രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ! (ഭാഗം 1)

ചുവരെഴുത്ത് : ഈ വിഷയത്തെ കുറിച്ചുള്ള സമഗ്രമായ ഒരു പോസ്റ്റ് ആവണം ഇത് എന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ എഴുതിവന്നപ്പോള്‍ പോസ്റ്റ് വല്ലാതെ നീണ്ടു പോയി. ബോറടിക്കുമെന്ന് ഉറപ്പാണ്. എന്നെ തല്ലല്ലേ....! (ഇതിനുപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് വിശദമായി രണ്ടാം ഭാഗത്തില്‍.)


രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ - നാട്ടുഭാഷയില്‍ 'പ്രഷറിന്റെ അസുഖം' - എന്നത് സനാതന (ക്രോണിക്) രോഗങ്ങളിലെ രാജാവാണ് ഇന്ന്. പ്രഥമമായും ഇത് രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.
ഇന്ത്യയില്‍ ഏതാണ്ട് 19.5 കോടി ജനങ്ങളെ ബാധിക്കുന്ന രോഗം. ലോകത്ത് ഇന്ന് 60 കോടി ആളുകള്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നു അനുമാനിക്കപ്പെടുന്നു. ഇന്റര്‍ നെറ്റ് അടക്കമുള്ള വിവരവിനിമയോപാധികള്‍ ഇത്രകണ്ട് പ്രചരിച്ചിട്ടും ഇതില്‍ ഏതാണ്ട് 70 % ആളുകള്‍ക്കും അവരുടെ രോഗാവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ല എന്നതാണ് വാസ്തവം. രോഗം ഉണ്ടെന്നു അറിയുന്നവരില്‍ തന്നെ കഷ്ടിച്ച് 45%-ത്തോളം ആളുകളേ ബി.പി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുള്ളൂ. ഇങ്ങനെ രോഗം ഏതെങ്കിലും രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ തന്നെ 34%ത്തോളം പേര്‍ മാത്രമേ കൃത്യമായി വേണ്ടുന്ന അളവുകളില്‍ ബി.പി.യെ നിയന്ത്രിച്ചു നിര്‍ത്തുന്നുള്ളൂ !
എങ്ങനെയുണ്ട് ?? :)

ഇതിനെ രോഗങ്ങളുടെ രാജാവ് എന്നുവിളിക്കാന്‍ കാരണമുണ്ട് :
ഒന്നാമത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു 'ചുഴി'യാണ് - സമയത്ത് ഇടപെട്ടില്ലെങ്കില്‍ ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലേയ്ക്ക് കൂപ്പുകുത്തിക്കാന്‍ ഇതിനു കഴിയും. രണ്ടാമത്, രക്താതിസമ്മര്‍ദ്ദത്തിന്റെ ഉപോല്പന്നമായ രോഗങ്ങളാണ് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്), കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍(റെറ്റിനോപ്പതി), തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ), വൃക്കയെബാധിക്കുന്ന നെഫ്രോപ്പതി എന്നിവ.

മേല്‍പ്പറഞ്ഞ രോഗങ്ങളില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ലോകത്തിലെ ഏറ്റവും വലിയ കൊലയാളി രോഗങ്ങളില്‍ നമ്പര്‍ 1 ആണ് ! സര്‍വ്വോപരി ലോകത്തിലെ മൊത്തം മരണങ്ങളില്‍ 13 -15% കേസുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ കൊണ്ടാണുണ്ടാകുന്നത് എന്നുകൂടിപറയുമ്പോള്‍ പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നൂഹിക്കാമല്ലോ.
അപ്പം നമ്മക്ക് പുരാണം തൊടങ്ങാം.... ?

എന്തരെഡേയ് 120 / 80 mm Hg എന്നൊക്കെ യെവന്മാര് ഈ എഴുതണത് ?

ഒരു ഹോസിലൂടെന്നപോലെ രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ ചെലുത്തുന്ന പ്രഷര്‍ - മര്‍ദ്ദം- ആണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇതിനു ഹൃദയത്തിന്റെ താളത്തിലുള്ള മിടിപ്പുമായി ബന്ധമുണ്ട്.
ശ്വാസകോശത്തില്‍ നിന്നും സമൃദ്ധമായി ഓക്സിജനെയും വഹിച്ചുകൊണ്ട് കൊണ്ട് വരുന്ന രക്തം ആദ്യം നിറയുന്നത് ഹൃദയത്തിലാണ്. ഹൃദയം ഈ ശുദ്ധരക്തത്തെ അയോര്‍ട്ട (മഹാധമനി) എന്നു പേരുള്ള വലിയ രക്തക്കുഴലിലൂടെ ശക്തിയായി പുറത്തേക്ക് ചീറ്റി വിടുന്നു. മഹാധമനിയാകട്ടെ ഒരു വന്മരത്തിന്റെ ശാഖകള്‍ പോലെ ആര്‍ട്ടറികള്‍ എന്നറിയപ്പെടുന്ന ചെറിയ ധമനികളും രക്തക്കുഴലുകളുമായി പിരിഞ്ഞു പിരിഞ്ഞ് ശരീരത്തിലെ ഓരോ അവയവത്തിലെയും ഓരോ കോശത്തിലേക്കും ഓക്സിജനും പോഷകങ്ങളുമെത്തിക്കുന്നു.
ഓരോ പ്രാവശ്യം ഹൃദയം മിടിക്കുമ്പോഴും അതില്‍ നിറഞ്ഞ രക്തത്തെ മഹാധമനി വഴി ചീ‍റ്റി പുറത്തേയ്ക്ക് വിടുന്നുവെന്നു പറഞ്ഞല്ലോ. ആ ചീറ്റല്‍ മൂലം രക്തക്കുഴലുകളുടെ ഉള്‍വശത്ത് അനുഭവപ്പെടുന്ന പ്രഷറിനെയാണ് സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ എന്ന് വിളിക്കുക. 120/80 എന്ന് ബി.പി അളന്ന് എഴുതുന്നതില്‍ മുകളിലത്തെ 120 എന്ന സംഖ്യ സിസ്റ്റോളിക് പ്രഷറിനെ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യരില്‍ ഇത് 100 മുതല്‍ 139 വരെ വരാം.

താഴെ എഴുതുന്ന 80 എന്ന സംഖ്യ ഡയസ്റ്റോളിക് രക്തസമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. ഡയസ്റ്റോളിക് എന്നുപറഞ്ഞാല്‍ ഹൃദയം രക്തം പമ്പുചെയ്യുന്നതിനു മുന്‍പ് ആ‍ദ്യം വികസിക്കുമെന്ന് പറഞ്ഞല്ലോ; അതിന്റെ അറകളിലേക്ക് അപ്പോള്‍ രക്തം വന്നു നിറയുന്ന പ്രക്രിയയെയാണ് ഡയസ്റ്റോളി എന്ന് വിളിക്കുക. ഈ സമയത്ത് ശരീരത്തിലെ രക്തക്കുഴലുകള്‍ തനിയ അടഞ്ഞുപോകാതിരിക്കാനായി ആ കുഴലുകളില്‍ നിലനിര്‍ത്തപ്പെടുന്ന ഒരു പ്രഷര്‍ ഉണ്ട്. അതാണ് ഈ ഡയസ്റ്റോളിക് പ്രഷര്‍. ഇത് പ്രധാനമായും ചില ഹോര്‍മോണുകളാല്‍ നിലനിര്‍ത്തപ്പെടുന്ന ഒന്നാണ്. (വിശദമായി താഴെ). സാധാരണയായി ഇത് 60 മുതല്‍ 89 വരെയാകാം.

മെര്‍ക്കുറി (Hg) നിറച്ച സ്ഫിഗ്മോ-മാനോ-മീറ്റര്‍ (sphygmo എന്ന് ഓമനപ്പേര്‍; സ്ഫിഗ്മസ് =നാഡിമിടിപ്പ് ) എന്ന ഒരു യന്ത്രമുപയോഗിച്ചാണല്ലോ ബി.പി അളക്കുക. ഇതില്‍ വായു അടിച്ചുകയറ്റാവുന്ന ഒരു റബര്‍ കഫ് ഇണ്ടാകും. അത് കൈയ്യില്‍ കെട്ടി വായു പമ്പ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈയ്യിലെ പ്രധാന രക്തക്കുഴലായ ബ്രേക്കിയല്‍ ആര്‍ട്ടറി എന്ന ധമനിയെ കുറച്ചു നിമിഷത്തേക്ക് രക്തമോടാത്ത വിധത്തില്‍ പൂര്‍ണ്ണമായും ഞെരുക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. ഇതു ചെയ്യുമ്പോള്‍ കൈയ്യിലെ നാഡിമിടിപ്പ് ഒരു പോയിന്റില്‍ തീരെയില്ലാതാകുന്നു. രക്തയോട്ടം പൂര്‍ണ്ണമായി നിന്നുവെന്നര്‍ത്ഥം. ഈ പോയിന്റില്‍ മെര്‍ക്കുറി എത്ര ഉയരത്തിലാണൊ സ്ഫിഗ്മോമാനോമീറ്ററില്‍ കാണുന്നത് അതാണ് സിസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റില്‍ നിന്നും ഡോക്ടര്‍ മെല്ലെ വായു നിറച്ച കഫില്‍ നിന്ന് വായുവിനെ തുറന്നു വിടുമ്പോള്‍ കൈയിലെ അടഞ്ഞുനില്‍ക്കുകയായിരുന്ന രക്തക്കുഴലിലേക്ക് രക്തം വീണ്ടും ഒഴുകിത്തുടങ്ങുന്നു. ഇത് കൈമുട്ടിന്റെ മടക്കില്‍ ഒരു സ്റ്റെതസ്കോപ്പ് വച്ച് കേട്ടാല്‍ ഗ്ലുക് ഗ്ലക് എന്ന ഒരു ശബ്ദമായി തിരിച്ചറിയാം. ആ ഗ്ലഗ് ഗ്ലഗ് ശബ്ദം മുഴുവനായി നില്‍ക്കുന്ന പോയിന്റാണ് ഡയസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റ് കടന്നാല്‍ കൈയ്യിലെ രക്തക്കുഴലിലൂടെ രക്തയോട്ടം പൂര്‍ണ്ണമായും പുനരാരംഭിക്കും.

ബീ.പ്പീടെ അസുഖം എങ്ങനെയെഡേയ് അപ്പീ വരണത് ? *

കാരണങ്ങളെ അടിസ്ഥാനമാക്കി വിഭജിച്ചാല്‍ രക്താതിസമ്മര്‍ദം രണ്ട് തരത്തിലുണ്ട് : സാധാരണ രക്താതിസമ്മര്‍ദം അഥവാ പ്രാഥമിക ഹൈപ്പര്‍ടെന്‍ഷന്‍. പിന്നെ, അസാധാരണ രക്താതിസമ്മര്‍ദം അഥവാ ദ്വിതീയ ഹൈപ്പര്‍ടെന്‍ഷന്‍.
ഇതില്‍ സാധാരണ രക്താതിസമ്മര്‍ദം ആണ് 95% രോഗികളിലേതും. ഈ ടൈപ്പ് രക്തസമ്മര്‍ദത്തിനു കൃത്യമായ ഒറ്റക്കാരണം ചൂണ്ടിക്കാണിക്കാനാവില്ല - അതായത് ഒട്ടനവധി കാരണങ്ങള്‍ പല പല കോമ്പിനേഷനുകളില്‍ വന്നു നിറയുമ്പോഴാണ് ബി.പി ക്രമാതീതമാകുന്നതെന്ന് . പ്രാഥമിക രക്താതിസമ്മര്‍ദം എന്നത് ഒരാളുടെ ജീനുകളില്‍ എഴുതപ്പെട്ടിട്ടുള്ള സംഗതിയാണ്. ആ ജീനുകളുടെ പ്രഭാവത്തെ ഉണര്‍ത്തുകയും വേഗത്തിലാക്കുകയും ചെയ്യുന്നതോ, നമ്മുടെ ജീവിതശൈലിയും പിന്നെ ചുറ്റുപാടുകളുമായി ശരീരം പ്രതികരിക്കുന്ന രീതിയും.
പൊതുവായ കാരണങ്ങളില്‍ ചിലതു നോക്കാം :

1. മഹാധമനിയിലേയും (അയോര്‍ട്ട) അതിന്റെ കൈവഴികളിലെയും രക്തയോട്ടത്തെ ആശ്രയിച്ചാണ് രക്തത്തിന്റെ സാധാരണ പ്രഷര്‍ നില്‍ക്കുന്നതെന്നു പറഞ്ഞല്ലോ. രക്തമൊഴുകുമ്പോള്‍ ഈ കുഴലുകള്‍ ഇലാസ്റ്റിക് പോലെ വലിയുകയും വികസിക്കുകയുമൊക്കെ ചെയ്യുകയാണെങ്കില്‍ പ്രഷര്‍ നോര്‍മലായി തന്നെ ഇരിക്കും. എന്നാല്‍ ജീനുകളുടെ പ്രത്യേകതമൂലം ഈ ഇലാസ്റ്റിക് സ്വഭാവത്തിനു മാറ്റം വരാം - അതായത് രക്തക്കുഴലുകള്‍ സ്വല്പം കട്ടി കൂടിയതാകാം. കറുത്ത വര്‍ഗ്ഗക്കാരായ നമ്മള്‍ ഇന്ത്യാക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഈ പ്രശ്നം പ്രധാനമാണ്. കാരണം പൊതുവേ നമ്മളുടെ രക്തക്കുഴലുകളുടെ തുള ചെറുതാണ്. ഈ ശാരീരികാവസ്ഥ ബി.പി രോഗത്തെ വേഗം വിളിച്ചുവരുത്തുന്നു.

2. നമുക്ക് ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും, ഭയം, ആകാംക്ഷ, ദേഷ്യം എന്നിവയുണ്ടാകുമ്പോഴും നമ്മുടെ ചില നാഡികളില്‍ (nerves)വിസര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളാണ് അഡ്രീനലിന്‍, നോറഡ്രീനലിന്‍, ഡോപ്പമീന്‍ എന്നിവ (സിമ്പതെറ്റിക് ഹോര്‍മോണുകളെന്നും പറയും). യെവന്മാര് പുലികളാണ്. നെഞ്ചിടിപ്പ് കൂട്ടുക,വികാരവിക്ഷോഭം ഉണ്ടാക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ക്ക് പുറമേ ഇവന്മാര്‍ ബീ.പിയും കേറ്റും. 55 വയസില്‍ താഴെ പ്രായമുള്ളവരില്‍ ബീ.പി കൂടാന്‍ ഇതൊരു പ്രധാന കാരണമാണ്. ജാഗ്രതൈ !

3. മേല്‍പ്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണുകളുടെ അമിത പ്രഭാവവും രക്താതിസമ്മര്‍ദവുമൊക്കെ സാരമായി ബാധിക്കുന്ന അവയവമാണ് കിഡ്ണി(വൃക്ക). രക്തത്തില്‍ നിന്നുള്ള ഉപ്പും ആഹാരദഹനത്തിനു ശേഷമുള്ള പാഴ് രാസവസ്തുക്കളും വെള്ളവുമൊക്കെ ചേര്‍ത്താണ് വൃക്കകള്‍ മൂത്രം ഉണ്ടാക്കുന്നത്. മൂത്രത്തിലെ ഉപ്പിന്റെ അളവ് പ്രധാനമാണ്. വൃക്കയിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ അവിടുത്തെ രക്തക്കുഴലുകളില്‍ ആഞ്ജിയോ ടെന്‍സിന്‍, റെനിന്‍, ആല്‍ഡോസ്റ്റീറോണ്‍ എന്നീ ഹോര്‍മ്മോണുകള്‍ കേറിയങ്ങു കൂടും. ഈ ഹോര്‍മോണുകള്‍ 'എടപെട്ടാല്‍' വൃക്ക പതുക്കെ മൂത്രത്തിലൂടെ ഉപ്പ് കളയുന്ന പരിപാടി നിര്‍ത്തിവയ്ക്കും. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടന്നാലോ, രക്തസമ്മര്‍ദ്ദം കൂടുതലുയരുകയും ചെയ്യും. വൃക്കയിലേക്ക് രക്തയോട്ടം കുറയാന്‍ മേല്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ മതി.

4. ഉപ്പെന്നാല്‍ സോഡിയം ക്ലോറൈഡ് (NaCl ). ഇതിലെ സോഡിയം തന്മാത്ര (Na+) ശരീരകോശങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും ചില രക്തസമ്മര്‍ദ രോഗികളില്‍ കാണാറുണ്ട്. ഈ സോഡിയത്തിന് ഒരു സൂക്കേടുണ്ട് - പോകുന്നിടത്തൊക്കെ കാല്‍ഷ്യത്തെയും കെട്ടിയെടുക്കും. കാല്‍ഷ്യമാകട്ടെ (Ca++) മസിലുകളില്‍ കയറിയാല്‍ മസില്‍ പെരുകും. രക്തക്കുഴലുകളിലും ഉണ്ട് ഇങ്ങനത്തെ മസിലുകള്‍. കാല്‍ഷ്യം കേറിയാല്‍ അവറ്റകള്‍ 'ബലം പിടിക്കും' - ഫലമോ, രക്തക്കുഴലിലിന്റെ ഇലാസ്റ്റിക സ്വഭാവം മാറും....പിന്നെ എല്ലാം നേരത്തെ പറഞ്ഞപോലെ.
വെറുതേയിരിക്കുമ്പോഴേ സോഡിയത്തിന് ഇമ്മാതിരി തരികിട നമ്പരുകള്‍ ഉണ്ട്. അപ്പോ പിന്നെ ആവശ്യത്തിലധികം ഉപ്പ് കൂട്ടുന്നവരോ ? എല്ലാ കറികളിലും കൂടെ ഒരു ദിവസം പരമാവധിയുപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ളത് 6 - 7 ഗ്രാം ഉപ്പ് ആണ്. അതിന്റെ സ്ഥാനത്ത് അച്ചാറും പപ്പടവും മോരും ഒക്കെയായി ശരാശരി ദക്ഷിണേന്ത്യക്കാരന്‍ ഉപയോഗിക്കുന്നത് 14 ഗ്രാം...ബലേ !

5. അസാധാരണ രക്തസമ്മര്‍ദം എന്നറിയപ്പെടുന്ന ചില അപൂര്‍വ രോഗങ്ങളുണ്ട്. കിഡ്ണിയുടെ മുകളില്‍ വാഴക്കാ ബജി പോലെ ഒട്ടിയിരിക്കുന്ന രണ്ട് ഗ്രന്ഥികളുണ്ട് - അഡ്രീനല്‍ ഗ്രന്ഥികള്‍. ഈ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ചില കുഞ്ഞു ട്യൂമറുകള്‍ ആണ് പ്രധാ‍നമായും അസാധാരണ രക്തസമ്മര്‍ദ്ദത്തിനു കാരണമായ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. (അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല - ബോറടിക്കും. ഇപ്പഴേ ഉറക്കം വരണ് :)


അണ്ണാ, ഈ അസുഖങ്ങള് വന്നാ എന്തരെല്ലാമാണ് കൊഴപ്പങ്ങള് ?

രക്താതിസമ്മര്‍ദം ഒരു പാട് രോഗാവസ്ഥകളിലെക്ക് നയിക്കും എന്നു പറഞ്ഞല്ലോ. വിശദീകരിക്കാ‍ന്‍ പോയാല്‍ നാലു പോസ്റ്റെങ്കിലുമെഴുതാന്‍ കാണും ഈ സംഗതിയെക്കുറിച്ച്. അതിനാല്‍ വളരെ ഉപരിപ്ലവമായ ഒരു നോട്ടം മാത്രം തല്‍ക്കാലം :

വലിയ ധമനികളിലെ * * രക്തസമ്മര്‍ദം ഉയരുമ്പോള്‍ ഹൃദയം കൂടുതല്‍ ആയാസപ്പെട്ട് പ്രവര്‍ത്തിച്ചാലേ രക്തക്കുഴലുകളിലൂടെ ശരിക്ക് രക്തം പമ്പ് ചെയ്യപ്പെടൂ. ഇത് ഹൃദയത്തിന്റെ മസിലുകളെ ആയാസപ്പെടുത്തും, ക്രമേണ ഹൃദയത്തിനു വീക്കം സംഭവിക്കുന്നു. അറ്റാക്ക് വരാന്‍ ഇത് കാരണമാകും. ഉയര്‍ന്നരക്തസമ്മര്‍ദം തകരാറിലാക്കുന്ന മറ്റൊരു അവയവമാണ് വൃക്കകള്‍. ഹൈപ്പര്‍ടെന്‍ഷന്‍ വൃക്കയിലേക്ക് രക്തയോട്ടം കുറയുന്നതിനു കാരണമാകാം. ( മുകളിലെ പോയിന്റ് - 4 നോക്കൂ ) ഒന്ന് മറ്റൊന്നിനു കാരണമാകുന്ന ഒരു ചാക്രിക പ്രക്രിയ (vicious circle ).

ഇനി രക്താതിസമ്മര്‍ദ്ദത്തിനോടൊപ്പം കൊളസ്ട്രോള്‍ കൂടുതലാണ് എന്നിരിക്കട്ടെ, ഈ കൊഴുപ്പ് ചെറിയ രക്തക്കുഴലുകളുടെ ഉള്‍വശത്ത് അടിഞ്ഞ് കൂടുന്നത് വേഗത്തിലാകും. അടിഞ്ഞുകൂടിയ കൊഴുപ്പില്‍ കാല്‍ഷ്യം കൂടി കലരുന്നു. ഇത് രക്തക്കുഴലിന്റെ ഉള്‍വശത്തെ ചുരുക്കിക്കളയുന്നു. ഒഴുകാന്‍ സ്ഥലമില്ലാത്ത രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിലെയോ തലച്ചോറിലെയോ കുഞ്ഞു രക്തക്കുഴലുകളിലാണ് സംഭവിക്കുന്നതെങ്കിലോ ? രക്തം കിട്ടാ‍തെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും കോശങ്ങള്‍ നശിക്കാന്‍ കാ‍രണമാകും. അതാണ് ഹാര്‍ട്ട് അറ്റാക്ക്, പക്ഷാഘാതം (സ്ട്രോക്ക്) എന്നിവയില്‍ കലാശിക്കുക. ഡയബറ്റീസ് (മധുമേഹം) കൂടി രക്താതിസമ്മര്‍ദത്തിനും കൊളസ്ട്രോളിനും മേമ്പൊടിയായി ഉണ്ടെങ്കില്‍ പിന്നെ കാര്യം ഭേഷായി..! ഇനി ഇതിന്റെയൊക്കെ കൂടെ വെള്ളമടി, പുകവലി എന്നിങ്ങനെയുള്ള മനോഹര ശീലങ്ങള്‍ കൂടിയായാലോ ? എപ്പ കട്ടയും പടവും മടങ്ങി എന്ന് ച്വോദിച്ചാ മതിയണ്ണാ..!
രണ്ടോ അതില്‍ക്കൂടുതലൊ പെഗ്ഗ് അടിക്കുന്ന (ബിയറല്ല, മറ്റവന്‍) ഒരുവന്റെ ബി.പി ചാടിക്കളിച്ചോണ്ടിരിക്കും. അതുകാരണം കൊടുക്കുന്ന മരുന്നുപോലും നേരാം വണ്ണം ഫലിക്കില്ല. ( 'എ പെഗ് ഏ ഡേ കിപ്സ് ദ ഡോക്ടര്‍ എവേ' എന്നൊക്കെ സായിപ്പ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വെള്ളമടി ഹൃദ്രോഗത്തിനു ബെസ്റ്റാണെന്ന് കരുതിയിരിക്കുന്നവന്മാര്‍ സൂക്ഷിക്കുക. സായിപ്പിന്റെ ലിമിറ്റ് വേറേ നമ്മടെ ലിമിറ്റ് വേറെ!)

പുകവലിയാകട്ടെ അവനവനെ മാത്രമല്ല അടുത്തിരിക്കുന്നവനെയും വീട്ടിലിരിക്കുന്ന പെണ്ണുമ്പിള്ളയേയും എന്തിന്, വയറ്റിക്കിടക്കുന്ന പാവം കൊച്ചിനെവരെ ബാധിക്കുന്ന ഒന്നാണ്. സ്ഥിരമായ പുകവലി അഡ്രീനലിന്‍ ലെവല്‍ കൂട്ടുന്നു. ഒപ്പം ഓക്സിജന്റെ ക്ഷാമം കൃത്രിമമായി ഉണ്ടാക്കുന്നതിനാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും പ്രഷര്‍ കൂടുകയും ചെയ്യും - വലിയൊരു സാമൂഹ്യ ദ്രോഹം !

രോഗമില്ലാത്തവരിലും രോഗമുള്ളവരിലും രക്തസമ്മര്‍ദ്ദം പ്രഭാതകാലങ്ങളിലാണ് പ്രകൃത്യാ കൂടുന്നത്. ഇതിനുപരിയായി രോഗിയില്‍ പ്രഷര്‍ പെട്ടെന്ന് കൂടുമ്പോള്‍ പ്രധാനമായും തലച്ചോറില്‍ കുഞ്ഞു കുഞ്ഞ് രക്തക്കുഴല്‍ പൊട്ടി ചോരയൊലിക്കും - സെറീബ്രല്‍ ഹെമറജ് എന്ന് ജാഡ പേര്. രാത്രികാലങ്ങളില്‍ സാധാരണ ബി.പി വല്ലാണ്ട് കൂടുമ്പോള്‍ തലച്ചോറിലെ രക്തക്കുഴലില്‍ രക്തം കട്ട പിടിക്കുകയാണ് ചെയ്യുക - ത്രോമ്പോസിസ് എന്ന് പേര്. (കൂടുതലറിയാന്‍ ഈ പോസ്റ്റ് നോക്കാം.)

ത്രോമ്പോസിസ് ആയാലും ഹെമറെജ് ആയാലും ശരീരഭാഗങ്ങള്‍ സ്ഥിരമായോ താല്‍ക്കാലികമായോ തളര്‍ന്നുപോകുക എന്നതാണ് ആത്യന്തിക ഫലം. കണ്ണിലെ കാഴ്ചാഞരമ്പുകളെ ബാധിക്കുന്ന റെറ്റിനോപ്പതി എന്ന അവസ്ഥ മൂലം കണ്ണിനുള്ളില്‍ രക്തസ്രാവം, നീര്‍ക്കെട്ട് എന്നിങ്ങനെ ചില പ്രശ്നങ്ങള്‍ ദീര്‍ഘകാലം പ്രഷര്‍ രോഗിയായിരിക്കുന്നവരില്‍ കാണാം. തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള കോശ-നാശം കാരണം ക്രമേണ ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ) വന്നുപെടുന്നു. വൃക്കയെബാധിക്കുന്ന നെഫ്രോപ്പതിയിലാകട്ടെ കിഡ്ണി വഴി പോകാന്‍ പാടില്ലാത്ത ധാരാളം പ്രോട്ടീനുകള്‍ മൂത്രത്തില്‍ നഷ്ടപ്പെടുകയും തദ്വാരാ കിഡ്ണി 'അടിച്ചു'പോകുകയും ചെയ്യാം !

വോ...ശരി...അപ്പീ, ഈ പ്രഷറിന്റെ സൂക്കേട് എങ്ങനെ കണ്ടുപിടിക്കണത് ?

നിങ്ങള്‍ തലകറക്കമോ കടുത്ത തലവേദനയോ തലപ്പെരുപ്പോ ഒക്കെയായി ഡോക്ടറെ കാ‍ണാന്‍ ചെന്നാല്‍ സാധാരണ ആദ്യം ഡോക്ടര്‍ ബി.പി നോക്കുകയാണ് ചെയ്യുക. ഇതുകൊണ്ടാണോ എന്നറിയില്ല, പലരും പൊതുവെ കരുതിയിരിക്കുന്നത് തലവേദനയും തലകറക്കവും തലപ്പെരുപ്പുമൊക്കെയുണ്ടേല്‍ ബി.പി കൂടിയതാണ് അത് എന്നാണ്. ഈ ലക്ഷണങ്ങള്‍ വന്നാല്‍ മാത്രം ബി.പി ക്കുള്ള മരുന്നുകഴിക്കുന്ന രോഗികളും ഉണ്ട് ! മറ്റു ചിലര്‍ കരുതുന്നത് നാഡി മിടിപ്പ് പരിശോധിച്ചാല്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടോയെന്നു പറയാനാവും എന്നാണ്.

സത്യത്തില്‍ രക്താതിസമ്മര്‍ദ്ദം ഉള്ള ഒരാള്‍ക്ക് സാധാരണ നിലയ്ക്ക് ഒരു ലക്ഷണത്തിലൂടെയും അത് അറിയാന്‍ സാധിക്കില്ല. അസാധാരണ രക്താതിസമ്മര്‍ദ്ദം എന്ന വിഭാഗത്തിലുള്ള ചില അപൂര്‍വരോഗങ്ങളില്‍ മാത്രമേ ബി.പി കൂടുമ്പോള്‍ വ്യക്തമായ രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും കാണാറുള്ളൂ.

എന്നാല്‍ ഏതവസ്ഥയിലും രക്തസമ്മര്‍ദ്ദം വളരെ കൂടുതലാകുമ്പോള്‍ (ഉദാ: 220/120 mm Hg ഒക്കെ) കടുത്ത തലവേദന, മന്ദത, മനം പുരട്ടല്‍, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട് കേട്ടോ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ രക്താതിസമ്മര്‍ദം ഒരു ‘തോന്നല്‍‘ അല്ല. 'സ്ഫിഗ്മോ' ഉപയോഗിച്ച് ബി.പി എടുക്കുക എന്നതുമാത്രമാണ് 'പ്രഷറിന്റെ അസുഖം' ഉണ്ടോന്ന് അറിയാന്‍ ഒരേയൊരു മാര്‍ഗ്ഗം.
അതോണ്ട് ചേട്ടന്മാരേ, ചേച്ചിമാരേ, അപ്പൂപ്പന്മാരേ, അമ്മൂമ്മമാരേ കമോണ്‍ ! പത്തുരൂപാ കൊടുത്ത് ഒരു നേഴ്സിംഗ് ഹോമില്‍ ചെന്നിട്ടായാലും മതി - ബി.പി. ആറു മാസം കൂടുമ്പോഴെങ്കിലും അളന്നു നോക്കൂ...രോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്തി പ്രതിവിധികള്‍ ചെയ്യൂ... മന:സമാധാനത്തോടെ ഉറങ്ങൂ !

ബി.പി അളക്കാന്‍ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. ഓടിക്കിതച്ച് ചെന്ന് നോക്കിയാ‍ല്‍ ബി.പി എന്തായാലും ശകലം കൂടുതലായിരിക്കും. അതോണ്ട് ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു മുന്‍പ് 5 മിനിട്ട് ശാന്തമായി ഇരുന്ന് റിലാക്സ് ചെയ്യൂ.

2. ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു തൊട്ടു മുന്നേ കാപ്പിയോ ചായയോ കുടിക്കരുത്, പുകവലിക്കുകയുമരുത്. (അവ അഡ്രീനലിന്‍ കൂട്ടും)

3. മരുന്ന് സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നയാളുകള്‍ ബി.പി എടുക്കാന്‍ പോകുന്ന ദിവസവും മരുന്ന് സാധാരണ എപ്പോഴാണോ കഴിക്കുന്നത്, ആ സമയത്ത് തന്നെ കൃത്യമായി മരുന്നു കഴിക്കണം. നിങ്ങള്‍ക്ക് കുറിച്ചുതന്ന മരുന്ന് ഫലപ്രദമാണോ, അതിന്റെ ഡോസ് എത്രവേണം, കൂട്ടണോ, കുറയ്ക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍ക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

4. ബി.പി അളന്നുകൊണ്ടിരിക്കുമ്പോള്‍ നല്ല ചിന്തകള്‍ മാത്രം മനസില്‍ വരുത്തുക. പറ്റുമെങ്കില്‍ ഡോക്ടറുമായി എന്തെങ്കിലും സൊറപറഞ്ഞിരിക്കുക. അയാ‍ള്‍ വലിയ ജാഡയാണെങ്കില്‍ മനസില്‍ ഒരു പാട്ട് മൂളുക, അതുമല്ലെങ്കില്‍ ഒരു സിനിമാ കോമഡിയോര്‍ക്കുക. ബി.പി എടുക്കുന്ന യന്ത്രത്തില്‍ മെര്‍ക്കുറി പൊങ്ങുന്നതും നോക്കിയിരുന്നാല്‍ അതു മതി നിങ്ങള്‍ക്ക് ടെന്‍ഷന്‍ കയറി ബീ.പി കൂടാന്‍ :)

5. ഒരുപ്രാവശ്യം സാധാരണയിലും ഉയര്‍ന്ന ബി.പി അളന്നപ്പോള്‍ കിട്ടിയെന്നുകരുതി നിങ്ങള്‍ ഒരു രക്താതിസമ്മര്‍ദ രോഗിയാകുന്നില്ല. അതുകൊണ്ടുതന്നെ ഉടനെ മരുന്ന് കഴിച്ചുതുടങ്ങേണ്ട കാര്യവുമില്ല. ഒരു മാസത്തിനുള്ളില്‍ പല സമയത്തായി (കുറഞ്ഞത് 2 പ്രാവശ്യമെങ്കിലും) ബി.പി എടുത്ത് നോക്കുമ്പോള്‍ കിട്ടുന്ന ആവറേജ് അളവുകള്‍ ആണ് കൂടുതല്‍ വിശ്വസനീയം. പറ്റുമെങ്കില്‍ വീട്ടിലെ ശാന്തമായ അന്തരീക്ഷത്തില്‍ ബി.പി അളന്നുനോക്കുക. നിങ്ങള്‍ അവിടെ കുറേക്കൂടി റിലാക്സ്ഡ് ആയിരിക്കും.

6. വളരെ കൂടിയ അളവില്‍ ബി.പി ഉള്ളവര്‍ (160/100-ഓ അതിനു മേലോ) രണ്ടാ‍ഴ്ചയ്ക്കകം വീണ്ടും അളന്ന് കൂടുതലാണെങ്കില്‍ എത്രയും വേഗം മരുന്ന് തുടങ്ങണം. കാരണം അങ്ങനെയുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയ്ക്ക് ഉടന്‍ സാധ്യതയുണ്ട്.

7. രക്താതിസമ്മര്‍ദം വണ്ണമുള്ളവര്‍ക്ക് മാത്രമേ വരൂ എന്നു കരുതിയാല്‍ തെറ്റി. ഇത് നല്ലൊരളവില്‍ പാരമ്പര്യമായി കിട്ടുന്നതാണ്. അച്ഛനോ അമ്മയ്ക്കോ രക്താതിസമ്മര്‍ദമുണ്ടേല്‍ മക്കളില്‍ അതിന്റെ സാ‍ധ്യത 25 -50 % വരെയാവാം. ഏതാണ്ട് 60 വയസ്സുകഴിഞ്ഞാല്‍ ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനും രക്തക്കുഴലിലെ മാറ്റങ്ങള്‍ മൂലം ‘പ്രഷര്‍ രോഗം’ വരാം.

പറഞ്ഞു പ്യേടിപ്പിച്ചത് തീര്‍ന്നെങ്കീ ഇതിന്റെ പരിഹാരങ്ങള് കൂടെ അപ്പി തന്നെ പറയീന്‍

മറ്റു രോഗങ്ങളൊന്നുമില്ലാത്ത ജനങ്ങളുടെ ശരാശരി ബി.പി 120/80 ആണ്. എന്നാല്‍ സിസ്റ്റോളിക് പ്രഷര്‍ 120-ല്‍ താഴെയും ഡയസ്റ്റോളിക് പ്രഷര്‍ 80-ല്‍ താഴെയും ആക്കി നിര്‍ത്തുന്നതാണ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും രക്തക്കുഴലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ നല്ലത് എന്നാണ് അടുത്തു നടന്ന വന്‍ പഠനങ്ങള്‍ കാണിക്കുന്നത്. (പ്രഷറിന്റെ നോര്‍മല്‍ കണക്ക് ഇപ്പോള്‍ 110/70 ആക്കിയെന്ന് ചില വാരികകളില്‍ കാണാം - അതു ശരിയല്ല. )

സിസ്റ്റോളിക് പ്രഷര്‍ 120-നും 139-നും ഇടയ്ക്ക് വരുന്നുവെങ്കിലോ ഡയസ്റ്റോളിക് പ്രഷര്‍ 80-നും 89-നും ഇടയ്ക്ക് വരുന്നെങ്കിലോ അതിനെ രക്താതിസമ്മര്‍ദത്തിന്റെ മുന്നോടിയായി അഥവാ പ്രീഹൈപ്പര്‍ടെന്‍ഷന്‍ ആയി കാണണം എന്നു പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു.
ഇതിനര്‍ത്ഥം 120/80-നു മുകളില്‍ ബി.പി പോയാലുടന്‍ മരുന്നു കഴിച്ചു തുടങ്ങണമെന്നാണോ ? നോ..നെവര്‍ ! ഓര്‍ക്കുക ബി.പി 140/90-നു മുകളില്‍ പോകുന്നതിനെയേ നമ്മള്‍ രക്താതിസമ്മര്‍ദം എന്നു വിളിക്കൂ.

120/80-നു മുകളില്‍ പോകുന്നതും 140/90-ല്‍ താഴെ നില്‍ക്കുന്നതുമായ ബി.പി ഉള്ളവര്‍ ക്രമേണ അടുത്ത 4 - 5 വര്‍ഷങ്ങള്‍ കൊണ്ട് രക്താതിസമ്മര്‍ദ രോഗികളാകാം എന്നേ ഉള്ളൂ. അവര്‍ രോഗികളായി എന്നല്ല അര്‍ത്ഥം. അതുകൊണ്ട് തുടര്‍ച്ചയായ രണ്ടോ മൂന്നോ അളക്കലില്‍ 120/80-നു മുകളില്‍ ബി.പി കയറുകയാണെങ്കില്‍ ആഹാരനിയന്ത്രണം, ചെറിയതോതിലിഉള്ള വ്യായാമം, പുകവലിയുപേക്ഷിക്കല്‍, വെള്ളമടി കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചും ആറുമാസമെങ്കിലും കൂടുമ്പോള്‍ ബി.പി നോക്കിയും മുന്നോട്ട് പോകാം എന്ന് ശാസ്ത്രമതം. (മരുന്നു കമ്പനിക്കാര്‍ പലതും പറഞ്ഞ് ക്യാമ്പുകള്‍ നടത്തി ബി.പി 120-നു മേല്‍ ശകലം കൂടിയാല്‍ത്തന്നെ പിടിച്ചു മരുന്നുകഴിപ്പിക്കാന്‍ ഉപദേശിക്കും. അതില്‍ വീഴണ്ട. സയന്‍സ് എന്നുപറയുന്നത് മരുന്നുകമ്പനിക്കാര്‍ തീരുമാനിക്കുന്നതല്ല.) എന്നാല്‍ പ്രീഹൈപ്പര്‍ടെന്‍ഷന്റെ കൂടെ നിങ്ങള്‍ക്ക് വൃക്കരോഗമോ ഡയബറ്റീസോ ഹൃദ്രോഗമോ മറ്റോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ബി.പിക്ക് മരുന്ന് കഴിച്ചുതുടങ്ങണം കേട്ടോ.

ബി.പിയുടെ അളവ് 140/90-നു മേല്‍ പോവുകയാണെങ്കില്‍ അതു പിന്നെ പിടിച്ചാല്‍ കിട്ടണമെന്നില്ല. മരുന്ന് നിര്‍ബന്ധമായും കഴിക്കണം. പ്രത്യേകിച്ച് 160 / 100 എന്ന അളവിലൊക്കെ പോയാല്‍. കാരണം എത്ര കഠിനപഥ്യം നോക്കിയാലും എത്ര കഠിന വ്യായാമം ചെയ്താലും മരുന്നിന്റെ സഹായമില്ലാതെ വളരെ ഉയര്‍ന്ന ബി.പി നോര്‍മല്‍ നിലയിലേക്ക് കുറച്ചുകൊണ്ടുവരാനാവില്ല.(സാധാരനമനുഷ്യന്റെ കാര്യമാണിവിടെ പറയുന്നത്...വല്ല അത്ഭുത രോഗശാന്തിക്കാരുടെയും ഉദാഹരണം തികട്ടിവരുന്നുണ്ടേല്‍ കൈയ്യില്‍ വച്ചേക്കുക അണ്ണാ... ഇവിടെ, ഓണ്‍ലി സയന്‍സ്)
മരുന്നുകളെ പറ്റി ഈ പോസ്റ്റിന്റെ അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം. ഇപ്പോള്‍ നമുക്ക് മരുന്നു കഴിക്കുന്നതിനു മുന്‍പോ മരുന്നിനു പുറമേയോ നാം ചെയ്യേണ്ട കാര്യങ്ങള്‍ (ഇത് എല്ലാവര്‍ക്കും ബാധകം) എന്തെല്ലാമാണെന്ന് നോക്കാം :

1. വ്യായാമം തുടങ്ങുക, തുടരുക..ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത് ദിവസം 20-30 മിനിട്ട് എന്ന തോതില്‍ ആഴ്ചയില്‍ 5 ദിവസം എന്ന കണക്കിലെങ്കിലും സ്പീഡില്‍ നടക്കുക എന്നതാണ്. ഈ വ്യായാമം കഷ്ടിച്ച് ശ്വാസമെടുക്കാന്‍ പറ്റുന്ന ആയാസത്തില്‍ ആ‍യാല്‍ നല്ലത്. (ഓഫീസ് പടികള്‍ ഓടിക്കയറുന്നതും പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ഓടി കയറുന്നതുമൊക്കെ നല്ലതു തന്നെ.)ഇത്തിരിക്കൂടി വിശദമായി അറിയാന്‍ ദേവേട്ടന്റെ ഈ പഴയ പോസ്റ്റ് കാണുക. 5 മുതല്‍ 20 mm ബി.പി വരെ ഇതിനാല്‍ കുറയാം.

2. ആഹാര ശീലം : നിറയെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, സലാഡ്, മുരിങ്ങയില, കാരറ്റ്, പയറ്....ഡേയ് എന്തരെടേയ് നോക്കിനിക്കണത്...ചുമ്മാ തട്ടി വിടടേയ്. വറുത്തതും പൊരിച്ചതും, പ്രത്യേകിച്ച് മട്ടന്‍, ബീഫ് എന്നിവ കുറച്ചിട്ട് അതിനുപകരം മീന്‍ - നല്ല ചാള/മത്തി, നെത്തോലി എന്നിവ കൂടുതലാക്കുക. പാല് ഉപയോഗിക്കുമ്പോള്‍ അതിലെ കൊഴുപ്പ് മാറ്റിയിട്ട് (പാല്‍ പാട) ഉപയോഗിച്ചാല്‍ അത്രയും നല്ലത്. സഫോള, സണ്‍ഫ്ലവര്‍ എണ്ണകള്‍ ഉത്തമം. (പാമോയില്‍ വെളിച്ചെണ്ണയേക്കാള്‍ മെച്ചമൊന്നുമല്ല എന്നതിനാലും, വെളിച്ചെണ്ണ-വിഷയം തീരുമാനമാകാതെ കിടപ്പായതിനാലും അത് തീരെ ഒഴിവാക്കണമെന്ന് പറയുന്നില്ല. അളവില്‍ കുറച്ചാല്‍ നല്ലത്.). ആഹാരത്തിലെ മാറ്റം കൊണ്ട് 8 മുതല്‍ 14 വരെ mm ബി.പി കുറയാം.

3. ഉപ്പ് കുറയ്ക്കുക : എല്ലാ‍ ആഹാരത്തിലും കൂടെയായി 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഉപയോഗികാതിരിക്കാനാണ് നോക്കേണ്ടത്. ഇതിന് ഒരു പാട് തലപുണ്ണാക്കണ്ട. അച്ചാറുകള്‍, ഉപ്പിലിട്, പപ്പടം,വറ്റല്‍ മുളക്, സംഭാരം എന്നിവ സ്ഥിരമായി കഴിക്കുന്നത് അങ്ങ് നിര്‍ത്തുക.(വേണേല്‍ ഓണത്തിന് ഇത്തിരി ആവാം..ട്ടോ ;) തൈര്, മോര് എന്നിവ ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാതെ നോക്കാം. മുളകരച്ചു ചേര്‍ക്കുന്നത് കുറച്ചാല്‍ സ്വാഭാവികമായും ഉപ്പും നമ്മള്‍ കുറയ്ക്കും എന്നത് പാചകത്തിന്റെ സാമാന്യതത്വം. പിന്നെ പച്ചക്കറികള്‍ ഉപ്പേരിയാക്കിയോ (മെഴുക്കുപുരട്ടി) വറുത്തോ ഉപയോഗിക്കുന്നതും കുറയ്ക്കാം. ഉപ്പ് നിയന്ത്രിച്ചാല്‍ കുറയുന്നത് 2മുതല്‍ 8 mm വരെ ബി.പി അളവ്.

4. പ്രതിദിന മദ്യപാനം ഉണ്ടെങ്കില്‍ അത് 2 ഡ്രിങ്കില്‍ താഴെയാക്കുക. അതായത് ആല്‍ക്കഹോള്‍ കണ്ടെന്റ് 30മില്ലിയില്‍ താഴെ നിത്തുക. ഉദാ: 24 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ 3 ഔണ്‍സ് വിസ്കി എന്നിങ്ങനെ. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.
പുകവലി കുറച്ചു കുറച്ചു കൊണ്ടുവന്ന് പൂര്‍ണ്ണമായി നിര്‍ത്തുക. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.

അപ്പോള്‍ കാര്യങ്ങള്‍ ക്ലിയറായി എന്നു വിശ്വസിക്കുന്നു. എന്താ....ഇനി ഇവനെ പിടിച്ചുകെട്ടാന്‍ ഒരു കൈ നോക്കാമല്ലോ അല്ലേ ?

രക്താതിസമ്മര്‍ദത്തിനുള്ള മരുന്നുകളെക്കുറിച്ചും അവയുടെ സൈഡ് ഇഫക്റ്റുകളെ കുറിച്ചുമൊക്കെ ഈ പോസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ - രക്താതിസമ്മര്‍ദ്ദ ചികിത്സയിലെ മരുന്നുകള്‍


അടിക്കുറിപ്പുകള്‍ :

* രക്താതിസമ്മര്‍ദ ഗവേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള അമേരിക്കയിലെ സംയുക്ത കമ്മറ്റിയായ JNC യുടെ 2003-ലെ ഏഴാം റിപ്പോര്‍ട്ട്, കനേഡിയന്‍ രക്താതിസമ്മര്‍ദ വിദ്യാഭ്യാ‍സ പരിപാടിയുടെ 2005-ലെ നിര്‍ദ്ദേശക തത്വങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയതാണ് ഈ ലേഖനം. ചില സാങ്കേതിക കാര്യങ്ങളില്‍ ബ്രിട്ടീഷ് രീതികളില്‍ നിന്നും വിഭിന്നമാകാം ഇതിലെ നിര്‍ദ്ദേശങ്ങള്‍. ശാസ്ത്രലോകത്ത് തര്‍ക്കത്തിലിരിക്കുന്ന ചില വിഷയങ്ങള്‍ കണ്‍ഫ്യൂഷനില്ലാതിരിക്കാന്‍ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്.

* * രക്തത്തെ ശരീരകോശങ്ങളില്‍ നിന്നും ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന കുഴലുകളായ വെയിനുകളെ (veins) സിരകള്‍ എന്നും ഹൃദയത്തില്‍ നിന്നും ഓക്സിജനെ വഹിക്കുന്ന രക്തത്തെ ശരീരാവയവങ്ങളിലേക്കും കോശങ്ങളിലേക്കും കൊണ്ടുപോകുന്ന ആര്‍ട്ടറികളെ (arteries) ധമനികള്‍ എന്നുമാണ് ആയുര്‍വേദ പണ്ഡിതന്‍ ശ്രീ വെങ്കിടേശ്വര ശാസ്ത്രികള്‍ (1917-1925) വിളിക്കുന്നത്. സിര എന്നതിനെ നെര്‍വ് /ഞരമ്പ് എന്ന് അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ശാസ്ത്രികള്‍ നാഡി എന്ന വാക്കാണ് nerve-നു വിധിച്ചിട്ടുള്ളത്. ഏകോപനത്തിനായി അത് ഇവിടെ തുടര്‍ന്ന് ഉപയോഗിക്കും.

34 comments:

 1. മെഡിസിന്‍ @ ബൂലോകം : പുതിയ പോസ്റ്റ്.

  രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ - നാട്ടുഭാഷയില്‍ 'പ്രഷറിന്റെ അസുഖം' - എന്നത് സനാതന (ക്രോണിക്) രോഗങ്ങളിലെ രാജാവാണ് ഇന്ന്. ഇന്ത്യയില്‍ ഏതാണ്ട് 19.5 കോടി ജനങ്ങളെ ബാധിക്കുന്ന രോഗം. ലോകത്ത് ഇന്ന് 60 കോടി ആളുകള്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നു അനുമാനിക്കപ്പെടുന്നു.ലോകത്തിലെ മൊത്തം മരണങ്ങളില്‍ 13 -15% കേസുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ കൊണ്ടാണുണ്ടാകുന്നത്.

  ReplyDelete
 2. വളരെ നന്ദി..

  മടുപ്പിക്കാത്ത രസകരമായ ആഖ്യാനം.. (ഞാന്‍ ഗ്യാരണ്ടീ....:))

  ReplyDelete
 3. ഇതു വായിച്ചു തന്നെ എന്റെ പ്രഷര്‍ കൂടിയോന്നൊരു സംശയം. ;)

  നല്ല വിജ്ഞാന പ്രദമായ ലേഖനം, നന്ദി.

  ReplyDelete
 4. Suraj
  Thanks for the article. I just had a very basic idea about hypertension (+2 standard). Thanks for explaining the details.

  ReplyDelete
 5. തികച്ചും വിജ്ഞാനപ്രദം... നന്ദി സൂരജ്

  ReplyDelete
 6. സൂരജിന്റെ ബ്ലൊഗ്‌ വളരെ ഉപകാരപ്രദം ,ഇതിങ്ങനെ സരളമായി പറയാന്‍ സമയം ചിലവഴിക്കുന്നതിനു നന്ദി !

  ReplyDelete
 7. നന്നായിട്ടുണ്ട് സൂരജ് .. തുടരുക !
  സ്നേഹപൂര്‍വ്വം,

  ReplyDelete
 8. സൂരജ്, നന്നായി എഴുതിയിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ ലളിതമായി എഴുതാന്‍ സൂരജ് സമയം ചെലവഴിക്കുന്നതില്‍ നന്ദിയും അഭിനന്ദനവും. തുടരുക.

  ReplyDelete
 9. സൂരജ്, ഇത്രയൊക്കെ വിശദീകരിച്ച് ഇത്രേം സമയം ഒക്കെ എടുത്ത് എഴുതുന്ന സൂരജിനു എന്താ തരേണ്ടത്? ഒരു കഥ വായിയ്ക്കും പോലെ. പണ്ട് ഞങ്ങള്‍ക്ക് ഒരു വക്കാരിയുണ്ടായിരുന്നു, ഇത് പോലെ, എന്ത് കാര്യവും, അങ്ങേയറ്റം വിശദമാക്കി തരുന്ന വക്കാരി. (പറഞ് വന്നത്, വക്കാരി എന്ത് എഴുതിയാലും സമയം പോലെ, അത് എനിക്ക് ഇംഗ്ലീഷിലും കൂടെ ആക്കി അയയ്ക്കുമായിരുന്നു, അപ്പൂനും അച്ഛനും വേണ്ടി :). സൂരജ് ഗവേഷണത്തിനു പോയാല്‍ ഇതൊക്കെ ഞങ്ങള്‍ക്ക് മിസ്സാവുമോ?
  പ്രൊഫൈല്‍ പടം ഇഷ്ടായില്ല :(

  ReplyDelete
 10. സൂരജ്,

  വളരെ നന്നാവുന്നുണ്ട് .. ഇതു പോലുള്ള ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 11. "ബോറടിക്കുമെന്ന് ഉറപ്പാണ്. എന്നെ തല്ലല്ലേ....! "

  പോസ്റ്റ് വായിച്ചില്ല. എങ്കിലും ഈ ചുവരെഴുത്തിനോട് ഒരു വിയോജിപ്പ്. ആള്‍ക്കാര്‍ക്ക് ബോറടിയ്ക്കുമോ ഇല്ലയോ എന്നൊന്നും സൂരജ് പരിഗണീയ്ക്കേണ്ട കാര്യമില്ല. എഴുതണമെന്ന് തോന്നുന്നത് എഴുതുക. ആവശ്യക്കാരനും താത്പര്യമുള്ളവനും എഴുതുക. മസാല എഴുതിയാല്‍ വായിക്കാന്‍ ആളുകൂടും. അതുമാത്രം പോരല്ലോ.

  ReplyDelete
 12. നന്ദി സൂരജ്..ഞാന്‍ ഇത് പി.ഡി.എഫ് ആക്കി സുഹൃത്തുക്കള്‍ക്ക് അയക്കുന്നു...

  ReplyDelete
 13. ഇത്രയും നന്നായി, ലളിതമായി എഴുതിയതിന് നന്ദി സൂരജ്.

  ബി പി കുറയുന്നതിനെ കുറിച്ചുകൂടി ഒന്നെഴുതാമോ?

  ReplyDelete
 14. പ്രിയ സൂരജ്,
  നന്നായി.
  ലളിതമായി അവതരിപ്പിച്ചിരിക്കുന്നു കാര്യങ്ങള്‍.
  തുടരുക.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 15. കമന്റ് ട്രാക്കിംഗ്:
  അതുല്യേ, നമ്മുടെ വക്കാരിയെ ‘പണ്ടത്തെ‘ വക്കാരിയാക്കിയോ. ജപ്പാനീന്ന്‌ മടങ്ങിവന്നൂന്ന്‌ കേട്ടു.

  ReplyDelete
 16. ലളിതം, സരസം, വസ്തുനിഷ്ഠം! കിടിലന്‍!!

  ReplyDelete
 17. ഒന്നഭിനന്ദിക്കാംന്നുവച്ചാല്‍ എല്ലാവരും അതു തന്നെ ചെയ്തിട്ടുപോയിരിക്കുന്നു.
  എന്നാപ്പിന്നെ ഒരോഫടിച്ച്..ട്ട് ഓടിരക്ഷപ്പെടാന്‍ തീരുമാനിച്ചു.

  അത്യാവശ്യക്കാര്‍ക്ക് ശ്രീ 'ഞാനാനന്ദ' സ്വാമികള്‍ രണ്ടാണ്ട് ഒണക്ക മരുഭൂമിയില്‍ തപസ്സിരുന്നു ഒട്ടകാഷ്ടാകനെ പ്രസാദിപ്പിച്ചുകിട്ടിയ പ്രഷറാഷ്ടകക്ഷയ യന്ത്രം പാര്‍സലായി അയച്ചു തരുന്നതാണ്.അരയില്‍ കെട്ടി നടക്കുകയോ പാലില്‍ കലക്കി സേവിക്കുകയോ ചെയ്യാവുന്നതാണ്.ശരിയ്ക്കുള്ള വില 10000 Dhs.ഓഫര്‍ വില 9876 Dhs മാത്രം.ഇന്ത്യയില്‍ ലഭിക്കുവാന്‍.....ഓ യെന്തരെങ്കിലും ചെയ്യെടേയ്...
  ഫലസിദ്ധിയില്ലെങ്കില്‍ തെക്കോട്ടു ചാഞ്ഞ തെങ്ങിന്റെ വടക്കോട്ടു പോയ വേരിന്റെ ഇടത്തേ ഭാഗത്തായി കുഴിച്ചിടുക. (ഒട്ടകക്കാഷ്ടം ഒന്നാന്തരം ജൈവ വളമാണ്)
  ഡാട്ടറടെ പോട്ടം കണ്ട്ട്ട് ഒരു ഗുണ്ടുമണിയെപ്പോലെയിരിക്കുണു.
  ഡാട്ടറ് എസ്സസ്സൈസ് ചെയ്യാറ്ണ്ടാ.....?????.
  അയ്യയ്യോ....ഞാനോട്യേയ്......അടുത്ത പഞ്ചായത്തില് വച്ച് കാണാം...

  ReplyDelete
 18. വിരസമാകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ സരസ്സമായവതരിപ്പിക്കുന്ന സൂരജിന്റെ രീതി വളരെ പ്രശംസയര്‍ഹിക്കുന്നു. ഇന്നത്തെ ജീവിതത്തില്‍ ഇത്രയധികം നിറഞ്ഞു നില്‍ക്കുന്ന ഒരു രോഗത്തെപ്പറ്റി വളരെയേറെക്കര്യങ്ങള്‍ മനസ്സിലാക്കാനൊത്തു. നന്ദി.

  ReplyDelete
 19. പ്രിയ സൂരജ്,
  വസ്തുനിഷ്ഠവും യുക്തി ഭദ്രവുമാണു പോസ്റ്റ്. വായിച്ചു വന്നപ്പോള്‍ ഒരു സംശയം. രക്താതി സമ്മര്‍ദ്ദം യഥാര്‍ത്ഥത്തില്‍ ഒരു രോഗമാണോ അതോ ഒരു രോഗലക്ഷണമാണൊ? സംശയം തോന്നാന്‍ ഇടയാക്കിയത് രക്ത ചംക്രമണവ്യവസ്ഥ ര‍ണ്ടറ്റവും അടഞ്ഞ സംവിധാനമാണെന്ന് പോസ്റ്റില്‍ നിന്ന് മനസിലായതു കൊണ്ടാണു. അതായത് ഹൃദയമെന്ന പമ്പ്, രക്തമെന്ന ദ്രാവകം, രക്തക്കുഴലുകള്‍ എന്ന പൈപ്പ് ഇവ ഉള്‍പ്പെട്ട ഒരു സംവിധാനം. അതിലെ മര്‍ദ്ദവ്യത്യാസം ഒരു എഞ്ജിനിയറുടെ പരിപ്രേക്ഷ്യത്തില്‍ സിസ്റ്റത്തിലെ അനുബന്ധ യന്ത്രഭാഗങ്ങളില്‍ സംഭവിക്കാവുന്ന തകരാറുകൊണ്ടാണു ഉണ്ടാകുക. അതായത്, പമ്പ് , കുഴല്‍, തുടങ്ങിയവ കേടാകുക. കുഴലിലൂടെ ഒഴുകുന്ന ദ്രാവകത്തില്‍ മാലിന്യം കലരുക. ഉദാഹരണത്തിനു വെള്ളത്തില്‍ ചെളി കലര്‍ന്നാല്‍ പമ്പിങ് മര്‍ദ്ദത്തിനു വ്യത്യാസം ഉണ്ടാകും. രക്തത്തെ സാധാരണ ഒരു ലായനിയായി എടുക്കാനാവില്ല. അത് ജീവനുള്ള കോശങ്ങള്‍ തന്നെയാണെന്നാണു എന്റെ അറിവു. പിന്നെ സൂരജ് പറഞ്ഞിട്ടുണ്ടല്ലോ “....നമുക്ക് ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും, ഭയം, ആകാംക്ഷ, ദേഷ്യം എന്നിവയുണ്ടാകുമ്പോഴും നമ്മുടെ ചില നാഡികളില്‍ (nerves)വിസര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളാണ് അഡ്രീനലിന്‍, നോറഡ്രീനലിന്‍, ഡോപ്പമീന്‍ എന്നിവ (സിമ്പതെറ്റിക് ഹോര്‍മോണുകളെന്നും പറയും). യെവന്മാര് പുലികളാണ്. നെഞ്ചിടിപ്പ് കൂട്ടുക,വികാരവിക്ഷോഭം ഉണ്ടാക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ക്ക് പുറമേ ഇവന്മാര്‍ ബീ.പിയും കേറ്റും....” ഹോര്‍മ്മോണുകളുടെ ഉല്‍പ്പാദനം തല്‍ച്ചോറുമായല്ലെ ബന്ധപ്പെട്ടിരിക്കുന്നത്? അതിന്റെ പ്രതിഫലനം രക്ത സമ്മര്‍ദ്ദമായി രേഖപ്പെടുത്തുകയല്ലെ ചെയ്യുന്നത്. തലച്ചോര്‍ രക്തചംക്രമണവ്യവസ്ഥ എന്ന Closed Circuit System ത്തിനു പുറത്തുള്ള ഒരു യന്ത്ര സംവിധാനമാണു. അതില്‍ നിന്ന് പ്രകോപനം ഉണ്ടായിക്കൊണ്ടിരിക്കുകയം ബ്ബ്ലഡ് ഫ്ലോയുടെ റേറ്റ് സ്റ്റെഡിയാക്കി നിര്‍ത്തുകയും ചെയ്താല്‍ പ്ര്യയോജനമുണ്ടാകുമോ? അങ്ങനെ ചെയ്താല്‍ ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അനുബന്ധ യന്ത്രങ്ങളെ അത് കൂടുതല്‍ തകരാറില്‍ ആക്കുകയല്ലെ ചെയ്യുക? രക്ത സമ്മര്‍ദ്ദത്തിനു മാത്രം ചികിത്സിക്കപ്പെടുമ്പോള്‍ യഥാര്‍ത്ത തകരാര്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ലക്ഷണം മാത്രം ശരിയാക്കി വയ്ക്കുകയുമല്ലെ ചെയ്യുന്നത്? ഇതിനൊരു വിശദീകരണം തരുമോ?

  ReplyDelete
 20. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 21. ഐവ, രണ്ടാം ഭാഗം പോരട്ടെ.

  പ്രൈമറി ഹൈപ്പര്‍ടെന്‍ഷനാണേല്‍ ഡയറ്റ്, വര്‍ക്കൗട്ട് , പ്രാണായാമം തുടങ്ങി (രോഗിക്ക് പൊതുവേ വലിയ താല്പ്പര്യമില്ലാത്ത) ചില്ലറ പൊടിക്കൈയ്യുമായി ഞാനും കൂടാം. എന്റെ സംശയങ്ങളും മൊത്തമായി അവിടെയാണ്‌ . ഇപ്പഴേ അഡ്വാന്‍സ് ആയി സംശയം തുടങ്ങി: ആളുകള്‍ സ്ഥിരമായി പറയുന്ന പരാതിയാണ്‌ "പ്രഷറിനു മരുന്നു കഴിച്ചു തുടങ്ങിയ ശേഷം എനിക്കു ഷുഗറും വന്നു എന്ന്." ഇതില്‍ സത്യമെന്താണ്‌? നാട്ടില്‍ ബീറ്റ ബ്ലോക്കറുകള്‍ സാധാരണ രോഗിക്കു കൊടുക്കാറുണ്ടോ? (ബീറ്റനെപ്പറ്റി സാധാരണ ആളുകള്‍‍ പറയുന്നത് അവന്‍ ഫാറ്റ് ബേണിങ്ങ് തടസ്സപ്പെടുത്തുന്നതിനാല്‍ ഒന്നാമത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുകയും രണ്ടാമത് ഫാറ്റ് എടുക്കാതെ ശരീരം പഞ്ചസാര-കാര്‍ബ് ഫ്യുവല്‍ പ്രധാനമായും ഉപയോഗിക്കുന്ന സിസ്റ്റമായി മാറുന്നതോടെ പ്രമേഹം (രണ്ട്) വരാനുള്ള സാദ്ധ്യത മധുരം മാത്രം കഴിച്ചു ജീവിക്കുന്ന ഒരു മനുഷ്യനൊപ്പം ആകുന്നു എന്നും ആണ്‌. വൈദ്യശാസ്ത്രത്തിന്റെ വീക്ഷണം എന്താണ്‌?)

  ReplyDelete
 22. സൂരജ്, ഇതിപ്പോഴാണ് വായിക്കാന്‍ സാധിച്ചത്. ഇത്രയും ലളിതമായി എഴുതിയിട്ടുള്ള ഒരു മെഡിക്കല്‍ സംബന്ധിയായ ലേഖനം ഞാന്‍ വായിച്ചിട്ടേയില്ല. അത്രയ്ക്ക് സിമ്പിള്‍. മലയാളം വിക്കിയിലേക്ക് ചേര്‍ക്കണം കേട്ടോ.

  ഓ.ടോ. ഇന്നലെയും മിനിയാന്നും ഞാന്‍ ചോറുണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു കഷണം അച്ചാര്‍ കൂടുതല്‍ എടുത്തു. ഭാര്യം പതിവില്ലാതെ ക്ഷോഭിക്കുന്നു. കാരണം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം കേള്‍ക്കേണ്ടേ “സൂരജിന്റെ ബ്ലോഗ് വായിച്ചോ” എന്ന് !! അതാ ഉടനേ ഇങ്ങട്ട് വന്നത്. അച്ചാറോ പോയി, ഇനി തൈരുമുളകും കിട്ടുകയില്ലന്നായല്ലോ എന്റെ ബ്ലോഗനാര്‍ കാവിലമ്മേ!

  ReplyDelete
 23. അപ്പൂന്റെ കമന്റ് കണ്ടപ്പോഴാ എന്റെ ഒരു അനുഭവം പറയാമെന്ന് തോന്നിയത്. ഒരു മാതിരിപ്പെട്ട മോശമായ എല്ലാ കയ്യിലിരിപ്പുമുള്ള ഒഅരാളാ ഞാന്‍. ഇതു വരെ പ്രത്യേകിച്ച് അസുഖമൊന്നും തോന്നീട്ടില്ലെങ്കിലും സൂരജിന്റെ പോസ്റ്റ് കണ്ടതുമുതല്‍ ഒരാശങ്ക. ഒരു ടെസ്റ്റെടുക്കണൊ? ഭാഗ്യത്തിനു ഞാനിതെന്റെ നല്ല പാതിയെ കാണിച്ചിട്ടില്ല. കണ്ടായിരുന്നേല്‍ അപ്പൂന്റെ അനുഭവം ഉണ്ടായേനെ. ആല്ലെ? ബൂലോകത്തില്‍ സൂരജ് ഒരു പ്രസ്ഥാനമായി മാറുകയാണ്. നല്ല കാര്യം.

  ReplyDelete
 24. ഈ മറുപടി കമന്റ് വൈകിയതിന് ക്ഷമ ചോദിക്കുന്നു.

  ആദ്യമായി ചില സംശയങ്ങള്‍ക്ക് മറുപടി:

  1. പ്രിയ പോസിട്രോണ്‍ ജീ,
  രക്തസമ്മര്‍ദ്ദത്തിന്റെ ഫിസിയോളജി വിശദമാക്കാന്‍ പ്വാറ്റ്സേ (Poiseuille)യുടെ ലാമിനാര്‍ ഫ്ലോ ഫോര്‍മുല ചില അവസരങ്ങളില്‍ ഉപയോഗിക്കാറുണ്ടെങ്കിലും സാധാരണ വ്യവഹാരത്തിന് - ചുരുങ്ങിയത് എം.ബി.ബി.എസ് നിലവാരത്തിന് R = dP/Q ഫോര്‍മുലയാണ് ഉപയോഗിക്കുന്നത്. ഇതില്‍ റെസിസ്റ്റന്‍സിനെ നിര്‍ണയിക്കുന്ന ഒട്ടനവധി സംഗതികളില്‍ ഒരു വിഭാഗമാണ് ഹോര്‍മോണുകള്‍. ഈ ഹോര്‍മോണുകള്‍ തലച്ചോറില്‍ മാത്രമല്ല, നാഡീ വ്യവസ്ഥിതി (നേര്‍വസ് സിസ്റ്റം)യില്‍ എല്ലായിടത്തുമുണ്ട്. ഇത്തരത്തിലുള്ള ബ്ലഡ് പ്രഷര്‍ നിയന്ത്രണത്തിന് ഒരുദാഹരണം പറയാം :
  കിഡ്നിയിലേക്കുള്ള രക്തയോട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ മൂത്രം രൂപം കൊള്ളുന്നതെന്ന് പോസ്റ്റില്‍ പറഞ്ഞതോര്‍ക്കുമല്ലോ. ഈ മൂത്രമാകട്ടെ ഉപ്പ് കളയാനുള്ള ശരീരത്തിന്റെ പ്രഥമ മാര്‍ഗവും. മൂത്രം ഉണ്ടാക്കുന്നതിന് വളരെ വിപുലമായ ട്യൂബുകളുടെ ഒരു സിസ്റ്റം തന്നെ കിഡ്ണിക്കുണ്ട്. ഈ ട്യൂബുകളുടെ ഒരറ്റത്ത് എത്തുന്ന മൂത്രത്തിലെ ഉപ്പിന്റെ അളവ് വച്ചാണ് മറ്റേ അറ്റത്ത് എത്ര ഉപ്പ് അരിച്ച് കളയണം, എത്ര ഉപ്പ് തിരിച്ച് രക്തത്തിലേക്ക് എടുക്കണം എന്നൊക്കെ തീരുമാനിക്കപ്പെടുന്നത്. ഒരു :Feed back system.

  ഈ system-ന്റെ ഒരറ്റത്ത് ഉപ്പിന്റെ അളവറിഞ്ഞ് കിഡ്നിയിലേക്കുള്ള രക്തയോട്ടം അതിനനുസരിച്ച് നിയന്ത്രിക്കുന്ന നാഡീശൃംഖലയാണ്. ഇവിടെ നിന്നും വിവിധ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഈ ഹോര്‍മോണുകളില്‍ ചിലതിന് രക്തക്കുഴലുകളെ ആകമാനം വികസിപ്പിക്കുകയോ സങ്കോചിപ്പിക്കുകയോ (dilate or constrict) ചെയ്യാം. ചിലതാകട്ടെ നേരത്തേ പറഞ്ഞ 'resistance' നിയന്ത്രിക്കുകവഴി കിഡ്നിയിലേക്കുള്ള രക്തയോട്ടം മാത്രം നിര്‍ണയിക്കുകയുമാവാം. ഇത് കിഡ്നിയിലെ മാത്രം കാര്യം. ഇത്തരത്തില്‍ തലച്ചോറ് നേരിട്ടിടപെടാതെ തന്നെയാണ് ഏതാണ്ട് 90% ശരീരഭാഗങ്ങളിലും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത്.

  "രക്താതിസമ്മര്‍ദ്ദം യഥാര്‍ത്ഥത്തില്‍ ഒരു രോഗമാണോ അതോ ഒരു രോഗലക്ഷണമാണൊ?"
  പല രോഗങ്ങളുടെയും ലക്ഷണമായി രക്തസമ്മര്‍ദം കാണാം.(ഉദാ: ഫിയോക്രോമോ സൈറ്റോമ- pheochromocytoma, കിഡ്നി തകരാറ് എന്നിവ). എന്നാല്‍ മറ്റുരോഗങ്ങള്‍ക്ക് പൊതുവേ കാരണമാകാത്ത ചില സംഗതികള്‍ രക്തസമ്മര്‍ദത്തിനു മാത്രമായ കാരണങ്ങള്‍ ആകാറുമുണ്ട്.(ഉദാ: പ്രാഥമിക ഹൈപ്പര്‍ടെന്‍ഷന്റെ കാരണങ്ങള്‍ നോക്കുക).
  അപ്പോള്‍ രക്തസമ്മര്‍ദം ഒരു രോഗവും അതേസമയം ഒരു രോഗലക്ഷണവുമാണ്.

  "അതിലെ മര്‍ദ്ദവ്യത്യാസം ഒരു എഞ്ജിനിയറുടെ പരിപ്രേക്ഷ്യത്തില്‍ സിസ്റ്റത്തിലെ അനുബന്ധ യന്ത്രഭാഗങ്ങളില്‍ സംഭവിക്കാവുന്ന തകരാറുകൊണ്ടാണു ഉണ്ടാകുക. അതായത്, പമ്പ് , കുഴല്‍, തുടങ്ങിയവ കേടാകുക. കുഴലിലൂടെ ഒഴുകുന്ന ദ്രാവകത്തില്‍ മാലിന്യം കലരുക."

  താങ്കള്‍ ഈ പറഞ്ഞത് മനുഷ്യ ശരീരത്തെ സംബന്ധിച്ചിടത്തോളം ഭാഗികമായി ശരിയാണ്.
  എന്നാല്‍ ഒരുകാര്യത്തില്‍ പിശകുണ്ട്. പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്ന 95%ത്തില്‍ പെടുന്ന രക്താതിസമ്മര്‍ദത്തിനു കാരണം രക്തചംക്രമണ സിസ്റ്റത്തിന്റെ components-നു വരുന്ന കേടുപാടുകള്‍ മൂലമല്ല. മറിച്ച് ഈ പോസ്റ്റില്‍ ഞാന്‍ അക്കമിട്ടു പറഞ്ഞ ചിലകാരണങ്ങള്‍ കൊണ്ടാണ്. (പോസ്റ്റ് റെഫര്‍ ചെയ്യുമല്ലോ)
  അതുകൊണ്ടുതന്നെ മരുന്നുകളും ആ കാരണങ്ങള്‍ക്കെതിരേയാണ് പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന് ആഞ്ജിയോടെന്‍സിന്‍ എന്ന കിഡ്നിയിലെ ഹോര്‍മോണ്‍ രക്തക്കുഴലുകളില്‍ ചെന്ന് പ്രതിപ്രവര്‍ത്തിക്കുന്ന സ്വീകരിണികളാണ് AT-Receptors. ഇവിടെ ചെന്ന് ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം. ഇവിടെ ചെന്ന് ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം തടയാനുള്ള മരുന്നാണ് ലൊസാര്‍ട്ടന്‍, ടെല്‍മിസാര്‍ട്ടന്‍ എന്നിവ. നോര്‍ അഡ്രീനലിന്‍ അല്ലെങ്കില്‍ അഡ്രീ‍ീനലിന്‍ എന്നീ ഹോര്‍മോണുകളുടെ നേതൃത്വത്തിലാണ് പ്രശ്നങ്ങള്‍ എങ്കില്‍ അവയെ തടയുന്ന മരുന്നുകളാണ് ബേയ്റ്റാ ബ്ലോക്കറുകളും ആല്ഫ ബ്ലോക്കറുകളും (beta blockers and alpha blockers). ഇവ തന്നെ ഒരു കാക്കത്തൊള്ളായിരം തരത്തിലുണ്ട്. വിശദമായി ഈ പോസ്റ്റിന്റെ രണ്ടാം ഭാ‍ഗത്തില്‍ എഴുതാം.

  " [തല‍ച്ചോറില്‍ ]നിന്ന് [ഹോര്‍മ്മോണുകളുടെ ഉല്‍പ്പാദനം വഴി]പ്രകോപനം ഉണ്ടായിക്കൊണ്ടിരിക്കുകയം ബ്ബ്ലഡ് ഫ്ലോയുടെ റേറ്റ് സ്റ്റെഡിയാക്കി നിര്‍ത്തുകയും ചെയ്താല്‍ പ്ര്യയോജനമുണ്ടാകുമോ? അങ്ങനെ ചെയ്താല്‍ ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അനുബന്ധ യന്ത്രങ്ങളെ അത് കൂടുതല്‍ തകരാറില്‍ ആക്കുകയല്ലെ ചെയ്യുക? "

  താങ്കള്‍ ഇവിടെ സൂചിപ്പിച്ച പ്രകാരമുള്ള യാന്ത്രിക തകരാറുകള്‍ കാണുന്നത് 5% വരുന്ന സെക്കന്‍ഡറി അഥവാ‍ ദ്വിതീയ രക്താതിസമ്മര്‍ദത്തിനാണ്. അവിടെ രക്തചംക്രമണ സിസ്റ്റത്തിന്റെ components-നാണ് പലപ്പോഴും കേട്പാടുകള്‍ ഉണ്ടാകുന്നത് - വിശേഷിച്ച് ഹൃദയം, കിഡ്നി, ശ്വാസകോശം തുടങ്ങിയവയും പിന്നെ രക്തത്തിന്റെ തന്നെ ചില അസന്തുലിതാവസ്ഥകളും (ഉദാ:രക്തത്തിന്റെ viscosity കൂട്ടുന്ന പോളിസൈത്തീമിയ പോലുള്ള രോഗങ്ങള്‍).
  ഈ പ്രശ്നങ്ങള്‍ക്ക് അതിന്റേതായ ചികിത്സാരീതിയാണ് അവലംബിക്കുന്നത്. ഉദാഹരണത്തിന് ഹൃദയത്തിലെ തകരാറാണ് കാരണമെങ്കില്‍ അതിനനുസരിച്ച് ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍ നല്‍കും. അല്ലെങ്കില്‍ രക്തക്കുഴലിലെ ബ്ലോക്കാണ് പ്രശ്നമെങ്കില്‍ അത് നീക്കാനുള്ള നടപടിയെടുക്കും. ഇനി ശ്വാസകോശത്തകരാറ് കൊണ്ട് വരുന്ന പ്രശ്നമാണെന്കില്‍ അതിനും പ്രതിവിധികള്‍ തേടും.

  "രക്ത സമ്മര്‍ദ്ദത്തിനു മാത്രം ചികിത്സിക്കപ്പെടുമ്പോള്‍ യഥാര്‍ത്ത തകരാര്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ലക്ഷണം മാത്രം ശരിയാക്കി വയ്ക്കുകയുമല്ലെ ചെയ്യുന്നത്?"

  രക്തസമ്മര്‍ദ്ദത്തിനു മാത്രമായ ചികിത്സയല്ല മരുന്നുകള്‍ ചെയ്യുന്നത്.രക്താതിസമര്‍ദത്തിന്റെ ചാക്രിക (cyclical) വ്യവസ്ഥയെ മനസിലാക്കിയാല്‍ ഒരു കാ‍ര്യം വ്യക്തമാകും - ഒരു അറ്റത്ത് ചികിത്സയിലൂടെ വരുത്തുന്ന ചെറിയൊരു മാറ്റം തന്നെ വലിയ രീതിയില്‍ മറ്റു സിസ്റ്റങ്ങളില്‍ പ്രതിഫലിക്കും എന്ന്. ഇതു തന്നെയാണ് ആധുനിക വൈദ്യം രക്തസമ്മര്‍ദ്ദ ചികിത്സയിലും അനുവര്‍ത്തിക്കുന്നത്.
  ഉദാഹരണത്തിന് ബേയ്റ്റാ ബ്ലോക്കറുകള്‍ നാഡീവ്യൂഹഹോര്‍മോണുകളുടെ പ്രഭാവത്തെ തടയുമ്പോള്‍ തന്നെ ഹൃദയമിടിപ്പിന്റെ താളത്തെ ലഘൂകരിക്കുന്നു, ഹൃദയ പേശികളുടെ ആയാസത്തെ ലഘുവാക്കുന്നു, രക്തക്കുഴലുകളുടെ മുറുക്കത്തെ അയഞ്ഞതാക്കുന്നു, കിഡ്നിയിലേക്കുള്ള രക്തയോട്ടം ക്രമീകരിക്കുന്നു, ശ്വാസകോശത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ആകെത്തുകയായ ഫലം വെറും ബി.പി ചികിത്സ മാത്രമല്ല - രക്തചംക്രമണ വ്യവസ്ഥയുടെ തകരാറുകളെ ബഹുമുഖപ്രശ്നമായിക്കണ്ടുള്ള ഒരു സമീപനമാണ്.

  2. പ്രിയ ദേവേട്ടാ

  "ആളുകള്‍ സ്ഥിരമായി പറയുന്ന പരാതിയാണ്‌ "പ്രഷറിനു മരുന്നു കഴിച്ചു തുടങ്ങിയ ശേഷം എനിക്കു ഷുഗറും വന്നു എന്ന്." ഇതില്‍ സത്യമെന്താണ്‌? നാട്ടില്‍ ബീറ്റ ബ്ലോക്കറുകള്‍ സാധാരണ രോഗിക്കു കൊടുക്കാറുണ്ടോ? "

  ബേയ്റ്റാ ബ്ലോക്കറുകള്‍ - വിശേഷിച്ച് അറ്റന്‍(atenolol) , പ്രോപ്രാന്‍(propranolol) തുടങ്ങിയ B-1,2,3 എന്ന വേര്‍തിരിവില്ലാതെ എല്ലാ സ്വീകരിണികളേയും തടയുന്ന non-selective blocker-കള്‍ക്ക് ദേവേട്ടന്‍ പറഞ്ഞതു പോലൊരു സാധ്യത സൈദ്ധാന്തികമായി ഉണ്ട് എന്നത് നേരാണ്. പ്രത്യേകിച്ചും ഡയബീറ്റിസ്, ഹൃദ്രോഗം,അമിത കൊളസ്ട്രോള്‍, അമിതവണ്ണം എന്നിങ്ങനെയുള്ള രോഗങ്ങള്‍ ഒരുമിച്ചു കാണപ്പെടുന്ന (മെറ്റബോളിക് സിന്‍ഡ്രോം) രോഗികളില്‍ ഇതൊരു പ്രശ്നവുമായിരുന്നു.

  എന്നാല്‍ 2001-ല്‍ ഡോ: ഡൂണ്‍, കെന്റാള്‍, മാര്‍ട്ടിന്‍ എന്നിവരുടെ പേപ്പര്‍ ഇക്കാര്യം ഗഹനമായി അന്വേഷിച്ചു. ഇതില്‍ നിന്നും മനസിലാകുന്നത് എന്തെന്നാല്‍, Beta ബ്ലോക്കറുകള്‍ B-1 റിസപ്റ്ററുകളില്‍ മാത്രമായി പ്രവര്‍ത്തിക്കുമ്പോള്‍ ഈ പ്രശ്നമില്ല എന്നു മാത്രമല്ല, കൊളസ്ട്രോള്‍/കൊഴുപ്പ് നിലകളെ മെച്ചപ്പെടുത്താനും ഇവയ്ക്കു കഴിയും !
  (സെലീപ്രൊലോള്‍, കാര്‍ട്ടെലോള്‍, കാര്‍വീഡിലോള്‍, നെബിവലോള്‍ തുടങ്ങിയ മരുന്നികള്‍ ഈ ഗണത്തിലെ പുത്തന്‍ കൂറ്റുകാരാണ്.പഴയ പുലികളില്‍ മെറ്റോപ്രലോള്‍ തന്നെ ഇപ്പോഴും ശിങ്കം:))

  അറ്റെനൊലോള്‍ (Atenolol), പ്രോപ്രാനലോള് (Propranolol) തുടങ്ങിയ ബേയ്റ്റാ ബ്ലോക്കറുകള്‍ വിലകുറഞ്ഞ ബി.പി മരുന്നുകളായതിനാല്‍ ഇപ്പോഴും ഞങ്ങള്‍ ഇവിടെ ഇത് ഉപയോഗിക്കാറുണ്ട് - പ്രമേഹ രോഗികളില്‍ പോലും. ശാസ്ത്രീയമായി നോക്കിയാല്‍ അത് അത്ര നല്ലതല്ല - പ്രത്യേകിച്ച് പ്രമേഹത്തിനു മരുന്നു കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാര നില താഴ്ന്നുപോയാല്‍ അവര്‍ non-selective beta blocker-കള്‍ കൂടി കഴിക്കുന്നവരാണെങ്കില്‍ രോഗികളില്‍ അത് വ്യക്തമായ ലക്ഷണങ്ങള്‍ കാണാന്‍ വൈകും. അപ്പോള്‍ പഞ്ചസാരനിലതാഴുന്നത് അറിയാനും നമ്മള്‍ വൈകിയേക്കും.

  എന്നാല്‍ ഡയബീറ്റിസിന് നല്‍കുന്ന മരുന്ന്നുകള്‍ ഇപ്പോള്‍ താരതമ്യേന സൈഡ് ഇഫക്റ്റുകള്‍ വളരെ കുറഞ്ഞതു കൊണ്ടും, രോഗിയെ നന്നായി കാര്യങ്ങള്‍ പഠിപ്പിച്ച് വിടുന്നതു കൊണ്ടും ഇപ്പോള്‍ ഈ പ്രശ്നം നമ്മള്‍ പരിഹരിച്ചിട്ടുണ്ട്, ഏറെക്കുറേ.
  സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് സനാതന രോഗികള്‍ക്കായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുന്ന കാര്യം ചില സംഘടനകള്‍ മുഖാന്തരം ഞങ്ങള്‍ ചിലര്‍ റിപ്പോര്‍ട്ട് കൊടുത്തിരുന്നു. അതൊക്കെ നടപ്പിലായാല്‍, സ്ഥിരമായി ചെലവേറിയ ഗുളികകള്‍ കഴിക്കേണ്ടിവരുന്ന ലക്ഷക്കണക്കിനു രോഗികള്‍ക്ക് എന്തെങ്കിലും ആശ്വാസമായേനെ(..ആശിക്കാം നമുക്കാശിക്കാം..!!)

  3. പ്രിയപ്പെട്ട...
  പാമരന്‍, ബിന്ദു, സുനീഷ് ജി, ഇത്തിരിവെട്ടം, പ്രിയംവദ, സുകുവേട്ടന്‍, മാരീചന്‍ ജീ, അതുല്യേച്ചി, സിമിച്ചേട്ടന്‍,ജോജു, മൂര്‍ത്തി ജീ, ശാലിനി, ഹാവൂ, റഫീക്, അങ്കിള്‍, ബാബു ജീ, കാവലാന്‍ ജീ, മോഹന്‍ ജീ, രാജേഷ് ജീ, അപ്പുച്ചേട്ടന്‍, ലീവ്സ് ഒഫ് മൈന്‍ഡ്
  ....പിന്നെ ഈ-മെയില്‍ വഴി അഭിപ്രായമറിയിച്ച/സംശയങ്ങള്‍ ചോദിച്ച, നിര്‍ദ്ദേശങ്ങള്‍ വച്ച എല്ലാവര്‍ക്കും വലിയൊരു THANKS ! ലേഖനം പ്രയോജനപ്രദമായെന്നു വിശ്വസിക്കട്ടെ.

  രണ്ടാം ഭാഗം ചില വ്യക്തിപര തിരക്കുകള്‍ മൂലം വൈകുന്നു. ഉടനെയിടാം.

  ReplyDelete
 25. പുത്തന്‍ തലമുറയിലെ ബീറ്റബ്ലോക്കന്മാരെ പരിചയപ്പെടുത്തിയതിനു നന്ദി സൂരജ്. എത്ര വേഗമാ കാര്യങ്ങള്‍ മാറുന്നത്!

  മരുന്നിലേക്ക് കടക്കുന്നതിനു മുന്നേ ഒരു കാര്യം ചോദിക്കട്ടെ. ഒരു (സാധാരണക്കാരന്‍) രോഗിക്ക് വൈറ്റ് കോട്ട് സിന്‍ഡ്രോം ആണെങ്കില്‍ ഡോക്റ്റര്‍ എങ്ങനെ മനസ്സിലാക്കും? ഉദാഹരണം ഞാന്‍ തന്നെ!!
  എന്നെ അപരിചിതനായ ഡോക്റ്റര്‍ ആശുപത്രിയിക്കട്ടിലില്‍ മലര്‍ത്തിയിട്ട് സ്ഫിഗ്മോമാനോമീറ്റര്‍ കെട്ടിയാല്‍ എത്ര തവണ നോക്കിയാലും രക്തസമ്മര്‍ദ്ദം 135/95 കാണിക്കും, പരിചയക്കാരായ ഡോക്റ്റര്‍മാരോ ഞാന്‍ തനിയേയോ അളന്നാല്‍ 115/75 എന്നും. ഇതുപോലെയുള്ള വ്യാജരോഗിയെ രക്താതിസമ്മര്‍ദ്ദക്ക്കാരന്‍ അല്ലെന്ന് തിരിച്ചറിയാന്‍ എന്താ വഴി?

  ReplyDelete
 26. വളരെ രസകരമായും ലളിതമായും എഴുതിയിരിക്കുന്നു സൂരജ്. ഇതു ചെറുപ്പകാലം കഴിയുമ്പോള്‍ വായിക്കാന്‍ പാറ്റിയത് നന്നായി :-) നന്ദി.

  പതുക്കെ PSC (പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍) യുടെ പിയും സിയും ചെറുതായ്‌ കൂടുന്നു ഡോക്ടര്‍ പറയാന്‍ തുടങ്ങീട്ട് ഒരു കൊല്ലമായെങ്കിലും കാര്യമായെടുതിരുന്നില്ല.

  ഒരു സംശയം: ഇരുപത്തിനാല് മണിക്കൂര്‍ കയ്യില്‍ സുനാപ്പി കെട്ടിക്കൊണ്ടു ഒന്നു പ്രഷര്‍ പരിശോധിക്കാന്‍ ചൈനയിലെ ഒരു ആശുപത്രിയില്‍ ചെന്നപ്പോള്‍ പറഞ്ഞു. അത് ഉപയോഗിച്ചു പ്രഷര്‍ variation ശരിക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്നും മരുന്നു കഴിക്കണോ എന്ന് പറയാം എന്നും ഡോക്ടര്‍ പറഞ്ഞു. അതില്‍ നിന്നും കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു ഗ്രാഫുകളും മറ്റും ഉണ്ടാക്കി കളിക്കാമത്രേ :-). അന്ന് സമയം കിട്ടിയില്ല. നാട്ടില്‍ വന്നപ്പോള്‍ ചോദിച്ചപ്പോള്‍ അങ്ങിനെ ഒരു വിവരോം ആര്‍ക്കും ഇല്ല. ഇതിന്റെ ആവശ്യം ഉണ്ടോ? അല്ലാതെ സൂരജ് പറഞ്ഞതുപോലെ മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ചെക്ക് ചെയ്തിട്ടു കൂടുതലാണെങ്കില്‍ മരുന്നു കഴിച്ചാല്‍ പോരെ?

  ReplyDelete
 27. സംഗതി അത്രയ്ക്കങ്ങ് പിടികിട്ടിയില്ല. എങ്കിലും ചില അവ്യക്തതകള്‍ മാറി. രക്തസമ്മര്‍ദ്ദത്തിനുള്ള ചികിത്സ എന്ന് പറയുമ്പോള്‍ മറ്റ് അവയവങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള തകരാറ് പരിഹരിക്കുകയാണു എന്ന് മനസിലാക്കണം? രക്ത മര്‍ദ്ദം സാധരാണഗതിയിലാകുന്നത് എല്ലാഭാഗങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണു? പോസ്റ്റ് ഒന്നു കൂടി ഇഅരിത്തി വായിക്കാം.

  ReplyDelete
 28. പ്രിയ പോസിട്രോണ്‍,
  രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് സൂരജിന്റെ ആധികാരിക വിവരണം കൂടുതല്‍ പിറകേ വരുമായിരിക്കും, ഗ്യാപ്പില്‍ കയറി ഒരു ലേമാന്‍ കുറിപ്പ് എഴുതട്ടെ.


  ധമനീസമ്മര്‍ദ്ദം (വാസ്കുലര്‍ പ്രഷര്‍) ഒരു പ്ലംബിങ്ങ് പ്രോബ്ലമായി ഉണ്ടാകുന്നത് അഞ്ചു ശതമാനത്തോളം രക്താതിസമ്മര്‍ദ്ദക്കാരിലേയുള്ളെന്നു വായിച്ചല്ലോ. ബാക്കിയുള്ളതിനെക്കുറിച്ച് സൂരജ് വിവരിച്ചത് വളരെ ഡീറ്റെയില്‍ ആയതാണ്‌ ആശയക്കുഴപ്പം ആയതെന്ന് തോന്നുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവം ക്ലീയറാകും.

  രക്താതിസമ്മര്‍ദ്ദവും ന്യൂനസമ്മര്‍ദ്ദവും ഉള്ളവരലില്‍ മഹാഭൂരിപക്ഷത്തിനും പ്രശ്നം പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍ അധവാ ശരീരത്തിന്റെ എന്‍ഡോജെനസ് നിയന്ത്രിക്കല്‍ സം‌വിധാനത്തിനു കണക്കു പിഴയ്ക്കുന്നതാണ്‌.

  അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് കാരണങ്ങളാലെ ഇതുണ്ടാകാമെങ്കിലും പ്രധാനമായി സംഭവിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്‌:

  1. കാര്‍ഡിയോപള്മൊണറി റിസ്പറ്റര്‍ (ബാരോറിസപ്റ്റര്‍) (എന്ന കോശസമൂഹം ശരീരത്തിന്റെ മിക്ക അംഗങ്ങളിലെയും ബ്ലഡ് പ്രഷര്‍ നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കാനും തോത് നിലനിര്‍ത്താനുമുള്ള നിര്‍ദ്ദേശം നാഡീവ്യൂഹത്തിനു കൊടുക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതനുസരിച്ച് രക്തം ഇരച്ചു വരുമ്പോഴും (സിസ്റ്റോള്‍) തിരിച്ചു ഹൃദയത്തില്‍ കയറുമ്പോഴും (ഡയസ്റ്റോള്‍) സിരകള്‍ എത്ര വ്യാസത്തില്‍ അയഞ്ഞുകൊടുക്കണം എന്ന സമ്വിധാനം പ്രതികരിക്കും . അങ്ങനെയാണ്‌ ശരീരം രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നത്. ധമനീവ്യാസം അയഞ്ഞുകൊടുക്കുന്തോറം സമ്മര്‍ദ്ദം കുറയുകയും മറിച്ചും. ഈ ബാരോറിസപ്റ്ററുകര്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തെ നോര്‍മലായി അംഗീകരിച്ചാല്‍‍ രക്തസമ്മര്‍ദ്ദം കൂടി തന്നെ നില്‍ക്കും (മറിച്ചും)


  2. റെനല്‍ ആഞ്ജിയോടെന്‍സിന്‍ - സൂരജ് വളരെ ലളിതമായിത്തന്നെ പറഞ്ഞല്ലോ. മൊത്തം രക്തത്തിന്റെ അളവ് കിഡ്ണി നിര്‍ണ്ണയിക്കുന്നതില്‍ കണക്കു തെറ്റിയാല്‍ ഉള്ള കുഴലിലെ രക്തം കൂടി മര്‍ദ്ദം കൂടും.

  3. അഡ്രിനല്‍ ഗ്രന്ഥി ഉണ്ടാക്കുന്ന സ്റ്റീറോയിഡുകള്‍ ശരീരത്തിന്റെ പൊട്ടാസ്യം സോഡിയം ബാലന്‍സ് ചെയ്യുന്നു. ഈ സ്റ്റീറോയിഡ് അളവില്‍ പിഴച്ചാല്‍ രക്തത്തില്‍ സോഡിയവും പൊട്ടാസ്യവും അളവു തെറ്റി രക്തക്കുഴലുകളുടെ ഓസ്മോസിസ് കണക്കു മാറ്റി രക്തത്തിന്റ്രെ അളവു തെറ്റിക്കും.

  മേല്പ്പറഞ്ഞവയെ ഡോക്റ്റര്‍ യധാക്രമം ബയോറിസ്പറ്റര്‍ സിമ്പതി, റെനല്‍ ഹൈപ്പര്‍ടെന്‍ഷന്‍, അഡ്രിനല്‍ ഹൈപ്പര്‍ട്ടെന്‍ഷന്‍ എന്നീ പേരുകളിള്‍ വിളിക്കും. ഇതല്ലാതെയും കാരണങ്ങളുണ്ട്, ഐബുപ്രൂഫന്‍ പോലെ ഒട്ടേറെ മരുന്നുകള്‍ക്കും രക്തസമ്മര്‍ദ്ദം മാറ്റാന്‍ കഴിയും. പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍ വരാന്‍ മിക്കപ്പോഴും ഇതൊക്കെ കാരണമാവും. പരിഹാരവും ഇതിനൊക്കെയാണു തേടുന്നതും.

  ReplyDelete
 29. ശ്രീ വല്ലഭന്‍ ജീ,

  ബി.പി ഏറ്റവും കുറഞ്ഞു നില്‍ക്കുന്നത് രാത്രികാലങ്ങളിലും ഏറ്റവും കൂടിയിരിക്കുന്നത് സ്റ്റീറോയിഡ് ഹോര്‍മോണുകള്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന പ്രഭാതകാലങ്ങളിലുമാണ്. അപ്പോള്‍ പലസമയത്തെ വ്യതിയാനം അളക്കുന്നതാണ് ഏറ്റവും ശാസ്ത്രീയം. കനേഡിയന്‍ ഹൈപ്പര്‍ടെന്‍ഷന്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണ് പല സമയത്തുള്ള ഈ ബി.പി അളക്കലില്‍ കൂടിയേ ഹൈപ്പര്‍ടെന്‍ഷന്‍ നിശ്ചയിക്കാവൂ എന്നത്.
  ബി.പി രോഗികളില്‍ പ്രധാനമായും നോക്കേണ്ടത് രാത്രികാലങ്ങളിലെ ബി.പി താഴ്ച ഇല്ലാതാകുന്നുവോ, അല്ലെങ്കില്‍ പ്രഭാതകാലങ്ങളിലെ ബിപി ഉയര്‍ച്ച സാധാരണ അനുവദനീയമായ അളവിലും മേലെയാണോ എന്നാണ്. ഇതില്‍ ആദ്യത്തേത് ഹാര്‍ട്ട് അറ്റാക്കുമായും, തലച്ചോറിലെ രക്തം കട്ടപിടിക്കലുമായും(thrombosis) ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തെത് തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടിയുള്ള ബ്ലീഡിംഗുമായി (ഹെമറെജ്) ബന്ധപ്പെട്ടുകിടക്കുന്നു.
  നമ്മുടെ നാട്ടില്‍ ഒറ്റത്തവണത്തെ ബി.പി നോട്ടം കൊണ്ടുതന്നെ മരുന്നെഴുതുന്ന വിദ്വാന്മാരാണ് അധികവും. അത് കാലാകാലങ്ങളിലെ evidence based ശാസ്ത്രീയ വിവരങ്ങള്‍ update ചെയ്യാതെ സ്വന്തം personal style-ന് അമിതപ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഴഞ്ചന്‍ പ്രാക്ടീസിംഗ് രീതിയുടെ ദൂഷ്യം കൂടിയാണ്. പിന്നെ ഒരേദിവസം പലപ്രാവശ്യം ബി.പി നോക്കുക എന്നത് നമ്മുടെ ദരിദ്രസമൂഹത്തിന് afford ചെയ്യാന്‍ പറ്റാത്തതും പ്രധാന കാരണമാണ്.
  ആകെ ചെയ്യാവുന്നത് രോഗിയെ ഇടയ്ക്കിടെ നേഴ്സിംഗ് ഹോമുകളിലോ മെഡിക്കല്‍ ക്യാമ്പുകളിലോ ഒക്കെപ്പോയി ഇടയ്ക്കിടെ ബി.പി നോക്കാന്‍ പഠിപ്പിച്ചു വിടാം എന്നതാണ്. ഒപ്പം രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും ബി.പി നോക്കി ഉറപ്പുവരുത്തിയിട്ടു മാത്രം മരുന്ന് ചികിത്സ തുടങ്ങുക എന്നതും :)

  ദേവേട്ടാ,

  ഡോക്ടറെക്കാണുമ്പോഴുള്ള ടെന്‍ഷന്‍ കൊണ്ടുള്ള White Coat ഹൈപ്പര്‍ടെന്‍ഷന്‍ എന്നും എവിടെയും ഒരു തലവേദനയാണ്. ഇതിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മുകളില്‍ ശ്രീവല്ലഭന്‍ ജീയുടെ കമന്റില്‍ പറയുന്ന Ambulatory BP recording ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഫുള്‍ ടൈം റെക്കോഡിംഗ് വേണ്ടാത്തതിനാല്‍ ഒരേ ദിവസത്തിന്റെ പല സമയങ്ങളില്‍ നമ്മള്‍ തന്നെ ഡിജിറ്റല്‍ മോണീറ്റര്‍ വച്ച് അളക്കുന്നതാണ് സൌകര്യം. അത് ഒരു ഡയറിയില്‍ കുറിച്ചിട്ട് ഓഡിറ്റ് ചെയ്യുമ്പോള്‍ അറിയാം ഏതൊക്കെ സമയങ്ങളിലാണ് സ്ഥിരമായി ബി.പി ഉയരുന്നത്,, അല്ലെങ്കില്‍ ആവറേജ് ബി.പി സാധാരണ നിലയില്‍ത്തന്നെയാണോ എന്നൊക്കെ. ശാസ്ത്രീയമായിപ്പറഞ്ഞാല്‍ ഈ രീതിയാണ് ബെസ്റ്റ്. എന്നാല്‍ ബി.പി എന്തെന്ന് പോലും അറിയാത്ത നമ്മുടെ ജനസാമാന്യത്തിന്റെ കാര്യത്തില്‍ ഇതു പ്രായോഗികമല്ലല്ലോ. നാളെയൊരുകാലത്ത് ഇതൊക്കെ നമ്മുടെ നാട്ടിലും വ്യാപകമായേക്കാം. അതുവരെ നമ്മളാല്‍ ആവുന്ന വിധത്തില്‍ മെഡിസിനെ സയന്റിഫിക് ആയി പ്രയോഗിക്കുക എന്നതേ വഴിയുള്ളൂ.

  ഞാന്‍ ക്ലിനിക്കിലെ രോഗികളില്‍ ഉപയോഗിക്കുന്ന രീതി ഇതാണ് :
  ആദ്യം അവരോട് കത്തിയടിക്കും - വീട്ടുകാര്യം നാട്ടുകാര്യം ഒക്കെ ചോദിച്ച് ചോദിച്ച്, പതിയെ ബി.പി. മുന്‍പ് നോക്കിയിരുന്നോ, എത്രയായിരുന്നു എന്നോര്‍മ്മയുണ്ടോ, മരുന്നു കഴിക്കാന്‍ ആരെങ്കിലും മുന്‍പ് പറഞ്ഞിട്ടുണ്ടോ ഇങ്ങനെയുള്ള കാര്യങ്ങളിലേക്കു കടന്നശേഷം വാചകമടിച്ചോണ്ട് തന്നെ പള്‍സ് നോക്കും. ടെന്‍ഷന്‍ കൂടുന്നയാളുടെ പള്‍സ് വേഗത്തിലാകുന്നത് സാമാന്യ തത്വമാണല്ലോ. അങ്ങനെ കൂടിയാല്‍ വാചകമടിയുടെ ടോപ്പിക് മാറ്റി 'ഹേയ് ഇതൊന്നും ഒരു പ്രശ്നമേ അല്ല സാറേ, സാറു ചുമ്മാതിരി' എന്ന ലൈനില്‍ കൊണ്ട് പോകും. പിന്നെ സ്റ്റെത്തെടുത്ത് ഹാര്‍ട്ട് പരിശോധിച്ച് ഇതൊന്നു കൂടി ഉറപ്പുവരുത്തിയിട്ടേ ബി.പി എടുക്കാന്‍ തുടങ്ങൂ. ബി.പി അപ്പാരറ്റസ് പേഷ്യന്റിനു കാണാവുന്ന തരത്തില്‍ വയ്ക്കാറില്ല. അതിനൊപ്പം റിലാക്സ്ഡ് വാചകമടി തുടരും. മാത്രവുമല്ല, ആദ്യത്തെ രണ്ടുമൂന്നു റീഡിംഗ് എടുക്കുമ്പോള്‍ നിര്‍ബന്ധമായും രണ്ടുകൈയിലെയും ബി.പി എടുത്ത് ശരാശരി നിര്‍ണയിക്കും. ഇത്രയുമായാല്‍ കുറേയൊക്കെ വെള്ള-കോട്ട്-ബി.പി കുറയ്ക്കാനാകും എന്നാണെന്റെ വിശ്വാസം. ഇത് ഒരുപാടു സമയമെടുക്കുന്ന രീതിയാണെന്ന് തോന്നാമെങ്കിലും 10 മിനിറ്റേ ശരാശരി വേണ്ടിവരൂ എന്നതാണ് അനുഭവം. കാരണം വാചകമടിച്ച് രോഗിയില്‍ വിശ്വാ‍സം ഉണ്ടാക്കുമ്പോള്‍ തന്നെ നമ്മള്‍ ഹൃദയ/ശ്വാസകോശ/പള്‍സ് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നു.അങ്ങനെ സമയം ലാഭിക്കാം. (ഈ സംഗതി ഒരു വ്യക്തിനിഷ്ഠ പരീക്ഷണം മാത്രമാണേ- വസ്തുനിഷ്ഠമായ പഠനങ്ങളില്ലാതെ ഇതിന്റെ ഫലപ്രാപ്തിയേയോ രീതിയേയോ ജെനറലൈസ് ചെയ്യാനേ പറ്റില്ല.)

  പിന്നെ ദേവേട്ടാ, ആ ബാരോറിസപ്റ്റര്‍ മെക്കാനിസത്തിന്റെ വിശദാംശങ്ങള്‍ മന:പൂര്‍വം പോസ്റ്റില്‍ ഒഴിവാക്കിയാണ് രക്തക്കുഴലുകളുടെ ഇലാസ്റ്റികതയെ കുറിച്ചു മാത്രം പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്റെ ഒന്നാം പോയിന്റായി പറഞ്ഞത്. ഇല്ലെങ്കില്‍ തലച്ചോറിലെ വാഗസ് നാഡിയുടെ ഉത്ഭവസ്ഥാനത്തെ രാസപ്രക്രിയകള്‍ മുതല്‍ കരോട്ടിഡ്/അയോര്‍ട്ടിക് ധമനികളിലെ റിസപ്റ്ററുകള്‍ വരെ വിശദീകരിക്കേണ്ടിവരും.(അതോര്‍ത്താല്‍ ഇപ്പോഴും ചങ്കിടിക്കും - ഒന്നാം വര്‍ഷത്തെ ഗ്ലോറിന്‍ മാഡത്തിന്റെ കാര്‍ഡിയാക് ഫിസിയോളജി ക്ലാസ് ചെവിയില്‍ മുഴങ്ങുന്നു ! :)

  പ്രിയ പോസിട്രോണ്‍ ജീ,

  താങ്കളുടെ സംശയത്തിന്റെ ഉത്തരം പോസ്റ്റിലും ദേവേട്ടന്റെ മറുപടി കമന്റിലും വ്യക്തമാണ് എന്ന് കരുതുന്നു.
  താങ്കള്‍ ചോദിച്ചു>>"..രക്തസമ്മര്‍ദ്ദത്തിനുള്ള ചികിത്സ എന്ന് പറയുമ്പോള്‍ മറ്റ് അവയവങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള തകരാറ് പരിഹരിക്കുകയാണു എന്ന് മനസിലാക്കണം?"

  രക്തസമ്മര്‍ദത്തിന്റെ പ്രധാനപ്രശ്നം രക്തക്കുഴലിന്റെ elasticity-ക്കു വരുന്ന മാറ്റമാണ്.ഇതിന്റെ കാരണങ്ങളാണ് ഹോര്‍മോണ്‍ വ്യതിയാനവും, ശരീരത്തിലെ ഉപ്പിന്റെ അളവു വ്യതിയാനങ്ങളും ഒക്കെ. രക്തസമ്മര്‍ദം നിയന്ത്രണത്തിലാകുമ്പോള്‍ ഏറെക്കുറേ മറ്റ് അവയവങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അഥവാ, ഈ ബഹുമുഖ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുള്ള ചികിത്സാരീതികളും മരുന്നുകളുമാണ് നാം ഉപയോഗിക്കുന്നത് എന്ന് സാരം.

  "...രക്ത മര്‍ദ്ദം സാധരാണഗതിയിലാകുന്നത് എല്ലാഭാഗങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണു?.."

  അല്ല. രക്തസമ്മര്‍ദ്ദം സ്ഥിരമായോ അല്ലാതെയോ വര്‍ധിക്കുമ്പോള്‍ വരാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. ആ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുക എന്നതുമാത്രമാണ് രക്തസമ്മര്‍ദ്ദം നോര്‍മലാക്കുക എന്നതുകൊണ്ട് ചികിത്സാശാസ്ത്രത്തില്‍ ഉദ്ദേശിക്കുന്നത്. രക്തസമ്മര്‍ദം നോര്‍മലായിരുന്നാലും മറ്റു കാ‍രണങ്ങള്‍ കൊണ്ട് രക്ത പമ്പിങ്ങ് സിസ്റ്റത്തിലെ ഘടകങ്ങള്‍ക്ക് - കിഡ്നി, ഹൃദയം, രക്തക്കുഴല്‍ തുടങ്ങിയവയ്ക്ക് - പ്രശ്നങ്ങള്‍ വരാം. ഉദാഹരണത്തിന് കൊളസ്ട്രോള്‍ അമിതമായി കുഴലിനുള്ളില്‍ അടിഞ്ഞാല്‍ അത് കുഴലിലെ smoothe blood flow-യെ ബാധിക്കും. രക്തയോട്ടം turbulent ആകുമ്പോള്‍ കുഴലിനുള്ളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയേറുന്നു. ഈ കട്ടപിടിക്കല്‍ തലച്ചോറിലേക്കോ ഹൃദയഭിത്തിയിലേക്കോ രക്തം കൊണ്ടു പോകുന്ന കുഴലുകളില്‍ വരുമ്പോളാണ് Stroke, Heart attack എന്നിവയുണ്ടാകുക. (ഇതിന്റെ സാങ്കേതിക വശം കൂടുതല്‍ വിശദമായി ഈ പോസ്റ്റില്‍ പറഞ്ഞുപോകുന്നുണ്ട്.പ്രയോജനപ്പെടുമെന്നു കരുതട്ടെ.)

  സംശയങ്ങളിലൂടെയാണ് അറിവ് വളരുന്നത്. സംശയങ്ങള്‍ ഇനിയും ധാരാളം പോരട്ടെ. ഒരു നിത്യവിദ്യാര്‍ത്ഥിയായ എനിക്ക് ഇതുകൊണ്ടുണ്ടാകുന്ന പ്രയോജനം ചില്ലറയല്ല.

  ReplyDelete
 30. പ്രീയ സൂരജ്‌,

  രക്ത സമ്മര്‍ദ്ധം പല പ്രാവശ്യം അളന്നു നോക്കണമെന്നുള്ളത്‌ എനിക്കു പുതിയ അറിവാണ്. എല്ലാ മാസവും ഡോക്ടരുടെ മുമ്പില്‍ കൈ നീട്ടി കൊടുക്കാറുണ്ടെങ്കിലും ഒരു പ്രാവശ്യത്തില്‍ കുടുതല്‍ അദ്ദേഹവും നോക്കി കണ്ടിട്ടില്ല. എന്റെ കൈയ്യിലും ഒരു ഡിജിറ്റല്‍ മീറ്റര്‍ ഉണ്ട്‌. വല്ലപ്പോഴും ഒരു നേരം നോക്കാന്‍ മാത്രം ഉപയോഗിക്കുന്നു.

  ഈ പുതിയ അറിവ്‌, പ്രത്യേകിച്ചും ഡിജിറ്റല്‍ മീറ്റര്‍ കൈവശം ഉള്ള എനിക്ക്‌, വളരെയധികം പ്രയോജനപ്പെടും. പക്ഷേ, നോക്കി..നോക്കി ടെന്‍ഷന്‍ കൂടുമോ എന്തോ? ഇതെല്ലാം കൂടി തലയില്‍ കേറ്റി വച്ചതു കൊണ്ടുള്ള ടെന്‍ഷന്‍ കാരണമായിരിക്കണം ദേവന്റെ തടി കൂടാത്തത്‌.

  ReplyDelete
 31. ദേവന്റെ ലേകനത്തിലൂടെയാ സൂരജിന്റെയടുത്തെത്തിയത്; ദേവന്‍ 'സൂരജിന്റെ ലേഖനം, സൂരജിന്റെ ലേഖനം' എന്നു പറയുന്നതല്ലാതെ ഒരു കൊളുത്തു തരാത്തതിനാല്‍ ഗൂഗിളമ്മച്ചിയുടെ കാലില്‍ തൊട്ടു വന്ദിച്ചാണു ഇവിടം വന്നതു; വന്നതു നന്നായി; ഇപ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍കാത്ത ഭക്ഷണം എന്നില്‍ പരീക്ഷിക്കുകയാ.... എന്തൊക്കെ ജാതി മനുഷ്യരാ അല്ലെ.

  ReplyDelete
 32. am so lateto read ur article..wonderful....awesokme...r u a medical student?............plz reply........

  ReplyDelete
 33. ഡാക്കിട്ടറണ്ണാ വായിച്ചപ്പോള്‍ പകുതി അസുഖം പോയി.
  നിങ്ങള്‍ ജാഡയില്ലാത്ത പൊന്നു പുലി തന്നെ.

  ReplyDelete