യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ജീനുകള്‍ ? എന്താണ് ക്രോമസോം ? എന്തൊക്കെ അറിവുകളും കഴിവുകളുമാണ് ജീനുകളില്‍ ആറ്റിക്കുറുക്കിയിരിക്കുന്നത് ? നമുക്ക് ഈ വിഷയങ്ങളിലൂടെ ഒരു യാത്ര പോകാം. അറിവിലെ നെല്ലും പതിരും വേര്‍തിരിക്കാം, ശാസ്ത്രത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും....
ഗഹനമായ വിഷയമായതുകൊണ്ടും, ഓരോ ഭാഗവും നന്നായി മനസ്സിലാക്കിയിട്ടുമാത്രം അടുത്തഭാഗം തുടങ്ങണം എന്നതുകൊണ്ടും നാലോ അഞ്ചോ ലേഖനങ്ങളുടെ ഒരു പരമ്പരയായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. മല്ലു ബ്ലോഗിലെ ജനിതകശാസ്ത്രവിദഗ്ധരായ എല്ലാ ചേട്ടന്മാരില് നിന്നും ചേച്ചിമാരില്‍ നിന്നും കൂട്ടിച്ചേര്‍ക്കലുകളും അനുബന്ധക്കുറിപ്പുകളും സവിനയം ക്ഷണിക്കുന്നു.
ജനിതകവസ്തു അഥവാ ക്രോമസോമുകള്‍ നമ്മുടെ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) ചെറു ചുരുളുകളായി കാണപ്പെടുന്ന ഡി.എന്‍.ഏ തന്മാത്രാമാലയുടെയും അനുബന്ധ പ്രോട്ടീനുകളുടെയും സാന്ദ്രീകൃത രൂപമാണ് . കുറേയേറെ തന്മാത്രകള് മാലപോലെ കോര്‍ത്തുകിടക്കുന്ന നൂല് ചുരുളുകളായി ഇവയെ സങ്കല്‍പ്പിക്കുന്നതാവും എളുപ്പം. ഇവയുടെ അതിസൂക്ഷ്മരൂപം നോക്കിയാല്‍ ഡി.എന്‍.ഏ അഥവാ ഡി ഓക്സി റൈബോന്യൂക്ലിക് ആസിഡ് എന്ന രാസവസ്തുവാണ് ഇതിന്റെ പ്രധാനഘടകമെന്നു മനസിലാവും. ഈ നേര്‍ത്തനാരുകള്‍ മറ്റുചില തന്മാത്രകളുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതിനെ ന്യുക്ലിയോസോമുകള്‍ എന്ന് വിളിക്കാം. ഈ ന്യൂക്ലിയോസോം ചുരുളുകള്‍ വീണ്ടും സ്പ്രിങ്ങുപോലെ ചുരുണ്ട് ക്രൊമാറ്റിന്‍ എന്ന പേരില്‍ നൂല് പോലെ കിടക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും ക്രൊമാറ്റിന്‍ ആണ് ആത്യന്തികമായി ചുരുണ്ട് കമ്പിളിനൂല് പോലുള്ള ക്രോമസോമുകള്‍ ആയി കോശകേന്ദ്രത്തില്‍ കിടക്കുന്നത്. (ചിത്രം1 കാണുക)
സാധാരണ നിലയിലുള്ള ഒരു കോശത്തിന്റെ ന്യൂക്ളിയസിനുള്ളില്‍ ജനിതകവസ്തു ക്രോമാറ്റിന്‍ രൂപത്തിലാണുണ്ടാവുക. കോശം വിഭജനത്തിനു തയ്യാറെടുക്കുമ്പോഴാണ് ഈ ക്രോമാറ്റിന്‍ നാരുകള്‍ കട്ടിയാര്‍ന്ന് ക്രോമസോമുകളാവുക.

ഡി.എന്‍.ഏ എന്ന രാസവസ്തുവിനെ വളരെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അത് ഒരു ചുരുളന്‍ കോണിയുടെ രൂപത്തിലാണെന്നു കാണാം. ഇതിനു പ്രധാനമായും രണ്ടു ഘടകങ്ങളുണ്ട്: കൈവരികളും പടികളും. പഞ്ചസാര കണികകളോട് ബന്ധിപ്പിച്ചിരിക്കുന്ന ക്ഷാരഗുണമുള്ള (നൈട്രജന്‍ അടങ്ങിയ അമിനോ അംഗം ഉള്ള) രാസവസ്തുക്കളാണ് അഡനീന്‍, തൈമീന്‍, ഗ്വാനീന്‍, സൈറ്റോസിന്‍ എന്നിവ. ഇവയെ നൈട്രജന്‍ ബേയ്സുകള്‍ എന്നു വിളിക്കുന്നു. ഈ രാസവസ്തുക്കളുടെ ആദ്യാക്ഷരങ്ങളാണ് A, T, G, C എന്നത്. ആര്.എന്‍.ഏ എന്ന രണ്ടാം ജനിതകവസ്തുവിലാകട്ടെ തൈമീനു പകരം യുറാസില്‍ (U) ആണുള്ളത്. പഞ്ചസാരകണികകളുമായി ബന്ധിതമായ അഡനീനും, തൈമീനുമൊക്കെ ഫോസ്ഫോറിക് ആസിഡുമായി പ്രതിപ്രവത്തിക്കുമ്പോള്‍ ഇവയുടെ ഫോസ്ഫേറ്റുകള്‍ ഉണ്ടാകുന്നു. ഇവയാണ് ന്യൂക്ളിയോ ടൈഡുകള്‍. ഈ ചുരുളന്‍ കോണിയുടെ ‘പടി’ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് നൈട്രജന്‍ ബേയ്സുകള്‍ കൊണ്ടാണ്. അതേസമയം കൈവരികള്‍ ഫോസ്ഫേറ്റ്/പഞ്ചസാര സംയുക്ത ഭാഗം കൊണ്ടും. (ചിത്രം 2 കാണുക)

ഈ ഭീമന് തന്മാത്രയുടെ ഫോസ്ഫേറ്റ് അംഗത്തില്‍ ഉള്ള OH (ഹൈഡ്രോക്സില്‍) അംഗം മറ്റൊരു ന്യൂക്ളിയോടൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ഹൈഡോക്സില്‍ അംഗവും രണ്ടാമത്തെ ന്യൂക്ളിയോടൈഡിന്റെ പഞ്ചസാരയുടെ CH2 അംഗവും ചേരുന്നു. ഒരു H2O (ജലം) തന്മാത്ര ഉണ്ടാകുന്നതോടെ, ഈ രണ്ടു ന്യൂക്ളിയോടൈഡുകളും ബന്ധിതമാകുന്നു. ഇങ്ങനെ ഒരു ചങ്ങലപോലെ ന്യൂക്ളിയോടൈഡുകള് തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ ചുരുളന്‍ കോണിയുടെ ഒരു പകുതി കിട്ടുന്നു. ഇതേ രീതിയില്‍ത്തന്നെയാണ് മറുപകുതിയും ഉണ്ടാവുന്നത്. എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഒരു അഡനീന്‍ തന്മാത്ര ഒരു തൈമീന്‍ കണികയുമായി മാത്രമേ ബന്ധം സ്ഥാപിക്കൂ. ആര്.എന്‍.ഏയിലാണെങ്കില്‍ തൈമീനില്ലാത്തതുകൊണ്ട് യുറാസിലുമായിട്ടാണ് ഈ ബന്ധം. ഒരു ഗ്വാനീന്‍ തന്മാത്രയാകട്ടെ ഒരു സൈറ്റോസിനുമായി മാത്രമേ ബന്ധപ്പെടൂ. ഹൈഡ്രജന്‍ ബോണ്ടുകള്‍ എന്നു വിളിക്കപ്പെടുന്ന തരം ബന്ധമാണ് ഇവയൊക്കെ തമ്മില്‍. (ചിത്രം 3 നോക്കുക)
അപ്പോള്‍ ഡി.എന്‍ ഏ കോണിയുടെ ഒരു പകുതിയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റംവരെ ന്യൂക്ളിയോടൈഡുകള് AAG CTTGC...എന്നിങ്ങനെയാണ് അടുക്കിയിരിക്കുന്നതെങ്കില്‍ മറുപകുതിയില്‍ അക്ഷരങ്ങള്‍ TTCGAACG... എന്നപ്രകാരമായിരിക്കും. ഡി.എന്‍.ഏ കോണിയുടെ ഈ രണ്ട് കൈവരികള്‍ക്കും തങ്ങളില്‍ നിന്നും വേര്‍പ്പെട്ടുളള ഒരു സ്വതന്ത്രനിലനില്പ്പില്ല. ഇവ രണ്ടുപാമ്പുകള്‍ പിണഞ്ഞുകിടക്കുംപോലെ ഇഴചേര്‍ന്നു നില്ക്കുന്നു. ന്യൂക്ലിയോടൈഡുകള്‍ തമ്മിലുള്ള ഹൈഡ്രജന്‍ ബന്ധനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട് - ഈ ബന്ധനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇഴപിരിയാനും വേണ്ടപ്പോള്‍ ഇഴമുറുകാനും സാധിക്കും.
കോശത്തിനകത്ത് ന്യൂക്ളിയസ് എന്ന് വിളിക്കുന്ന കോശകേന്ദ്രത്തിലാണ് ഡി.എന്‍.ഏ പോലുള്ള ജനിതകവസ്തുക്കള്‍ കാണുക. കോശം വിഭജിക്കേണ്ടി വരുമ്പോള്‍, അല്ലെങ്കില്‍ വളരുമ്പോള്‍, ഈ കോശകേന്ദ്രവും രണ്ടാകും. അതിനു മുന്നോടിയായി ഡി.എന്‍.ഏ.യുടെ ഇരട്ടിക്കലും നടക്കും. ഈ ഇരട്ടിക്കല്‍, അഥവാ ഡി.എന്‍.ഏയുടെ പകര്‍പ്പ് എടുക്കലാണ് ‘റെപ്ളിക്കേഷന്‍ ’. പിരിയന്‍ കോണിയുടെ കൈവരികള്‍ പിരിയുന്നത് ഈ അവസരത്തിലാണ്. ഇഴപിരിഞ്ഞു കഴിഞ്ഞാല്‍ രണ്ട് വ്യത്യസ്ഥ നൂലുകള്‍ പോലെ ഇവ നില്ക്കുന്നു. ഈ 'നൂലുക'ളിലോരോന്നിന്റെയും പകര്‍പ്പെടുക്കുന്നു പകര്‍പ്പുകളും ഇതുപോലെ പിരിയന്‍ കോണികള്‍ ആയിത്തീരും. പകര്‍പ്പെടുത്തു കഴിഞ്ഞാലുടന്‍ പിരിഞ്ഞു നിന്ന കൈവരികള്‍ വീണ്ടും പിണയും. ഈ ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരക്കണക്കിനു പ്രോട്ടീന്‍ തന്മാത്രകള് കോശത്തിനകത്തു പണിയെടുക്കുന്നുണ്ട്. ഒരു ഫാക്ടറിയിലെ തൊഴിലാളികളെന്നപോലെ. ഈ പ്രോട്ടീനുകളില്‍ വാഹനങ്ങളുണ്ട് -ട്രാന്സ്പോര്ട്ടര് പ്രോട്ടീനുകള്‍. മറ്റു തന്മാത്രകളെ ചുമന്നുകൊണ്ടു പോകുക എന്നതാണിവയുടെ ജോലി. ഇവയുടെയിടയില്‍ എന്‍സൈമുകള്‍ എന്നു വിളിക്കപ്പെടുന്ന രാസത്വരക പ്രോട്ടീനുകളും (catalyst) ഉണ്ട്. രാസപ്രതിപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും, ഇഴപിരിഞ്ഞു നില്ക്കുന്ന ഡി.എന്‍.ഏ യെ വീണ്ടും ഇഴചേര്‍ക്കാനും, പുതിയ ഡി.എന്‍.ഏ തന്മാത്ര നിര്‍മ്മിക്കാനാവശ്യമായ ന്യൂക്ളിയോടൈഡ് കണികകള്‍ കൊണ്ടുവരുവാനും ഫോസ്ഫേറ്റ് അംഗവും പഞ്ചസാര തന്മാത്രയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വഴി അവ തമമില്‍ ഒട്ടിച്ചു ചേര്‍ക്കാനുമൊക്കെ പ്രോട്ടീനുകള്‍ അദ്ധ്വാനിക്കുന്നു. ഈ അര്‍ത്ഥത്തില്‍ പ്രോട്ടീനുകളാണ് ജീവന്റെ അടിസ്ഥാനമായ തന്മാത്രകള് എന്നു പറയുന്നതില്‍ തെറ്റില്ല. നമ്മുടെ ഏതൊരു ജൈവ/അജൈവ പ്രവര്‍ത്തനവും പ്രോട്ടീനുകളുടെ സഹായത്തോടെയേ നടക്കൂ. ഈ പ്രോട്ടീനുകളെ നിര്‍മ്മിക്കുന്നതിനാവശ്യമായ കോഡുകളാണ് ഡി.എന്‍.ഏ യില്‍ നാം കണ്ട A യും T യും C യും എല്ലാം....
അതേക്കുറിച്ചൊക്കെ വിശദമായി അടുത്ത ഭാഗങ്ങളില്‍ പറയാം.
ചിത്രങ്ങള്‍ താഴെപ്പറയുന്നവയില്‍ നിന്നും അടിച്ചുമാറ്റി രൂപാന്തരപ്പെടുത്തിയതാണ് :
1 & 3. ദില്ലി ഐ.ഐ.റ്റിയുടെ Bioinformatics & Computational Biology വെബ് സൈറ്റ്.
2. അമേരിക്കന്‍ നാഷ്നല്‍ ലൈബ്രറി ഒഫ് മെഡിസിന്.
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ജീനുകള്‍ ? എന്താണ് ക്രോമസോം ? എന്തൊക്കെ അറിവുകളും കഴിവുകളുമാണ് ജീനുകളില്‍ ആറ്റിക്കുറുക്കിയിരിക്കുന്നത് ? നമുക്ക് ഈ വിഷയങ്ങളിലൂടെ ഒരു യാത്ര പോകാം. അറിവിലെ നെല്ലും പതിരും വേര്‍തിരിക്കാം, ശാസ്ത്രത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും....
ReplyDeleteവായിച്ചു. ബാക്കിയും വായിക്കും.
ReplyDeleteവിഷു ആശംസകള്‍. ചര്‍ച്ച ജിമെയിലില്‍ കിട്ടാനും കൂടിയാണിത്.
പ്രിയ സൂരജ് ,
ReplyDeleteഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു , സൂരജിന്റെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ എന്ന് . ജീവന്റെ അക്ഷരമാലയില്‍ നിന്നുള്ള തുടക്കം നന്നായി . തുടരുക സൂരജ് ! ബ്ലോഗും വിജ്ഞാനവും എങ്ങനെ ബഹുജനങ്ങളിലെത്തിക്കാം എന്നതിനെക്കുറിച്ച് ബ്ലോഗ് അക്കാദമിയിലൂടെയും സമയം കിട്ടുമ്പോള്‍ സംസാരിക്കുമല്ലോ ..
ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിച്ചിരിക്കുന്ന ഒരു വിഴയം ആണിത് .... എന്ഠെ ഒരു സംശയവും കൂടി "ഈ dominant genes, recessive genes എന്നൊക്കെ പറയുന്നത് എങ്ങനെ ഡോമിനന്റുമ് റിസസ്സീവും ആയി....പൊതുവായി നമ്മുടെ എതൊക്കെ characteristics ആനണ് ഡോമിനന്റ്?.... (ഉദാ: ബുദ്ധിശക്ടി, വെളുപ്പ് നിറം, ഇവയൊക്കെ പോലെ, നമ്മള് സാധാരണ കിഠിലമെന്ന് പറയുന്നവ.... അത് തന്നെ ആകണമെന്നില്ല.... അത് പോലത്തെ ) " ......
ReplyDeleteവായിച്ചു കഴിഞ്ഞപ്പോള്‍ മുഴുവന്‍ സംശയങ്ങള്‍. ചോദിച്ചാല്‍ അബദ്ധമാവുമോ എന്നൊരു സങ്കോചവും ഇല്ലാതില്ല. പിന്നെ പണ്ടൊരിക്കല്‍ സൂരജ് 10 ആം ക്ലാസ് വരെയെങ്കിലുമുള്ള ഫിസിക്സും കെമിസ്ട്രി യും ബയോളജിയുമ് അറിയുമെങ്കില്‍ പോസ്റ്റ് വായിക്കാം എന്ന് എവിടെയോ പറഞ്ഞ പോലെ ഒരു ഓര്മ. എന്തായാലും അങ്ങട് ചോദിക്കുക തന്നെ. മണ്ടത്തരമായാല് ക്ഷമിക്കുക.
ReplyDelete"ജനിതകവസ്തു അഥവാ ക്രോമസോമുകള്‍ നമ്മുടെ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) ചെറു ചുരുളുകളായി കാണപ്പെടുന്ന ഭീമതന്മാത്രകളാണ്."
ഈ ഭീമതന്മാത്രകള് എന്ന് പറഞ്ഞതു അത്ര വ്യക്തമായില്ല. ഇതിന്റെ മോളികുലര് വെയിറ്റ് എത്ര വരും?
"പഞ്ചസാര കണികകളോട് ബന്ധിപ്പിച്ചിരിക്കുന്ന ക്ഷാരഗുണമുള്ള (നൈട്രജന്‍ എന്ന മൂലകം ഉള്ളവ)"
ക്ഷാര ഗുണം എന്ന് വച്ചാല്‍ എന്താണ്? പി.എച്ച് ഏഴില്‍ താഴെയാനെന്നാണോ അര്‍ത്ഥം? നൈട്രജന്‍ ഉണ്ടെന്കില് ക്ഷാരഗുണം കിട്ടുമോ?
"ന്യൂക്ലിയോടൈഡുകള്‍ തമ്മിലുള്ള ഹൈഡ്രജന്‍ ബന്ധനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട് - ഈ ബന്ധനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇഴപിരിയാനും വേണ്ടപ്പോള്‍ ഇഴമുറുകാനും സാധിക്കും."
ഹൈഡ്റജന് ബോണ്ടുകള്‍ OH-H ഉം OH-N ഉം ആയിരിക്കുമല്ലേ? അങ്ങനെയനെന്കില് ഇഴപിരിയുന്നത് എന്ഡോതെര്മികും ഇഴചേരുന്നത് എക്ഷൊതെര്മിക്കുമ് ആയിരിക്കുമല്ലേ? ഒരു ഇഴപിരിയലില് ശരാശരി എത്ര ഹൈഡ്റജന് ബോണ്ടുകള്‍ ബ്രേക്ക് ചെയ്യുന്നുണ്ടാവും? അതേപോലെ ഒരു ഇഴപിരിയലിനു ശരാശരി എത്ര സമയം എടുക്കും? ഒരു DNA റിപ്ലികേഷന് ശരാശരി എത്ര സമയം കൊണ്ടു നടക്കും?
DNAയില്‍ H,O,C,P എന്നീ മൂലകങ്ങള്‍ അല്ലാതെ വേറെയും മൂലകങ്ങള്‍ ഉണ്ടോ?
മറന്നു തുടങ്ങിയ ബയോളജി, വീണ്ടും ഓര്‍ക്കാന്‍ ഈ പോസ്റ്റും ഇനി വരുന്ന പോസ്റ്റുകളും സഹായിക്കട്ടെ എന്ന് ആശിക്കുന്നു. നല്ല തുടക്കം സൂരജ്. തുടരുക.. നന്ദി..
ReplyDeleteപോസ്റ്റ് വായിച്ചില്ല. സൂരജ് വീണ്ടും ബ്ലോഗില്‍ സജീവമായതിലുളള സന്തോഷം പ്രകടിപ്പിക്കാനാണ് ഈ കമന്റ്.
ReplyDeleteവന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും നന്ദി.
ReplyDeleteമൂര്‍ത്തിജീ, ബിലേറ്റഡ് വിഷു ആശംസ...അല്ലേ ? :)
സുകു മാഷ്, നന്ദി. ചില വ്യക്തിപരത്തിരക്കുകള് ഉണ്ടായിരുന്നു. പിന്നെ മോഡം മിന്നലില്‍ അടിച്ചുപോയി :) ബ്ലോഗ് അക്കാദമിയിലെക്കുള്ള ക്ഷണം മെയിലില്‍ കിട്ടി. നന്ദി. തിരക്കൊഴിയുമ്പോള്‍ തീര്‍ച്ചയായും എഴുതാം.
ശ്രീവല്ലഭന് ജീ, നന്ദി.
പ്രിയ “ഞാന്‍”,
ജീനുകളെക്കുറിച്ച് കൂടുതല്‍ വിശദമായി മൂന്നാമത്തെ പോസ്റ്റില്‍ വരുന്നുണ്ട്. അപ്പോള്‍ താങ്കള്‍ ഉന്നയിച്ച സംശയങ്ങള്‍ നമുക്ക് ഡീറ്റെയില്‍ഡായി നോക്കാം എന്നു വിചാരിക്കുന്നു.
അനില്‍ ജീ, മാരീചന് ജീ,
നന്ദി.
പ്രിയ കുതിരവട്ടന്‍ ജീ,
1. “ ഈ ഭീമതന്മാത്രകള് എന്ന് പറഞ്ഞതു അത്ര വ്യക്തമായില്ല. ഇതിന്റെ മോളികുലര് വെയിറ്റ് എത്ര വരും?"
വാക്യഘടനതെറ്റിയതു കാരണം ഉണ്ട്ായത് വലിയ വസ്തുതാപരമായ പിഴവാണ്. സര്ക്കാസ്റ്റിക്കായിട്ടാണെങ്കിലും തെറ്റു ചുണ്ടിക്കാണിച്ചതിനു നന്ദി :) "ജനിതകവസ്തു അഥവാ ക്രോമസോമുകള്‍ നമ്മുടെ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) ചെറു ചുരുളുകളായി കാണപ്പെടുന്ന ഡി.എന്‍.ഏ തന്മാത്രാമാലയുടെയും അനുബന്ധ പ്രോട്ടീനുകളുടെയും സാന്ദ്രീകൃത രൂപമാണ് ." എന്ന് തിരുത്തിയിട്ടുണ്ട്.
2. നൈട്രജന്‍ ഉള്ളതുകൊണ്ട് ക്ഷാരഗുണം എന്നല്ല ഉദ്ദേശിച്ചത്, N-H2 അംഗം ഉള്ള, പ്രോട്ടോണ്‍ സ്വീകരിക്കാനുള്ള ക്ഷാരഗുണം - basic nature - കാണിക്കുന്നു എന്ന് വരണം. വാക്യപ്പിഴവ് എന്റേത്. തിരുത്ത് അവിടെയും നല്‍കിയിട്ടുണ്ട്. നന്ദി :))
3. "ഹൈഡ്റജന് ബോണ്ടുകള്‍ OH-H ഉം OH-N ഉം ആയിരിക്കുമല്ലേ? അങ്ങനെയനെന്കില് ഇഴപിരിയുന്നത് എന്ഡോതെര്മികും ഇഴചേരുന്നത് എക്ഷൊതെര്മിക്കുമ് ആയിരിക്കുമല്ലേ? ഒരു ഇഴപിരിയലില് ശരാശരി എത്ര ഹൈഡ്റജന് ബോണ്ടുകള്‍ ബ്രേക്ക് ചെയ്യുന്നുണ്ടാവും? അതേപോലെ ഒരു ഇഴപിരിയലിനു ശരാശരി എത്ര സമയം എടുക്കും? ഒരു DNA റിപ്ലികേഷന് ശരാശരി എത്ര സമയം കൊണ്ടു നടക്കും?"
“ആയിരിക്കുമല്ലേ?” എന്ന അനുചോദ്യങ്ങള്ക്ക് പിന്നാലെ ഉത്തരങ്ങളും പോരുന്ന സ്ഥിതിക്ക് ഞാനിനി എന്തു പറയാന്‍...ഹ ഹ ഹ.
O---H, N---H അല്ലേ ഉദ്ദേശിച്ചത് ?
ഇത്രയും ഹൈടെക് സംശയങ്ങള്‍ ഉണ്ടാവാനും വേണ്ടിയുള്ള വിവരങ്ങളൊന്നും ഈ ലേഖനത്തില്‍ അവതരിപ്പിച്ചിട്ടില്ലല്ലോ കുതിരവട്ടന്‍ ജീ. (അല്ല, ഉത്തരം അറിഞ്ഞുവച്ചുകൊണ്ട് ചോദ്യം ചോദിക്കുന്നതുപോലെ തോന്നി...സോറി ;)
ഡി.എന്‍.ഏ റെപ്ലിക്കേഷന്റെ സമയവും രീതികളും, ഹെലിക്കേസിന്റെ പ്രവര്‍ത്തനം, ഹൈ എനര്‍ജി കോമ്പൌണ്ട് ഹൈഡ്രോളിസിസ് വഴിയുള്ള ഉര്‍ജ്ജ ഉപഭോഗം, ബോണ്ട് പൊട്ടല്‍ തുടങ്ങിയവയൊക്കെ കോശവിഭജനത്തിന്റെ ഫേസുകളെക്കുറിച്ചെഴുതുമ്പോള് പരാമര്ശിക്കാമെന്നുകരുതി വിട്ടതാണ്.
H--N എന്ഥാല്പി (~340KJ/mol)O--H എന്ഥാല്പി (427KJ/mol) എന്നിങ്ങനെയുള്ള കണക്കുകളാണോ ഉദ്ദേശിച്ചത് ? എങ്കില്‍ ഞാന്‍ ജില്ല വിട്ടേ... :) (Tm കാല്ക്കുലേഷനുകളൊക്കെ ഓര്‍ക്കുമ്പോള്‍...! :O
4. " DNAയില്‍ H,O,C,P എന്നീ മൂലകങ്ങള്‍ അല്ലാതെ വേറെയും മൂലകങ്ങള്‍ ഉണ്ടോ?"
N വിട്ടുപൊയോ ?
ഓ ടോ: വസ്തുതാപര തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയൂ. തിരുത്തുകള്‍ തികച്ചും സ്വീകാര്യം.
ഇതിനെ പറ്റി വലിയ വിവരമൊന്നുമില്ല. അതൊണ്ട് ഒന്നും പറയാന്‍ പറ്റുന്നില്ല. കമന്റ് ട്രാക്കിംഗ് കിടക്കട്ടെ..:)
ReplyDeleteകുതിരവട്ടന്‍ ജീ സൂചിപ്പിച്ച ചില സംഗതികള്‍ ഉള്‍പ്പെടുത്തി ന്യൂക്ലിയോടൈഡ് ബെയ്സ് ജോഡികള്‍ തമ്മിലുള്ള ഹൈഡ്രജന്‍ ബന്ധനത്തെക്കുറിച്ച് ഒരു ചിത്രം (ചിത്രം 3)കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റില്‍ അതേക്കുറിച്ച് കൂടുതലെഴുതിയാല്‍ കാടുകയറിപ്പോകുമെന്നതിനാല് ഒഴിവാക്കുന്നു.
ReplyDeleteWelcome back!
ReplyDeleteinformative..
ReplyDeleteജീവന്റെ പുസ്തകത്തിലെ കാര്യങ്ങളെക്കുറിച്ച് എപ്പോള്‍ വായിക്കുമ്പോഴും അത്ഭുതം.സ്വയംഭൂവായ ഒരു സൃഷ്ടി-സ്ഥിതി-സംഹാരം ഓരോ കോശത്തിന്റെയും ഉള്ളില്‍ ബോധപൂര്‍വ്വം നടക്കുന്നു എന്ന യതിയുടെ നിരീക്ഷണം അപ്പോഴൊക്കെ ഓര്‍മ്മവരുകയും ചെയ്യുന്നു.
ReplyDeleteഅഭിപ്രായങ്ങള്‍ പറയാനുള്ള അറിവില്ല. തുടര്‍ന്നും വായിക്കും.
പ്രിയ സൂരജ് ജി,
ReplyDeleteരണ്ടാമത്തെ പടത്തില്‍ 'ന്യൂക്ളിയോടൈഡുകള് ചുരുളന്‍ കോണിയുടെ പടികള്‍' എന്നെഴുതിയിരിക്കുന്നത് കണ്ടു. ചുരുളന്‍ കോണിയുടെ കൈവരിയായിട്ടു കാണിച്ചിരിക്കുന്നത് 'പഞ്ചസാര കണികകളുമായി ബന്ധിച്ചിരിക്കുന്ന ഫോസ്ഫേറ്റുകളെയും'.
കൈവരി നിര്‍മിക്കുന്ന ഫോസ്ഫേറ്റ് കണികകളും പഞ്ചസാര കണികകളും ന്യൂക്ലിയോടൈഡിന്റെ ഭാഗമല്ലേ? ന്യൂക്ലിയോടൈഡിന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണ് എന്ന് വിശദീകരിക്കാമോ?
സൂരജ്, ഈ ലേഖനം ഇതിലും ലളിതമാക്കാനാവില്ല എന്നറിയാം. അഭിനന്ദനങ്ങള്‍!
ReplyDeleteഈ ജീവകോശങ്ങളിലെ ഓരോ പ്രവര്‍ത്തനങ്ങളും വായിച്ചുപഠിക്കുമ്പോള്‍ എനിക്ക് അത്ഭുതം വര്‍ദ്ധിക്കുന്നു. കോശങ്ങളുടെ ഉള്ളിലേക്ക് കടന്നുചെന്ന ആറ്റങ്ങളുടെ ലെവലില്‍ എത്തുമ്പോഴേക്കും ഞാനും, സൂരജും, ബ്ലോഗര്‍മാരും,നമ്മുടെ ഈ ഭൂമിയും അതുള്‍പ്പെടുന്ന പ്രപഞ്ചവും എല്ലാം, ഒരേ തരം വസ്തുക്കള്‍കൊണ്ട് - വ്യത്യസ്ത ചേരുവകയില്‍ - നിര്‍മ്മിച്ചതാണെന്ന തിരിച്ചറിവ് ഈ പ്രപഞ്ചത്തിനോടുള്ള എന്റെ സ്നേഹം വര്‍ദ്ധിപ്പിക്കുന്നു. നന്ദി സൂരജ്.
brushing up my knowledge.thanks suraj.what abt the kerala pg results?
ReplyDeleteപ്രിയ
ReplyDeleteയാരിദ്,ബാബു മാഷ്, രാജീവ് ജീ, അപ്പുച്ചേട്ടാ, മണ്‍സൂണ്‍ ഡ്രീംസ്, നന്ദി :)
പ്രിയ കുതിരവട്ടന്‍ ജീ,
ശരിയാണ് താങ്കളുടെ നിരീക്ഷണം - ന്യൂക്ലിയോടൈഡുകളുടെ തന്നെ ഭാഗമാണ് ഫോസ്ഫേറ്റുകളും 'റൈബോസ്' പഞ്ചസാരക്കണികകളും. ഒരു നൈട്രജന്‍ ബേയ്സിന്റെയും പഞ്ചസാരക്കണികയുടെയും സംയുക്തം യഥാര്‍ത്ഥത്തില്‍ ഒരു ന്യൂക്ലിയോസൈഡ് ആണ്. ഈ ന്യൂക്ലിയോസൈഡ് ഫോസ്ഫേറ്റ് എസ്റ്റര്‍ ആകുമ്പോഴാണ് ന്യൂക്ലിയോടൈഡ് എന്നു വിളിക്കുന്നത്.
അപ്പോള്‍ കൃത്യമായി പറഞ്ഞാല്‍ ഡി.എന്‍.ഏ ചുരുളന്‍ കോണിയുടെ “പടികള്‍” എന്നത് നൈട്രജന്‍ ബേയ്സുകള്‍ മാത്രമാണ്. “കൈവരി” പൂര്‍ണമായും ഫോസ്ഫേറ്റ്/പഞ്ചസാര സംയുക്ത ഭാഗങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവയുമാണ്.
ലേഖനത്തില്‍ ഒരു analogy എടുത്ത് അമിതലളിതവല്‍ക്കരണം നടത്തിയതുകൊണ്ടാണ് എന്നുതോന്നുന്നു അത്തരമൊരു കണ്ഫ്യൂ വന്നത്. ഇനി ശ്രദ്ധിക്കാം :)
"ന്യൂക്ലിയോടൈഡ് (ചുരുളന്‍ കോണിയുടെ പടികള്‍)"
ReplyDeleteആ പടത്തില്‍ ന്യൂക്ലിയോസൈഡ് എന്നെഴുതാന്‍ വന്നപ്പോള്‍ തെറ്റി ന്യൂക്ലിയോടൈഡ് എന്നെഴുതിപ്പോയതാണോ? അക്ഷരത്തെറ്റാവാനാണ് സാധ്യത. തിരുത്തിയാല്‍ നന്നായിരിക്കും അല്ലെന്കില് ഇനിയും ആളുകള്‍ വായിച്ചു തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ട്. :)
കുതിരവട്ടന്‍ ജീ, അക്ഷരപ്പിശാചല്ല. ‘നോട്ട’പ്പിശാചുതന്നെ!
ReplyDeleteഒറിജിനല്‍ ചിത്രത്തിലെ ലേബലുകള്‍ മലയാളീകരിച്ചപ്പോള്‍ അശ്രദ്ധമായി ടൈപ്പുചെയ്തതാണ്. ബേയ്സ് പെയറുകളാക്കി തന്നെ തിരുത്തിയിട്ടുണ്ട് :)
നന്ദി.
ആദ്യമെ തിരിച്ച് വന്നതിന്റെ ആഹ്ലാദമറിയിക്കട്ടെ. ജീവന്റെ പുസ്തകം കണ്ട് ഞാന്‍ അന്തം വിട്ടുപോയി. നേരില്‍ കാണുന്ന പോലുള്ള ആ വിവരണം അതിശയകരം തന്നെ. സൂരജ് പറയുമ്പോള്‍ കാര്യം പിടികിട്ടുന്നുണ്ടെങ്കിലും ഇതൊക്കെ നമുക്ക് നേരില്‍ കാണാന്‍ കഴിയുമോ? അതോ ഊഹങ്ങളില്‍ നിന്നും ഉണ്ടാക്കിയ മോഡല്‍ ആയിരിക്കുമോ? നേരിട്ടോ യന്ത്രസഹായത്തോടെയോ കാണാന്‍ കഴിയുമെങ്കില്‍ സൂരജ് കണ്ടിട്ടുണ്ടാവണം. അല്ലെ? അല്ലെങ്കില്‍ ഇതിത്ര സുന്ദരമായി ചിത്രീകരിയ്ക്കാനാവില്ല.
ReplyDeleteപ്രിയ രാജേഷ്, വന്നതിനു നന്ദി :)
ReplyDeleteജനിതകവസ്തു ക്രോമസോം ആയി ഓര്‍ഗനൈസ് ചെയ്യപ്പെട്ട് കോശ വിഭജനസമയത്ത് കോശമധ്യത്തോടടുത്ത് വന്നു കിടക്കുന്നതുവരെ കാണാന്‍ സാമാന്യം പവറുള്ള ലാബ് മൈക്രോസ്കോപ്പ് മതി. കോള്‍ചിസിന്‍ പോലുള്ള ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് കോശവിഭജനത്തെ പകുതിക്കുവച്ചു തടഞ്ഞ് (വിഡിയോ ചിത്രം pause ചെയ്യുന്നതുപോലെ)ആ കോശത്തെ ഭൂതക്കണ്ണാടിവച്ചു നോക്കുന്നതാണ് രീതി. ജനിതകവസ്തുവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കാണാന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് പോലുള്ള ശക്തിയേറിയ ഉപകരണങ്ങള്‍ വേണം.
പിന്നെ, ഡി.എന്‍.ഏയുടെയും പ്രോട്ടീനുകളുടെയുമൊക്കെ കണികാ തലത്തിലെ വിശദാംശങ്ങളൊക്കെ indirect ആയി പഠിക്കുന്നതാണ് - ഉദാഹരണത്തിനു X Ray crystallography പോലുള്ള സങ്കേതങ്ങളില്‍ തന്മാത്രയിലെ ഇലക്ട്രോണ്‍ പടലത്തിലൂടെ കടന്നുപോകുന്ന എക്സ്-കിരണങ്ങളിലെ scattering രീതികളെ അപഗ്രഥിച്ച് വസ്തുവിന്റെ ഇലക്ട്രോണ്‍ സാന്ദ്രത പോലുള്ള സംഗതികള്‍ മുതല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ വരെ അനുമാനിച്ചെടുക്കുന്നു.ഉദ്ദേശിക്കുന്ന തന്മാത്രയുടെ മറ്റു രസതന്ത്രപരമായ വിശദാംശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഈ ഡേറ്റയെ അപഗ്രഥിക്കുന്നു. Nuclear Magnetic Resonance (NMR)spectroscopy പോലുള്ള സങ്കേതങ്ങളും മരുനുകളായി പ്രയോഗിക്കുന്ന തന്മാത്രകളുടെ ഘടനാരഹസ്യമറിയുന്നതിന് ഉപയോഗിക്കാറുണ്ട്. ആധുനിക കാലത്ത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ത്രിമാന മോളിക്യുലാര്‍ ഘടന ഇത്തരം indirect data-യില്‍ നിന്നും രൂപപ്പെടുത്തിയെടുക്കുകയാണ് രീതി.