Showing posts with label വ്യാജവൈദ്യം. Show all posts
Showing posts with label വ്യാജവൈദ്യം. Show all posts

കീലേഷന്‍ തെറാപ്പി : വ്യാജവൈദ്യത്തിന്റെ മറ്റൊരു മുഖം

കീലേഷന്‍ തെറാപ്പി എന്നൊരു ചികിത്സ വഴി ഹൃദയധമനികളിലെ ബ്ലോക്കുകള്‍ മാറ്റാമെന്നും ബൈപ്പാസോ ആഞ്ചിയോ പ്ലാസ്റ്റിയോ പോലുള്ള ശസ്ത്രക്രിയാ രീതികള്‍ കൂടാതെതന്നെ ബ്ലോക്കുകളെ അലിയിച്ച് ഹൃദ്രോഗം ഭേദമാക്കാമെന്നുമുള്ള അവകാശവാദങ്ങള്‍ ഇപ്പോള്‍ ചില ഈ-മെയിലുകള്‍ വഴി കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ ഒരു ഇ -മെയില്‍ അയച്ചു തരികയും ഇതിന്റെ ശാസ്ത്രീയതയെക്കുറിച്ചു സംശയം ചോദിക്കുകയും ചെയ്ത യു.ഏ.ഇ യിലെ റിയാസ് ഹസന്‍ എന്ന സുഹൃത്തിനു ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

(പുനര്‍ജ്ജന്മ ചികിത്സയും, ഒറ്റമൂലികളും, അത്ഭുതരോഗശാന്തിയും മുതല്‍ സംവരണവിരുദ്ധതയും, വര്‍ഗ്ഗീയതയും തീവ്രവാദവുംവരെയുള്ള പാഷാണമൊക്കെ പ്രചരിപ്പിക്കാനുള്ള സുന്ദരമായ വഴിയാണല്ലോ ഇപ്പോള്‍ ഇ-മെയിലുകള്‍. ഇന്റര്‍ നെറ്റ് യുഗമേ നന്ദി ! )




ഈ-മെയിലിന്റെ പ്രസക്തഭാഗങ്ങള്‍ക്ക് ഈ ചിത്രത്തില്‍ ക്ലിക്കൂ

കീലേഷന്‍ (chelation) എന്നത് ആധുനിക ശാസ്ത്രത്തില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന ഒരു രാസ പ്രക്രിയയാണ്. എന്നാല്‍ കീലേഷന്‍ തെറാപ്പി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ചികിത്സാരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അടിസ്ഥാനങ്ങളില്ലാത്ത ഒരു കപട ചികിത്സയാണ്. ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ (ആധുനിക വൈദ്യത്തിനു പുറത്തുള്ള ശാഖകള്‍ ) വിഭാഗത്തില്‍ ആണ് കീലേഷന്‍ തെറാപ്പിയേയും പരിഗണിച്ചു വരുന്നത്.

കീലേഷന്‍ ആധുനിക ശാസ്ത്രത്തില്‍

യഥാര്‍ത്ഥത്തില്‍ കീലേഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇ.ഡി.റ്റി.ഏ ( എത്ഥിലീന്‍ ഡൈ അമീന്‍ ടെട്രാ അസെറ്റിക് ആസിഡ് എന്ന രാസ നാമത്തിന്റെ ചിരുക്കമാണ് EDTA) എന്ന രാസവസ്തുവിനെ ഉപയോഗിച്ച് ലോഹ ആറ്റങ്ങളെ ബന്ധിക്കുന്ന പ്രക്രിയയെ ആണ്. ഉദാഹരണത്തിനു രക്തത്തിലോ കുടിവെള്ളത്തിലോ അതുപോലുള്ള മറ്റു ലായനികളിലോ അലിഞ്ഞു ചേര്‍ന്ന ഇരുമ്പ്, മെര്‍ക്കുറി, ചെമ്പ്, തുടങ്ങി കൊബാള്‍ട്ടും കാത്സ്യവും മാങ്കനീസും വരെ ഈ EDTA ഉപയോഗിച്ച് ബന്ധിക്കാം. 'ബന്ധിക്കുക' എന്നുപറയുമ്പോള്‍ ചില അയോണീക രാസപ്രവര്‍ത്തനം വഴി ലായനിയില്‍ അലിഞ്ഞിരിക്കുന്ന ലോഹ കണികകളെ അലിയാന്‍ കഴിയാതാക്കുക എന്നാണര്‍ത്ഥം കേട്ടോ.
EDTA യുടെ പ്രധാന പ്രത്യേകതയെന്നത് പല അയോണിനോടും അതിനുള്ള 'ബന്ധന-ത്വര ' പല അളവിലാണെന്നതാണ്. ഉദാഹരണത്തിനു രക്തത്തില്‍ ചെമ്പ് (copper) ലോഹ തന്മാത്രയെ ബന്ധിക്കാനുള്ള EDTA യുടെ 'ആവേശം' കാത്സ്യം (calcium) തന്മാത്രയെ ബന്ധിക്കുമ്പോള്‍ കാണിക്കാറില്ല. കാത്സ്യത്തെ ബന്ധിക്കുന്നതിനു കാ‍ണിക്കുന്ന ആവേശം സോഡിയം (sodium) തന്മാത്രയെ ബന്ധിക്കുമ്പോള്‍ കാണാറുമില്ല :) ഇത് സത്യത്തില്‍ നമുക്കൊരു സൌകര്യമാണ് - രക്തത്തിലെ കാത്സ്യത്തെ ബന്ധിക്കാനാണ് EDTAയെ ഉപയോഗിക്കുന്നതെന്നിരിക്കട്ടെ. സോഡിയവുമായി ചേര്‍ന്ന EDTA തന്മാത്രയെ ആണ് നാം ഇവിടെ ഉപയോഗിക്കുക. കാത്സ്യത്തെ കാണുമ്പോള്‍ EDTA സോഡിയത്തെ കളഞ്ഞിട്ട് കാത്സ്യത്തെ കേറിപ്പിടിക്കും ! ഇനി ഈയം ആണ് നമുക്കു ബന്ധിച്ച് അരിച്ചു മാറ്റേണ്ടതെങ്കിലോ ? ഒരു കാത്സ്യവും രണ്ട് സോഡിയവും EDTA യുമായി ചേര്‍ന്ന ഒരു രാസമിശ്രിതം - ഡൈസോഡിയം കാത്സ്യം EDTA - ഉപയോഗിക്കാം. ഈയം തന്മാത്രയെക്കാണുന്നതോടെ EDTA ഇതിലെ കാത്സ്യത്തെയും സോഡിയത്തെയും കളഞ്ഞിട്ട് ഈയത്തില്‍ കേറി പിടിച്ചോളും :)

കീലേഷന്‍ കപട ചികിത്സയ്ക്കുള്ള ന്യായങ്ങള്‍

ഇത്രയും പറഞ്ഞത് കീലേഷന്‍ എന്ന പ്രക്രിയയുടെ ആധുനിക ശാസ്ത്രോപയോഗങ്ങള്‍. എന്നാല്‍ എന്താണ് ഈ കീലേഷന്‍ തെറാപ്പിയിലെ കീലേഷന്‍ ചെയ്യുന്നത് ? നോക്കാം :

കാത്സ്യമാണ് (calcium) പൊതുവേ രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ക്ക് - വിശേഷിച്ച് ഹൃദയത്തിനു രക്തം നല്‍കുന്ന കുഞ്ഞു കുഴലുകള്‍ക്കുള്ളില്‍ വരുന്ന ബ്ലോക്കുകള്‍ക്ക് - കാരണം എന്ന ധാരണ വന്നതിനെ തുടര്‍ന്നാണ് കീലേഷന്‍ തെറാപ്പി എന്ന വ്യാജ ചികിത്സ വ്യാപകമായത്.



കാത്സ്യവും കൊളസ്ട്രോളും മറ്റു കൊഴുപ്പുകളും ചേര്‍ന്ന് ഉണ്ടാകുന്ന ഒരുതരം കുഴമ്പു രൂപത്തിലുള്ള പ്ലാക്കുകളാണ് (plaque) രക്തക്കുഴലുകളുടെ ഉള്‍ വശം അടയ്ക്കുന്നത്. ഒരു ഹോസിനുള്ളില്‍ അഴുക്കടിഞ്ഞ് വെള്‍ലത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോലെ, ഇങ്ങനെ പ്ലാക്ക് വന്ന് അടിയുന്ന രക്തക്കുഴലിലൂടെയുള്ള രക്തയോട്ടം കുറഞ്ഞുകുറഞ്ഞ് ഇല്ലാതെയാവുന്നു. ഈ പ്രക്രിയയെ ആണ് അതെറോ സ്ക്ലീറോസിസ് (atherosclerosis) എന്നു പറയുന്നത്. ഇങ്ങനെ അടിയുന്ന പ്ലാക്കിന് 'അതെറോമാ' (atheroma) എന്നും പറയുന്നു. രക്തക്കുഴലിനുള്‍വശം പരുപരുത്തതായി മാറുമ്പോള്‍ അവിടെ രക്തം കട്ടപിടിക്കാനും സാധ്യതയേറുന്നു. ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ പെട്ടെന്ന് ആ രക്തക്കുഴല്‍ അടയുമ്പോള്‍ രക്തയോട്ടം നിലയ്ക്കുകയും ചെയ്യും.

ഇത് ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ ഒക്കെ രക്തം കൊണ്ടു പോകുന്ന കുഞ്ഞു കുഴലുകളിലാണ് സംഭവിക്കുന്നതെങ്കില്‍ ഹൃദയാഘാതം, മസ്തിഷ്കാഘാതം (പക്ഷവാതം) എന്നിവയുണ്ടാകാം. കൈയ്യിലോ കാലിലൊ ഉള്ള കൊച്ചു രക്തക്കുഴലുകള്‍ അടഞ്ഞാല്‍ ആ ഭാഗം രക്തയോട്ടമില്ലാതെ 'ചീഞ്ഞു' പോകും. ഇതിനെയാണ് ഗാംഗ്രീന്‍ (gangrene) എന്നു വിളിക്കുന്നത്.

കീലേഷന്‍ തെറാപ്പി കൊണ്ട് അതെറോമാ പ്ലാക്കുകളിലെ കാത്സ്യത്തെ നീ‍ക്കി അതെറൊ സ്ക്ലീറോസിസ് മാറ്റി രക്തശുദ്ധീകരണം നടത്താമെന്നുമാണ് ഇതിന്റെ പ്രായോജകര്‍ വാദിക്കുന്നത് . കാത്സ്യം അടിഞ്ഞുകൂടി കട്ടിയാവുന്ന രക്തക്കുഴലുകളെ കീലേഷന്‍ വഴി മൃദുവാക്കാം എന്ന് അവര്‍ പറയുന്നു. കാലക്രമത്തില്‍ EDTA വച്ചുള്ള കീലേഷന്‍ തെറാപ്പിയില്‍ ഡ്രിപ്പായി EDTA കുത്തിവയ്ക്കുന്നതിനോടൊപ്പം വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി തുടങ്ങിയവയും കൊടുക്കുന്ന പരിപാടി വന്നു ചേര്‍ന്നു. ഇന്നിപ്പോള്‍ 20 മുതല്‍ 30 വരെ കുത്തിവയ്പ്പുകളാണ് സാധാരണ ഹൃദ്രോഗികള്‍ക്കായി കീലേഷന്‍ ചികിത്സക്കാര്‍ നിര്‍ദ്ദേശിക്കുന്നത് . ഇത് 40-ഉം 50-ഉം വരെ പോകാറുണ്ട്. ചലവും ഒട്ടും മോശമല്ല.
1956 ക്ലാര്‍ക്ക്, മോഷര്‍ എന്നിവര്‍ ബ്ലോക്കുമൂലം കാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ ചില രോഗികളില്‍ ഈ രീതി പരീക്ഷിക്കുകയും ആ രോഗികള്‍ക്ക് അല്പം ആശ്വാസം ഉണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ട് വന്നു. '60 കളില്‍ മെല്‍റ്റ്സറുടെ പഠനം ഹൃദ്രോഗികളില്‍ കീലേഷന്‍ തെറാപ്പി ഫലം ചെയ്യുന്നു എന്നു അവകാശപ്പെട്ടെങ്കിലും ആ പഠനത്തെ അപഗ്രഥിച്ച പില്‍ക്കാല ഗവേഷകര്‍ അതിന്റെ സാധുതയെ തള്ളിക്കളഞ്ഞു.

കീലേഷന്റെ ശാസ്ത്രീയോപയോഗങ്ങള്‍

ആധുനിക വൈദ്യശാസ്ത്രത്തില്‍ മുഖ്യമായും രണ്ടുപയോഗമാണ് EDTA വച്ചുള്ള കീലേഷന്‍ പ്രക്രിയയ്ക്ക് ഉള്ളത് - ഒന്ന് രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാനാണ്. EDTA കലര്‍ത്തിയ പ്രത്യേക പ്ലാസ്റ്റിക് ബാഗുകളില്‍ രക്തം സൂക്ഷിച്ചാല്‍ രക്തത്തിലെ കാത്സ്യത്തെ (calcium) അതു ബന്ധിച്ചോളും. കാത്സ്യം രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രധാന കണികയാണ്. കാത്സ്യത്തെ ബന്ധിക്കുന്നതോടെ രക്തം കട്ടപിടിക്കാതെയാവും. ഇതാണ് രക്ത ബാങ്കുകളിലിത് ഉപയോഗിക്കാനുള്ള കാരണം.
രണ്ടാമത്തെ ഉപയോഗം അബദ്ധത്തില്‍ ശരീരത്തില്‍ ചെല്ലുന്ന വിഷമയമായ ലോഹങ്ങളെ - ഈയം പൊലുള്ളവയെ - ബന്ധിച്ച് രക്തശുദ്ധീകരണം നടത്തുക എന്നതാണ്. ഇതിനു നാം നേരത്തേ പറഞ്ഞ ഡൈസോഡിയം കാത്സ്യം EDTA ആണ് രോഗിയുടെ രക്തത്തിലേക്ക് ഇഞ്ചക്ട് ചെയ്യുക. EDTA യുമായി ബന്ധിക്കപ്പെട്ട ലോഹ തന്മാത്രകള്‍ക്ക് രക്തത്തില്‍ വീണ്ടും ലയിച്ചുചേരാനാവില്ല. അങ്ങനെ 'ബന്ധനസ്ഥ'രാക്കപ്പെട്ട ലോഹതന്മാത്രകള്‍ വൃക്കകള്‍ വഴി മൂത്രത്തിലൂടെ ശരീരം പുറംതള്ളുന്നു.

വെള്ളത്തിലും മറ്റും അലിഞ്ഞുചേര്‍ന്ന പല ലോഹങ്ങളെയും വേര്‍തിരിക്കാനും EDTA വച്ചുള്ള കീലേഷന്‍ ഉപയോഗിക്കാറുണ്ട്. ലോഹ പാത്രങ്ങളില്‍ അടച്ച ആഹാരപദാര്‍ത്ഥങ്ങളില്‍ (canned foods) അലിഞ്ഞു ചേരാന്‍ സാധ്യതയുള്ള ലോഹാംശത്തെ ബന്ധിച്ച് ആഹാരത്തെ സംരക്ഷിക്കാനും EDTA ഉപയോഗിക്കുന്നുണ്ട്.

കീലേഷന്‍ തെറാപ്പിക്കാരുടെ തിയറികള്‍

എന്നാല്‍ കീലേഷന്‍ തെറാപ്പി എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക എന്നതിന് പല കാലങ്ങളിലായി ഈ ചികിത്സകര്‍ മുന്നോട്ടു വച്ചിട്ടുള്ള തിയറികളൊക്കെയും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ലൈനിലുള്ള ചില ഉഗാണ്ടന്‍ തിയറികളും അവയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ ശാസ്ത്രവസ്തുതകളും ഇതാ :

കീലേഷന്‍ കപട ചികിത്സക്കാര്‍ ആദ്യകാലത്ത് അവകാശപ്പെട്ടിരുന്നത് അതെറോമാ പ്ലാക്കിനെ (atheroma plaque) രക്തക്കുഴലിന്റെ ഉള്‍വശത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ആണിയെ പോലെയാണ് കാത്സ്യം പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു. സ്വാഭാവികമായും കാത്സ്യത്തെ കീലേറ്റ് ചെയ്ത് വേര്‍പെടുത്തിയാല്‍ പ്ലാക്കും ഇളകും എന്നായിരുന്നു അവകാശവാദം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രക്തക്കുഴലിനുള്ളില്‍ അതെറൊ സ്ക്ലീറോസിസ് വഴി പ്ലാക്ക് ഉണ്ടാകുന്ന പ്രക്രിയയില്‍ കാത്സ്യം രംഗത്തു വരുന്നത് വളരെ താമസിച്ചാണ്. കൊഴുപ്പിന്റെ പല രൂപങ്ങളിലൊന്നായ LDL കൊളസ്ട്രോള്‍ ആണ് പ്ലാക്കിലെ മുഖ്യ വില്ലന്‍. രക്തക്കുഴലിന്റെ ഉള്‍വശത്തെ നേര്‍ത്ത കോശാവരണത്തില്‍ (sub-endothelial layer-ല്‍) ഉണ്ടാകുന്ന കൊച്ചു കൊച്ചു മുറിവുകളും തുളകളും വഴി ഈ LDL കൊളസ്ട്രോള്‍ കണികകള്‍ രക്തക്കുഴലിന്റെ ഭിത്തിക്കുള്ളില്‍ പ്രവേശിച്ച് കെട്ടി കിടക്കുന്നു. ഈ കൊഴുപ്പിനെ വിഴുങ്ങി അവിടം 'വൃത്തിയാക്കാ'നെത്തുന്ന വെളുത്ത രക്ത കോശങ്ങള്‍ കാലക്രമേണ അവിടെ അടിഞ്ഞു കൂടി ചീര്‍ത്തു വരുന്നു. ഇത് രക്തക്കുഴലിന്റെ മിനുസമുള്ള ഉള്‍വശത്തെ പരുപരുത്തതാക്കുന്നു. ഇതിന്റെ പ്രതലത്തിലൂടെ ഒഴുകുന്ന രക്തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ ഈ പരുപരുത്ത പ്രതലത്തില്‍ തട്ടി ചിതറുന്നു. രക്തം കട്ടപിടിക്കാനുള്ള ചില രാസവസ്തുക്കള്‍ ഇങ്ങനെ അടിയുന്ന പ്ലേറ്റ്ലെറ്റുകളില്‍ നിന്നും വിസര്‍ജ്ജിക്കുന്നു. ഒപ്പം ധമനിയുടെ ഉള്‍ഭാഗത്തെ മുറിവ് അടയ്ക്കുന്നതിനുള്ള രാസ സിഗ്നലുകളും ഉത്സര്‍ജിക്കപ്പെടുന്നു. അതോടെ രക്തക്കുഴലിനുള്‍വശത്തെ പേശികള്‍ കൂടി വളര്‍ന്നു തിടം വയ്ക്കുന്നു. ഇങ്ങനെയാണ് അതെറോമ എന്ന് വിളിക്കുന്ന സാധനം ഉണ്ടാകുന്നത്. ഈ അവസ്ഥയിലെത്തുമ്പോഴാണ് മിക്കപ്പോഴും കാത്സ്യം അതെറോമയില്‍ വന്നടിയുന്നതു തന്നെ. ഈ കാത്സ്യത്തെ കീലേറ്റ് ചെയ്ത് 'രക്തശുദ്ധി' വരുത്തിയാലൊന്നും ഉണ്ടായ ബ്ലോക്ക് മാറില്ല. മാത്രവുമല്ല, ശരീരത്ത്തില്‍ കുത്തിവയ്ക്കപ്പെടുന്ന EDTAയ്ക്ക് ഇതു പ്ലാക്കിലെ കാത്സ്യമാണെന്നോ, മറ്റേത് രക്തത്തില്‍ അലിഞ്ഞ കാത്സ്യമാണെന്നോ, അപ്പുറത്തുള്ളത് മറ്റേതെങ്കിലും രൂപത്തിലെ കാത്സ്യമാണെന്നോ ഒന്നുമുള്ള വിവേചന ശേഷിയില്ല. അതു കൊണ്ടുതന്നെ അതെറോമാ പ്ലാക്കിലെ കാത്സ്യത്തെ മാത്രമായി തെരഞ്ഞുപിടിച്ച് അരിക്കാനുമാവില്ല.

ഈ തിയറി തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍ പുതിയൊരു വാദം വന്നു: കാത്സ്യത്തെ ബന്ധിച്ച് ശരീരത്തില്‍ നിന്നും മാറ്റുമ്പോള്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവു താഴുമെന്നും അത് നമ്മുടെ കഴുത്തിലെ പാരാതൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് പാരാതോര്‍മോണ്‍ (Parathyroid hormone എന്നതിന്റെ ചെല്ലപ്പേര് ) എന്ന ഹോര്‍മോണിന്റെ അളവു കൂട്ടുമെന്നുമായിരുന്നു അവകാശവാദം. പാരാതോര്‍മോണിന്റെ പണി രക്തത്തില്‍ കാത്സ്യത്തിന്റെ അളവു താഴുമ്പോള്‍ ഉടന്‍ അസ്ഥികളിലെ കാത്സ്യത്തെ കുറേശ്ശെയായി ദ്രവിപ്പിച്ച് രക്തത്തിലേക്ക് ഒഴുക്കി വിടുക എന്നതാണ്. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ പൂര്‍വ്വ സ്ഥിതിയിലാക്കാനാണ് പാരാതോര്‍മോണ്‍ ഇതു ചെയ്യുന്നത്.

ഇങ്ങനെ അസ്ഥിയിലെ കാത്സ്യത്തെ എടുക്കുന്ന കൂട്ടത്തില്‍ പാരാതൊര്‍മോണ്‍ ചെന്ന് അതെറോമാ പ്ലാക്കിലെ കാത്സ്യത്തെയും കൂടി ഇളക്കി രക്തത്തില്‍ ലയിപ്പിച്ച് വിടും എന്നായിരുന്നു കീലേഷന്‍ ചികിത്സകര്‍ പുതുതായി അവകാശപ്പെട്ടത്. എന്നാല്‍ പാരാതോര്‍മോണിന് ഇങ്ങനെ കൃത്യമായി രക്തക്കുഴലിലെ അതെറോമാ പ്ലാക്കില്‍ നിന്ന് കാത്സ്യത്തെ തെരഞ്ഞുപിടിച്ച് ഇളക്കിമാറ്റാനുള്ള കഴിവില്ല. പാരാതോര്‍മോണിന്റെ പ്രവര്‍ത്തനം അതിന്റെ സ്വീകരിണികള്‍ (receptor) ധാരാളമുള്ള അസ്ഥി കോശങ്ങളിലും പിന്നെ വൃക്കകളിലുമാണ് പ്രധാനമായും നടക്കുക. അസ്ഥിയെ നേരിയ തോതില്‍ ദ്രവിപ്പിച്ച് കാത്സ്യത്തെ മോചിപ്പിച്ച് രക്തത്തില്‍ കാത്സ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതോടൊപ്പം വൃക്കയിലൂടെ മൂത്രം വഴി നഷ്ടപ്പെടാവുന്ന കാത്സ്യത്തെ തിരികെ രക്തത്തിലെക്ക് ശേഖരിക്കുകയും ചെയ്യുന്നതാണ് പാരാതോര്‍മോണിന്റെ ധര്‍മ്മം. ഈ സന്തുലനത്തെ പാരാതോര്‍മോണ്‍ മാത്രമല്ല, കാത്സിറ്റോണിന്‍ (Calcitonin) എന്ന ഹോര്‍മോണും, ജീവകം - ഡി യും (Vitamin D) പിന്നെ രക്തത്തിലെ ഫോസ്ഫേറ്റു(phosphate)മൊക്കെ നിയന്ത്രിക്കുന്നുണ്ട്.

ഇങ്ങനെ പാരാതോര്‍മോണ്‍ തിയറിയും പൊട്ടിയപ്പോള്‍ ഫ്രീ റാഡിക്കല്‍ (free radicals) തിയറി ഇറങ്ങി. അതെറോമാ പ്ലാക്ക് മുതല്‍ ക്യാന്‍സര്‍ വരെയുള്ള പല പ്രശ്നങ്ങള്‍ക്കും പുറകില്‍ ഈ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ട് എന്ന കണ്ടെത്തല്‍ ആണ് ഈ പുതിയ തിയറിക്ക് അടിസ്ഥാനം.
ഇതനുസരിച്ച് നമ്മുടെ ശരീരത്തിലെത്തുന്ന (വിഷമയമായതും അല്ലാത്തതുമായ) ലോഹ തന്മാത്രകള്‍ പലതരം രാസപ്രക്രിയകളിലൂടെ കടന്നു പോകുമ്പോള്‍ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാക്കുന്നുണ്ട്. ഈ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാക്കുന്നതിനു പിറകില്‍ ശരീരത്തില്‍ ധാരാളമായുള്ള ഇരുമ്പും ചെമ്പുമാണെന്നും ഈ ഇരുമ്പിനെയും ചെമ്പിനെയുമൊക്കെ ബന്ധിച്ച് സ്വതന്ത്രറാഡിക്കലുകള്‍ ഉണ്ടാക്കാനാവാത്തവിധത്തില്‍ ‘നിര്‍വീര്യ’മാക്കാന്‍ EDTA ഉപയോഗിച്ച് കീലേഷന്‍ നടത്തിയാല്‍ മതിയെന്നുമാണ് പുതിയ വാദം.

സ്വതന്ത്ര റാഡിക്കലുകള്‍ എന്നുപറഞ്ഞാല്‍ കൈയ്യില്‍ അധിക ഇലക്ട്രോണുകളുമായി നടക്കുന്ന ഒറ്റയാന്‍ തന്മാത്രകളാണ്. പലപ്പോഴും ഓക്സിജന്‍ തന്മാത്രകള്‍ ചില ഘടനാവ്യതിയാനം വന്നാണ് ശരീരത്തിനു ഹാനികരമാകാവുന്ന ഫ്രീ റാഡിക്കലുകള്‍ ആകുക. ഒറ്റപ്പെട്ട ഇലക്ട്രോണുകളേയും കൊണ്ടു നടക്കുന്നതുകൊണ്ട് ഇവറ്റകള്‍ മറ്റു തന്മാത്രകളുമായി വേഗം രാസപ്രതിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അവയെ ഓക്സീകരണ/നിരോക്സീകരണ പ്രക്രിയകള്‍ക്കു വിധേയമാക്കുകയും ചെയ്യും; ഇങ്ങനെ ഓക്സീകരിക്കപ്പെടുമ്പോള്‍ നമ്മുടെ കോശങ്ങളുടെ പുറം ഭിത്തിയിലെ പല തന്മാത്രകള്‍ക്കും സ്വാഭാവിക ഘടന നഷ്ടമാകുന്നുണ്ട്. നിരന്തരമായ ഇത്തരം ഓക്സീകരണമാണ് പ്രായമാകുമ്പോഴുള്ള ശാരീരിക മാറ്റങ്ങള്‍ക്കും, രക്തക്കുഴലുകളിലെ അതെറോസ്ക്ലീറോസിസ് മുതല്‍ പലതരം ക്യാന്‍സര്‍ വരെയുള്ള (ദീര്‍ഘകാലം കൊണ്ടുരുത്തിരിയുന്ന) പല രോഗാവസ്ഥകള്‍ക്കുമുള്ള പല കാരണങ്ങളിലൊന്ന് എന്ന് ഇന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുമ്പിനെയൊ ചെമ്പിനെയോ ഒക്കെ തെരഞ്ഞു പിടിച്ച് ‘ബന്ധിച്ചതു’കൊണ്ടൊന്നും ഫ്രീ റാഡിക്കല്‍ ഉണ്ടാകുന്നതു തടയാന്‍ പറ്റില്ല എന്ന് ശാരീരിക രാസ പ്രക്രിയകളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്.


കീലേഷന്റെ പാര്‍ശ്വഫലങ്ങള്‍


EDTAയോട് ചില രോഗികള്‍ക്ക് ചില അവസരങ്ങളില്‍ അലര്‍ജിയുണ്ടാവാറുണ്ട്. മാത്രവുമല്ല വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാവുന്ന മരുന്നാണ് EDTA. ഏറ്റവും പ്രധാന പ്രശ്നം ഇതു കുത്തിവയ്ക്കൂമ്പോള്‍ പെട്ടെന്ന് രക്തത്തിലെ കാത്സ്യത്തെ ബന്ധിക്കുന്നതു മൂലമുണ്ടാകാവുന്ന ‘കാത്സ്യം അസന്തുലിതാവസ്ഥ’യാണ്. ഇതു പേശീ തളര്‍ച്ചയും ഹൃദയാഘാതവും വരെയുണ്ടാക്കാം. രക്തത്തിലെ പഞ്ചസാരയുടെ നില ക്രമത്തിലേറേ താഴ്ന്നുപോകുക, രക്തം കട്ടപിടിക്കാതാകുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. നിരന്തരമായ EDTA ഇഞ്ചക്ഷനുകള്‍ മൂലം രക്തക്കുറവുംവിളര്‍ച്ചയുമാണ്ടാകുന്നതും സാധാരണയാണ്. EDTA മുഖ്യധാരാ വൈദ്യത്തില്‍ അപൂര്‍വ്വമായി - ലോഹവിഷബാധ പോലുള്ള പ്രശ്നങ്ങളില്‍ - മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നോര്‍ക്കണം; അതും പാര്‍ശ്വഫലങ്ങള്‍ക്കെതിരേ മുന്‍ കരുതലുകളൊക്കെയെടുത്തിട്ടാ‍ണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍...

കീലേഷന്‍ തെറാപ്പി എന്ന ചികിത്സാരീതി ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനു നിരത്തുന്ന തിയറികളൊന്നും ശാസ്ത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അതിനടിസ്ഥാനമായി പടച്ചുണ്ടാക്കിയിട്ടുള്ള തിയറികളൊക്കെ നിലവിലുള്ള ശാസ്ത്രവസ്തുതകളെ വളച്ചൊടിച്ചും ചില പ്രതിഭാസങ്ങളെ മാത്രമായി തെരഞ്ഞെടുത്ത് അസ്ഥാനത്ത് ഒട്ടിച്ചുമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതു ഫലപ്രദമാണെന്ന് അവകാശപ്പെട്ടുകൊണ്ടു രോഗികളില്‍ നടത്തിയ പഠനങ്ങള്‍ ഭുരിഭാഗവും ഗുണനിലവാരമില്ലാത്തവയോ രീതിശാസ്ത്രപരമായി തെറ്റുകളുള്ളവയോ ആണ്. ശ്രദ്ധാപൂര്‍വം രൂപം നല്‍കി രോഗികളില്‍ നടത്തപ്പെട്ട ഒട്ടേറെ പഠനങ്ങള്‍ ഈ ചികിത്സാരീതി ഒരു പൊള്ള ചികിത്സയാണെന്ന് കാണിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും ഇത്തരം കള്‍ട്ടുകളിലും കപട ചികിത്സാ അവകാശവാദങ്ങളിലും ചെന്നു ചാടുന്ന ആളുകള്‍ ലോകത്ത് നല്ലൊരു സംഖ്യയുണ്ട് എന്നതു കൊണ്ടും, അവരുടെ കൂടി നികുതിപ്പണം കൊണ്ടാണ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററുകളും മറ്റുമൊക്കെ നടന്നു പോകുന്നതെന്നതുകൊണ്ടും ശാസ്ത്രലോകം ബഹുമാനിക്കുന്ന പല സ്ഥാപനങ്ങളും “സമാന്തര വൈദ്യരീതികള്‍ “ എന്ന വിഭാഗത്തില്‍ കീലെഷന്‍ തെറാപ്പിയെയും പരിഗണിച്ചു വരുന്നു. അതുകൊണ്ടുതന്നെ പല reputed വെബ് സൈറ്റുകളിലും ഇവയെക്കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളും കാണാം.


പിന്‍ വിളി


പാര്‍ശ്വഫലങ്ങളില്ല എന്നവകാശപ്പെടുന്ന ഇത്തരം സമാന്തരചികിത്സകളുടെ പ്രധാന പ്രശ്നം അറിയപ്പെടാത്തതോ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുന്നതോ ആയ സൈഡ് ഇഫകറ്റുകള്‍ മാത്രമല്ല. പലപ്പോഴും ശാസ്ത്രീയ ചികിത്സാ ഉപാധികള്‍ ഒഴിവാക്കി ഇത്തരം തട്ടിപ്പുകള്‍ക്കുപുറകേ പോകുമ്പോള്‍ രോഗിക്ക് പണവും ആരോഗ്യവും നഷ്ടപ്പെടുന്നു. കൃത്യസമയത്ത് ആ‍ഞ്ചിയൊപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ ചെയ്താല്‍ രക്ഷിക്കപ്പെടാവുന്ന രോഗിയാവും ഇത്തരം തട്ടിപ്പിനിരയായി രോഗം മൂര്‍ച്ഛിക്കുകയോ മരിക്കുകയോ ചെയ്യുക.

ഒറ്റമൂലികളും വൈദ്യശാസ്ത്രവും : ഒരു ‘പപ്പായ‘ പരിപ്രേക്ഷ്യം!




എണ്ട്രന്‍സ് പരീക്ഷയൊക്കെ കഴിഞ്ഞ് വിശാലമായി കമ്പ്യൂട്ടറിനു മുന്നില്‍ വന്നിരുന്ന് ഹെപ്പറ്റൈറ്റിസ്-ബി യെക്കുറിച്ച് ഒരു കൌതുകകരമായ കേസ് കണ്ടത് എഴുതാം എന്ന് കരുതിയപ്പോഴാണ് ദേ കിടക്കുന്നു, ഒരു സുഹൃത്തിന്റെ വക ക്ഷണം - ഈ പോസ്റ്റ് ഒന്നു കാണാന്‍ !

തള്ളേ...ഇദെന്തര് എന്ന് കണ്ണുമിഴിക്കുമ്പോള്‍ അതാ മൂര്‍ത്തി ജീയുടെ വക ഒരു കൊള്ളിച്ച കമന്റും ലതിന്റെ മൂട്ടില് ! ഹ ഹ ഹ ! ശരി...എന്നാപ്പിന്നെ ഇതു തന്നെയാകട്ട് ഇന്നത്തെ പോസ്റ്റുവിഷയം എന്ന് ഈയുള്ളവനും അങ്ങാട്ട് നിരീച്ച് !

'ഒറ്റ മൂലി' എന്ന പ്രയോഗം തന്നെ ഒരു തരം മൂഢവിശ്വാസത്തില്‍നിന്നും ഉണ്ടാവുന്നതാണ് എന്നു പറഞ്ഞാല്‍ ആരും കെറുവിക്കരുത്. 'ഒറ്റ' മരുന്നുകൊണ്ട് രോഗത്തെ - അതും മറ്റു രീതികളിലൊന്നും മാറത്ത രോഗത്തെ - മാറ്റുന്ന സങ്കേതത്തിനാണല്ലൊ ഒറ്റ-മൂലി എന്നു നാം വിവക്ഷിക്കുന്നത്. രോഗം എങ്ങനെയുണ്ടാകുന്നു, അല്ലെങ്കില്‍ ശരീരത്തില്‍ രോഗമുണ്ടാക്കുന്ന മാറ്റങ്ങളെന്ത് എന്നൊന്നും സൂക്ഷ്മമായറിയാന്‍ മെനക്കെടാതെയുള്ള ഒരു തരം ഇന്‍സ്റ്റന്റ് രോഗശാന്തിയാണ് 'ഒറ്റമൂലി' എന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെക്കാലത്ത് എന്തു പാഷാണം വിറ്റു പോകാനും പുട്ടിനു പീരയെന്ന മട്ടില്‍ തിരുകുന്ന 'ശാസ്ത്രീയ /പാരമ്പര്യ ' അവകാശവാദങ്ങള്‍ കൂടിയാകുമ്പോള്‍ സംഗതി പെട്ടെന്ന് പ്രചരിക്കുകയും ചെയ്യും. എയിഡ്സിന് ഇമ്മ്യുണോക്യുവര്‍, ഡയബറ്റീസിനു ഡയാക്യുവര്‍, കരള്‍ വീക്കത്തിന് കാമിലാരി, ലിംഗോദ്ധാരണത്തിന്നു മുസ്ലി പവര്‍, ഇതിനൊക്കെപ്പുറമേ അലോപ്പതിക്കമ്പനികള്‍ വഴി പരസ്യം കാണിച്ചും ഡോക്ടര്‍ക്കു കമ്മീഷന്‍ നല്‍കിയും നാട്ടുകാരെ തീറ്റുന്ന വൈറ്റമിന്‍ ഗുളികകള്‍ ഡസന്‍ കണക്കിനു വേറെയും. പന്ത്രണ്ടു വര്‍ഷത്തോളം ജന്തു/സസ്യ ശാസ്ത്രം പഠിച്ചിട്ടും സ്വന്തം ശരീരത്തില്‍ കുരുമുളകെങ്ങനെ ദഹിക്കുന്നു, ഉരുളക്കിഴങ്ങെങ്ങനെ ദഹിക്കുന്നു എന്ന്പോലും അറിയാത്ത/അറിയാന്‍ മെനക്കെടാത്ത ബിരുദ-ബിരുദാനന്തരധാരികളുള്ള ഒരു നാട്ടില്‍ എന്ത് അമേദ്യവും വിറ്റു പോകും; പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും...എങ്കിലും ഇതൊക്കെ കാണുമ്പോള്‍ പിന്നേം ചൊറിയും...അതു കൊണ്ടുമാത്രം ഈ പോസ്റ്റ്. സദയം ക്ഷമിക്കുക!

സുമേഷ് ജി യുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ 2005ലോ മറ്റോ അയച്ചുകിട്ടിയ ഒരു ഈ-മെയില്‍ ലിങ്കാണ് ഓര്‍മ്മവന്നത്. അതിവിടെ. പിന്നെ ദാ ഇത് ഈയടുത്ത് കിട്ടിയത്. ഈ കൊടുത്തിട്ടുള്ള ലിങ്കുകളല്ല സുമേഷ് ജിയുടെ പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍ 'ഒറ്റമൂലി' യുടെ ഉറവിടം എന്ന് കരുതട്ടെ ? സുമേഷ് ജി നേരിട്ട് ഇടപെട്ട സംഭവമാണ്, അഥവാ നേരിട്ട് കണ്ടു ബോധ്യപ്പെട്ട സംഗതിയാണ് ആ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നത് എങ്കില്‍ ഒന്നേ പറയാനുള്ളൂ : പറ്റുമെങ്കില്‍ ആ രോഗിയെ ചികിത്സിച്ചതിന്റെ ഡീറ്റെയില്‍ഡ് കടലാസുകള്‍ ഒന്നയച്ചുതരിക. (അഡ്രസ്സ് ചോദിച്ചാല്‍ തരാം). അത്ര ഗ്യാരണ്ടിയുള്ള ചികിത്സാമുറയാണെങ്കില്‍ ഒന്നു പരീക്ഷിക്കണമല്ലോ. വല്ല പേറ്റന്റും ഒപ്പിക്കാനായാലോ. നാളെയിനി സായിപ്പ് ഇതടിച്ചെടുത്തുകഴിയുമ്പോള്‍ താളിയോലയിലെ പുരാണവും വിളമ്പി നടക്കേണ്ട ഗതിവരരുതല്ലോ!

ഇനി കാര്യത്തിലേക്ക് വരാം

രക്തത്തിലെ പല കോശങ്ങളില്‍ ഒന്നാണ് പ്ലേറ്റ്ലെറ്റുകള്‍. രക്തത്തില്‍ത്തന്നെയടങ്ങിയിട്ടുള്ള, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന അനവധി വസ്തുക്കളുടെ 'ഓര്‍ക്കെസ്ട്ര'യുടെ പ്രധാന നിയന്താവാണ് പ്ലേറ്റ്ലെറ്റുകള്‍.
എങ്ങനെയാണീ ഓര്‍ക്കെസ്ട്ര പ്രവര്‍ത്തിക്കുന്നത് ? പ്രകൃതിയുടെ മഹാല്‍ഭുതങ്ങളില്‍ ഒന്നായ ആ പ്രക്രിയയെ വളരെ ചുരുക്കി ഒന്നു പറയാം. ബോറടിച്ചാല്‍ സോറി(...പോയി വല്ല കവിതയും വായിര് ചേട്ടന്മാരേ/ചേച്ചിമാരേ..)

നമ്മുടെ രക്തമൊഴുകുന്ന കുഴലുകളെ പൈപ്പുകളായി സങ്കല്‍പ്പിക്കുക. ഈ പൈപ്പുകളുടെ ഉള്‍ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ ? നല്ല clean and smooth ആയ പ്രതലമാണ് അതിന്. ഈ പ്രതലം ഇങ്ങനെ വൃത്തിയും മിനുസവുമുള്ളതായിരിക്കുന്ന കാലത്തോളം ധമനിയിലൂടെ രക്തവും, അതിലെ വിവിധ കോശങ്ങളും കണികകളും ഒക്കെ സുഗമമായി ഒഴുകുന്നു. പ്ലേറ്റ്ലെറ്റുകളും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന അവന്റെ കൂട്ടാളികളുമൊക്കെ മിണ്ടാപ്പൂച്ചകളായി നടക്കും അപ്പോ‍ള്‍. ഇങ്ങനെയിരിക്കെ ഈ clean and smooth പ്രതലത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയാണെന്ന് വയ്ക്കുക. ഉദാഹരണത്തിന് ഹൃദയത്തിലെയൊ തലച്ചോറിലെയോ രക്തക്കുഴലിനുള്ളില്‍ അല്പം കൊളസ്ട്രോള്‍ അടിയുന്നു, അല്ലെങ്കില്‍ ശരീരത്തില്‍ മറ്റെവിടെയെങ്കിലുമുള്ള ഒരു രക്തക്കുഴലില്‍ ഒരു കൊച്ചു മുറിവുണ്ടാകുന്നു എന്ന് കരുതുക. ഇങ്ങനെ മുറിവുണ്ടായാല്‍ കുഴലിന്റെ ഉള്ളിലെ പ്രതലം പരുപരുത്തതാകുന്നു. ഉടന്‍ അവിടെ പ്ലേറ്റ്ലെറ്റുകള്‍ വന്നടിയുന്നു. രക്തക്കുഴലിലെ മുറിവില്‍ നിന്നും 'പുറത്തേക്കു തള്ളുന്ന' വോണ്‍ വില്ലിബ്രാണ്ട് * കണികയാണ് (vW Factor) ഈ പ്ലേറ്റ്ലെറ്റുകളെ ഇങ്ങനെ പ്രതലത്തില്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നത്. മുറിവില്ലെങ്കില്‍ വില്ലിബ്രാന്റ് കണിക ധമനിക്കുപുറത്ത് തലകാണിക്കില്ല, അതു കൊണ്ട് സാധാരണ അവസ്ഥകളില്‍ രക്തം ധമനിക്കുള്ളില്‍ കട്ടപിടിക്കാറുമില്ല.

ഇങ്ങനെ പറ്റിപ്പിടിക്കുന്ന പ്ലേറ്റ്ലെറ്റുകളില്‍ ചില മാറ്റങ്ങളും കാണാം. ഒന്നാമതായി മൂപ്പരു അടപോലെ പരന്ന ആകൃതിയുപേക്ഷിച്ച് ശരീരം മുഴുവന്‍ മുള്ളുകളുണ്ടെന്നു തോന്നിക്കുന്ന ഒരു കൊച്ചു 'ഫീകരനാകുന്നു' (!) തുടര്‍ന്ന് മൂപ്പര്‍ ചില ദ്രാവകങ്ങളെ കണികാരൂപത്തില്‍ വിസര്‍ജ്ജിക്കുന്നു. കാല്‍ഷ്യം, സീറട്ടോണിന്‍, അഡിനോസിന്‍ എന്നിങ്ങനെയുള്ള 'കട്ടപിടിക്കല്‍' രാസവസ്തുക്കളാണിതില്‍ പ്രധാനം. പിന്നെ ചുറ്റുവട്ടത്തുള്ള പ്ലേറ്റ്ലെറ്റുകൂട്ടുകാരെയൊക്കെ അങ്ങോട്ടു വിളിച്ചുവരുത്തി ധമനിയിലെ മുറിവടയ്ക്കാന്‍ മൂപ്പര് ത്രോമ്പോക്സേയ്ന്‍ എന്നൊരു വസ്തുവിനെക്കൂടി നിര്‍മ്മിച്ച് പുറത്തേയ്ക്കുവിടും. ഈ ത്രോമ്പോക്സേയ്ന്‍ പോയി അയല്പക്കത്തുള്ള പ്ലേറ്റ്ലെറ്റുകളെയൊക്കെ വിളിച്ചുവരുത്തി പ്രസ്തുത മുറിവില്‍ കേറിയങ്ങ് 'അട്ടിയിടും'. അതോടെ താ‍ല്‍ക്കാലികമായെങ്കിലും മുറിവടയുന്നു. ബ്ലീഡിംഗ് ക്ലീന്‍! തീര്‍ന്നൊ ? ഇല്ലില്ല ! ഇതൊരു താല്‍ക്കാലിക പ്ലഗ് മാത്രമാണ്. രക്തത്തിന്റെ നല്ലൊരു കുത്തോഴുക്കുണ്ടായാല്‍ ഈ പ്ലഗ്ഗ് തകര്‍ന്ന് ഡാം തുറന്നുവിട്ടപോലെ രക്തം ചാടും. അപ്പോള്‍ കുറേക്കൂ‍ടി കട്ടിയുള്ള ഒരു സംഗതികൊണ്ട് ഓട്ടയടച്ചാലേ ശരിയാകൂ. അതിനാണ് ഫൈബ്രിന്‍ ! ഫൈബ്രിനോജെന്‍ എന്ന കണിക ലക്ഷക്കണക്കിനായി വന്ന് ഒട്ടിച്ചേര്‍ന്ന് വലിയ വലയുടെ ഇഴകള്‍ പോലെ നിന്നാണ് ഈ രണ്ടാം പ്ലഗ് ഉണ്ടാകുന്നത്. ഇതിനും പ്ലേറ്റ്ലെറ്റ് തന്നെ വിചാരിക്കണം. പ്ലേറ്റ്ലെറ്റിന്റെ പ്രതലത്തിലേക്ക് വന്ന് അണിനിരക്കുന്ന നെഗറ്റീവ് ചാര്‍ജ്ജുള്ള (ഋണ ചാര്‍ജ്) ഫോസ്ഫൊ ലിപ്പിഡ് കണികകളാണ് ഫൈബ്രിനോജെന്‍ അടക്കമുള്ള സകല ഗുലാബികള്‍ക്കും വന്ന് ഒട്ടിപ്പിടിക്കാ‍ന്‍ വേദിയൊരുക്കുന്നത്. സാധാരണഗതിയില്‍ ഒരു മുറിവടച്ച് രക്തസ്രാവം നിര്‍ത്താന്‍ സഹായിക്കേണ്ടുന്ന ഈ പ്രക്രിയ ചെറുരക്തധമനികളില്‍ സംഭവിക്കുമ്പോള്‍ സാമാന്യം നല്ലൊരു "ബ്ലോക്ക് " തന്നെ രൂപപ്പെടുന്നു. ഈ ബ്ലോക്ക് തലച്ചോറിലെയോ ഹൃദയത്തിലെയോ താരതമ്യേന വ്യാസം കുറഞ്ഞ രക്തധമനികളിലാണെങ്കിലുള്ള കഥയൊന്നോര്‍ത്തുനോക്കു. സ്ട്രോക്ക് (പക്ഷാഘാതം/തളര്‍വാതം) അല്ലെങ്കില്‍ ഹൃദയാഘാതം എന്നിവയാവും ഫലം. കൊളസ്ട്രോള്‍, മറ്റു കൊഴുപ്പുകള്‍, കാല്‍ഷ്യം എന്നിവയൊക്കെ അടിഞ്ഞുകൂടിയ ധമനികളിലാണ് ഇത്തരം ബ്ലോക്കുകള്‍ വരുക കേട്ടോ. ശരി, പ്ലേറ്റ്ലെറ്റ് പുരാണം ഇത്രയും മതി തല്‍ക്കാലം.

ഇനി, എന്തിനാണ് ഇതൊക്കെ പറഞ്ഞ് കാടെല്ലാം തല്ലിയതെന്നല്ലേ?

മേല്‍പ്പറഞ്ഞ ഫിസിയോളജിയിലെ ഓരോ പടിയിലും കേറി 'പണിപറ്റിക്കുന്ന' അസംഖ്യം അലോപ്പതി മരുന്നുകള്‍ രോഗചികിത്സക്ക് നമ്മുറ്റെ സഹായത്തിനുണ്ട്. ഒറ്റ ഉദാഹരണം പറയാം - നമ്മുടെ ചിരപരിചിതനായ ആസ്പിരിന്‍ തന്നെ ! ത്രോമ്പോക്സേയിന്‍ ഉണ്ടാക്കുന്നതില്‍ ന്‍ഇന്നും പ്ലേറ്റ്ലെറ്റുകളെ തടയുക എന്നതാണ് ആസ്പിരിന്റെ ജന്മലക്ഷ്യം. ത്രൊമ്പോക്സേയിനെ തടഞ്ഞാല്‍ കൂടുതല്‍ പ്ലേറ്റ്ലെറ്റുകള്‍ വന്നടിഞ്ഞ് സംഗതികള്‍ സങ്കീര്‍ണ്ണമാകാതെ നോക്കാം. അതുകൊണ്ടാണ് ഏതെങ്കിലും രീതിയില്‍ ഹൃദ്രോഗ/പക്ഷാഘാത സാധ്യത വര്‍ദ്ധിച്ചിരിക്കുന്നവര്‍ക്ക് ആസ്പിരിന്‍ ചെറു ഡോസില്‍ (75 - 150 മില്ലീഗ്രാം) തുടര്‍ച്ചയായി കഴിക്കാന്‍ നല്‍കുന്നതും. പെട്ടെന്ന് നെഞ്ചുവേദന വരുകയും അതു ഹൃദയാഘാതമാണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ 325 മില്ലിഗ്രാം ആസ്പിരിന്‍ ഉടന്‍ തന്നെ കഴിക്കാന്‍ കൊടുക്കുന്നതും ഹൃദയ ധമനിയില്‍ ഈ പ്ലേറ്റ്ലെറ്റ് പ്ലഗ് രൂപപ്പെട്ട് സംഗതികള്‍ വഷളാകാതിരിക്കാനാണ്. ത്രോമ്പോക്സേയിന്‍ ഒരു വേദനാകാരി കൂടെയാണ്. ത്രൊമ്പോക്സേയിനെ തടഞ്ഞാല്‍ അതുമൂലമുണ്ട്കുന്ന വേദനയും തടയാം എന്ന സ്വാഭാവിക യുക്തിയനുസരിച്ചാണ് ചതവിനും ഉളുക്കിനും മറ്റും ആസ്പിരിന്‍ ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്നതും.ഇത്രയും പറഞ്ഞതില്‍ നിന്നു തന്നെ ആസ്പിരിന്‍ അമിതമായി ഉപയോഗിച്ചാല്‍ ദൂഷ്യങ്ങളുമുണ്ടാകും എന്നു മനസ്സിലായിക്കാണുമല്ലോ.

രക്തദാനവും പ്ലേറ്റ്ലെറ്റ് ദാനവും !

രക്തകോശങ്ങള്‍ ഉണ്ടാകുന്ന മജ്ജയില്‍ (bone marrow) മെഗാ കാര്യോസൈറ്റ് എന്നു വിളിക്കുന്ന ഭീമന്‍ കോശങ്ങളില്‍ നിന്നാണ് പ്ലേറ്റ്ലെറ്റുകള്‍ ഉണ്ടാക്കപ്പെടുന്നതു. മറ്റെല്ലാ രക്തകോശങ്ങളേയും പോലെ പ്ലേറ്റ്ലെറ്റുകളും വയസ്സാകുമ്പോള്‍ പ്ലീഹയാല്‍ (spleen) നശിപ്പിക്കപ്പെടുന്നു. സാധാരണ അവസ്ഥകളില്‍ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ ശരീരത്തില്‍ പുതുതായി ഉണ്ടായി വരാന്‍ 5 മുതല്‍ 7 ദിവസം വരെയെടുക്കും. എന്നാല്‍ അസുഖമോ രക്തസ്രാവം മൂലമോ പ്ലേറ്റ്ലെറ്റുകള്‍ ശരീരത്തില്‍ അമിതമായി നശിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്ന അവസരത്തില്‍ ശരീരത്തിന്റെ രക്തസഞ്ചയികയായ മജ്ജ ‘ഓവര്‍ ടൈം’ പണിയെടുത്ത് പ്ലേറ്റ്ലെറ്റുകളെ അധികമായി ഉല്‍പ്പാദിപ്പിക്കുന്നു. അതുകൊണ്ടുതന്നെ 40,000ത്തില്‍ താഴെക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് പോകുമ്പോ‍ഴേ നാം കരുതലോടെയിരിക്കേണ്ടതുള്ളൂ. 20,000ത്തില്‍ താഴെപ്പോയാല്‍ തൊലിക്കടിയില്‍ നിന്നോ, ആന്തരികാവയവങ്ങളില്‍ നിന്നോ (പ്രത്യേകിച്ച് മൂക്ക്, ആമാശയം, കുടല്‍ എന്നിവ) സ്വയമേവ രക്തസ്രാവം ഉണ്ടാകും. അങ്ങനെയൊരു അവസ്ഥ വരാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയ്ക്ക് 20,000 ത്തില്‍ താഴെ പ്ലേറ്റ് ലെറ്റ് കൌണ്ട് പോകുന്ന രോഗിക്ക് അലോപ്പതിയില്‍ പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ (platelet transfusion) നടത്തുന്നു. **
പല വ്യക്തികളില്‍ നിന്നായി അല്പാല്‍പ്പം രക്തം ശേഖരിച്ച് അവയില്‍ നിന്ന് പ്ലേറ്റ്ലെറ്റുകളടക്കമുള്ള കോശങ്ങളെ വേര്‍തിരിച്ച് സ്വരുക്കൂട്ടി ഉപയോഗിക്കുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ വ്യാപകമെങ്കിലും പ്ലേറ്റ്ലെറ്റ് ഏയ്ഫെറസിസ് ( Platelet Apheresis) എന്ന പുതിയ സങ്കേതം വഴി രക്തദാതാവിന്റെ പ്ലേറ്റ്ലെറ്റുകള്‍ മാത്രം വേര്‍തിരിച്ചിട്ട് ബാക്കി രക്തം ഞരമ്പിലൂടെത്തന്നെ തിരികെ നല്‍കാനും ഇന്ന് കഴിയും.
രക്തദാനം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നും കഷ്ടിച്ച് 350 മില്ലീ രക്തമേ പോകുന്നുള്ളൂ. അങ്ങനെ നഷ്ടപ്പെടുന്ന പ്ലേറ്റ്ലെറ്റുകള്‍ ഏതാണ്ട് 48 മണിക്കുറ് കഴിയുമ്പോള്‍ മജ്ജ കിണഞ്ഞു പണിയെടുത്ത് പൂര്‍വ്വസ്ഥിതിയിലെത്തിക്കും. എന്നാല്‍ 10,000 മോ 20,000 മോ ഒക്കെയായി താഴുന്ന പ്ലേറ്റ്ലെറ്റുകളെ സുരക്ഷിതമായ ഒരു നിലയിലേക്ക് (50,000 - 75,000) ഉയര്‍ത്താന്‍ ഒരല്‍പ്പം സമയം കൂടുതല്‍ വേണം. ചിക്കുന്‍ ഗുന്യ, ഡെങ്കി എന്നീ വക പനികളില്‍ ശരീരത്തിന്റെ ആ സ്വാഭാവിക പ്രവര്‍ത്തനം അല്പം മന്ദീഭവിക്കുന്നു എന്നതിനാലാണ് പ്ലേറ്റ്ലെറ്റുകളെ നാം പുറമേ നിന്നു ട്രാ‍ന്‍സ്ഫ്യൂഷന്‍ വഴിയായി നല്‍കുന്നത്. ഒന്നോ രണ്ടോ ട്രാന്‍സ്ഫ്യൂഷന്‍ മതി രോഗിയുടെ അപകടനില തരണം ചെയ്യാന്‍. അതുകഴിഞ്ഞാല്‍ ഡെങ്കിയുടെ/ചിക്കുന്‍ ഗുന്യയുടെ തീവ്രത കുറയുന്നതിനൊത്ത് രോഗിയുടെ പ്ലേറ്റ്ലെറ്റ് നില മെച്ചപ്പെടുന്നതും കാണാം. ഒപ്പം പറയട്ടെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ രക്തസ്രാവത്താലല്ല ഡെങ്കി രോഗികള്‍ മരണപ്പെടാന്‍ സാധ്യത - മറിച്ച് രക്തത്തിലെ ജലാംശം കുറഞ്ഞ് രക്ത സമ്മര്‍ദ്ദം താഴ്ന്നുണ്ടാകുന്ന ‘ഷോക്ക്’ എന്ന അവസ്ഥയിലാകുമ്പോഴാണ് . ഇതിന്റെ ചികിത്സ രക്തദാനമല്ല, ഡ്രിപ്പ് നല്‍കി ധമനികളില്‍ ജലാംശം വര്‍ധിപ്പിച്ച് ബി.പി താഴാതെ നോക്കലാണ്.


പപ്പായ ഇല ജ്യൂസാക്കി കുടിച്ചാല്‍ സുമേഷ് ജിയും മേല്‍ കൊടുത്തിട്ടുള്ള ഈ-മെയില്‍ ലിങ്കുകളിലെ വ്യക്തികളും പറയുമ്പോലെ പ്ലേറ്റ്ലെറ്റുകള്‍ അങ്ങനെയങ്ങു വര്‍ധിക്കുമെങ്കില്‍ ഒരസുഖവുമില്ലാത്ത ഒരാള്‍ ഈ ഒറ്റമൂലി ധാരാളമായി അടിച്ചാല്‍ ശരീരത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ ക്രമാതീതമായി വര്‍ധിച്ച് പ്ലേറ്റ്ലെറ്റ്-ക്യാന്‍സര്‍ പോലുള്ള (എസ്സന്‍ഷ്യല്‍ ത്രോമ്പോസൈറ്റോസിസ് ) ഒരവസ്ഥ വന്ന് ചാകണമല്ലോ ?


പശുവും ആടും മറ്റു നാല്‍ക്കാലികളുമൊക്കെ പപ്പായയില ധാരാളം തിന്നുന്നത് കണ്ടിട്ടുണ്ട്. അവറ്റകളൊക്കെ രക്തം കട്ടപിടിച്ച് ചാകണമല്ലോ ?
പപ്പായ ജ്യൂസ്/പപ്പായ ഇലയുടെ ജ്യൂസ് ഒരു മരുന്നായിട്ടാണ് സുമേഷിന്റെ പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതും രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒറ്റയടിക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് നോര്‍മലൈസു ചെയ്യാന്‍ കഴിയും വിധം potency ഉള്ള ഒരു മരുന്നായി. അങ്ങനെയാകുമ്പോള്‍ അതിന്റെ സൈഡ് ഇഫക്റ്റ് പ്രൊഫൈല്‍, ഫാര്‍മക്കോഡൈനാമിക്സ്, തെറപ്യൂട്ടിക് വിന്‍ഡോ എന്നിവയൊന്നുമറിയാതെ അതൊരു ചികിത്സാരീതിയായി ഉപയോഗിക്കുന്നതിനേക്കുറിച്ച് എനിക്കു സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവുന്നില്ല. ഇലയില്‍ നിന്നോ കായില്‍ നിന്നോ വേരില്‍നിന്നോ ഒക്കെ കിട്ടുന്നതാണെന്നു കരുതി ഒരു മരുന്ന് overdose toxicity ഉണ്ടാക്കില്ല എന്ന് കരുതാമോ ? ഉമ്മത്തിന്‍ കായ, സര്‍പ്പഗന്ധി എന്നിവയും ഈ അവസരത്തില്‍ സ്മരണീയം. (അംബി ജീയുടെ കമന്റ്റിനിട്ട മറുപടിയില്‍ നിന്നും ചേര്‍ത്തത് )

മേല്‍ വിവരിച്ച പ്ലേറ്റ്ലെറ്റ് ഫിസിയോളജിയുടെ എതു ശ്രേണിയിലാണ് പപ്പായ പ്രതിപ്രവര്‍ത്തിക്കുന്നതെന്നു അറിയാമോ? എത്ര ഡോസില്‍ കഴിച്ചാലാണ് പ്ലേറ്റ്ലെറ്റ് കൃത്യമായി നമുക്കാവശ്യമുള്ളത്ര അളവില്‍ വര്‍ധിക്കുക ? ഇങ്ങനെ വര്‍ദ്ധിക്കുന്ന പ്ലേറ്റ്ലെറ്റുകളെ മജ്ജയില്‍ നോക്കിയാല്‍ കാണാനാകുമോ ? (ദാ ഈ കമന്റില്‍ അല്പം കൂടി വിശദീകരണമുണ്ട്, ടെക്നിക്കല്‍ പോയിന്റുകളോടെ)

ഏതായാലും അശോക് കര്‍ത്താ മാഷിനു വന്ന പാപ്പിലോമാ വൈറസ് വെളിപാടു പോലൊരു സ്പാം മാത്രമാണിത് എന്നേ പറയാനാവു . ഇനി സുമേഷ് ജി യുടെ പോസ്റ്റില്‍ പറയുന്നതാണ് സംഭവം എന്നു തന്നെയിരുന്നാലും ആ പേഷ്യന്റ് പപ്പായ ജ്യൂസടിച്ചിട്ടാണ് പ്ലേറ്റ് ലെറ്റ് കൌണ്ട് കൂടിയത് എന്നതിന് വസ്തുനിഷ്ഠമായ തെളിവേ അല്ല അത്. മലേറിയ ബാധിച്ച ഒരു കൊച്ചുകുട്ടിക്കും ഇതേ ഒറ്റമൂലി പരീക്ഷിച്ചു വിജയിച്ചു എന്നു പറയുന്നുണ്ട് ആ പോസ്റ്റില്‍. (പോട്ടാധ്യാനകേന്ദ്രവും, ഏര്‍വാടിയുമൊക്കെ ഒന്നു പരീക്ഷിക്കാമായിരുന്നു. ഒരു ഡാവിന് രക്ഷപ്പെട്ടാല്‍ പിന്നെ അതും റെക്കമെന്റ് ചെയ്യാമല്ലോ! )

മാതൃഭൂമിയിലെ ഞായറാഴ്ച സപ്ലിമെന്റില്‍ സിനിമാക്കോളത്തിനു താഴെ ഇത് പോലെ ചില ഒറ്റമൂലികള്‍ കാണാം. പിന്നെ ഗൃഹലക്ഷ്മി, വനിത തുടങ്ങിയ മാസികകളിലും. മുഖം വെളുക്കാന്‍, തടികുറയ്ക്കാന്‍, മുഖക്കുരുമാറ്റാന്‍, ചൊറി കുറയ്ക്കാന്‍, പല്ലുവെളുക്കാന്‍ തുടങ്ങി പലതിനും കാണാം ഒറ്റമൂലികള്‍. പക്ഷേ ശാസ്ത്രീയതയെക്കുറിച്ചുള്ള ചോദ്യങ്ങളുയരുമെന്നു പേടിച്ചാണോ ആവോ അവരിതുവരെ എയിഡ്സിനും ക്യാന്‍സറിനും ഡെങ്കിപ്പനിക്കും ഒന്നും ഒറ്റമൂലികള്‍ ഉപദേശിച്ചുകണ്ടിട്ടില്ല. ഇനിയിപ്പോ അതും കാണേണ്ടി വര്വോ ?


പിന്‍ വിളി :
ശാസ്ത്രകാര്യങ്ങളിലെ വസ്തുനിഷ്ഠതയ്ക്കു വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത വിക്കി പീഡിയയില്‍ പോലും ഈ പപ്പായാ ജ്യുസ് ഒറ്റമൂലി തര്‍ക്കത്തിലിരിപ്പാണ്. ( ഭാഗ്യം! ഇല്ലെങ്കില്‍ ഇനി ആരെങ്കിലും പൊക്കിപ്പിടിച്ചോണ്ടുവരുന്ന അതിലെ റെഫറന്‍സിനും മറുപടിയിട്ട് കൈകുഴഞ്ഞേനെ !)



* രക്തത്തിന്റെ കട്ടപിടിക്കല്‍ പ്രക്രിയയെകുറിച്ച് പഠിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച ഫിന്‍ലന്റുകാരനായ പീഡിയാട്രീഷ്യന്‍ ഡോ: എറിക് അഡോള്‍ഫ് വോണ്‍ വില്ലിബ്രാണ്ടിന്റെ (1870 - 1949 ) ഓര്‍മ്മയ്ക്ക് ഇട്ട പേരാണ്.

* * പല അവസരത്തിലും ഈ ഒരു മാര്‍ജിന്‍ മുതലെടുത്ത് വന്‍ കിട ആശുപത്രികള്‍
ആവശ്യത്തിനും അനാവശ്യത്തിനും പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ നിര്‍ദ്ദേശിക്കാറുണ്ട് എന്നതും ഒരു സത്യമാണ്. തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാര്‍ ആശുപത്രി 2005ലെ ഡെങ്കിപ്പനിക്കാലത്ത് പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ വഴിയുണ്ടാക്കിയ കാശുമാത്രം മതി അവരുടെ ബ്ലഡ് സെപ്പറെറ്ററുടെ മുതല്‍മുടക്ക് വസൂലാവാന്‍ !

Disclaimer

പപ്പായ സമൂലം ഒരു പാഴ് ചെടിയാണെന്നൊന്നും ഈ പോസ്റ്റിലെ വരികള്‍ക്കിടയില്‍ വായിച്ച് 'നിഗമനോല്‍പ്രേക്ഷ' നടത്തരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
ഓര്‍ക്കുക : പഴുക്കാത്ത പപ്പായയിലെ ആല്‍ക്കലോയ്ഡുകള്‍ ധാരാളമായി ഉള്ളില്‍ച്ചെന്നാല്‍ ഗര്‍ഭം കലങ്ങുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് കുരങ്ങുകളില്‍. മനുഷ്യരില്‍ മുന്‍ കാലങ്ങളില്‍ പഴുക്കാത്ത പപ്പായ ‘ഗര്‍ഭം കലക്കി’യായി ഉപയോഗിച്ചിരുന്നുവെന്ന് കാണുന്നു. അതേ കുരങ്ങുകളില്‍ പപ്പായ കുരു വലിയ അളവില്‍ കൊടുത്താല്‍ വന്ധ്യതയുണ്ടാകുന്നതായും പഠനം വന്നിട്ടുണ്ട് !

ആന്റീബയോട്ടിക് ഉപയോഗം : നിങ്ങളുടെ ഡോക്ടര്‍ ചെയ്യുന്നതു ശരിയോ ?


നമ്മെ ബാധിക്കുന്ന അണുക്കളില്‍ ഏറ്റവും പ്രധാനമായ രണ്ടു കൂട്ടരാണ് ബാക്ടീരിയകളും വൈറസുകളും. ഇതില്‍ വൈറസുകള്‍ സ്വതന്ത്രമായ ഒരു കോശമായി നിലനില്‍പ്പില്ലാത്തവരാണ്. അവ മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ ജനിതകവസ്തുവിനിടയ്ക്കു നൂണ്ടുകയറി ആ കോശത്തെയുപയോഗിച്ചു പെറ്റുപെരുകുന്നു. അതിനാല്‍ അവയെ തുരത്താന്‍ മരുന്നുകളുപയോഗിക്കുക ഏറെക്കുറെ അസാധ്യം.മിക്ക വൈറല്‍ രോഗങ്ങളും (ജലദോഷം, പനികള്‍, ഹെപ്പറ്റൈറ്റിസ്) ഭാഗ്യവശാല്‍ സ്വയം സുഖപ്പെടുന്നവയുമാണ്.
ബാക്ടീരിയകള്‍ ആകട്ടെ സ്വതന്ത്രമായി കോശത്തിനകത്തോ പുറത്തോ ജീവിക്കുന്നു. നമുക്കു വരുന്ന മിക്ക ഇന്‍ഫെക്ഷനുകളും നമ്മുടെ തന്നെ ശരീരത്തില്‍ പരാദജീവികളായി (പാരസൈറ്റ്) കഴിയുന്ന ബാക്ടീരിയകള്‍ ഉണ്ടാക്കുന്നവയാണ്. ഉദാഹരണത്തിന് വായിലെ പരാദജീവിയായ ചില ബാക്ടീരിയകളാണ് ദന്തക്ഷയം മുതല്‍ തൊണ്ട വേദനയും കഫക്കെട്ടും വരെയുണ്ടാക്കുന്ന വിരുതന്മാരില്‍ പ്രമുഖര്‍. നമ്മുടെ കുടലിലെ - വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് .എന്നാല്‍ ഇതേ പരോപകാരികള്‍ മലദ്വാരത്തിനു വെളിയില്‍ എത്തിയാല്‍ പലതരം വയറിളക്കങ്ങള്‍ക്കും കാരണമാകും; ചിലപ്പോള്‍ മൂത്രനാളിയിലെ പഴുപ്പിനു വരെ. അങ്ങനെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നാം ആന്റീബയോട്ടിക് ഉപയോഗിക്കുന്നു.

എന്താണ് ആന്റീബയോട്ടിക് ?




ആന്റീബയോട്ടിക്കുകള്‍ പൊതുവേ ബാക്ടീരിയകളെ കൊല്ലാനോ അവയുടെ പെരുകല്‍ തടയാനോ സഹായിക്കുന്ന മരുന്നുകള്‍ ആണ്. ബാക്ടീരിയാകോശങ്ങളുടെ ഭിത്തിയെ തകര്‍ക്കല്‍, അവയുടെ പ്രത്യുല്പാദനം തടയല്‍, അവയുടെ വളര്‍ച്ച തടയല്‍ എന്നിങ്ങനെയുള്ള മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നാണ് ആന്റീബയോട്ടിക് ചെയ്യുന്നത്. ചിലത് മൂന്ന് ധര്‍മ്മവും നിര്‍വഹിക്കുന്നു.

ആക്രമിക്കുന്നതു കോശവ്യവസ്ഥയെയാകുമ്പോള്‍ ആന്റീബയോട്ടിക്, അവ ഉപയോഗിക്കുന്ന രോഗിയുടെ കോശങ്ങളിലും ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് . എന്നിരുന്നാലും ഈ പ്രശ്നങ്ങള്‍ താരതമ്യേന നിസ്സാരവും, രോഗിക്കു നേരിIട്ട് അനുഭവത്തില്‍ വരാത്തതുമാ‍ണ്. അതിനാല്‍ത്തന്നെ ആന്റീബയോട്ടിക്കുകള്‍ സുരക്ഷിതമാണ് - ഓവര്‍ ഡോസായാല്‍ പോലും.

സര്‍വ്വസാധാരണയായ ഒരേയൊരു സൈഡ് ഇഫക്റ്റ് 'അലര്‍ജി'യാണ്. വിശേഷിച്ചും പെനിസിലിന്‍ കുടുംബത്തിലെ മരുന്നുകള്‍ക്ക്. മറ്റൊന്ന് വയറെരിച്ചിലാണ്.

പരിണാമത്തിന്റെ ഫലമായി ചില ബാക്ടീരിയകള്‍ ചില ആന്റീബയോട്ടിക്കുകളില്‍ നിന്നും രക്ഷപ്പെടാനുള്ള വിദ്യകള്‍ തലമുറകളിലൂടെ സ്വായത്തമാക്കിയിട്ടുണ്ട്। ഇതിനെ ആന്റീബയോട്ടിക്-റെസിസ്റ്റന്‍സ് അഥവാ ആന്റീബയോട്ടിക്-പ്രതിരോധം എന്നു പറയുന്നു. പ്രശസ്തമായ പല ആന്റീബയോട്ടിക്കുകള്‍ക്കെതിരെയും ഇന്നു ചില പ്രധാന അണുക്കള്‍ പ്രതിരോധശേഷി നേടിയിരിക്കുന്നു.

ഓരോ ആന്റീബയോട്ടിക്കും ഫലപ്രദമായി തടയുന്ന ഒരു കൂട്ടം ബാക്ടീരിയകളുടെ പട്ടിക ആ മരുന്ന് ഗവേഷണം നടത്തിയ കമ്പനി തന്നെ പ്രസിദ്ധീകരിക്കും. ഉദാഹരണത്തിന് അമോക്സിസിലിന്‍ (amoxycillin), ആമ്പിസിലിന്‍ (ampicillin) എന്നീ പെനിസിലിന്‍ കുടുംബക്കാരായ ആന്റീബയോട്ടിക്കുകള്‍ ആക്രമിക്കുന്നത് പ്രധാനമായും സ്ട്രപ്റ്റോ കോക്കസ് (strepto coccus) എന്ന അണുവിനെയാണ്. പണ്ടുകാലത്ത് ഇവ സ്റ്റാഫൈലോ കോക്കസ് (staphylo coccus) എന്ന അണുക്കളേയും തുരത്തിയിരുന്നെങ്കിലും അമിതമായ ഉപയോഗം മൂലം ഇപ്പോഴുള്ള സ്റ്റാഫൈലോ കോക്കസ് തലമുറകള്‍ ഈ ആന്റീബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധം നേടിയിട്ടുണ്ട്. ഈ കൂടിയ ഇനം വീരന്മാരെ ഒതുക്കാന്‍ ഇപ്പോള്‍ നാം ക്ലോക്സാസിലിന്‍ (cloxacillin), നാഫ് സിലിന്‍, വാന്‍കോ മൈസിന്‍ (vancomycin) എന്നീ
ആന്റീബയോട്ടിക്കുകളെ ഉപയോഗിക്കുന്നു.

സിപ്രോ ഫ്ലോക്സാസിന്‍ (ciprofloxacin) എറിത്രൊമൈസിന്‍ (erythromycin) , ഡോക്സി സൈക്ലിന്‍ (doxycycline) എന്നിങ്ങനെയുള്ള ചില ആന്റീബയോട്ടിക്കുകളാകട്ടെ സര്‍വ്വസംഹാരിയും സകലകലാവല്ലഭന്മാരുമത്രെ. ഒരുമാതിരിപ്പെട്ട എല്ലാ അണുക്കളെയും ഇവര്‍ റെഡിയാക്കും. സിപ്രോ ഫ്ലോക്സാസിന്റെ ഒരു പ്രത്യേകത, വയറ്റിലെ ഇന്‍ഫക്ഷനുണ്ടാക്കുന്ന ചില വേന്ദ്രന്മാരെക്കൂടി മൂപ്പര്‍ ശരിപ്പെടുത്തും എന്നുള്ളതാണ്.

പെനിസിലിന്‍ കുടുംബത്തിലെ ഇളമുറക്കാരായ മരുന്നുകളാണ് സെഫലോ സ്പോറിനുകള്‍ (cephalosporins). കണ്ടുപിടിത്തത്തിന്റെ മുറയ്ക്ക് ഇവ നാലു തലമുറകളിലായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ആദ്യ തലമുറയില്പെട്ട സെഫഡ്രോക്സില്‍ ( cefadroxyl - വെപ്പാന്‍ എന്ന പേരില്‍ വിഖ്യാതന്‍) ആണ് ഇന്നും ഗുളികരൂപത്തില്‍ കഴിക്കാവുന്ന ആന്റീബയോട്ടിക് ആയി പ്രശസ്തി നിലനിര്‍ത്തുന്നത്. ബാക്കിയുള്ളവയൊക്കെ (eg: cefotaxim) ഇഞ്ചക്ഷന്‍ രൂപത്തില്‍ കിടത്തിചികിത്സ വേണ്ടിവരുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ടവയാകുന്നു.

പിന്നെയുള്ളവയൊക്കെ - പൈപ്പറാസിലിന്‍ (piperacillin), ജെന്റാമിസിന്‍ (gentamicin), അമിക്കസിന്‍, ലിനസോളിഡ് (linezolid), തുടങ്ങിയവരൊക്കെ - സീരിയസ്സായ ഇന്‍ഫെക്ഷനുകള്‍ക്കു കിടത്തി ചികിത്സ വേണ്ടപ്പോള്‍ ഉപയോഗിക്കാനുള്ളതാണ്.


ആന്റീബയോട്ടിക് : പ്രയോഗിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്




1. ബാക്ടീരിയകളില്‍ എതെങ്കിലുമാണ് ഇന്‍ഫക്ഷന്റെ കാരണം എന്നു ഉറപ്പുണ്ടായാലേ ആന്റീബയോട്ടിക് ഉപയോഗിക്കാവൂ. ചിക്കുന്‍ ഗുന്യ, സാധാരണ ചുമയും കഫക്കെട്ടും(bronchitis), ജലദോഷം, വയറിളക്കങ്ങള്‍, വയറുവേദന, ദഹനക്കെട്, സൈനസൈറ്റിസ് എന്നിവയ്ക്കൊക്കെ ആന്റീബയോട്ടിക് എഴുതുന്ന പതിവ് നമ്മുടെ ഡോക്ടര്‍മാര്‍ക്കുണ്ട്. അതു അനാവശ്യവും വിഡ്ഡിത്തവും, സര്‍വ്വോപരി മരുന്നിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള മാരകമായ ബാക്ടീരിയകള്‍ പെരുകുന്നതിനു സഹായകവുമാണ്.

2. ജലദോഷവും അത് മൂത്ത് ഉണ്ടാകുന്ന ചുമയും കഫക്കെട്ടും ഉണ്ടാക്കുന്നത് 70-80% വരെ സന്ദര്‍ഭങ്ങളിലും വൈറസുകളാണ് . അവയ്ക്കെതിരേ ആന്റീബയോട്ടിക് ഒട്ടും ഫലപ്രദമല്ല.
വൈറല്‍ കഫക്കെട്ടിനു (bronchitis) പാരസെറ്റാമോള്‍, കഫ് സിറപ്പ് (bromhexine,ammonium citrate തുടങ്ങിയവ അടങ്ങിയത്) എന്നിവ മാത്രം മതി യഥാര്‍ഥത്തില്‍. ശ്വാസ നാളിയിലെ കട്ടിയേറിയ കഫം അലിയിച്ച് അയഞ്ഞ രൂപത്തിലാക്കിക്കൊടുത്താല്‍ അതിനെ ശ്വാസകോശത്തില്‍ നിന്നും പുറംതള്ളുന്ന പണി ശരീരം തന്നെ ചെയ്തുകൊള്ളും. അതിനു ആന്റീബയോട്ടിക്കുകളുടെ ഒരാവശ്യവുമില്ല എന്നര്‍ത്ഥം.

3. ഓരോ അവയവത്തിലും ഉണ്ടാകുന്ന അണുബാധയ്ക്ക് ഏതാണ്ട് സ്ഥിരമായ ചില ബാക്ടീരിയകളുണ്ട്. ഉദാഹരണത്തിന് തൊലിപ്പുറത്തെ കുരുക്കള്‍, ചുണങ്ങുകള്‍, വ്രണങ്ങള്‍ ആകുന്ന ചെറിയ മുറിവുകള്‍ എന്നിവയിലൊക്കെ സ്റ്റാഫൈലോ കോക്കസ് അല്ലെങ്കില്‍ സ്ട്രെപ്റ്റോ കോക്കസ് എന്ന വിരുതനെ കാണാം. ഇവര്‍ക്കു പറ്റിയ ആദ്യ-ശ്രേണിയിലെ മരുന്ന് നാം നേരത്തേ പരിചയപ്പെട്ട ക്ലോക്സാസിലിനും, ആമ്പിസിലിനും, അമോക്സിസിലിനും തന്നെ. ചിലപ്പോള്‍ എരിത്രോമൈസിനോ, അതിന്റെ ചേട്ടനായ അസിത്രോമൈസിനോ (azithromycin) പ്രയോജനപ്പെട്ടേക്കും. ഡയബറ്റീസ് രോഗികളുടെ പഴുത്ത വ്രണങ്ങള്‍ക്ക് സിപ്രോ ഫ്ലോക്സാസിനാണ് നല്ലത് - അവയിലെ "സ്യൂഡോമോണാസു" (pseudomonas) വര്‍ഗ്ഗത്തിലെ അണുക്കളെ സിപ്രോ ഫ്ലോക്സാസിന്‍ കൈകാര്യം ചെയ്തുകോള്ളും.
നെഞ്ചുരോഗത്തിന്റെ - പ്രത്യേകിച്ച് പഴുപ്പു നിറഞ്ഞ് കഫക്കെട്ടിന്റെ ഏറ്റവും പ്രധാനവും സാധാരണവുമായ വില്ലന്‍ ന്യൂമോകോക്കസ് (pneumo coccus) ആണ്. അവനെ നേരിടാന്‍ 'ഫ്ലോക്സാസിന്‍' കുടുംബത്തിലെ ഇളമുറകാരായ ഓഫ്ലോക്സാസിന്‍ (ofloxacin), ഗാറ്റീ ഫ്ലോക്സാസിന്‍ (gati floxacin), ലീവോ ഫ്ലോക്സാസിന്‍ (levo floxacin) എന്നീ മരുന്നുകളാണു നല്ലത് . വിശേഷിച്ച് രോഗിയെ കിടത്താതെയുള്ള ഔട്ട് പേഷ്യന്റ് (O.P) ചികിത്സയ്ക്ക്.


4. സൈനസൈറ്റിസ് എന്നത് നെറ്റിയിലും മോണക്കുമുകലിലുമൊക്കെയായി തലയോട്ടിയില്‍ ഉള്ള ചില വയു-അറകളില്‍ പഴുപ്പു നിറയുന്നതാണ്. ഈ വായു-അറകള്‍ സാധരണ മൂക്കിനുള്ളിലേയ്ക്കാണ് തുറക്കുന്നത്. ജലദോഷമോ മൂക്കടപ്പോ വന്നാല്‍ ഈ വായു-അറകളുടെ മൂക്കിലേയ്ക്കുള്ള സ്വാഭാവിക തുളകള്‍ അടഞ്ഞു പോകുകയും അവയിലെ പഴുപ്പു കെട്ടിനില്‍ക്കുകയും ചെയ്യും. ഇതിനുള്ള ഏറ്റവും എളുപ്പ വഴി തുള്ളിമരുന്നു (decongestant) വഴി മൂക്കടപ്പിനു ശമനമുണ്ടാക്കുക എന്നതാണ്.അല്ലാതെ ആന്റീബയോട്ടിക്ക് കുറിപ്പടിയല്ല.

ആന്റീബയോട്ടിക്കും ചില മിഥ്യാ ധാരണകളും




ആന്റീബയോട്ടിക് കഴിക്കുമ്പോള്‍ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കണോ?


ആരൊക്കെയോ പ്രയോഗിച്ചു പ്രയോഗിച്ചു സ്ഥാപനവല്‍ക്കരിച്ച വിഡ്ഡിത്തം। ആദ്യം പറഞ്ഞതു പോലെ ആന്റീബയോട്ടിക്കുകള്‍ ശരീരത്തിലെ നല്ലതും (പരാദ) ചീത്തയുമായ എല്ലാ ബാക്ടീരിയകളേയും കൊല്ലുന്നു. നമ്മുടെ കുടലിലെ - വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ (vitamin B, vitamin K) ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് രണ്ടോ മൂന്നോ ആഴ്ച നീണ്ട് നില്‍ക്കുന്ന ശക്തിയേറിയ ആന്റീബയോട്ടിക് പ്രയോഗം രോഗകാരകനായ ബാക്ടീരിയക്കൊപ്പം ഇവയെക്കൂടി നശിപ്പിക്കാറുണ്ട്. അതേത്തുടര്‍ന്ന് ചെറിയ തോതില്‍ വയറിളക്കവും രോഗിയില്‍ കണ്ടേക്കും. എന്നാല്‍ ആന്റീബയോട്ടിക്കിനൊപ്പം വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുകൊണ്ടൊന്നും ഇതിലൊരു മാറ്റവും വരുന്നതായി യാതൊരു തെളിവുമില്ല. പിന്നെന്തിനു നിങ്ങള്‍ വിറ്റാമിന്‍ ഗുളികകല്‍ കഴിക്കണം?? അത് മരുന്നുകമ്പനികളുടെ മാത്രം ആവശ്യമാണ്. പിന്നെ അവരുടെ അച്ചാരം പറ്റിക്കൊണ്ട് അതിനു കുറിപ്പടിയെഴുതുന്ന വൈദ്യ'വ്യാജസ്പതി'കളുടെയും!

കുട്ടികള്‍ക്ക് ഇവ കേടല്ലേ?



ആന്റീബയോട്ടിക്കുകള്‍ വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളില്‍ വച്ചേറ്റവും സുരക്ഷിതമായ മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നു. അപൂര്‍വ്വം ചില പാര്‍ശ്വഫലങ്ങളൊഴിച്ച് ഈ മരുന്നുകള്‍ കുട്ടികളിലും പ്രായമായവരിലുമൊക്കെ തികച്ചും പ്രശ്നരഹിതമാണ്. ഒരിക്കലും മരണകാരണമാകാറുമില്ല. പിന്നെ മറ്റേതൊരു മരുന്നിനും ഉള്ളതു പോലെ ചില വിലക്കുകള്‍ ഗര്‍ഭകാലത്ത് ആന്റീബയോട്ടിക്കുകള്‍ സംബന്ധിച്ചുണ്ട്. അതുപോലെ വ്യക്കത്തകരാറുള്ളവര്‍ക്കും അലര്‍ജികളുള്ളവര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അവ മരുന്നെഴുതുന്ന ഡോക്ടര്‍ ശ്രദ്ധിക്കേണ്ടതുമാണ്.

പനി വന്നാല്‍ ആന്റീബയോട്ടിക് വേണ്ടേ ?



അണുബാധ, അതും ബാക്ടീരിയമൂലം വന്ന അസുഖം, ഉണ്ടെന്നു തീര്‍ച്ചയില്ലാതെ പനിക്കു ആന്റീബയോട്ടിക് എഴുതുന്ന വൈദ്യന്‍ സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്. അനാവശ്യ ചെലവു മാത്രമല്ല ഇവിടെ പ്രശ്നം, ബാക്ടീരിയകള്‍ പ്രതിരോധശേഷിയാര്‍ജ്ജിക്കാനേ ഇതുപകരിക്കൂ.


ഏത് അണുബാധയ്ക്കും ശക്തികൂടിയ ആന്റീബയോട്ടിക് ആദ്യമേ കഴിക്കുന്നതല്ലേ നല്ലത്?



ഓരോ തരം അണുബാധയ്ക്കും ഒരു കൂട്ടം ആന്റീബയോട്ടിക്കുകള്‍ ഫലപ്രദമാണ്. എന്നാ‍ല്‍ അവയില്‍ ചെലവും വീര്യവും കുറഞ്ഞതു വേണം ആദ്യം ഉപയോഗിക്കാന്‍ (first-line). അതില്‍ നില്‍ക്കാതെ വന്നാല്‍ മാത്രമേ കൂടുതല്‍ വീര്യമുള്ളവയെടുത്തു കളിക്കാവൂ. ഇല്ലെങ്കില്‍ വീര്യമുള്ള മരുന്നിനു ആദ്യമേ തന്നെ ബാക്ടീരിയ പ്രതിരോധശേഷി നേടുകയായിരിക്കും ഫലം. അങ്ങനെയുള്ള ബാക്ടീരിയകളെ തളയ്ക്കാന്‍ പിന്നെ ഒരു മരുന്നിനും പറ്റാതാകുകയും ചെയ്യും. എലിയെപ്പിടിക്കാന്‍ ഏ.കെ 47 എടുക്കണോ?


എന്നാല്‍ ഇന്നു മാത്സര്യമേറിയ പ്രാക്ടീസിനിടെ തങ്ങളുടെ "ഡിഗ്നിറ്റി" ഉയര്‍ത്തണമെങ്കില്‍ കൂടിയ ഇനം ആന്റീബയോട്ടിക്കുകള്‍ എഴുതി നിറച്ചാലേ സാധിക്കൂ എന്നൊരു മൂഢധാരണ രോഗചികിത്സാരംഗത്തുള്ളവരില്‍ വന്നുപെട്ടിട്ടുണ്ട്.

സാധാരണ അമോക്സിസിലിനില്‍ തീരേണ്ട കാര്യത്തിന് അസിത്രോമൈസിനും അതിന്റെയും മൂത്ത "ക്ലാരിത്രോ മൈസിനും" (clarithromycin) ഒക്കെയവര്‍ എഴുതുന്നു. സിപ്രോഫ്ലോക്സാസിനില്‍ നില്‍ക്കാനുള്ള ഇന്‍ഫക്ഷന് അവര്‍ സെഫാലോ സ്പോറിനുകള്‍ എഴുതിക്കൂട്ടുന്നു. ഇഞക്ഷനായി നല്‍കേണ്ടുന്ന മരുന്നുകളില്‍ ആമ്പിസിലിനും ജെന്റാമിസിനും മാത്രം മതി, ഒരുവിധമുള്ള അണുബാധയ്ക്കൊക്കെ. എന്നിട്ടും മരുന്നു കമ്പനികളുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് അടിപ്പെട്ട് പലരും കൂടിയ ഇനം സിഫാലൊ സ്പോരിനുകളും പൈപ്പറസിലിനുമൊക്കെ പ്രയോഗിച്ചു പ്രയോഗിച്ച് കൂടുതല്‍ പ്രതിരോധ ശേഷിയുള്ള അണുക്കളുടെ തലമുറകള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുന്നു..

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നു...ഇവര്‍ക്കു മാപ്പു കൊടുക്കരുതേ...!