ഒരു പടിഞ്ഞാറന്‍ വീരഗാഥ !

രക്തഗ്ലൂക്കോസ് വര്‍ദ്ധിക്കുന്നതിനാല്‍ രോഗികളുടെ ആഹാരം നിയന്ത്രിക്കുകയും കഠിനമായ ഡയറ്റിങ്ങിലൂടെ ഉള്ളിലെക്കെടുക്കുന്ന ഭക്ഷണത്തിലെ ഊര്‍ജ്ജം (calorie) പരിമിതപ്പെടുത്തുകയുമായിരുന്നു 1923നു മുന്‍പുള്ള ഡയബീടിസ് ചികിത്സാരീതി. കുട്ടികളിലുണ്ടാകുന്ന തരം ഡയബീടിസ് ആയിരുന്നു ഭീകരം. വയറുന്തി എല്ലുകള്‍ തള്ളിയ പേക്കോലങ്ങളായി ജീവിതം രണ്ടോ മൂന്നോ വര്‍ഷം മുന്നോട്ട് പോകും. ഇന്‍ഫക്ഷന്‍ മറ്റോ വന്നാല്‍ മരണം വേഗത്തിലാകും. ഇല്ലെങ്കില്‍ രക്തത്തിലെ രാസപ്രക്രിയകളില്‍ വ്യതിയാനങ്ങള്‍ വന്നു കോമയിലായി പഴുത്ത് നരകിച്ച മരണം. കാനഡയിലെ അലിസ്റ്റണ്‍ എന്ന ഐറിഷ് കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച ഫ്രെഡറിക് എന്ന കൊച്ചുകുട്ടിയുടെ കൂട്ടുകാരന്‍ മരിച്ചത് അങ്ങനെ മെല്ലെ മെല്ലെ നരകിച്ചായിരുന്നു.

* * *

കാര്‍ഷികവൃത്തിയില്‍ തല്പരന്‍, വായന കമ്മി, അക്ഷരത്തെറ്റുകളില്ലാതെ എഴുതാനറിയില്ല, വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മെത്ഥേഡിസ്റ്റ് പള്ളിയില്‍ വികാരിയാവാന്‍ വിക്ടോറിയ കോളെജില്‍ പോയി ഒടുവില്‍ ദൈവശാസ്ത്രപേപ്പറുകള്‍ മുഴുവനും തോറ്റു - 1912ല്‍ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ സര്‍ജ്ജനാവാനുള്ള ആഗ്രഹവുമായി വൈദ്യം പഠിക്കാന്‍ ചേരുമ്പോള്‍ ഫ്രെഡറിക് ഗ്രാന്റ് ബാന്റിങ് എന്ന ഇരുപത്തൊന്നുകാരനായ ഫ്രെഡ്ഡിന്റെ 'യോഗ്യതകള്‍ ' ഇതൊക്കെയായിരുന്നു.
1914ല്‍ ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പട്ടാളത്തില്‍ ചേരാനായി ചാടിയിറങ്ങിയ ഫ്രെഡ് കാഴ്ചക്കുറവിന്റെ പേരില്‍ തിരസ്കൃതനായി.എന്നാല്‍ യുദ്ധം കൊടുമ്പിരികൊള്ളവെ ടൊറന്റോ യൂണിവേഴ്സിറ്റി ആ ബാച്ച് വിദ്യാര്‍ത്ഥികളുടെ വൈദ്യപഠനം 4 വര്‍ഷത്തേക്ക് ചുരുക്കി പട്ടാളത്തെ സഹായിച്ചു. അങ്ങനെ 1916 ഡിസംബറില്‍ ഫ്രെഡിന്റെ ബാച്ച് MB പാസായി പുറത്തിറങ്ങി. ഇത്തവണ കനേഡിയന്‍ ആര്‍മിയുടെ വൈദ്യവിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഉദ്യോഗം ലഭിച്ച ഫ്രെഡ്ഡിനു ഫ്രാന്‍സിലെ പടക്കളത്തില്‍ ആംബുലന്‍സ് യൂണിറ്റില്‍ സേവനമനുഷ്ഠിക്കാനായിരുന്നു നിയോഗം. 1918 സെപ്റ്റംബറില്‍ യുദ്ധത്തിലേറ്റ മുറിവുകളും വച്ചുകെട്ടി ഇംഗ്ലണ്ടിലെ ഒരാശുപത്രിയില്‍ അഡ്മിറ്റാകേണ്ടിവന്നു. 1919ല്‍ യുദ്ധരംഗത്തെ ധീരതയ്ക്കുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ മെഡലുമായാണ്‍(മിലിറ്ററി ക്രോസ്) അദ്ദേഹം തിരികെ നാട്ടിലെത്തിയത്. സര്‍ജ്ജറിയില്‍ ബിരുദാനന്തര ബിരുദം എന്ന ആഗ്രഹം ഉയിര്‍ത്തെഴുന്നേറ്റു. ഡോ:ക്ലാരന്‍സ് സ്റ്റാറിന്റെ കീഴില്‍ ടൊറൊന്റോയിലും പിന്നീട് ഒന്റാറിയോയിലും പ്രൈവറ്റ് പ്രാക്ടീസുകള്‍ നടത്തി കാശുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 1920ല്‍ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ മെഡിക്കല്‍കോളെജില്‍ ഫിസിയോളജി വിഭാഗം ജൂനിയര്‍ അധ്യാപകനായി കയറുമ്പോള്‍ നാലുഡോളറായിരുന്നു ഫ്രെഡിന്റെ ബാങ്ക് ബാലന്‍സ് !
പട്ടാളത്തില്‍ മുറിവ് വച്ചുകെട്ടലും അസ്ഥിരോഗചികിത്സയും ശീലിച്ച ഫ്രെഡിനു താരതമ്യേന തണുപ്പന്‍ വിഷയമായ ഫിസിയോളജിയിലേക്കുള്ള മാറ്റം ഇഷ്ടമായിരുന്നില്ല; കൂട്ടത്തില്‍ അധ്യാപനം എന്ന തലവേദന വേറേ. പക്ഷേ ഉപരിപഠനത്തിനുള്ള കാശിനു വേണ്ടി വേഷം കെട്ട് തുടര്‍ന്നേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെയൊരു 'ബോറനെ' പ്രൊഫസര്‍ മില്ലര്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ചയാപചയക്രിയയെ പറ്റി ഒരു ക്ലാസെടുക്കാന്‍ ഏല്പ്പിക്കുമ്പോള്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരുന്നിരിക്കില്ല, കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിക്കാന്‍ പോന്ന ഒരു കണ്ടുപിടിത്തത്തിന്റെ വിത്താണു താന്‍ വിതച്ചതെന്ന് !
കാര്‍ബോഹൈഡ്രേറ്റുകള്‍ (പഞ്ചസാരയും മറ്റും ഉള്‍പ്പെടുന്ന രാസവസ്തുക്കളുടെ ഒരു ഗണം) ഫ്രെഡിനു കീറാമുട്ടിയായി. കോളെജ് ലൈബ്രറി മുഴുവന്‍ അരിച്ചു പറക്കി ലെക്ചര്‍ നോട്ട് കുത്തിക്കുറിച്ചിട്ടും തൃപ്തിയാവാതെ ഈ വിഷയത്തെക്കുറിച്ചുള്ള സമകാലിക റിസേര്‍ച്ച് പേപ്പറുകള്‍ തപ്പാന്‍ തുടങ്ങിയ ഫ്രെഡിനെ ഡോ: മോസസ് ബാറണിന്റെ പേപ്പര്‍ ആകര്‍ഷിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിക്കപ്പുറമാകുമ്പോള്‍ (ഹൈപ്പര്‍ ഗ്ലൈസീമിയ) അത് മൂത്രത്തിലും കാണപ്പെടുന്നു. ഇത് മധുമേഹം അഥവാ ഗ്ലൈക്കോസ്യൂറിയ (glycosuria) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ജന്തുക്കളിലെ ആഗ്നേയ ഗ്രന്ഥി (pancreas) നശിപ്പിച്ചാല്‍ അവയ്ക്ക് മധുമേഹം1 വരുമെന്ന് അതിനോടകമുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു. മധുമേഹം എന്നത് Diabetes ന്റെ (ഡയബീടിസ് 2 ) സുപ്രധാന ലക്ഷണമാണല്ലോ. ആഗ്നേയഗ്രന്ഥിയില്‍ നിന്നും ഒരു കൊച്ച് ട്യൂബുവഴി ഊറിവരുന്ന ജൈവരസമാണു കുടലിലെ ഭക്ഷണത്തെ ദഹിക്കാന്‍ സഹായിക്കുന്നതെന്നും വ്യക്തമായിരുന്നു. എന്നാല്‍ ഈ രസം ആഗ്നേയ ഗ്രന്ഥിയില്‍ നിന്നും അനിയന്ത്രിതമായി പുറത്തുവരുമ്പോള്‍ ശക്തമായ ദഹന ശേഷിയുള്ളതു കൊണ്ട് മറ്റ് അവയവങ്ങളെ കൂടി നശിപ്പിക്കും. മദ്യപാനികളിലും പിത്താശയത്തില്‍ കല്ല് വരുന്നവരിലും പാമ്പ് കടിയോ മറ്റോ ഏല്‍ക്കുന്നവരിലുമൊക്കെ ആഗ്നേയഗ്രന്ഥിവീക്കവും നീര്‍ക്കെട്ടും ഉണ്ടാകുമ്പോള്‍ ഈ ദഹനരസം അനിയന്ത്രിതമായി പുറത്തേക്ക് ഒലിക്കും. രക്തത്തെ വരെ ഈ രസം ദുഷിപ്പിച്ച് മരണകാരിയാവുകയും ചെയ്യാം അപ്പോള്‍ . ആഗ്നേയ ഗ്രന്ഥിയിലെ ഈ ദഹനരസത്തില്‍ അടങ്ങിയിട്ടുള്ള എന്തോ ചിലതാണു പഞ്ചസാരയെ (കാര്‍ബോഹൈഡ്രേറ്റുകള്‍ ) ദഹിക്കാന്‍ സഹായിക്കുന്നതെന്നും അതിന്റെ അളവ് രക്തത്തില്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതെന്നും 1889ല്‍ തന്നെ ജര്‍മ്മനിയിലെ മിന്‍കോവ്സ്സ്കിയും വോണ്‍ മെറിംഗും പഠനങ്ങളിലൂടെ ഉറപ്പിച്ചിരുന്നു. 1910ല്‍ എഡ്വാഡ് ഷാഫര്‍ ഈ 'ദിവ്യരാസവസ്തു' ആഗ്നേയ ഗ്രന്ഥിക്കുള്ളിലെ കോശങ്ങളുടെ ചെറു കൂട്ടമായ 'ലാംഗര്‍ഹാന്‍ ഐലറ്റു'കളില്‍ നിന്നും ഊറിവരുന്ന3 ഒരു പ്രോട്ടീനാണെന്ന് കണ്ടെത്തി. ഴാന്‍ ദെ മേയര്‍ 1909ലും ഷാഫര്‍ 1913ലും 'insuline' എന്ന് ഈ രസത്തെ വിളിച്ചു. ഇത്രയൊക്കെ പുരോഗതി മധുമേഹ ഗവേഷണത്തില്‍ ഉണ്ടായെങ്കിലും ഈ രാസവസ്തുവിനെ എങ്ങനെ ആഗ്നേയഗ്രന്ഥിയുടെ കോശങ്ങളില്‍ നിന്നും ഊറ്റിയെടുക്കുമെന്നത് ഏറെക്കാലമായി ഒരു പ്രശ്നവിഷയമായിരുന്നു. അങ്ങനെ ഊറ്റിയെടുത്ത ദ്രാവകത്തില്‍ ആഗ്നേയഗ്രന്ഥിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള ദഹനരസം കൂടിയുള്‍പ്പെടുന്നതിനാല്‍ ഈ സംയുക്തം മരുന്നായി മൃഗങ്ങളില്‍ പ്രയോഗിച്ചാല്‍ തീവ്രമായ പാര്‍ശ്വഫലങ്ങളുണ്ടായിരുന്നു. ഫ്രെഡ് ബാന്റിങ് വായിച്ച മോസസ് ബാറണിന്റെ ഗവേഷണ പേപ്പറിലെ മൗലികാശയം ഇതായിരുന്നു: ആഗ്നേയഗ്രന്ഥിയുടെ സ്രവം വരുന്ന കുഴലില്‍ ഒരു കല്ല് വന്ന് അടഞ്ഞാല്‍ ഗ്രന്ഥി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നശിക്കും. പക്ഷേ അതിലെ ലാംഗര്‍ഹാന്‍ കോശങ്ങളുടെ കൂട്ടം മാത്രം നശിക്കാതിരിക്കുന്നു. മുയല്‍, പൂച്ച, പട്ടി എന്നീ ജന്തുക്കളില്‍ പരീക്ഷണാര്‍ത്ഥം ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടിയപ്പോഴും ഇതുപോലെ ലാംഗര്‍ഹാന്‍ കോശസംഘാതം മാത്രം നശിക്കാതെ കുറച്ചുകാലം കൂടി നിന്നതായി മുന്‍കാല ഗവേഷണങ്ങള്‍ കാണിച്ചിരുന്നു. ഈ കോശങ്ങളില്‍ നിന്നും വിസര്‍ജ്ജിക്കപ്പെടുന്ന പ്രോട്ടീന്‍ ആഗ്നേയഗ്രന്ഥിയുടെ ദഹനസഹായികളായ രാസവസ്തുക്കളുമായി കലര്‍ന്നാല്‍ നശിക്കാന്‍ സാധ്യതയില്ലേ ? അതുകൊണ്ടാകുമോ ഈ പ്രോട്ടീനെ ശുദ്ധരൂപത്തില്‍ വേര്‍തിരിക്കാനുള്ള പൂര്‍വകാലശ്രമങ്ങളെല്ലാം പരാജയമായത് ? ഫ്രെഡിന്റെ സംശയം ആ വഴിക്കായി. ഉറക്കം വരാത്ത ദിവസങ്ങള്‍ ... കടം കയറി മുടിഞ്ഞുകൊണ്ടിരിക്കുന്ന ജീവിതം, ബോറന്‍ ജോലി...ഇതിനിടയിലാണ് ഇങ്ങനൊരു ആശയം മനസിനെ മഥിക്കുന്നത്. 1920 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തീയതി അതികാലത്ത് 2മണിക്ക് എഴുന്നേറ്റിരുന്ന് തന്റെ നോട്ട് പുസ്തകത്തില്‍ ഫ്രെഡ് അക്ഷരത്തെറ്റുകളോടെ കുറിച്ചിട്ടു:
"ഡയബീടിസ് - പട്ടിയുടെ ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടുക. ഐലറ്റുകള്‍ ബാക്കിയാകുകയും ശിഷ്ട ഗ്രന്ഥി ദ്രവിക്കുകയും ചെയ്യും വരെ ജീവിപ്പിക്കുക... ഗ്ലൈക്കോസ്യൂറിയ പരിഹരിക്കാന്‍ സഹായിക്കാവുന്ന ആന്തരികസ്രവം വേര്‍തിരിക്കുക."
ലോകത്തെ മാറ്റി മറിച്ച ഒരു ഗവേഷണത്തിന്റെ നാന്ദിയായിരുന്നു അത്. ഈ ആശയത്തിനു പിറകില്‍ ഒരു തമാശകൂടിയുണ്ട്. വായനശീലം കമ്മിയായതിനാലാവാം, തന്റെ മുന്‍ഗാമികള്‍ നടത്തി പരാജയപ്പെട്ട ഗവേഷണത്തിന്റെ കഥകളൊന്നും ഫ്രെഡിനെ അലട്ടിയിരുന്നില്ല. ആ പരീക്ഷണങ്ങളുടെ അടുത്ത ഒരു ഘട്ടം എന്ന നിലയ്ക്കല്ല, അതിന്റെ ആരംഭം മുതലുള്ള ഒരു ആവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ . ചെറിയൊരു വ്യത്യാസം - ആഗ്നേയഗ്രന്ഥിയെ ദ്രവിപ്പിച്ച് ലാംഗര്‍ഹാന്‍ കോശങ്ങളെ മാത്രമായി ബാക്കി നിര്‍ത്തി ഇന്‍സുലിന്‍ വേര്‍തിരിക്കുന്ന രീതി - ആയിരുന്നു ഫ്രെഡിന്റെ ഗവേഷണത്തെ ഉജ്ജ്വലമാക്കിയത്. ആവേശഭരിതനായ ഫ്രെഡിനോട് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഡോ:ജോണ്‍ ജെയിംസ് റിക്കാഡ് മക് ലിയോഡിനെ ചെന്നു കാണാന്‍ പ്രൊഫസര്‍ മില്ലര്‍ നിര്‍ദ്ദേശിച്ചു. 1913ല്‍ ഡയബീറ്റിസിന്റെ ശരീരശാസ്ത്രത്തെക്കുറിച്ച് എഴുതിയ പ്രബന്ധത്തില്‍ പ്രൊഫ: മക് ലിയോഡ് ആഗ്നേയഗ്രന്ഥിയുടെ ആന്തരികസ്രവമാണു പഞ്ചസാരയുടെ ചയാപചയങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അടിവരയിട്ട് ഉറപ്പിച്ചിരുന്നെങ്കിലും ആ സ്രവത്തിലെ കണിക എന്താണെന്ന് കണ്ടെത്താന്‍ ഒരിക്കലും കഴിയില്ല എന്ന ധാരണ വച്ചു പുലര്‍ത്തിയിരുന്നു. തലച്ചോറില്‍ നിന്നും വരുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്രവം കാര്‍ബോഹൈഡ്രേറ്റ് ദഹനത്തെ നിയന്ത്രിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഫ്രെഡറിക് ബാന്റിങ്ങിന്റെ ഈ വിഷയത്തിലെ ഉപരിപ്ലവമായ ജ്ഞാനവും, ഗവേഷണത്തിലെ മുന്‍ പരിചയമില്ലാഴികയും സര്‍വ്വോപരി പൂര്‍വഗാമികള്‍ ചെയ്തു പരാജയപ്പെട്ട ഗവേഷണങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയും ബോധ്യപ്പെട്ട പ്രൊഫസര്‍ മക് ലിയോഡ് ഈ പുതിയ ആശയത്തില്‍ അത്രയൊന്നും ആകൃഷ്ടനായില്ല എന്നതില്‍ അത്ഭുതമില്ല. പട്ടാളത്തിലെ ചില സുഹൃത്തുക്കള്‍ വഴി ശുപാര്‍ശചെയ്യിപ്പിച്ചതിനെ തുടര്‍ന്ന്‍ മക് ലിയോഡ് ബാന്റിങ്ങിനു വേനലവധി സമയത്തെ 8 ആഴ്ചകള്‍ ഉപയോഗിക്കാന്‍ ഒരു ചെറിയ ലബോററ്ററിയും മുന്‍ വര്‍ഷത്തെ ചില പരീക്ഷണങ്ങള്‍ക്കുശേഷം ബാക്കിയായ നായ്ക്കളേയും മക് ലിയോഡ് അനുവദിച്ചു. രക്തത്തില്‍ വര്‍ധിക്കുന്ന പഞ്ചസാരയുടെ അളവ് നോക്കാന്‍ ചിലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഫ്രെഡറിക് ബാന്റിംഗിനു അറിവുണ്ടായിരുന്നില്ല അന്ന്. ഒരു ഗവേഷണം നടത്തികൊണ്ടുപോകാനുള്ള പരിശീലനമോ പരിചയമോ ഇല്ലായിരുന്നതിനാല്‍ ഒഴിവാക്കാമായിരുന്ന ഒരുപാട് കാലതാമസം പലകാര്യത്തിലും ഫ്രെഡറിക് ബാന്റിങ്ങിനു നേരിടേണ്ടി വന്നു. എങ്കിലും ക്ഷമയായിരുന്നു കൈമുതല്‍ . ഗവേഷണം 1921 ജൂണ്‍ ജൂലൈ മാസങ്ങളിലാകാമെന്ന് നിശ്ചയിച്ച ബാന്റിംഗിനു ചാള്‍സ് ഹെര്‍ബേട്ട് ബെസ്റ്റ്, എഡ്വാഡ് ക്ലാര്‍ക്ക് നോബിള്‍ എന്നീ ഫിസിയോളജി വിദ്യാര്‍ത്ഥികളെ മക് ലിയോഡ് സഹായത്തിനായി നല്‍കി. രക്തഗ്ലൂക്കോസ് അളക്കാനും മറ്റ് ലാബ് ജോലികള്‍ നോക്കാനും മുന്‍ പരിചയമുണ്ടായിരുന്നതിനാലാണ് ഇവരെ മക് ലിയോഡ് സഹായികളായി നല്‍കിയത്. എങ്കിലും പരീക്ഷണം പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയമേ ഇല്ലാതിരുന്ന പ്രഫസര്‍ കൂടുതല്‍ സ്ഥലവും ധനവും സൗകര്യങ്ങളും ഇതിലേക്കായി മുടക്കാന്‍ തയാറായിരുന്നില്ല. ജൂണ്‍ 14ന് അദ്ദേഹം സ്കോട്ട്ലന്റിലേക്ക് ഉല്ലാസയാത്രപോകുമ്പോള്‍ ബാന്റിംഗിന്റെ ഗവേഷണം തട്ടിയും മുട്ടിയും ഏതാണ്ടൊരുമാസം കഴിഞ്ഞിരുന്നു. ചാള്‍സ് ബെസ്റ്റിനായിരുന്നു ആയിരുന്നു ആദ്യ ഒരു മാസത്തേയ്ക്ക് സഹായിയാവാനുള്ള നറുക്കു വീണത്. നായയുടെ ആഗ്നേയഗ്രന്ഥിയില്‍ നിന്നും ദഹനരസം കുടലിലേയ്ക്ക് കൊണ്ടുപോകുന്ന കുഴല്‍ തുന്നിക്കെട്ടിയിട്ട് അതിനെ ജീവിപ്പിച്ച് നിര്‍ത്തുക എന്നതായിരുന്നു ഏറ്റവും വലിയ പണി. ലബോററ്ററി മൃഗങ്ങളെ പരിപാലിക്കുന്നതിനും മറ്റും ഇന്നുള്ള നിയമങ്ങളും മൃഗാവകാശസംരക്ഷണ നിബന്ധനകളും ഇല്ലാതിരുന്ന കാലത്തായിരുന്നതിനാല്‍ ബാന്റിംഗിനു ജയിലില്‍ കിടക്കേണ്ടി വന്നില്ല ! ആഗ്നേയഗ്രന്ഥി ദ്രവിച്ച് പോകാന്‍ മാത്രം കൃത്യമായി അതിന്റെ കുഴല്‍ തുന്നിക്കെട്ടുന്നതു തന്നെ വളരെ പ്രയാസമായിരുന്നു. രണ്ടാം ആഴ്ച പത്തില്‍ ഏഴു നായ്ക്കളും മരിച്ചു. തുടര്‍ന്ന് തെരുവുനായ്ക്കളെ പണം കൊടുത്ത് വാങ്ങിയായി പരീക്ഷണം. ജൂലൈ അവസാനത്തോടെ ചില സൂചനകള്‍ കണ്ടുതുടങ്ങി. ഒരു നായുടെ ആഗ്നേയഗ്രന്ഥി ഏതാണ്ട് മൂന്നിലൊന്നായി ചുരുങ്ങിയെന്ന് കണ്ട് അതിന്റെ ആഗ്നേയഗ്രന്ഥി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഈ ഗ്രന്ഥിയെ തണുപ്പിച്ച ഉപ്പുലായനിയില്‍ ഇട്ട് തണുത്ത പ്രതലത്തില്‍ വച്ച് മണല്‍ ചേര്‍ത്ത് അവര്‍ അരച്ചു. ഈ മിശ്രിതത്തെ അരിച്ച് ശരീരതാപനിലയിലേക്കെത്തിക്കുക എന്നതായിരുന്നു 'പ്രാകൃത'മെന്ന് ഇന്നത്തെ നിലവാരം വച്ച് വിളിക്കാവുന്ന ആ രണ്ടാം ഘട്ട പരീക്ഷണം. ആഗ്നേയഗ്രന്ഥിയെടുത്തുകളഞ്ഞ് ഡയബീടിസ് രോഗം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു നായയില്‍ ഈ ലായനി ചെറിയ അളവില്‍ കുത്തിവച്ച്, അതിന്റെ രക്തഗ്ലൂക്കോസ് കുറയുന്നുണ്ടോ എന്ന്‍ നോക്കുകയായിരുന്നു പിന്നെ വേണ്ടിയിരുന്നത്. ജൂലൈ 30നു ഇത് ചെയ്ത് നോക്കിയപ്പോള്‍ മധുമേഹ രോഗിയായ പട്ടിയുടെ ഗ്ലൂക്കോസ് അളവ് കുറഞ്ഞതായി കണ്ടു. എന്നാല്‍ ഇന്‍ഫക്ഷന്‍ കാരണമാവാം പട്ടി അടുത്ത ദിവസം മരിച്ചു. തങ്ങളുടെ പാത ശരിയാണെന്ന ബോധ്യത്തില്‍ ഈ പരീക്ഷണത്തിന്റെ വ്യത്യസ്ഥ ആവര്‍ത്തനങ്ങള്‍ അവര്‍ നടത്തുകയുണ്ടായി. ആഗ്നേയ ഗ്രന്ഥിയല്ലാതുള്ള മറ്റ് സമീപസ്ഥ അവയവങ്ങളില്‍ നിന്നാണോ ഈ 'സ്രവം' ഉണ്ടാകുന്നത് എന്ന സാധ്യതമുതല്‍ കഴിയാവുന്ന എല്ലാ സാധ്യതകളും അവര്‍ പരീക്ഷിക്കുകയുണ്ടായി. പ്രൊഫസര്‍ മക് ലിയോഡ് തന്റെ സ്കോട്ട്ലന്റ് ഉല്ലാസയാത്ര നീട്ടിയതിനാലാവാം ഓഗസ്റ്റ് 1921ലും അവര്‍ പരീക്ഷണം തുടര്‍ന്നു. ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടുന്ന പരിപാടി ദുഷ്കരമായതോടെ അവര്‍ 'ആന്തരികസ്രവം' മാത്രമായി എടുക്കാന്‍ മറ്റു വഴികള്‍ തേടാന്‍ തുടങ്ങി. അതിലൊന്ന് സെക്രീറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉപയോഗിച്ച് ആഗ്നേയഗ്രന്ഥിയുടെ ദഹനരസത്തെ ഊറ്റിക്കളയുക എന്നതായിരുന്നു. മൂക്കില്‍ തൊടാന്‍ തല മുഴുവന്‍ ചുറ്റുന്ന പരിപാടിയായിരുന്നു ഇതെങ്കിലും സെക്രീറ്റിന്റെ ഉത്തേജനത്താല്‍ ദഹനരസം പൂര്‍ണ്ണമായും വറ്റിപ്പോയ ആഗ്നേയഗ്രന്ഥിയില്‍നിന്നും ആന്തരികസ്രവം എന്ന്‍ ബാന്റിംഗ് വിളിച്ചിരുന്ന ഇന്‍സുലിന്‍ ശുദ്ധമായി വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായിരുന്നു. ലാംഗര്‍ഹാന്‍ ഐലറ്റുകളില്‍ നിന്നും വേര്‍തിരിച്ചതിനാല്‍ ഐലറ്റിന്‍ എന്ന് ഇതിനെ വിളിക്കണമെന്നായിരുന്നു ബാന്റിംഗും ബെസ്റ്റും ആഗ്രഹിച്ചത്. എന്നാല്‍ ഇതിനെ പറ്റിയുള്ള മുന്‍ കാല ഗവേഷണങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന പ്രഫ:മക് ലിയോഡ് ഴാങ് ദെ മെയേഴ്സ് ഇട്ട 'ഇന്‍സുലിന്‍' എന്ന പേരുതന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവധിക്കാലം കഴിഞ്ഞെത്തിയ മക് ലിയോഡ് കണ്ണുതള്ളി - പരിമിതമായ ലാബ് സൗകര്യങ്ങള്‍ വച്ച് ഉണ്ടാക്കിയ നേട്ടം കണ്ട്. ആദ്യം റിസള്‍ട്ടുകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ ബാന്റിംഗുമായി ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയ മക് ലിയോഡ് പക്ഷേ പിന്നീട് ഇന്‍സുലിന്‍ ഗവേഷണത്തിന്റെ തലതൊട്ടപ്പനായി മാറുകയായിരുന്നു. ഇത് സ്വാര്‍ത്ഥതമൂലമായിരുന്നെന്ന് ഒരു കഥയുണ്ട്. (ബാന്റിംഗ് തന്നെ പില്‍ക്കാലത്ത് ഈ ആരോപണം ഉന്നയിച്ചിരുന്നു). എന്നിരുന്നാലും ഈ ഗവേഷണത്തിലെ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ മക് ലിയോഡിന്റെ പരിചയസമ്പന്നതംഉഉലം പരിഹരിക്കപ്പെട്ടു എന്നത് മറക്കാന്‍ പാടില്ല. ഉദാഹരണത്തിനു ഗവേഷണത്തിന്റെ നാലാം ഘട്ടത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ആഗ്നേയഗ്രന്ഥിയെ സംസ്കരിക്കാനുള്ള നിര്‍ദ്ദേശം ആദ്യം വച്ചത് മക് ലിയോഡായിരുന്നു. ഗര്‍ഭസ്ഥമായ പശുവിന്റെ ആഗ്നേയഗ്രന്ഥിയില്‍ ദഹനരസം തീരേ കാണാറില്ല. (ഗര്‍ഭസ്ഥമായ അവസ്ഥയില്‍ കുട്ടിക്ക് ഭക്ഷണം ആവശ്യമില്ലല്ലൊ). ആ പരുവത്തിലുള്ള ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ സമൃദ്ധമാകുമെന്ന തന്റെ കാര്‍ഷികപരിചയം മൂലമുള്ള അറിവ് പരീക്ഷിച്ച് നോക്കിയാ ബാന്റിംഗ് വിജയിച്ചു. മാംസത്തിനായി കൊല്ലുന്നതിനു മുന്‍പ് ആഴ്ചകള്‍ മുന്‍പേ കന്നുകാലികളെ ഗര്‍ഭിണിയാക്കിയാല്‍ അവ കൂടുതല്‍ നന്നായി ഭക്ഷണം കഴിക്കുകയും തൂക്കം കൂടുകയും ചെയ്യുന്നു. അങ്ങനെ അറുക്കപ്പെടുന്ന കാലികളുടെ ഉള്ളില്‍ നിന്നും ഗര്‍ഭസ്ഥമായ കന്നിന്റെ ജഡം കിട്ടുക എളുപ്പമായി. ഇങ്ങനെ കിട്ടുന്ന ഇളം കന്നിന്റെ ആഗ്നേയഗ്രന്ഥിയെ ഉപ്പുവെള്ളത്തില്‍ ഇട്ട് ചതച്ചിട്ട് അരിച്ച് എടുക്കുക എന്നതായിരുന്നു അതുവരെ തുടര്‍ന്നിരുന്നത്. എന്നാല്‍ ഈ ലായനി തിളപ്പിക്കുന്നതോടെ അതിലെ ഇന്‍സുലിനും നശിക്കും. അപ്പോഴാണു അതിനെ ഉപ്പുവെള്ളത്തിലിടാതെ ആല്‍ക്കഹോളില്‍ സംസ്കരിക്കാനുള്ള നിര്‍ദ്ദേശം വന്നത്. ഇത് ആദ്യം വച്ചത് മക് ലിയോഡായിരുന്നു. ആല്‍ക്കഹോളില്‍ സംസ്കരിച്ച് അരിച്ചെടുത്ത ആഗ്നേയ ഗ്രന്ഥിയുടെ സ്രവത്തെ ആ ലായനി വറ്റിച്ച് എടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ആല്‍ക്കഹോള്‍ വളരെ ചെറിയ ചൂടില്‍ തന്നെ തിളച്ച് ആവിയായി വറ്റും. അതിനാല്‍ ആല്‍ക്കഹോളില്‍ ലയിപ്പിച്ച ആഗ്നേയഗ്രന്ഥീസ്രവത്തിനു മുകളിലൂടെ ചൂടുകാറ്റ് അടിപ്പിച്ചാല്‍ അതിലെ ആല്‍ക്കഹോള്‍ വറ്റുകയും ശുദ്ധമായ ഇന്‍സുലിന്‍ സമൃദ്ധമായ സ്രവം ലഭിക്കുകയും ചെയ്യും. ഇതുപയോഗിച്ചപ്പോള്‍ ഡയബറ്റിക് പരീക്ഷണ നായ്ക്കള്‍ കൂടുതല്‍ മെച്ചപ്പെട്ട റിസള്‍ട്ടുകള്‍ കാണിച്ചു.
Photo: തങ്ങളുടെ ഇന്‍സുലിന്‍ കൊണ്ട് ഏറ്റവുമധികം ദിവസം ജീവിച്ചിരുന്ന 33ആം നമ്പര്‍ പട്ടിയായ മാര്‍ജൊറീയുമൊത്ത് ബെസ്റ്റും ബാന്റിങും.
അതേ വര്‍ഷം ഡിസംബര്‍ മാസം ജെയിംസ് ബേറ്റ്രാം കോളിപ് എന്ന ബയോക്കെമിസ്ട്രി ഗവേഷകനെക്കൂടി ചേര്‍ത്ത് മക് ലിയോഡ് ആ ടീമിനെ വിപുലീകരിച്ചതോടെ കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥ വന്നു. പട്ടിയുടെ ആഗ്നേയഗ്രന്ഥി തുന്നുന്നതും ഇളം കന്നിന്റെ ആഗ്നേയഗ്രന്ഥി തപ്പി നടക്കുന്നതുമൊക്കെ പഴങ്കഥയാക്കിക്കൊണ്ട് ഡോ: കോളിപ് പ്രോട്ടീനുകളെ ലായനിയില്‍ നിന്നും വേര്‍തിരിക്കുന്ന പ്രെസിപ്പിറ്റേഷന്‍ രീതി പ്രയോഗിക്കാന്‍ തുടങ്ങി. അതോടെ 90% ആല്‍ക്കഹോളില്‍ ഇന്‍സുലിന്‍ ഒഴികെയുള്ള ഏതാണ്ടെല്ലാ പ്രോട്ടീനുകളും ദഹനരസ സംയുക്തങ്ങളും വേര്‍തിരിച്ച് അരിച്ചുമാറ്റാനാവുമെന്ന് 1922 ജനുവരിയായപ്പോഴേക്കും കോളിപ് കാണിച്ചുകൊടുത്തു. ഇങ്ങനെ പൊടി രൂപത്തില്‍ വേര്‍തിരിച്ച ഇന്‍സുലിന്‍ ഏറെക്കുറേ ശുദ്ധവുമായിരുന്നു. മൃഗജഡങ്ങളില്‍ നിന്നുള്ള മുഴുവന്‍ ആഗ്നേയഗ്രന്ഥിയിലെയും ഇന്‍സുലിന്‍ വലിയ അളവുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിച്ച് നിര്‍മ്മിക്കാമെന്ന വഴിത്തിരിവ് ഇവിടെയായിരുന്നു.
ജനുവരി രണ്ടാം പകുതിയില്‍ ചില അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളുമുണ്ടായെങ്കിലും ആദ്യ മനുഷ്യ പരീക്ഷണത്തിലേക്ക് അവര്‍ കടന്നു. ടൊറന്റോ ജനറലാശുപത്രിയിലെ ലിയോണാഡ് തോംസണ്‍ എന്ന 14 വയസ്സുകാരനായിരുന്നു ആദ്യ രോഗി. 1922 ജനുവരി 11 നു ഉച്ചയ്ക്ക് എഡ് ജെഫ്രി എന്ന ഹൗസ് സര്‍ജ്ജന്‍ ആയിരുന്നു ഡോക്ടര്‍മാരായ വാള്‍ട്ടര്‍ കാമ്പെല്‍, ഡംഗന്‍ ഗ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ആ ചരിത്ര കര്‍ത്തവ്യം നിര്‍വഹിച്ചത്. സാമ്പിളിന്റെ ശുദ്ധത പോരാഞ്ഞിട്ടാവാം ആദ്യ പരീക്ഷണം പാളി. കോളിപ് നല്‍കിയ കൂടുതല്‍ ശുദ്ധീകരിച്ച ഇന്‍സുലിന്‍ ഉപയോഗിച്ച് ജനുവരി 23നു നല്‍കിയ ഇഞ്ചക്ഷന്‍ ഫലം കണ്ടു. ലിയോണാഡ് തോംസണിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ ഡോ: കാമ്പെല്ലിന്റെയും ഫ്ലെച്ചറുടെയും നേതൃത്വത്തില്‍ കൂടുതല്‍ മധുമേഹ രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍ നല്‍കപ്പെട്ടു.
മേയ് 3നു മനുഷ്യരിലെ പഠനത്തിന്റെ ആദ്യ ഘട്ടം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗവേഷണ റിപ്പോര്‍ട്ട് ഫ്രെഡ് ബാന്റിംഗ്, ചാള്‍സ് ബെസ്റ്റ്, കോളിപ്, കാമ്പെല്‍ ,മക് ലിയോഡ് തുടങ്ങിയവരുടെ പേരില്‍ അസോസിയേഷന്‍ ഒഫ് അമേരിക്കന്‍ ഫിസീഷ്യന്‍സിന്റെ വാഷിങ്ടണിലെ യോഗത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഗവേഷണ/ചികിത്സാ രംഗത്തെ അതികായരടക്കം സദസ്സ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണു ആ മുഹൂര്‍ത്തത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയത്.
ഫ്രെഡറിക് ബാന്റിംഗ്, ജെ.ജെ.ആര്‍ . മക് ലിയോഡ്, ചാള്‍സ് ബെസ്റ്റ്,
ജേയിംസ് കോളിപ് : ഒരു പഴയ പത്രക്കുറിപ്പില്‍ നിന്ന്.
വലിയ അളവില്‍ ഇന്‍സുലിന്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ആല്‍ക്കഹോളിനു പകരം അസെറ്റോണ്‍ ഉപയോഗിക്കേണ്ടി വന്നു. പില്‍ക്കാലത്ത് ഐസോ ഇലക്ട്രിക് പ്രെസിപിറ്റേയ്ഷന്‍ രീതിയില്‍ ഇന്‍സുലിന്‍ ശുദ്ധീകരിച്ച് വേര്‍തിരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഏയ്ലി ലിലി പോലുള്ള (ഇന്നത്തെ വമ്പന്‍ ഡയബറ്റിക് മരുന്നുല്പാദകരായ Eli Lilly and Co.) വ്യവസായ സംരംഭങ്ങള്‍ സഹായത്തിനെത്തിയിരുന്നു. 1922 മേയ് ആയപ്പോഴേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇന്‍സുലിനായുള്ള അപേക്ഷകള്‍ ബാന്റിംഗിനു മുന്നില്‍ കുന്നുകൂടാന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ റോചെസ്റ്ററില്‍ നിന്നുമുള്ള ജെയിംസ് ഹാവന്‍സായിരുന്നു അമേരിക്കയില്‍ ഇന്‍സുലിന്‍ ലഭിച്ച ആദ്യ രോഗി. ജൂലൈ 10നു കാനഡയിലെ തന്നെ ഷാര്‍ലറ്റ് ക്ലാര്‍ക്ക് എന്ന വനിത ഒരു ശസ്ത്രക്രിയയ്ക്കിടയില്‍ ഇന്‍സുലിന്‍ നല്‍കപ്പെട്ട ആദ്യരോഗിയായി. ന്യൂജേഴ്സിയില്‍ നിന്ന് ടൊറന്റോ വരെ ചെന്ന് ഇന്‍സുലിന്‍ ചികിത്സ നേടിയ അഞ്ചുവയസ്സുകാരന്‍ ടെറി റൈഡര്‍ വര്‍ഷങ്ങളോളം ബാന്റിംഗിനു കത്തെഴുതിയിരുന്നു. 1923 ലെ നോബല്‍ സമ്മാനം ചില ഉപജാപങ്ങള്‍ കാരണം ബാന്റിംഗിനും മക് ലിയോഡിനും മാത്രമായി. ബാന്റിംഗ് തന്റെ സമ്മാനത്തുക ബെസ്റ്റുമായും മക് ലിയോഡ് തന്റേത് കോളിപ്പുമായും പങ്കിട്ടു മാന്യത കാട്ടി.
(ഇന്‍സുലിനെ ഐലറ്റിന്‍ എന്ന് വിളിച്ചിരുന്ന കാലത്തെ ഒരു മരുന്ന് ലേബല്‍)
1982 ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഡയബീറ്റിസ് രോഗികളുടെ ഒരു മഹാസമ്മേളനത്തില്‍ ബാന്റിംഗിന്റെ ആ പഴയ പേഷ്യന്റ് ടെറിറൈഡറുടെ വാക്കുകള്‍ ഇതായിരുന്നു:"ലോകം എന്തെങ്കിലും പുരോഗതി നേടുന്നുണ്ടെങ്കില്‍ അത് ഇതുപോലുള്ള സ്വതന്ത്ര ചിന്തകരിലൂടെയാണു, അല്ലാതെ നടന്ന് തേഞ്ഞ സുരക്ഷിത പാതകള്‍ തേടുന്നവരിലൂടെയല്ല ! " ഈ വിജയഗാഥ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മധുമേഹം എന്ന് ആദ്യം ഡയബീടിസിനു പേരു വിളിച്ചത് ഭാരതീയ വൈജ്ഞാനികരാണ്. ക്രിസ്തുവിനും മുന്നൂറോളം വര്‍ഷങ്ങള്‍ മുന്‍പ്. എന്നിട്ടും രോഗം വരുന്നത് പൂര്‍വജന്മപാപം മൂലമാണെന്ന് 'ഗവേഷിക്കുന്ന'തിലായി നമുക്ക് താല്പര്യം; അല്ലെങ്കില്‍ അങ്ങനെ വഴിതിരിച്ചു, നമ്മുടെ ശാസ്ത്രത്വരയെ. അതല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ...

പിന്‍ വിളി: ഈ വക പരീക്ഷണങ്ങളില്‍ ഒട്ടനവധി ജന്തുക്കള്‍ കീറിമുറിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. അതു വായിച്ചിട്ട് കണ്ണീരും കൈയ്യുമായി വൈദ്യശാസ്ത്രത്തെ ശപിക്കാന്‍ വരുന്ന പുനര്‍ജാത ബോധിസത്വന്മാരോട് ഒരു അപേക്ഷ: ഇത് സഹജരീകരണസ്കൂണ്ഡ്രലിനി വഴി മനക്കണ്ണ് തുറന്ന് absolute truthന്റെ കടല്‍ താണ്ടിയവര്‍ നടത്തുന്ന പരീക്ഷണങ്ങളല്ല, സാമാന്യ ബുദ്ധിയും സാധാരണ പണിയായുധങ്ങളും ഉപയോഗിച്ചു 'ഗുരുത്വം കെട്ട' മനുഷ്യര്‍ മനുഷ്യനു വേണ്ടി നടത്തിയ പ്രയത്നങ്ങളുടെ കഥയാണ്. സനാതനസത്യമല്ല, കൂടെക്കൂടെ മാറുന്ന ശാസ്ത്രവുമത്രെ. പ്ലീസ്, ഒന്നു ക്ഷമിച്ചേരെ. അങ്ങനെ കിട്ടിയ ഇന്‍സുലിന്‍ അങ്ങ് വേണ്ടാന്നു വച്ചാ പോരേ !? 


  Foot notes:

1. ഡയബീടിസ് എന്ന രോഗത്തിന്റെ ഭാരതീയ വൈദ്യശാഖയിലെ തത്തുല്യരൂപം പ്രമേഹമല്ല, മധുമേഹം എന്നാണു 
2. ഡയബറ്റീസ് എന്നല്ല ഡയബീടിസ് എന്നാണു ആംഗല ഉച്ചാരണം.
3. Islet (ഐലറ്റ്) എന്നാല്‍ തുരുത്ത് എന്നര്‍ത്ഥം. വിഖ്യാതനായ ജര്‍മ്മന്‍ ശരീരശാസ്ത്രജ്ഞന്‍ ഡോ:പോള്‍ ലാംഗര്‍ഹാന്റെ പേരില്‍ അറിയപ്പെടുന്ന കോശസംഘാതം. 1869ല്‍ തന്റെ ഡോക്ടറേറ്റ് തീസീസിനായുള്ള പഠനത്തിനിടെയാണ് അദ്ദേഹം കണ്ടെത്തിയത്.
4. പേറ്റന്റ് സംബന്ധിയായ പ്രശ്നങ്ങള്‍ , ബാന്റിംഗിനു മക് ലിയോഡിനോട് തോന്നിയ സംശയങ്ങള്‍ , ഇടയ്ക്ക് കോളിപ്പുമായി ഉണ്ടായ വഴക്കുകള്‍ എന്നിവയൊക്കെ ഗവേഷണത്തിന്റെ അന്ത്യപാദത്തില്‍ നിഴല്‍ വീഴ്ത്തിയെന്നത് സത്യം. 1923 ഏപ്രിലില്‍ നോബല്‍ സമ്മാനത്തിനായി ഈ ഗവേഷണം പരിഗണിക്കപ്പെട്ടപ്പോഴും വിവാദങ്ങളുണ്ടായി. ബാന്റിംഗിനും മക് ലിയോഡിനും മാത്രമായി സമ്മാനം ചുരുക്കിയ നോബല്‍ സമിതി മണ്ടത്തരത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 1906ല്‍ തന്നെ ആഗ്നേയഗ്രന്ഥിയില്‍ നിന്നുമുള്ള സ്രവം (ഇന്‍സുലിനായി ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല അത്) മധുമേഹ ചികിത്സയില്‍ പ്രയോഗിച്ചു നോക്കിയ ജോര്‍ജ് സൂല്‍റ്റ്സറും ഈ ഗവേഷണത്തില്‍ വളരെ മുന്നോട്ടു പോയ അമേരിക്കയില്‍ നിന്നുള്ള ഇസ്രയേല്‍ ക്ലേയിനറുമൊന്നും ഇതിനോട് ചേര്‍ത്ത് പരിഗണിക്കപ്പെട്ടില്ല. പക്ഷേ അതൊന്നും ഇതിനു പിന്നിലെ മനുഷ്യപ്രയത്നത്തിന്റെ മഹത്വം കുറയ്ക്കുന്നില്ല.

അവലംബം :

1. Eli Lilly Archives ന്റെ Lest We Forget എന്ന അനുസ്മരണക്കുറിപ്പ്.
2. Insulin: Discovery and Controversy: Louis Rosenfeld: Clinical Chemistry 48:12 2270–2288 (2002)
3. Banting FG. Unpublished memoir, 1940 [from the Banting Papers].University of Toronto Archives.
4. Bliss M. The discovery of insulin. Chicago: University of Chicago Press, 1982:59–83. 

ചിത്രങ്ങള്‍ക്ക് കടപ്പാട് : തോമസ് ഫിഷര്‍ ലൈബ്രറി, യൂണിവേഴ്സിറ്റി ഒഫ് ടൊറന്റോ Thanks to Dr. S M Sadikot, President : Diabetes India, Mumbai and Eli Lilly & Co.

താനാരാണെന്ന് തനിക്കറിയാമ്മേലങ്കീ താനെന്നോട് ചോദിക്ക്: സ്വതന്ത്രേച്ഛയുടെ (Freewill) ശാസ്ത്രചരിത്രം


സ്കൂളില്‍ പഠിക്കുന്ന കാലത്ത് വളഞ്ഞിരുന്നു കണ്ട്രാക്ക് വിടുമ്പോളൊരിക്കലാണ് തേന്മാവിന്‍ കോമ്പത്തിലെ പപ്പുവിന്റെ ഈ ക്ലാസിക് ഒരു സൈദ്ധാന്തിക പ്രശ്നം ഇതെഴുതുന്നവന്റെ തലയില്‍ തോന്നിച്ചത്. താനാരാണെന്ന് താന്‍ എങ്ങനെയാണ് അറിയുക? ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ എല്ലാം എന്റെ തലച്ചോറ് അറിയുന്നുണ്ടോ ? പത്തുപതിനാറുകൊല്ലം കഴിഞ്ഞ് നാടുവിട്ടതിനുശേഷമാണ് ഈ ചോദ്യത്തിനു തന്നെ ശാസ്ത്രത്തിന്റെ ചരിത്രത്തിലൊരു ആയിരം കൊല്ലത്തെ പഴക്കമെങ്കിലുമുണ്ടെന്ന് അറിയുന്നത്. ആയിരം കൊല്ലം എന്നു പറയുന്നത് സൂക്ഷിച്ചു വേണം; ഏഡി ആദ്യ നൂറ്റാണ്ടുകള്‍ വരെ വൈദ്യപാഠപുസ്തകങ്ങള്‍ പോലും ഹൃദയത്തിനാണല്ലൊ തലച്ചോറിന്റെ റോള്‍ നല്‍കിയിരുന്നത്. 

1980കളില്‍ യൂണി.ഒഫ് കാലിഫോണിയയിലെ ബെഞ്ജമിന്‍ ലിബെറ്റിന്റെ പ്രസിദ്ധ പരീക്ഷണമുണ്ട്. ആ സെറ്റപ്പ് എതാണ്ട് ഇങ്ങനെയാണ്: പരീക്ഷണത്തില്‍ പങ്കെടുക്കുന്നത് കോളെജ് വിദ്യാര്‍ഥിനി. ഓടുന്ന ഒരു ക്ലോക്ക്. വിദ്യാര്‍ഥിനി ചിന്തിക്കുന്നു, തലച്ചോറില്‍ അതനുസരിച്ച് വൈദ്യുതമാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ഥിനിയുടെ മസ്തിഷ്കത്തിലെ വൈദ്യുതവ്യതിയാനങ്ങളെ പിടിച്ചെടുക്കുന്ന ഒരു EEG (ഇലക്ട്രോ‌എന്‍സഫലോഗ്രാഫ്) യന്ത്രം. വിദ്യാര്‍ഥിനിക്ക് എപ്പോള്‍ വേണമെങ്കിലും കൈയ്യാല്‍ ഒരു ആംഗ്യം കാട്ടാം. ആംഗ്യചലനം "ഉണ്ടാക്കാനുള്ള ചിന്ത" എപ്പോള്‍ ഉണ്ടായി എന്ന് ക്ലോക്കു നോക്കി പുള്ളിക്കാരി രേഖപ്പെടുത്തണം. ചലനം എപ്പോഴുണ്ടാക്കി എന്നും ക്ലോക്ക് നോക്കി കുറിയ്ക്കും. പരീക്ഷണത്തിന്റെ ഒടുക്കം തലച്ചോറിലെന്തരാണ് നടന്നതെന്ന് നോക്കിയപ്പോള്‍ ആകെ ഗുലുമാല്‍. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ ആംഗ്യചലനം ഉണ്ടാക്കാനുള്ള ചിന്ത തങ്ങളില്‍ ഉണ്ടായി എന്നു രേഖപ്പെടുത്തിയ സമയത്തിനൊക്കെ വളരെ മുന്‍പേ തന്നെ അവരുടെ തലച്ചോറില്‍ ആംഗ്യചലനത്തിനു തയ്യാറെടുക്കുന്നതിനുള്ള വൈദ്യുത പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്ന്വച്ചാ അവൾ ആംഗ്യചലനം ഉണ്ടാക്കും എന്ന് അവൾ പോലും അറിയും മുന്‍പേ അവളുടെ തലച്ചോറ് ചലനത്തിന് റെഡിയായെന്ന്! അപ്പോള്‍ ആംഗ്യം ഉണ്ടാക്കിയവര്‍ക്ക് സ്വതന്ത്രമായ ഇച്ഛ ഇല്ലെന്നാണോ? എവിടുന്നാണീ തലച്ചോറിന് റെഡിയാവാനുള്ള ആജ്ഞ കിട്ടുന്നത് ?

തത്വചിന്തയ്ക്കും ശാസ്ത്രത്തിനും പുറത്ത് "അജ്ഞാതമായ ഒരു അവബോധം", "പ്രപഞ്ചാവബോധം", "ആത്മാവിലേക്ക് ദൈവത്തിന്റെ സിഗ്നല്‍" എന്നിങ്ങനെ പലതരം വിശദീകരണങ്ങൾ ഇതിനുണ്ടായിയെന്നത് ചരിത്രമാണ്. എന്നാല്‍ തലച്ചോറിനു റെഡിയാവാനുള്ള ആജ്ഞ ആതിഭൗതികമായി എവിടുന്നുങ്കിലും അയച്ചുകിട്ടുന്നതല്ല എന്ന് ഇതിന്റെ പിന്നാലെ പഠനങ്ങളുമായി പോയ ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പായിരുന്നു. അവരുടെ സംശയം നീണ്ടത് തലച്ചോറിന്റെ "അവബോധ" പ്രക്രിയയിലേക്കാണ് (conscious awareness). ആംഗ്യചലനം ഉണ്ടാകുന്നതിന്റെ വൈദ്യുതമാറ്റങ്ങള്‍ തലച്ചോറിന്റെ "ചലന ആസൂത്രണ" മേഖലകളില്‍ (motor planning areas) നടക്കുന്നുണ്ടെങ്കിലും അത് തത്സമയം തന്നെ അവബോധത്തിന്റെ തലത്തിലേക്ക് എത്തുന്നുണ്ടോ എന്നാണ് അവര്‍ സംശയിച്ചത്. ആംഗ്യചലനം നടക്കുന്നു, കുറേ മില്ലീസെക്കന്റുകള്‍ കഴിഞ്ഞ് ചലനം നടന്ന വിവരം തലച്ചോറ് ബോധതലത്തില്‍ അറിയുന്നു എന്നാണെങ്കിലോ?

വീണ്ടും ചില പരീക്ഷണങ്ങള്‍

അങ്ങനെയാണെങ്കില്‍ പരീക്ഷിത വ്യക്തി അറിയുമ്മുമ്പേ തന്നെ ആംഗ്യചലനത്തെ പ്രവചിക്കാന്‍ പറ്റുമോ? ഇത്തവണ ഇ.ഇ.ജി യന്ത്രത്തിനു പകരം തലച്ചോറിന്റെ ഫങ്ഷനല്‍ എം.ആര്‍.ഐ സ്കാന്‍ (fMRI) ആണ് ഉപയോഗിച്ചത്. തലച്ചോറിലെ വിശിഷ്ട മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നു വേര്‍തിരിച്ച് അറിയാന്‍ ഈ പ്രത്യേക സ്കാന്‍ കൊണ്ട് പറ്റും എന്നതാണ് സൗകര്യം. സ്കാനറില്‍ പരീക്ഷിക്കപ്പെടാന്‍ കിടക്കുന്ന വ്യക്തി ആംഗ്യചലനം നടത്തുന്നു. എപ്പോള്‍ ചലനം നടത്തിയെന്ന് ക്ലോക്ക് നോക്കി കുറിക്കാം. ആംഗ്യം കാട്ടാന്‍ "തീരുമാനിച്ച" സമയം, ആംഗ്യം കാണിച്ചയാള്‍ക്ക് അത് ചെയ്തു എന്നു "ബോധ്യമായ" സമയം എന്നിവയും കുറിച്ചു. പരീക്ഷണത്തിനൊടുവില്‍ വ്യക്തമായത് ഇതാണ്: ആംഗ്യം നടക്കുന്നതിന്‌ ഏതാണ്ട് 1 സെക്കന്റ് മുന്‍പേ ആണ് ആംഗ്യം കാണിക്കാന്‍ തീരുമാനിച്ച വ്യക്തിക്ക് "ഞാനിതാ ഇത് ചെയ്യാന്‍ പോകുന്നു" എന്ന് അറിവാകുന്നത്. എന്നാല്‍ കൈയ്യനക്കത്തിനു 8 സെക്കന്റു മുന്‍പേ തന്നെ സ്കാനറിനു തലച്ചോറിലിതാ ആംഗ്യം കാണിക്കാന്‍ പോകുന്നു എന്ന് പ്രവചിക്കാന്‍ സാധിക്കുന്നു!

ഇത് മറ്റൊരു പ്രശ്നം മുന്നോട്ട് വയ്ക്കുന്നു: വ്യക്തിക്കു ചലനത്തെപ്പറ്റി സ്വയബോധം വരും  മുൻപേ സ്കാൻ വഴി ചലനത്തെ പ്രവചിക്കാമെങ്കിൽ തലച്ചോറില്‍ കൃത്രിമമായി സിഗ്നലുകള്‍ ഉണ്ടാക്കി വ്യക്തിയെ ചിന്താക്കുഴപ്പത്തില്‍ ആക്കാന്‍ പറ്റുമോ? ഉദാഹരണത്തിന്‌ ശക്തിയുള്ള ഒരു കാന്തം വച്ച് ഒരു തലച്ചോറിന്റെ ആസൂത്രണ (പ്ലാനിംഗ്) മേഖലയില്‍ ഒരു തരിപ്പുണ്ടാക്കിയാലോ? ഇതും പരീക്ഷിക്കപ്പെട്ടു. സെറ്റപ്പ് മുകളില്‍ പറഞ്ഞ പോലൊക്കെ തന്നെ. ആംഗ്യചലനം നടത്തുന്ന വ്യക്തിയുടെ "ചലന ആസൂത്രണ" മസ്തിഷ്ക മേഖലകളില്‍ ട്രാന്‍സ്‌ ക്രേനിയല്‍ മാഗ്നറ്റിക് സ്റ്റിമുലേഷന്‍ (Transcranial magnetic stimulation; TMS) എന്നൊരു സം‌വിധാനം ഉപയോഗിച്ച്  "തരിപ്പ്" കൊടുത്താല്‍ താന്‍ ചലനം നടത്താന്‍ മനസില്‍ ഉദ്ദേശിച്ച സമയം ഏതാണ് എന്ന അയാളുടെ ബോധ്യത്തെ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കാന്‍ സാധിക്കും എന്നു തെളിഞ്ഞു. ഒരുപാടൊന്നും അല്ലെങ്കിലും ഏതാനും മില്ലീ സെക്കന്റുകളിലേക്കെങ്കിലും ഇതിനെ മാറ്റാന്‍ പറ്റും എന്ന്! ഈ പരീക്ഷണത്തിന്റെ പല വകഭേദങ്ങൾ പിന്നെയുമുണ്ടായി.

ഇതിൽ നിന്നൊക്കെ മന:ശാസ്ത്രം എന്ത് മനസിലാക്കി? ഇങ്ങനെ ചുരുക്കാം സംഗതികളെ:
  1. ഒരു അവയവം ചലിപ്പിക്കാന്‍ തീരുമാനിച്ചു (plan), അവയവം ചലിപ്പിച്ചു (execution), ചലനം സംഭവിച്ചതിനെപ്പറ്റി ബോധം (awareness) ഉണ്ടായി - ഈ മൂന്നു സംഗതികളും വെവ്വേറെ ആണ്.
  2. ചലനത്തിനായുള്ള തീരുമാനവും (decision) ചലനം ഉണ്ടാക്കാൻ ഉള്ള ഇച്ഛയും (will) രണ്ട് പ്രക്രിയകൾ ആണ്. 
  3. ഒരു ചലനത്തിന്റെ പ്ലാനിംഗ് നമ്മുടെ തലയില്‍ ആരംഭിക്കുന്നത് നമ്മുടെ ബോധപ്രജ്ഞയില്‍ (consciousness) ആ ചലനത്തെപ്പറ്റി ഉള്ള "അവബോധം" ഉണ്ടാകുന്നതിനു മുന്‍പേ ആണ്.
  4.  ചലനത്തെപ്പറ്റിയുള്ള  അറിവ് ബോധപ്രജ്ഞയിലേക്ക് എത്തിക്കുന്ന പ്രക്രിയയെ പുറമെ നിന്ന് സ്വാധീനിക്കുക വഴി  "ചലനം നടത്താന്‍ ഞാന്‍ തീരുമാനിച്ചു" എന്ന സ്വയംബോധത്തെ ഇല്ലാതാക്കാനോ വിഭ്രമിപ്പിക്കാനോ സാധിക്കും.  
ഇവിടെയാണ് ഏറ്റവും വലിയ  സൈദ്ധാന്തിക കുടുക്ക് വരുന്നത് - ഒരു പ്രവർത്തി ചെയ്ത വ്യക്തിക്ക് ആ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം എത്രമാത്രം ഉണ്ട് ? അബോധ മനസില്‍ ആ പ്രവര്‍ത്തിക്കായി നടന്ന പ്ലാനിങ് അവളുടെ ബോധമനസിലേക്ക് എത്തുന്നില്ലെങ്കില്‍  മനുഷ്യനു സ്വതന്ത്രേച്ഛ (Free will)  ഉണ്ട് എന്നും സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഉണ്ട് എന്നതും എത്രമാത്രം സാധുതയുള്ള സംഗതിയാണ് ? 

ഇതെന്റെ കൈയ്യോ നിന്റെ കൈയ്യോ? 

മസ്തിഷ്കത്തിനു വരുന്ന ചില അപൂര്‍‌വ രോഗാവസ്ഥകളില്‍ അതീവ അപൂര്‍‌വവും, അതേസമയം അത്യാശ്ചര്യകരവുമായ ഒരു അവസ്ഥ ആണ് അപ്രാക്സിയ (apraxia; പ്രാക്കിസ്=ചെയ്യുക [ഗ്രീക്ക്]). മുടി കോതുന്നത്, ബ്ലൗസു ധരിക്കുന്നത്,  വാതിലിന്റെ പൂട്ടില്‍ താക്കോലിട്ട് തിരിക്കുന്നത് എന്നിങ്ങനെ ഉദ്ദേശ്യലക്ഷ്യത്തൊടെ ഉള്ള ഒരു പ്രവര്‍ത്തി ചെയ്യാന്‍ രോഗിക്ക് കഴിയാതാവല്‍ ആണ് ഈ അവസ്ഥയുടെ പ്രത്യേകത. മസ്തിഷ്കാഘാതം വന്ന് ഒരു ഭാഗം തളര്‍ന്ന് പോയിട്ടോ ഓര്‍മ നശിച്ചിട്ടോ ഒക്കെ മുന്‍പ് ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റായ്ക പോലല്ല അപ്രാക്സിയയുടെ കാര്യം. മറ്റ് ചലനങ്ങള്‍ ഒക്കെ ഓട്ടോമാറ്റിക് ആയി നടന്ന് പോകും എന്ന അവസ്ഥയിലും ജീവിതത്തില്‍ പ്രയോഗം കൊണ്ട്  ഇങ്ങനെ പഠിച്ചെടുത്ത ചില സംഗതികള്‍ ചെയ്യാന്‍ പറ്റാതാവല്‍ ആണ് അപ്രാക്സിയയില്‍ കാണാറ്. ആദ്യഘട്ടങ്ങളില്‍ ശരീരത്തിന്റെ ഒരു ഭാഗത്ത്  മാത്രമായിരിക്കും ഇത് കാണുക. ഒരു കൈ അറിയാതെ ആവശ്യമില്ലാത്ത സാധനങ്ങളില്‍ ചെന്ന് തൊടുകയോ പിടിക്കുകയോ ചെയ്യുക, പാന്റ്സിന്റെ കുടുക്കു വലിച്ചൂരുക, ഒരു കൈ മറ്റേക്കൈയ്യില്‍ നുള്ളുക എന്നിങ്ങനെ. ഇങ്ങനെ താന്തോന്നിത്തം കാട്ടുന്ന കൈയ്യിനെ ഏലിയൻ ഹാൻഡ് (alien hand) എന്ന് വിളിക്കുന്നു.

ഫങ്ഷനല്‍ ന്യൂറളോജിക്കല്‍ ഡിസോഡേഴ്സ് (Functional neurological disorders; FND) എന്നു വിളിക്കുന്ന രോഗങ്ങളുടെ ഒരു കൂട്ടമുണ്ട്. അകാരണമായി അപസ്മാരം വരുക,  കൈയ്യിലോ കാലിലോ ശരീരത്തെയാകെയോ ബാധിക്കുന്ന വിറയല്‍ വരുക, എന്നതൊക്കെയാണ് ഈ രോഗികളുടെ ലക്ഷണം. ചില പ്രത്യേക മാനസിക നിലകളിലേ പലപ്പോഴും രോഗലക്ഷണങ്ങള്‍ പുറത്ത് വരൂ. ഉദാഹരണത്തിനു വഴക്കടിക്കുമ്പോള്‍, അല്ലെങ്കില്‍ പരീക്ഷയടുക്കുമ്പോള്‍ കുട്ടികളില്‍, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം എന്നിങ്ങനെ.  സാധാരണ ഈ രോഗങ്ങളില്‍ കാണുന്ന തരത്തിലെ ലക്ഷണങ്ങളും ആവില്ല. തലയുടെ സ്കാനിലോ പേശികളുടെയും നാഡികളുടെയുമൊക്കെ സാധാരണ നിലയ്ക്കുള്ള പരിശോധനയിലൊന്നും പ്രശ്നങ്ങള്‍ കാണില്ല. ഹോം‌വര്‍ക്ക് ചെയ്യാത്തതൂകൊണ്ട് സ്കൂളില്‍ പോവാതിരിക്കാന്‍ വയറ് വേദന നടിക്കുന്ന കുട്ടിയെപ്പോലെ "അഭിനയിക്കുകയാണ്" ഈ രോഗികള്‍ എന്നൊരു ധാരണ പൊതുവേ ഉണ്ട്. 1800കളില്‍ മസ്തിഷ്കരോഗ ശാസ്ത്രത്തിന്റെ വികാസഘട്ടത്തില്‍ പല വൈദ്യന്മാരും ഹിസ്റ്റീരിയ എന്ന് വിളിച്ച, മാനസിക വിഭ്രാന്തിയാലുണ്ടാവുന്ന അപസ്മാരതുല്യമായ ഒരു അവസ്ഥ ആണ് ഫങ്ഷനല്‍ ന്യൂറളോജിക്കല്‍ തകരാറുകളില്‍ ഏറ്റവും പ്രമുഖം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളില്‍ ഇതിനെ കപട അപസ്മാരം (psuedo seizures) അല്ലെങ്കില്‍ മാനസികാപസ്മാരം (psychogenic seizures) എന്നൊക്കെ വിളിച്ചിരുന്നു. കുട്ടിക്കാലത്തോ ശേഷമോ പീഢനങ്ങള്‍ (മുഖ്യമായും ലൈംഗിക) അനുഭവിച്ച സ്ത്രീകളിലാണ് ഫങ്ഷനല്‍ മസ്തിഷ്ക രോഗങ്ങള്‍ കൂടുതലായി കാണുന്നത് എന്നതിന്റെ കാരണങ്ങളെപ്പറ്റി പരക്കെ പഠിക്കപ്പെടുന്നുണ്ട്. ഇതിന്റെ  ചരിത്രത്തെയും സാമൂഹ്യപ്രശ്നങ്ങളെയും പറ്റി അധ്യായങ്ങള്‍ തന്നെ ഉണ്ട് എഴുതാന്‍.

എന്താണ് സ്വതന്ത്ര ഇച്ഛയില്‍ വൈദ്യത്തിനു കാര്യം എന്ന് ഇതില്‍ നിന്ന് നിങ്ങള്‍ക്ക്  ഊഹിക്കാം. പുറമേക്ക് കാണുന്ന മനുഷ്യന്റെ പല പ്രവര്‍ത്തികള്‍ക്കും മേല്‍ അവള്‍ക്ക് "ഏജന്‍സി" അഥവാ കര്‍തൃത്വം ഉണ്ടാവണമെന്നില്ല. അങ്ങനെയാണെങ്കില്‍ കര്‍തൃത്വം നിര്‍ണയിക്കുന്ന മസ്തിഷ്ക മേഖലകള്‍ക്ക് പ്രശ്നമെന്തെങ്കിലും ഉണ്ടായിട്ടാണോ മേല്‍പ്പറഞ്ഞ രോഗാവസ്ഥകള്‍ ഉണ്ടാകുന്നത് എന്നാണ് ഒരു ന്യൂറോളജിസ്റ്റിനു അറിയേണ്ടത്. മനസിനെ ചികിത്സിക്കുന്നത് വഴി പൂർണമായോ ഭാഗികമായോ മാറ്റാന്‍ പറ്റുന്ന മസ്തിഷ്കരോഗങ്ങളുണ്ട്. അതുപോലെത്തന്നെ, പക്ഷാഘാതം (സ്ട്രോക്ക്) പോലെ മസ്തിഷ്കത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും തളര്‍ത്തിക്കളയുന്ന രോഗങ്ങളില്‍ പോലും ഫിസിയോതെറാപ്പിയും ഭാഷാ/കോഗ്നിറ്റിവ് തെറാപ്പികളും വഴി കുറേയേറേ കഴിവുകളെ വീണ്ടെടുക്കാം എന്നതും കാണിക്കുന്നത് ബോധപ്രജ്ഞയെക്കൊണ്ട് മസ്തിഷ്കത്തിലെ കണക്ഷനുകളും വയറിംഗും കുറച്ചെങ്കിലും മാറ്റാന്‍ പറ്റും എന്നാണ്.

ഫീഡ്ബാക്കുകൾ, ഫീഡ് ഫോർവേഡുകൾ   

ഹഫീസ രാവിലെ ജോഗിങിനു ഇറങ്ങുന്ന വഴിക്ക് അയ്ല്പക്കത്തെ ഷമീമിനെ കാണുന്നു. ഓടുന്ന പോക്കിനു ഒരു ഹായ് പറയാന്‍ ഹഫീസ കൈയ്യുയര്‍ത്തുന്നു. "ഹായ്"ക്കൊപ്പം വരുന്ന കൈയാംഗ്യം കാട്ടാന്‍ തലച്ചോറിന്റെ "പ്ലാനിങ്" മേഖലയില്‍ നിന്ന് മറ്റനവധി മസ്തിഷ്ക മേഖലകളിലേക്ക് ഫീഡ് ഫോർവേഡ് (Feed forward)  സിഗ്നലുകള്‍ പായുന്നു. കൈയ്യുടെ  പേശികളെയും സന്ധികളെയും "ഉണര്‍ത്തുന്ന" സിഗ്നലുകള്‍ പായുമ്മുമ്പേ ആംഗ്യം ഇന്നതാണ് എന്ന "അറിയിപ്പു സിഗ്നല്‍" പോകുന്നു. വിരലുകളുടെ ചര്‍മ്മം മുതല്‍ കൈയ്യുടെ സന്ധികള്‍ വരെ - പേശികള്‍ എത്ര വലിയണം, വിരലെത്ര മടങ്ങണം എന്നൊക്കെയുള്ള - ഉള്ള "ഉത്തരവ്" സിഗ്നലുകള്‍ കൈയ്യിലേക്കും, കൈയ്യില്‍ നിന്ന് തിരിച്ച് മസ്തിഷ്കത്തിന്റെ ഇന്ദ്രിയഗ്രഹണ (sensory) മേഖലകളിലേക്കും പോകുന്നു. ആംഗ്യം നടക്കുന്ന സമയത് "ഓണ്‍‌ലൈന്‍" ആയിത്തന്നെ മസ്തിഷ്കം ആംഗ്യത്തെ അളക്കുകയും നിരന്തരമായി തെറ്റുതിരുത്തുകയും ചെയ്യുന്നുണ്ട്. ഹഫീസയുടെ മസ്തിഷ്കത്തിലേക്ക് കൈയ്യില്‍ നിന്ന് കിട്ടുന്ന ഈ സിഗ്നലുകള്‍ കുറേയൊക്കെ "കര്‍തൃത്വം" തീരുമാനിക്കുന്ന മേഖലകളിലേക്കും പോകുന്നു. അങ്ങനെ ഏതാനും സെക്കന്റുകള്‍ക്ക് ശേഷമാണെങ്കില്‍ പോലും ഹഫീസയുടെ മനസില്‍ "ഷമീമിനോട് ഞാന്‍ ഹായ് പറഞ്ഞു" എന്ന ബോധം ഉണ്ടാവുന്നു. ഹഫീസയുടെ തലച്ചോറില്‍ നടന്ന വൈദ്യുത മാറ്റങ്ങളെ സൂക്ഷിച്ച് അളന്നാല്‍ ഈ ബോധം താമസിച്ചാണ് ഉദിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാമെങ്കിലും ഹഫീസയുടെ തലച്ചോറ് ഹഫീസ എന്ന വ്യക്തിക്ക് നല്‍കുന്നത് "ഞാന്‍ ഹായ് പറയാന്‍ തീരുമാനിച്ചത് കൊണ്ടാണ് എന്റെ കൈയ്യുയര്‍ന്നതും ഹായ് പറഞ്ഞതും" എന്ന അറിവാണ്. സ്വാഭാവികമായും ഇത് തലച്ചോറ് കുട്ടിക്കാലം മുതല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പഠിച്ചെടുക്കുന്ന കരണപ്രതികരണ ശീലമാണ്. ആളുകളെ കാണുമ്പോള്‍ ഹായ് പറഞ്ഞ് "സലാം വയ്ക്കുന്ന" സംസ്കാരത്തിലല്ല ഹഫീസ വളര്‍ന്നതെങ്കില്‍ ഇങ്ങനെയൊന്നുമല്ല ഹഫീസയുടെ തലച്ചോര്‍ ഷമീമിനെ കാണുമ്പോള്‍ പ്രതികരിക്കുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.


ദിനേന ചെയ്യുന്ന മഹാഭൂരിപക്ഷം സംഗതികളെയും നമ്മൾ ബോധമനസിൽ കൊണ്ടുവരികയോ അതെന്തിനാ അങ്ങനെ ഞാൻ പ്രതികരിച്ചത് എന്ന് ചിന്തിക്കുകയോ ചെയ്യാറില്ല.  എന്തിനങ്ങനെ പ്രതികരിച്ചു എന്ന് ചോദിച്ചാൽ ബോധമനസ് അതിനു അപ്പോൾ തോന്നിയ ന്യായീകരണങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യാറെന്നാണ് പല പരീക്ഷണങ്ങളിലും കണ്ടിട്ടുള്ളത്. തലച്ചോറിന്റെ ഫീഡ്ബാക്കിൽ നിന്നുളവാകുന്ന ഈ "ന്യായീകരണ" മെക്കാനിസത്തെ നമ്മൾ തെറ്റിദ്ധരിച്ച്‌ ഉണ്ടാക്കിയ സാങ്കല്പിക സാധനമാണ് സ്വതന്ത്രേച്ഛ (Free will) എന്നത് എന്ന് വരെ ചിലർ വാദിച്ചിട്ടുണ്ട്. മനുഷ്യരെല്ലാം മുന്‍‌നിശ്ചിതപ്രകാരം പ്രോഗ്രാം ചെയ്തുവിടപ്പെട്ട യന്ത്രങ്ങളാണെന്നും കുറഞ്ഞൊരു കാലത്തേക്കെങ്കിലും മനഃശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു.

താനാരാണെന്ന് തനിക്കറിയാമ്മേലങ്കീ...

മസ്തിഷ്‌കം ഒരു പ്രവർത്തിയെ പ്ലാൻ ചെയ്യുന്നത് ആ മസ്തിഷ്‌കത്തിന്റെ ഉടമയുടെ ബോധത്തോടെയുള്ള അറിവിലല്ല എന്ന് പറയുമ്പോള്‍ ആ പ്രസ്താവത്തില്‍ രണ്ട് പ്രധാന പ്രശ്നങ്ങളുണ്ട്. മസ്തിഷ്കത്തിന്റെ ഉടമയും മസ്തിഷ്കവും വെവ്വേറേ ആളുകളാണെന്നൊരു ധ്വനി വരുന്നു എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തെ പ്രശ്നം പ്രവര്‍ത്തിയെ അതിന്റെ പരിണതഫലത്തില്‍ നിന്ന് വേര്‍തിരിച്ച് കാണുന്നു എന്നതാണ്.

ആദ്യപ്രശ്നമെടുത്താല്‍, വ്യക്തിയും മസ്തിഷ്കവും ഒരാളാണെന്ന് മറക്കാന്‍ പാടില്ല. മുകളില്‍ പരാമര്‍ശിച്ച പരീക്ഷണങ്ങളിലൊക്കെ വ്യക്തിയുടെ തലച്ചോറില്‍ തന്നെയാണ് തദ്ഫലമായുള്ള  വൈദ്യുതമാറ്റങ്ങളും എഫ്.എം.ആര്‍.ഐ സ്കാന്‍ സംബന്ധിയായ മാറ്റങ്ങളും ഒക്കെ കണ്ടതെന്ന് മറക്കരുത്. ആ അര്‍ഥത്തില്‍ വ്യക്തി തന്നെയാണ് പ്രവര്‍ത്തിയുടെ പ്ലാന്‍ ചെയ്യുന്നത്. രണ്ടാമത്തെ പ്രശ്നമെടുത്താല്‍, ഓരോ പ്രവര്‍ത്തിയുടെയും പരിണതഫലം എന്താണ് എന്നതിനെ ആശ്രയിച്ചാണ് ആ പ്രവര്‍ത്തി വേണോ വേണ്ടയോ എന്നു മസ്തിഷ്കം തീരുമാനിക്കുന്നത്. പ്രവര്‍ത്തിയുടെ ഫലം എന്നത് മൂര്‍ത്തമായ, അളക്കാനാവുന്ന സംഗതിയാണ്. പ്രഭാതസവാരിക്കിടെ ഹായ് പറയുമ്പോള്‍ മറുപടിയായി കിട്ടുന്ന പുഞ്ചിരി, കൃത്യസമയത്തിനുള്ളിലൊരു പണി ചെയ്ത് കൊടുക്കാഞ്ഞാല്‍ ഉണ്ടാകാവുന്ന പരാതികള്‍ എന്നിങ്ങനെയുളള പരിണതഫലങ്ങളെ ആശ്രയിച്ച് മസ്തിഷ്കം അതിന്റെ ഭാവി പ്രവര്‍ത്തന പ്ലാനിങ് മാറ്റുന്നു എന്നത് സ്വതന്ത്രേച്ഛയുടെ മൂര്‍ത്തതയെ (tangibility) ആണു കാണിക്കുന്നതെന്ന് പറയാം.

ഒരു ആംഗ്യചലനത്തിന്റെ പ്ലാനിങും സഫലമാക്കലും നടത്തുന്ന മേഖലകള്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സിഗ്നലുകള്‍ വഴി ചലനത്തിന്റെ കൃത്യതയെ അളക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുന്നകാര്യം മുകളില്പ്പറഞ്ഞല്ലോ. ഈ പ്രക്രിയയുടെ ഫലമായിട്ടാണു സ്വതന്ത്രേച്ഛ* എന്ന പ്രതിഭാസവും "കര്‍തൃത്വ"വും  ഉരുത്തിരിയുന്നതെങ്കില്‍ തലച്ചോറിന്റെ പരിണാമത്തിനു ഇത് ചെയ്ത സേവനം വലുതാണ്. വ്യക്തി കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ചുറ്റുപാടുകളുമായി പ്രതിപ്രവര്‍ത്തിക്കുന്ന മുറയ്ക്ക് ആന്തരികമായ ഒരു കാര്യകാരണ ബന്ധം ഉരുത്തിരിച്ചെടുക്കാനും പ്രവര്‍ത്തികളെ കൂടുതല്‍ "ഓട്ടോമാറ്റിക്" ആക്കി മാറ്റാനും ഇത് കൊണ്ട് സാധിക്കുന്നു. നൃത്തച്ചുവടുവയ്ക്കലും ബൈക്കൊടിക്കലും കാല്പ്പന്തു തട്ടലും മുതല്‍ സ്മാര്‍ട്ട്‌ഫോണില്‍ പെരുവിരലുകള്‍ കൊണ്ട്  ടൈപ്പുചെയ്യുന്നത് വരെ ഇങ്ങനെ കാലങ്ങള്‍കൊണ്ട് ഓട്ടോമാറ്റിക് ആയിമാറിയ ആംഗ്യങ്ങളും ചലനങ്ങളുമാണ്. 

ഒരു പ്രവര്‍ത്തി ചെയ്തത് താനാണെന്ന കര്‍തൃത്വബോധത്തിന്റെ (ഏജന്‍സി) സിഗ്നലുകള്‍ ശരിയായി പ്രോസസ് ചെയ്യാന്‍ മസ്തിഷ്കത്തിനു പറ്റാതാകുന്ന അവസ്ഥയിലോ? സ്വചലനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുന്നതിങ്ങനെ ആവാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വിവരങ്ങളൊക്കെ അടുക്കിക്കൂട്ടി  ഫങ്ഷനല്‍ നാഡീരോഗങ്ങളുടെയും അപ്രാക്സിയയുടെയും ഉള്‍പ്പടെ ഒരു പിടി സമസ്യകളുടെ ചുരുള്‍ അഴിക്കാന്‍ നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളൂ.


References:
  1. Libet, Benjamin, et al. "Time of conscious intention to act in relation to onset of cerebral activity (readiness-potential) the unconscious initiation of a freely voluntary act." Brain 106.3 (1983): 623-642.
  2. Soon, Chun Siong, et al. "Unconscious determinants of free decisions in the human brain." Nature neuroscience 11.5 (2008): 543.
  3. Brass, Marcel, et al. "Imaging volition: what the brain can tell us about the will." Experimental brain research 229.3 (2013): 301-312.
  4. Preston, Catherine, and Roger Newport. "Misattribution of movement agency following right parietal TMS." Social cognitive and affective neuroscience 3.1 (2007): 26-32.
  5. Maurer, Carine W., et al. "Impaired self-agency in functional movement disorders A resting-state fMRI study." Neurology 87.6 (2016): 564-570.
  6. Wegner, D. M. "The illusion of conscious will MIT Press." Cambridge, MA (2002).
  7. Kranick, Sarah M., and Mark Hallett. "Neurology of volition." Experimental brain research 229.3 (2013): 313-327.

_________________________________
*Note: അഹം (self) എന്ന ബോധത്തിന്റെ പര്യായമായി ഈ സ്വതന്ത്രേച്ഛയെ തെറ്റിദ്ധരിക്കരുത്. അഹം/ഞാന്‍ എന്ന ആന്തരിക വ്യക്തിത്വത്തിന്റെ രൂപീകരണത്തിനു വേണ്ടുന്ന പല മസ്തിഷ്ക ചേരുവകകളില്‍ ഒന്നുമാത്രമാണ് സ്വന്തം പ്രവര്‍ത്തികള്‍ക്ക് മേല്‍ ഉള്ള കര്‍തൃത്വം. പ്രജ്ഞാവബോധമെന്നു (consciousness) വിളിക്കുന്നതാകട്ടെ മസ്തിഷ്കത്തില്‍ നടക്കുന്ന ഓര്‍മ്മസംബന്ധിയായ പല സമാന്തര ക്രയവിക്രയങ്ങളുടെയും ആകെത്തുകയെ ആണ്‌. സ്വതന്ത്രേച്ഛയ്ക്കു കാരണമാകുന്ന പ്രോസസിംഗ് പ്രജ്ഞാവബോധത്തിന്റെ ഭാഗമാകാമെങ്കിലും ഒന്ന് മറ്റേതിന്റെ പര്യായമല്ല. കുട്ടി വളരുകയും പല പ്രായങ്ങളില്‍ കൂടി കടന്നുപോകുകയും ചെയ്യുമ്പോള്‍ തലച്ചോറും അനുഭവങ്ങളും വളരുന്നതിനൊപ്പം ആന്തരിക വ്യക്തിത്വവും മാറുന്നു എന്നത് സ്വാഭാവികമാണ്. അഞ്ചു വയസ്സിലെ "നിങ്ങള്‍" അല്ല ഇരുപത്തഞ്ചുവയസിലെയോ എഴുപത്തഞ്ചുവയസിലെയോ നിങ്ങള്‍. 


നന്ദി:  എഴുത്തുശീലം മുടങ്ങിയതു കൊണ്ടും മലയാളം സംസാരത്തില്‍ പോലും ഇപ്പോള്‍ കമ്മിയായതുകൊണ്ടും ശാസ്ത്രവാക്കുകളുടെ തര്‍ജുമ വലിയ പ്രശ്നമാണ്. ഇക്കാര്യത്തില്‍ കുറേയൊക്കെ സഹായമായതിനു ഓളം ഡിക്ഷ്ണറി (https://olam.in/Dictionary/) ടീമിനു മുട്ടന്‍ താങ്ക്സ്!  

സങ്കടത്തിന്റെ മസ്തിഷ്ക ആഴങ്ങൾ: Deep brain stimulation അനുഭവങ്ങള്‍

തലച്ചോറിന്റെ അധോഭാഗത്തായി കാണുന്ന ഗ്രേ മാറ്ററിന്റെ ഒരു കൂട്ടമുണ്ട് - ബേയ്സല്‍ ഗാംഗ്ലിയ എന്നു വിളിക്കും. വികാരവിചാരങ്ങളുടെയും അതിനോടൊക്കെയുള്ള ജന്തുക്കളുടെ പ്രതികരണങ്ങളുടെയും ഏറ്റവും ഉയര്‍ന്നതലത്തിലെ പ്ലാനിംഗ് നടക്കുന്ന ഉന്നത ഭാഗങ്ങളില്‍ നിന്നുള്ള സിഗ്നലുകളെ അപഗ്രഥിച്ച് പല ഇറ്ററേഷനുകളില്‍ നിന്ന് ഒരു കൃത്യം ചെയ്യാന്‍ വേണ്ടുന്ന ശരിയായ ചലനത്തെ മുഖം/വായ/കൈകാലുകള്‍ തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് അയക്കാന്‍ അത്യാവശ്യമാണ് ബേയ്സല്‍ ഗാംഗ്ലിയ. ഈ ഭാഗത്ത് വരുന്ന സര്‍ക്കിറ്റ് പ്രശ്നങ്ങള്‍ കൊണ്ടുള്ള രോഗങ്ങളിലാണ് ഈയെഴുതുന്നവന്‍ സ്പെഷ്യലൈസ് ചെയ്യുന്നത്.

ഈ പ്രശ്നങ്ങളുടെ ഫലമായി വരുന്ന പലരോഗങ്ങളിലും (പാര്‍ക്കിന്‍സണ്‍, ഡിസ്റ്റോണിയ, ചിലതരം വിറയലുകള്‍, ബാലന്‍സിന്റെ പ്രശ്നങ്ങള്‍) ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന ഒരു ചികിത്സ 1980കള്‍ മുതല്‍ക്ക് പ്രചാരത്തിലുണ്ട്. തലയൊട്ടിയില്‍ കുഞ്ഞ് തുളകളുണ്ടാക്കി അതിലൂടെ തലച്ചൊറിലേക്ക് രണ്ട് വയറുകള്‍ കടത്തി ബേസല്‍ ഗാംഗ്ലിയയുടെ ഉപഭാഗങ്ങളിലോ മറ്റു മസ്തിഷ്കഭാഗങ്ങളിലോ വളരെ കുഞ്ഞ് കറന്റ് കടത്തി വിട്ട് ചില സര്‍ക്കിറ്റുകളെ പ്രകോപിപ്പിക്കുകയും ചിലവയെ അടച്ച് പൂട്ടുകയും ഒക്കെ ചെയ്തു കൊണ്ടാണ് ഈ സംഗതി ഫലിക്കുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് തലയിലെ മുറിവൊക്കെ ഉണങ്ങി 6 ആഴ്ച കഴിഞ്ഞാണ് രോഗി ഞങ്ങളുടെ ക്ലിനിക്കില്‍ പ്രോഗ്രാമിംഗിനായി മടങ്ങി വരുക. രണ്ട് മൂന്നു മണിക്കൂര്‍ കൊണ്ട് മസ്തിഷ്കത്തില്‍ ഫിറ്റ് ചെയ്ത വയറുകളിലെ പല കൊണ്ടാക്റ്റുകള്‍ ഞങ്ങള്‍ പല തരത്തില്‍ സ്റ്റിമുലേറ്റ് ചെയ്യുന്നു, അങ്ങനെ ഏത് കോണ്ടാക്റ്റുകള്‍ ആണ് രോഗലക്ഷണങ്ങളെ ഏറ്റവും ഫലപ്രദമായി കുറയ്ക്കുന്നത് എന്ന് നോക്കിയിട്ട് അതില്‍ നിന്ന് ചില കോമ്പിനേഷനുകള്‍ സെറ്റുചെയ്ത് രോഗിയെ മടക്കിവിടുന്നു. മസ്തിഷ്കത്തിന്റെ തലാമസ്, ഇന്റേണല്‍ ഗ്ലോബസ് പാലിഡസ്, സബ്‌ തലാമിക് ഏരിയ ഒക്കെ ഇങ്ങനെ വൈദ്യുതിയാല്‍ ദ്യോതിപ്പിക്കാവുന്ന ഭാഗങ്ങളാണ്.

ഈ പണി ചെയ്ത് എത്ര പഴക്കം വന്നാലും ചില ഏരിയകളെ പ്രകോപിപ്പിക്കുമ്പോള്‍ രോഗിയില്‍ കാണുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. കൈകാലുകളും മുഖവും കോടുന്ന, സ്റ്റ്രോക്ക് പോലുള്ള അവസ്ഥകളെ വളരെ ചെറിയ സമയത്തേക്കാണെങ്കിലും ഉളവാക്കാന്‍ ചില ഏരിയകളെ സ്റ്റിമുലേറ്റ് ചെയ്താല്‍ സാധിക്കും. മുഖത്തേക്കും വായ/തൊണ്ട എന്നിവിടങ്ങളിലേക്കുള്ള ചില നാഡികള്‍ വരുന്ന ഏരിയകളെ തരിപ്പിച്ചാല്‍ ഉണ്ടാകുന്ന റിയാക്ഷന്‍ ആണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്താറ്: ചിരിച്ചുകൊണ്ടിരിക്കുന്ന രോഗി പെട്ടെന്ന് മൂഡ് ഔട്ട് ആകുന്നു, പിന്നെ അവാച്യമായ ഒരു വിഷാദം വരുന്നതായി അവര്‍ പറയാറുണ്ട്; ചിലര്‍ പെട്ടെന്ന് കരയും, എന്തിനു കരയുന്നു എന്നു ചോദിച്ചാല്‍ വാക്കുകള്‍ നിന്ന് തിക്കുമുട്ടുന്നത് കാണാം, സംസാരിക്കാന്‍ പറ്റുന്നില്ല എന്ന് ചിലര്‍ ആംഗ്യത്താല്‍ സൂചിപ്പിക്കും, "സങ്കടത്തിന്റെ ആഴം ഞാന്‍ കണ്ടു" എന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്.  മസ്തിഷ്കത്തെ സുഷു‌ംന നാഡിയുമായി കണക്റ്റ് ചെയ്യുന്ന ബ്രെയിന്‍സ്റ്റെം എന്ന ഭാഗത്താണ് നമ്മുടെ വികാരങ്ങളുടെ പൈപ്പ് ലൈന്‍ കണ്ട്രോള്‍. ഈ ഭാഗത്ത് സ്ട്രോക്ക് അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് ഒക്കെ വരുന്ന ആളുകളില്‍ വികാരങ്ങളുടെ നിയന്ത്രണമില്ലാതാകുന്ന അവസ്ഥയുണ്ടാവാം. നിയന്ത്രണമില്ലാത്ത പൊട്ടിച്ചിരി - പ്രത്യേകിച്ച് സന്തോഷമൊന്നും ഇല്ലാത്ത ചിരിയാണിത്; നിയന്ത്രിക്കാനാവാത്ത കരച്ചില്‍ - സങ്കടം വന്നില്ലെങ്കിലും കരയാം.

ഇതൊക്കെ നിലവില്‍ തന്നെയുള്ള മസ്തിഷ്കവിജ്ഞാനമാണ്. ക്ലിനിക്കില്‍ ഇത് സംഭവിക്കുമ്പോള്‍ കൈയ്യിലെ പ്രോഗ്രാമര്‍ ടാബ്ലെറ്റില്‍ രണ്ട് കുത്ത് മാറ്റി കുത്തി മാറ്റാവുന്ന സംഗതിയേ ഉള്ളൂ. ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ കൊണ്ട് സ്ട്രോക്കൊന്നും വരാറില്ല. കറന്റ് ഓഫാക്കുക, അല്ലെങ്കില്‍ വേറേ ഇലക്ട്രോഡ് കോണ്ടാക്റ്റുകള്‍ ഉപയോഗിക്കുക. എല്ലാം പഴയ പടി.  രോഗിക്ക് കണ്ണീരൊപ്പാന്‍ ഒരു ടിഷ്യൂ കൊടുത്തിട്ട് എന്തെങ്കിലുമൊക്കെ വളിപ്പടിച്ച് അന്തരീക്ഷത്തിന്റെ കനം കുറയ്ക്കാന്‍ അധികം നേരം വേണ്ട.  പക്ഷേ  ഒറ്റയ്ക്കിരിക്കുമ്പോള്‍, ലോംഗ് ഡ്രൈവുകളില്‍ ഒക്കെ ഇത് കേറി വരും ... "സങ്കടത്തിന്റെ ആഴം". എന്താണ് ആ ആഴം?

അവാച്യമായ ചില വികാരങ്ങളെപ്പറ്റി പ്രോഫറ്റ് ഒഫ് ഫ്രിവോലിറ്റി (Abdul Latheef) FBയിൽ എഴുതുന്നത് വായിക്കുമ്പോള്‍ ഇത് പിന്നെയും അലട്ടുന്നു.

***
ഇമോഷണൽ എക്സ്പ്രഷന്റെ കണ്ട്രോൾ വളരെ കോംപ്ലിക്കേറ്റഡ് ആയ പ്രോസസ് ആണ്. ചുരുങ്ങിയത്  4-5ഏരിയകൾ എങ്കിലും മനുഷ്യരിൽ ഇന്വോൾവ്ഡ് ആണ്. വളരെ അയഞ്ഞ ഒരു വർഗ്ഗീകരണം നടത്താമെങ്കിൽ രണ്ട് ലെവലിൽ പ്രോസസുകളെ കാണാം - ഉയർന്ന ലെവലിൽ, അതായത് കോർട്ടക്‌സിന്റെ ഏരിയകളിൽ നടക്കുന്ന പ്ലാനിംഗ്; താഴ്ന്ന ലെവലിൽ, അതായത് ബ്രെയിൻസ്റ്റം, സെറിബെല്ലം എന്നിവയുടെ ലെവലിൽ നടക്കുന്ന പ്ലാനിങ്. ഉയർന്ന ലെവലിൽ നടക്കുന്ന പ്ലാനിംഗിൽ ഇമോഷന്റെ അര്ഥം എൻകോഡ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് വിചാരിക്കുന്നത്. ബ്രെയിൻസ്റ്റം, സെറിബെല്ലം എന്നിവ ഈ ഇമോഷന്റെ എക്സ്പ്രെഷൻ സ്മൂത് ആക്കാനാണ് സഹായിക്കുക. ഈ ലെവലിൽ ഇമോഷന്റെ അർത്ഥത്തെയോ ക്വാളിറ്റിയെയോ വ്യക്തമാക്കുന്ന പ്രോസസിംഗ് നടക്കുന്നില്ല എന്നാണ് കരുതപ്പെടുന്നത്.

പ്രകടിപ്പിച്ച ഇമോഷൻ തിരികെ ഫീഡ് ബാക്കായി മസ്തിഷ്കത്തിന്റെ പ്രജ്ഞ/അവബോധ മേഖലകളിൽ വീണ്ടും പ്രോസസ് ചെയ്യപ്പെടും. ഈ സ്റ്റേജിൽ ആണ് ചിരിക്കേണ്ടിടത് കരഞ്ഞോ, കരയേണ്ടിടത് വിതുമ്പിയാൽ മതിയോ പൊട്ടിക്കാരയാണോ എന്നൊക്കെ ഉള്ള പ്രോഗ്രാമിംഗ് വീണ്ടും നടക്കുന്നത്. ഈ ഫീഡ് ബാക്ക് ഓണ്ലൈൻ (real-time) ആണ്. മേൽ പറഞ്ഞ പൈപ്പ് ലൈൻ കണ്ട്രോൾ ഇതിനെ സമൂത് ആക്കുന്നു. കുഞ്ഞുനാൾ മുതൽ ജീവിത കാലമത്രയും ബാക്ക് ആന്റ് ഫോർത് റിയാക്ഷനുകൾ കണ്ടും പരിശീലിച്ചും ആണ് ഈ ഫീഡ്ബാക്ക് സിസ്റ്റം സ്വയം കറക്റ്റ് ചെയ്യാൻ പഠിക്കുന്നത്.

ലഹരികൾ, മരുന്ന്, ധ്യാനം, കവിത, സാഹിത്യം ഒക്കെ കൊണ്ട് ഉണ്ടാക്കാവുന്ന സ്വാധീനം സാധാരണ ഉയർന്ന ലെവലിലെ പ്രോസസിംഗിനെ ആണ് മാറ്റാറ്. ഞാൻ പറഞ്ഞ സ്റ്റിമുലേഷൻ അധോതല പ്രോസസിംഗിനെ ആണ് ബാധിക്കുക. ഇത് കാരണം ഇമോഷന്റെ ക്വാളിറ്റി, അര്ഥം എന്നിവയെ മനസിലാക്കാൻ ബ്രെയിൻ സ്റ്റിമുലേഷന്റെ സൈഡ് ഇഫക്ട് കൊണ്ടുള്ള വികാരവേലിയേറ്റത്തിനു വിധേയ ആകുന്ന വ്യക്തിക്ക് സാധിക്കില്ല.

എന്റെ ഒരു ശിക്ഷിത ഊഹം പറഞ്ഞാൽ, ഇമോഷന്റെ ക്വാളിറ്റിയെ ബോധതലത്തിലേക്ക് ഫീഡ് ബാക്ക് ചെയ്യുന്ന സർക്കിറ്റുകളെ ആകാം അധോതല ഓവർ സ്റ്റിമുലേഷൻ നിഷേധിക്കുന്നത്. തന്മൂലം ആവാം "അവാച്യമായ" അനുഭവം ആണ് ഇത് എന്നോ, "എന്തെന്നില്ലാത്ത വികാരം" ആണ് ഇത് എന്നോ ഒക്കെ പേഷ്യൻസ് ഇതിനെപ്പറ്റി പറയാറ്. വൈദ്യുതിയുടെ ഇന്റൻസിറ്റി കുറച്ച് കൊണ്ടുവന്നാൽ ഇത് മാറുന്നത് വളരെ രസകരമായ കാഴ്ചയാണ്. Makes you - the clinician - feel like a god.

(ഫെയ്‌സ്ബുക്കിൽ കുറിച്ചതിൽ നിന്ന് പകർത്തിയെഴുതിയത്)

യക്ഷികളുണ്ടാവുന്നത്

"സന്ധ്യയാകുമ്പോള്‍ അവള്‍ എന്നും വരും, അടുത്തിരിക്കും. ഞങ്ങള്‍ പലതും സംസാരിക്കും."
"അവള്‍... ശരിക്കും അങ്ങനൊരുവള്‍ ഇല്ല എന്ന് അറിയാമോ ഫ്രെഡിന്?" എന്റെ കൗതുകം ഏറി.
"അറിയാം. അവള്‍ക്ക് എന്റെ കോളെജ് ഗേള്‍ഫ്രണ്ടിന്റെ ഛായയാണ്", ഫ്രെഡ് ഉറക്കെ പ്രഖ്യാപിച്ചു.
"അതെന്താ ഫ്രെഡ്, ഭാര്യയുടെ ഛായ അല്ലാത്തത്?" ഫ്രെഡിന്റെ ഭാര്യ ലിന്‍ഡയെ ഇടങ്കണ്ണിട്ട് നോക്കി ചിരിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു.
"അറിയില്ല. അത് പറഞ്ഞ് ലിന്‍ഡ എന്നെ ഇടയ്ക്ക് തോണ്ടാറുണ്ട്".
 ഫ്രെഡും ലിന്‍ഡയും പൊട്ടിച്ചിരിച്ചു.
ഇത് ഡൈവോഴ്സിലൊന്നും എത്തിയില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ നിശ്വസിച്ചു.

* *

 3,4 ഡൈഹൈഡ്രോക്സി ഫീനെഥിലമീന്‍ എന്ന് മുഴുവന്‍ പേര്. ഡോപ്പമീന്‍ എന്നു ചെല്ലപ്പേര്. കുപ്പിയില്‍ എടുത്താല്‍ ചത്ത മീനിന്റെ മണമുള്ള ഒരു രാസവസ്തു. തലച്ചോറിലെ പല നാഡീബന്ധങ്ങളുടെയും പ്രായോജകനും നിയന്താവുമാണ്. മസ്തിഷ്കമധ്യം (മിഡ്‌ബ്രെയിന്‍) എന്നു വിളിക്കുന്ന ഒരു ഭാഗവും അതിനു മുകളിലെ സ്ട്രയേറ്റം എന്നു വിളിക്കുന്ന ഒരിടവും തമ്മില്‍ സംസാരിക്കുന്നത് ഡൊപ്പമീനുപയോഗിച്ചാണ്. ദേഹഭാഗങ്ങള്‍ ചലിപ്പിക്കാന്‍ മസ്തിഷ്കം കുറേയധികം കമ്പ്യൂട്ടേഷനുകള്‍ നടത്തേണ്ടതുണ്ട്. ഇതിനായി കോഡ് ചെയ്ത് വിടുന്ന മോട്ടോര്‍ പ്രോഗ്രാമുകളില്‍ നിന്ന് കൊള്ളാവുന്നവയെ തെരഞ്ഞെടുക്കുകയും ആവശ്യമില്ലാത്ത ചലന പ്രോഗ്രാമുകളെ ഒഴിവാക്കുകയും വഴി നമ്മുടെ നടപ്പിനെയും കൈകാലനക്കങ്ങളെയും അര്‍ഥപൂര്‍ണമാക്കുക എന്നതാണ് സ്ട്രയേറ്റവും മസ്തിഷ്കമധ്യവും ഉള്‍പ്പെടുന്ന  ബേസല്‍ ഗാംഗ്ലിയ എന്ന സര്‍ക്കിറ്റിന്റെ ജോലി.  ഡോപ്പമീന്‍ സ്രവിക്കുന്ന നാഡികള്‍ ക്രമേണ ലൂയി ബോഡികള്‍ എന്നു വിളിക്കുന്ന പ്രോട്ടീന്‍കലർന്ന ബ്ലോക്കുകള്‍ കാരണം നശിക്കുന്ന ഒരു അസുഖത്തെപ്പറ്റി ഡോ. ജെയിംസ് പാര്‍ക്കിന്‍സണ്‍ 1817ല്‍ എഴുതുകയുണ്ടായി. എന്തുതരം നാഡീവ്യവസ്ഥയെയാണിത് ബാധിക്കുന്നതെന്നോ ഡൊപ്പമീനാണു പിന്നിലെ താരമെന്നോ ഒന്നും അറിഞ്ഞിട്ടല്ല, രോഗികളുടെ ലക്ഷണങ്ങള്‍ മാത്രം വിശദീകരിക്കുന്ന ഒരു ദീര്‍ഘോപന്യാസമാണ് പാര്‍ക്കിന്‍സണ്‍ പ്രസിദ്ധീകരിച്ചത്. 1850-60 കളില്‍ യൂറോപ്യന്‍ ന്യൂറോളജിയുടെ ഗുരുകാരണവന്‍ ഷാന്മാര്‍ട്ടാന്‍ ഷാര്‍ക്കൂ ഈ രോഗത്തെ പാര്‍ക്കിന്‍സണ്‍ രോഗമെന്നു വിളിച്ച് ആദരിച്ചു. ഫ്രെഡിനു പാര്‍ക്കിന്‍സണ്‍ രോഗമാണ്.

കൈവിറയലും നടപ്പിന്റെ ആക്കം കുറയലും വേഗതയില്ലായ്മയും കാരണം അമ്പത്തിമൂന്നാം വയസില്‍ ഒരു അഗ്നിശമനസേനയുടെ തലപ്പത്ത് നിന്ന് ഫ്രെഡ് റിട്ടയര്‍മെന്റ് വാങ്ങി. മറ്റൊരു സംസ്ഥാനത്തേയ്ക്ക് വീടുമാറി താമസമായെങ്കിലും ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ കൃത്യമായി പരിശോധനയ്ക്കു വരും. പല പ്രായത്തിലുള്ള പാര്‍ക്കിന്‍സണ്‍ രോഗികള്‍ ഇരിക്കുന്ന കാത്തിരിപ്പുമുറി കടന്ന് വരുമ്പോള്‍ എല്ലാ തവണയും ഫ്രെഡ് ആധിയോടെ ചോദിക്കാറുണ്ട്, അടുത്തതവണ വരുമ്പോള്‍ ഞാന്‍ വീല്‍ ചെയറിലാകുമോ, വാക്കര്‍ ഉപയോഗിക്കേണ്ടി വരുമോ എന്നൊക്കെ. 1930-50കള്‍ വരെ ഈ രോഗികള്‍ അഞ്ചാറു കൊല്ലത്തിനകം കിടപ്പിലാകുകയും അങ്ങനെ ന്യുമോണിയയോ മറ്റ് അണുബാധകളോ വന്ന് മരിക്കുകയുമായിരുന്നു പതിവ്. ഇന്ന് പത്ത് പന്ത്രണ്ട് തരം മരുന്നുകളും വിവിധതരം മസ്തിഷ്ക ശസ്ത്രക്രിയകളും ഒക്കെയായി ഒരുപാട് ചികിത്സ ലഭ്യമാണ്.  ഭേദമാക്കാനാകാത്ത രോഗമാണെങ്കിലും രോഗലക്ഷണം നിയന്ത്രിക്കാനും രോഗം മൂലമുള്ള വൈകല്യങ്ങളെ 75-85 ശതമാനത്തോളം അകറ്റി നിര്‍ത്താനും അതുവഴി ജീവിത ഗുണനിലവാരം ഉയര്‍ത്താനും ഇന്ന് സാധിക്കും. എണ്‍പതും തൊണ്ണൂറും വയസ് വരെ ജീവിക്കുന്ന രോഗികള്‍ സര്‍‌വ്വസാധാരണയാണ് പാശ്ചാത്യ സമൂഹങ്ങളിലൊക്കെ.

പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ മുഖ്യ പ്രശ്നം ചലനങ്ങൾ മരവിക്കുന്നതാണ്. ചലനത്തിനു വേണ്ടുന്ന മസ്തിഷ്ക പ്രോഗ്രാമുകള്‍ ശരിയായി തെരഞ്ഞെടുക്കാന്‍ സ്ട്രയേറ്റത്തിനു കഴിയാതാവുന്നു. ഒപ്പം വേണ്ടാത്ത ചലനങ്ങള്‍ വര്‍ധിക്കുന്നു. സര്‍ക്കിറ്റുകള്‍ പ്രശ്നത്തിലാകുമ്പോള്‍ നാഡീവ്യൂഹത്തിനുള്ളില്‍ ചില ചാക്രിക കമ്പനങ്ങള്‍ (oscillations) ഉണ്ടാകാറുണ്ട്. ഇവകാരണം ചില അനാവശ്യ ചലങ്ങള്‍ ചാക്രികമാകുന്നു, പ്രത്യേക ഫ്രീക്വന്‍സികളില്‍  ആവര്‍ത്തിക്കുന്നു. കൈകാലുകളിലെ വിറയലുകള്‍ ഇതിനുദാഹരണമാണ്.  ഈ രോഗം ബാധിക്കുന്നതില്‍ മഹാഭൂരിപക്ഷവും അറുപത്തഞ്ച് വയസിനു മേലുള്ളവരാണ്. ഫ്രെഡിനെപ്പോലെ താരതമ്യേന ചെറുപ്പത്തിലേ ഇത് വരുന്നവര്‍, ഭാഗ്യവശാല്‍, അപൂര്‍‌വ്വം. ഏതാണ്ട് 5-10% രോഗികള്‍ ചില ജീനുകളുടെ പരിവര്‍ത്തനം മൂലം ഈ രോഗം വരുന്നവരാണ്.

ഡോപ്പമീന്‍ സ്രവിക്കുന്ന നാഡികളാണ് നശിക്കുന്നതില്‍ മുഖ്യം എന്നതിനാല്‍ ഡോപ്പമീന്‍ ഗുളിക രൂപത്തിലോ കുഴമ്പായോ ശരീരത്തിലെത്തിക്കുക എന്നതാണ് മുഖ്യ ചികിത്സ. ഫ്രെഡിനെപ്പോലെ പ്രായമധികമാവാത്ത രോഗികള്‍ക്ക് ഡൊപ്പമീന്‍സ്രാവ നാഡികള്‍കുറേയൊക്കെ നശിക്കാതെ ബാക്കി കാണും (പ്രമേഹ രോഗികളുടെ ആദ്യ വര്‍ഷങ്ങളില്‍ ഇന്‍സുലിന്‍ ബാക്കിയാവുന്നത് പോലെ). ഈ നാഡികളെ കൂടുതല്‍ ഡോപ്പമീനുല്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മരുന്നുകളാണ് ഡോപ്പാ അഗണിസ്റ്റുകള്‍.  ഇവയുടെ പ്രധാന പാര്‍ശ്വഫലങ്ങളിലൊന്നാണ് ഹാലൂസിനേഷനുകള്‍ - ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്ന തോന്നല്‍. രസകരമായൊരു സംഗതി, ലോകത്ത് ഏത് സംസ്കാരത്തിലോ ഭാഷാ ഉപവിഭാഗത്തിലോ പെട്ട പാര്‍ക്കിന്‍സണ്‍ രോഗിയെ എടുത്താലും, അവരുടെ ഡോപ്പാ അഗണിസ്റ്റ് മരുന്നുകള്‍ മൂലമുള്ള ഹാലൂസിനേഷനുകള്‍ ഏതാണ്ട് ഒരേ പാറ്റേണ്‍ ആണ് കാണിക്കാറ് എന്നതാണ്. ഫ്രെഡ് സ്ഥിരമായി പ്രേതരൂപിയായ ഒരു സ്ത്രീയെ കാണും, സംസാരിക്കും. ഫ്രെഡിനവളെ പേടിയില്ല. അങ്ങനൊരുവള്‍ ഇല്ല എന്നു ഫ്രെഡിനറിയാം. എന്നാലും അവള്‍ക്ക് പരിചയത്തിലെ ആരുടെയോ മുഖമാണ്. ഫ്രെഡ് പറയുന്നത് കോളെജ് കാലത്തെ കാമുകിയെപ്പോലെയാണവളെന്നത്രെ.

ഡോപ്പമീന്‍ ചലനവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. പൊതുവേയുള്ള ഉന്മേഷം, ആനന്ദം,  ആഗ്രഹപൂര്‍ത്തീകരണം, കാര്യം നേടിക്കഴിഞ്ഞാല്‍ കിട്ടുന്ന സന്തോഷം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ഡോപ്പമീന്‍ നിയന്താവാണ്. ഈ സംഗതികളെയാകെ ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണ് ലഹരി. മദ്യം, മയക്കുമരുന്ന്, പുകയില, ചൂതാട്ടം, സെക്സ് എന്നു വേണ്ട ഫെയ്സ് ബുക്കിലോ ബ്ലോഗിലോ ഒരു പോസ്റ്റിട്ടാല്‍ കിട്ടുന്ന "ലൈക്കും" ഫീഡ്‌ബാക്കും വരെ ഡോപ്പമീനിന്റെ ലഹരീനാഡിവ്യവസ്ഥയില്‍ ഓടുന്ന സംഗതികളാണ്. മരുന്നു രൂപത്തില്‍ ഡോപ്പമീനുപയോഗിക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും ശ്രദ്ധിക്കാറുള്ളതും രോഗികള്‍ പഴയതും പുതിയതുമായ ലഹരികളിലേക്ക് വഴുതുന്നുണ്ടോ എന്നാണ്. ലഹരി മൂത്ത് ചൂതും വാതുവയ്പ്പുമായി കുടുംബസ്വത്ത് മുഴുവനും നശിപ്പിച്ച് വിവാഹം തകര്‍ന്ന രോഗികളുണ്ട്. ലൈംഗികത്വര വര്‍ദ്ധിച്ച് മൂന്നും നാലും ഇണകളുമായി ബന്ധപ്പെട്ട് രതിജന്യരോഗങ്ങള്‍ പിടിപെട്ട സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇതില്‍ വയസായവരെന്നോ മധ്യവയസ്കരെന്നോ ഭേദമില്ലെങ്കിലും സാമൂഹ്യകാരണങ്ങള്‍ കൊണ്ടാവാം, ഈ പ്രശ്നം കൂടുതലും കാണുന്നത് പ്രായത്തിലിളയ രോഗികളിലാണ്.

* *

ഫ്രെഡിന്റെ കുറിപ്പടികളില്‍ ചില മാറ്റങ്ങള്‍ വരുത്തി ഫാര്‍മസി ഏതാണെന്ന് ഒന്നുകൂടി ചോദിച്ച് ഉറപ്പുവരുത്തിയിട്ട് ഞാന്‍ സെന്റ് ബട്ടണ്‍ ഞെക്കി.
രോഗപുരോഗതിയും പരിശോധനാവിവരങ്ങളും ചുരുക്കത്തില്‍ ടൈപ്പ് ചെയ്ത നോട്ട് പ്രിന്റെടുത്ത് ഫ്രെഡിന്റെ ഭാര്യ ലിന്‍ഡയെ ഏല്പ്പിച്ചു. മരുന്നു മാറ്റത്തിന്റെ ഫലം മൂന്നാഴ്ചയ്ക്ക് ശേഷം ഫോണില്‍ വിളിച്ച് പറയാന്‍ നമ്പര്‍ കൊടുത്ത് ഇരുവരെയും യാത്രയാക്കി.

ഒരുമാസം കഴിഞ്ഞ് ഫ്രെഡിന്റെ ഫോണ്‍.
"അവള്‍ ഇപ്പോള്‍ വരാറില്ല".
"ബട്ട്... ഐ റിയലീ മിസ് ഹെര്‍ ഡോക്. ഈസ് ദാറ്റ് നോര്‍മല്‍?"
മറുതലയ്ക്കലെ ശബ്ദം വിതുമ്പുന്നുണ്ടായിരുന്നു.

ഡൊപ്പമീന്‍ ഇസ് എ ബിച്ച്.

ആത്മാവും ന്യൂറോസയൻസും യൂറോപ്യന്‍ നവോത്ഥാനവും

[Reposted from Google+]

ആത്മാവും ന്യൂറോസയൻസും തമ്മിൽ ഇണങ്ങാൻ തുടങ്ങിയ കാലത്തെ പറ്റി കഴിഞ്ഞ കുറെ മാസങ്ങൾ ആയി വായിക്കാൻ ശ്രമിക്കുകയാണ്. 120എഡി മുതൽ റോമാ സാമ്രാജ്യത്തിന്റെ കൈകൾ നീണ്ടുകിടന്നിരുന്ന എല്ലായിടത്തും ഗേയ്ലൻ എന്ന മഹാവൈദ്യന്റെ തത്വങ്ങൾ ആണ് ഫിലോസഫിയെപ്പോലും സ്വാധീനിച്ചിരുന്നത്. തലച്ചോർ എന്നത് ഹൃദയത്തിൽ ജ്വലിക്കുന്ന ആത്മവീര്യത്തെ പ്രജ്ഞാവീര്യം ആയി (psychic) മാറ്റാനുള്ള ഉപകരണമായാണ് ഗെയ്‌ലൻ കണ്ടത്. ആത്മാവ് എന്ന സങ്കല്പത്തെ അതിനപ്പുറത്തേക്ക് ഭൗതികവൽക്കരിക്കുക പള്ളിക്ക് സ്വീകാര്യമായിരുന്നില്ല. ഇത് മെഡിസിന് പുറത്ത്, ശാസ്ത്രത്തിനു പുറത്ത് കലയിലും മറ്റു സാംസ്കാരിക സൂചകങ്ങളിലും എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതാണ് ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നത്.

മധ്യകാല യൂറോപ്പിലെ പള്ളിയുടെ വരുതിയിൽ നിന്ന ചിത്രകലാ സമ്പ്രദായത്തിന്റെ മുഖ്യ പ്രത്യേകത, ദൈവ സംബന്ധമായ വിഷയങ്ങൾ വരയ്ക്കുമ്പോൾ ഭൗതിക സംഗതികളുടെ ഛായയിലാവരുത് എന്ന നിഷ്കര്ഷയായിരുന്നു. ഇതില്നിന്നുള്ള കുതറിമാറ്റം ആയിരുന്നു ആദ്യം നവോഥാന (റനസാൻസ്) സമ്പ്രദായമായും പിന്നെ ബറോക്ക് സമ്പ്രദായമായും 14മുതൽ 17ആം നൂറ്റാണ്ട് വരെ നീണ്ട കാലം. ക്ലാസിക് ഗ്രീക്ക് റോമൻ ശൈലികളെ നിത്യജീവിത റിയലിസവുമായി വിളക്കി ചേർക്കുന്നതായിരുന്നു ഈ സമ്പ്രദായങ്ങളുടെ വിശേഷ രീതി.

ഈ നവോഥാന കാലത്ത് ക്രിസ്തുവിന്റെ ജീവകഥ അടക്കം മതസംബന്ധിയായ എല്ലാം തന്നെ പുതിയ റിയലിസ്റ്റ ശൈലിയിൽ വരയ്ക്കപ്പെട്ടു. ഉദാഹരണം ചുവടെ കാണുക. 1615ൽ ബെർനാടോ സ്‌ട്രോറ്റ്സി വരച്ച 'ഇടയാരാധന'യുടെ റിയലിസം 1340ലെ ബെർനാടോ ദാഡി വരച്ച കന്യാമറിയവും കൃസ്തുവും എന്ന ചിത്രവുമായി ഒത്ത് നോക്കൂ.

'കന്യാമറിയവും കൃസ്തുവും', ബെർനാടോ ദാഡി 1340 

Photo:
 'ഇടയാരാധന', ബെർനാടോ സ്‌ട്രോറ്റ്സി 1615





Dr തോമസ് വില്ലിസ്
1500-1700വരെ ഉള്ള കാലം ന്യൂറോസയൻസ് ഒരു സ്വതന്ത്ര രോഗശാസ്ത്ര വിഭാഗമായി വികസിക്കുന്നതിന്റെ ആദ്യ ലക്ഷണം കാണിച്ച കാലമാണ്. റിയലിസ വിപ്ലവം ഫിലോസഫിയിലും തദ്വാരാ ശാസ്ത്രത്തിലും പ്രതിഫലിച്ച കാലം. പ്രകാശം കാണികയാണെന്ന് ഭൗതികശാസ്ത്രവും, അണുക്കൾ ആയി വസ്തുക്കളെ വിഭജിക്കാമെന്ന് രസതന്ത്രവും, മനുഷ്യനിലെ ഗുണങ്ങൾ പലതും ജന്തുക്കളും കാണിക്കുന്നുണ്ട് എന്ന, പരിണാമസിദ്ധാന്തമായി പിൽകാലത്ത് വികസിച്ച ചിന്തകളുടെ ആദ്യ തീപ്പൊരി, ജീവശാസ്ത്രവും ചിന്തിച്ച് തുടങ്ങിയ കാലം കൂടിയായിരുന്നു നവോഥാനം.

ഓക്സ്ഫോഡ് സർവ്വകലാശാലക്കുള്ളിൽ നിന്ന് സ്വതന്ത്ര പരീക്ഷണങ്ങൾക്കും ചിന്തയ്ക്കും വേണ്ടി സമയം ഉഴിഞ്ഞ് വച്ച ഒരു സംഘം വൈദ്യ/ഭൗതിക/രസതന്ത്ര വിദഗ്ധർ ആണ് ആത്മാവിനെ സംബന്ധിച്ച ആദ്യ വെടി പൊട്ടിക്കുന്നത്. തോമസ് വില്ലിസ് എന്ന, പിൽക്കാല ന്യൂറോളജിസ്റ്റുകൾക്ക് എല്ലാം മാതൃകയായ വൈദ്യൻ ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ 1660കളിൽ ഒരു നിഗമനത്തിൽ എത്തി: ആത്മാവ് മൂന്നായി പിരിഞ്ഞിരിക്കുന്നു. ആദ്യ തലത്തിൽ ഇത് ധാതുവീര്യം പകരുന്ന ഒന്നാണ്. ജന്തുശരീരങ്ങളിലും മനുഷ്യനിലും അവയവങ്ങളെ അബോധതലത്തിൽ പ്രവർത്തിപ്പിക്കുന്നത് ഈ ആത്മാവാണ്. അടുത്തത് മൃഗവാസനാവീര്യം പകരുന്ന ആത്മാവാകുന്നു. പ്രാഥമിക തലത്തിൽ ചില ചിന്തകളും ഓർമകളും കാര്യകാരണവ്യവഹാരം നടത്തലും ഒക്കെ സാധിക്കുന്നത് ഈ ആത്മാവിനെക്കൊണ്ടാണ്. ജന്തുക്കളും മനുഷ്യനും ഇതുണ്ട്. അവസാന തലത്തിലെ ആത്മാവ് മനുഷ്യന് മാത്രമുള്ള, പ്രജ്ഞാവീര്യം പകരുന്ന, ഒന്നാകുന്നു. ഇതെങ്കിലും ജന്തുക്കൾക്കില്ല എന്ന് സ്ഥാപിച്ചില്ലെങ്കിൽ പള്ളി പണിതരും എന്ന് തോമസ് വില്ലിസിന് അറിയാമായിരുന്നു. മൃഗങ്ങൾക്ക് ആത്മാവില്ല എന്ന മതപാഠം തെറ്റിക്കാൻ മാത്രം ശാസ്ത്രവും ഫിലോസഫിയും ഇന്നത്തെ പോലെ സ്വതന്ത്രമല്ലല്ലോ അന്ന്. രക്തത്തിൽ ദീപമായി ജ്വലിക്കുന്ന ധാതുവീര്യത്തെ ഹൃദയം മിടിപ്പ് വഴി തലച്ചോറിൽ എത്തിക്കുന്നു, അവിടെ അത് മൃഗവാസനയായി മാറുന്നു, എന്നിട്ട് മസ്തിഷ്കത്തിന്റെ അധോഭാഗങ്ങളെ ജന്തുക്കളിലെന്ന പോൽ പ്രവർത്തിപ്പിക്കുന്നു എന്നാണു വില്ലിസിന്റെ തീർപ്പ്. ഈ അധോഭാഗങ്ങളെ തടസ്സപ്പെടുത്താതെ തന്നെ പ്രജ്ഞാവീര്യം ഉന്നത ഭാഗങ്ങളിലേക്ക് ഒഴുകി മനുഷ്യന്റെ ഉന്നത ചിന്തകൾക്ക് നിദാനമാകുന്നു. നാഡീ കോശങ്ങളെയോ വൈദ്യുത മാർഗ്ഗേണ അവർ സംസാരിക്കുന്നു എന്നോ അറിവില്ലാതിരുന്ന കാലത്ത് ആത്മാവിന്റെ ത്രിത്വം വഴി വിലിസും കൂട്ടരും ഒരു കോമ്പ്രമൈസിൽ എത്തിയതാവണം.

നിത്യജീവിതത്തിന്റെ റിയലിസം ഇങ്ങനെ തുറിച്ചു നോക്കുന്ന ഒരു കാലത്തിൽ ഇരിക്കുമ്പോൾ അവനവന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് ശാസ്ത്രീയ അർത്ഥം കണ്ടെത്താൻ പരീക്ഷണനിരീക്ഷണങ്ങൾ തന്നെയേ മാർഗ്ഗമുള്ളൂ എന്ന് സ്ഥാപിക്കുക കൂടിയായിരുന്നു, നവോത്ഥാനം. ബറോക്ക് കാലമായപ്പോൾ വൈദ്യുതി എന്ന പുതിയ ഊർജ്ജം സകലതിനെയും തട്ടി മറിച്ചു. ധാതുവീര്യം എന്ന പ്രാഥമിക തല ആത്മാവിനെ കൊണ്ട് വിശദീകരിക്കാമായിരുന്ന പേശീ തല പ്രവർത്തനങ്ങളും reflex actions-ഉം ഒക്കെ വൈദ്യുതി കൊണ്ട് വിശദീകരിക്കാമെന്നായി. അല്പം കൂടി വികാസം വന്ന ന്യൂറോസയൻസ് ഈ വൈദ്യുതി വൺവേ അല്ല, ടൂ വേ ആണെന്ന് കണ്ടെത്തി. അതൊടെ ഇന്ദ്രിയവും പേശിയും മതി ആത്മാവ് വേണ്ട മിക്ക മനുഷ്യ പ്രവർത്തനങ്ങളും വിശദീകരിക്കാൻ എന്ന് വന്നു. അകത്തോട്ട് നോക്കാൻ പഠിച്ച സമൂഹത്തിനു ദഹിക്കുന്ന ഒരു വിശദീകരണം ആയിരുന്നു അത്!

Notes: A History of The Brain in Pictures എന്ന എന്റെ പ്രഭാഷണത്തിന് വേണ്ടി നടത്തിയ അന്വേഷണം ആണ് ഇതിൽ ഒരു പങ്ക്.