രക്താതിസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള ആദ്യ പോസ്റ്റ് ഇവിടെ
മുന്‍പേറ്: അതിവിശാലമായ പ്രപഞ്ചത്തിന്റെ ഒരു കടുകുമണിപോലും വലിപ്പമില്ലാത്ത മനുഷ്യനെന്ന ജന്തുവിന്റെ ആയിരക്കണക്കിനായ രോഗങ്ങളില്‍ ഒന്നായ രക്താതിസമ്മര്‍ദ്ദത്തിലേക്ക് കുഴിച്ചു കുഴിച്ചു പോയ ശാസ്ത്രം തപ്പിയെടുത്ത മഹാല്‍ഭുതങ്ങളെ എളിയ രീതിയില്‍ അവതരിപ്പിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്. കുറച്ചധികം സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുന്നതാകയാല്‍ ഒരല്‍പ്പം വിരസമായേക്കാം. തല്‍ക്കാലം ഒരു കോപ്പിയെടുത്തു വച്ചിട്ട് സൌകര്യം പോലെ വായിക്കുന്നതാവും നല്ലത്. രക്താതിസമ്മര്‍ദ്ദത്തിനു മരുന്നുകഴിക്കേണ്ടിവരുമ്പോള്‍ അവയുടെ ശരീരത്തിലെ പ്രവര്‍ത്തന രീതി അറിയാന്‍ ഈ ലേഖനം ഉപകരിച്ചേക്കും. മരുന്നുകളുടെ ഡോസ്, ഉപയോഗിക്കേണ്ട രീതി, ബ്രാന്റ് നാമം, എന്നിവ പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങള്‍ അതാത് ആവശ്യങ്ങള്‍ക്ക് ചികിത്സകരോട് നേരിട്ട് കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്. പോസ്റ്റു നീളുമെന്നു മാത്രമല്ല ഒരുപാട് തെറ്റിദ്ധാരണകളും ഉണ്ടായേക്കുമെന്നതിനാല്‍ ഈ മരുന്നുകളുടെ സൈഡ് ഇഫക്റ്റുകള്‍ മറ്റൊരു പോസ്റ്റില്‍ വിശദമാക്കാം.
കിഡ്നിയിലേക്കുള്ള രക്തയോട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ മൂത്രം രൂപം കൊള്ളുന്നതെന്ന് ആദ്യ ഭാഗത്തില്‍ പറഞ്ഞതോര്‍ക്കുമല്ലോ. ഈ മൂത്രമാകട്ടെ ഉപ്പ് കളയാനുള്ള ശരീരത്തിന്റെ പ്രഥമ മാര്‍ഗവും. (മറ്റൊരു മാര്‍ഗ്ഗം വിയര്‍പ്പാണ്) മൂത്രം ഉണ്ടാക്കുന്നതിന് വളരെ വിപുലമായ ട്യൂബുകളുടെ ഒരു സിസ്റ്റം തന്നെ കിഡ്ണിക്കുണ്ട്. വളഞ്ഞു പുളഞ്ഞ് പോകുന്ന അതിസൂക്ഷ്മമായ ഈ ട്യൂബുകളുടെ ഒരറ്റത്ത് എത്തുന്ന മൂത്രത്തിലെ ഉപ്പിന്റെ അളവ് വച്ചാണ് മറ്റേ അറ്റത്ത് എത്ര ഉപ്പ് അരിച്ച് കളയണം, എത്ര ഉപ്പ് തിരിച്ച് രക്തത്തിലേക്ക് എടുക്കണം എന്നൊക്കെ തീരുമാനിക്കപ്പെടുന്നത്.
കിഡ്നികള്‍ രക്തത്തില്‍ നിന്നും സോഡിയം,പൊട്ടാഷ്യം, ഹൈഡ്രജന്‍ അയോണുകള്‍, ക്ലോറൈഡ്, കാത്ഷ്യം, മഗ്നീഷ്യം തുടങ്ങിയ പല കിടുപിടികളും ലവണ രൂപത്തില്‍ മൂത്രത്തിലേക്ക് വെള്ളത്തോടൊപ്പം അരിച്ചെടുക്കുന്നു. പ്രാഥമിക മൂത്രം എന്നാണ് ഇതിനെപ്പറയുന്നത്. ഈ പ്രാഥമിക മൂത്രത്തെ കിഡ്നിയിലെ തന്നെ ചില കുഞ്ഞു കുഴലുകളിലൂടെ കടത്തിവിടുമ്പോള്‍ സോഡിയം, പൊട്ടാഷ്യം, കാത്ഷ്യം, ഹൈഡ്രജന്‍ അയോണുകള്‍ എന്നിങ്ങനെ ശരീരത്തിനു അവശ്യം വേണ്ടുന്ന പല വസ്തുക്കളേയും കിഡ്നി തന്നെ തിരിച്ചെടുത്ത് രക്തചംക്രമണ സിസ്റ്റത്തില്‍ നിക്ഷേപിക്കുന്നുമുണ്ട്.
വളരെ ലോലമായ ഒരു സന്തുലിതാവസ്ഥയില്‍ നിലനില്‍ക്കേണ്ടുന്ന ഈ സിസ്റ്റം രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ തകരാറിലാവുകയാണ് പതിവ്. അത്തരക്കാരില്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ സോഡിയവും, ക്ലോറൈഡ് അയോണുകളും ശരിയായി വിസര്‍ജ്ജിക്കപ്പെടാതെ ശരീരത്തില്‍ കെട്ടിനില്‍ക്കും. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടുകാന്നു വച്ചാല്‍ അതിനോടൊപ്പം വെള്ളവും കെട്ടിക്കിടക്കുകാന്നര്‍ത്ഥം. ഈ അധികമായി കെട്ടിക്കിടക്കുന്ന വെള്ളം മൂലം രക്തക്കുഴലുകള്‍ക്കുള്ളിലെ സമ്മര്‍ദ്ദം വര്‍ധിക്കുന്നു. സ്വാഭാവികമായും ബീ.പി കൂടുന്നു. മൂത്രത്തില്‍ ആദ്യം അരിച്ചു കളയുന്ന സോഡിയത്തെ തിരികെ വാരി വയ്ക്കുന്ന കിഡ്നിയുടെ മെക്കാനിസത്തെയാണ് ബി.പി മരുന്നുകളില്‍ ചിലത് തടയുക. ഇവയാണ് Diuretics (ഡയൂററ്റിക്കുകള്‍) അഥവാ മൂത്ര വര്‍ധിനികള്‍.
ഇവ പലതരത്തിലുണ്ട്. കാരണം നേരത്തേ പറഞ്ഞ മൂത്രവാഹിനികളായ മൈക്രോസ്കോപ്പിക് കുഴലുകളില്‍ നിന്നും സോഡിയത്തെയും ജല തന്മാത്രകളെയും തിരികെ അരിച്ചെടുക്കുന്നതിന് കിഡ്നിക്ക് പല പ്രോട്ടീനുകളും സഹായത്തിനുണ്ട്. നമ്മുടെ ഡയൂറെറ്റിക്കുകളില്‍ പലതും പല പ്രോട്ടീനുകളിലാണ് ചെന്ന് പ്രവര്‍ത്തിക്കുക.
ഉദാഹരണത്തിന് നാം സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന ലാസിക്സിനെപ്പറ്റി (Lasix) നിങ്ങള്‍ കേട്ടിട്ടില്ലേ ? നെഞ്ചിനുള്ളിലോ ശരീരത്തിലോ കാലിലോ ഒക്കെ നീരുവരുമ്പോള്‍ പലപ്പോഴും അതു കുറയ്ക്കാന്‍ ഈ മരുന്നെഴുതാറുണ്ട്. ഫ്രൂസമൈഡ് (Frusamide) എന്നൊരുതരം അമൈഡ് ആണ് ഇതിലെ മരുന്നു തന്മാത്ര. ഇത് കിഡ്നി ട്യൂബ്യൂളുകളിലെ സോഡിയം-പൊട്ടാഷ്യം-2-ക്ലോറൈഡ് ട്രാന്‍സ്പോര്‍ട്ടര്‍ (Na-2Cl-K) എന്ന് പേരുള്ള ഒരു പ്രോട്ടീന്‍ സംവാഹിനിയെ ആണ് തടയുന്നത്. ഇതോടെ സോഡിയവും ക്ലോറൈഡും മൂത്രത്തില്‍ നിന്നും ഉപ്പിന്റെ രൂപത്തില്‍ രക്തത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയപ്പെടും. മൂത്രത്തില്‍ ഉപ്പിന്റെ അളവ് കൂടുതലാകുമ്പോള്‍ അതിനനുസരിച്ച് കുറേ ജല തന്മാത്രകളേയും ശരീരത്തിനുപേക്ഷിച്ചേ മതിയാകൂ (osmotic shift). ഇത് രക്തത്തിന്റെ ജലാംശം നേരിയതോതില്‍ കുറയ്ക്കുകയും അതിനൊപ്പം ബി.പി താഴുകയും ചെയ്യും.
ഫ്രൂസമൈഡോ അതിന്റെ സഹോദര മോളിക്യൂളുകളായ ക്ലോപ്പമൈഡ് (clopamide), ടോര്‍സമൈഡ് (torsamide), സീപ്പമൈഡ് (xipamide) എന്നിവയോ ഇപ്പോള്‍ രക്താതിസമ്മര്‍ദ്ദത്തിനു ആദ്യശ്രേണീ മരുന്നായുപയോഗിക്കാറില്ല. കാരണം ഇവയുടെ പ്രവര്‍ത്തനരീതിയില്‍ കുറയ്ക്കാവുന്നതിനേക്കാള്‍ സുരക്ഷിതമായി ബീ.പി കുറയ്ക്കാന്‍ കഴിവുള്ള പുതിയ മരുന്നുകള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഫ്രൂസമൈഡും അതിന്റെ സഹോദര മോളിക്യൂള്‍കളും ഉപയോഗിക്കപ്പെടുന്നത് ഹൃദയപേശീതളര്‍ച്ച (Cardiac Failure), ശ്വാസകോശ നീര്‍ക്കെട്ട് (Pulmonary Edema), വൃക്കത്തകരാറ് (റീനല്‍ ഫെയ്ലിയര്‍- renal failure) തുടങ്ങിയ നീര്‍ക്കെട്ട് വരാന്‍ സാധ്യതയുള്ള അവസരങ്ങളില്‍ മാത്രമാണ്.
ഹൈഡ്രോ ക്ലോറോ തയസൈഡ് (hydrochloro thiazide - HCTz ) എന്ന് വിളിക്കുന്ന, താരത്മ്യേന ശക്തികുറഞ്ഞ ഒരു മൂത്രവര്‍ധിനിയാണ് നാം ഇന്ന് രക്താതിസമ്മര്‍ദത്തിനു ഏറ്റവും ആദ്യം നല്‍കുന്ന (പ്രഥമ ശ്രേണീ) മരുന്ന്. തയസൈഡ് ഗണത്തില്‍ വരുന്ന മരുന്നുകള്‍ ഫ്രൂസമൈഡിനെപ്പോലെയല്ല. അവ തടയുന്നത് കിഡ്നിയിലെ ട്യുബ്യൂളുകളില്‍ സോഡിയത്തെയും ക്ലോറൈഡിനെയും ഒരുമിച്ച് മൂത്രത്തില്‍ നിന്നും രക്തത്തിലേക്ക് തിരിച്ചെടുക്കുന്ന ഒരു സംവാഹക പ്രോട്ടീനിനെയാണ്. ഇതുമൂലം രക്തത്തില്‍ നേരിയതോതില്‍ ജലാംശം കുറയുന്നു. രക്തത്തിന്റെ സമ്മര്‍ദ്ദവും ഒപ്പം താഴുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ മരുന്നുപയോഗിക്കുമ്പോള്‍ ഹൃദയത്തിന്റെ ആയാസം കുറയുകയും കിഡ്നിയില്‍ നിന്നും ഉണ്ടാകുന്ന രക്താതിസമ്മര്‍ദ്ദ ഹോര്‍മോണുകളായ റെനിന്‍, ആഞ്ജിയോടെന്‍സിന്‍ തുടങ്ങിയവയുടെ അളവ് കുറയുകയും ചെയ്യുന്നു. ഇതിനു പുറമേ, ആര്‍ത്തവം നിലച്ചുകഴിയുമ്പോള്‍ സ്ത്രീകളില്‍ ഈസ്ട്രജന്‍ കുറയുന്നതു കാരണമുണ്ടാകുന്ന എല്ലുകളുടെ തേയ്മാനം തടയാനും തയസൈഡ് നല്ലതാണ്. കാരണം ഇത് മൂത്രത്തിലൂടെ കാത്ഷ്യം നഷ്ടപ്പെടുന്നതിനെ തടയുന്നു - അസ്ഥിക്ഷയത്തെ കുറയ്ക്കുന്നു. ക്ലോര്‍താലിഡോണ്‍ (chlorthalidone) എന്ന ഒരു മൂത്രവര്‍ധിനി കൂടി തയസൈഡിനെപ്പോലെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ മെക്കാനിസവും ഏതാണ്ട് മേല്‍പ്പറഞ്ഞതു തന്നെ.
സ്പൈറണോ ലാക്റ്റോണ്‍ (spironolactone) , എപ്ലിറിനോണ്‍ (eplerenone) എന്നീ മരുന്നുകളെ കൂടി പരാമര്‍ശിക്കാതെ മൂത്രവര്‍ധിനികളുടെ കഥ പൂര്‍ണ്ണമാകില്ല. ഈ മരുന്നുകള്‍ ആല്‍ഡോസ്റ്റിറോണ്‍ (aldosterone) എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെയാണ് തടയുന്നത്. ആല്‍ഡോസ്റ്റിറോണ്‍ കിഡ്നിയിലുണ്ടാകുന്ന മൂത്രത്തില്‍ നിന്നും സോഡിയത്തെ രക്തത്തിലേക്കു ശേഖരിച്ചിട്ട് പകരം പൊട്ടാഷ്യത്തെയും ഹൈഡ്രജന്‍ അയോണുകളെയും മൂത്രത്തിലൂടെ കളയുന്നതിനു സിഗ്നല്‍ കൊടുക്കുന്നു. സ്പൈറണോലാക്ടോണും എപ്ലിറിനോണും ഈ സിഗ്നലിനെയാണ് തടയുന്നത്. ഇതുകൊണ്ടുള്ള പ്രത്യേകതയെന്തെന്നാല്‍ പൊട്ടാഷ്യം അമിതമായി ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതിനെ തടയുന്നതിനോടൊപ്പം സോഡിയത്തെ ശരീരത്തില്‍ കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി ബി.പി കുറയ്ക്കുകയും ചെയ്യാം എന്നതാണ്.
മറ്റു മൂത്രവര്‍ധക മരുന്നുകളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൊട്ടാഷ്യം നഷ്ടപ്പെടാനിടയാക്കുമ്പോള്‍ സ്പൈറണോലാക്ടോണും കൂട്ടരും പൊട്ടാഷ്യത്തെ സംഭരിക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഇത് ഗുണകരമാകുന്നുവെന്നാണ് പില്‍ക്കാല ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
ഏസ് ഇന്‍ഹിബിറ്ററുകള്‍ (ACE inhibitors) ആഞ്ജിയോ ടെന്‍സിന്‍ റിസപ്റ്റര്‍ ബ്ലോക്കറുകള്‍ (Angiotensin Receptor Blockers) :
അക്ഷരാര്‍ത്ഥത്തില്‍ മൂത്രവര്‍ധിനികളല്ലെങ്കിലും, സോഡിയത്തെ മൂത്രത്തില്‍ നിന്നും തിരികെ രക്തത്തിലേക്ക് അരിച്ചെടുക്കുന്നത് തടയുന്നതോടൊപ്പം, രക്തക്കുഴലുകളുടെ വ്യാസം ചുരുക്കുന്ന ആഞ്ചിയോടെന്‍സിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെയും തടയുന്ന രണ്ട് അതിപ്രധാന മരുന്നുകളുണ്ട്. അവയാണ് ഏസ് ഇന്‍ഹിബിറ്ററുകളും (ACE inhibitors) ആഞ്ജിയോ ടെന്‍സിന്‍ റിസപ്റ്റര്‍ ബ്ലോക്കറുകളും. (Angiotensin Receptor Blockers)
ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷങ്ങളായി മാര്‍ക്കറ്റില്‍ വന്നിട്ട് എങ്കിലും ഇവയുടെ പ്രാധാന്യവും ജീവന്‍-രക്ഷാ ഉപയോഗവും തിരിച്ചറിഞ്ഞ് തുടങ്ങിയത് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ആഞ്ജിയോടെന്‍സിന്‍ എന്നത് രക്തക്കുഴലുകളെ നിമിഷാര്‍ധം കൊണ്ട് ചുരുക്കാന്‍ കഴിവുള്ള ശരീരത്തിലെ ഏറ്റവും ശക്തമായ ഹോര്‍മോണുകളില്‍ രണ്ടാമത്തേതാണ് (ആദ്യത്തേത് എന്റോത്തീലിന്‍-endothelin). കിഡ്നിയിലെ മൂത്രം അരിക്കുന്ന ട്യൂബുകളിന്റെ പരിസരത്തുള്ള ചില കോശങ്ങളാണ് ആഞ്ജിയോ ടെന്‍സിന്റെ നിര്‍മ്മാണസ്ഥലം. ആഞ്ജിയോടെന്‍സിന്‍-1 എന്ന പൂര്‍വരൂപത്തില്‍ നിന്നും ചില തന്മാത്രകളെ വെട്ടിച്ചുരുക്കിയാണ് ആഞ്ജിയോടെന്‍സിന്‍-2 എന്ന കുറേക്കൂടി ശക്തമായ ഹോര്‍മോണിനെ ശരീരം നിര്‍മ്മിക്കുന്നത്. ഈ വെട്ടിച്ചുരുക്കലിനു സഹായിക്കുന്ന എന്‍സൈം അഥവാ രാസത്വരകമാണ് ആഞ്ജിയോടെന്‍സിന്‍ പരിവര്‍ത്തന ത്വരകം അഥവാ Angiotensin Converting Enzyme - ACE എന്നു ചുരുക്കപ്പേര്). ആദ്യരൂപത്തില്‍ നിന്നും രണ്ടാം രൂപത്തിലേക്ക് പരിവര്‍ത്തിതമാകുമ്പോഴേ ഈ ഹോര്‍മോണിന് ബി.പി കൂട്ടാനുള്ള കഴിവ് കിട്ടൂ. അപ്പോള്‍ ACE ഈ രാസത്വരകത്തെയോ അല്ലെങ്കില്‍ ആഞ്ജിയോടെന്‍സിന്‍-2 എന്ന ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്ന റിസപ്റ്ററിനെയോ തടയാന്‍ കഴിഞ്ഞാല്‍ അതുവഴി രക്താതിസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ കിഡ്നിയിലെ ആഞ്ജിയോടെന്‍സിന്റെയും അനുബന്ധ രാസവസ്തുക്കളുടെയും പ്രവര്‍ത്തനത്തെ തടയാന്‍ പറ്റുമല്ലോ.
ഇതാണ് ഏസ് എന്‍സൈം രോധികളുടെയും ആഞ്ജിയോടെന്‍സിന്‍ റിസപ്റ്റര്‍ ബ്ലോക്കര്‍മാരുടെയും കണ്ടുപിടിത്തം കൊണ്ട് സാധിച്ചത്. കാപ്റ്റോപ്രില്‍ (captopril) ആണ് ആദ്യത്തെ ഏയ്സ് ഇന്‍ഹിബിറ്റര്‍ എങ്കിലും ഇന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് എനലാപ്രില്‍ (enalapril) , റാമിപ്രില്‍(ramipril), ലിസിനോപ്രില്‍ (lisinopril), പെരിന്റോപ്രില്‍ (perindopril) തുടങ്ങിയവയാണ്. ഇതുപോലെ ആഞ്ജിയോടെന്‍സിന്‍ ചെന്ന് ഉദ്ദീപിപ്പിക്കുന്ന റിസപ്റ്ററുകളെ നേരിട്ട് തടയുന്ന മരുന്നുകളാണ് ലൊസാര്‍ട്ടന്‍ (losartan), ടെല്‍മിസാര്‍ട്ടന്‍ (telmisartan), വാത്സാര്‍ട്ടെന്‍ (valsartan), ഇര്‍ബിസാര്‍ട്ടന്‍ (irbesartan) തുടങ്ങിയവ.
ഏയ്സ് ഇന്‍ഹിബിറ്ററുകള്‍ക്ക് (ACE-I) ഹൃദയപേശികളെ ദീര്‍ഘകാല ആയാസത്തില്‍ നിന്നും തളര്‍ച്ചയില്‍ നിന്നും (ബെയ്റ്റാ ബ്ലോക്കര്‍ വിശദീകരിക്കുന്ന ഭാഗം നോക്കുക) രക്ഷിക്കാനാകും എന്ന് കണ്ടെത്തുകയും ഈ ഗണത്തിലെ മരുന്നുകള്‍ക്ക് നീണ്ടകാലം ഉപയോഗിക്കുന്നതുകൊണ്ടുള്ള സൈഡ് ഇഫക്റ്റുകള്‍ വിരളമാണെന്നു മനസിലാകുകയും ചെയ്തതോടെ രക്താതിസമ്മര്‍ദ്ദ ചികിത്സയില്‍ മാത്രമല്ല ഹൃദ്രോഗ ചികിത്സയില്‍ തന്നെ ഒരു പുതിയ പാത തുറക്കപ്പെട്ടു. ഇന്ന് മൂത്രവര്‍ധകങ്ങളായ ക്ലോര്‍ താലിഡോണ്‍, തയാസൈഡ് എന്നിവ കഴിഞ്ഞാല്‍ അടുത്ത പടിയായി രക്താതിസമ്മര്‍ദ ചികിത്സയില്‍ ഉപയോഗിക്കുന്നത് ഏയ്സ് ഇന്‍ ഹിബിറ്ററുകളും Angiotensin Receptor ബ്ലോക്കറുകളുമാണ്.
ഈ ഗണത്തില്‍പ്പെടുന്ന മരുന്നുകള്‍ക്ക് രക്താതിസമ്മര്‍ദ്ദം മൂലം പില്‍ക്കാലത്ത് വരാന്‍ സാധ്യതയുള്ള മസ്തിഷ്കാഘാതവും ഹൃദയാഘാതവും തടയാന്‍ കഴിയുമെന്ന് പതിനായിരക്കണക്കിനു രോഗികളെ ഉള്‍പ്പെടുത്തിനടത്തിയ വിവിധപഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, ഏറെക്കാലം നീണ്ടുനില്‍ക്കുന്ന പ്രമേഹ രോഗം കാരണം മൂത്രത്തിലൂടെ രക്തത്തിലെ അവശ്യ പ്രോട്ടീനുകള്‍ നേര്‍ത്ത രൂപത്തില്‍ നഷ്ടപ്പെടുന്ന മൈക്രോ ആല്‍ബുമിന്യൂറിയ എന്ന അവസ്ഥയെ ഒരു പരിധി വരെ ചെറുക്കാനും ഏയ്സ് ഇന്‍ഹിബിറ്ററുകള്‍ക്ക് കഴിയും തെളിഞ്ഞതോടെ ഡയബീറ്റിസ് രോഗികളിലും ഈ മരുന്നിനു വ്യാപകമായ ഉപയോഗം ഉണ്ടായിട്ടുണ്ട്.
ബെയ്റ്റാ സ്വീകരിണി രോധികള്‍ (Beta receptor blockers)
ഹൃദയത്തിലേക്ക് തലച്ചോറില്‍ നിന്നും വരുന്ന നാഡീ സിഗ്നലുകള്‍ പ്രതിപ്രവര്‍ത്തിച്ച് ഉദ്ദീപിപ്പിക്കുന്ന പ്രോട്ടീനുകളാണ് ബെയ്റ്റ സ്വീകരിണികള്‍. (ബീറ്റാ എന്നാണ് നമുക്ക് പറഞ്ഞു ശീലമെങ്കിലും ബെയ്റ്റ ആണ് ശരിയായ ഉച്ചാരണം). ഇതില്‍ പ്രധാനം ബെയ്റ്റ-1 ആണ്. രണ്ടുരീതിയിലാണ് ബെയ്റ്റാ സ്വീകരിണികള്‍ ഹൃദയത്തെ പ്രധാനമായും സ്വാധീനിക്കുക: ഹൃദയമിടിപ്പിന്റെ തോത് കുറയ്ക്കല്‍, ഹൃദയ പേശികളുടെ ആയാസം കുറയ്ക്കല്‍.
നീണ്ടകാലം രക്തക്കുഴലിലെ സമ്മര്‍ദം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സ്വാഭാവികമായും ഹൃദയത്തിനു രക്തത്തെ ധമനികളിലൂടെ പമ്പ് ചെയ്യാന്‍ കൂടുതല്‍ ആയാസപ്പെടേണ്ടി വരും. ഇങ്ങനെ ആയാസപ്പെടുന്ന ഹൃദയത്തിലെ പേശികള്‍ വ്യായാമം ചെയ്യുന്ന മനുഷ്യന്റെ കൈയ്യിലെയോ കാലിലെയോ പേശികള്‍ പോലെ ഉരുണ്ടു വീര്‍ത്തു വരും (Ventricular hypertrophy). ഹൃദയത്തെ സംബന്ധിച്ച് ഇത് നല്ലതല്ല. കാരണം വീര്‍ത്ത പേശികള്‍ ശരിക്കു ജോലിചെയ്യില്ല. മാത്രവുമല്ല വീര്‍ത്ത ഹൃദയപേശികളിലേക്കുള്ള ഓക്സിജനും, പോഷകാഹാരവും എത്തിക്കേണ്ടതിന്റെ അമിതഭാരം ഹൃദയത്തിന്റെ കുഞ്ഞു രക്തക്കുഴലുകള്‍ക്ക് താങ്ങാവതല്ല. ഈ സാഹചര്യങ്ങളാണ് കുറേക്കാലം കഴിയുമ്പോള്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുക.ബേയ്റ്റാ ബ്ലോക്കന്മാര്‍ കാവല്‍ മാലാഖമാരാകുന്നതും ഈ അവസരത്തിലാണ്.
ഹൃദയമിടിപ്പിന്റെ തോതു കുറയ്ക്കുന്നതുവഴി മൊത്തം ശരീരത്തിലോടുന്ന രക്തത്തിന്റെ സമ്മര്‍ദം കുറയുന്നു. 55 വയസില്‍ താഴെ പ്രായമുള്ള രക്തസമ്മര്‍ദരോഗികളില്‍ ഇതിനു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചില ഗുണഫലങ്ങളുണ്ട്. ഒന്നാമത് ഇക്കൂട്ടരില്‍ കാണുന്ന anxiety മാനസികപിരിമുറുക്കം എന്നിവയ്ക്ക് അയവുണ്ടാകുന്നു. രണ്ടാമത് ഹൃദയപേശികളുടെ ആയാസം കുറയ്ക്കുകവഴി അവയുടെ വീര്‍ക്കല്‍ ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും നേരത്തേ തന്നെ ഹൃദ്രോഗം വന്നവര്‍, അറ്റാക്കു വന്നവര്‍, ഹൃദയധമനികളില്‍ ബ്ലോക്ക് ഉള്ളവര്‍ തുടങ്ങിയ രോഗികള്‍ക്കാണ് ബെയ്റ്റാ ബ്ലോക്കന്മാര്‍ കൂടുതല്‍ ഗുണം ചെയ്യുക. അതിനാല്‍ ഇവയെ രണ്ടാം ശ്രേണി മരുന്നുകളായിട്ടാണ് ബി.പി ചികിത്സയില്‍ കണക്കാക്കിവരുന്നത്.
പ്രൊപ്രാനലോള്‍ (propranolol), അറ്റനൊലോള്‍(atenolol) എന്നിവയാണ് ബെയ്റ്റാ ബ്ലോക്കന്മാരില്‍ ഏറ്റവും പ്രമുഖര്‍ എങ്കിലും കുറച്ചുകൂടി കൃത്യമായി ബെയ്റ്റാ-1 സ്വീകരിണികളെ (beta-1 receptors) തന്നെ തെരഞ്ഞുപിടിച്ച് തടയുന്ന പുതിയ മരുന്നുകളായ നെബിവലോള്‍ (nebivolol), ബൈസോപ്രൊലോള്‍ (bisoprolol), മെറ്റൊപ്രൊലോള്‍ (metoprolol), സെലിപ്രൊലോള്‍ (celiprolol)തുടങ്ങിയവയ്ക്കാണ് മേല്‍പ്പറഞ്ഞ ഗുണഫലങ്ങള്‍ കൂടുതലുള്ളത്. (ഹൃദ്രോഗ ചികിത്സയ്ക്ക് മാത്രമായി ഉപയോഗിക്കുന്ന ചില മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. അവയെപ്പറ്റി പിന്നൊരിക്കലെഴുതാം.)
ആല്ഫാ ബ്ലോക്കന്മാര്‍ (Alpha receptor blockers)
ധമനികളുടെ വ്യാസം ചുരുക്കാനായി (blood vessel constriction) നാഡികളില്‍ നിന്നുമയയ്ക്കപ്പെടുന്ന സിഗ്നലുകള്‍ പ്രധാനമായും ആല്ഫാ-1 സ്വീകരിണികള്‍ അഥവാ alpha-1 receptors എന്ന പ്രോട്ടീനുകളില്‍ ചെന്നാണ് പ്രതിപ്രവര്‍ത്തിക്കുക. ഈ ആല്ഫാ-1 ചേട്ടന്മാരുടെ വായില്‍ 'തുണി തിരുകി' മിണ്ടാതാക്കുക എന്ന ജോലിയാണ് ആല്ഫാ സ്വീകരിണീ രോധികള്‍ (Alpha receptor blockers) ചെയ്യുന്നത്.
ഈ ഗണത്തിലെ വേന്ദ്രന്മാരാണ് പ്രസോസിന്‍ (prazosin), ടെറാസോസിന്‍ (terazosin), ഡോക്സസോസിന്‍ (doxazosin), ഫീനോക്സീ ബെന്‍സമീന്‍ (phenoxy benzamine) തുടങ്ങിയവ.ഇതില്‍ ആദ്യത്തെ മൂന്നുപേര്‍ക്കൊരു പ്രത്യേകതയുണ്ട്. ഇവന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ രക്തക്കുഴലുകള്‍ പുഷ്ടിപ്പെടുന്നതു തടയാന്‍ കഴിയും. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ഉള്ള അപ്പൂപ്പന്മാര്‍ക്ക് ഫലപ്രദമാണെന്ന് കണ്ടതില്‍പ്പിന്നെ ഇവന്മാരെ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിനുള്ള ചികിത്സയ്ക്കായി മാത്രം നീക്കിവച്ചിരിക്കയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെന്നത് പുരുഷന്മാരിലെ മൂത്രസഞ്ചിക്ക് താഴെ ഉള്ള ഒരു കൊച്ച് നാരങ്ങാപോലിരിക്കുന്ന സാധനമാണേ.(പുരുഷലിംഗോദ്ധാരണവും രേതസ്സിലെ ജലാംശവുമൊക്കെ നിശ്ചയിക്കുന്ന ഒരു 'കാമ' അവയവം എന്ന് ഒറ്റ വാക്യത്തില്‍ പറയാം)
ഫീനോക്സി ബെന്‍സമീന്‍ അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രത്യേക ട്യൂമര്‍ കാരണം വരുന്ന രക്താതിസമ്മര്‍ദ്ദത്തിനാണ് കാര്യമായി ഉപയോഗിക്കുന്നത്. അത്തരം ട്യൂമര്‍ മുറിച്ച് മാറ്റേണ്ടപ്പോള്‍ അനസ്തേഷ്യക്കാരുടെ ഉറ്റതോഴനാണ് ഫീനോക്സി ബെന്‍സമീന്‍ എന്ന അമീന്‍ !
കേന്ദ്ര രക്തസമ്മര്‍ദ നാഡീ രോധികള്‍ (centrally acting agents )
ബി.പി കൂട്ടുന്ന പ്രധാന ഹോര്‍മോണുകള്‍ അഡ്രീനലിന്‍, നോറഡ്രീനലിന്‍ എന്നിവയാണെന്ന് പറഞ്ഞിരുന്നല്ലോ. ഇവ ചില നാഡികളിലെ (nerve) രാസവസ്തുക്കള്‍ കൂടിയാണ്. ഈ നാഡികളുടെ പ്രവര്‍ത്തനം മൂലം ശരീരത്തില്‍ പല ഭാഗങ്ങളിലും ബീ.പി ഉയര്‍ത്തുന്ന ഹോര്‍മോണുകള്‍ കൂടുന്നു. തലച്ചോറിലും അനുബന്ധ സ്ഥലങ്ങളിലും ഈ നാഡികളെ തേടിപ്പിടിച്ച് ചെറിയ തോതില്‍ മരവിപ്പിക്കാന്‍ കഴിവുള്ള മരുന്നുകളാണ് കേന്ദ്ര-നാഡീ രോധികള്‍. ക്ലോണിഡീന്‍ (clonidine), മെതൈല്‍ ഡോപ്പ (methyl dopa), ഗ്വാനാബെന്‍സ് (guanabenz) എന്നിവയാണ് ഈ വകൂപ്പിലെ കില്ലാഡിമാര്‍.
ഇതില്‍ ക്ലോണിഡീന്‍ വളരെ ശക്തിയേറിയ മരുന്നായതിനാല്‍ കടുത്ത ബി.പി രോഗത്തിലേ ഉപയോഗിക്കാറുള്ളൂ. കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നങ്ങു നിര്‍ത്തിയാല്‍ ബി.പി ക്രമാതീതമായി ഉയര്‍ന്ന് പ്രശ്നങ്ങളുണ്ടാവാം. മെതൈല്‍ ഡോപ്പ എന്ന മരുന്ന് ഗര്‍ഭിണികളിലെ രക്താതിസമ്മര്‍ദ്ദത്തിനു ബെസ്റ്റാണ്. ഗര്‍ഭകാലത്തിന്റെ രണ്ടാം പകുതിയില്‍ 6-7% സ്ത്രീകള്‍ക്ക് മറുപിള്ള (placenta) യിലെ രക്തയോട്ടവുമായി ബന്ധപ്പെട്ടും, ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലവും ഉണ്ടാകുന്ന രക്താതിസമ്മര്‍ദ്ദം പലപ്പോഴും ജനിക്കുന്ന കുട്ടിക്ക് ബുദ്ധിമാന്ദ്യം പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. പ്രസവസമയത്തെ രക്തസ്രാവം, അപസ്മാരം എന്നിവമൂലവും അമ്മയുടെ ജീവന്‍ അപകടത്തിലാകാം. അതിന് മുന്‍ കൂറായി നമ്മള്‍ ബി.പി പരിശോധിക്കുകയും ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ മെതൈല്‍ ഡോപ്പ പോലുള്ള മരുന്നുകള്‍ ഉപയോഗിച്ച് അതു കുറച്ചുകൊണ്ടുവരികയും ചെയ്യുന്നു.
നേരിട്ട് തലച്ചോറിലല്ല പ്രവര്‍ത്തിക്കുന്നതെങ്കിലും നമ്മുടെ പാരമ്പര്യ മരുന്നുകളില്‍ പെട്ട സര്‍പ്പഗന്ധിയില്‍ നിന്നും എടുക്കുന്ന റിസര്‍പ്പിന്‍ (reserpine) ഒരു നാഡീ രോധിയാണ്. രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കാന്‍ സിഗ്നലുകളയയ്ക്കുന്ന അഡ്രീനര്‍ജിക് നാഡികളെയാണ് സര്‍പ്പഗന്ധി മരവിപ്പിക്കുക. മുന്‍ പറഞ്ഞ ക്ലോണിഡീനെ പോലെ സൈഡ് ഇഫക്റ്റുകള്‍ കൂടുതലുള്ളതുകൊണ്ട് സര്‍പ്പഗന്ധിയും അപൂര്‍വ്വാവസരങ്ങളിലേ നമ്മളിപ്പോള്‍ ഉപയോഗിക്കാറുള്ളൂ.
കാത്ഷ്യം സംവാഹക രോധികള്‍ (Calcium Channel Blockers)
Calcium നമ്മുടെ ശരീരത്തിലെ ഏതൊരു പേശിയുടേയും മുറുകല്‍ പ്രക്രിയയിലെ ഏറ്റവും പ്രധാനമായ മൂലകമാണ്. പേശികള്‍ മുറുകാനുള്ള സിഗ്നല്‍ നാഡികളിലൂടെ വന്നുകഴിഞ്ഞാല്‍ കോശത്തിനുള്ളിലെ കാല്ഷ്യം അയോണുകളെ തുരുതുരാ ഇറക്കിവിടുകയായി. ഹൃദയത്തിന്റെ പേശിയിലായാലും ശരി, രക്തക്കുഴലുകളുടെ ഭിത്തിയിലെ പേശികളായാലും ശരി, ഈ പ്രക്രിയയ്ക്ക് മാറ്റമില്ല. രക്തക്കുഴലിന്റെ ഭിത്തികളിലെ കുഞ്ഞു പേശികള്‍ മുറുകുമ്പോള്‍ രക്തക്കുഴലിന്റെ വ്യാസം കുറയുന്നു - ഉള്ളിലെ മര്‍ദ്ദം ഉയരുന്നു. അപ്പോള്‍ രക്തക്കുഴലുകളിലെ പേശികളില്‍ കാല്ഷ്യം ഉപയോഗിക്കപ്പെടുന്നതിനെ തടഞ്ഞാലോ ? ഇത് തന്നെയാണ് കാല്ഷ്യം സംവാഹക രോധികള്‍ (Calcium Channel Blockers) ചെയ്യുന്നതും.
CCB എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവ പ്രധാനമായും ഡൈഹൈഡ്രോ പൈറിഡീന്‍ വിഭാഗത്തിലെ തന്മാത്രകളാണ്. അമ്ലോഡിപ്പിന്‍ (amlodipine), നൈട്രെന്‍ഡിപ്പിന്‍ (nitrendipine), ഫീലൊഡിപ്പിന്‍ (felodipine), നിഫിഡിപ്പിന്‍ (nifedipine) , നിമോ ഡിപ്പിന്‍ (nimodipine) എന്നിവയും ഡൈഹൈഡ്രോ പൈറിഡീന്‍ അല്ലാത്ത വെരാപ്പമില്‍ (verapamil), ഡില്‍റ്റിയാസെം (diltiazem) എന്നീ രണ്ടു മരുന്നുകളും അടങ്ങിയ വിശാല കുടുംബമാണിത്.
ഇതില്‍ അമ്ലോഡിപ്പിനാണ് വ്യാപകമായി രക്തസമ്മര്‍ദ്ദത്തിനുപയോഗിച്ചുവരുന്നത്. ഡിപ്പിന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ രക്തക്കുഴല്‍ പേശികളെ വിട്ട് ഹൃദയ പേശികളുടെ പ്രവര്‍ത്തനത്തെ തടഞ്ഞു കളയുമോ എന്നൊരു പേടി കുറേക്കാലത്തെയ്ക്ക് ശാസ്ത്രലോകം വച്ചു പുലര്‍ത്തിയിരുന്നെങ്കിലും അങ്ങനൊരു പ്രശ്നമില്ല എന്ന് പ്രധാനപ്പെട്ട എല്ലാ ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഡിപ്പിനുകളല്ലാത്ത വെരാപ്പമില്‍, ഡില്‍റ്റിയാസെം എന്നി മരുന്നുകള്‍ ഹൃദയത്തെത്തന്നെ ലക്ഷ്യം വെച്ചുള്ള മരുന്നുകളാണ് (Cardio selective CCBs). അതിനാല്‍ അവ രക്താതിസമ്മര്‍ദത്തിനു മരുന്നായി ഉപയോഗിക്കാറില്ല. ചിലതരം രോഗങ്ങളില്‍ ബെയ്റ്റാ ബ്ലോക്കര്‍മാരെ മാറ്റിനിര്‍ത്തേണ്ട സന്ദര്‍ഭത്തിലാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുക. ഉദാഹരണത്തിനു ആസ്മ മൂലമുള്ള ശ്വാസം മുട്ടല്‍, കടുത്ത പ്രമേഹം എന്നിവയുള്ള രോഗിക്ക് ഹൃദ്രോഗം കൂടിയുള്ളപ്പോള്‍ ബെയ്റ്റാ ബ്ലോക്കര്‍ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയുള്ളവരില്‍ ഡില്‍റ്റിയാസെം, വെരാപ്പമില്‍ എന്നിവ ഉപയോഗിക്കാം.
മാത്രമല്ല ഡിപ്പിനുകളും അല്ലാത്തതുമായ CCBകള്‍ക്കെല്ലാം തന്നെ ഹൃദയത്തിനു ഓക്സിജനും പോഷകങ്ങളും കൊണ്ടുപോകുന്ന കുഞ്ഞു രക്തക്കുഴലുകളെ പെട്ടെന്നു ചുരുങ്ങുന്നതില്‍ നിന്നും തടയാന്‍ കഴിയും. ഹൃദയാഘാതത്തിനു മുന്നോടിയായിട്ടൊക്കെ കാണപ്പെടുന്ന ആഞ്ജൈന എന്നു വിളിക്കുന്ന കടുത്ത നെഞ്ചു വേദനയ്ക്ക് (angina) ഈ മരുന്നുകള്‍ നല്ലതാണ്. ഹൃദ്രോഗിക്ക് നെഞ്ചുവേദന വരുമ്പോള്‍ ഇതേല്‍ ഒന്നോ രണ്ടോ ഗുളിക പൊടിച്ച് നാക്കിന്റെയടീല്‍ വയ്ക്കുന്ന പരിപാടിയുണ്ട്. നാക്കിനടിയിലെ സിരകളിലൂടെ (vein) ഈ മരുന്നു വേഗം അലിഞ്ഞ് ഹൃദയത്തിലെത്തി പ്രവര്‍ത്തിച്ചോളും.
ഇതിലെ നിഫിഡിപ്പിന്‍ (nifedipine) ഇന്ന് മെതൈല്‍ ഡോപ്പയ്ക്കൊപ്പം ഗര്‍ഭകാല രക്താതിസമ്മര്‍ദത്തില്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. നിമോഡിപ്പിനാകട്ടെ (nimodipine) അപകടം വഴിയോ, രക്തക്കുഴല്‍ പൊട്ടിയോ തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്ന അവസരത്തില്‍ തലയ്ക്കുള്ളിലെ പ്രഷര്‍ കുറയ്ക്കാനും ബ്ലീഡിംഗ് നിര്‍ത്താനും ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്.
ധമനീ വികാസ സഹായികള്‍ (Vaso dilators )
ശുദ്ധരക്തം മാത്രം വഹിക്കുന്ന രക്തക്കുഴലുകളായ ധമനികളെ (arteries) തെരഞ്ഞു പിടിച്ച് വികസിപ്പിക്കുന്ന മരുന്നുകളാണ് ഇവ. ഇതില്‍ ഹൈഡ്രലസീന്‍ (hydralazine), മിനോക്സിഡില്‍ (minoxidil) എന്നിവയാണ് ഉള്‍പ്പെടുക. ഹൈഡ്രലസീന്‍ ഏതാണ്ട് കാത്ഷ്യം ചാനല്‍ ബ്ലോക്കര്‍മാരെ പോലെയാണ് പെരുമാറുന്നതെങ്കിലും ആര്‍ട്ടെറികളില്‍ മാത്രമാണ് ഇവന്റെ 'വികസന' പ്രവര്‍ത്തനമെന്നതിനാല്‍ ഒരുപാട് പാര്‍ശ്വഫലങ്ങളുമുണ്ട്. ഗുളികരൂപത്തില്‍ കഴിക്കാവുന്ന ആദ്യത്തെ ബി.പി മരുന്നുകളില്‍ ഒന്നായ ഇവനെ ഇപ്പോള്‍ എല്ലാവരും തഴഞ്ഞ മട്ടാണ്. കഴിച്ചാല്‍ ദാ'ന്ന് പറയും മുമ്പേ ബി.പി താഴും എന്നതിനാല്‍ പലപ്പോഴും രോഗി തലകറങ്ങിത്താഴെപ്പോകും! അതോണ്ട് വളരെ കടുത്ത ബി.പി രോഗത്തിനേ ഇത് നല്‍കാറുള്ളൂ.
മിനോക്സിഡില്‍ (minoxidil) എന്ന ഈ വിഭാഗത്തിലെ രണ്ടാമന്റെ കഥയാകട്ടെ രസകരമാണ്. മിനോക്സിഡില്‍ ധമനികളിലെ കുഞ്ഞു പേശികളിലെ പൊട്ടാഷ്യം കയറുന്ന 'വാതിലുകളെ' പോയി തുറന്നു വയ്ക്കും. കാത്ഷ്യം നിറഞ്ഞ് മുറുകിയ പേശികളിലെ പൊട്ടാഷ്യം ഈ തുറന്ന വാതിലിലൂടെ പുറത്തേയ്ക്കൊലിച്ചു പോകും. അങ്ങനെ മുറുകിയ പേശി അയഞ്ഞു വരും. ചുരുങ്ങിയ ധമനി വികസിക്കും, ബി.പിയും കുറയും. എന്നാല്‍ പൊട്ടാഷ്യത്തിനുള്ള വാതിലുകളോട് മിനോക്സിഡിലിനുള്ള ആകര്‍ഷണം മറ്റൊരു പാര്‍ശ്വഫലത്തിനു വഴിവച്ചു - അമിത രോമ വളര്‍ച്ച!
പോരേ പൂരം. ഇതു കഴിച്ച സ്ത്രീകള്‍ പടപ്പുറപ്പാടു നടത്തി. ഒടുവിലെന്തായി ? 1965-ല്‍ ബി.പിക്ക് കണ്ടെത്തിയ മരുന്ന് 1980കളായപ്പോള്‍ കഷണ്ടിക്ക് മറുമരുന്നായി മാറി !! എങ്ങനുണ്ട് മനുഷമ്മാരുടെ ബുദ്ധി ? ഇന്നിത് ബി.പിക്ക് ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ കഷണ്ടിക്കും മുടികൊഴിച്ചിലിനും തലയില്‍ പുരട്ടാനാണ് ഉപയോഗിക്കുന്നത്. വളരെ ഫലപ്രദമാണെങ്കിലും ഒരു കുഴപ്പമുണ്ട്. മരുന്നു നിര്‍ത്തിയാല്‍ അതുവരെ പൊഴിയാതെ തടഞ്ഞുവയ്ക്കപ്പെട്ട മുടിയത്രയും ഒറ്റരാത്രി കൊണ്ട് പൊഴിഞ്ഞു പോകും. (ഗള്‍ഫ് ഗേറ്റ് തന്നെ മെച്ചം ല്ലേ ?) !
രക്തക്കുഴലിലെ വികസിപ്പിച്ച് ബി.പി കുറയ്ക്കുന്ന മരുന്നുകളിലെ ഏറ്റവും ശക്തനും അടിയന്തിരമായി ബി.പി കുറയ്ക്കേണ്ട അവസരങ്ങളില്‍ ഡോക്ടറുടെ കണ്‍ കണ്ട ദൈവവുമായ രണ്ടു മരുന്നുകളാണ് നൈട്രോ പ്രൂസൈഡും (nitro prusside), നൈട്രോ ഗ്ലിസറിനും (nitroglycerin) . ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളും ഉയര്‍ന്ന ബി.പിയുമായി കാഷ്വാല്‍റ്റിയിലേക്ക് ഇരച്ചു വരുന്ന രോഗിക്കും, ബി.പി കുതിച്ചുയര്‍ന്ന് കാഴ്ചാഞരമ്പുകളെയും തലച്ചോറിനേയും ബാധിക്കുന്ന അവസ്ഥയിലുള്ള രോഗിക്കും, മഹാധമനി (അയോര്‍ട്ട)യുടെ ഉള്‍ഭാഗം സ്വയം കീറി ഉണ്ടാകുന്ന അയോര്‍ട്ടിക്ക് ഡിസക്ഷന്‍ എന്ന രോഗത്തിനുമൊക്കെ മിനിട്ടുകള്‍ക്കുള്ളില്‍ ബി.പി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന അതിപ്രധാനമായ മരുന്നുകളത്രെ നൈട്രോപ്രൂസൈഡും നൈട്രോഗ്ലിസറിനും. (ഡ്രിപ്പിന്റെ രൂപത്തില്‍ രക്തക്കുഴലിലേക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുക). നൈറ്റ്രിക് ഓക്സൈഡ് (Nitric oxide)എന്ന അതിശക്തനായ രക്തക്കുഴല്‍-വികാസ രാസവസ്തുവിനെ നിര്‍മ്മിച്ചുകൊണ്ടാണ് ഈ രണ്ടു മരുന്നുകളും ആത്യന്തികമായി ബി.പി കുറയ്ക്കുന്നത്.
ഇത്രയുമാണ് രക്താതിസമ്മര്‍ദ്ദത്തിന്റെ ചികിത്സയില്‍ നല്‍കപ്പെടുന്ന മരുന്നുകള്‍ ഉള്‍പ്പെടുന്ന പ്രധാന കുടുംബങ്ങള്‍. അനുദിനം പുതിയ ഗവേഷണ ഫലങ്ങള്‍ പുറത്തുവരുന്നു, പഴയമരുന്നുകളേക്കാള്‍ സുരക്ഷിതമായതും കൂടുതല്‍ വിശാലമായ 'wholistic' ആക്ഷനുള്ളതുമായ മരുന്നുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ശാസ്ത്രം കെട്ടിക്കിടക്കുന്ന ജലം പോലെ മലിനമാകുന്നില്ല. തെളിവുകള്‍ തേടുകയും രേഖപ്പെടുത്തുകയും, പരീക്ഷിക്കുകയും പ്രയോഗിച്ച് മനസിലാക്കുകയും ഓരോ കണികയിലും ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് സുക്ഷ്മമായി നോക്കിയും സ്വയം നവീകരിച്ചൊഴുകുന്ന പുഴയാണത്. അതുകൊണ്ടുതന്നെ അതില്‍ അവസാനവാക്കും ഇല്ല.