Showing posts with label മ്യൂട്ടേഷന്‍. Show all posts
Showing posts with label മ്യൂട്ടേഷന്‍. Show all posts

ജീവന്റെ പുസ്തകം : ചില ‘ജനിതക’ ചിന്തകള്‍

മുന്നോടി

ജീനുകളെക്കുറിച്ചും പാരമ്പര്യമായി നമുക്കു ലഭിക്കുന്ന കഴിവുകളെക്കുറിച്ചും ജനിതകസാങ്കേതിക വിദ്യകളെക്കുറിച്ചും ജീനുകളില്‍ വരുന്ന മ്യൂട്ടേഷനുകള്‍, ക്യാന്‍സര്‍, വൈറസ് ബാധ തുടങ്ങിയവയെക്കുറിച്ചുമൊക്കെ വളരെയധികം തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട് ഈ വിവരസാങ്കേതികയുഗത്തിലും. ജനിതകമായി കിട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്നു പറയുന്നു ചിലര്‍. യുഗങ്ങളായി ഓരോ സമൂഹവും ആര്‍ജ്ജിച്ച അറിവുകള്‍ (aquired knowledge) - അതും പൂര്‍വ്വ ജന്മത്തില്‍ ആര്‍ജ്ജിച്ച അറിവുകള്‍ വരെ (!) ജനിതകവസ്തുവില്‍ ആലേഖനം ചെയ്യപ്പെടുന്നു എന്ന് മറ്റു ചില "അതിബുദ്ധിമാന്മാര്‍".
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ജീനുകള്‍ ? എന്താണ് ക്രോമസോം ? എന്തൊക്കെ അറിവുകളും കഴിവുകളുമാണ് ജീനുകളില്‍ ആ‍റ്റിക്കുറുക്കിയിരിക്കുന്നത് ? നമുക്ക് ഈ വിഷയങ്ങളിലൂടെ ഒരു യാത്ര പോകാം. അറിവിലെ നെല്ലും പതിരും വേര്‍തിരിക്കാം, ശാസ്ത്രത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും....

ഗഹനമായ വിഷയമായതുകൊണ്ടും, ഓരോ ഭാഗവും നന്നായി മനസ്സിലാക്കിയിട്ടുമാത്രം അടുത്തഭാഗം തുടങ്ങണം എന്നതുകൊണ്ടും നാലോ അഞ്ചോ ലേഖനങ്ങളുടെ ഒരു പരമ്പരയായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. മല്ലു ബ്ലോഗിലെ ജനിതകശാസ്ത്രവിദഗ്ധരായ എല്ലാ ചേട്ടന്മാരില്‍ നിന്നും ചേച്ചിമാരില്‍ നിന്നും കൂട്ടിച്ചേര്‍ക്കലുകളും അനുബന്ധക്കുറിപ്പുകളും സവിനയം ക്ഷണിക്കുന്നു.


ജീവന്റെ പുസ്തകം : ഭാഗം 1
ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം

ജനിതകവസ്തു അഥവാ ക്രോമസോമുകള്‍ നമ്മുടെ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) ചെറു ചുരുളുകളായി കാണപ്പെടുന്ന ഡി.എന്‍.ഏ തന്മാത്രാമാലയുടെയും അനുബന്ധ പ്രോട്ടീനുകളുടെയും സാന്ദ്രീകൃത രൂപമാണ് . കുറേയേറെ തന്മാത്രകള്‍ മാലപോലെ കോര്‍ത്തുകിടക്കുന്ന നൂല്‍ ചുരുളുകളായി ഇവയെ സങ്കല്‍പ്പിക്കുന്നതാവും എളുപ്പം. ഇവയുടെ അതിസൂക്ഷ്മരൂപം നോക്കിയാല്‍ ഡി.എന്‍.ഏ അഥവാ ഡി ഓക്സി റൈബോന്യൂക്ലിക് ആസിഡ് എന്ന രാസവസ്തുവാണ് ഇതിന്റെ പ്രധാനഘടകമെന്നു മനസിലാവും. ഈ നേര്‍ത്തനാരുകള്‍ മറ്റുചില തന്മാത്രകളുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതിനെ ന്യുക്ലിയോസോമുകള്‍ എന്ന് വിളിക്കാം. ഈ ന്യൂക്ലിയോസോം ചുരുളുകള്‍ വീണ്ടും സ്പ്രിങ്ങുപോലെ ചുരുണ്ട് ക്രൊമാറ്റിന്‍ എന്ന പേരില്‍ നൂല്‍ പോലെ കിടക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും ക്രൊമാറ്റിന്‍ ആണ് ആത്യന്തികമായി ചുരുണ്ട് കമ്പിളിനൂല്‍ പോലുള്ള ക്രോമസോമുകള്‍ ആയി കോശകേന്ദ്രത്തില്‍ കിടക്കുന്നത്. (ചിത്രം1 കാണുക)

സാധാരണ നിലയിലുള്ള ഒരു കോശത്തിന്റെ ന്യൂക്ളിയസിനുള്ളില്‍ ജനിതകവസ്തു ക്രോമാറ്റിന്‍ രൂപത്തിലാണുണ്ടാവുക. കോശം വിഭജനത്തിനു തയ്യാറെടുക്കുമ്പോഴാണ് ഈ ക്രോമാറ്റിന്‍ നാരുകള്‍ കട്ടിയാര്‍ന്ന് ക്രോമസോമുകളാവുക.


ഡി.എന്‍.ഏ എന്ന രാസവസ്തുവിനെ വളരെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അത് ഒരു ചുരുളന്‍ കോണിയുടെ രൂപത്തിലാണെന്നു കാണാം. ഇതിനു പ്രധാനമായും രണ്ടു ഘടകങ്ങളുണ്ട്: കൈവരികളും പടികളും. പഞ്ചസാര കണികകളോട് ബന്ധിപ്പിച്ചിരിക്കുന്ന ക്ഷാരഗുണമുള്ള (നൈട്രജന്‍ അടങ്ങിയ അമിനോ അംഗം ഉള്ള) രാസവസ്തുക്കളാണ് അഡനീന്‍, തൈമീന്‍, ഗ്വാനീന്‍, സൈറ്റോസിന്‍ എന്നിവ. ഇവയെ നൈട്രജന്‍ ബേയ്സുകള്‍ എന്നു വിളിക്കുന്നു. ഈ രാസവസ്തുക്കളുടെ ആദ്യാക്ഷരങ്ങളാണ് A, T, G, C എന്നത്. ആര്‍.എന്‍.ഏ എന്ന രണ്ടാം ജനിതകവസ്തുവിലാകട്ടെ തൈമീനു പകരം യുറാസില്‍ (U) ആണുള്ളത്. പഞ്ചസാരകണികകളുമായി ബന്ധിതമായ അഡനീനും, തൈമീനുമൊക്കെ ഫോസ്ഫോറിക് ആസിഡുമായി പ്രതിപ്രവത്തിക്കുമ്പോള്‍ ഇവയുടെ ഫോസ്ഫേറ്റുകള്‍ ഉണ്ടാകുന്നു. ഇവയാണ് ന്യൂക്ളിയോ ടൈഡുകള്‍. ഈ ചുരുളന്‍ കോണിയുടെ ‘പടി’ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് നൈട്രജന്‍ ബേയ്സുകള്‍ കൊണ്ടാണ്. അതേസമയം കൈവരികള്‍ ഫോസ്ഫേറ്റ്/പഞ്ചസാര സംയുക്ത ഭാഗം കൊണ്ടും. (ചിത്രം 2 കാണുക)



ഈ ഭീമന്‍ തന്മാത്രയുടെ ഫോസ്ഫേറ്റ് അംഗത്തില്‍ ഉള്ള OH (ഹൈഡ്രോക്സില്‍) അംഗം മറ്റൊരു ന്യൂക്ളിയോടൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ഹൈഡോക്സില്‍ അംഗവും രണ്ടാമത്തെ ന്യൂക്ളിയോടൈഡിന്റെ പഞ്ചസാരയുടെ CH2 അംഗവും ചേരുന്നു. ഒരു H2O (ജലം) തന്മാത്ര ഉണ്ടാകുന്നതോടെ, ഈ രണ്ടു ന്യൂക്ളിയോടൈഡുകളും ബന്ധിതമാകുന്നു. ഇങ്ങനെ ഒരു ചങ്ങലപോലെ ന്യൂക്ളിയോടൈഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ ചുരുളന്‍ കോണിയുടെ ഒരു പകുതി കിട്ടുന്നു. ഇതേ രീതിയില്‍ത്തന്നെയാണ് മറുപകുതിയും ഉണ്ടാവുന്നത്. എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഒരു അഡനീന്‍ തന്മാത്ര ഒരു തൈമീന്‍ കണികയുമായി മാത്രമേ ബന്ധം സ്ഥാപിക്കൂ. ആര്‍.എന്‍.ഏയിലാണെങ്കില്‍ തൈമീനില്ലാത്തതുകൊണ്ട് യുറാസിലുമായിട്ടാണ് ഈ ബന്ധം. ഒരു ഗ്വാനീന്‍ തന്മാത്രയാകട്ടെ ഒരു സൈറ്റോസിനുമായി മാത്രമേ ബന്ധപ്പെടൂ. ഹൈഡ്രജന്‍ ബോണ്ടുകള്‍ എന്നു വിളിക്കപ്പെടുന്ന തരം ബന്ധമാണ് ഇവയൊക്കെ തമ്മില്‍. (ചിത്രം 3 നോക്കുക)



അപ്പോള്‍ ഡി.എന്‍ ഏ കോണിയുടെ ഒരു പകുതിയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റംവരെ ന്യൂക്ളിയോടൈഡുകള്‍ AAG CTTGC...എന്നിങ്ങനെയാണ് അടുക്കിയിരിക്കുന്നതെങ്കില്‍ മറുപകുതിയില്‍ അക്ഷരങ്ങള്‍ TTCGAACG... എന്നപ്രകാരമായിരിക്കും. ഡി.എന്‍.ഏ കോണിയുടെ ഈ രണ്ട് കൈവരികള്‍ക്കും തങ്ങളില്‍ നിന്നും വേര്‍പ്പെട്ടുളള ഒരു സ്വതന്ത്രനിലനില്‍പ്പില്ല. ഇവ രണ്ടുപാമ്പുകള്‍ പിണഞ്ഞുകിടക്കുംപോലെ ഇഴചേര്‍ന്നു നില്‍ക്കുന്നു. ന്യൂക്ലിയോടൈഡുകള്‍ തമ്മിലുള്ള ഹൈഡ്രജന്‍ ബന്ധനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട് - ഈ ബന്ധനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇഴപിരിയാനും വേണ്ടപ്പോള്‍ ഇഴമുറുകാനും സാധിക്കും.


കോശത്തിനകത്ത് ന്യൂക്ളിയസ് എന്ന് വിളിക്കുന്ന കോശകേന്ദ്രത്തിലാണ് ഡി.എന്‍.ഏ പോലുള്ള ജനിതകവസ്തുക്കള്‍ കാണുക. കോശം വിഭജിക്കേണ്ടി വരുമ്പോള്‍, അല്ലെങ്കില്‍ വളരുമ്പോള്‍, ഈ കോശകേന്ദ്രവും രണ്ടാകും. അതിനു മുന്നോടിയായി ഡി.എന്‍.ഏ.യുടെ ഇരട്ടിക്കലും നടക്കും. ഈ ഇരട്ടിക്കല്‍, അഥവാ ഡി.എന്‍.ഏയുടെ പകര്‍പ്പ് എടുക്കലാണ് ‘റെപ്ളിക്കേഷന്‍ ’. പിരിയന്‍ കോണിയുടെ കൈവരികള്‍ പിരിയുന്നത് ഈ അവസരത്തിലാണ്. ഇഴപിരിഞ്ഞു കഴിഞ്ഞാല്‍ രണ്ട് വ്യത്യസ്ഥ നൂലുകള്‍ പോലെ ഇവ നില്‍ക്കുന്നു. ഈ 'നൂലുക'ളിലോരോന്നിന്റെയും പകര്‍പ്പെടുക്കുന്നു പകര്‍പ്പുകളും ഇതുപോലെ പിരിയന്‍ കോണികള്‍ ആയിത്തീരും. പകര്‍പ്പെടുത്തു കഴിഞ്ഞാലുടന്‍ പിരിഞ്ഞു നിന്ന കൈവരികള്‍ വീണ്ടും പിണയും. ഈ ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരക്കണക്കിനു പ്രോട്ടീന്‍ തന്മാത്രകള്‍ കോശത്തിനകത്തു പണിയെടുക്കുന്നുണ്ട്. ഒരു ഫാക്ടറിയിലെ തൊഴിലാളികളെന്നപോലെ. ഈ പ്രോട്ടീനുകളില്‍ വാഹനങ്ങളുണ്ട് -ട്രാന്‍സ്പോര്‍ട്ടര്‍ പ്രോട്ടീനുകള്‍. മറ്റു തന്മാത്രകളെ ചുമന്നുകൊണ്ടു പോകുക എന്നതാണിവയുടെ ജോലി. ഇവയുടെയിടയില്‍ എന്‍സൈമുകള്‍ എന്നു വിളിക്കപ്പെടുന്ന രാസത്വരക പ്രോട്ടീനുകളും (catalyst) ഉണ്ട്. രാസപ്രതിപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും, ഇഴപിരിഞ്ഞു നില്‍ക്കുന്ന ഡി.എന്‍.ഏ യെ വീണ്ടും ഇഴചേര്‍ക്കാനും, പുതിയ ഡി.എന്‍.ഏ തന്മാത്ര നിര്‍മ്മിക്കാനാവശ്യമായ ന്യൂക്ളിയോടൈഡ് കണികകള്‍ കൊണ്ടുവരുവാനും ഫോസ്ഫേറ്റ് അംഗവും പഞ്ചസാര തന്മാത്രയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വഴി അവ തമമില്‍ ഒട്ടിച്ചു ചേര്‍ക്കാനുമൊക്കെ പ്രോട്ടീനുകള്‍ അദ്ധ്വാനിക്കുന്നു. ഈ അര്‍ത്ഥത്തില്‍ പ്രോട്ടീനുകളാണ് ജീവന്റെ അടിസ്ഥാനമായ തന്മാത്രകള്‍ എന്നു പറയുന്നതില്‍ തെറ്റില്ല. നമ്മുടെ ഏതൊരു ജൈവ/അജൈവ പ്രവര്‍ത്തനവും പ്രോട്ടീനുകളുടെ സഹായത്തോടെയേ നടക്കൂ. ഈ പ്രോട്ടീനുകളെ നിര്‍മ്മിക്കുന്നതിനാവശ്യമായ കോഡുകളാണ് ഡി.എന്‍.ഏ യില്‍ നാം കണ്ട A യും T യും C യും എല്ലാം....
അതേക്കുറിച്ചൊക്കെ വിശദമായി അടുത്ത ഭാഗങ്ങളില്‍ പറയാം.

ചിത്രങ്ങള്‍ താഴെപ്പറയുന്നവയില്‍ നിന്നും അടിച്ചുമാറ്റി രൂപാന്തരപ്പെടുത്തിയതാണ് :
1 & 3. ദില്ലി ഐ.ഐ.റ്റിയുടെ Bioinformatics & Computational Biology വെബ് സൈറ്റ്.
2. അമേരിക്കന്‍ നാഷ്നല്‍ ലൈബ്രറി ഒഫ് മെഡിസിന്‍.

മൈക്രോ വേവ് അവനുകളും ചില തെറ്റിദ്ധാരണകളും : അശോക് കര്‍ത്താ മാഷിനൊരു മറുപടി

ഈ പോസ്റ്റ് micro wave oven-കളെ കുറിച്ച് അശോക് കര്‍ത്താ മാഷ് ഉന്നയിച്ച ചില സംശയങ്ങളുടെ മറുപടിയായാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ ബ്ലോഗിലെ പക്ഷിപ്പനിയെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റില്‍ വന്ന അദ്ദേഹത്തിന്റെ രണ്ടു കമന്റുകള്‍ ഇവിടെ ഉദ്ധരിക്കുന്നു. (ലിങ്കുകളോടൊപ്പം)



Comment 1
ak said... പോസ്റ്റ് നന്നായിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്ന നൂതന ഉപകരണങ്ങളായ
മക്രോവേവ് അവനും കണ്ഡക്റ്റീവ് ഹീറ്ററും നമ്മള്‍ വിചാരിക്കുന്ന പോലെ നിര്‍ദ്ദോഷമായ
താപ ഉപകരണങ്ങളല്ല. കുറഞ്ഞപക്ഷം ഒരു വൈദ്യശാസ്ത്രജ്ഞന്റെ വീക്ഷണത്തിലെങ്കിലും. താങ്കള്‍ക്ക് ഒരു മക്രോവേവ് അവന്‍ ഉണ്ടെങ്കില്‍ ഇനി പറയുന്ന പരീക്ഷണം ഒന്നു ചെയ്തൂ നോക്കു.

1.ഒരു ബ്രഡ് റ്റോസ്റ്റ് ചെയ്യാന്‍ വയ്ക്കുമ്പോള്‍ അതില്‍ ഒരു
ഉറുമ്പിനേക്കൂടി വയ്ക്കുക. താങ്കള്‍ പറയുന്ന 160 ഡിഗ്രി താപം തന്നെ നല്‍കു. പാചകം
കഴിഞ്ഞ് ഉറുമ്പിനെന്തു സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക. പാറ്റയെ ഉപയോഗിച്ചും
ഇതൊന്നു ആവര്‍ത്തിക്കുക.

2.ഒരല്പം പാലോ തൈരോ അവനില്‍ വച്ച് ചൂടാക്കുമ്പോള്‍ അതിലെ
ബാക്റ്റീരിയങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ശാസ്ത്രീയമായി നോക്കുക.ഈ
പരീക്ഷണങ്ങളുടെ ഫലം താങ്കളുടെ പോസ്റ്റുകള്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച
നല്‍കുമെന്നാണു എന്റെ വിശ്വാസം
.
3/2/08 11:28 PM

Comment 2
ak said... ഡോ.സൂരജ്,മൈക്രോ വേവ് അവനില്‍ ടിഷ്യൂ-ഹീറ്റിങ്ങ് വഴിയാണു ഭക്ഷണം
പാകമാകുന്നത്. അത് പോളിമറൈസ്‌ഡ് ചെയിന്‍ റീയാക്ഷനു ഇടയാക്കുന്നു. അത്
മനുഷ്യകലകളില്‍ അണുരണനമോ ആവര്‍ത്തനമോ ഉണ്ടാക്കുമ്പോള്‍.........PCR
ആവര്‍ത്തിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഞാന്‍ പറയണോ?താങ്കളുടെ ജിജ്ഞാസ
ഉണര്‍ത്താന്‍ ഇത്രയും മതിയാകുമെന്ന് തോന്നുന്നു....

8/2/08 7:56 PM

പ്രിയ അശോക് കര്‍ത്താ മാഷ്,

ഒന്നുകില്‍ താങ്കള്‍ മൈക്രോവേവ് അവനുകളെയും (micro wave oven) മൈക്രോതരംഗങ്ങളെയും കുറിച്ച് കാര്യമായ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. അല്ലെങ്കില്‍ താങ്കള്‍ ഫിസിക്സ് പഠിച്ചിട്ടില്ല. ഗൂഗിള്‍ പൊലൊരു സെര്‍ച്ച് എഞ്ചിന്‍ കൈയ്യിലുള്ളപ്പോള്‍ ഏതെങ്കിലും നല്ല ശാസ്ത്ര സൈറ്റില്‍ പോയി ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളെക്കുറിച്ചും മ്യൂട്ടേഷനെക്കുറിച്ചും PCR ടെക്നോളജിയെക്കുറിച്ചും വായിക്കുന്നതു നല്ലതായിരിക്കുമെന്ന് കരുതുന്നു. തെറ്റിദ്ധാരണകള്‍ മാറ്റാം.ഏതായാലും ഇവിടെ ഓഫ് ടോപ്പിക് ആയിട്ടാണേലും ഇതുന്നയിച്ച സ്ഥിതിക്ക് ചെറിയൊരു വിശദീകരണം മാത്രം തരാം. മറുപടി നീണ്ടുപോയതുകൊണ്ടും, ഈ വിഷയത്തെ കുറിച്ച് മറ്റാളുകള്‍ക്കു ചിലപ്പോള്‍ സംശയം ഉണ്ടാകാം എന്നതു കൊണ്ടും എല്ലാവര്‍ക്കും ഉപകാരപ്രദമാകട്ടെ എന്ന താല്പര്യത്തോടെ ഇവിടെ ഇതു പോസ്റ്റായി ഇടുന്നു.

1. മൈക്രോ തരംഗങ്ങള്‍ വളരെ വളരെ ഊര്‍ജ്ജം കുറഞ്ഞ (ഏതാണ്ട് 2450 മെഗാ ഹെര്‍ട്സ് മാത്രമുള്ള ഫ്രീക്വന്‍സി) തരംഗങ്ങളാണ്. അവ കോശത്തിനുള്ളില്‍ കടന്ന് ജനിതക വസ്തുക്കളേയോ പ്രോട്ടീനുകളെയോ ഇഴപൊട്ടിച്ച് മ്യൂട്ടേഷനുണ്ടാക്കുകയില്ല. അത്തരം പ്രശ്നങ്ങള്‍ കാണിക്കുന്നത് അയോണൈസിംഗ് റേഡിയേഷനുകള്‍ (ionizing rays) എന്നറിയപ്പെടുന്ന ചില ഫ്രിക്വന്‍സി (ഊര്‍ജ്ജം) കൂടിയ തര‍ം ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാണ്. ഉദാഹരണം - എക്സ് റേ, കോസ്മിക് റേ എന്നിവ.


2. ടിഷ്യൂ ഹീറ്റിംഗ് വഴിയാണ് മൈക്രോ വേവ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് ടിഷ്യൂവിനെ ‘ഹീറ്റ്’ചെയ്യുന്നതെന്ന് അറിയാമോ ? പറഞ്ഞുതരാം : മൈക്രോ തരംഗങ്ങള്‍ ഭക്ഷണത്തിലെ വെള്ളത്തിന്റെ കണികകളെ (water molecules-നെ) ഒരു കാന്തത്തിന്റെ സൂചിയെ പോലെ വട്ടം ചുറ്റിക്കുന്നു. മൈക്രോതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഫീല്‍ഡില്‍ ജലകണിക ഒരു കാന്തസൂചികണക്കെ ചാഞ്ചാടുന്നു (ഇതിനെ Water Dipole എന്ന് പറയും). ഈ Water Dipole മൈക്രോതരംഗവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചൂടിന്റെ രൂപത്തില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഈ ചൂടുകാരണം ഭക്ഷണം പാചകം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ മോളിക്യൂളുകളെ മാത്രം ആശ്രയിച്ച് ചൂടുല്‍പ്പാദിപ്പിക്കുന്നതിനാലാണ് മൈക്രോ വേവ് അവനുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ നേരിട്ട് ചൂടാകാതിരിക്കുന്നത്. (ഭക്ഷണത്തിന്റെ ചൂട് ഒരല്പം സ്പര്‍ശനത്തിലൂടെ പകര്‍ന്നു കിട്ടുന്നതുകൊണ്ട് മാത്രമാണ് പാത്രങ്ങള്‍ അവനില്‍ ചൂടാകുക.)


3. ഇനി ഈ ചൂടാകല്‍ കോണ്ട് കോശങ്ങളില്‍ എന്തു സംഭവിക്കുമെന്നോ ? അതറിയാന്‍ ഒരു മുട്ട സാദാ സ്റ്റൌവില്‍ വച്ച് പുഴുങ്ങുമ്പോള്‍ എന്തുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ മതി. മുട്ടയിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭാഗമായ ദ്രാവക ഭാഗം protein coagulation വഴി വെളുത്ത് കട്ടിയുള്ള വെള്ളക്കരുവാകുന്നു. കൊളസ്ട്രോള്‍ കൂടിയ മഞ്ഞ ഭാഗം കൊയാഗുലേഷന്‍ വഴി മഞ്ഞക്കരുവും ആകുന്നു. ഇവിടെയൊന്നും ഒരു മ്യൂട്ടേഷനും നടക്കുന്നില്ല. വെറും ചൂടിന്റെ ഇഫക്റ്റ് മാത്രമാണുള്ളത്. മാംസം മാത്രമല്ല പച്ചിലയും വേരും കിഴങ്ങുമൊക്കെ ഇങ്ങനെ പാചകം ചെയ്യുന്ന വേളയില്‍ ചൂടുകൊണ്ട് രാസഘടന മാറി കട്ടിയുള്ളതോ മൃദുവായതോ ഒക്കെയാവുന്നു. അവിടെയൊന്നും മ്യൂട്ടേഷന്‍ നടന്ന് താങ്കള്‍ പറയുമ്പോലെ PCR റിയാക്ഷനൊന്നും ഉണ്ടാകുന്നില്ല.
ഭക്ഷണം മൈക്രോ വേവ് അവനില്‍ പാകം ചെയ്താലും നേരിട്ട് സ്റ്റൌവിലോ അടുപ്പിലോ വച്ച് പാകപ്പെടുത്തിയാലും ഭക്ഷണത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ. അതില്‍ ഒരു പോളിമെറേയ്സ് ചെയിന്‍ റിയാക്ഷനും (PCR) ഇല്ല.


4. പോളിമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ (PCR) എന്നതു എന്താണെന്ന് താങ്കള്‍ക്കറിയാമോ എന്ന് ഈ ചോദ്യത്തില്‍ നിന്നും ഞാന്‍ സംശയിക്കുന്നു. അടിസ്ഥാനപരമായി PCR എന്നത് ഡി.എന്‍.ഏ മാലകളുടെ കോപ്പികള്‍ വേഗം നിര്‍മ്മിച്ചെടുക്കാനുള്ള ഒരു ശാസ്ത്രീയ ലാബോറട്ടറി ടെക്നിക്ക് മാത്രമാണ്.

ഉദാഹരണത്തിന് ഒരു ചെറിയ കഷണം ഡി.എന്‍.ഏ എന്റെ കൈയ്യില്‍ ഉണ്ടെന്നു കരുതുക. (ഒരു വൈറസിന്റെയോ ഒരു ബാക്ടീരിയത്തിന്റെയോ ജനിതക വസ്തു).എനിക്ക് എന്തെങ്കിലും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കണം എങ്കില്‍ ഇതിന്റെ കുറച്ചു കോപ്പികള്‍ (പകര്‍പ്പുകള്‍) എനിക്കു വേണം.അപ്പോള്‍ ഈ ചെറിയ കഷണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ ഡി.എന്‍.എ യുടെ കോപ്പികളെടുക്കാനാണ് PCR വിദ്യ ഉപയോഗിക്കുക. ആദ്യമായി ഒരു നിശ്ചിത ചൂടില്‍ PCR-നായി തയാറാക്കിയ യന്ത്രത്തില്‍ (ടെമ്പോ സൈക്ലര്‍) നമ്മുക്ക് കോപ്പികളെടുക്കേണ്ട ഡി.എന്‍ ഏ കഷണം ഇട്ട് തിളപ്പിക്കുന്നു. ഡി.എന്‍.ഏക്ക് രണ്ട് ഇഴകളാണ് ഉള്ളതെന്ന് ഓര്‍ക്കണം. ഒരു നിശ്ചിത ചൂടില്‍ ഈ രണ്ട് ഇഴകള്‍ പിരിയും. ഇങ്ങനെ പിരിഞ്ഞ ഇഴകളില്‍ ഓരോന്നില്‍ നിന്നും ഓരോ കുട്ടി ഇഴകളെ ഉണ്ടാക്കുകയാണ് അടുത്ത പടി (ഇതാണ് യഥാര്‍ത്ഥ ‘ഡി.എന്‍.ഏ-കോപ്പിയെടുക്കല്‍’). ഇതിനായി നമ്മുടെ ലായനിയില്‍ ഡി.എന്‍.ഏ-കോപ്പികളെടുക്കാന്‍ സഹായിക്കുന്ന ചില രാസത്വരകങ്ങള്‍ (enzymes-എന്‍സൈമുകള്‍) ഇടുന്നു. ഒപ്പം ഡി.എന്‍.ഏ നിര്‍മ്മിക്കാനാവശ്യമായ റൈബോ ന്യൂക്ലിയോറ്റൈഡ് (ribo nucleotides) ഗണത്തില്‍പ്പെടുന്ന മോളിക്യൂളുകളും. എന്‍സൈമിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള എല്ലാ അന്തരീക്ഷവും PCR-നായി തയാറാക്കിയ യന്ത്രത്തില്‍ നേരത്തേ സൃഷ്ടിച്ചിട്ടുണ്ടാകും. പുതുതായി ഉണ്ടാകുന്ന ഓരോ ഡി.എന്‍.ഏ മാലയെയും യന്ത്രത്തിലെ ലാ‍യനി വീണ്ടും ചൂടാക്കി ഇഴപിരിക്കുന്നു. ഇങ്ങനെ പിരിഞ്ഞു മാറുന്ന ഇഴകളോരോന്നില്‍ നിന്നും എന്‍സൈമുകള്‍ പുതിയ ഡി.എന്‍.ഏ മാലകളുണ്ടാക്കിയെടുക്കുന്നു. ഇങ്ങനെ നമുക്കാവശ്യമുള്ളത്രയും കോപ്പികള്‍ എടുക്കുന്നതിന് PCR യന്ത്രം സഹായിക്കുന്നു.
അശോക് കര്‍ത്താ മാഷേ, ഇനി പറയൂ എന്തുതരം PCR റിയാക്ഷനാണ് മൈക്രോവേവ് അവനില്‍ നിന്നുള്ള തരംഗങ്ങള്‍ ഏറ്റാല്‍ നമ്മുടെ കോശങ്ങളില്‍ ഉണ്ടാകുന്നത് ?


5. ഇനി അങ്ങ് പറയും പോലെ മൈക്രോവേവ് അവനിലെ ഭക്ഷണത്തില്‍ ചൂടേറ്റ് മ്യൂട്ടേഷന്‍ വരുമെന്നു തന്നെ ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. എന്നുവച്ച് ആഹാരത്തിലെ ഈ മ്യൂട്ടേഷന്‍ കഴിക്കുന്നവന്റെ ശരീരത്തില്‍ അതുപോലെ പ്രവേശിക്കും എന്നാണോ അങ്ങ് പറയുന്നത് ? എങ്കില്‍ ദഹനപ്രക്രിയയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയായേ അതിനെ കാണാനാവൂ.

ദഹിച്ചു കഴിഞ്ഞ ഏതൊരു ഭക്ഷണ പദാര്‍ത്ഥവും മാംസ്യമോ (പ്രോട്ടീന്‍), അന്നജമോ(കാര്‍ബോഹൈഡ്രെറ്റ്), കൊഴുപ്പോ (ഫാറ്റ്), റൈബോ ന്യൂക്ലിക് ആസിഡുകളോ (ജനിതകവസ്തുവിന്റെ പ്രധാനഘടകം) ഒക്കെയായിട്ടാണ് വയറിലേയും കുടലിലേയും കോശങ്ങളിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. അല്ലാതെ ക്യാരറ്റ് കഴിക്കുന്നവന്റെ രക്തത്തിലോ കോശങ്ങളിലോ ക്യാരറ്റ് അങ്ങനെതന്നെ കഷ്ണങ്ങളായി കിടന്ന് ഒഴുകുകയൊന്നുമില്ല. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തു മ്യൂട്ടേഷനുണ്ടേലും, എന്തു ജനിതക വൈകല്യം ഉണ്ടേലും അതൊന്നും ദഹനപ്രക്രിയകഴിഞ്ഞ് ശരീരത്തില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കളില്‍ ഉണ്ടാവില്ല. (ദഹനത്തെക്കുറിച്ച് വളരെ ലളിതമായും ഭംഗിയായും സുകുമാരന്‍ സര്‍ ഇവിടെ വിവരിച്ചിരിക്കുന്നത് താല്പര്യമുള്ളവര്‍ക്ക് വായിക്കാം. )


6. മൈക്രോ വേവ് അവനുകള്‍ ഇറങ്ങിയകാലം മുതല്‍ ഇതുപോലുള്ള ഒട്ടേറേ തെറ്റിദ്ധാരണകള്‍ അവയുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരുപാട് ചവറ് ഈ-മെയിലുകള്‍ ഇതേക്കുറിച്ച് അനാവശ്യഭീതി പരത്തിക്കൊണ്ട് കറങ്ങിനടക്കുന്നുമുണ്ട്. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ഫിസിക്സ് അറിഞ്ഞാല്‍ മതി !


7. മൈക്രോവേവ് അവനുകളില്‍ നിന്നും പുറത്തേയ്ക്ക് മൈക്രോ തരംഗങ്ങള്‍ വരാതിരിക്കാനായി ഒട്ടേറെ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതു മ്യൂട്ടേഷന്‍ ഭയന്നിട്ടൊന്നുമല്ല. മറ്റേതൊരു ഭക്ഷണവസ്തുവും ചൂടാകുന്നതുപോലെ മനുഷ്യശരീരവും ശക്തിയേറിയ മൈക്രോ വേവുകള്‍ ഏറ്റാല്‍ പൊള്ളും. അത് അബദ്ധത്തില്‍ സംഭവിക്കാതിരിക്കാനാണ് അവനുകളുടെ വാതില്‍ വളരെ സുരക്ഷിതമായ രീതിയില്‍ അടയ്ക്കാനും തുറക്കാനും കഴിയുന്ന ഒന്നായിരിക്കണം എന്ന നിഷ്കര്‍ഷ. മാത്രവുമല്ല, സ്റ്റാന്റിംഗ് വേവ് എന്ന തത്വപ്രകാരമാണ് ഇതിനുള്ളില്‍ മൈക്രോ വേവുകള്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ തരംഗങ്ങള്‍ oven-ന്റെ ഉള്ളിലെ ലോഹമതിലുകളില്‍ തട്ടി ഉള്ളിലേക്കു തന്നെ പ്രതിഫലിക്കുന്നു. അങ്ങനെ പരമാവധി തരംഗങ്ങള്‍ oven-ന്റെ ഉള്ളില്‍തന്നെ നിന്ന് ഭക്ഷണത്തെ ചൂടാക്കുന്നു. ഒട്ടും പുറത്തെ അന്തരീക്ഷത്തിലേക്ക് ലീക്ക് ചെയ്യുന്നുമില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ ലീക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പരമാവധി ഒരു ചതുരശ്ര സെന്റീമീറ്ററിന് 5 മില്ലി വാട്ട് (5 milliWatts/sq cm) എന്ന അളവില്‍ മാത്രമേ പുറത്ത് വരൂ. ഇതാകട്ടെ അവനില്‍ നിന്നും 2 ഇഞ്ച് അകലത്തിലെ കാര്യമാണ്. മൈക്രോവെവ് അവനില്‍ നിന്നും ഒരു കൈയ്യുടെ നീളത്തിന്റെയത്രയും ദൂരം മാറിനിന്നാല്‍ ഈ റേഡിയേഷന്‍ അളവ് വളരെ വളരെ കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ oven-ന്റെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നതായി കണ്ടിട്ടുമില്ല. ഒരു സാധാരണ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍ 1.6 വാട്ട് ആണ് എന്നോര്‍ക്കുക. ഇത് മൈക്രോ വേവ് അവനില്‍ നിന്നുണ്ടാകുന്നതിന്റെ 300 ഇരട്ടിക്ക് മുകളില്‍ വരും ! എന്നിട്ട് ഈയടുത്ത് പുറത്തുവന്ന 10 വര്‍ഷം നീണ്ട വലിയ പഠനങ്ങള്‍ പോലും മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നാണ് കണ്ടെത്തിയത് . അപ്പോള്‍ അതിനേക്കാളൊക്കെ എത്രയോ കുറഞ്ഞ റേഡിയേഷന്‍ മനുഷ്യശരീരത്തിലേല്‍പ്പിക്കാന്‍ സാധ്യതയുള്ള oven-നെ പഴിപറയുന്നത് എന്തിനാണാവോ ?

വാല്‍ക്കഷ്ണം :

ഈ പോസ്റ്റിന്റെ ലേഖകനോ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ മൈക്രോ വേവ് അവന്‍ ഉണ്ടാക്കുന്നവരുമായോ വില്‍ക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. ഈ ലേഖനം Oven കച്ചവടത്തെ പോഷിപ്പിക്കാനോ അതുപയോഗിക്കുന്നാതിനെ പ്രത്യേകിച്ചു പ്രോത്സാഹിപ്പിക്കാനോ എഴുതിയതുമല്ല !