Showing posts with label മിഥ്യാ ഭഞ്ജനം. Show all posts
Showing posts with label മിഥ്യാ ഭഞ്ജനം. Show all posts

മൈക്രോ വേവ് അവനുകളും ചില തെറ്റിദ്ധാരണകളും : അശോക് കര്‍ത്താ മാഷിനൊരു മറുപടി

ഈ പോസ്റ്റ് micro wave oven-കളെ കുറിച്ച് അശോക് കര്‍ത്താ മാഷ് ഉന്നയിച്ച ചില സംശയങ്ങളുടെ മറുപടിയായാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ ബ്ലോഗിലെ പക്ഷിപ്പനിയെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റില്‍ വന്ന അദ്ദേഹത്തിന്റെ രണ്ടു കമന്റുകള്‍ ഇവിടെ ഉദ്ധരിക്കുന്നു. (ലിങ്കുകളോടൊപ്പം)



Comment 1
ak said... പോസ്റ്റ് നന്നായിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്ന നൂതന ഉപകരണങ്ങളായ
മക്രോവേവ് അവനും കണ്ഡക്റ്റീവ് ഹീറ്ററും നമ്മള്‍ വിചാരിക്കുന്ന പോലെ നിര്‍ദ്ദോഷമായ
താപ ഉപകരണങ്ങളല്ല. കുറഞ്ഞപക്ഷം ഒരു വൈദ്യശാസ്ത്രജ്ഞന്റെ വീക്ഷണത്തിലെങ്കിലും. താങ്കള്‍ക്ക് ഒരു മക്രോവേവ് അവന്‍ ഉണ്ടെങ്കില്‍ ഇനി പറയുന്ന പരീക്ഷണം ഒന്നു ചെയ്തൂ നോക്കു.

1.ഒരു ബ്രഡ് റ്റോസ്റ്റ് ചെയ്യാന്‍ വയ്ക്കുമ്പോള്‍ അതില്‍ ഒരു
ഉറുമ്പിനേക്കൂടി വയ്ക്കുക. താങ്കള്‍ പറയുന്ന 160 ഡിഗ്രി താപം തന്നെ നല്‍കു. പാചകം
കഴിഞ്ഞ് ഉറുമ്പിനെന്തു സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക. പാറ്റയെ ഉപയോഗിച്ചും
ഇതൊന്നു ആവര്‍ത്തിക്കുക.

2.ഒരല്പം പാലോ തൈരോ അവനില്‍ വച്ച് ചൂടാക്കുമ്പോള്‍ അതിലെ
ബാക്റ്റീരിയങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ശാസ്ത്രീയമായി നോക്കുക.ഈ
പരീക്ഷണങ്ങളുടെ ഫലം താങ്കളുടെ പോസ്റ്റുകള്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച
നല്‍കുമെന്നാണു എന്റെ വിശ്വാസം
.
3/2/08 11:28 PM

Comment 2
ak said... ഡോ.സൂരജ്,മൈക്രോ വേവ് അവനില്‍ ടിഷ്യൂ-ഹീറ്റിങ്ങ് വഴിയാണു ഭക്ഷണം
പാകമാകുന്നത്. അത് പോളിമറൈസ്‌ഡ് ചെയിന്‍ റീയാക്ഷനു ഇടയാക്കുന്നു. അത്
മനുഷ്യകലകളില്‍ അണുരണനമോ ആവര്‍ത്തനമോ ഉണ്ടാക്കുമ്പോള്‍.........PCR
ആവര്‍ത്തിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഞാന്‍ പറയണോ?താങ്കളുടെ ജിജ്ഞാസ
ഉണര്‍ത്താന്‍ ഇത്രയും മതിയാകുമെന്ന് തോന്നുന്നു....

8/2/08 7:56 PM

പ്രിയ അശോക് കര്‍ത്താ മാഷ്,

ഒന്നുകില്‍ താങ്കള്‍ മൈക്രോവേവ് അവനുകളെയും (micro wave oven) മൈക്രോതരംഗങ്ങളെയും കുറിച്ച് കാര്യമായ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. അല്ലെങ്കില്‍ താങ്കള്‍ ഫിസിക്സ് പഠിച്ചിട്ടില്ല. ഗൂഗിള്‍ പൊലൊരു സെര്‍ച്ച് എഞ്ചിന്‍ കൈയ്യിലുള്ളപ്പോള്‍ ഏതെങ്കിലും നല്ല ശാസ്ത്ര സൈറ്റില്‍ പോയി ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളെക്കുറിച്ചും മ്യൂട്ടേഷനെക്കുറിച്ചും PCR ടെക്നോളജിയെക്കുറിച്ചും വായിക്കുന്നതു നല്ലതായിരിക്കുമെന്ന് കരുതുന്നു. തെറ്റിദ്ധാരണകള്‍ മാറ്റാം.ഏതായാലും ഇവിടെ ഓഫ് ടോപ്പിക് ആയിട്ടാണേലും ഇതുന്നയിച്ച സ്ഥിതിക്ക് ചെറിയൊരു വിശദീകരണം മാത്രം തരാം. മറുപടി നീണ്ടുപോയതുകൊണ്ടും, ഈ വിഷയത്തെ കുറിച്ച് മറ്റാളുകള്‍ക്കു ചിലപ്പോള്‍ സംശയം ഉണ്ടാകാം എന്നതു കൊണ്ടും എല്ലാവര്‍ക്കും ഉപകാരപ്രദമാകട്ടെ എന്ന താല്പര്യത്തോടെ ഇവിടെ ഇതു പോസ്റ്റായി ഇടുന്നു.

1. മൈക്രോ തരംഗങ്ങള്‍ വളരെ വളരെ ഊര്‍ജ്ജം കുറഞ്ഞ (ഏതാണ്ട് 2450 മെഗാ ഹെര്‍ട്സ് മാത്രമുള്ള ഫ്രീക്വന്‍സി) തരംഗങ്ങളാണ്. അവ കോശത്തിനുള്ളില്‍ കടന്ന് ജനിതക വസ്തുക്കളേയോ പ്രോട്ടീനുകളെയോ ഇഴപൊട്ടിച്ച് മ്യൂട്ടേഷനുണ്ടാക്കുകയില്ല. അത്തരം പ്രശ്നങ്ങള്‍ കാണിക്കുന്നത് അയോണൈസിംഗ് റേഡിയേഷനുകള്‍ (ionizing rays) എന്നറിയപ്പെടുന്ന ചില ഫ്രിക്വന്‍സി (ഊര്‍ജ്ജം) കൂടിയ തര‍ം ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാണ്. ഉദാഹരണം - എക്സ് റേ, കോസ്മിക് റേ എന്നിവ.


2. ടിഷ്യൂ ഹീറ്റിംഗ് വഴിയാണ് മൈക്രോ വേവ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് ടിഷ്യൂവിനെ ‘ഹീറ്റ്’ചെയ്യുന്നതെന്ന് അറിയാമോ ? പറഞ്ഞുതരാം : മൈക്രോ തരംഗങ്ങള്‍ ഭക്ഷണത്തിലെ വെള്ളത്തിന്റെ കണികകളെ (water molecules-നെ) ഒരു കാന്തത്തിന്റെ സൂചിയെ പോലെ വട്ടം ചുറ്റിക്കുന്നു. മൈക്രോതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഫീല്‍ഡില്‍ ജലകണിക ഒരു കാന്തസൂചികണക്കെ ചാഞ്ചാടുന്നു (ഇതിനെ Water Dipole എന്ന് പറയും). ഈ Water Dipole മൈക്രോതരംഗവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചൂടിന്റെ രൂപത്തില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഈ ചൂടുകാരണം ഭക്ഷണം പാചകം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ മോളിക്യൂളുകളെ മാത്രം ആശ്രയിച്ച് ചൂടുല്‍പ്പാദിപ്പിക്കുന്നതിനാലാണ് മൈക്രോ വേവ് അവനുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ നേരിട്ട് ചൂടാകാതിരിക്കുന്നത്. (ഭക്ഷണത്തിന്റെ ചൂട് ഒരല്പം സ്പര്‍ശനത്തിലൂടെ പകര്‍ന്നു കിട്ടുന്നതുകൊണ്ട് മാത്രമാണ് പാത്രങ്ങള്‍ അവനില്‍ ചൂടാകുക.)


3. ഇനി ഈ ചൂടാകല്‍ കോണ്ട് കോശങ്ങളില്‍ എന്തു സംഭവിക്കുമെന്നോ ? അതറിയാന്‍ ഒരു മുട്ട സാദാ സ്റ്റൌവില്‍ വച്ച് പുഴുങ്ങുമ്പോള്‍ എന്തുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ മതി. മുട്ടയിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭാഗമായ ദ്രാവക ഭാഗം protein coagulation വഴി വെളുത്ത് കട്ടിയുള്ള വെള്ളക്കരുവാകുന്നു. കൊളസ്ട്രോള്‍ കൂടിയ മഞ്ഞ ഭാഗം കൊയാഗുലേഷന്‍ വഴി മഞ്ഞക്കരുവും ആകുന്നു. ഇവിടെയൊന്നും ഒരു മ്യൂട്ടേഷനും നടക്കുന്നില്ല. വെറും ചൂടിന്റെ ഇഫക്റ്റ് മാത്രമാണുള്ളത്. മാംസം മാത്രമല്ല പച്ചിലയും വേരും കിഴങ്ങുമൊക്കെ ഇങ്ങനെ പാചകം ചെയ്യുന്ന വേളയില്‍ ചൂടുകൊണ്ട് രാസഘടന മാറി കട്ടിയുള്ളതോ മൃദുവായതോ ഒക്കെയാവുന്നു. അവിടെയൊന്നും മ്യൂട്ടേഷന്‍ നടന്ന് താങ്കള്‍ പറയുമ്പോലെ PCR റിയാക്ഷനൊന്നും ഉണ്ടാകുന്നില്ല.
ഭക്ഷണം മൈക്രോ വേവ് അവനില്‍ പാകം ചെയ്താലും നേരിട്ട് സ്റ്റൌവിലോ അടുപ്പിലോ വച്ച് പാകപ്പെടുത്തിയാലും ഭക്ഷണത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ. അതില്‍ ഒരു പോളിമെറേയ്സ് ചെയിന്‍ റിയാക്ഷനും (PCR) ഇല്ല.


4. പോളിമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ (PCR) എന്നതു എന്താണെന്ന് താങ്കള്‍ക്കറിയാമോ എന്ന് ഈ ചോദ്യത്തില്‍ നിന്നും ഞാന്‍ സംശയിക്കുന്നു. അടിസ്ഥാനപരമായി PCR എന്നത് ഡി.എന്‍.ഏ മാലകളുടെ കോപ്പികള്‍ വേഗം നിര്‍മ്മിച്ചെടുക്കാനുള്ള ഒരു ശാസ്ത്രീയ ലാബോറട്ടറി ടെക്നിക്ക് മാത്രമാണ്.

ഉദാഹരണത്തിന് ഒരു ചെറിയ കഷണം ഡി.എന്‍.ഏ എന്റെ കൈയ്യില്‍ ഉണ്ടെന്നു കരുതുക. (ഒരു വൈറസിന്റെയോ ഒരു ബാക്ടീരിയത്തിന്റെയോ ജനിതക വസ്തു).എനിക്ക് എന്തെങ്കിലും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കണം എങ്കില്‍ ഇതിന്റെ കുറച്ചു കോപ്പികള്‍ (പകര്‍പ്പുകള്‍) എനിക്കു വേണം.അപ്പോള്‍ ഈ ചെറിയ കഷണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ ഡി.എന്‍.എ യുടെ കോപ്പികളെടുക്കാനാണ് PCR വിദ്യ ഉപയോഗിക്കുക. ആദ്യമായി ഒരു നിശ്ചിത ചൂടില്‍ PCR-നായി തയാറാക്കിയ യന്ത്രത്തില്‍ (ടെമ്പോ സൈക്ലര്‍) നമ്മുക്ക് കോപ്പികളെടുക്കേണ്ട ഡി.എന്‍ ഏ കഷണം ഇട്ട് തിളപ്പിക്കുന്നു. ഡി.എന്‍.ഏക്ക് രണ്ട് ഇഴകളാണ് ഉള്ളതെന്ന് ഓര്‍ക്കണം. ഒരു നിശ്ചിത ചൂടില്‍ ഈ രണ്ട് ഇഴകള്‍ പിരിയും. ഇങ്ങനെ പിരിഞ്ഞ ഇഴകളില്‍ ഓരോന്നില്‍ നിന്നും ഓരോ കുട്ടി ഇഴകളെ ഉണ്ടാക്കുകയാണ് അടുത്ത പടി (ഇതാണ് യഥാര്‍ത്ഥ ‘ഡി.എന്‍.ഏ-കോപ്പിയെടുക്കല്‍’). ഇതിനായി നമ്മുടെ ലായനിയില്‍ ഡി.എന്‍.ഏ-കോപ്പികളെടുക്കാന്‍ സഹായിക്കുന്ന ചില രാസത്വരകങ്ങള്‍ (enzymes-എന്‍സൈമുകള്‍) ഇടുന്നു. ഒപ്പം ഡി.എന്‍.ഏ നിര്‍മ്മിക്കാനാവശ്യമായ റൈബോ ന്യൂക്ലിയോറ്റൈഡ് (ribo nucleotides) ഗണത്തില്‍പ്പെടുന്ന മോളിക്യൂളുകളും. എന്‍സൈമിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള എല്ലാ അന്തരീക്ഷവും PCR-നായി തയാറാക്കിയ യന്ത്രത്തില്‍ നേരത്തേ സൃഷ്ടിച്ചിട്ടുണ്ടാകും. പുതുതായി ഉണ്ടാകുന്ന ഓരോ ഡി.എന്‍.ഏ മാലയെയും യന്ത്രത്തിലെ ലാ‍യനി വീണ്ടും ചൂടാക്കി ഇഴപിരിക്കുന്നു. ഇങ്ങനെ പിരിഞ്ഞു മാറുന്ന ഇഴകളോരോന്നില്‍ നിന്നും എന്‍സൈമുകള്‍ പുതിയ ഡി.എന്‍.ഏ മാലകളുണ്ടാക്കിയെടുക്കുന്നു. ഇങ്ങനെ നമുക്കാവശ്യമുള്ളത്രയും കോപ്പികള്‍ എടുക്കുന്നതിന് PCR യന്ത്രം സഹായിക്കുന്നു.
അശോക് കര്‍ത്താ മാഷേ, ഇനി പറയൂ എന്തുതരം PCR റിയാക്ഷനാണ് മൈക്രോവേവ് അവനില്‍ നിന്നുള്ള തരംഗങ്ങള്‍ ഏറ്റാല്‍ നമ്മുടെ കോശങ്ങളില്‍ ഉണ്ടാകുന്നത് ?


5. ഇനി അങ്ങ് പറയും പോലെ മൈക്രോവേവ് അവനിലെ ഭക്ഷണത്തില്‍ ചൂടേറ്റ് മ്യൂട്ടേഷന്‍ വരുമെന്നു തന്നെ ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. എന്നുവച്ച് ആഹാരത്തിലെ ഈ മ്യൂട്ടേഷന്‍ കഴിക്കുന്നവന്റെ ശരീരത്തില്‍ അതുപോലെ പ്രവേശിക്കും എന്നാണോ അങ്ങ് പറയുന്നത് ? എങ്കില്‍ ദഹനപ്രക്രിയയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയായേ അതിനെ കാണാനാവൂ.

ദഹിച്ചു കഴിഞ്ഞ ഏതൊരു ഭക്ഷണ പദാര്‍ത്ഥവും മാംസ്യമോ (പ്രോട്ടീന്‍), അന്നജമോ(കാര്‍ബോഹൈഡ്രെറ്റ്), കൊഴുപ്പോ (ഫാറ്റ്), റൈബോ ന്യൂക്ലിക് ആസിഡുകളോ (ജനിതകവസ്തുവിന്റെ പ്രധാനഘടകം) ഒക്കെയായിട്ടാണ് വയറിലേയും കുടലിലേയും കോശങ്ങളിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. അല്ലാതെ ക്യാരറ്റ് കഴിക്കുന്നവന്റെ രക്തത്തിലോ കോശങ്ങളിലോ ക്യാരറ്റ് അങ്ങനെതന്നെ കഷ്ണങ്ങളായി കിടന്ന് ഒഴുകുകയൊന്നുമില്ല. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തു മ്യൂട്ടേഷനുണ്ടേലും, എന്തു ജനിതക വൈകല്യം ഉണ്ടേലും അതൊന്നും ദഹനപ്രക്രിയകഴിഞ്ഞ് ശരീരത്തില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കളില്‍ ഉണ്ടാവില്ല. (ദഹനത്തെക്കുറിച്ച് വളരെ ലളിതമായും ഭംഗിയായും സുകുമാരന്‍ സര്‍ ഇവിടെ വിവരിച്ചിരിക്കുന്നത് താല്പര്യമുള്ളവര്‍ക്ക് വായിക്കാം. )


6. മൈക്രോ വേവ് അവനുകള്‍ ഇറങ്ങിയകാലം മുതല്‍ ഇതുപോലുള്ള ഒട്ടേറേ തെറ്റിദ്ധാരണകള്‍ അവയുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരുപാട് ചവറ് ഈ-മെയിലുകള്‍ ഇതേക്കുറിച്ച് അനാവശ്യഭീതി പരത്തിക്കൊണ്ട് കറങ്ങിനടക്കുന്നുമുണ്ട്. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ഫിസിക്സ് അറിഞ്ഞാല്‍ മതി !


7. മൈക്രോവേവ് അവനുകളില്‍ നിന്നും പുറത്തേയ്ക്ക് മൈക്രോ തരംഗങ്ങള്‍ വരാതിരിക്കാനായി ഒട്ടേറെ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതു മ്യൂട്ടേഷന്‍ ഭയന്നിട്ടൊന്നുമല്ല. മറ്റേതൊരു ഭക്ഷണവസ്തുവും ചൂടാകുന്നതുപോലെ മനുഷ്യശരീരവും ശക്തിയേറിയ മൈക്രോ വേവുകള്‍ ഏറ്റാല്‍ പൊള്ളും. അത് അബദ്ധത്തില്‍ സംഭവിക്കാതിരിക്കാനാണ് അവനുകളുടെ വാതില്‍ വളരെ സുരക്ഷിതമായ രീതിയില്‍ അടയ്ക്കാനും തുറക്കാനും കഴിയുന്ന ഒന്നായിരിക്കണം എന്ന നിഷ്കര്‍ഷ. മാത്രവുമല്ല, സ്റ്റാന്റിംഗ് വേവ് എന്ന തത്വപ്രകാരമാണ് ഇതിനുള്ളില്‍ മൈക്രോ വേവുകള്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ തരംഗങ്ങള്‍ oven-ന്റെ ഉള്ളിലെ ലോഹമതിലുകളില്‍ തട്ടി ഉള്ളിലേക്കു തന്നെ പ്രതിഫലിക്കുന്നു. അങ്ങനെ പരമാവധി തരംഗങ്ങള്‍ oven-ന്റെ ഉള്ളില്‍തന്നെ നിന്ന് ഭക്ഷണത്തെ ചൂടാക്കുന്നു. ഒട്ടും പുറത്തെ അന്തരീക്ഷത്തിലേക്ക് ലീക്ക് ചെയ്യുന്നുമില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ ലീക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പരമാവധി ഒരു ചതുരശ്ര സെന്റീമീറ്ററിന് 5 മില്ലി വാട്ട് (5 milliWatts/sq cm) എന്ന അളവില്‍ മാത്രമേ പുറത്ത് വരൂ. ഇതാകട്ടെ അവനില്‍ നിന്നും 2 ഇഞ്ച് അകലത്തിലെ കാര്യമാണ്. മൈക്രോവെവ് അവനില്‍ നിന്നും ഒരു കൈയ്യുടെ നീളത്തിന്റെയത്രയും ദൂരം മാറിനിന്നാല്‍ ഈ റേഡിയേഷന്‍ അളവ് വളരെ വളരെ കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ oven-ന്റെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നതായി കണ്ടിട്ടുമില്ല. ഒരു സാധാരണ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍ 1.6 വാട്ട് ആണ് എന്നോര്‍ക്കുക. ഇത് മൈക്രോ വേവ് അവനില്‍ നിന്നുണ്ടാകുന്നതിന്റെ 300 ഇരട്ടിക്ക് മുകളില്‍ വരും ! എന്നിട്ട് ഈയടുത്ത് പുറത്തുവന്ന 10 വര്‍ഷം നീണ്ട വലിയ പഠനങ്ങള്‍ പോലും മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നാണ് കണ്ടെത്തിയത് . അപ്പോള്‍ അതിനേക്കാളൊക്കെ എത്രയോ കുറഞ്ഞ റേഡിയേഷന്‍ മനുഷ്യശരീരത്തിലേല്‍പ്പിക്കാന്‍ സാധ്യതയുള്ള oven-നെ പഴിപറയുന്നത് എന്തിനാണാവോ ?

വാല്‍ക്കഷ്ണം :

ഈ പോസ്റ്റിന്റെ ലേഖകനോ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ മൈക്രോ വേവ് അവന്‍ ഉണ്ടാക്കുന്നവരുമായോ വില്‍ക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. ഈ ലേഖനം Oven കച്ചവടത്തെ പോഷിപ്പിക്കാനോ അതുപയോഗിക്കുന്നാതിനെ പ്രത്യേകിച്ചു പ്രോത്സാഹിപ്പിക്കാനോ എഴുതിയതുമല്ല !

തെളിവധിഷ്ഠിത വൈദ്യം (Evidence Based Medicine): ഒരു ആമുഖം

മുന്‍വിളി : കെ.പി സുകുമാരന്‍ സാറിന്റെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗിലെ 'വൈദ്യ രംഗത്തെ ചില അനാരോഗ്യ പ്രവണതകള്‍ എന്ന ലേഖനത്തിനെഴുതിയ ഒരു കമന്റു വികസിച്ചാണ് ഈ പോസ്റ്റായി മറിയത്.





ഭാഗം 1

കുറെക്കാലം മുന്‍പുവരെ നമ്മുടെ സമൂഹം ഘോരവഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിഷയമാണല്ലോ വെളിച്ചെണ്ണയോ പാമോയിലോ ശരീരത്തിനു നല്ലത് എന്നത്. ഇപ്പോഴും അതു മലയാളി സമൂഹത്തിന്റെ മറ്റെല്ലാ വിഷയങ്ങളും പോലെ തീരുമാനമാകാതെ കിടക്കുന്നുവെന്നത് മറ്റൊരു കാര്യം.
വേറൊരു വിവാദം അടുത്തിടെ കാണാന്‍ കഴിഞ്ഞത് - ആഞ്ജിയോപ്ലാസ്റ്റിയാണോ ബൈപ്പാ‍സ് ശസ്ത്രക്രിയയാണോ കൂടുതല്‍ ഫലപ്രദം എന്നതാണ്. യഥാര്‍ത്ഥത്തില്‍ ചികിത്സാരീതികളെ സംബന്ധിച്ച് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥ ആധുനിക വൈദ്യശാസ്ത്രത്തിനുണ്ടോ ?
എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ ശാസ്ത്രസമൂഹം ഒരു സമവായത്തിലെത്തുന്നത് ? എങ്ങനെയാണ് രോഗനിര്‍ണ്ണയം, രോഗചികിത്സ, രോഗപ്രതിരോധം/നിവാരണം എന്നിവകളെക്കുറിച്ചൊക്കെയുള്ള ഗവേഷണഫലങ്ങളെ കാച്ചിക്കുറുക്കി "നിര്‍ദ്ദേശക തത്വങ്ങള്‍ " രൂപീകരിക്കുന്നത് ?

അതിനേക്കുറിച്ചാണീ കുറിപ്പ്.

ഗവേഷണം എങ്ങനെ ?
ഒരു ടോര്‍ച്ചു കേടായാല്‍ നാമെന്തൊക്കെ ചെയ്യും ? ബാറ്ററിയൂരി വീണ്ടും കത്തിച്ചു നോക്കും; ബള്‍ബു മാറ്റി നോക്കും; സര്‍ക്യൂട്ടില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് നോക്കും. ഇതാണ് ആധുനിക ശാസ്ത്രത്തിന്റെ പച്ചയായ 'റിഡക്ഷനിസം'. ഈ രീതിശാസ്ത്രം ഉപയോഗിച്ചു തന്നെയാണു നാം ഉപ്പിന്റെ അണുഘടന മുതല്‍ പ്രപഞ്ച പശ്ചാത്തല റേഡിയേഷന്‍ വരെ കണ്ടെത്തിയത്.
ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ആദ്യ കാലത്തൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളും അനുഭവങ്ങളും സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ വളരെയധികം ഉപയോഗിച്ചിരുന്നതായി കാണാന്‍ കഴിയും. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ സാമാന്യവത്കരണങ്ങള്‍ ഒരു കാലത്ത് ചരകന്‍, സുശ്രുതന്‍, സോക്രേറ്റ്സ്, അരിസ്റ്റോട്ടില്‍ തുടങ്ങി ചാള്‍സ് ഡാര്‍വിനും ലാമാര്‍ക്കും വരെ നടത്തിയിരുന്നതായി കാണാം. എന്നാല്‍ ഈ രീതിക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്.

വൈദ്യശാസ്ത്രത്തില്‍ നിന്നും ഉദാഹരണമെടുത്ത് സംഗതി വ്യക്തമാക്കാം:

നിങ്ങള്‍ ദീര്‍ഘനാളത്തെ ഗവേഷണഫലമായി രക്താതിസമ്മര്‍ദ്ദത്തിന് (hypertension) A എന്നൊരു മരുന്ന് കണ്ടുപിടിച്ചെന്ന് കരുതുക. അതു നിങ്ങള്‍ ആധുനിക സയന്‍സിന്റെ വ്യവസ്ഥാപിത രീതിയനുസരിച്ച് ആദ്യം രാസപഠനം നടത്തുകയും പിന്നിട് ജന്തുക്കളില്‍ പരീക്ഷിച്ച് ഉദ്ദേശിച്ച രീതിയില്‍ ഈ മരുന്ന് അവയില്‍ ജൈവമാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പല ഘട്ടങ്ങളില്‍ക്കൂടി കടന്ന് ഒടുവില്‍ മനുഷ്യരില്‍ അതുപയോഗിക്കാം എന്നുറപ്പിക്കുന്നു. നിങ്ങളുടെ ഓ.പി ക്ലിനിക്കില്‍ വന്ന ചില രോഗികള്‍ക്ക് അതു കഴിച്ചിട്ട് ഉയര്‍ന്നു നിന്ന ബ്ലഡ് പ്രഷര്‍ താഴ്ന്നതായി നിങ്ങള്‍ കണ്ടു.
ഹാവൂ..! സംഗതി പ്രവര്‍ത്തിക്കുന്നുണ്ട്..! എന്നു കരുതി സാധനം മാര്‍ക്കറ്റില്‍ ഇറക്കാമോ ?
ഇല്ല. !
നിങ്ങളുടെ മരുന്നിനെ സംബന്ധിച്ച് ഇനിപ്പറയുന്ന ചൊദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം - ക്യത്യമായ, മൂര്‍ത്തമായ സംഖ്യകളില്‍ തരാമോ ?
  • എത്ര രോഗികളില്‍ നിങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടി ?
  • ഫലം കിട്ടിയവര്‍ മറ്റേതെങ്കിലും മരുന്നുകള്‍ കൂടി കഴിക്കുന്നുണ്ടായിരുന്നോ ?
  • നിങ്ങളുടെ മരുന്നാണ് അവരുടെ ബീ.പി സാധാരണ നിലയിലേക്കു താഴ്ത്തിയതെന്ന് എന്തു മാത്രം ഉറപ്പുണ്ട് ? ( നിങ്ങളുടെ രോഗികള്‍ ഉപ്പിന്റെ ഉപയോഗം കുറച്ചോ, യോഗ ചെയ്തോ, വ്യായാമം വഴിയോ കിട്ടിയ ഫലം ആണ് നിങ്ങള്‍ മരുന്നിന്റെ അക്കൌണ്ടില്‍ എഴുതി കയ്യടി നേടുന്നതെങ്കിലോ ?)
  • ഏത് പ്രായ/ലിംഗ സമൂഹത്തിലാണ് നിങ്ങളുടെ മരുന്ന് പരീക്ഷിച്ചത് ?
  • നിങ്ങളുടെ ക്ലിനിക്കില്‍ കിട്ടിയ ഈ ഫലം ഈ മരുന്ന് പൊതുജനങ്ങളില്‍ പ്രയോഗിച്ചാല്‍ എത്ര പേര്‍ക്കു ശരിക്കും കിട്ടാം ? (നിങ്ങളുടെ ക്ലിനിക്കില്‍ വരുന്ന തരം രോഗികള്‍ മാത്രമല്ലല്ലോ നാട്ടിലുള്ളത് )
  • എത്ര പേര്‍, എത്ര നാള്‍ ഈ മരുന്ന് കഴിച്ചാല്‍ ഉദ്ദേശിച്ച ഫലം ഇതില്‍ നിന്നു ലഭിക്കും?
  • നിങ്ങളുടെ മരുന്ന്, ഇപ്പോള്‍ മര്‍ക്കറ്റില്‍ ലഭിക്കുന്ന ഇതേ ഗണത്തില്പെട്ട മറ്റു മരുന്നുകളേക്കാള്‍ എന്തു മെച്ചമാണു നല്‍കുക?
  • അമിത രക്തസമ്മര്‍ദ്ദത്തിന്റെ കൂടെ ഡയബറ്റീസോ ആസ്മയോ ഹ്യദ്രോഗമോ ഉള്ളയാളുകള്‍ക്ക് ഈ മരുന്ന് കൊണ്ട് ദോഷമെന്തെങ്കിലും ഉണ്ടാകുമോ ?
എന്താണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചെയ്യുക?

ആദ്യമായി നിങ്ങള്‍ ഒരു നിശ്ചിത എണ്ണം രോഗികളെ മരുന്ന് പരീക്ഷണത്തിലേക്ക് "റിക്രൂട്ട് " ചെയ്യുകയാണു വേണ്ടത്. ഇവര്‍ നിങ്ങളുടെ ക്ലിനിക്കിലെ രോഗികള്‍ക്കിടെയില്‍ നിന്നൊ, പൊതുജനങ്ങളുടെ ഇടയ്ക്കുനിന്നോ മറ്റാശുപത്രികളില്‍ പോകുന്നവരൊ ഒക്കെയാകാം. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി, പൂര്‍ണ്ണസമ്മതം വാങ്ങിയ ശേഷമേ പഠനത്തീല്‍ ഉള്‍പ്പെടുത്തൂ.
ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വ്യക്തിഗത താല്‍പ്പര്യങ്ങള്‍ പ്രതിഫലിച്ചാല്‍ പഠനത്തിന്റെ നിഷ്പക്ഷത നഷ്ടമാകും. ഉദാഹരനത്തിന് ഒരു രോഗി നിങ്ങള്‍ക്ക് വല്യ മതിപ്പില്ലാത്ത ഒരാളാണ് - അയാള്‍ നിങ്ങളൂടെ മരുന്ന് നല്ലതാണെന്നൊരിക്കലും പറയില്ല. അല്ലെങ്കില്‍ മറ്റൊരു രോഗി നിങ്ങളുടെ പഴയ സുഹ്യത്തും ഒരു ഹ്യദ്രോഗിയുമാണ് - അയാളെ പഠനത്തില്‍ നിന്നൊഴിവാക്കാന്‍ നിങ്ങള്‍ ഉത്സാഹിക്കുന്നു...ഇതൊക്കെ പഠനത്തിന്റെ ആധികാരികതയെ കാര്യമായി ബാധിക്കും.
അതൊഴിവാക്കാന്‍ എന്താണു വഴി ?

അതിനാണ് റാന്‍ഡമൈസ് ഡ് കണ്ട്രോള്‍ഡ് ട്രയല്‍ (Randomised Controlled Trial) അഥവാ RCT എന്ന പദ്ധതി. ഇന്നു മാര്‍ക്കറ്റിലിറങ്ങുന്ന ഏതൊരു മരുന്നിന്റെയും ആധികാരികത ഉറപ്പാക്കുന്നത് RCTകള്‍ വഴിയാണ്. എന്താണിത് ?
പഠനത്തിനായി തെരഞ്ഞെടുക്കുന്ന രോഗികളുടെ കൂട്ടം, പുറത്തെ യഥാര്‍ഥ ലോകത്തിലെ ജനസമൂഹത്തെ പരമാവധി പ്രതിഫലിപ്പിക്കണം എന്ന ലക്ഷ്യമാണു റാന്‍‍ഡമൈസേഷന്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഇതിനായി പലരീതികള്‍ അവലംബിക്കുന്നു. പേരുകള്‍ എഴുതി ഒരു കുട്ടയിലിട്ട് കുലുക്കിയിട്ട് അതിലൊന്നു തിരഞ്ഞെടുക്കുന്ന രീതിയാണ് നമുക്കു സുപരിചിതമായ റാന്‍ഡമൈസേഷന്‍. ക്യത്യമായ ഒരു ക്രമമില്ലാതെ വരുമ്പോള്‍ എല്ലാവര്‍ക്കും ആ ഗ്രൂപ്പില്‍ ഉള്‍പ്പെടാനുള്ള സാധ്യത തുല്യമായിരിക്കുമല്ലൊ.

ക്ലിനിക്കല്‍ പഠനങ്ങളില്‍ ഇങ്ങനെ തിരഞ്ഞെടുക്കുക അസാധ്യമായതിനാല്‍ ചില മുന്‍ നിശ്ചയങ്ങള്‍ ഉണ്ടാക്കി അതിനനുസ്യതമായി രോഗികളെ തെരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന് നിങ്ങള്‍ കണ്ണുമടച്ച് തീരുമാനിക്കുന്നു, ഓ.പി യില്‍ വരുന്ന ആദ്യത്തെ പത്തു പ്രഷര്‍ രോഗികള്‍ ഒരു ഗ്രൂപ്പില്‍. അടുത്ത പത്ത് പേര്‍ രണ്ടാമത്തെ ഗ്രൂപ്പില്‍. പിന്നെ വരുന്ന പത്തു പേര്‍ വീണ്ടും ആദ്യത്തെ ഗ്രൂപ്പില്‍...എന്നിങ്ങനെ. മറ്റൊരു രീതി ഒന്നിടവിട്ടുള്ള രോഗികളെ ഓരോ ഗ്രൂപ്പുകളിലായി മാറ്റുകയാണ്.
മിക്ക മരുന്നുകളും ചില പ്രായ സംബന്ധിയായ പരിമിതികളോടെയാണു മാര്‍ക്കറ്റില്‍ വരുന്നത്. അപ്പോള്‍ രോഗികളെ തെരഞ്ഞെടുക്കുന്നതിലും ആ നിഷ്കര്‍ഷ വച്ചു പുലര്‍ത്തണം. ഹൈപ്പര്‍ടെന്‍ഷനുള്ള (ബി.പി) മരുന്നുകള്‍ക്ക് പറയത്തക്ക പ്രായ-ലിംഗ ഭേദങ്ങളില്ലാത്തതു കോണ്ട് നമ്മുടെ ഉദാഹരണത്തില്‍ അതൊഴിവാക്കുന്നു.
ഇനി, എത്ര പേരെയാണു പഠനത്തിനു ചേര്‍ക്കേണ്ടത് ? അതു നിശ്ചയിക്കാന്‍ ചില സങ്കീര്‍ണ്ണ ഗണിത രീതികളുണ്ട്, വിശദീകരിക്കുന്നില്ല. ഒന്നു മാത്രം പറയാം - പഠനത്തിനു വിധേയമാക്കപ്പെടുന്നവരുടെ എണ്ണം എത്ര കൂടുന്നുവോ, അത്രകണ്ട് ആ‍ധികാരികവും, പൊതുസമൂഹത്തെ പ്രതിഫലിപ്പിക്കുന്നതുമാകുമത്. കാരണം ചെരു ഗ്രൂപ്പുകളില്‍ നിന്നു കിട്ടുന്ന ഫലം പലപ്പോഴും യാദ്യശ്ചികമായി കിട്ടുന്ന്താകാം. വെറും Chance-ന്റെ ആ സാധ്യത പരമാവധി കുറയ്ക്കുന്നതിനാണു വലിയ ഗ്രൂപ്പുകളിലെ പഠനം വേണമെന്നു പറയുന്നത്.

[നമ്മുടെ പല 'ലൊട്ടുലൊഡുക്കു' പഠനങ്ങളും പിന്നീട് തെറ്റാണെന്നുകണ്ട് തിരസ്കരിക്കുന്നത് കൂടുതല്‍ വലിയ ഗ്രൂപ്പുകളില്‍ നടത്തുമ്പോള്‍ അവ നേരത്തേ കാണിച്ച ഫലങ്ങള്‍ തരാതാകുമ്പോഴാണ്. ഇത് ശാസ്ത്രത്തിന്റെ ദൌര്‍ബല്യമായും അനിശ്ചിതത്വമായും വിവരമില്ലാത്തവര്‍ പറഞ്ഞുനടക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതു ശാസ്ത്രത്തിന്റെ സ്വയംവിമര്‍ശന ശേഷിയെയാണു വെളിപ്പെടുത്തുന്നത്. ]

പഠനത്തിനുള്ള ഗ്രൂപ്പുകള്‍ തയാറായാല്‍ അവയെ വീണ്ടും കൂട്ടിക്കലര്‍ത്തിയ ശേഷം രണ്ടു തുല്യ എണ്ണമുളള ഗ്രൂപ്പുകളായി തിരിക്കുന്നു. ഇതില്‍ ഒരെണ്ണം പരീക്ഷണ ഗ്രൂപ്പും മറ്റേത് കണ്ട്രോള്‍-അഥവാ-പ്ലാസീബോ ഗ്രുപ്പും ആയിരിക്കും. പരീക്ഷണ ഗ്രൂപ്പിനു ഒരു നിശ്ചിത കാലത്തേയ്ക്കു നിശ്ചിത ഡോസ് മരുന്ന് നല്‍കി ചികിത്സിക്കുന്നു. (ഉദാഹരണം - 6 മാസം). പ്ലാസീബോ ഗ്രൂപ്പിന് ഈ കാലഘട്ടത്തില്‍ മരുന്നെന്നു പറഞ്ഞ് നല്‍കുന്നത് മരുന്നിന്റെ അംശമൊന്നുമില്ലാത്ത മരുന്നു പോലെ തോന്നിക്കുന്ന 'ഡമ്മി'യാണ്. മറ്റൊരു രീതിയിലും (ഭക്ഷണക്രമീകരണം, ഉപ്പു കുറയ്ക്കല്‍, വ്യായാമം എന്നിങ്ങനെയുള്ള വക) ബി.പി കുറയ്ക്കാന്‍ താല്പര്യമില്ലാത്തവരാകണം നമ്മുടെ ഗ്രൂപ്പുകള്‍ രണ്ടും എന്നു മറക്കരുത്. ഇല്ലെങ്കില്‍ മരുന്നിന്റെ മാത്രം ഇഫക്റ്റുകൊണ്ടുള്ള ഫലങ്ങള്‍ കിട്ടിയെന്നു വരില്ല.
മികച്ച പഠനങ്ങളിലൊക്കെ , ഈ ഗ്രൂപ്പു വിഭജനവും മരുന്നു നിശ്ചയിക്കലും നടത്തുന്നത് പ്രസ്തുത മരുന്നു ഗവേഷണവുമായി ബന്ധമില്ലാത്ത ആളുകളായിരിക്കും. ആര്‍ക്കാണ് ഡമ്മി മരുന്നു നല്‍കുന്നതെന്നും ആര്‍ക്കാണ് യഥാര്‍ഥ മരുന്നു നല്‍കുന്നതെന്നും നേരിട്ടറിയാന്‍ ഒരു മാര്‍ഗ്ഗവും ഈ രീതിയില്‍ അവശേഷിക്കില്ല എന്നുറപ്പുവരുത്താനാണിത്. അറിയാതെ പോലും ഒരു സൂചന, പ്രസ്തുത പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇനി നമ്മുടെ കാതലായ ചോദ്യങ്ങള്‍
മരുന്നു നല്‍കാത്തവരെയപേക്ഷിച്ച് മരുന്നു ലഭിച്ചവര്‍ക്ക് എത്ര അളവില്‍ അസുഖം മാറി ? അതു ആ മരുന്നിന്റെ മാത്രം ഗുണം കൊണ്ടാണോ അതോ മരുന്നു കഴിക്കുന്നു എന്ന വിശ്വാസം നല്‍കുന്ന ബലം കൊണ്ടാണോ ? എത്ര പേര്‍ക്കു എത്രകാലം ഈ മരുന്നു നല്‍കിയാല്‍ ഈ ഫലം ലഭിക്കും?

300 പേര്‍ക്കു 6 മാസത്തേയ്ക്ക് നിശ്ചിത ഡോസില്‍ നമ്മുടെ പരീക്ഷണ മരുന്നായ A കൊടുത്തപ്പോള്‍ 180 പേരുടെ ബ്ലഡ് പ്രഷറ് 130 / 80 എന്ന അവസ്ഥയിലേക്കു താഴ്ന്നുവെന്നിരിക്കട്ടെ. മരുന്നിന്റെ ഇഫക്റ്റ് ലളിതമായിപ്പറഞ്ഞാല്‍ 180/300 = 60% ആണെന്നു കാണാം. പ്ലാസീബോ മരുന്നു കഴിച്ച 300 പേരില്‍ 90 പേര്‍ക്കും ഇതേ തോതില്‍ ബി.പി താഴ്ന്നു. അതായത് വിശ്വാസത്തിന്റെ ഇഫക്റ്റ് 90/300 = 30%. അപ്പോള്‍ യഥാര്‍ഥത്തില്‍ മരുന്നിന്റെ മാത്രമായ ഇഫക്റ്റെന്നു പറയുന്നത് 60% -ല്‍ നിന്നും 30% കുറച്ഛാല്‍ കിട്ടുന്ന സംഖ്യയത്രെ (60-30=30).


നമ്മുടെ പരീക്ഷണ ഫലത്തെ ഇങ്ങനെ ചുരുക്കി പറയാം :
100 ബി.പി രോഗികള്‍ക്കു 6 മാസം ഒരു നിശ്ചിത ഡോസില്‍ A എന്ന മരുന്നു നല്‍കിയാല്‍ 30 പേരുടെ പ്രഷര്‍ 130/80 എന്ന അളവിലേയ്ക്കു താഴുന്നതായി കാണാം.

P-value കണക്കുകൂട്ടല്‍, Confidence Interval നിശ്ചയിക്കല്‍ എന്നിങ്ങനെ ചില സ്റ്റാറ്റിസ്റ്റിക്കല്‍ സംഗതികള്‍ കൂടി മരുന്നിന്റെ ഇഫക്റ്റുമായി ബന്ധപ്പെട്ട് നടത്തിയാല്‍ മാത്രമേ, നമുക്കു ലഭിച്ച പഠനഫലം പൊതുസമൂഹത്തിലും ഇതേ തോതില്‍ ലഭിക്കും എന്നുറപ്പിച്ച് പറയാനാവൂ.

ആധുനിക ഗവേഷണത്തിന്റെ ഈ രീതി ശാസ്ത്രത്തില്‍ വ്യക്തിഗതമായ അനുഭവങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും കാര്യമായ ഇടനല്‍കാതെ, വസ്തുനിഷ്ഠമായ ഗവേഷണഫലങ്ങള്‍ ലഭ്യമാക്കനുള്ള ഏറ്റവും സുതാര്യമായ വഴിയായി ഈ പദ്ധതി കണക്കാക്കപ്പെടുന്നു.

ഇത്രയുമായാല്‍ നമ്മുടെ മുന്നില്‍ ഒരു തിയറി രൂപപ്പെടുന്നു.
ഇതിന്റെ പ്രത്യേകതയെന്താണ്?
ലോകത്തിലെ ആര്‍ക്കു വേണമെങ്കിലും നാം കണ്ടെത്തിയ സത്യത്തെ കാട്ടിക്കൊടുക്കാം। ലോകത്തെവിടെയും, ഏതു കണ്ടീഷനിലും ഈ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്ദേശിച്ച ഫലം കാണണം. ഈ രീതിയില്‍ വികസിപ്പിച്ചെടുക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ശാസ്ത്രം. അല്ലാതെ "ഞാന്‍" ഇങ്ങനെ ചെയ്തപ്പോള്‍ അങ്ങനെയാണു റിസള്‍ട്ട് കിട്ടിയതെന്നോ "എന്റെ" പേഷ്യന്റിന് ഈ മരുന്നു കൊടുത്തപ്പോള്‍ രോഗം കുറഞ്ഞു എന്നോ പറഞ്ഞുനടന്നാലോന്നും അതു ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണമോ തത്വമോ ഒന്നും ആവുന്നില്ല.
ഈ പഠനങ്ങളെ എങ്ങനെ പ്രായോഗികമായ നിര്‍ദ്ദേശങ്ങളാക്കാം ?

ഒരേ കാര്യത്തെക്കുറിച്ചുള്ള 3-ഓ 4-ഓ പഠനങ്ങള്‍ വ്യത്യസ്ഥവും കണ്‍ഫ്യൂഷനുണ്ടാക്കുന്നതുമായ ഫലങ്ങളാണു തരുന്നതെന്നിരിക്കട്ടെ...നാമെന്തു ചെയ്യും? എന്താണു രോഗിയോട് നാം ആത്യന്തികമായി പറയേണ്ടുന്ന കാര്യം ?
മരുന്നുകളേയും ശാസ്ത്ര തത്വങ്ങളേയും കുറിച്ച് ഇങ്ങനെ ലഭിക്കുന്ന വിവിധ കാല്‍ ദേശങ്ങളിലെ പരീക്ഷണത്തെളിവുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കാലക്രമത്തില്‍ ശാസ്ത്രം ഉരുത്തിരിച്ചെടുത്ത പല വഴികളുമുണ്ട്. അതില്‍ ഏറ്റവും ശക്തമായതാണു മെറ്റാ-അനാലിസിസ് (META ANALYSIS). ഒരു തത്വത്തെ, അല്ലെങ്കില്‍ ഒരു പഠനത്തെ, ആധികാരികമായി അംഗീകരിക്കും മുന്‍പ് അതിലേക്ക് നയിച്ച തെളിവുകളെ നിശങ്കുശമായി പരിശോധനയ്ക്കു വിധേയമാക്കുന്ന രീതിയാണു മെറ്റാ-അനാലിസിസ് .

ഒരു വൈദ്യശാസ്ത്ര ഉദാഹരണം കൂടി - ആസ്പിരിന്‍(aspirin) ആണോ ക്ലോപിഡോഗ്രെല്‍ (clopidogrel:ചുരുക്കിപറയുമ്പോള്‍ clogrel)എന്ന മരുന്നാണോ ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ രോഗികളില്‍ രക്തത്തെ കട്ടപിടിക്കാതെ (മറ്റൊരു അറ്റാക്കുണ്ടാകതെ) ഇരിക്കാന്‍ കൂടുതല്‍ സഹായിക്കുക എന്ന് നാം പഠിക്കുകയാണെന്നിരിക്കട്ടെ. ഇതെ സംബന്ധിച്ചു നേരത്തെ പരഞ്ഞ രീതിയില്‍ ലോകത്തു നടന്ന പലവിധ RCT പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നിഷ്കര്‍ഷമായി അപഗ്രഥിച്ച ശേഷമാണ് നാം മെറ്റാ-അനാലിസിസ് നടത്തുന്നത്. ഇരു ഭാഗത്തെയും - ക്ലോഗ്രെലിനെയും ആസ്പിരിനേയും വെവ്വേറെ അനുകൂലിക്കുന്ന പഠനങ്ങള്‍ അത്രയും എടുത്തു സ്റ്റാറ്റിസ്റ്റിക്കല്‍ അപഗ്രഥനം നടത്തി, ഏതു ഭാഗത്തെ ന്യായീകരിക്കുന്ന തെളിവുകളാണു കൂടുതലെന്ന് നോ‍ക്കും. ഇതു തികച്ചും ഗണിതപരമായ ഒരു അപഗ്രഥനമായതിനാല്‍,പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്മാരുടെ വ്യക്തിപരമായ ചായ്‌വുകള്‍ ഈ അന്തിമ വിധി നിര്‍ണയത്തില്‍ പ്രതിഫലിക്കാറില്ല. കുറേ RCT പരീക്ഷണങ്ങള്‍ ആസ്പിരിനെ അനുകൂലിക്കുമ്പോള്‍ കുറേയെണ്ണം ക്ലോഗ്രെലിനെ അനുകൂലിക്കുന്നു. മെറ്റാ അനലിസിസ് വരുമ്പോള്‍ ഈ പരീക്ഷണങ്ങളില്‍ ഏതൊക്കെയാണു ശാസ്ത്രീയമായ നിഷ്കര്‍ഷയോടെ ചെയ്തിരിക്കുന്നതു, ഏതൊക്കെയാണു തത്വദീക്ഷയില്ലാതെ എതെങ്കിലുമോരു മരുന്നിനെ സപ്പോര്‍ട്ടുചെയ്ത് നടത്തിയിരിക്കുന്നത് എന്നൊക്കെ വ്യക്തമാവും ഇത്രയും എഴുതിയതു, ഈ രീതിയിലാണ് ആധുനിക വൈദ്യശാസ്ത്രം അതിന്റെ കണ്ടുപിടിത്തങ്ങളെ അപഗ്രഥിക്കുകയും പുതിയ തത്വങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്നതെന്നു വ്യക്തമാക്കാനാണ്. യഥാര്‍ത്ഥ ശാസ്ത്രത്തില്‍ വ്യക്തിഗതമായ നിരീക്ഷണങ്ങള്‍ക്കൊന്നിനും സ്ഥാനമില്ല - ഒരു മെറ്റാ അനാലിസിസിനു അതു വിധേയമായി അഗ്നിശുദ്ധി തെളിയിക്കാത്തിടത്തോളം .

പല കാലങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്ഥ ഗ്രൂപ്പുകളിൽ നടക്കുന്ന RCT കളുടെ ഫലം വിശകലനം ചെയ്യുമ്പോൾ മെറ്റാ അനാലിസിസുകൾക്ക് ചെറുതെങ്കിലും തെറ്റാനുള്ള സാധ്യതയുണ്ട്. ശാസ്ത്രീയ ഇന്റർപ്രെട്ടേയ്ഷനുകൾ സത്യത്തിന്റെ 100%വും അനാവരണം ചെയ്യുമെന്ന് ഒരു ശാസ്ത്രജ്ഞനും അവകാശപ്പെടുകയില്ല. RCTയ്ക്കും അവയുടെ അപഗ്രഥനമായ മെറ്റാ അനാലിസിസുകൾക്കും ഉണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാനും പഠനങ്ങൾ ലോകത്ത് ആയിരക്കണക്കിനു നടക്കുന്നുണ്ട്. അങ്ങനെ systematize ചെയ്യപ്പെട്ട സാങ്കേതികത മെഡിസിനിൽ മാത്രമല്ല സാമ്പത്തികശാസ്ത്രവും പരസ്യവിപണിയൂം മുതൽ വൻകിട യന്ത്ര സാമഗ്രി നിർമ്മാണമേഖലകളിൽ വരെ വ്യാപകമായി ഉപയോഗിച്ചും വരുന്നു.മെറ്റാ അനാലിസിസ് തെറ്റിയാൽ ആ സാങ്കേതികതയ്ക്കുള്ളിൽ നിന്നു തന്നെ ആ തെറ്റ് മനസിലാക്കാൻ പറ്റുകയും ചെയ്യും. ആധുനിക ശാസ്ത്രം അതിന്റെ തന്നെ തെറ്റുകളെ കണ്ടെത്താനും അനലൈസ് ചെയ്യാനും ഒരു സെല്ഫ് ക്രിട്ടിസിസത്തിന്റെ രീതി വളർത്തിയെടുത്തിരിക്കുന്നത് കൊണ്ടാണത്. ഒരു എറർ ഒഫ് മെഷർമെന്റിനുള്ള സാധ്യത എപ്പോഴും തുറന്നു വയ്ക്കുന്നതും ആ എറർ എത്ര ശതമാനം വരെയാകാം എന്നു ഓരോ പഠനത്തിനും സ്റ്റാറ്റിസ്റ്റിക്കൽ രീതിയിൽ നിശ്ചയിക്കുന്നതും അതുകൊണ്ടാണ്.

ഒട്ടനവധി പഠനങ്ങള്‍ പല വിഷയങ്ങളിലായി ഇങ്ങനെ തെറ്റെന്നു മെറ്റാ-അനാലിസിസ് വഴി വ്യക്തമാക്കപ്പെട്ടിട്ടുണ്ട് . പ്രശസ്തമായ പല മെഡിക്കല്‍ വിശ്വാസങ്ങളും പിന്നിട് മിഥ്യകളായി മാറി.
അവയില്‍ ചിലതിതാ :



മിഥ്യ : നിരോക്സീകാരികളും (ആന്റീ ഓക്സിഡന്റുകള്‍) വിറ്റാമിനുകളും ഗുളികകളായി കഴിച്ചു ഹ്യദ്രോഗത്തില്‍ നിന്നും ഓക്സിഡേഷന്‍ മൂലമുള്ള കോശമാറ്റങ്ങളില്‍ (oxidation injury) നിന്നും രക്ഷപ്പെടാം.
യഥാര്‍ത്ഥ്യം : ഇന്ത്യന്‍/ഗ്രീക്ക് ജനതയുടെ ഭക്ഷണങ്ങളിലെ നിരോക്സീകാരികള്‍ ഹ്യദയം/തലച്ചോര്‍ - ധമനീ രോഗങ്ങളെ ചെറുക്കുന്നുവെന്ന ഗവേഷണഫലങ്ങളുടെ ചുവടു പിടിച്ചാണ് ഈ വിശ്വാസം വേരുറച്ചത്. ഭക്ഷണത്തില്‍ നിന്നും കിട്ടുന്ന നിരോക്സീകാരികള്‍, വൈറ്റമിനുകള്‍ എന്നിവ ഗുളിക രൂപത്തില്‍ കഴിച്ചാല്‍ ഈ ഫലമൊന്നും കിട്ടില്ല എന്നു 20,535 രോഗികളിലായി നടന്ന പഠനങ്ങളുടെ മെറ്റാ-അനലിസിസ് വ്യക്തമാക്കുന്നു.

മിഥ്യ : ഹ്യദയ ബ്ലോക്കുകള്‍ക്ക് ബൈപ്പാസ് സര്‍ജറിയേക്കാള്‍ നല്ലതു ആഞ്ജിയോപ്ലാസ്റ്റി സ്റ്റെന്റുകളാണ്.
യഥാര്‍ത്ഥ്യം : 12 പഠനങ്ങളുടെ മെറ്റാ അനാലിസിസ് പറയുന്നു - ബൈപ്പസ് ഓപ്പറേഷനാണു ഭേദം. ആഞ്ജിയോപ്ലസ്റ്റി സ്റ്റെന്റ് ഇടുന്ന മൂന്നില്‍ ഒരാള്‍ക്ക് വീണ്ടും ആറ്റാക്കിനു സാധ്യത. 10-ല്‍ ഒരാള്‍ക്ക് രണ്ടാമതും സ്റ്റെന്റോ സര്‍ജ്ജറിയോ വേണ്ടിവരുന്നു !

മിഥ്യ : കൊളസ്റ്റ്രോള്‍ മാത്രം നിയന്ത്രിച്ചാല്‍ ഹ്രദ്രോഗം/പക്ഷാഘാതം എന്നിവ വരാതെ നോക്കാം.
യഥാര്‍ത്ഥ്യം : ഹ്യദ്രോഗം വരുന്നവരില്‍ നല്ലൊരു പങ്കിനും കൊളസ്റ്റ്രോള്‍ വര്‍ധിച്ചിരിക്കുന്നതായി നിരീക്ഷിച്ചതില്‍ നിന്നും ഉണ്ടായ സാമാന്യവത്കരണമാണിത്. തിരിച്ച്, കൊളസ്റ്റ്രോള്‍ കൂടിനില്‍ക്കുന്നവരില്‍ എത്ര ശതമാന്നം പേര്‍ക്ക് ഹ്യദ്രോഗമോ പക്ഷാഘാതമോ വരുന്നു എന്ന അന്വേഷണമാണ് ഇതൊരു മിഥ്യയാണെന്നു കണ്ടെത്തിയത്. ഉയര്‍ന്ന കൊളെസ്റ്റ്രോളിനു പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ, പുകവലിയോ, രക്തയോട്ടക്കുറവിനാല്‍ മറ്റു രോഗങ്ങളോ (വിശേഷിച്ചു പുരുഷന്മാരില്‍) ഉണ്ടെങ്കിലേ ഹ്യദ്രോഗവും പക്ഷാഘാതവും പോലുള്ള ഭീകര പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ളൂ. അതിനാല്‍ വെറുതെ കൊളസ്റ്റ്രോള്‍ മാത്രം രക്തത്തില്‍ കൂടുതലാണെന്നു കണ്ടപാടെ മരുന്നു കഴിക്കുന്നവന്‍ കമ്പനിക്കു കാശു നേര്‍ച്ചയിടുകയാണ് !

മിഥ്യ : മൊബൈല്‍ ഫോണ്‍ തലച്ചോറിന്റെ ക്യാന്‍സറിന് കാരണമാണ്.
യഥാര്‍ത്ഥ്യം : ഏറെക്കലമായി പ്രചരിപ്പിക്കപ്പെട്ട ഈ ഊഹം, നാലുലക്ഷത്തില്‍പ്പരം (420,000) മൊബൈല്‍ ഉപഭോക്താക്കളില്‍ 13 വര്‍ഷത്തെ പഠനത്തിലൂടെ ഇപ്പോള്‍ തെറ്റെന്നു വ്യക്തമായിരിക്കുന്നു. തലച്ചോറിലെയെന്നല്ല ശരീരത്തിലെ ഒരു ക്യന്‍സറിനും മൊബൈല്‍ ഫോണുപയോഗവുമായി ബന്ധമില്ല എന്നും ഈ പഠനം കാണിക്കുന്നു.

മിഥ്യ : വെളിച്ചെണ്ണ ഉപയോഗം ഹ്യദ്രോഗ സാധ്യത കൂട്ടുന്നില്ല.
യാഥര്‍ഥ്യം: വെളിച്ചെണ്ണ നല്ല കൊളസ്റ്റെരോളിനെയും (HDL) ചീത്ത കൊളസ്റ്റെരോളിനെയും (LDL) രക്തത്തില്‍ വര്‍ധിപ്പിക്കുന്നു. രണ്ട് ഇഫക്റ്റും തൂക്കിനോക്കിയാല്‍ ഹ്യദയത്തിന് ഹാനികരമായ കൊളസ്റ്റരോള്‍ കൂടുന്നു എന്നു കാണാം. എന്നല്‍ വെളിച്ചെണ്ണ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് ഗുണകരമാകും എന്നു യാതൊരു തെളിവുമില്ല. പ്രത്യേകിച്ച് തീരദേശ വാസികളിലെ പഠനങ്ങൾ പലതും വെളിച്ചെണ്ണയെ കുറ്റവിമുക്തമാക്കുമ്പോൾ. ഡയറ്റില്‍ മറ്റ് അപൂരിത എണ്ണകളുടെ അളവു കൂട്ടി പൂരിത എണ്ണ കുറയ്ക്കുകയെന്നതാണ് അഭികാമ്യം.