ടെസ്റ്റ് വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതോടെ ഗര്‍ഭാശയ ഗള ക്യാന്‍സറുകള്‍ പലതും വളരെ പ്രാഥമികമായ അവസ്ഥയില്‍ത്തന്നെ കണ്ടെത്തപ്പെടാന്‍ തുടങ്ങി. ഇത് നേരത്തേ ചികിത്സിക്ക്നും മുന്‍ കരുതലുകളെടുക്കാനും സഹായകമായെന്നു പ്രത്യേകം പറയെണ്ടതില്ലല്ലോ.


ക്യാന്‍സര്‍ എന്നത് വളരെ അപുര്‍വ്വമായേ 50 വയസ്സിനു മുന്‍പ് കാണാറുള്ളു. ഇന്ന് വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെയും ജീവിത നിലവാരം ഉയര്‍ന്നതിന്റെയും ഫലമായി സമൂഹത്തിലെ ശരാശരി ആയുസ്സ് 35ല്‍ നിന്നും 45ല്‍ നിന്നും 75ഉം 80ഉം ഒക്കെയായിട്ടുണ്ട്. സ്വാഭാവികമായും സനാതന രോഗങ്ങളായ ഡയബറ്റിസ്, ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം ക്യാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തേ കണ്ടുപിടിക്കപ്പെടാനുള്ള സാഹചര്യവും അതിനൊത്ത് വരുന്നു. ഇത് രോഗങ്ങളുടെ prevalence കുട്ടുന്നതിന് ഒരു പ്രധാന കാരണമാണ്. ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതല്ല, മറിച്ച് അത് വളരെ നേരത്തേ ടെസ്റ്റുകളുലൂടെയും പരിശോധനകളിലൂടെയും മറ്റും കണ്ടുപിടിക്കപ്പെടുന്നു എന്നതാണ് വാസ്തവം. (അതിനും വൈദ്യശാസ്ത്രത്തെ കുറ്റം പറയുന്ന വിഡ്ഡിശിരോമണികള്‍ നമുക്കിടയിലുണ്ടല്ലോ !)


ആര്‍ത്തവതുണികളും പാപ്പിലോമാ വൈറസും: ചില തെറ്റിദ്ധാരണകള്‍

ആ‍ര്‍ത്തവകാലത്തുപയോഗിക്കുന്ന “തീണ്ടാരി”ത്തുണി/നാപ്കിന്‍ എന്നിവയില്‍ HPV വളരുന്നതായി കണ്ടെത്തിയിട്ടില്ല. ആര്‍ത്തവതുണികള്‍ മാറ്റി മാറ്റി ഉപയോഗിക്കുന്നതുകൊണ്ടൊന്നും ഉള്ള HPV ഇന്‍ഫക്ഷന്‍ മാറുകയോ വര്‍ധിക്കുകയോ ഇല്ല. എന്നാല്‍ HPV വെയിലുകൊണ്ടാലൊന്നും ചാകില്ല എന്നതിനാല്‍ ഒരേ തുണി വീണ്ടും വീണ്ടും നനച്ചുണക്കി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. മാത്രമല്ല മറ്റു ബാക്റ്റിരിയകള്‍ മൂലം ഉണ്ടായിട്ടുള്ള ഇന്‍ഫക്ഷന്‍ ഈ തുണികളില്‍ ചിലപ്പോള്‍ നശിക്കാതെ നില്‍ക്കുകയും ചെയ്യും. വെട്ടിത്തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ട് “സ്റ്റെറിലൈസ്” ചെയ്താലേ തുണിയിലായ HPVയും മറ്റു ബാക്ടീരിയകളും പൂര്‍ണ്ണമായി നശിച്ചെന്നുറപ്പുവരുത്താനാവൂ. അതിനാല്‍ തിരത്തുണികള്‍ ഹോം-മെയ്ഡ് ആയി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പരുത്തികൊണ്ടുള്ള നാപ്കിനുകള്‍ മിക്ക പ്രകൃതിജന്യ വസ്തുക്കളേയും പോലെ പ്ലാസ്റ്റിക് അടങ്ങിയ നാപ്കിനുകളേക്കാള്‍ പല സംഗതികളിലും മികച്ചതാണ്. എന്നു വച്ച് കമ്പനി നാപ്കിനുകളില്‍ HPV വളരും അല്ലെങ്കില്‍ പരുത്തിയില്‍ വളരില്ല എന്ന് അശോക് കര്‍ത്താ മാഷു പറയുന്നത് ശാസ്ത്രത്തിനു നിരക്കുന്നതല്ല.

Vaginal Tamponകളും ടോക്സിക് ഷോക് സിന്‍ഡ്രോമും (Toxic Shock Syndrome-TSS) തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചു മാത്രം മുന്‍ വിധി വച്ചുകൊണ്ട് നാപ്കിനുകളെ പഴിപറയുന്ന പതിവ് പലയിടത്തുമുണ്ട്. ഇതേക്കുറിച്ച് പഠിച്ചാല്‍ തെറ്റിദ്ധാരണ വ്യക്തമാകും.ആഗിരണശേഷി അധികമുള്ള ടാമ്പൂണുകള്‍ യോനിക്കുള്ളിലേക്കു തിരുകിവയ്ക്കുമ്പോള്‍ അവ യോനിയുടെ ഉള്‍ ഭാഗത്തെ വരണ്ടതാക്കുന്നു. ഇതു മുറികുകളുണ്ടാകാന്‍ കാരണമാകുന്നു. തുടര്‍ന്ന് നമ്മുടെ ചര്‍മ്മത്തില്‍ നേരത്തേതന്നെയുള്ള സ്റ്റഫൈലോക്കോക്കസ് എന്ന ബാക്ടീരിയ ഇന്‍ഫക്ഷനുകള്‍ ഉണ്ടാക്കുന്നു. അതാണ് Toxic Sock Syndrome ആയി പരിണമിക്കുന്നത്.ഇതില്‍ പ്രശ്നക്കാരന്‍ റയോണോ പരുത്തിയോ ഒന്നുമല്ല, മറിച്ച് ഉപയോഗിച്ച തുണിയുടെ അധിക ആഗിരണശേഷിയാണ്. അതുണ്ടാക്കുന്ന വരള്‍ച്ച (vaginal Dryness) ആണ് യഥാര്‍ത്ഥ വില്ലന്‍. ആ വരള്‍ച്ച കമ്പനിത്തുണിക്കും വീട്ടിലുണ്ടാക്കുന്ന പരുത്തിതുണിക്കും ഒക്കെയുണ്ടാവാം.വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന തുണികളില്‍ അതിന്റെ ആഗിരണ ശേഷി(absorbancy)രേഖപ്പെടുത്തിവയ്ക്കാന്‍ നിയമമുണ്ട്. അതനുസരിച്ച് മാസമുറയുടെ കണക്കിന് വേണം തുണിയുപയോഗിക്കാന്‍. പരുത്തികൊണ്ടുള്ള ‘ഹോം മേയ്ഡ്‘ തുണിക്കും ഈ നിഷ്കര്‍ഷയുണ്ടാകണം.


പിന്‍ കുറിപ്പ്: (സതീഷി ന്റെ കമന്റിനോട് കടപ്പാട്) ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം cervical cancerനു കാരണമാകുമെന്ന് മുന്‍പുണ്ടായിരുന്ന വാദം ഇപ്പോള്‍ പൂര്‍ണ്ണമായും ശരിയല്ല എന്നു നമുക്കറിയാം. കാരണം, ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവര്‍ ഭൂരിപക്ഷവും ഉറയോ മറ്റു barrier രീതികളൊ ഉപയോഗിക്കാതെ രതിവേഴ്ച നടത്തുന്നു. അതുവഴി HPV, gonorrhea, chlamydia തുടങ്ങിയ രതിജന്യരോഗാ‍ണുക്കള്‍ പകരാനുള്ള സാധ്യത കൂടുന്നു. ഇതാണ് ഗര്‍ഭനിരോധനഗുളികകളുമായുള്ള ഗര്‍ഭാശയഗളക്യാന്‍സറിന്റെ ബന്ധമെന്ന ശക്തമായ തെളിവുകള്‍ വന്നിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്കലായി നോക്കുമ്പോള്‍ അതു ശരിയാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആ ഒരു പോയിന്റ് ഒഴിവാക്കിയത്. മാത്രമല്ല ഇപ്പോള്‍ പ്രചാരത്തിലുള്ള സൈഡ് ഇഫക്റ്റുകള്‍ വളരെ കുറഞ്ഞ ഗര്‍ഭനിരോധന ഗുളികകളെ എന്തെങ്കിലും രീതിയില്‍ പഴിചാരിയാല്‍, ജനസംഖ്യാവിസ്ഫോടനം കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയില്‍ വലിയ സാമൂഹികപ്രത്യാഘാതങ്ങളുണ്ടാവുമെന്നതു കൊണ്ടുകൂടിയാണ് ആ പോയിന്റെ ഒഴിവാക്കിയത്.20 comments:

 1. മെഡിസിന്‍ @ ബൂലോകം : New Post

  "പാപ്പിലോമാ വൈറസ് പുരാണം !"


  അശോക് കര്‍ത്താ മാഷിന്റെ "ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ.." എന്ന ലേഖനം ബ്ലോഗുലകത്തില്‍ ഒരു തരം ഹിസ്റ്റീരിയ ഉണ്ടാക്കുന്നുണ്ടോ എന്ന തോന്നലില്‍ നിന്നാണ് ഈ ലേഖനം. വിശേഷിച്ച് ആ പോസ്റ്റിന്റെ യഥാര്‍ത്ഥ വിഷയത്തേക്കാള്‍ കൂടുതല്‍ മറ്റു ചര്‍ച്ചകള്‍ക്കും വ്യക്തിപരമായ ആരോപണങ്ങള്‍ക്കുമൊക്കെ അവിടെ പ്രാധാന്യം കൈവന്ന സ്ഥിതിക്ക്, വിഷയം വൈദ്യശാസ്ത്രപരമായിത്തന്നെ കൈകാര്യം ചെയ്യണമെന്നു തോന്നുന്നു.....

  ....ലൈംഗിക-HPV കയറിക്കൂടുന്ന കോശങ്ങള്‍ അതിലോലമായ ഭാഗങ്ങളിലെയാണല്ലോ. അത്തരം ഭാഗങ്ങള്‍, വിശേഷിച്ച് ഗര്‍ഭപാത്രത്തിന്റെ താഴത്തേ അറ്റം (സെര്‍വിക്സ് അഥവാ ഗര്‍ഭാശയ ഗളം) ഇത്തരത്തിലുള്ള ഒരു ലോലമായ സന്തുലിതാവസ്ഥയുള്ളിടമാണ്. അവിടെ മാസമുറയുമായി ബന്ധപ്പെട്ട ഹോര്‍മ്മോണ്‍ വ്യതിയാനങ്ങളാല്‍ വരുന്ന നിരന്തരമാറ്റങ്ങള്‍, ത്വരിതഗതിയിലെ കോശവിഭജനം എന്നിവ തന്നെ ക്യാന്‍സറിന് അനുകൂലമായ ഘടകങ്ങളാണ്. പ്രത്യേകിച്ച് Squamo-Columnar Junction എന്നറിയപ്പെടുന്ന കലകള്‍.....

  ReplyDelete
 2. ഒന്നാന്തരം വിശദീകരണം. പാരമ്പര്യമൊലികവാദം ശാസ്ത്രവിരോധമായി മാറുമ്പോള്‍ ഇത്തരം ഇടപെടലുകള്‍ അനിവാര്യമാകുന്നു. നന്ദി.

  ReplyDelete
 3. അതുപോലൊരു പോസ്റ്റിനു സൂര്‍ജിന്റെ പോലെ കഴമ്പുള്ള ഒരു സമഗ്ര പോസ്റ്റ് വരാന്‍ കാണഹേതുവായതു മാത്രമാണ് ഞാന്‍ പഴ്യ പോസ്റ്റില്‍ കാണുന്ന ഒരു പോസിറ്റീവ് ഫാക്റ്റര്‍.

  നല്ല ലേഖനം.

  ReplyDelete
 4. നല്ല ലേഖനം. വിജ്ഞാനപ്രദം.

  ReplyDelete
 5. നന്ദി സൂരജ്. ഒരു അക്ഷരകോലാഹത്തെ അവസാനിപ്പിക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു. ഒപ്പം ആ പോസ്റ്റുയര്‍ത്തിവിട്ട തെറ്റിദ്ധാരണകളും.

  ReplyDelete
 6. ഇഞ്ചിപ്പെണ്ണ് പറഞ്ഞതാണതിന്റെ ശരി. ഇത്രയും വിശദീകരിച്ച്, അതും തികച്ചും വിഷയത്തില്‍ തന്നെ നിന്നു കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റിടാന്‍ തോന്നിയ ആ നല്ല മനസ്സിന്‍ നന്ദി.
  Cancer നെ പറ്റി പറയുന്ന ഭാഗത്ത് വിട്ടുപോയതാണോ എന്ന് തോന്നിയ ചിലത് (എന്റെ പരിമിതമായ അറിവില്‍ നിന്ന്!)
  1. HPV Infecttion ന്റെ കൂടെ പുകവലി കാന്‍സര്‍ സാധ്യതയെ പല മടങ്ങ് കൂട്ടുന്നു
  2. Sexual intercourse at an early age,പുകവലിയെ പോലെ, HPV യുടെ കൂടെ ആകുമ്പോള്‍ കാന്‍സര്‍ ഹേതുവാകുന്നു.
  3. ദീര്‍ഘകാലത്തെ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം (HPV യുടെ കൂടെ ആകുമ്പോള്‍ !) കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

  ReplyDelete
 7. വളരെ നന്നായി സൂരജ്. ഇത്തരം വിലപ്പെട്ട അറിവുകള്‍ പകരുന്ന ലേഖനങ്ങള്‍ ഇനിയുമെഴുതുക.

  ReplyDelete
 8. പോസ്റ്റ് ഉപകാരപ്രദമായി എന്നറിയുന്നതില്‍ വളരെ സന്തോഷം.
  ബയോളജിയില്‍ ഉള്ള വിജ്ഞാനത്തിന്റെ അഭാവമോ കുറവോ ആണ് പലപ്പോഴും രോഗങ്ങളെ അതിന്റേതായ രീതിയില്‍ നേരിടാന്‍ ജനസാമാന്യത്തിനു കഴിയാതെ പോകുന്നതിനു കാരണമെന്ന് ഈയുള്ളവന്റെ ചെറിയ പഠന/പ്രാക്ടീസ് കാലത്തിനിടയ്ക്കു തോന്നിയിട്ടുണ്ട്. ആ തിരിച്ചറിവ് ഇത്തരം പോസ്റ്റുകളില്‍ പ്രതിഫലിക്കുന്നുവെന്നേയുള്ളൂ.

  പ്രിയ സതീഷ്,

  ആ പോയിന്റു ചര്‍ച്ചക്കു വച്ചതിനു വളരെ നന്ദി. ആരെങ്കിലും അതു ഉയര്‍ത്തികൊണ്ടുവരികയാണെങ്കില്‍ കമന്റായി ഇടാമെന്നു കരുതിയാണ്, ഗര്‍ഭനിരോധ ഗുളികയുടെ പോയിന്റ് പോസ്റ്റിലിടാതിരുന്നത്:)

  1. പുകവലിയുടെ കാര്യം പോസ്റ്റിലുണ്ട്.ചുവന്ന അക്ഷരങ്ങളില്‍ ബോള്‍ഡായി നല്‍കിയെങ്കിലും ഒരുപക്ഷേ എന്റെ എഴുത്തിന്റെ ശൈലി കാരണം വ്യക്തമാവാത്തതാവാം.

  2.Sexual intercourse at an early age, കാന്‍സര്‍ ഹേതുവാകുന്നു എന്നത് വിട്ടുപോയതാണ്. പോസ്റ്റിലേക്ക് കൂട്ടിച്ചേര്‍ക്കാം.


  2. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം cervical cancerനു കാരണമാകുമെന്ന വാദം ഇപ്പോള്‍ പൂര്‍ണ്ണമായും ശരിയല്ല എന്നു നമുക്കറിയാം. കാരണം, ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവര്‍ ഭൂരിപക്ഷവും കോണ്ടമോ മറ്റു barrier രീതികളൊ ഉപയോഗിക്കാതെ രതിവേഴ്ച നടത്തുന്നു. അതുവഴി HPV, gonorrhea, chlamydia തുടങ്ങിയ രതിജന്യരോഗാ‍ണുക്കള്‍ പകരാനുള്ള സാധ്യത കൂടുന്നു. ഇതാണ് ഗര്‍ഭനിരോധനഗുളികകളുമായുള്ള ഗര്‍ഭാശയഗളക്യാന്‍സറിന്റെ ബന്ധമെന്ന ശക്തമായ തെളിവുകള്‍ വന്നിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്കലായി നോക്കുമ്പോള്‍ അതു ശരിയാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആ ഒരു പോയിന്റെ ഒഴിവാക്കിയത്.
  മാത്രമല്ല ഇപ്പോള്‍ പ്രചാരത്തിലുള്ള സൈഡ് ഇഫക്റ്റുകള്‍ വളരെ കുറഞ്ഞ ഗര്‍ഭനിരോധന ഗുളികകളെ എന്തെങ്കിലും രീതിയില്‍ പഴിചാരിയാല്‍, ജനസംഖ്യാവിസ്ഫോടനം കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയില്‍ വലിയ സാമൂഹികപ്രത്യാഘാതങ്ങളുണ്ടാവുമെന്നതു കൊണ്ടുകൂടിയാണ് ആ പോയിന്റെ ഒഴിവാക്കിയത്.

  വന്നവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി !

  ReplyDelete
 9. ഇത്രയും നല്ല ഒരു ലേഖനം എഴുതിയതിന്‌ നന്ദി. പാപ്പിലോമാ വൈറസ് ഒരു "വൈറസ്" രോഗമാണ്‌ എന്നുമനസ്സിലായി. ബാക്ടീരിയകളുടെ പ്രവര്‍ത്തനവും അതുമൂലമുണ്ടാകുന്ന രോഗങ്ങളും മറ്റൊരു ലേഖനത്തില്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 10. ഐവാ.
  ഇതാണു പോസ്റ്റ്, സതീഷ് എഴുതിയതാണ്‌ കമന്റ്. ഇങ്ങനെയാണ്‌ ബ്ലോഗ്ഗിങ്ങ്!

  ReplyDelete
 11. നന്ദി സൂരജ്...

  അഭിനന്ദനങ്ങള്‍... ആശംസകള്‍...

  ReplyDelete
 12. ആദ്യം സൂരജ് അവിടെയിട്ട കമന്റ് ആരും കണ്ടതായി പോലും നടിച്ചില്ല. അതു നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.
  ഇത്ര വിശദമായി ഇട്ട ഈ പോസ്റ്റിന്‍ അഭിനന്ദനങ്ങള്‍.

  ReplyDelete
 13. Ariyaavunna kaaryangaLe patti aRiyaavunnavar paRayumpOL uLLa aa aadhikaarikatha feel cheyyunnu. Nandi Sooraj :)

  ReplyDelete
 14. A much needed article. Your response in the earlier chaos itself was apt and pointed. Congrats and thanx.

  ReplyDelete
 15. Good Article !

  Everyone in Boolokam seems to agree with this ! Even our Vatha, Pitha, and Kapha Guru's too.

  ReplyDelete
 16. നന്ദി ഡോക്ടറേ.. നല്ല ലേഖനം.

  ReplyDelete
 17. ചില അബദ്ധധാരണകള്‍ മാറി. താങ്ക്സ് സൂരജ്. ഈ ബ്ലോഗില്‍ ഇതാദ്യമായാണ്.

  ReplyDelete