മോന് എഞ്ചിനിയറിംഗ് വേണോ മെഡിസിനു പോണോ ?

മുന്‍‌വിളി: ഈ ബ്ലോഗ് തുടങ്ങിയത് 2007 നവംബറിലാണ്. എട്ടുവര്‍ഷം മുന്‍പ്‌ ഈ ആഴ്ച. മലയാള ബൂലോകത്തിന് രണ്ട് വയസോ മറ്റോ ഉള്ളപ്പോഴാണ് ലത്. "എഴുത്തച്ഛനു ശേഷം മലയാളം കണ്ടൂടിച്ചത് യാര് ?" എന്ന് യൂണിക്കോഡ്-ആസ്കി വിദ്വാന്മാര്‍ തര്‍ക്കിച്ചിരുന്ന കാലമാണതെന്ന് പില്‍ക്കാലത്ത് ബൂലോകചരിത്രകാരി/രന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ആദര്‍ശങ്ങളുമായി വൈദ്യപഠനം തുടങ്ങുകയും ബിരുദാനന്തരം പുറത്തിറങ്ങി പ്രാക്റ്റിസ് തുടങ്ങിയപ്പോള്‍ കാറും ബാറും പൂ*ത്തകാശിനെയും പറ്റിയല്ലാതെ വൈദ്യസര്‍ക്കിളുകളില്‍ മറ്റുവിഷയങ്ങള്‍ക്ക് പരിഗണന കാണാത്തതു കൊണ്ട്  മുഖ്യമായും ഒരു നിഷേധിയുടെ (dissenting insider) കുറിപ്പുകളെന്ന നിലയ്ക്കാണീ ബ്ലോഗും ബ്ലോഗെഴുത്തുതന്നെയും ആരംഭിച്ചത്. എന്റെ രാഷ്ട്രീയബോധ്യങ്ങളുടെ സ്വാഭാവികോല്പന്നമായിരുന്നു ഈ ബ്ലോഗിന്റെ ആദ്യകാലത്തെ ആന്റി-ആയുര്‍‌വേദ/ഹോമിയോ യുദ്ധങ്ങള്‍. ശാസ്ത്രവും അതിന്റെ മെഥഡോളജിയും കാറ്റും വെളിച്ചവും വെള്ളവുമൊക്കെപ്പോലെ സ്വാഭാവികവും സാര്‍‌വത്രികവുമാകണമെന്ന ധാരണയുടെയോ നിര്‍ബന്ധത്തിന്റെയോ ഫലമായിരുന്നു പിന്നീട് കൈക്കൊണ്ട curmudgeon അവതാരം. പല കപടശാസ്ത്രവാദങ്ങളെയും ഉള്ളിതൊലിക്കാന്‍ ഏറേ സമയം പാഴാക്കിയെന്നതില്‍ ചില്ലറ കുണ്ഠിതമൊക്കെ ഇന്ന് തോന്നുന്നുണ്ടെങ്കിലും എഴുതുന്ന ഭാഷയില്‍ ചിന്തിക്കാനും ചിന്തിക്കുന്ന ഭാഷ മൂര്‍ച്ചപ്പെടുത്താനും അത് സഹായിച്ചു എന്ന് ഇന്ന് തോന്നുന്നുണ്ട്. എന്നെ ഞാനാക്കിയ ഗര്‍ഭപാത്രം കേരളത്തിന്റെ വൈദ്യവിദ്യാഭ്യാസരംഗമാണ്, അതുകൊണ്ട് അതിനെപ്പറ്റി, ചില പരാതികളും പരിഭവങ്ങളും സജഷനുകളുമാണ് ഈ  "വാര്‍ഷിക" ലേഖനത്തില്‍. പണ്ട് ഒരു ബ്ലോഗ് യുദ്ധത്തിന്റെയൊടുവില്‍ ഈ ബ്ലോഗ് തന്നെ നിര്‍ത്തണമെന്ന് കരുതിയ ഈയുള്ളവനെ മെയില്‍ തപ്പിപ്പിടിച്ച്, "അയ്യോ അണ്ണാ പോവല്ലേ" എന്ന് പറഞ്ഞ കിരണ്‍ തോമസ് തോമ്പിലിനു ഏറെക്കാലത്തിനു ശേഷം എഴുതുന്ന ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
വൈദ്യത്തിന്റെ ദൈനംദിന പ്രയോഗത്തിനേക്കാള്‍ ശരീരശാസ്ത്രത്തിനോട് അഭിനിവേശം മൂത്തിട്ടാണ് ഇതെഴുതുന്നയാള്‍ സ്കൂള്‍ കാലത്തു വലുതാകുമ്പോള്‍ "മെഡിസിന്‍ പഠിക്കാന്‍ പോണം" എന്ന് നിശ്ചയിച്ചത്. രണ്ട് "ബ്രഡ് വിന്നര്‍"മാരും ഒരു ബൈക്കും (കാറുവാങ്ങാനുള്ള ആശയും), സ്വകാര്യസ്കൂളുകളില്‍ പോകുന്ന കുട്ടികളും ഉള്ള, തൊണ്ണൂറുകളുടെ ഒടുവിലെ ആഗോളീകരണ ദശാസന്ധിയില്‍ നിന്നിരുന്ന  ഒരു ടിപ്പിക്കല്‍ മലയാളി മധ്യവര്‍ഗ കുടുംബത്തിനു എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ തന്നെയായിരുന്നു എണ്ട്രന്‍സ് കോച്ചിംഗും അറുനൂറില്‍ താഴെ റാങ്കുനേടലും ഒക്കെ.

ജീവശാസ്ത്രമുള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പ് പ്രീഡിഗ്രിക്ക് എടുക്കാനും മെഡിക്കല്‍ എണ്ട്രന്‍സ് എഴുതാനും തീരുമാനിക്കുമ്പോള്‍ രണ്ട് ചോദ്യങ്ങള്‍ക്കു മാത്രമാണ് ഉത്തരം തേടേണ്ടിയിരുന്നത് അക്കാലത്ത്: (1) മെഡിക്കല്‍ എണ്ട്രന്‍സ് "ഭയങ്കര" പാടാണ് ആദ്യതവണ കയറിപ്പറ്റാന്‍, അതുകൊണ്ട് സൈഡില്‍ എഞ്ചിനിയറിംഗ് എണ്ട്രന്‍സ് കൂടെ എഴുതണോ, (2) എണ്ട്രന്‍സ് കോച്ചിംഗിനു സമയവും സൗകര്യവും ഉണ്ടാക്കാന്‍ പറ്റുന്ന  തലസ്ഥാനത്തെ ഒരു കോളെജില്‍ പ്രീഡിഗ്രിക്ക്‌  അഡ്മിഷന്‍ കിട്ടാന്‍ എത്ര മാര്‍ക്ക് എസ്‌എസ്‌എല്‍‌സിക്ക് വേണം.

ഒന്നാമത്തെ ചോദ്യത്തിന്റെ ഗുട്ടന്‍സ് ഇതാണ്: എഞ്ചിനിയറിംഗിനു സീറ്റു കൂടുതല്‍ ഉണ്ട്; ആദ്യ രണ്ടായിരമോ മൂവായിരമോ റാങ്കില്‍ വന്നാല്‍ ഭേദപ്പെട്ട കോളെജില്‍ എഞ്ചിനിയറിംഗിനു കേറാം; അപ്പോള്‍ കണക്കിനു കൂടി അധികമായി "കോച്ചിംഗ്" നടത്തുക, അതിനു പ്രീഡിഗ്രിക്ക് അഡീഷണല്‍ മാത്സ് എന്ന കോഴ്സിനു കൂടി റെജിസ്റ്റര്‍ ചെയ്യുക (ഇന്നത്തെ വിദ്യാര്‍ത്ഥി പ്ലസ് വണ്‍/ടൂ രീതിപ്രകാരം ശാസ്ത്രവും മാത്സും ഒറ്റ ഗ്രൂപ്പ് ആയി എടുക്കണം എന്നതിനാല്‍ ഇങ്ങനൊരു കണ്‍ഫ്യൂഷനു പ്രസക്തിയില്ല).

രണ്ടാമത്തെ ചോദ്യത്തിനു രണ്ടുദ്ദേശ്യമുണ്ട്: കോളെജില്‍ പഠിപ്പീരൊക്കെ "കണക്കാണെന്നും" ട്യൂഷന്‍/കോച്ചിംഗ് സ്ഥലത്തു നിന്ന് കിട്ടുന്നതേ പ്രീഡിഗ്രിക്കായാലും എണ്ട്രന്‍സിനായാലും ഉപകരിക്കൂ എന്നും എല്ലാവരും ഉറപ്പിച്ച കാലമാണ്. അപ്പോള്‍ കോളെജില്‍ ക്ലാസ് കട്ടുചെയ്യാതെ (വേണേല്‍ കട്ടുചെയ്തും) കോച്ചിംഗിനു പോകാന്‍ പറ്റിയ സ്ഥലത്ത് പ്രീഡിഗ്രിക്ക് അഡ്മിഷന്‍ ഒപ്പിക്കണം. ശരാശരി പാഠ്യദിനത്തില്‍  മൂന്ന് മണിക്കൂറൊക്കെ മാത്രം ക്ലാസുള്ള (സമരമുള്ള "സുദിന"ങ്ങളുടെ ബോണസ് വേറേ!) സര്‍ക്കാര്‍ കോളെജുകളായിരുന്നു  ഇതിനു ബെസ്റ്റ്. അധ്യാപകര്‍ക്ക് സ്വന്തമായി വീട്ടില്‍ ട്യൂഷനുണ്ടെങ്കില്‍ പെരുത്തു സൗകര്യം.

പത്തുവരെ സ്വകാര്യ സ്കൂളില്‍ പഠിച്ച് പത്തില്‍ കനപ്പെട്ട മാര്‍ക്ക് വാങ്ങിയ ഈ ലേഖകനുള്‍പ്പെടുന്ന -- കേരളത്തില്‍ നിലനിന്നിരുന്ന quasi socialism-ത്തെ ഊറ്റിവളര്‍ന്ന --  "ഇംഗ്ലീഷുമീഡിയം" തലമുറ സര്‍ക്കാര്‍ സ്കൂളുകളെയും സിസ്റ്റത്തെയുമാശ്രയിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളെ തള്ളിമാറ്റി സര്‍ക്കാര്‍ കോളെജുകളെ എങ്ങനെയാണ് ഉപയോഗിച്ചത് എന്നത് മധ്യവര്‍ഗത്തിന്റെ സംസ്കാരിക ആന്ത്രപ്പോളജി പഠിക്കുന്നവര്‍ക്ക് തല്‍ക്കാലം വിടുന്നു. പറയാനുദ്ദേശിച്ചത്, യഥാര്‍ത്ഥത്തില്‍ ഒരു മെഡിക്കല്‍ ഡോക്ടറുടെ ജീവിതം എന്താണെന്നോ ജോലി എങ്ങനെയിരിക്കുമെന്നോ യാതൊരൂഹവുമില്ലെന്ന് മാത്രമല്ല, അത്തരം വിഷയങ്ങള്‍ "എണ്ട്രന്‍സ് കടമ്പ", കോച്ചിംഗ്, മാര്‍ക്ക്, റാങ്ക്, ഏത് കോളെജില്‍ കേറിയാലാണ് കൂടുതല്‍ "ഗമ" എന്നിങ്ങനെയുള്ള അന്വേഷണങ്ങളുടെ പരിധിക്കകത്ത് വന്നതു പോലുമില്ല. ഇത് മില്ലനിയല്‍ തലമുറയുടെ* മൊത്തം പ്രശ്നമായിരുന്നു/ആണ്.


വൈദ്യവിദ്യാഭ്യാസത്തിന്റെ മൂന്ന് ഘട്ടങ്ങള്‍

അഭ്യസിക്കുന്ന രാജ്യത്തിനനുസരിച്ച്  4 മുതല്‍ 6 വര്‍ഷം വരെ നീളാവുന്ന പ്രാഥമിക വൈദ്യപഠന കാലത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. ഒന്നാം ഘട്ടം വൈദ്യചിന്തകള്‍ക്ക് പിന്നിലെ ശാസ്ത്രം പഠിക്കലാണ്. ആരോഗ്യമുള്ള ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി രോഗം ഈ പ്രവര്‍ത്തനങ്ങളെ എങ്ങനെ മാറ്റുന്നു എന്നതിലേക്ക് നീളുന്ന പഠനം. ആരോഗ്യത്തൊഴിലാളിയാവാന്‍ ഉദ്ദേശ്യമില്ലാത്ത രോഗപരിശോധനാ ലാബുകാരും, മെഡിക്കല്‍ ടെക്നോളജിസ്റ്റുകളും, ഔഷധമേഖലയിലുള്ളവരും, ഭാവിയില്‍ വൈദ്യശാസ്ത്രത്തില്‍ ഗവേഷണം ചെയ്യാനുദ്ദേശ്യമുള്ള ഇതര ശാസ്ത്ര വിദ്യാര്‍ത്ഥികളുമൊക്കെ ഈ പാഠങ്ങള്‍ അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചുരുക്കിയോ ദീര്‍ഘിച്ചോ എടുക്കാറുണ്ട്. വളരെ അടിസ്ഥാനപരമായ ചില സംഗതികളൊഴിച്ചാല്‍ (ഉദാ: ശരീരഘടനാശാസ്ത്രം) ഈ ഘട്ടത്തിലെ അറിവുകള്‍ നല്ലൊരളവ് അഞ്ചോ പത്തോ കൊല്ലം കൂടുമ്പോള്‍ മാറിമറിയാറുണ്ട് എന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഈ വൈദ്യവിദ്യാഭ്യാസ ഘട്ടത്തില്‍ "പുസ്തകജ്ഞാനം" വര്‍ധിപ്പിക്കുന്നതിലല്ല മറിച്ച് ഈ മേഖലയിലെ ഗവേഷണങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിലും, സാധ്യമായാല്‍ ഗവേഷണത്തില്‍ നേരിട്ട് പങ്കാളിയാകാന്‍ വിദ്യാര്‍ത്ഥിക്ക് പ്രോത്സാഹനം നല്‍കുന്നതിലും ഒക്കെയാണ് ഊന്നല്‍ കൊടുക്കുന്നത്. ഈ ഘട്ടത്തില്‍ ലഭിക്കുന്ന വിദ്യാഭ്യാസം ഒരു അസ്തിവാരമായി (ഫൗണ്ടേഷന്‍) പ്രവര്‍ത്തിക്കണമെന്നാണ് ഇക്കാര്യത്തിലെ പൊതുതത്വം. അറിവ് ശേഖരിച്ച് തലയില്‍ വയ്ക്കുന്നതിനല്ല, മുന്‍‌വിധികളില്ലാത്ത അറിവ് എവിടെ നിന്ന് കിട്ടുമെന്നും അത് എങ്ങനെ ഒരു രോഗിയുടെ വ്യക്തിപരമായ അവസ്ഥയില്‍ പ്രയോഗിക്കാം എന്നുമൊക്കെയുള്ള കാര്യങ്ങള്‍ക്കാണ് മുന്‍‌ഗണന.

വൈദ്യപഠനത്തിന്റെ രണ്ടാംഘട്ടം "രോഗിയെ അറിയല്‍" ആണ്. രോഗമെങ്ങനെ ആരംഭിച്ചെന്നും ലക്ഷണങ്ങള്‍ എന്തൊക്കെയായിരുന്നു എന്നും അതിന്റെ പുരോഗമനവും ഇപ്പോഴത്തെ രോഗിയുടെ നിലയും എന്താണെന്നും ചോദിച്ചും പരിശോധിച്ചും കൊട്ടിയും മുട്ടിയും ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തും നോക്കുന്ന "ക്ലിനിക്കല്‍ വൈദ്യം" ആണ് ഇത്.

മൂന്നാംഘട്ടമെന്നത് രണ്ടാം ഘട്ടത്തിന്റെ ഒരു നീട്ടലാണ്. രോഗനിര്‍ണയം കഴിഞ്ഞു, ഇനി  അത് മരുന്നോ ശസ്ത്രക്രിയയോ ഫിസിക്കല്‍ തെറാപ്പിയോ ഒക്കെക്കൊണ്ട് ചികിത്സിക്കുന്നതെങ്ങനെ എന്ന് തീരുമാനമെടുക്കുന്നതിനു പ്രാപ്തിയേകുന്ന ഘട്ടമാണിത്. മരുന്നുകളെപ്പറ്റിയും അത് ശരീരത്തിന്റെ ഫിസിയോളജിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റിയുമൊക്കെ ആദ്യഘട്ടത്തിലെ അടിസ്ഥാനശാസ്ത്രപഠന കാലത്തുതന്നെ വൈദ്യവിദ്യാര്‍ത്ഥി അറിഞ്ഞിരിക്കണം. രക്തടെസ്റ്റുകള്‍ കൊണ്ട് പരിശോധിക്കുന്ന അടിസ്ഥാന ജൈവരാസ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ എന്നും ആദ്യഘട്ടത്തിലറിവുണ്ടാക്കിയിരിക്കും. ഈ അറിവുകളൊക്കെ പ്രയോഗത്തില്‍ വരുത്തുന്നതെങ്ങനെ എന്നതാണ് മൂന്നാം ഘട്ടത്തില്‍ പഠിക്കുന്നത്.

വൈദ്യപഠനത്തിന്റെ യോഗ്യതകള്‍

പഴയ ബ്രിട്ടിഷ് വൈദ്യ ട്രെയിനിങ് രീതി ഇന്നും അനുവര്‍ത്തിച്ച് പോരുന്ന ഇന്ത്യയെപ്പോലുള്ളിടങ്ങളില്‍ പ്ലസ് ടൂ കഴിഞ്ഞാല്‍ മെഡിസിനു എണ്ട്രന്‍സ് പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് വൈദ്യപഠനത്തിനു അഡ്മിഷന്‍ കിട്ടുന്നത്. എണ്ട്രന്‍സിനിരിക്കുന്ന വിദ്യാര്‍ത്ഥിക്ക് വൈദ്യപഠനത്തിനും തുടര്‍ന്നുള്ള ആരോഗ്യത്തൊഴിലാളിയുടെ ജീവിതത്തിനും ആവശ്യമായ മാനസികവളര്‍ച്ച, വ്യക്തിത്വഗുണങ്ങള്‍ എന്നിവയുണ്ടോ എന്നൊന്നും ഈ സിസ്റ്റത്തില്‍ പരിശോധിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, പുസ്തകവിജ്ഞാനത്തിന്റെ ഓര്‍മ്മപരിശോധനക്കായി മാത്രമാണ് പരീക്ഷകള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നത് പോലും.  ബ്രിട്ടനില്‍ പോലും ഇന്ന് ഈ സിസ്റ്റം അനുവര്‍ത്തിക്കുന്നില്ല.

പ്ലസ്-വണ്‍/ടൂ സിസ്റ്റത്തില്‍ ലഭിക്കുന്ന മാര്‍ക്കും മറ്റും പലയോഗ്യതകളില്‍ ഒന്നുമാത്രമാണ് മിക്ക രാജ്യങ്ങളിലെയും മെഡിക്കല്‍ ട്രെയിനിംഗിന്‌ ഇന്ന്. പാശ്ചാത്യ സിസ്റ്റങ്ങളില്‍  ഇത്തരം മാര്‍ക്കുകള്‍ക്കൊപ്പമോ അതിനുമേലെയോ ആയി ഗണിക്കപ്പെടുന്ന രണ്ട് സംഗതികള്‍, അഭിരുചിയും (ആപ്റ്റിറ്റ്യൂഡ്)  പ്രയോഗസാമര്‍ഥ്യവും ആണ്. കാണാപ്പാഠം പഠിച്ച ഫോര്‍മുലകളോ വിജ്ഞാനശകലങ്ങളോ ഉപയോഗിക്കേണ്ടുന്ന ചോദ്യങ്ങളെ  കുറച്ചുകൊണ്ടുവരുകയും  ആശയവിനിമയ പ്രാവീണ്യവും, യുക്തിവിചാരവും വേണ്ടുന്ന തരം ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രവണത ലോകമെമ്പാടും വ്യാപിച്ചുവരുന്നു. മനുഷ്യകുലം നിര്‍മ്മിച്ചെടുക്കുന്ന അറിവിന്റെ കൂന വലുതാകുകയും അത് ശേഖരിച്ച് വയ്ക്കുന്ന ഡേറ്റാബാങ്കുകള്‍ വളരുകയും ചെയ്യുന്ന ഈ കാലത്ത് തലച്ചോറില്‍ സൂക്ഷിക്കുന്ന ജ്ഞാനത്തിന്റെ അളവ് പരിമിതമാണെന്നും അറിവു പകരലല്ല, അറിവിന്റെ പ്രായോഗികോപയോഗത്തിനുള്ള ട്രെയിനിംഗ് ആണു നല്‍കേണ്ടതെന്നുമുള്ള തിരിച്ചറിവ് വ്യാപകമാവുന്നതാണ് ഇതിനു കാരണം. ഒരു ജില്ലയിലെ ടെലഫോണ്‍ നമ്പരുകള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കുന്നതിനേക്കാള്‍ കാര്യക്ഷമമാണ് അത് സൂക്ഷിച്ച് വച്ചിരിക്കുന്ന ഡയറക്റ്ററിയില്‍ നിന്ന് ആവശ്യമുള്ള പേരുകാരന്റെ നമ്പര്‍ തപ്പിയെടുക്കാന്‍ പഠിപ്പിക്കല്‍ എന്ന യുക്തി.

മെഡിക്കല്‍ കോളെജ് ഇന്റര്‍‌വ്യൂ തൊഴില്‍ ഇന്റര്‍‌വ്യൂ ആകണം

മെഡിക്കല്‍ കോളെജിലെ പഠനം ആത്യന്തികമായി ഒരു തൊഴിലഭ്യാസമാണ്. നാലോ അഞ്ചോ വര്‍ഷത്തിന്റെയവസാനം ജീവനുള്ള മനുഷ്യരില്‍ പ്രയോഗിക്കപ്പെടാനുള്ള സംഗതികളിലാണ് ശിക്ഷണം. പ്രാക്റ്റീസു വഴി ഉണ്ടാക്കാവുന്ന സമ്പത്തിന്റെയോ തൊഴിലിന്റെ ഗ്ലാമറോ മാറ്റിനിര്‍ത്തിയാല്‍ ഒരു വൈദ്യത്തൊഴിലാളിയുടെ ജീവിതം എങ്ങനെയാണ് എന്ന് യാതൊരു വിവരവും ഇല്ലാതെയാണ് (ഇതെഴുതുന്നയാളടക്കം) ഈ രംഗത്തേക്ക് വന്നത്/വരുന്നത്. മാര്‍ക്ക് അടിസ്ഥാനത്തില്‍ കിട്ടുന്ന ഒരു റാങ്കിന്റെ മാത്രം ബലത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ കടത്തി വിടുന്ന സമ്പ്രദായത്തില്‍ നിന്ന് വിഭിന്നമായി മുന്‍‌പരിചയങ്ങളുടെയും ഇതുവരെയുള്ള നിങ്ങളുടെ ജീവിതം വൈദ്യവിദ്യാഭ്യാസത്തിന് എങ്ങനെ ഗുണകരമാകും എന്ന ചോദ്യമുള്‍പ്പെടുന്ന ഒരു "തൊഴില്‍ ഇന്റര്‍‌വ്യൂ" വഴിയാണ് അമേരിക്കയും ബ്രിട്ടനുമൊക്കെ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. കോളെജ് വിദ്യാഭ്യാസവും അതിനിടയ്ക്ക് എമര്‍ജന്‍സി ആമ്പുലന്‍സ് അല്ലെങ്കില്‍ പ്രാഥമിക ശുശ്രൂഷയുമായി ബന്ധപ്പെട്ട സര്‍‌വീസുകള്‍ എന്നിവയിലൊക്കെ ഇന്റേണ്‍ഷിപ്പോ ചെറിയ താത്കാലിക ജോലികളോ ചെയ്യുക, വോളണ്ടിയര്‍ സര്‍‌വീസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നതൊക്കെ യോഗ്യതകളായി കണക്കാക്കപ്പെടുന്നു, ഈ ഇന്റര്‍‌വ്യൂകളില്‍. മെഡിക്കല്‍ കോളെജ് അഡ്മിഷന്‍ റ്റെസ്റ്റ് (MCAT) പോലുള്ള ടെസ്റ്റുകളിലെ സ്കോറുകള്‍ തീര്‍ച്ചയായും പ്രാഥമികയോഗ്യതയാണ് ഇന്റര്‍‌വ്യൂകള്‍ക്ക് ക്ഷണിക്കപ്പെടാന്‍. എങ്കിലും ഒരു വിദ്യാര്‍ത്ഥി ഈ പണിക്ക് യോഗ്യതയുള്ളയാളാണോ എന്ന് നിശ്ചയിക്കുന്നത് ഓര്‍മ്മശക്തിയളക്കുന്ന ഒരു പരീക്ഷയിലെ റാങ്കിലുപരി സുദീര്‍ഘമായതും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ പഠനത്തെയും പിന്നീടുള്ള പ്രാക്റ്റീസ് കാലത്തെയും താങ്ങനുള്ള മാനസികശേഷിയും വ്യക്തിത്വവും ആണ് എന്ന തത്വത്തില്‍ നിന്നാണ് നീണ്ട ഇന്റര്‍‌വ്യൂ പ്രക്രികകള്‍. ഇതിനുപുറമേ ആണ് വിദ്യാര്‍ത്ഥികള്‍ തൊഴിലെടുത്ത സ്ഥലങ്ങളില്‍ നിന്നും, പഠിപ്പിച്ച അധ്യാപകരില്‍ നിന്നുമൊക്കെയുള്ള ശുപാര്‍ശക്കത്തുകള്‍ (ലെറ്റര്‍ ഒഫ് റെക്കമന്റേഷന്‍). ശുപാര്‍ശ എന്ന് പറയുമ്പോള്‍ മുഖം ചുളിയരുത്. തനിക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള മാര്‍ഗ്ഗമായല്ല, ഭാവിയില്‍ തനിക്കും കൂടി അഭിമാനമുണ്ടാക്കുന്ന തരത്തില്‍ വളരും എന്ന് ഉറപ്പുള്ള വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന "മുദ്ര"യാണ് ഒരു പ്രഫസര്‍ക്ക്, അല്ലെങ്കില്‍ തൊഴിലുടമയ്ക്ക് ശുപാര്‍ശക്കത്ത്. എന്റെ പേരു ചീത്തയാക്കാന്‍ സാധ്യതയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഞാന്‍ ശുപാര്‍ശയെഴുതില്ലെന്ന ആത്മനിയന്ത്രണത്തില്‍ ഊന്നിയുള്ള ഒരു സിസ്റ്റം ആണിതെന്നര്‍ത്ഥം.

വിദേശസിസ്റ്റം അപ്പിടി പറിച്ച് നടണമെന്നല്ല പറഞ്ഞു വന്നത്. അതിന്റെ അന്തഃസത്തയാണു സ്വീകരിക്കേണ്ടത്. ഈ തൊഴിലിന്റെ കാഠിന്യവും സമ്മര്‍ദ്ദവും അറിയാതെ ചെന്ന് തലവച്ച് കൊടുത്തിട്ട് "അപ്പനമ്മമാരെ നിരാശപ്പെടുത്തണ്ട" എന്ന് കരുതി കടിച്ച് തൂങ്ങുന്നവരെയും ഫോര്‍മുലകള്‍ കാണാതെ പഠിക്കാനുള്ള ബുദ്ധിയുണ്ടെങ്കിലും മനുഷ്യരോട് കാരുണ്യത്തോടെ പെരുമാറാന്‍ അറിയാത്ത വ്യക്തികളെയുമൊക്കെ ഭേദമേതുമില്ലാതെ കടത്തിവിടുന്ന റാങ്ക് സിസ്റ്റത്തില്‍ നിന്ന് അല്പം കൂടി മെച്ചപ്പെട്ട ഒരു സ്ക്രീനിംഗ് ഘട്ടം നിര്‍മ്മിച്ചെടുക്കണം എന്നാണ് പറഞ്ഞു വന്നത്.

കരിയര്‍ ഗൈഡന്‍സും മറ്റും ഇന്ന്‌ നമ്മുടെ നാട്ടിലെ സ്കൂളുകളില്‍ ലഭ്യമാകുന്നുണ്ട്. സ്കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലിനിക്കുകളിലും ആശുപത്രികളിലും മറ്റും പ്രവര്‍ത്തിപരിചയമെന്ന നിലയ്ക്ക് ഇന്റേണ്‍ഷിപ്പുകള്‍ ലഭ്യമാക്കുക എന്നത് നാം ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. പ്രാദേശിക ക്ലബ്ബുകള്‍ വഴിയും നാഷനല്‍ സര്‍‌വീസ് സ്കീം പോലുള്ളവ വഴിയും കോളെജ് രാഷ്ട്രീയ സംഘങ്ങള്‍ വഴിയുമൊക്കെ ആരോഗ്യ ക്യാമ്പുകളിലും മറ്റും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ വോളന്റിയര്‍ പ്രവര്‍ത്തനം പ്രവര്‍ത്തി പരിചയമായി പരിവര്‍ത്തിപ്പിക്കാന്‍ പറ്റുമെങ്കില്‍ നല്ലത്.

അധ്യാപനവും ഗവേഷണവും.

ഇന്ന് ഈ ലേഖകന്‍ തൊഴിലിന്റെ ഭാഗമായി വൈദ്യവിദ്യാര്‍ത്ഥികളുടെ അധ്യാപനത്തിലും ഗവേഷണത്തിലും ഒക്കെ പങ്കെടുക്കുന്നുണ്ട്. പാശ്ചാത്യലോകത്തിലെ  രണ്ട് "ദീപസ്തംഭ" മെഡിക്കല്‍ സിസ്റ്റങ്ങളിലായി പ്രവര്‍ത്തിപരിചയമുള്ളതു കൊണ്ടുമാത്രമാണ് ഈ പണി ഇന്ന് ചെയ്യാന്‍ സാധിക്കുന്നത്. 2000ങ്ങളുടെ മധ്യത്തില്‍ കേരളത്തിലെ സിസ്റ്റത്തില്‍ നിന്ന് ബിരുദവും ക്ലിനിക്കല്‍ ജ്ഞാനവും ആര്‍ജ്ജിച്ച കൂട്ടത്തില്‍ കിട്ടാതെ പോയ സംഗതികളില്‍ പ്രധാനമാണ് ഇവ. ശാസ്ത്രത്തിന്റെ ഉരകല്ലില്‍ രാകിയെടുത്ത ജ്ഞാനം ഉപയോഗിക്കേണ്ടി വരുമ്പോഴും കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ കോളെജുകളില്‍ പഠിച്ചിറങ്ങുന്ന മഹാഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും ഒരു ഗവേഷണപ്പേപ്പര്‍ ചിട്ടയായി എഴുതാനോ, ഏതെങ്കിലും നല്ല പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ശാസ്ത്രപേപ്പറിനെ ഗവേഷണത്തിന്റെയും സ്റ്റാറ്റിസ്റ്റിക്സിന്റെയും  രീതിശാസ്ത്രങ്ങള്‍ക്കനുസരിച്ച് വിമര്‍ശനാത്മക വിലയിരുത്തല്‍ (critical appraisal) നടത്താനോ അറിയില്ല എന്നത് ഈ കാലത്ത് ഒരു നാണക്കേടാണ്. ബിരുദാനന്തര ബിരുദപഠനത്തിന്റെ (പിജി) ഭാഗമായി ഒരു ഗവേഷണ തിസീസ് നിര്‍ബന്ധമാണെങ്കിലും അടിസ്ഥാന എംബിബി‌എസ് ബിരുദ ട്രെയിനിംഗിന്റെ ഭാഗമായി ഇങ്ങനൊരു നിബന്ധന ഇല്ല. മിടുക്കരായ അധ്യാപകര്‍ ഉണ്ടെങ്കില്‍ ഭാഗ്യം, ആ കോളെജിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്കെങ്കിലും ഒരു പേപ്പര്‍ എഴുതാനുള്ള ഭാഗ്യം കിട്ടിയേക്കും. മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ വിശേഷപ്രാവീണ്യമുള്ള അധ്യാപകരധികവും കമ്യൂണിറ്റി മെഡിസിന്‍ (സോഷ്യല്‍ ആന്റ് പ്രിവന്റിവ് എന്നും പറയും) വിഭാഗത്തിലായത് കൊണ്ട് ഈ ഡിപ്പാര്‍ടുമെന്റാണ് പല മെഡിക്കല്‍ കോളെജുകളിലും അല്പസ്വല്പമെങ്കിലും പേപ്പര്‍ പ്രസിദ്ധീകരണവും മറ്റും ഉന്തിക്കൊണ്ടുപോകുന്നത്.

ശരീശാസ്ത്രത്തെയും ജൈവരസതന്ത്രത്തെയും ആധാരമാക്കി മുന്‍പ് വൈദ്യപ്രാക്റ്റീസില്‍ ഉരുത്തിരിഞ്ഞ പല അനുമാനങ്ങളും, വിശേഷിച്ച് വിവിധ മരുന്നുകളെങ്ങനെ പ്രവര്‍ത്തിക്കുന്നു, ഒരു രോഗത്തിനു ഓപ്പറേഷനാണോ മരുന്നാണോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ നല്ലത് തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. വെറുതേ അനുമാനിക്കലല്ല, മറിച്ച് വലിയ രോഗീജനസംഖ്യകളെത്തന്നെ പഠിച്ച് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതിനനുസരിച്ച് പ്രാക്റ്റിസില്‍ തന്നെ മാറ്റം വരുത്തുകയും ചെയ്യുന്ന തെളിവധിഷ്ഠിത വൈദ്യം (Evidence-based medicine) എന്ന സങ്കല്പം പാശ്ചാത്യലോകത്ത് വന്നിട്ട് മൂന്നുനാലുദശകങ്ങളായി. ഇന്റര്‍നെറ്റിന്റെയും മെഡിക്കല്‍ ടെക്നോളജിയുടെ വ്യാപനം ഏറെക്കുറേ ഈ ഗവേഷണഫലങ്ങളെ നമ്മുടെ നാട്ടിലെ വൈദ്യപ്രാക്റ്റീസിലേക്ക് പകര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെങ്കിലും ഈ ഫലങ്ങള്‍ ആത്യന്തികമായി കോക്കേഷ്യനോ ആഫ്രിക്കനോ ഏഷ്യനോ ആയ മനുഷ്യസം‌വര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവയാണ്; മാത്രവുമല്ല വിദേശമെഡിക്കല്‍ സിസ്റ്റത്തിന്റെ, ഉദാഹരണത്തിനു ഇന്‍ഷുറന്‍സ് വഴി ചികിത്സാച്ചെലവും മറ്റും വഹിക്കുന്ന രീതിയുടെ സ്വാധീനം ഇവയിലുണ്ട്. മൂന്നാമത്തേതും ഏറ്റവും പ്രാധനവുമായ സംഗതി രോഗങ്ങളുടെയും ജീവിതശൈലികളുടെയും വ്യത്യാസം സംബന്ധിച്ചതാണ്: ദിവസം മൂന്നുനേരത്തില്‍ കൂടുതല്‍ മാംസാഹാരം ഉള്‍പ്പെടുന്ന അമേരിക്കന്‍ ഡയറ്റും, ആഴ്ചയില്‍ ഒരു ദിവസം മാത്രം കോഴിക്കറിയോ ബീഫോ ഉള്‍പ്പെടുത്തുന്ന മലയാളി ഡയറ്റും ജീവിതശൈലീരോഗങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പഠിക്കേണ്ടതുണ്ട്;  ഡെങ്കിയും ചിക്കുന്‍‌ഗുനിയയും ഉള്‍പ്പടെയുള്ള ഒരു പിടി രോഗങ്ങളില്‍ ഗവേഷണം നടത്താന്‍ ഈ രോഗങ്ങള്‍ ആവര്‍ത്തിച്ച്  പൊട്ടിപ്പുറപ്പെടുന്ന ദേശങ്ങളാണല്ലോ, അമേരിക്കയെയോ ജര്‍മ്മനിയേയോ പോലെ വര്‍ഷത്തില്‍ ആയിരത്തില്‍ താഴെ മാത്രം ഇത്തരം കേസുകള്‍ റിപ്പോട്ട് ചെയ്യപ്പെടുന്ന ദേശങ്ങളേക്കാള്‍ നല്ലത്.

നമ്മുടെ വൈദ്യാധ്യാപകര്‍ ഗവേഷകരാകേണ്ടത് ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ വൈദ്യത്തിന്റെ എല്ലാ തുറയിലും പ്രാവര്‍ത്തികമാക്കാന്‍ കൂടിവേണ്ടിയാകണം. ഒരു മരുന്നിന്റെ ട്രയല്‍ നടന്നത് 40 മില്ലിഗ്രാം ഡോസ് വച്ചിട്ടാണെന്ന് വയ്ക്കുക. മരുന്നുല്പാദകരുടെ കുറിപ്പിലും ഈ ഫലങ്ങളാണു ശുപാര്‍ശചെയ്യുക. പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ഡോക്ടര്‍  20 മില്ലിഗ്രാം ഡോസ് മതി നിങ്ങള്‍ക്ക് എന്ന് തീരുമാനിച്ചത് ? ഈ ചോദ്യം രോഗി ഡോക്ടറോടല്ല, ഡോക്ടര്‍മാര്‍ അവരവരോട് തന്നെയാണ് ആദ്യം ചോദിക്കേണ്ടത്. മരുന്നു റെപ്പോ സ്ഥലത്തെ "മുടിഞ്ഞ പ്രാക്റ്റീസുള്ള" ഏതെങ്കിലും താപ്പാന ഡോക്ടറോ അല്ല, ശാസ്ത്രത്തെളിവുകളാണ് ഡോസ് തീരുമാനിക്കേണ്ടത്. ശാസ്ത്രാഭിരുചി അടുത്ത തലമുറ ഡോക്ടര്‍മാര്‍ക്കും പകരണമെങ്കില്‍ നമ്മുടെ വൈദ്യാധ്യാപകര്‍ തന്നെ മുന്‍‌കൈ എടുക്കണം.

വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അസൈന്മെന്റുകളില്‍ തെളിവധിഷ്ഠിത വൈദ്യത്തിനു പ്രാധാന്യം നല്‍കുക, അവര്‍ക്ക് പ്രധാന പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുക, ഒരു ജേണലില്‍ നിന്ന് ആര്‍ട്ടിക്കിള്‍ യഥാവിധി റെഫര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുക, സ്വന്തം പ്രസന്റേഷനുകളില്‍ ആര്‍ട്ടിക്കിളുകളെ സൈറ്റ് (cite) ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, പാഠപുസ്തകങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി അധ്യാപനം നടത്താതെ ഏറ്റവും പുതിയ ഗവേഷണങ്ങളെയും അന്താരാഷ്ട്ര വൈദ്യ പ്രഫഷനല്‍ സൊസൈറ്റികളുടെ ഗൈഡ്‌ലൈനുകളെയും ആധാരമാക്കി ലെക്‌ചറുകള്‍ തയ്യാറാക്കുക എന്നിവ കുളിമുറിയിലിരുന്ന് പോലും ഫെയ്സ്‌ബുക്ക് പോസ്റ്റ് ഇടാനുള്ള സാങ്കേതിക സൗകര്യമുള്ള ഇക്കാലത്ത് അസാധ്യമൊന്നുമല്ല. മനസുണ്ടായാല്‍മതി.


ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം

ഈയടുത്ത് വൈദ്യവിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ഒരു ഇന്റര്‍‌വ്യൂവിനിടെ പരിചയപ്പെട്ട ചില അപേക്ഷകരുടെ മുന്‍‌പരിചയം ചോദിച്ചപ്പോള്‍ കേട്ടത് ഒരാള്‍ ഡോക്ടേഴ്സ് വിത് ഔട്ട് ബോര്‍ഡേഴ്സിന്റെ ഭാഗമായി നാലു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വോളണ്ടിയറായിട്ടുണ്ട്, വേറൊരാള്‍ ലോകാരോഗ്യസംഘടനയുടെ രതിജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പഠനസംഘത്തില്‍ ഒരു വര്‍ഷത്തോളം ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയെന്ന നിലയ്ക്ക് ഇന്റേണ്‍ ആയിരുന്നു. പുള്ളിക്കാരിയുടെ രണ്ടാം പ്രഫഷനാണ് വൈദ്യം.

ഇവ ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല. വിദേശ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തന്നെ ആഗോളപരിപ്രേക്ഷ്യത്തില്‍ കാര്യങ്ങളെ കാണുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്.  ഒരു ശരാശരി അമേരിക്കന്‍ നഗരത്തിലെ ആശുപത്രിയില്‍ പത്തോ പതിനഞ്ചോ രാജ്യങ്ങളില്‍ നിന്നും പലസംസ്കൃതികളെയും പലജീവിതശൈലികളെയും പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ രോഗികളായി വരാറുണ്ട്. എന്നു വച്ചാല്‍ അവരുടെയെല്ലാം ആവശ്യങ്ങളെയറിഞ്ഞ് പെരുമാറാനുള്ള ട്രെയിംഗാണ് ഇവിടങ്ങളിലെ വൈദ്യവിദ്യാര്‍ത്ഥിക്ക് കിട്ടുന്നത്. അപ്പോള്‍ അതിനനുസരിച്ച്‌ എത്രത്തോളം ആഗോളീകൃതമായ പ്രവര്‍ത്തിപരിചയം ഉണ്ടോ അത്രത്തോളം ഒരു വിദ്യാര്‍ത്ഥിയെ എടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ താല്പര്യവും കൂടും. ലണ്ടന്‍ നഗരമായാലും ബെര്‍ളിന്‍ നഗരമായാലും ടൊറോന്റോ ആയാലും ഒക്കെ ഇതുതന്നെയാണവസ്ഥ.

ഈ ആഗോളീകരണത്തിന്റെ മറ്റൊരു വശമാണ് വൈദ്യസാങ്കേതികവിദ്യയുമായുള്ള പരിചയത്തെ സംബന്ധിച്ചുള്ളത്. നാലും അഞ്ചും രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരോ സംഘങ്ങളോ സഹവര്‍ത്തിച്ച് നടത്തുന്ന പഠനങ്ങള്‍ക്ക് സഹായമാകുന്നത് ഇന്റര്‍നെറ്റുവഴിയുള്ള ബന്ധം മാത്രമല്ല, വൈദ്യശാസ്ത്ര സോഫ്റ്റ്‌വെയറുകളുടെയും ഇമേജിംഗ് ടെക്നോളജിയുടെയും ഒക്കെ സാര്‍‌വലൗകികത കൂടിയാണ്. പല രാജ്യങ്ങളില്‍ നിന്നായി ശേഖരിക്കപ്പെടുന്ന ഭീമമായ ഡേറ്റയില്‍ നിന്ന് പ്രാദേശികമായി ഉപയോഗിക്കാവുന്ന ഗവേഷണഫലങ്ങള്‍ ഉരുത്തിരിച്ചെടുക്കുക എന്നതിലാണ് നാളത്തെ വൈദ്യത്തിന്റെ കണ്ണ്.

ഗോളം ചുരുങ്ങി ഒറ്റലോകമായി മാറുമ്പോള്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രശ്നങ്ങള്‍ അമേരിക്കയുടെയോ ജപ്പാന്റെയോ ജര്‍മ്മനിയുടെയോ ഒക്കെ പ്രശ്നമാവുമെന്ന തിരിച്ചറിവോടെ ആഗോളപൗരന്മാരെ വാര്‍ത്തെടുക്കാനാണ് അവിടങ്ങളിലെ സര്‍‌വകലാശാലകള്‍ ഇന്ന് ബദ്ധപ്പെടുന്നത്. അറിവാണ് നാളത്തെ കൊളോണിയലിസത്തിന്റെ ആയുധം. അതിനു പുറം‌തിരിഞ്ഞു നില്‍ക്കുന്നത് ചരിത്രത്തിന്റെ പാഠങ്ങളെ നിഷേധിക്കലാവും.__________________________

*2000ത്തിലോ അതിനടുത്തോ പതിനെട്ട് വയസ് പൂര്‍ത്തിയായ തലമുറ. ലോകത്തിലെ തൊഴിലെടുക്കുന്ന വിഭാഗങ്ങളില്‍ ഇപ്പോള്‍ ഏറ്റവും വലിയ ജനസംഖ്യാവിഭാഗം.

11 comments:

 1. //പല കപടശാസ്ത്രവാദങ്ങളെയും ഉള്ളിതൊലിക്കാന്‍ ഏറേ സമയം പാഴാക്കിയെന്നതില്‍ ചില്ലറ കുണ്ഠിതമൊക്കെ ഇന്ന് തോന്നുന്നുണ്ടെങ്കിലു// ഇവിടെ സരളമായ ഭാഷയില്‍ ലഭ്യമായ അറിവ് കൊണ്ട് പലപ്പോഴും കപടശാസ്ത്രവാദത്തിന്‍റെ കെണിയില്‍ വീഴാതെ പോയ്‌ പലരില്‍ ഒരാളുടെ നന്ദി അറിയിക്കുന്നു. ഒപ്പം ഏറെ തിരക്കിനിടയിലും ഇതുപോലെയോ ഇതിലും ചെറുതോ ആയ കുറിപ്പുകള്‍ എഴുതാന്‍ സമയം കണ്ടെത്തണം എന്ന്‍ ഒരാഞ്ഞയും (അഭ്യര്‍ഥിച്ചാല്‍ ഇഷ്ടപെടില്ലെങ്കിലോ :p)

  ReplyDelete
 2. curmudgeon ? ഒരിക്കലുമങ്ങനെ തോന്നിയിട്ടില്ല. മാത്രമല്ല നേരിൽ കണ്ടപ്പോൾ എന്റെ പരിചയക്കാരിൽ ഏറ്റവും തെളിഞ്ഞ മുഖമുള്ള പ്രാസാദ്കുമാറാണ് സൂരജ് എന്നേ തോന്നിയിട്ടുള്ളൂ. :)

  സെക്കണ്ടറിയായ അറിവുകളിൽ വിദ്യാർഥികളെ ട്രെയ്ൻ ചെയ്യുക എന്നതാണ്‌ പൊതുവേ നമ്മുടെ മെഡിക്കൽ കോളജുകളിൽ/ എഞ്ചിനീയറിംഗ് കോളജുകളിൽ നടക്കുന്നത്. അറിവ് നിർമ്മിക്കുക , കിട്ടുന്ന അറിവുകളെ വിശകലനം ചെയ്യുക എന്നതൊക്കെ ഒരെത്തും പിടിയും കിട്ടാത്ത സംഭവങ്ങളാണ്. അവ അങ്ങനെതന്നെ തുടരുകയും ചെയ്യും, ചെയ്യണം. എന്നാലേ നമ്മുടെ വിധേയത്വ പ്രോക്ജക്റ്റ് പൂർണമാകൂ. സൂരജ് പറഞ്ഞപോലെ അറിവ് തന്നെയാണു നാളത്തെ കോളോണിയലിസത്തിന്റെ ആയുധം.

  വൈദ്യശാസ്ത്ര പഠനം അതിന്റെ രീതിശാസ്ത്രങ്ങളിൽ മാനവിക വിഷയങ്ങളും കലയും (humanities and art ) ഉൾപ്പെടുത്തുന്ന ഉദാഹരണങ്ങളുമുണ്ട്. യേൽ, ബ്രൌണ്‍ തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ മെഡിസിനും ഹ്യൂമാനിറ്റീസും ചേർന്ന ഡിപാർട്ട്മെന്റ് ഉണ്ടെന്നു കേൾക്കുന്നു. എനിക്ക് ഈ വിഷയത്തിൽ താത്പര്യം തോന്നിയത് വിഖ്യാത നാടക സംവിധായകൻ പീറ്റർ ബ്രൂക് ന്യൂറോളജിയുടെ രോഗചിന്തകളെ നാടകമായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് വായിച്ചതിനു ശേഷമാണ്. റഷ്യൻ ന്യൂറോളജിസ്റ്റ് Alexander Luria യുടെ The Mind of a Mnemonist ആദ്യം ബ്രൂക്ക് നാടകമാക്കി അവതരിപ്പിച്ചു. പിന്നെ Oliver Sacks ന്റെ The Man Who Mistook His Wife for a Hat , ഫ്രഞ്ചിൽ നാടകമാക്കി. അപ്പോ രോഗം കലയിലേക്കും മറിച്ചും എന്ന വഴികൾ പഠിക്കേണ്ട സംഗതിയാണല്ലോ എന്ന തിരിച്ചറിവും ഉണ്ടാകണം. അല്ലേ? ഈ വഴിക്ക് നമ്മൾ എവിടെയെങ്കിലും എത്തിയിട്ടുണ്ടോ? എന്താണ് സൂരജിന്റെ അനുഭവം ?

  ReplyDelete
 3. Very informative to common man like me.Thank u so much
  Expecting more. Can u give me the link to ur previous posts/blog

  ReplyDelete
 4. Is following your posts from Google Buzz time......Pls Continue...........

  ReplyDelete
 5. അമേരിക്കന്‍ പരിശീലനം കാഴ്ചപ്പാടില്‍ മാറ്റം വരുത്തി എന്ന് കാണുന്നതില്‍ സന്തോഷം :)

  ReplyDelete