Showing posts with label മദ്യപാനം. Show all posts
Showing posts with label മദ്യപാനം. Show all posts

കുടിയന്മാരേ ഇതിലേ ഇതിലേ...

ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. വായിച്ചും പ്രോത്സാഹിപ്പിച്ചും ഈമെയിലുകളയച്ച് രോഗവിവരങ്ങള്‍ പങ്കുവച്ചും സംശയങ്ങള്‍ ചോദിച്ചും തെറ്റ് ചൂണ്ടിക്കാട്ടിയും തിരുത്തിയും അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തും അത്യാവശ്യം പള്ള് വിളിച്ചും സഹകരിച്ചവര്‍ക്കൊക്കെ ബ്ലോഗിലെ പതിവ് ചടങ്ങനുസരിച്ച് നന്ദി പറയണമെന്നുണ്ട് സത്യത്തില്‍. പക്ഷേ ഒന്നോര്‍ത്താല്‍ ബ്ലോഗെഴുത്ത് ഒന്നാന്തരമൊരു സ്വയം ഭോഗമാണ് - ബൌദ്ധിക സ്വയംഭോഗം . അവനവന്റെ രസത്തിന് അവനവന്റെ സമയം മെനക്കെട്ത്തി അവനവനു തോന്നുന്നത് അവനവനറിയാവുന്ന ചേലിക്ക് എഴുതുന്നു. ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുന്നുണ്ടെങ്കില്‍, ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ഓ സന്തോഷം. ഇല്ലെങ്കില്‍ കുന്തം. അത്ര തന്നെ. അപ്പോ നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ ? ങ്ഹാ എന്തരോ വരട്ട് ! എഴുതാന്‍ സമയമുള്ള കാലമത്രയും എഴുതും. കുറേകഴിയുമ്പം മറ്റ് പല മെഡിക്കല്‍ ബ്ലോഗുകളെപ്പോലെ ഇതും പൂട്ടും. ഇതിലെ പോസ്റ്റുകള്‍ മൂലം ആര്‍ക്കെങ്കിലും വ്യക്തിപരമായ വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു . ഒള്ളകാലമത്രേം ജ്വാളിയാക്കട്ട് .... അപ്പ ശരി, ങ്ങള് ഇതെന്തര് നോക്കി നിക്കണത് ? പ്വോസ്റ്റുകള് വായീരെന്ന് .
വായിലും അന്നനാളത്തിലും തൊണ്ടയിലും കരളിലും മുലയിലും ക്യാന്‍സറുകള്‍, ആമാശയത്തില്‍ അള്‍സറ്,കരള്‍വീക്കം, ഡിപ്രഷന്‍, അപസ്മാരം, മദ്യത്തിനടിമയാവല്‍,രക്താതിസമ്മര്‍ദ്ദം, ധമനീ സംബന്ധിയായ ഹൃദ്രോഗം, പക്ഷാഘാതം....മനോഹരമായ ഈ ലിസ്റ്റ് മദ്യപാനവുമായി ശക്തമായ കാര്യകാരണ ബന്ധമുള്ളതെന്ന് പഠനങ്ങള്‍ ഉറപ്പിച്ച രോഗങ്ങളുടേതാണ്. വേറെ പത്തുനാല്പതെണ്ണം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിലിരിക്കുന്നു. മദ്യം മൂലമുള്ള അസുഖം കാരണം നേരിട്ടോ അക്രമസംഭവങ്ങളില്‍ പരോക്ഷമായോ വര്‍ഷം തോറും 20 ലക്ഷം ആളുകള്‍ പരലോകം പൂകുന്നു. ഇന്ത്യയിലെ കഥ നോക്കിയാല്‍ റോഡപകടങ്ങളില്‍ 25%വും മസ്തിഷ്കക്ഷതങ്ങളില്‍ 20%വും, മാനസികരോഗങ്ങളില്‍ 17%വും മദ്യപാനവുമായിബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്...

അടിച്ച് കോണ്‍ തിരിഞ്ഞ് വീട്ടില്‍ വന്ന് പെണ്ണുമ്പിള്ളയെ എടുത്തിട്ട് വീക്കുന്നവര്‍ ഉയര്‍ത്തുന്ന ചിരി മാഞ്ഞ് പോകാന്‍ ഇത്രയൊക്കെ കേട്ടാല്‍ പോരേ.

ബ്രാന്റേതായാലും പൂസായാല്‍ മതി

ഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ് കുടിക്കാനുപയോഗിക്കുന്ന മദ്യത്തിന്റെ വീര്യദാതാവ്. ബിയറും വീഞ്ഞും പോലെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ നമ്മുടെ ‘വാറ്റ്’ ഗണത്തില്‍ സാധാരണ പെടാറില്ല. 4 - 8% എഥനോള്‍ ഉള്ള ബിയറും 11 - 15% ഉള്ള വീഞ്ഞും, വീഞ്ഞിന്റെ കാര്‍ബണേറ്റഡ് രൂപമായ ഷാമ്പെയ്നുമെല്ലാം വലിയ അളവുകളില്‍ അടിക്കാത്തിടത്തോളം താരതമ്യേന നിരുപദ്രവകാരികളാണ്. സ്പിരിറ്റ്സ്, അഥവാ വാറ്റ് മദ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന 'യഥാര്‍ത്ഥ' വീരന്മാരാണ് പൊതുവേ നമ്മുടെ ഉപാസനാമൂര്‍ത്തികള്‍ .

മുന്തിരിവാറ്റിയതാണ് സാദാ ബ്രാന്റി (Brandy). അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് വാറ്റുകഴിയുമ്പോള്‍ ആകാവുന്ന ആല്‍ക്കഹോള്‍ കണ്ടെന്റ് പരമാവധി 50%വും ഏറ്റവും ചുരുങ്ങിയത് 36%വും. കരിമ്പും ചക്കരയും വാറ്റി റം (Rum) ഉണ്ടാക്കുന്നു. നമ്മുടെ സാദാ വൈറ്റ് റമ്മിന് 40% ആല്‍ക്കഹോള്‍ കണ്ടെന്റെ ഉള്ളൂ. ഓവര്‍ പ്രൂഫ്ഡ് റം എന്നപേരില്‍ കിട്ടുന്നതില്‍ അതിന്റെയിരട്ടി ആല്‍ക്കഹോളു കാണും.(അമേരിക്കയിലും മറ്റും പ്രൂഫ് കണക്കിനാണ് ആല്‍കഹോള്‍ അളവ് പറയുക: 80 പ്രൂഫ് എന്നുവച്ചാല്‍ 40%)
വിസ്കി (Whisky)യാണ് സലീംകുമാറ് പറയുമ്പോലെ ശരിക്കും "ബാറിലെ വെള്ളം" - എന്നുച്ചാ 'ബാര്‍ളി' വാറ്റിയത് :) ശരിക്കുള്ള സ്കോട്ട്ലന്റുകാരന്റെ പരമ്പരാഗത വിസ്കിയാണ് സ്കോച്ച്; മരഭരണിയില്‍ 3 - 4 കൊല്ലം വച്ച് പഴക്കിയത്. അമേരിക്കയില്‍ ഇത് ചോളത്തില്‍ നിന്നു വാറ്റാറുണ്ട്. ഇന്ത്യയില്‍ കിട്ടുന്നത് ചക്കരയില്‍ നിന്ന് വാറ്റിയ സാധനം തന്നെ. (അതിനു സ്കോച്ചെന്ന് പേരെങ്കിലും സാങ്കേതികമായി അതും റമ്മാണ്.)
വോഡ്ക (Vodka) യാകട്ടെ പ്രധാനമായും ഗോതമ്പു വാറ്റിയതാണ് . ഉരുളക്കിഴങ്ങും മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആല്‍ക്കഹോള്‍ കണ്ടെന്റ് പരമ്പരാഗതമായി കൂടുതലാണ് ഇതില്‍ - 50-52% വരെ സാധാരണകിട്ടും. പ്രൊപ്പനോളും ബ്യൂട്ടനോളും ഫര്‍ഫ്യൂറാലുകളുമൊന്നുമില്ലാത്ത പരുവം വരെ വാറ്റുന്നതിനാല്‍ "കള്ളിന്റെ" ആ ടിപ്പിക്കല്‍ മണം വോഡ്കയ്ക്ക് ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ഇതിനെല്ലാം 40% എന്ന ഒറ്റ അളവിലേ കിട്ടൂ. (സായിപ്പ് പല തരം അളവില്‍ ഉണ്ടാക്കുന്നുണ്ട്)
യേക്ച്വലി സ്പീക്കിംഗ്, മദ്യം എവിടുന്നു വാറ്റുന്നു എന്നതിനേക്കാള്‍ എത്രയാണ് ആല്‍ക്കഹോള്‍ കണ്ടെന്റ് എന്നതിലാണ് വീര്യവും, ശാരീരിക പ്രതികരണങ്ങളും ഇരിക്കുന്നത്. അതായത് ബ്രാന്റേതായാലും 'കിക്ക്' കിട്ടണത് ‘പിടിപ്പിക്കണ’ റേറ്റനുസരിച്ചിരിക്കുമെന്ന്. എന്നാല്‍ വാറ്റിയെടുക്കുന്ന വസ്തുവിലടങ്ങിയ രാസവസ്തുക്കള്‍ - ഫര്‍ഫ്യൂറാലുകള്‍ , പ്രൊപ്പനോള്‍ തുടങ്ങിയവ - കാരണം സ്വാദും ലഹരിയും അല്പാല്പം വ്യത്യാസപ്പെടാറുണ്ട്.

അയ്യപ്പന്‍ വിളക്ക്, വാള്, പിന്നെ പാമ്പുകളും

ല്‍ക്കഹോള്‍ ശരീരത്തില്‍ ചെന്നാല്‍ കരളിലെ ഒരു രാസത്വരകമുണ്ട് (എന്‍സൈം)- ആല്‍ക്കഹോള്‍ ഡീഹൈഡ്രജെനേയ്സ് - ഓന്‍ കേറി ഇതിനെ ഓക്സീകരിച്ച് ആല്‍ഡിഹൈഡ് ആക്കും. തലക്കറക്കവും ഛര്‍ദ്ദിയുമൊക്കെ ഉണ്ടാക്കുന്നത് ആല്‍ഡിഹൈഡ് ആണ് . ഈ ആല്‍ഡിഹൈഡ് പിന്നെ ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന വേറൊരു എന്‍സൈമിന്റെ പ്രഭാവത്താല്‍ രണ്ടാമതൊരു ഓക്സീകരണം കൂടി നടന്ന്‍ അസെറ്റിക് ആസിഡാകും. ഇവന്‍ സാമാന്യേന പാവമാണ് - കരളിലിത് വേഗത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവുമായി പിരിഞ്ഞ് പൊയ്ക്കോളും.

മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ (എഥനോള്‍ ) രക്തത്തില്‍ എത്ര നേരം രൂപാന്തരമില്ലാതെ അങ്ങനെതന്നെ കിടക്കുന്നോ അതനുസരിച്ചിരിക്കും ഇതിന്റെ ഇഫക്റ്റുകളും. മദ്യത്തോടൊപ്പം ആഹാരം കൂടി കഴിക്കുമ്പോള്‍ നാം ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. അപ്പോള്‍ മദ്യം തലയ്ക്ക് പിടിക്കുന്നതിന്റെ വേഗവും കുറയുന്നു.

രക്തത്തിലേക്ക് കലരുന്ന ആല്‍ക്കഹോള്‍ തലച്ചോറിലും മറ്റുഭാഗങ്ങളിലുമുള്ള നാഡീകോശങ്ങളിലെ ചില സ്വീകരിണികളെ ഉത്തേജിതരാക്കുകയോ നിസ്തേജരാക്കുകയോ ചെയ്താണ് “കിക്ക്” ഉണ്ടാക്കുക. തലച്ചോറിലെ മദ്യത്തിന്റെ പ്രവര്‍ത്തനം മറ്റു പല ‘മയക്കു’മരുന്നുകളേയും പോലെ സങ്കീര്‍ണ്ണമാണെങ്കിലും ചില പൊതു നിരീക്ഷണങ്ങള്‍ താഴെ പറയുന്നു:
ഗാമാ അമിനോ ബ്യൂട്ടിരിക് ആസിഡ് എന്ന നാഡീരസം കേറി വിളയാടുന്ന ഒരു സ്വീകരിണിയുണ്ട്: GABA receptor എന്ന് ചുരുക്കപ്പേര്. നമ്മുടെ മസ്തിഷ്കപ്രതികരണങ്ങളെ മന്ദീഭവിപ്പിക്കുന്ന നാഡികളിലാണ് (inhibitory) ഈ സ്വീകരിണികള്‍ പൊതുവെ കാണുന്നത് . പ്രധാന ജോലിയും ഈ “മന്ദീഭവിപ്പിക്കല്‍” തന്നെ. മദ്യത്തിലെ എഥനോള്‍ GABA സ്വീകരിണികളെ ഉത്തേജിപ്പിക്കുക വഴി, അവയുടെ ‘മന്ദീഭവിപ്പിക്ക’ലിന് ആക്കം കൂട്ടുന്നു. ചെറിയതോതിലുള്ള മയക്കം ഇതിന്റെ ഒരു ഫലമാണെങ്കിലും ആകാംക്ഷയെയും മാനസിക പിരിമുറുക്കത്തെയും കുറയ്ക്കാനും ഇതേ സ്വീകരിണികളുടെ ത്വരിതപ്രവര്‍ത്തനം തന്നെ കാരണമാകുന്നു. ഇതിന്റെ മറ്റൊരു പാര്‍ശ്വഫലം, വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെക്കൂടി തടയുമെന്നതാണ്. ‘കനത്ത’ വെള്ളമടി സമയത്തും അതിനു ശേഷവുമുള്ള ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ പലപ്പോഴും ഉറയ്ക്കാതെ മാഞ്ഞു പോകാനുള്ള ഒരു കാരണവും ഗാബാ വഴിയുള്ള മന്ദീഭവിക്കല്‍ തന്നെ.
മറ്റൊരു വിഭാഗം നാഡീരസങ്ങളായ ഗ്ലൂട്ടമേയ്റ്റുകളും അസ്പാര്‍ട്ടേയ്റ്റുകളും പ്രതിപ്രവര്‍ത്തിക്കുന്ന NMDA(എന്‍ മെഥൈല്‍ ഡി- അസ്പാര്‍ട്ടേയ്റ്റ്) സ്വീകരിണികളാണ് മദ്യത്തിന്റെ മറ്റൊരു ലക്ഷ്യം. ഈ സ്വീകരിണികള്‍ മസ്തിഷ്കത്തിന്റെ “ഉത്തേജക” സിഗ്നലുകള്‍ക്കായുള്ളവയാണ്. ഇതിനെ ആല്‍ക്കഹോള്‍ തടയുമ്പോള്‍ മുകളില്‍ പറഞ്ഞ “മന്ദത”യ്ക്ക് ആക്കം കൂടുന്നു.

തലച്ചോറിന്റെ വികാരക്ഷേത്രമായ അമിഗ്ഡാലയും, സമീപസ്ഥമായ ന്യൂക്ലിയസ് അക്യുംബെന്‍സ്, വെണ്ട്രല്‍ ടെഗ്മെന്റല്‍ ഏരിയ, ഹൈപ്പോതലാമസിന്റെ പാര്‍ശ്വഭാഗങ്ങള്‍, ഹിപ്പോകാമ്പസ്, എന്നിവയും അടങ്ങുന്ന “മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റം” എന്ന ഒരു ഭാഗം മയക്കുമരുന്നിന്റെ ഇഫക്റ്റുകള്‍ പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഡോപ്പമീന്‍‍, സീറട്ടോണിന്‍, ഗാബാ, ഗ്ലൂട്ടമേയ്റ്റ് എന്നീ നാലു നാഡീരസങ്ങളാണ് ഈ ഭാഗങ്ങളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍ മൂലം ആ അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരു ‘അനുഭൂതി’യായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് ഈ “പരമാനന്ദ”ത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും ഈ നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ ആ മരുന്ന് അല്ലെങ്കില്‍ മദ്യം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു. മദ്യത്തെ സംബന്ധിച്ചിടത്തോളം ഗാബാ സ്വീകരിണികളും എന്‍.എം.ഡി.ഏ (ഗ്ലൂട്ടമേയ്റ്റ്) സ്വീകരിണികളുമാണ് ഇതിനു മുന്‍ കൈ എടുക്കാറ്. ഡൈഗ്രഷന്‍ : ആത്മീയമെന്ന് പറയുന്ന വഴികളിലൂടെയും ഹിപ്നോസിസിലെ ഓട്ടോ സജഷന്‍ വഴിയുമൊക്കെ ‘ലഹരിസമാനമായ ആനന്ദം’ ഉണ്ടാക്കുന്നതും ഈ നാഡീ വ്യൂഹങ്ങളാണ് എന്നൊരു നിരീക്ഷണമുണ്ട്.

ചില മനുഷ്യരില്‍ ആല്‍ക്കഹോളിനെ ‘ദഹിപ്പിക്കുന്ന’ ഈ എന്‍സൈമുകള്‍ രണ്ടും (ആല്‍ക്കഹോള്‍ ഡീഹൈഡ്രജിനേയ്സും ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സും) പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങും; ആല്‍ക്കഹോള്‍ വേഗം ആല്‍ഡിഹൈഡ് ആയി മാറ്റപ്പെടുന്നു. ആല്‍ഡിഹൈഡ് വേഗം ആസിഡും ആക്കപ്പെടുന്നു. അപ്പോ ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ വേഗം കുറയും. ആല്‍ക്കഹോള്‍ തലച്ചോറില്‍ നടത്തുന്ന ചില ചുറ്റിക്കളികളും കുറയുന്നു. ഇങ്ങനെയുള്ളവര്‍ക്ക് കിക്കാവുന്നതും മെല്ലെ, മെല്ലെ. ഇത് എന്‍സൈമിന്റെ പ്രശ്നം കൊണ്ടുമാത്രമല്ല, ശരീരഭാരം കൂടിയാലും ഉണ്ടാവാം. രക്തവും ശരീരത്തിലെ ഉയര്‍ന്ന ജലാംശവും ചേര്‍ന്ന് മദ്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നു. അങ്ങനെയുള്ളവരാണ് "ടാങ്കുകള്‍ " . കുപ്പിക്കണക്കിനു ചെലുത്തിയാല്‍ മാത്രം 'പ്രയോജനം' കിട്ടുന്നവര്‍ . ഇത്തരക്കാര്‍ അമിതമദ്യപാനത്തിലേക്ക് വീഴാനും സാധ്യതയുണ്ട്.

ആദ്യം പറഞ്ഞ - മദ്യത്തെ ആല്‍ഡിഹൈഡാക്കുന്ന എന്‍സൈം - ആണ് വേഗം പ്രവര്‍ത്തിക്കുന്നതെങ്കിലോ. ആല്‍ഡിഹൈഡ് ശരീരത്തില്‍ വേഗം അടിഞ്ഞുകൂടും. ഇതിനൊത്ത വേഗത്തില്‍ ഈ ആല്‍ഡിഹൈഡിനെ ദഹിപ്പിച്ച് ആസിഡാക്കുന്ന എന്‍സൈം പ്രവര്‍ത്തിക്കാതാകുമ്പോള്‍ ആല്‍ഡിഹൈഡ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരാണ് രണ്ടാമത്തെ പെഗ്ഗിനു വാളു വയ്ക്കുന്ന "പൊതുവാള്‍സ്". തലക്കനം, മന്ദത മുടിഞ്ഞ തലവേദന എന്നിവ അടുത്ത ദിവസം കാലത്തെഴുന്നേല്‍ക്കുമ്പോഴും തോന്നുന്നതും പൊതുവേ ഇതാണ് കാരണം. പൊതുവാള്‍സിന് സാധാരണ മദ്യം അധികം കഴിക്കാന്‍ പറ്റില്ല - പ്രകൃത്യാ തന്നെ മദ്യപാനശീലത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവരാണിവര്‍ എന്നും പറയാം. ഇതിന് കാരണമാകുന്ന ജീനുകള്‍ ലഹരിവിരുദ്ധ മരുന്നുകള്‍ ഗവേഷിക്കുന്ന ശാസ്ത്രജ്ഞര്‍ തപ്പുന്നുണ്ട്.

മദ്യം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളായ സെറിബെല്ലത്തെയും ചെവിക്കുള്ളിലെ ‘സെമിസര്‍ക്കുലര്‍ കനാലു’കളെയും ബാധിക്കുമ്പോഴാണ് ആടിക്കുഴച്ചിലും തലക്കറക്കവും വരുന്നത്. കാഴ്ച നിര്‍ണ്ണയിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിലാകട്ടെ ഊര്‍ജ്ജോല്‍പ്പാദനപ്രക്രിയ തകരാറിലാവുന്നു: ഫലം, കാഴ്ചമങ്ങല്‍ . വ്യാജമദ്യമടിച്ച് കണ്ണു പോകുന്നത് ഏറ്റവും താഴെയായി വിശദീകരിച്ചിട്ടുണ്ട്.

കിണ്ടി...പാമ്പ്...പടം...ബുദ്ധന്‍


ദ്യശാസ്ത്ര(?)പ്രകാരം ഒരു ശരാശരി ഡ്രിങ്കിന്റെ Alcohol Equivalence ആണ് അപ്പോള്‍ കിക്ക് നിശ്ചയിക്കുന്നത്. ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6 ഔണ്‍സ് ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. അതായത് അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവു വച്ചു നോക്കുമ്പോള്‍ 5 ഔണ്‍സ് വൈന്‍ = 12 ഔണ്‍സ് ബിയര്‍ (ഒരു സാദാ ക്യാന്‍/കുപ്പി) = 1.5 ഔണ്‍സ് വാറ്റ് മദ്യം (വിസ്കി/റം /ബ്രാന്റി ആദിയായവ) എന്നാണ് കണക്ക്. ഏകദേശം ഒരു മണിക്കൂറില്‍ കാല്‍ ഔണ്‍സ് എന്ന തോതിലാണ് ആല്‍ക്കഹോളിനെ ശരീരം ദഹിപ്പിക്കുന്നത് എന്നു കൂടി മനസിലാക്കണം. ഈ കണക്ക് ഓര്‍ത്തിരുന്നാല്‍ വീശുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കാം.

അടിക്കുന്നവന്റെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് - ബ്ലഡ് ആല്‍ക്കഹോള്‍ കോണ്‍സന്റ്രേയ്ഷന്‍ - ആണ് തണ്ണിയടിയുടെ പലവിധ ഇഫക്റ്റുകളെ നിശ്ചയിക്കുന്നത്. അടിക്കുന്ന സാധനത്തിന്റെ ആല്‍ക്കഹോള്‍ അളവല്ല. അതിനാല്‍ത്തന്നെ മദ്യപന്റെ ശരീരത്തൂക്കം ലിംഗവ്യത്യാസം, അടിച്ച സാധനം, അതിന്റെ അളവ്, എത്രമണിക്കൂറിനുള്ളിലാണ് അത്രയും കഴിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 70 കിലോ തൂക്കമുള്ള പുരുഷന്‍ ഒരു മണിക്കൂറിനുള്ളില്‍ 3 ഡ്രിങ്ക് വിസ്കി അകത്താക്കിയെന്നിരിക്കട്ടെ, അയാളുടെ 100 മില്ലി രക്തത്തിലെ അപ്പോഴത്തെ ആല്‍ക്കഹോള്‍ നില ഏതാണ്ട് 0.06 ഗ്രാം ആയിരിക്കും. അതായത് 0.06%. (സ്ത്രീകളില്‍ അല്പം വ്യത്യസ്തമായ തോതിലാണ് മദ്യം ദഹിക്കുന്നത്. )

0.12% ത്തില്‍ താഴെയാണ് ആല്‍ക്കഹോള്‍ ലെവലെങ്കില്‍ ആദ്യഘട്ടത്തിലെ “പിരുപിരുപ്പും”, ആനന്ദവും പിന്നെ വാചകമടിയും പൊട്ടിച്ചിരിയും, ഒരിത്തിരി കുഴച്ചിലും ഒക്കെ ഉണ്ടാവുന്നു. ഈ പരുവത്തില്‍ അടി നിര്‍ത്തുന്നതാണ് സാമൂഹികാരോഗ്യത്തിനു നല്ലത് ;) 0.1% ല്‍ താഴെ നിര്‍ത്തിയാല്‍ ആടിക്കുഴയുന്ന പരുവത്തിലെങ്കിലും പോരാം . ഇത് മൂത്ത് മൂത്ത് 0.30%-0.40% വരെയൊക്കെ പോയാല്‍ - ആഹാ... അവനെയല്ലോ നാം "പാമ്പ്" എന്നു വിളിക്കുക. സ്വര്‍ഗ്ഗരാജ്യം അവനുള്ളതാകുന്നു...!


വീശലും ശാരീരിക പ്രതികരണങ്ങളും :ചിത്രം ക്ലിക്കി വലുതാക്കി കാണുക

ഈ ശതമാനക്കണക്കൊന്നും നോക്കി വെള്ളമടിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതുകൊണ്ട് ശാരീരിക പ്രതികരണങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ അവനവന്‍ തന്നെ നിരീക്ഷിക്കുകയും പരിധി സൂക്ഷിക്കുകയും ചെയ്താല്‍ നല്ലത് എന്നേ പറയാനാവൂ (ചില ‘ടിപ്പുകള്‍ ’ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ളത് നോക്കുക). US National Institute on Alcohol Abuse and Alcoholism-ന്റെ നിരീക്ഷണത്തില്‍ മിതമായ വെള്ളമടി എന്നാല്‍ പ്രതി ദിനം 2 ഡ്രിങ്കില്‍ താഴെ എന്നതാണ്. പരിധിവിട്ടുള്ള “കിണ്ടിയാവല്‍ എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ 5 ഡ്രിങ്ക് (വാറ്റ് മദ്യം) എന്ന തോതിലുള്ള വീശലും. (സ്ത്രീകളില്‍ 4 ഡ്രിങ്ക്)


‘ഹൃദയ’രാഗ രമണ ദു:ഖം

മിതമായ തോതില്‍ - എന്നൂച്ചാ പ്രതിദിനം 2 ഡ്രിങ്കില്‍ താഴെ - അടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറയുന്നു എന്ന് അനവധി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ആദ്യം ഈ ഇഫക്റ്റ് തെളിയിക്കപ്പെട്ടത് വീഞ്ഞിലാണെങ്കിലും പിന്നീട് പലരാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളില്‍ ഈ മെച്ചം എല്ലാത്തരം മദ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തി. HDL എന്നുവിളിക്കുന്ന ‘ഉപകാരി’ കൊളസ്റ്റെറോള്‍ ‘മിതമദ്യപാനി’കളില്‍ വര്‍ദ്ധിക്കുന്നുണ്ട്. മാത്രവുമല്ല, ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയും, ധമനികള്‍ക്കുള്ളില്‍ കാലപ്പഴക്കം കൊണ്ടു വരുന്ന നീര്‍ക്കെട്ടുമൊക്കെ(inflammatory changes) മിതമായി മദ്യപിക്കുന്നവരില്‍ കുറവാണ്. രക്തക്കട്ട അലിയാനും മിതമായ അളവിലെ മദ്യം സഹായിക്കുമെന്നതിനാല്‍ ധമനികളിലെ രക്തക്കട്ട മൂലമുള്ള മസ്തിഷ്കാഘാത(സ്ട്രോക്ക്) സാധ്യതയും ഇവരില്‍ കുറവാണ് എന്നു കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങളാലാവാം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പഠനങ്ങളില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരില്‍ ധമനികളിലെ ബ്ലോക്ക് മൂലമുള്ള ഹൃദ്രോഗസാധ്യത 30%ത്തോളം കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പഠനങ്ങളെ വളച്ചൊടിക്കുന്ന വേന്ദ്രന്മാര്‍ എവിടെയും തക്കം പാര്‍ത്തിരുപ്പാണല്ലോ. ഇതുവരെ കുടിക്കാത്തവരോട് ഹൃദയാരോഗ്യത്തിനു വേണ്ടി മദ്യപാനം ആരംഭിക്കാന്‍ ഈ പഠനം നിര്‍ദ്ദേശിക്കുന്നു എന്ന് പറഞ്ഞ് ആഘോഷം തുടങ്ങാന്‍ വലിയ താമസമുണ്ടായില്ല.ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.

മിതമായ നിലയില്‍ മദ്യപാനം തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനും മിക്കവര്‍ക്കും പ്രായോഗികമായി കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതി ദിനം മൂന്ന് ഡ്രിങ്കോ അതിനു മേലോ വീശുന്നവരുടെ രക്ത സമ്മര്‍ദ്ദം ഒറ്റയാഴ്ച കൊണ്ട് 10mmHgയോളം ഉയരുന്നു. സിമ്പതെറ്റിക് നാഡികളില്‍ നിന്നുമുള്ള അഡ്രീനലിന്‍/നോര്‍ അഡ്രീനലിന്‍ ഉത്സര്‍ജ്ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നു പോലും ഇത്തരക്കാരില്‍ ഫലപ്രദമായി മര്‍ദ്ദം നിയന്ത്രിക്കുന്നില്ല.
മിതമായ അളവിലും ഉയര്‍ന്ന സ്ഥിരം മദ്യപാനം ഹൃദയ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറച്ച് അവയെ തളര്‍ത്തുന്നു. കാര്‍ഡിയോ മയോപ്പതിയിലേക്കുള്ള വഴിയാണ് അത്.ഹൃദയ അറകളുടെ വീക്കം, ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കല്‍ , ഹൃദയതാളത്തില്‍ അകാരണമായി വരുന്ന പിഴവുകള്‍ ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ വെള്ളമടികാരണം ഉണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയറുതിക്ക് അടിച്ച് കിണ്ടിയാകുന്ന സംസ്കാരം കൂടുതലുള്ള രാജ്യങ്ങളില്‍ (ജര്‍മ്മനി, റഷ, സ്കോട്ട്ലന്റ്) വീക്കെന്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു.

സാധാരണ ആരോഗ്യമുള്ള ഹൃദയത്തില്‍ മിതമായ അളവിലെ മദ്യം ചെയ്യുന്ന ഗുണങ്ങള്‍ ഹൃദ്രോഗമോ വര്‍ദ്ധിച്ച കൊളെസ്റ്റ്രോള്‍ നിലയോ പാരമ്പര്യമായുള്ളവരിലും ഹൃദയാഘാതം, ആഞ്ചൈന, ബ്ലോക്കുകള്‍ എന്നിവ ഉള്ളവരിലും ദോഷങ്ങളായാണ് ഭവിക്കാറ് എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലായിടത്തോട്ടും രക്തം പമ്പുചെയ്യുന്നവനെങ്കിലും ഹൃദയത്തിനു അതിന്റെ പ്രവര്‍ത്തനത്തിനായി കിട്ടുന്ന രക്തം മറ്റ് അവയവങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ തീരെ കുറവാണ്. ഉള്ള രക്തത്തില്‍ നിന്ന് തന്നെ പരമാവധി (80%ത്തോളം!) പ്രാണവായു വലിച്ചെടുത്താണ് ഹൃദയം ഈ കളിയത്രയും കളിക്കുന്നത്. മേല്‍പറഞ്ഞ ഹൃദ്രോഗാവസ്ഥകളുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന പ്രാണവായുവിന്റെ അളവ് കൂടുതലായിരിക്കും. മദ്യം കൂടെ ഉണ്ടെങ്കില്‍ ഈ അളവ് പിന്നെയും ഉയരുന്നു. സ്വതേ ദുര്‍ബല, ഇപ്പോ ഗര്‍ഭിണീം എന്നതാവും ഫലം!

ഈ സംഗതികളൊക്കെക്കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വെള്ളമടി ശീലമില്ലാത്തവര്‍ ഹൃദയാരോഗ്യത്തിനെന്നു പറഞ്ഞ് പുതുതായി വെള്ളമടി തുടങ്ങുന്നതിനെ ഒരു രീതിയിലും വൈദ്യശാസ്ത്രം ന്യായീകരിക്കുന്നില്ല.
മാത്രവുമല്ല
പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, ഉയര്‍ന്ന കൊളസ്റ്റ്രോള്‍, മധുമേഹം(ഡയബീടിസ്), ഹൃദയബ്ലോക്കുകള്‍ എന്നിവ ഉള്ളവര്‍, ആഞ്ചിയോപ്ലാസ്റ്റി, വാല്‍വ് ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ കഴിഞ്ഞവര്‍, ഹൃദ്രോഗത്തിന് (Aspirin പോലുള്ള) മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരൊന്നും ഒരു അളവിലും മദ്യപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

എരിയുന്നകരളേ... പുകയുന്ന ഞരമ്പേ... വരളുന്ന പോക്കറ്റേ

കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നതെന്ന് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജത്തിന് വേണ്ടുന്ന ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കുന്നതും കരളാണ്. കരളിലെ മദ്യത്തിന്റെ ദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെ കരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്ന കൊഴുപ്പ് എണ്ണത്തുള്ളികളായി കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്ന അവസ്ഥയുണ്ടാകുന്നു.
കുടി നിര്‍ത്തുന്നവരില്‍ ഈ മാറ്റം കുറേശ്ശെയായി ശരിയായി വരുമെങ്കിലും സ്ഥിരം കുടിയന്മാരില്‍ ഇത് കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍ നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്ന ‘പൊരിക്ക’ പോലുള്ള വസ്തു വന്ന് നിറയുകയും ചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. കടുത്ത മഞ്ഞപ്പിത്തം, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവ വന്ന് രോഗി മരണമടയുന്നു. കുടിയന്മാരില്‍ 20%ത്തോളം മരിക്കുന്നത് ഈ ഭീകരമായ അവസ്ഥയിലേക്ക് വഴുതിയാണ്.
ആഗ്നേയ ഗ്രന്ഥി (pancreas)നെയാണ് മദ്യം രൂക്ഷമായി ബാധിക്കുക.ആഗ്നേയഗ്രന്ഥിയുടെ നീരുവീക്കമായ പാന്‍ക്രിയാറ്റൈറ്റിസ് ആണ് മനുഷ്യനെ വേദനിപ്പിക്കുന്ന അസുഖങ്ങളില്‍ ഒന്നാമനെന്നാണ് വയ്പ്പ്. (പ്രസവവേദനയാണെന്നും ഒരു പക്ഷമുണ്ട് ;) അതികഠിനമായ വയറ് വേദനയായിട്ടാണ് ഇത് വരുന്നത്. രൂക്ഷമായ ദഹനശേഷിയുള്ള രസങ്ങള്‍ പലതും അടങ്ങിയ ഒരു ചെപ്പാണ് ആഗ്നേയഗ്രന്ഥി. നീര്‍വീക്കം വരുന്നതോടെ ഈ ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നു, ശരീരത്തെ സ്വയം കാര്‍ന്നു തിന്നുന്ന അവസ്ഥ സംജാതമാകുന്നു. രക്തക്കുഴലോ മറ്റോ ഈ ദഹനരസത്തിന്റെ ഫലമായി ദ്രവിച്ചു പോയാല്‍ ... സ്വാഹ!
ഞരമ്പുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു വേണ്ടുന്ന ഒന്നാണ് ബി-വര്‍ഗ്ഗത്തിലുള്ള വൈറ്റമിനുകള്‍ . തയമീന്‍ (thiamine) ആണിതില്‍ മുഖ്യം. സ്ഥിരം കുടിയന്മാരില്‍ ആഹാരത്തിന്റെ കുറവിനാല്‍ ഈ ധാതു വേഗം കുറയുന്നു. സ്വാഭാവികമയും ഞരമ്പുകളുടെയും ചില മസ്തിഷ്കഭാഗങ്ങളുടെയും പ്രവര്‍ത്തന ശേഷി തകരാറിലാവുന്നു.
ഈ വക ഭീകരന്മാരുടെയൊക്കെ മേലെയാണ് മദ്യവും പുകവലി/മുറുക്കും ചേര്‍ന്നുണ്ടാക്കുന്ന ക്യാന്‍സര്‍ സാധ്യത. വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും ആമാശയത്തിലെയും ചര്‍മ്മത്തെ സ്ഥിരമായ മദ്യവും പുകവലിയും ചേര്‍ന്ന് “ചൊറിയുന്നു”. ഈ irritation ക്യാന്‍സറിനു വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റു പല ക്യാന്‍സറുകളുടെയും കാരകന്മാരിലൊന്ന് മദ്യമാണെങ്കിലും നേരിട്ടുള്ള ഒരു കാര്യ-കാരണബന്ധം പലതിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ മദ്യത്തില്‍ നിന്നുമുണ്ടാകുന്ന ഉപ-രാസവസ്തുക്കള്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് പഠനങ്ങളില്‍ വ്യക്തമാണ്.

‘അയ്യപ്പ’ബൈജുവിന്റെ ജാതകം

മിക്ക മാനസികരോഗങ്ങളേയും പോലെ മദ്യാസക്തിയും മനുഷ്യജനിതകത്തില്‍ വേരുകളുള്ള ഒരു രോഗാവസ്ഥയാണ്. സ്ഥിരം കുടിയന്മാരില്‍ ഏതാണ്ട് 10 - 15%ത്തോളം പേര്‍ മുഴുക്കുടിയന്മാരും മദ്യത്തിനടിമകളുമായി തീരുന്നുവെന്നാണ് കണക്ക്. മദ്യമുള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ‘സുഖാനുഭൂതി’ ആളുകളില്‍ വ്യത്യസ്തമായിരിക്കും. അതിനു കാരണം, നേരത്തേ പറഞ്ഞ “ആനന്ദലഹരിയുടെ” മസ്തിഷ്ക മേഖലകളും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാകുന്നതാണ് . അതിനും കാരണം ആ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ജീനുകളുടെ ഈഷദ് വ്യത്യാസവും. ഒരേ ജീന്‍ പകര്‍പ്പുകള്‍ പങ്കിടുന്ന ഇരട്ടക്കുട്ടികളിലെയും കുടുംബാംഗങ്ങളിലെയും പഠനങ്ങള്‍ കാണിക്കുന്നത് മദ്യപാനാസക്തി ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഒരു അവസ്ഥയാണെന്നത്രെ. അതിവൈകാരികമായി (എടുത്തുചാട്ടം?) പ്രതികരിക്കുക, സാധാരണയില്‍ കവിഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രം ലഹരി തോന്നുക, പുകവലിയടക്കമുള്ള ലഹരികളോട് താല്പര്യം എന്നിങ്ങനെ ചില സ്വഭാവവിശേഷങ്ങളും ജനിതകതലത്തില്‍ മദ്യപാനപ്രവണതയുള്ളവരില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങളെ ആറ്റിക്കുറുക്കിയാല്‍ മദ്യത്തിനടിപ്പെട്ട അച്ഛനോ അമ്മയ്ക്കോ ജനിക്കുന്ന കുട്ടിയും അനുകൂല സാഹചര്യങ്ങളില്‍ മദ്യത്തിനടിപ്പെടാനുള്ള സാധ്യത ഏതാണ്ട് 60 % ആണ് എന്ന് !

ദീര്‍ഘകാലം മദ്യമുപയോഗിക്കുന്നവരില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കാണപ്പെടാറുണ്ട് : 1. കരളില്‍ ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നതിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന. മദ്യം ഇങ്ങനെ വേഗം ദഹിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ തന്നെ കിക്ക് കിട്ടിയിരുന്ന ആദ്യനാളുകള്‍ക്ക് ശേഷം ക്രമേണ അളവ് കൂട്ടിയാലേ പഴയത് പോലുള്ള കിക്ക് കിട്ടൂ എന്നാവുന്നു. ഇത് പക്ഷേ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്ന ഒരു പ്രതിഭാസമത്രെ. 2. മദ്യത്താല്‍ ഉത്തേജിതരോ നിസ്തേജിതരോ ആക്കപ്പെടുന്ന നാഡികള്‍ മദ്യപാനശീലങ്ങള്‍ക്കനുസൃതമായി സ്വയം മാറുന്നു. ആദ്യകാലത്ത് കുറഞ്ഞ അളവില്‍ ലഹരിയുടെ അനുഭവമുണ്ടായ നാഡികള്‍ക്ക് അതേ അവസ്ഥ ഉണ്ടാക്കാന്‍ ഉയര്‍ന്ന അളവില്‍ മദ്യം വേണ്ടിവരുന്നു. 3. മദ്യപന്റെ മാനസിക ഘടനയില്‍ വരുന്ന മാറ്റം കാരണം സാധാരണ അളവുകളില്‍ ‘വീശി’യാലൊന്നും പഴയ പോലെ ആടിക്കുഴച്ചിലോ സ്വഭാവമാറ്റങ്ങളോ വരുന്നില്ല എന്ന ഘട്ടമെത്തുന്നു. സ്വാഭാവികമായും മദ്യപാനം നിയന്ത്രിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയും ചെയ്യുന്നു.

അമിതമദ്യപാനാസക്തി (Alcohol abuse) മദ്യത്തിനടിമപ്പെടലും (Alcohol dependence) തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ മദ്യത്തിനടിമപ്പെടുക എന്നു പറയണമെങ്കില്‍ ചില ലക്ഷണങ്ങളുണ്ട്: മുന്‍പുപയോഗിച്ചിരുന്നതിലും ഉയര്‍ന്ന അളവിലും സമയത്തേക്കും മദ്യം ഉപയോഗിക്കുക, മദ്യം ഉപയോഗിക്കാതിരുന്നാല്‍ വിറയലും വിഭ്രാന്തിയും മറ്റു ലക്ഷണങ്ങളും കാണിക്കുക, മദ്യപാനം അനിയന്ത്രിതമാകുക, മദ്യപാനത്തെപറ്റിയും മദ്യം കിട്ടാനുള്ള വഴികളെപ്പറ്റിയുമൊക്കെ ആലോചിച്ച് അധികസമയവും ചെലവാക്കുക, മദ്യമുപയോഗിക്കുന്നതിനു വേണ്ടി ജീവിതത്തിലെ പല പ്രധാന സംഗതികളും മാറ്റിവയ്ക്കുക,തന്റെ മാനസിക/ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം മദ്യമാണെന്നറിഞ്ഞിട്ടു പോലും മദ്യപാനം ഉപേക്ഷിക്കാന്‍ വയ്യായ്ക എന്നിവയാണ് പ്രധാനം. ഈ വക ലക്ഷണങ്ങള്‍ 12 മാസമോ അതില്‍ക്കൂടുതലോ ആയി അലട്ടുന്നവരെയാണ് വൈദ്യശാസ്ത്രം മദ്യത്തിനടിമപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്. അമിതമദ്യപാനാസക്തരുടെ പ്രശ്നം ഇത്രയും രൂക്ഷമല്ല. അവരെ ചികിത്സിക്കാനും കുറച്ചുകൂടി എളുപ്പമാണ്.

സാധാരണ മദ്യപാനസംബന്ധിയായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വൈദ്യന്‍ പരീക്ഷിക്കുന്നത് ഡോ:ജോണ്‍ യൂവിംഗ് വികസിപ്പിച്ച ലളിതമായ 4 ചോദ്യങ്ങളിലൂടെയാണ് (CAGE questionnaire):
  1. നിങ്ങളുടെ ഇപ്പോഴത്തെ കുടിയുടെ അളവ് കുറയ്ക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
  2. നിങ്ങളുടെ മദ്യപാനശീലത്തെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയിട്ടുണ്ടോ ?
  3. നിങ്ങളുടെ മദ്യപാനത്തെയോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ ?
  4. കാലത്തെഴുന്നേറ്റാല്‍ പതിവ് ജോലികളാരംഭിക്കും മുന്‍പ് ‘ഉണര്‍വി’നായി ഒരു ഡ്രിങ്കെടുക്കണമെന്ന് തോന്നിയിട്ടുണ്ടോ ?
ഈ ചോദ്യങ്ങളില്‍ 2 എണ്ണത്തിനെങ്കിലും “അതേ” എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് അമിതമദ്യപാന സംബന്ധിയായ പ്രശ്നങ്ങളുണ്ട് എന്ന് പറയാം. അങ്ങനെയുള്ളവര്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ക്കും കൌണ്‍സലിങ്ങിനും വിധേയരാകുന്നതാവും നല്ലത്.

അമിതമദ്യപാനത്തെ മാനസിക രോഗാവസ്ഥയായിട്ടാണ് ചികിത്സിക്കാറ്. അതുകൊണ്ടു തന്നെ രോഗിയുടെ പരമാവധി സഹകരണം ഇതിനാവശ്യവുമുണ്ട്. ലഹരിയാല്‍ സ്വാധീനിക്കപ്പെടുന്ന നാഡീവ്യൂഹങ്ങളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയെന്നത് എളുപ്പമല്ല. കടുത്ത കരള്‍ രോഗമോ നാഡീക്ഷയമോ ഒക്കെ വരുന്ന ആതുരാവസ്ഥയില്‍ മദ്യപാനശീലം കൈവിടാന്‍ രോഗി തയ്യാറായാല്‍ തന്നെയും അല്‍പ്പം ആരോഗ്യം വീണ്ടെടുക്കുന്നതോടെ പഴയ ശീലത്തിലേക്ക് തിരിച്ചു പോകും. ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന രാസത്വരകത്തെ തടയുന്ന ഡൈസള്‍ഫിറാം (disulfiram) എന്ന മരുന്ന് രോഗിയുടെ സമ്മതത്തോടെ കൊടുക്കുന്നു. ഈ മരുന്ന് കഴിക്കുന്നയാള്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോള്‍ ആല്‍ഡിഹൈഡ് ആയി ശരീരത്തില്‍ കെട്ടിക്കിടക്കാനിടവരുകയും തന്മൂലം രോഗിക്ക് കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അയാളെ കൂടുതല്‍ മദ്യപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് സിദ്ധാന്തം. ഇതിനു പാര്‍ശ്വഫലങ്ങളൊത്തിരിയുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വ്വമായേ ഉപയോഗിക്കുന്നുള്ളൂ. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കൈവിറയല്‍, വിഭ്രാന്തി, ആകാംക്ഷ, ഡിപ്രഷന്‍ എന്നിവയ്ക്കാണ് പ്രധാനമായും മരുന്നുകള്‍ നല്‍കുക. എല്ലാറ്റിലും പ്രധാനം ഭാവിയില്‍ മദ്യപാനത്തിലേയ്ക്ക് വഴുതാനുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന കൌണ്‍സലിങ്ങാണ്.മറ്റേതൊരു മാനസികരോഗവും പോലെ ബന്ധുമിത്രാദികളുടെ പൂര്‍ണസഹകരണമില്ലാതെ ഇത് ചികിത്സിക്കുക അസാധ്യമാണ് എന്നും നാമോര്‍ക്കേണ്ടതുണ്ട്.

താത്തയുടെ കവറും ആലിലക്കണ്ണനും

മെത്ഥില്‍ ആല്‍ക്കഹോള്‍ (Methyl Alcohol) അഥവാ മെത്ഥനോള്‍ ആണ് സര്‍ജ്ജിക്കല്‍ സ്പിരിറ്റ് എന്ന പേരില്‍ കിട്ടുന്ന, അണുനാശന/ശുചീകരണ ഉപയോഗങ്ങള്‍ക്കുള്ള സ്പിരിറ്റിന്റെ ഒരു ഘടകം . മെത്ഥില്‍ ആല്‍ക്കഹോള്‍ എത്ഥനോളിനേപ്പോലല്ല, മാരക വിഷമാണ് ജന്തുക്കളില്‍. പെയിന്റ് നിര്‍മ്മാണത്തിനും ശുചീകരണ ദ്രാവകങ്ങള്‍ക്കും പ്ലാസ്റ്റിക്കും പ്ലൈവുഡും നിര്‍മ്മിക്കാനുമൊക്കെ മെത്ഥനോള്‍ ഉപയോഗിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ സ്പിരിറ്റ് നിര്‍മ്മിക്കുമ്പോള്‍ അത് മദ്യമുണ്ടാക്കാനായി ഉപയോഗിക്കാതിരിക്കാന്‍ മെത്ഥില്‍ ആല്‍ക്കഹോള്‍ (methanol) അതില്‍ ചേര്‍ക്കുന്നു. ഈ 'മെത്ഥിലേറ്റഡ് സ്പിരിറ്റാ'ണ് ചില അണ്ണന്മാര് കടത്തിക്കൊണ്ടുപോയി ചാരായത്തില്‍ ചേര്‍ക്കുന്നത്. മെത്ഥിലേറ്റ് ചെയ്തതാണെന്ന് അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും വില്‍ക്കുന്ന കവറ് താത്തമാര്‍ ഒടുക്കം ആളെകൊല്ലുന്നു. കവറ് താത്തമാര്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഈ സാധനം പാചകവാതകരൂപത്തില്‍ (sterno) കിട്ടുന്നതും ഇതുപോലെ ആളുകള്‍ വാറ്റിയടിക്കാറുണ്ട്. വലിയ അളവില്‍ അടിക്കുന്നവന്‍ ഭാഗ്യവാന്മാരാണ്: എളുപ്പം സിദ്ധികൂടും. ചെറിയ അളവില്‍ അടിക്കുന്നവന്റെ കണ്ണടിച്ചു പോവും, കരള്‍ വെന്തും !
മുന്‍പേ പറഞ്ഞ ആല്‍ക്കഹോള്‍ /ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേയ്സ് എന്‍സൈമുകള്‍ തന്നെ ഈ മെത്ഥനോളിനെ ഫോര്‍മാല്‍ഡിഹൈഡും പിന്നെ ഫോര്‍മിക് ആസിഡും ആക്കും. രണ്ടും നല്ല തങ്കപ്പെട്ട സ്വഭാവക്കാര്‍ . ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയെന്നതാണ് ഫലം. പ്രധാനമായും ഊര്‍ജ്ജോല്പ്പാദന പ്രക്രിയ വേഗം തകരാറിലാവാന്‍ സാധ്യതയുള്ള കണ്ണിന്റെ നാഡീനാരുകളില്‍ . വ്യാജനടിച്ച് ആലിലക്കണ്ണനാഹറത് ഇപ്പടി താന്‍.
മെത്ഥനോളിനെ ആല്‍ഡിഹൈഡ് രൂപമാകുന്നതില്‍ നിന്ന് തടയുന്നതാണ് ചികിത്സയുടെ മര്‍മ്മം. അതിനു നല്ല മദ്യത്തിലടങ്ങിയ എഥനോള്‍ തന്നെ രോഗിക്ക് കൊടുക്കും. വ്യാജമദ്യദുരന്തം ഉണ്ടായാല്‍ മെഡിക്കല്‍ കോളെജ് കാഷ്വാല്‍റ്റിയിലെ കൂട്ടപ്പെരളിക്കിടയില്‍ ഇത്തിരി ഒറിജിനല്‍ അടിക്കാന്‍ ഓടി വന്ന് കിടക്കുന്ന വേന്ദ്രന്മാരുമുണ്ട് ! (ഇപ്പോ fomepizole എന്ന മരുന്നും ലഭ്യമാണ്.)

മദ്യപാനപ്പിറ്റേന്നത്തെ “ഹാംഗ് ഓവര്‍ ”

[എഡിറ്റ്] മദ്യപാനത്തിനു ശേഷമുള്ള “ഹാംഗ് ഓവറി”നെക്കുറിച്ച് പലരും കമന്റുകളില്‍ സംശയം ചോദിച്ചതിനാല്‍ ഒരു ചെറു കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ:
മദ്യത്തിന്റെ ആദ്യഘട്ട ദഹനത്തില്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡ് ആണ് ഹാംഗ് ഓവറിനു പ്രധാനകാരണം എന്ന് മുകളില്‍ പറഞ്ഞു. ഇവയെ രണ്ടാംഘട്ട ദഹനത്തിനു വിധേയമാക്കാന്‍ കരള്‍ കൂടുതല്‍ സമയമെടുക്കുന്നു. വിശേഷിച്ച് വലിയ അളവില്‍ മദ്യപിക്കുമ്പോള്‍ (ഇത് വീശുന്നവന്റെ ശാരീരികപ്രകൃതി പോലിരിക്കും). ആല്‍ക്കഹോള്‍ മുഴുവനും രക്തത്തിലേക്ക് ആഗിരണം ചെയ്തുകഴിഞ്ഞാലും ആല്‍ഡിഹൈഡ് ഏതാണ്ട് 6-10 മണിക്കൂറോളം രക്തത്തില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ആല്‍ഡിഹൈഡ് ആണ് തലക്കനം, തലക്കറക്കം,ഓക്കാനം എന്നിവ ഉണ്ടാക്കുന്നതില്‍ മുന്‍പന്‍. ആല്‍ഡിഹൈഡോളം തന്നെ പ്രധാനമായ മറ്റൊരു കാരണം ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന നിര്‍ജ്ജലീകരണമാണ് (dehydration). രക്തത്തിലെ വെള്ളവും ലവണങ്ങളും മൂത്രമായി നഷ്ടപ്പെടാനും ആല്‍ക്കഹോള്‍ കാരണമാകുന്നു. (മൂത്രം ഒഴിച്ചു കളഞ്ഞില്ല എന്നു വച്ച് ഇതു സംഭവിക്കാതിരിക്കില്ല കേട്ടോ; ആ വെള്ളം വൃക്കയിലെ ട്യൂബ്യൂളുകളിലും മൂത്രസഞ്ചിയിലുമായി നഷ്ടപ്പെട്ടാലും ഇതു തന്നെ അവസ്ഥ)

മദ്യങ്ങള്‍ വാറ്റുമ്പോള്‍ ഉണ്ടാകുന്ന ടാനിനുകളും മറ്റ് അശുദ്ധപദാര്‍ത്ഥങ്ങളും ഹാംഗോവറുകള്‍ക്ക് ഒരു കാരണമാണ്. കണ്‍ജീനേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഇവ വര്‍ഷങ്ങള്‍ പഴക്കിയെടുത്ത വാറ്റു മദ്യങ്ങളിലാണ് കൂടുതല്‍ . പല മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതരം ‘അശുദ്ധ’ പദാര്‍ത്ഥങ്ങളും കലര്‍ന്ന് ഉള്ളില്‍ പോകുന്നതിനാലാവാം, ‘കെട്ടും’ കൂടുതലായിക്കാണുന്നത്. ഗ്ലൂട്ടമീന്‍ എന്ന നാഡീരസം ഉണര്‍വ്വിനു സഹായിക്കുന്ന മസ്തിഷ്ക രാസവസ്തുവാണ്. ഗ്ലൂട്ടമീന്റെ മസ്തിഷ്കത്തിലെ അളവ് മദ്യപാനസമയത്ത് താഴ്ന്നിരിക്കുകയും മദ്യത്തിന്റെ നേരിട്ടുള്ള “മന്ദിപ്പിക്കലി”ന്റെ ഇഫക്റ്റ് പോയാല്‍ ഉയരുകയും ചെയ്യുന്നു. ഉറക്കത്തെയാണ് ഇത് ബാധിക്കുക. വെള്ളമടികഴിഞ്ഞുള്ള ഉറക്കം പലപ്പോഴും “മുറിഞ്ഞ് മുറിഞ്ഞ്” ആണ് സംഭവിക്കുക - REM stage ഉറക്കം ശരിയാകുന്നില്ല, മൊത്തത്തിലുള്ള ഉറക്കസ്റ്റേജുകളുടെ ക്രമവും തെറ്റുന്നു. ഇവയൊക്കെക്കൂടിച്ചേര്‍ന്നാണ് “ഹാംഗ് ഓവറി”നു രൂപം നല്‍കുക.
ഹാംഗ് ഓവര്‍ സമയത്ത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരെ താഴ്ന്നുതുടങ്ങും. കാരണം ആല്‍ക്കഹോള്‍ ഏതാണ്ട് മുഴുവനും തന്നെ ആദ്യഘട്ട ദഹനം കഴിഞ്ഞ് ആല്‍ഡിഹൈഡ് ആയിട്ടുണ്ടാവും. അപ്പോള്‍ ആല്‍ക്കഹോളിന്റെ ആഗിരണം തടയുമെന്ന് വിചാരിച്ച് തൈരോ കരിഞ്ഞ ബ്രെഡ്ഡോ പാലോ കുടിപ്പിച്ചാലൊന്നും പ്രയോജനമില്ല. ആല്‍ഡിഹൈഡ് ഉണ്ടാക്കുന്ന “രക്തക്കുഴല്‍ വികാസം” മൂലം വരുന്ന തലവേദനയെ തടയാന്‍ കാപ്പി ഒരു മറുമരുന്നാണ്. എങ്കിലും കാപ്പി ആല്‍ക്കഹോളിനെ പോലെത്തന്നെ ശരീരജലാംശം കുറയ്ക്കുന്നു.

“കെട്ട്” ഇറങ്ങാന്‍ ശാസ്ത്രീയമായി സാധുതയുള്ള ചില സാധനങ്ങള്‍ ഇവയാണ് :
1.ഏറ്റവും നല്ല മരുന്ന്, വിശ്രമവും, ഉറക്കവും തന്നെയാണ്.
2.പഴച്ചാര്‍ , ഓറഞ്ച് , വാഴപ്പഴം - ഇവയില്‍ പൊട്ടാഷ്യവും മറ്റ് ലവണങ്ങളും ഉള്ളതിനാല്‍ ലവണനഷ്ടം നികത്താം .
3. വെള്ളമടിപ്പിറ്റേന്ന് മുട്ട, തൈര്, പാല് എന്നിവ കഴിക്കുന്നത് - ഇതിലെ സിസ്റ്റീന്‍ എന്ന അമിനോ അമ്ലം ഗ്ലൂട്ടാത്തയോണ്‍ എന്ന മാംസ്യം നിര്‍മ്മിക്കാന്‍ ആവശ്യമുണ്ട്. കരളിന് ആല്‍ഡിഹൈഡിനെ ദഹിപ്പിക്കുവാന്‍ ആവശ്യമുള്ളതാണ് ഗ്ലൂട്ടാത്തയോണ്‍ . എന്നാല്‍ ഈ ‘ഒറ്റമൂലി’ക്ക് പ്രവര്‍ത്തിച്ചു വരാന്‍ സമയമൊത്തിരി എടുക്കും. (മദ്യപാനികള്‍ക്കുള്ള ചില ടിപ്പുകള്‍ താഴെകൊടുത്തിട്ടുള്ളത് കൂടി നോക്കുക)

ഇത്രവായിച്ചിട്ടും ‘കണ്ട്രോള് ’ കിട്ടാത്തവര്‍ക്കായ് ചില മദ്യപാന ടിപ്പുകള്‍
(‘വനിത’ സ്റ്റൈലില്)
മദ്യപാനം മിതമായി മാത്രം: പുരുഷന്മാരില്‍ പ്രതിദിനം 2 ഡ്രിങ്കും സ്ത്രീകള്‍ക്ക് 1 ഡ്രിങ്കും ആണ് പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിധി. രണ്ടാഴ്ച അടിക്കാതിരുന്നിട്ട് എല്ലാ ദിവസത്തേം കൂടി ക്വോട്ടാ ഒറ്റയിരുപ്പിനു അടിക്കുന്ന ആ നമ്പരുണ്ടല്ലോ, അത് കൈയ്യീ വച്ചേരണ്ണാ.

പബ്ലിക്കായി അടിച്ചാല്‍ അയ്യപ്പന്‍വിളക്കും വില്ലടിച്ചാമ്പാട്ടും കഴിച്ചിട്ടേ ഇറങ്ങൂ എന്നുറപ്പുള്ളവര്‍ കുടിക്കുമ്പോള്‍ ആഹാരം കൂടെ കഴിക്കുക. ആഹാരം വയറ്റിലെ ആല്‍ക്കഹോളിന്റെ ആഗിരണം പതുക്കെയാക്കുന്നു. മാംസ്യം(പ്രോട്ടീന്‍) കൂടുതലുള്ള ആഹാരമായാല്‍ നല്ലത് : മാംസമോ കപ്പലണ്ടിയോ ഒക്കെ.

ഒരേ വീര്‍പ്പിനിരുന്ന് അടിക്കാതിരിക്കുക. ഡ്രിങ്കുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കുക. ആ ഗ്യാപ്പില്‍ ആഹാരമോ ജ്യൂസോ കഴിക്കാവുന്നതാണ്. രക്തത്തിലെ മദ്യത്തിന്റെ അളവ് താഴാന്‍ ഇടവേളകള്‍ ഉപകരിക്കും. മാത്രവുമല്ല, പിറ്റേദിവസം കാലത്തുണ്ടാകാന്‍ സാധ്യതയുള്ള തലവേദന, ഓക്കാനം എന്നിവയ്ക്ക് ഒരു കാരണം ശരീര ജലാംശം കുറയുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാനും ഡ്രിങ്കുകള്‍ക്കിടയില്‍ മറ്റു ലഹരിരഹിതപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.

പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമൊക്കെ മദ്യപിക്കുമ്പോള്‍ പലപ്പോഴും ഫിറ്റാണോ അല്ലയോ എന്നൊന്നും സ്വയം അറിയാന്‍ പലര്‍ക്കും പറ്റാറില്ല. ഒരു സ്ഥലത്ത് തന്നെയിരുന്ന് മദ്യപിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക എന്നത് അതിനൊരു പോംവഴിയാണ്. നടപ്പിലും കൈകാലുകളുടെ ചലനങ്ങളിലുമൊക്കെയുള്ള മാറ്റങ്ങള്‍ അറിയാന്‍ ഇതുപകരിക്കും.

‘കെട്ട്’ ഇറങ്ങാന്‍ തൈര് കുടിപ്പിക്കുക, തലയിലൂടെ വെള്ളമൊഴിക്കുക, കാപ്പി കുടിപ്പിക്കുക തുടങ്ങിയ പല വിദ്യകളും പല നാട്ടുകാര്‍ പരീക്ഷിക്കാറുണ്ട്. വിശ്വാസങ്ങള്‍ എന്നല്ലാതെ അവയില്‍ യാഥാര്‍ത്ഥ്യം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആല്‍ക്കഹോളിന്റെ രക്ത അളവും അതിനെ “ദഹിപ്പിക്കുന്ന”തിന്റെ തോതും അനുസരിച്ചാണ് ലഹരിയുടെ ഇഫക്റ്റ് കുറഞ്ഞു വരുന്നത്. ബാക്കിയെല്ലാം പടം! (തൈരിനും പാലിനും ലഹരി ഇറക്കാന്‍ കഴിവില്ലെങ്കിലും ഹാംഗ് ഓവര്‍ മാറ്റാന്‍ കഴിവുണ്ട്.)

നിങ്ങള്‍ മദ്യപിക്കുമ്പോള്‍ ആ അന്തരീക്ഷമാണ് മദ്യത്തിന്റെ ഇഫക്റ്റുകളെ എറ്റവും നന്നായി സ്വാധീനിക്കുക. സന്തോഷം നിറഞ്ഞ/ആഘോഷ വേളകളിലെ മദ്യപാനം (തല്‍ക്കാലത്തേയ്ക്കാണെങ്കില്‍ പോലും) ആഹ്ലാദം കൂട്ടുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുമ്പോള്‍ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലെ മദ്യപാനം , ആ സങ്കടം വര്‍ധിപ്പിക്കുന്നതായാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദു:ഖിതരേ, വെള്ളമടിച്ച് ദു:ഖം മറക്കാമെന്ന് വിചാരിച്ച് കാശ് കളയണ്ട.

ഏതെങ്കിലുമൊക്കെ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ കഴിവതും മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക മരുന്നുകളും കരളിലാണ് അവസാനമായി ചയാപചയാപ്രക്രിയകളിലൂടെ ദഹിപ്പിക്കപ്പെടുക. ഇതിനു സഹായിക്കുന്ന രാസത്വരകങ്ങളെ മദ്യം പലവിധത്തില്‍ സ്വാധീനിക്കാമെന്നതിനാല്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.

അധികമായാല്‍ ...എന്നല്ല, അല്പമായാല്‍ തന്നെ വിഷമാണ് ഈ ‘അമൃത്’. നിരോധനവും ‘കിട്ടാക്കനി’ ആക്കലുമല്ല ഉത്തരവാദിത്വത്തോടെയുള്ള ആസ്വാദനമാണ് പ്രായോഗികമായിട്ടുള്ളത്.



എഡിറ്റ് :
1.ഈ വിഷയത്തില്‍ ദേവേട്ടന്‍ ആയൂരാരോഗ്യത്തിലെഴുതിയ പഴയ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തിനു നന്ദി.

2. വായനക്കാരുടെ ചില സംശയങ്ങള്‍ക്ക് ഈ പോസ്റ്റിലെ തന്നെ ഈ കമന്റില്‍ ഉത്തരമെഴുതിയത് നോക്കുക.


*cartoon courtesy: zania dot com