ആന്റീബയോട്ടിക് ഉപയോഗം : നിങ്ങളുടെ ഡോക്ടര്‍ ചെയ്യുന്നതു ശരിയോ ?


നമ്മെ ബാധിക്കുന്ന അണുക്കളില്‍ ഏറ്റവും പ്രധാനമായ രണ്ടു കൂട്ടരാണ് ബാക്ടീരിയകളും വൈറസുകളും. ഇതില്‍ വൈറസുകള്‍ സ്വതന്ത്രമായ ഒരു കോശമായി നിലനില്‍പ്പില്ലാത്തവരാണ്. അവ മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ ജനിതകവസ്തുവിനിടയ്ക്കു നൂണ്ടുകയറി ആ കോശത്തെയുപയോഗിച്ചു പെറ്റുപെരുകുന്നു. അതിനാല്‍ അവയെ തുരത്താന്‍ മരുന്നുകളുപയോഗിക്കുക ഏറെക്കുറെ അസാധ്യം.മിക്ക വൈറല്‍ രോഗങ്ങളും (ജലദോഷം, പനികള്‍, ഹെപ്പറ്റൈറ്റിസ്) ഭാഗ്യവശാല്‍ സ്വയം സുഖപ്പെടുന്നവയുമാണ്.
ബാക്ടീരിയകള്‍ ആകട്ടെ സ്വതന്ത്രമായി കോശത്തിനകത്തോ പുറത്തോ ജീവിക്കുന്നു. നമുക്കു വരുന്ന മിക്ക ഇന്‍ഫെക്ഷനുകളും നമ്മുടെ തന്നെ ശരീരത്തില്‍ പരാദജീവികളായി (പാരസൈറ്റ്) കഴിയുന്ന ബാക്ടീരിയകള്‍ ഉണ്ടാക്കുന്നവയാണ്. ഉദാഹരണത്തിന് വായിലെ പരാദജീവിയായ ചില ബാക്ടീരിയകളാണ് ദന്തക്ഷയം മുതല്‍ തൊണ്ട വേദനയും കഫക്കെട്ടും വരെയുണ്ടാക്കുന്ന വിരുതന്മാരില്‍ പ്രമുഖര്‍. നമ്മുടെ കുടലിലെ - വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് .എന്നാല്‍ ഇതേ പരോപകാരികള്‍ മലദ്വാരത്തിനു വെളിയില്‍ എത്തിയാല്‍ പലതരം വയറിളക്കങ്ങള്‍ക്കും കാരണമാകും; ചിലപ്പോള്‍ മൂത്രനാളിയിലെ പഴുപ്പിനു വരെ. അങ്ങനെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നാം ആന്റീബയോട്ടിക് ഉപയോഗിക്കുന്നു.

എന്താണ് ആന്റീബയോട്ടിക് ?
ആന്റീബയോട്ടിക്കുകള്‍ പൊതുവേ ബാക്ടീരിയകളെ കൊല്ലാനോ അവയുടെ പെരുകല്‍ തടയാനോ സഹായിക്കുന്ന മരുന്നുകള്‍ ആണ്. ബാക്ടീരിയാകോശങ്ങളുടെ ഭിത്തിയെ തകര്‍ക്കല്‍, അവയുടെ പ്രത്യുല്പാദനം തടയല്‍, അവയുടെ വളര്‍ച്ച തടയല്‍ എന്നിങ്ങനെയുള്ള മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നാണ് ആന്റീബയോട്ടിക് ചെയ്യുന്നത്. ചിലത് മൂന്ന് ധര്‍മ്മവും നിര്‍വഹിക്കുന്നു.

ആക്രമിക്കുന്നതു കോശവ്യവസ്ഥയെയാകുമ്പോള്‍ ആന്റീബയോട്ടിക്, അവ ഉപയോഗിക്കുന്ന രോഗിയുടെ കോശങ്ങളിലും ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് . എന്നിരുന്നാലും ഈ പ്രശ്നങ്ങള്‍ താരതമ്യേന നിസ്സാരവും, രോഗിക്കു നേരിIട്ട് അനുഭവത്തില്‍ വരാത്തതുമാ‍ണ്. അതിനാല്‍ത്തന്നെ ആന്റീബയോട്ടിക്കുകള്‍ സുരക്ഷിതമാണ് - ഓവര്‍ ഡോസായാല്‍ പോലും.

സര്‍വ്വസാധാരണയായ ഒരേയൊരു സൈഡ് ഇഫക്റ്റ് 'അലര്‍ജി'യാണ്. വിശേഷിച്ചും പെനിസിലിന്‍ കുടുംബത്തിലെ മരുന്നുകള്‍ക്ക്. മറ്റൊന്ന് വയറെരിച്ചിലാണ്.

പരിണാമത്തിന്റെ ഫലമായി ചില ബാക്ടീരിയകള്‍ ചില ആന്റീബയോട്ടിക്കുകളില്‍ നിന്നും രക്ഷപ്പെടാനുള്ള വിദ്യകള്‍ തലമുറകളിലൂടെ സ്വായത്തമാക്കിയിട്ടുണ്ട്। ഇതിനെ ആന്റീബയോട്ടിക്-റെസിസ്റ്റന്‍സ് അഥവാ ആന്റീബയോട്ടിക്-പ്രതിരോധം എന്നു പറയുന്നു. പ്രശസ്തമായ പല ആന്റീബയോട്ടിക്കുകള്‍ക്കെതിരെയും ഇന്നു ചില പ്രധാന അണുക്കള്‍ പ്രതിരോധശേഷി നേടിയിരിക്കുന്നു.

ഓരോ ആന്റീബയോട്ടിക്കും ഫലപ്രദമായി തടയുന്ന ഒരു കൂട്ടം ബാക്ടീരിയകളുടെ പട്ടിക ആ മരുന്ന് ഗവേഷണം നടത്തിയ കമ്പനി തന്നെ പ്രസിദ്ധീകരിക്കും. ഉദാഹരണത്തിന് അമോക്സിസിലിന്‍ (amoxycillin), ആമ്പിസിലിന്‍ (ampicillin) എന്നീ പെനിസിലിന്‍ കുടുംബക്കാരായ ആന്റീബയോട്ടിക്കുകള്‍ ആക്രമിക്കുന്നത് പ്രധാനമായും സ്ട്രപ്റ്റോ കോക്കസ് (strepto coccus) എന്ന അണുവിനെയാണ്. പണ്ടുകാലത്ത് ഇവ സ്റ്റാഫൈലോ കോക്കസ് (staphylo coccus) എന്ന അണുക്കളേയും തുരത്തിയിരുന്നെങ്കിലും അമിതമായ ഉപയോഗം മൂലം ഇപ്പോഴുള്ള സ്റ്റാഫൈലോ കോക്കസ് തലമുറകള്‍ ഈ ആന്റീബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധം നേടിയിട്ടുണ്ട്. ഈ കൂടിയ ഇനം വീരന്മാരെ ഒതുക്കാന്‍ ഇപ്പോള്‍ നാം ക്ലോക്സാസിലിന്‍ (cloxacillin), നാഫ് സിലിന്‍, വാന്‍കോ മൈസിന്‍ (vancomycin) എന്നീ
ആന്റീബയോട്ടിക്കുകളെ ഉപയോഗിക്കുന്നു.

സിപ്രോ ഫ്ലോക്സാസിന്‍ (ciprofloxacin) എറിത്രൊമൈസിന്‍ (erythromycin) , ഡോക്സി സൈക്ലിന്‍ (doxycycline) എന്നിങ്ങനെയുള്ള ചില ആന്റീബയോട്ടിക്കുകളാകട്ടെ സര്‍വ്വസംഹാരിയും സകലകലാവല്ലഭന്മാരുമത്രെ. ഒരുമാതിരിപ്പെട്ട എല്ലാ അണുക്കളെയും ഇവര്‍ റെഡിയാക്കും. സിപ്രോ ഫ്ലോക്സാസിന്റെ ഒരു പ്രത്യേകത, വയറ്റിലെ ഇന്‍ഫക്ഷനുണ്ടാക്കുന്ന ചില വേന്ദ്രന്മാരെക്കൂടി മൂപ്പര്‍ ശരിപ്പെടുത്തും എന്നുള്ളതാണ്.

പെനിസിലിന്‍ കുടുംബത്തിലെ ഇളമുറക്കാരായ മരുന്നുകളാണ് സെഫലോ സ്പോറിനുകള്‍ (cephalosporins). കണ്ടുപിടിത്തത്തിന്റെ മുറയ്ക്ക് ഇവ നാലു തലമുറകളിലായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ആദ്യ തലമുറയില്പെട്ട സെഫഡ്രോക്സില്‍ ( cefadroxyl - വെപ്പാന്‍ എന്ന പേരില്‍ വിഖ്യാതന്‍) ആണ് ഇന്നും ഗുളികരൂപത്തില്‍ കഴിക്കാവുന്ന ആന്റീബയോട്ടിക് ആയി പ്രശസ്തി നിലനിര്‍ത്തുന്നത്. ബാക്കിയുള്ളവയൊക്കെ (eg: cefotaxim) ഇഞ്ചക്ഷന്‍ രൂപത്തില്‍ കിടത്തിചികിത്സ വേണ്ടിവരുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ടവയാകുന്നു.

പിന്നെയുള്ളവയൊക്കെ - പൈപ്പറാസിലിന്‍ (piperacillin), ജെന്റാമിസിന്‍ (gentamicin), അമിക്കസിന്‍, ലിനസോളിഡ് (linezolid), തുടങ്ങിയവരൊക്കെ - സീരിയസ്സായ ഇന്‍ഫെക്ഷനുകള്‍ക്കു കിടത്തി ചികിത്സ വേണ്ടപ്പോള്‍ ഉപയോഗിക്കാനുള്ളതാണ്.


ആന്റീബയോട്ടിക് : പ്രയോഗിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്
1. ബാക്ടീരിയകളില്‍ എതെങ്കിലുമാണ് ഇന്‍ഫക്ഷന്റെ കാരണം എന്നു ഉറപ്പുണ്ടായാലേ ആന്റീബയോട്ടിക് ഉപയോഗിക്കാവൂ. ചിക്കുന്‍ ഗുന്യ, സാധാരണ ചുമയും കഫക്കെട്ടും(bronchitis), ജലദോഷം, വയറിളക്കങ്ങള്‍, വയറുവേദന, ദഹനക്കെട്, സൈനസൈറ്റിസ് എന്നിവയ്ക്കൊക്കെ ആന്റീബയോട്ടിക് എഴുതുന്ന പതിവ് നമ്മുടെ ഡോക്ടര്‍മാര്‍ക്കുണ്ട്. അതു അനാവശ്യവും വിഡ്ഡിത്തവും, സര്‍വ്വോപരി മരുന്നിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള മാരകമായ ബാക്ടീരിയകള്‍ പെരുകുന്നതിനു സഹായകവുമാണ്.

2. ജലദോഷവും അത് മൂത്ത് ഉണ്ടാകുന്ന ചുമയും കഫക്കെട്ടും ഉണ്ടാക്കുന്നത് 70-80% വരെ സന്ദര്‍ഭങ്ങളിലും വൈറസുകളാണ് . അവയ്ക്കെതിരേ ആന്റീബയോട്ടിക് ഒട്ടും ഫലപ്രദമല്ല.
വൈറല്‍ കഫക്കെട്ടിനു (bronchitis) പാരസെറ്റാമോള്‍, കഫ് സിറപ്പ് (bromhexine,ammonium citrate തുടങ്ങിയവ അടങ്ങിയത്) എന്നിവ മാത്രം മതി യഥാര്‍ഥത്തില്‍. ശ്വാസ നാളിയിലെ കട്ടിയേറിയ കഫം അലിയിച്ച് അയഞ്ഞ രൂപത്തിലാക്കിക്കൊടുത്താല്‍ അതിനെ ശ്വാസകോശത്തില്‍ നിന്നും പുറംതള്ളുന്ന പണി ശരീരം തന്നെ ചെയ്തുകൊള്ളും. അതിനു ആന്റീബയോട്ടിക്കുകളുടെ ഒരാവശ്യവുമില്ല എന്നര്‍ത്ഥം.

3. ഓരോ അവയവത്തിലും ഉണ്ടാകുന്ന അണുബാധയ്ക്ക് ഏതാണ്ട് സ്ഥിരമായ ചില ബാക്ടീരിയകളുണ്ട്. ഉദാഹരണത്തിന് തൊലിപ്പുറത്തെ കുരുക്കള്‍, ചുണങ്ങുകള്‍, വ്രണങ്ങള്‍ ആകുന്ന ചെറിയ മുറിവുകള്‍ എന്നിവയിലൊക്കെ സ്റ്റാഫൈലോ കോക്കസ് അല്ലെങ്കില്‍ സ്ട്രെപ്റ്റോ കോക്കസ് എന്ന വിരുതനെ കാണാം. ഇവര്‍ക്കു പറ്റിയ ആദ്യ-ശ്രേണിയിലെ മരുന്ന് നാം നേരത്തേ പരിചയപ്പെട്ട ക്ലോക്സാസിലിനും, ആമ്പിസിലിനും, അമോക്സിസിലിനും തന്നെ. ചിലപ്പോള്‍ എരിത്രോമൈസിനോ, അതിന്റെ ചേട്ടനായ അസിത്രോമൈസിനോ (azithromycin) പ്രയോജനപ്പെട്ടേക്കും. ഡയബറ്റീസ് രോഗികളുടെ പഴുത്ത വ്രണങ്ങള്‍ക്ക് സിപ്രോ ഫ്ലോക്സാസിനാണ് നല്ലത് - അവയിലെ "സ്യൂഡോമോണാസു" (pseudomonas) വര്‍ഗ്ഗത്തിലെ അണുക്കളെ സിപ്രോ ഫ്ലോക്സാസിന്‍ കൈകാര്യം ചെയ്തുകോള്ളും.
നെഞ്ചുരോഗത്തിന്റെ - പ്രത്യേകിച്ച് പഴുപ്പു നിറഞ്ഞ് കഫക്കെട്ടിന്റെ ഏറ്റവും പ്രധാനവും സാധാരണവുമായ വില്ലന്‍ ന്യൂമോകോക്കസ് (pneumo coccus) ആണ്. അവനെ നേരിടാന്‍ 'ഫ്ലോക്സാസിന്‍' കുടുംബത്തിലെ ഇളമുറകാരായ ഓഫ്ലോക്സാസിന്‍ (ofloxacin), ഗാറ്റീ ഫ്ലോക്സാസിന്‍ (gati floxacin), ലീവോ ഫ്ലോക്സാസിന്‍ (levo floxacin) എന്നീ മരുന്നുകളാണു നല്ലത് . വിശേഷിച്ച് രോഗിയെ കിടത്താതെയുള്ള ഔട്ട് പേഷ്യന്റ് (O.P) ചികിത്സയ്ക്ക്.


4. സൈനസൈറ്റിസ് എന്നത് നെറ്റിയിലും മോണക്കുമുകലിലുമൊക്കെയായി തലയോട്ടിയില്‍ ഉള്ള ചില വയു-അറകളില്‍ പഴുപ്പു നിറയുന്നതാണ്. ഈ വായു-അറകള്‍ സാധരണ മൂക്കിനുള്ളിലേയ്ക്കാണ് തുറക്കുന്നത്. ജലദോഷമോ മൂക്കടപ്പോ വന്നാല്‍ ഈ വായു-അറകളുടെ മൂക്കിലേയ്ക്കുള്ള സ്വാഭാവിക തുളകള്‍ അടഞ്ഞു പോകുകയും അവയിലെ പഴുപ്പു കെട്ടിനില്‍ക്കുകയും ചെയ്യും. ഇതിനുള്ള ഏറ്റവും എളുപ്പ വഴി തുള്ളിമരുന്നു (decongestant) വഴി മൂക്കടപ്പിനു ശമനമുണ്ടാക്കുക എന്നതാണ്.അല്ലാതെ ആന്റീബയോട്ടിക്ക് കുറിപ്പടിയല്ല.

ആന്റീബയോട്ടിക്കും ചില മിഥ്യാ ധാരണകളും
ആന്റീബയോട്ടിക് കഴിക്കുമ്പോള്‍ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കണോ?


ആരൊക്കെയോ പ്രയോഗിച്ചു പ്രയോഗിച്ചു സ്ഥാപനവല്‍ക്കരിച്ച വിഡ്ഡിത്തം। ആദ്യം പറഞ്ഞതു പോലെ ആന്റീബയോട്ടിക്കുകള്‍ ശരീരത്തിലെ നല്ലതും (പരാദ) ചീത്തയുമായ എല്ലാ ബാക്ടീരിയകളേയും കൊല്ലുന്നു. നമ്മുടെ കുടലിലെ - വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ (vitamin B, vitamin K) ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് രണ്ടോ മൂന്നോ ആഴ്ച നീണ്ട് നില്‍ക്കുന്ന ശക്തിയേറിയ ആന്റീബയോട്ടിക് പ്രയോഗം രോഗകാരകനായ ബാക്ടീരിയക്കൊപ്പം ഇവയെക്കൂടി നശിപ്പിക്കാറുണ്ട്. അതേത്തുടര്‍ന്ന് ചെറിയ തോതില്‍ വയറിളക്കവും രോഗിയില്‍ കണ്ടേക്കും. എന്നാല്‍ ആന്റീബയോട്ടിക്കിനൊപ്പം വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുകൊണ്ടൊന്നും ഇതിലൊരു മാറ്റവും വരുന്നതായി യാതൊരു തെളിവുമില്ല. പിന്നെന്തിനു നിങ്ങള്‍ വിറ്റാമിന്‍ ഗുളികകല്‍ കഴിക്കണം?? അത് മരുന്നുകമ്പനികളുടെ മാത്രം ആവശ്യമാണ്. പിന്നെ അവരുടെ അച്ചാരം പറ്റിക്കൊണ്ട് അതിനു കുറിപ്പടിയെഴുതുന്ന വൈദ്യ'വ്യാജസ്പതി'കളുടെയും!

കുട്ടികള്‍ക്ക് ഇവ കേടല്ലേ?ആന്റീബയോട്ടിക്കുകള്‍ വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളില്‍ വച്ചേറ്റവും സുരക്ഷിതമായ മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നു. അപൂര്‍വ്വം ചില പാര്‍ശ്വഫലങ്ങളൊഴിച്ച് ഈ മരുന്നുകള്‍ കുട്ടികളിലും പ്രായമായവരിലുമൊക്കെ തികച്ചും പ്രശ്നരഹിതമാണ്. ഒരിക്കലും മരണകാരണമാകാറുമില്ല. പിന്നെ മറ്റേതൊരു മരുന്നിനും ഉള്ളതു പോലെ ചില വിലക്കുകള്‍ ഗര്‍ഭകാലത്ത് ആന്റീബയോട്ടിക്കുകള്‍ സംബന്ധിച്ചുണ്ട്. അതുപോലെ വ്യക്കത്തകരാറുള്ളവര്‍ക്കും അലര്‍ജികളുള്ളവര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അവ മരുന്നെഴുതുന്ന ഡോക്ടര്‍ ശ്രദ്ധിക്കേണ്ടതുമാണ്.

പനി വന്നാല്‍ ആന്റീബയോട്ടിക് വേണ്ടേ ?അണുബാധ, അതും ബാക്ടീരിയമൂലം വന്ന അസുഖം, ഉണ്ടെന്നു തീര്‍ച്ചയില്ലാതെ പനിക്കു ആന്റീബയോട്ടിക് എഴുതുന്ന വൈദ്യന്‍ സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്. അനാവശ്യ ചെലവു മാത്രമല്ല ഇവിടെ പ്രശ്നം, ബാക്ടീരിയകള്‍ പ്രതിരോധശേഷിയാര്‍ജ്ജിക്കാനേ ഇതുപകരിക്കൂ.


ഏത് അണുബാധയ്ക്കും ശക്തികൂടിയ ആന്റീബയോട്ടിക് ആദ്യമേ കഴിക്കുന്നതല്ലേ നല്ലത്?ഓരോ തരം അണുബാധയ്ക്കും ഒരു കൂട്ടം ആന്റീബയോട്ടിക്കുകള്‍ ഫലപ്രദമാണ്. എന്നാ‍ല്‍ അവയില്‍ ചെലവും വീര്യവും കുറഞ്ഞതു വേണം ആദ്യം ഉപയോഗിക്കാന്‍ (first-line). അതില്‍ നില്‍ക്കാതെ വന്നാല്‍ മാത്രമേ കൂടുതല്‍ വീര്യമുള്ളവയെടുത്തു കളിക്കാവൂ. ഇല്ലെങ്കില്‍ വീര്യമുള്ള മരുന്നിനു ആദ്യമേ തന്നെ ബാക്ടീരിയ പ്രതിരോധശേഷി നേടുകയായിരിക്കും ഫലം. അങ്ങനെയുള്ള ബാക്ടീരിയകളെ തളയ്ക്കാന്‍ പിന്നെ ഒരു മരുന്നിനും പറ്റാതാകുകയും ചെയ്യും. എലിയെപ്പിടിക്കാന്‍ ഏ.കെ 47 എടുക്കണോ?


എന്നാല്‍ ഇന്നു മാത്സര്യമേറിയ പ്രാക്ടീസിനിടെ തങ്ങളുടെ "ഡിഗ്നിറ്റി" ഉയര്‍ത്തണമെങ്കില്‍ കൂടിയ ഇനം ആന്റീബയോട്ടിക്കുകള്‍ എഴുതി നിറച്ചാലേ സാധിക്കൂ എന്നൊരു മൂഢധാരണ രോഗചികിത്സാരംഗത്തുള്ളവരില്‍ വന്നുപെട്ടിട്ടുണ്ട്.

സാധാരണ അമോക്സിസിലിനില്‍ തീരേണ്ട കാര്യത്തിന് അസിത്രോമൈസിനും അതിന്റെയും മൂത്ത "ക്ലാരിത്രോ മൈസിനും" (clarithromycin) ഒക്കെയവര്‍ എഴുതുന്നു. സിപ്രോഫ്ലോക്സാസിനില്‍ നില്‍ക്കാനുള്ള ഇന്‍ഫക്ഷന് അവര്‍ സെഫാലോ സ്പോറിനുകള്‍ എഴുതിക്കൂട്ടുന്നു. ഇഞക്ഷനായി നല്‍കേണ്ടുന്ന മരുന്നുകളില്‍ ആമ്പിസിലിനും ജെന്റാമിസിനും മാത്രം മതി, ഒരുവിധമുള്ള അണുബാധയ്ക്കൊക്കെ. എന്നിട്ടും മരുന്നു കമ്പനികളുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് അടിപ്പെട്ട് പലരും കൂടിയ ഇനം സിഫാലൊ സ്പോരിനുകളും പൈപ്പറസിലിനുമൊക്കെ പ്രയോഗിച്ചു പ്രയോഗിച്ച് കൂടുതല്‍ പ്രതിരോധ ശേഷിയുള്ള അണുക്കളുടെ തലമുറകള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുന്നു..

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നു...ഇവര്‍ക്കു മാപ്പു കൊടുക്കരുതേ...!

17 comments:

 1. പുതിയ ബ്ലോഗ് - മെഡിസിന്‍ @ ബൂലോഗം
  (ആരംഭം: 24 നവംബര്‍ 2007)

  ലാവണ്യ സാഹിത്യം വിഹരിക്കുന്ന ബൂലോകത്തില്‍ മനുഷ്യനു പ്രയോജനമുള്ള എന്തെങ്കിലും ചെയ്യാന്‍ ഒരു എളിയ ശ്രമം.

  വൈദ്യശാസ്ത്ര രംഗത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക ചിന്തകള്‍.

  suraj

  ReplyDelete
  Replies
  1. I am not a medical student nor a medical practitioner. But from my experience as a former asthmatic and as a patient who have met many high profile chest specialists and ayurvedics, I think much of the claims Dr. Sooraj makes is not much relevant to the patients. That does not mean that I am supporting quackery. In yoga, there is the simple jal-neti, washing nose with warm saline water and I have found immensely helpful. The doctors who advised to do this were well qualified modern medicine practitioners, who themselves from suffering from sinusitis and chronic allergy patients. I have used plenty of anti-biotics but with very little effect. Most of these anti-biotics makes one physically and mentally tired and hopeless. I got cured from my asthma through the treatment of a lesser known ayurvedic and through the practice of yoga. Usually from my real life and from the practical experience of several other people I know, what I have learned is that doctors will claim many things, but from the point of view of the patients, very little of these magnificent claims of success are true.

   Delete
  2. I am not a medical student nor a medical practitioner. But from my experience as a former asthmatic and as a patient who have met many high profile chest specialists and ayurvedics, I think much of the claims Dr. Sooraj makes is not much relevant to the patients. That does not mean that I am supporting quackery. In yoga, there is the simple jal-neti, washing nose with warm saline water and I have found immensely helpful. The doctors who advised to do this were well qualified modern medicine practitioners, who themselves from suffering from sinusitis and chronic allergy patients. I have used plenty of anti-biotics but with very little effect. Most of these anti-biotics makes one physically and mentally tired and hopeless. I got cured from my asthma through the treatment of a lesser known ayurvedic and through the practice of yoga. Usually from my real life and from the practical experience of several other people I know, what I have learned is that doctors will claim many things, but from the point of view of the patients, very little of these magnificent claims of success are true.

   Delete
 2. പ്രിയ സൂരജ് ,
  വളരെ നല്ല സംരഭം . മോഡേണ്‍ മെഡിസിനെക്കുറിച്ച് ആധികാരികമായി ബ്ലോഗിലെഴുതാന്‍ ആരുമില്ലല്ലോ എന്ന് ഖേദിച്ചിരിക്കുകയായിരുന്നു ഞാന്‍ . പൊതുവെ ആളുകള്‍ ഇന്ന് മോഡേണ്‍ മെഡിസിനെ കുറ്റം പറയുകയും ഹോമിയോ , ആയുര്‍വ്വേദ ചികിത്സകളെ ഒരു മതവിശ്വാസം പോലെ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത് . ഞാന്‍ എന്റെ ബ്ലോഗില്‍ ഈ വിഷയം സംബന്ധിച്ച് ഒരു പോസ്റ്റ് എഴുതിയപ്പോള്‍ എന്റെ നാട്ടുകാരനായ ഡോ.നിധീഷ് എഴുതിയ കമന്റ് എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി .
  എന്റെ പോസ്റ്റും കമന്റുകളും ഇവിടെ വായിക്കുമല്ലോ
  ആശംസകളോടെ,

  ReplyDelete
 3. വളരെ ഉപകാരപ്രദമായി ഈ ലേഖനം.
  തൊലിപ്പുറമെയുള്ള ചൊറി ചിരങ്ങ്, കുരുക്കള്‍ മുറിവുകളുടെ പഴുപ്പു ഒക്കെ ഉണ്ടാക്കുന്ന ബാക്റ്റീരിയ ഇപ്പോള്‍ ‘സൂപ്പറ് ബഗ്’ആയി വേഷം മാറിയെത്തി,മരണത്തിനു വരെ കാരണമാകുന്നു എന്നു ഈയിടെ വായിച്ചു.

  ReplyDelete
 4. വായനാനുഭവം നന്നായി എന്നറിണ്‍ജതില്‍ സന്തോഷം

  “ സൂപ്പര്‍ ബഗ് “ - തീര്‍ച്ചയായും!

  അതിപ്പോള്‍ ആശുപത്രികളിലെ മരുന്നുകളോടൊക്കെ പോഒരാടി ഇപ്പോള്‍ കടുത്ത മരുന്നുകള്‍ക്കെതിരേ പോലും പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നു. ഒരുപാട് ഹ്യദ് രോഗികളെ അവന്‍ കൊന്നു കഴിഞ്ഞു - ഹാര്‍ട്ടിന്റെയൂം വാല്‍വിന്റെയും ഇന്‍ഫക്ഷന്‍ വഴി. പിന്നെ ചിലതു തൊലിയേയും മാംസത്തേയും കാര്‍ന്നു നശിപ്പിക്കുന്ന നെക്രോസിസ് എന്ന അവസ്ഥയിലും കാണുന്നു. മണിക്കൂറുകള്‍ കോണ്ട് ഇവന്‍ ഒരു കൈയ്യോ കാലോ മുഴുവനും വ്യാപിച്ചു അതിനെ തിന്നു തീര്‍ക്കും.!

  ReplyDelete
 5. നന്നായി ഈ ഉദ്യമം!
  ചര്‍ച്ചകളടക്കം ഈ ബ്ലോഗ് ശ്രദ്ധാകേന്ദ്രമാകുന്ന ഒരു ബൂലോകഭാവി ഞാനിതിനുകാണുന്നു...

  ReplyDelete
 6. കൂട്ടത്തില്‍ ഇതും കൂടിപറഞ്ഞെക്കാമെന്നുകരുതി.
  Ciprofloxacin (ciplox,cifran തുടങ്ങിയ ബ്രാന്റുകളില്‍ ലഭ്യമാകുന്ന ആന്റീബയോട്ടിക്)എന്ന സാധനം പലപ്പോഴും ഫാര്‍മസി കൌണ്ടറുകളിലും മരുന്നുകുറിപ്പടികളിലും മറ്റൊരു ‘അമോക്സിസിലിന്‍’പോലെ സര്‍വസാധാരണമാകുന്നു.ശ്രദ്ധിക്കേണ്ട ഒരു കാര്യം 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഈ മരുന്ന് അത്ര യോജിച്ചതല്ല എന്നതാണ്.രസകരമായകാര്യം ഇക്കാരണം കൊണ്ടുതന്നെ ഈ മരുന്നിന്റെ സിറപ് രൂപങ്ങള്‍ ലഭ്യമല്ല!
  ഞെട്ടിപ്പിക്കുന്നത്...പലപ്പോഴും ഫാര്‍മസികളിലേക്കെത്തുന്ന കുറിപ്പടികളില്‍( ഇതിനു വിപരീതമായ്യി) ചില ഡോക്ടര്‍മാര്‍ ഈ മരുന്ന് കുട്ടികള്‍ക്ക് വേണ്ടിയും എഴുതുന്നു എന്നതാണ്!!

  ReplyDelete
 7. സ്വാഗതം സൂരജ്. ഒരു കമന്റ് ഏണി കയറി ഈ ബ്ലോഗ് ഇപ്പോള്‍ കണ്ടെത്തിയതേയുള്ളു.

  മെഡിക്കല്‍ ഡോക്റ്റര്‍മാര്‍ നാലഞ്ചുപേര്‍ ബ്ലോഗ് എഴുതുന്നുണ്ടെങ്കിലും സ്വന്തം പ്രൊഫഷന്‍ എക്സ്ക്ലൂസീവ് തീം ആക്കി എഴുതിയിരുന്നത് എല്ലുഡോക്റ്റര്‍ എന്ന നിക്ക് ഉള്ള ബ്ലോഗര്‍ മാത്രമായിരുന്നു. അദ്ദേഹമാകട്ടെ ഇപ്പോള്‍ ആക്റ്റീവ് പോസ്റ്റിങ്ങുമില്ല. സൂരജിന്റേതു പോലത്തെ ബ്ലോഗുകള്‍ അത്യാവശ്യമാണ്.

  ഓഫ്: ഞാന്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ അനോണി ആന്റണി എഴുതിയ “എന്റെ പറുദീസ“ എന്ന പോസ്റ്റ് ഓര്‍ത്തു പോയി (പനി പിടിച്ച ആന്റണി ഡോക്റ്ററോട് ആന്റിബയോട്ടിക്കിനെക്കുറിച്ച് ചോദിക്കുന്ന സംശയങ്ങളാണ് ആ പോസ്റ്റ്)

  ReplyDelete
 8. നന്ദി ദേവന്‍ ജീ...വീണ്ടും വരിക :)

  ReplyDelete
 9. Hi Sooraj,
  Could you please post a detailed note on that "Super Bug"?

  ReplyDelete
 10. ഓഫ്
  sooraj,
  സ്വാതന്ത്ര്യാനന്തര ഇന്ത്യയും ആരോഗ്യമേഖലയും സൂരജിന്റെ അല്ലേ? വായിച്ചു. കൊള്ളാം...നല്ല ലേഖനം...
  qw_er_ty

  ReplyDelete
 11. കുറേ മാസങ്ങള്‍ക്കു മുന്‍പ് രാജേഷേട്ടന്‍ (റ്റി.വി രാജേഷ്) ആവശ്യപ്പെട്ടപ്പോള്‍ എഴുതികൊടുത്തതാണ്. പുതിയ സ്റ്റുഡന്റില്‍ ചേര്‍ത്തിട്ടുണ്ടെന്നു വിളിച്ചുപറഞ്ഞിരുന്നു.ഇതുവരെ കോപ്പി കൈയ്യില്‍ കിട്ടിയിട്ടില്ല.
  അഭിപ്രായത്തിനു വളരെ നന്ദി.
  “കേരളവും ആരോഗ്യമേഖലയിലെ വെല്ലുവിളികളും“ എന്നായിരുന്നു ഉദ്ദേശിച്ചിരുന്ന തീം. അത് എഡിറ്റര്‍ ശിവദാസേട്ടനാണെന്നു തോന്നുന്നു ഇപ്പോഴത്തെ തലക്കെട്ടിലേക്കു മാറ്റിയത്. :)
  qw_er_ty  qw_er_ty

  ReplyDelete
 12. its informative , and interesting to read

  ReplyDelete
 13. വീണ്ടും വായിക്കുന്നു. നന്ദി!

  ReplyDelete
 14. AIDS- ഇംഗ്ലീഷ് മരുന്നിന്റെ രോഗം, പെന്റഗണിന്റെ ആയുധം. written by Dr. Jacob Vadakkancheri.MRP;200.00. contact-9496044517

  ReplyDelete
 15. ഒരു സംശയം

  പരിണാമത്തിന്റെ ഫലമായി ചില ബാക്ടീരിയകള്‍ ചില ആന്റീബയോട്ടിക്കുകളില്‍ നിന്നും രക്ഷപ്പെടാനുള്ള വിദ്യകള്‍ തലമുറകളിലൂടെ സ്വായത്തമാക്കിയിട്ടുണ്ട്। ഇതിനെ ആന്റീബയോട്ടിക്-റെസിസ്റ്റന്‍സ് അഥവാ ആന്റീബയോട്ടിക്-പ്രതിരോധം എന്നു പറയുന്നു. പ്രശസ്തമായ പല ആന്റീബയോട്ടിക്കുകള്‍ക്കെതിരെയും ഇന്നു ചില പ്രധാന അണുക്കള്‍ പ്രതിരോധശേഷി നേടിയിരിക്കുന്നു.

  ബാക്ടിരിയ സ്വയം എങ്ങിനെ പ്രധിരോധ ശേഷി നേടുന്നു ? ഇത് പരിണാമ സിധാന്ദത്തിനു എതിരാണെന്ന് എവിടെയോ വായിച്ചു...

  ReplyDelete