സങ്കടത്തിന്റെ മസ്തിഷ്ക ആഴങ്ങൾ

തലച്ചോറിന്റെ അധോഭാഗത്തായി കാണുന്ന ഗ്രേ മാറ്ററിന്റെ ഒരു കൂട്ടമുണ്ട് - ബേയ്സല്‍ ഗാംഗ്ലിയ എന്നു വിളിക്കും. വികാരവിചാരങ്ങളുടെയും അതിനോടൊക്കെയുള്ള ജന്തുക്കളുടെ പ്രതികരണങ്ങളുടെയും ഏറ്റവും ഉയര്‍ന്നതലത്തിലെ പ്ലാനിംഗ് നടക്കുന്ന ഉന്നത ഭാഗങ്ങളില്‍ നിന്നുള്ള സിഗ്നലുകളെ അപഗ്രഥിച്ച് പല ഇറ്ററേഷനുകളില്‍ നിന്ന് ഒരു കൃത്യം ചെയ്യാന്‍ വേണ്ടുന്ന ശരിയായ ചലനത്തെ മുഖം/വായ/കൈകാലുകള്‍ തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് അയക്കാന്‍ അത്യാവശ്യമാണ് ബേയ്സല്‍ ഗാംഗ്ലിയ. ഈ ഭാഗത്ത് വരുന്ന സര്‍ക്കിറ്റ് പ്രശ്നങ്ങള്‍ കൊണ്ടുള്ള രോഗങ്ങളിലാണ് ഈയെഴുതുന്നവന്‍ സ്പെഷ്യലൈസ് ചെയ്യുന്നത്.

ഈ പ്രശ്നങ്ങളുടെ ഫലമായി വരുന്ന പലരോഗങ്ങളിലും (പാര്‍ക്കിന്‍സണ്‍, ഡിസ്റ്റോണിയ, ചിലതരം വിറയലുകള്‍, ബാലന്‍സിന്റെ പ്രശ്നങ്ങള്‍) ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന ഒരു ചികിത്സ 1980കള്‍ മുതല്‍ക്ക് പ്രചാരത്തിലുണ്ട്. തലയൊട്ടിയില്‍ കുഞ്ഞ് തുളകളുണ്ടാക്കി അതിലൂടെ തലച്ചൊറിലേക്ക് രണ്ട് വയറുകള്‍ കടത്തി ബേസല്‍ ഗാംഗ്ലിയയുടെ ഉപഭാഗങ്ങളിലോ മറ്റു മസ്തിഷ്കഭാഗങ്ങളിലോ വളരെ കുഞ്ഞ് കറന്റ് കടത്തി വിട്ട് ചില സര്‍ക്കിറ്റുകളെ പ്രകോപിപ്പിക്കുകയും ചിലവയെ അടച്ച് പൂട്ടുകയും ഒക്കെ ചെയ്തു കൊണ്ടാണ് ഈ സംഗതി ഫലിക്കുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് തലയിലെ മുറിവൊക്കെ ഉണങ്ങി 6 ആഴ്ച കഴിഞ്ഞാണ് രോഗി ഞങ്ങളുടെ ക്ലിനിക്കില്‍ പ്രോഗ്രാമിംഗിനായി മടങ്ങി വരുക. രണ്ട് മൂന്നു മണിക്കൂര്‍ കൊണ്ട് മസ്തിഷ്കത്തില്‍ ഫിറ്റ് ചെയ്ത വയറുകളിലെ പല കൊണ്ടാക്റ്റുകള്‍ ഞങ്ങള്‍ പല തരത്തില്‍ സ്റ്റിമുലേറ്റ് ചെയ്യുന്നു, അങ്ങനെ ഏത് കോണ്ടാക്റ്റുകള്‍ ആണ് രോഗലക്ഷണങ്ങളെ ഏറ്റവും ഫലപ്രദമായി കുറയ്ക്കുന്നത് എന്ന് നോക്കിയിട്ട് അതില്‍ നിന്ന് ചില കോമ്പിനേഷനുകള്‍ സെറ്റുചെയ്ത് രോഗിയെ മടക്കിവിടുന്നു. മസ്തിഷ്കത്തിന്റെ തലാമസ്, ഇന്റേണല്‍ ഗ്ലോബസ് പാലിഡസ്, സബ്‌ തലാമിക് ഏരിയ ഒക്കെ ഇങ്ങനെ വൈദ്യുതിയാല്‍ ദ്യോതിപ്പിക്കാവുന്ന ഭാഗങ്ങളാണ്.

ഈ പണി ചെയ്ത് എത്ര പഴക്കം വന്നാലും ചില ഏരിയകളെ പ്രകോപിപ്പിക്കുമ്പോള്‍ രോഗിയില്‍ കാണുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. കൈകാലുകളും മുഖവും കോടുന്ന, സ്റ്റ്രോക്ക് പോലുള്ള അവസ്ഥകളെ വളരെ ചെറിയ സമയത്തേക്കാണെങ്കിലും ഉളവാക്കാന്‍ ചില ഏരിയകളെ സ്റ്റിമുലേറ്റ് ചെയ്താല്‍ സാധിക്കും. മുഖത്തേക്കും വായ/തൊണ്ട എന്നിവിടങ്ങളിലേക്കുള്ള ചില നാഡികള്‍ വരുന്ന ഏരിയകളെ തരിപ്പിച്ചാല്‍ ഉണ്ടാകുന്ന റിയാക്ഷന്‍ ആണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്താറ്: ചിരിച്ചുകൊണ്ടിരിക്കുന്ന രോഗി പെട്ടെന്ന് മൂഡ് ഔട്ട് ആകുന്നു, പിന്നെ അവാച്യമായ ഒരു വിഷാദം വരുന്നതായി അവര്‍ പറയാറുണ്ട്; ചിലര്‍ പെട്ടെന്ന് കരയും, എന്തിനു കരയുന്നു എന്നു ചോദിച്ചാല്‍ വാക്കുകള്‍ നിന്ന് തിക്കുമുട്ടുന്നത് കാണാം, സംസാരിക്കാന്‍ പറ്റുന്നില്ല എന്ന് ചിലര്‍ ആംഗ്യത്താല്‍ സൂചിപ്പിക്കും, "സങ്കടത്തിന്റെ ആഴം ഞാന്‍ കണ്ടു" എന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്.  മസ്തിഷ്കത്തെ സുഷു‌ംന നാഡിയുമായി കണക്റ്റ് ചെയ്യുന്ന ബ്രെയിന്‍സ്റ്റെം എന്ന ഭാഗത്താണ് നമ്മുടെ വികാരങ്ങളുടെ പൈപ്പ് ലൈന്‍ കണ്ട്രോള്‍. ഈ ഭാഗത്ത് സ്ട്രോക്ക് അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് ഒക്കെ വരുന്ന ആളുകളില്‍ വികാരങ്ങളുടെ നിയന്ത്രണമില്ലാതാകുന്ന അവസ്ഥയുണ്ടാവാം. നിയന്ത്രണമില്ലാത്ത പൊട്ടിച്ചിരി - പ്രത്യേകിച്ച് സന്തോഷമൊന്നും ഇല്ലാത്ത ചിരിയാണിത്; നിയന്ത്രിക്കാനാവാത്ത കരച്ചില്‍ - സങ്കടം വന്നില്ലെങ്കിലും കരയാം.

ഇതൊക്കെ നിലവില്‍ തന്നെയുള്ള മസ്തിഷ്കവിജ്ഞാനമാണ്. ക്ലിനിക്കില്‍ ഇത് സംഭവിക്കുമ്പോള്‍ കൈയ്യിലെ പ്രോഗ്രാമര്‍ ടാബ്ലെറ്റില്‍ രണ്ട് കുത്ത് മാറ്റി കുത്തി മാറ്റാവുന്ന സംഗതിയേ ഉള്ളൂ. ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ കൊണ്ട് സ്ട്രോക്കൊന്നും വരാറില്ല. കറന്റ് ഓഫാക്കുക, അല്ലെങ്കില്‍ വേറേ ഇലക്ട്രോഡ് കോണ്ടാക്റ്റുകള്‍ ഉപയോഗിക്കുക. എല്ലാം പഴയ പടി.  രോഗിക്ക് കണ്ണീരൊപ്പാന്‍ ഒരു ടിഷ്യൂ കൊടുത്തിട്ട് എന്തെങ്കിലുമൊക്കെ വളിപ്പടിച്ച് അന്തരീക്ഷത്തിന്റെ കനം കുറയ്ക്കാന്‍ അധികം നേരം വേണ്ട.  പക്ഷേ  ഒറ്റയ്ക്കിരിക്കുമ്പോള്‍, ലോംഗ് ഡ്രൈവുകളില്‍ ഒക്കെ ഇത് കേറി വരും ... "സങ്കടത്തിന്റെ ആഴം". എന്താണ് ആ ആഴം?

അവാച്യമായ ചില വികാരങ്ങളെപ്പറ്റി പ്രോഫറ്റ് ഒഫ് ഫ്രിവോലിറ്റി (Abdul Latheef) FBയിൽ എഴുതുന്നത് വായിക്കുമ്പോള്‍ ഇത് പിന്നെയും അലട്ടുന്നു.

***
ഇമോഷണൽ എക്സ്പ്രഷന്റെ കണ്ട്രോൾ വളരെ കോംപ്ലിക്കേറ്റഡ് ആയ പ്രോസസ് ആണ്. ചുരുങ്ങിയത്  4-5ഏരിയകൾ എങ്കിലും മനുഷ്യരിൽ ഇന്വോൾവ്ഡ് ആണ്. വളരെ അയഞ്ഞ ഒരു വർഗ്ഗീകരണം നടത്താമെങ്കിൽ രണ്ട് ലെവലിൽ പ്രോസസുകളെ കാണാം - ഉയർന്ന ലെവലിൽ, അതായത് കോർട്ടക്‌സിന്റെ ഏരിയകളിൽ നടക്കുന്ന പ്ലാനിംഗ്; താഴ്ന്ന ലെവലിൽ, അതായത് ബ്രെയിൻസ്റ്റം, സെറിബെല്ലം എന്നിവയുടെ ലെവലിൽ നടക്കുന്ന പ്ലാനിങ്. ഉയർന്ന ലെവലിൽ നടക്കുന്ന പ്ലാനിംഗിൽ ഇമോഷന്റെ അര്ഥം എൻകോഡ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് വിചാരിക്കുന്നത്. ബ്രെയിൻസ്റ്റം, സെറിബെല്ലം എന്നിവ ഈ ഇമോഷന്റെ എക്സ്പ്രെഷൻ സ്മൂത് ആക്കാനാണ് സഹായിക്കുക. ഈ ലെവലിൽ ഇമോഷന്റെ അർത്ഥത്തെയോ ക്വാളിറ്റിയെയോ വ്യക്തമാക്കുന്ന പ്രോസസിംഗ് നടക്കുന്നില്ല എന്നാണ് കരുതപ്പെടുന്നത്.

പ്രകടിപ്പിച്ച ഇമോഷൻ തിരികെ ഫീഡ് ബാക്കായി മസ്തിഷ്കത്തിന്റെ പ്രജ്ഞ/അവബോധ മേഖലകളിൽ വീണ്ടും പ്രോസസ് ചെയ്യപ്പെടും. ഈ സ്റ്റേജിൽ ആണ് ചിരിക്കേണ്ടിടത് കരഞ്ഞോ, കരയേണ്ടിടത് വിതുമ്പിയാൽ മതിയോ പൊട്ടിക്കാരയാണോ എന്നൊക്കെ ഉള്ള പ്രോഗ്രാമിംഗ് വീണ്ടും നടക്കുന്നത്. ഈ ഫീഡ് ബാക്ക് ഓണ്ലൈൻ (real-time) ആണ്. മേൽ പറഞ്ഞ പൈപ്പ് ലൈൻ കണ്ട്രോൾ ഇതിനെ സമൂത് ആക്കുന്നു. കുഞ്ഞുനാൾ മുതൽ ജീവിത കാലമത്രയും ബാക്ക് ആന്റ് ഫോർത് റിയാക്ഷനുകൾ കണ്ടും പരിശീലിച്ചും ആണ് ഈ ഫീഡ്ബാക്ക് സിസ്റ്റം സ്വയം കറക്റ്റ് ചെയ്യാൻ പഠിക്കുന്നത്.

ലഹരികൾ, മരുന്ന്, ധ്യാനം, കവിത, സാഹിത്യം ഒക്കെ കൊണ്ട് ഉണ്ടാക്കാവുന്ന സ്വാധീനം സാധാരണ ഉയർന്ന ലെവലിലെ പ്രോസസിംഗിനെ ആണ് മാറ്റാറ്. ഞാൻ പറഞ്ഞ സ്റ്റിമുലേഷൻ അധോതല പ്രോസസിംഗിനെ ആണ് ബാധിക്കുക. ഇത് കാരണം ഇമോഷന്റെ ക്വാളിറ്റി, അര്ഥം എന്നിവയെ മനസിലാക്കാൻ ബ്രെയിൻ സ്റ്റിമുലേഷന്റെ സൈഡ് ഇഫക്ട് കൊണ്ടുള്ള വികാരവേലിയേറ്റത്തിനു വിധേയ ആകുന്ന വ്യക്തിക്ക് സാധിക്കില്ല.

എന്റെ ഒരു ശിക്ഷിത ഊഹം പറഞ്ഞാൽ, ഇമോഷന്റെ ക്വാളിറ്റിയെ ബോധതലത്തിലേക്ക് ഫീഡ് ബാക്ക് ചെയ്യുന്ന സർക്കിറ്റുകളെ ആകാം അധോതല ഓവർ സ്റ്റിമുലേഷൻ നിഷേധിക്കുന്നത്. തന്മൂലം ആവാം "അവാച്യമായ" അനുഭവം ആണ് ഇത് എന്നോ, "എന്തെന്നില്ലാത്ത വികാരം" ആണ് ഇത് എന്നോ ഒക്കെ പേഷ്യൻസ് ഇതിനെപ്പറ്റി പറയാറ്. വൈദ്യുതിയുടെ ഇന്റൻസിറ്റി കുറച്ച് കൊണ്ടുവന്നാൽ ഇത് മാറുന്നത് വളരെ രസകരമായ കാഴ്ചയാണ്. Makes you - the clinician - feel like a god.

(ഫെയ്‌സ്ബുക്കിൽ കുറിച്ചതിൽ നിന്ന് പകർത്തിയെഴുതിയത്)

യക്ഷികളുണ്ടാവുന്നത്

"സന്ധ്യയാകുമ്പോള്‍ അവള്‍ എന്നും വരും, അടുത്തിരിക്കും. ഞങ്ങള്‍ പലതും സംസാരിക്കും."
"അവള്‍... ശരിക്കും അങ്ങനൊരുവള്‍ ഇല്ല എന്ന് അറിയാമോ ഫ്രെഡിന്?" എന്റെ കൗതുകം ഏറി.
"അറിയാം. അവള്‍ക്ക് എന്റെ കോളെജ് ഗേള്‍ഫ്രണ്ടിന്റെ ഛായയാണ്", ഫ്രെഡ് ഉറക്കെ പ്രഖ്യാപിച്ചു.
"അതെന്താ ഫ്രെഡ്, ഭാര്യയുടെ ഛായ അല്ലാത്തത്?" ഫ്രെഡിന്റെ ഭാര്യ ലിന്‍ഡയെ ഇടങ്കണ്ണിട്ട് നോക്കി ചിരിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു.
"അറിയില്ല. അത് പറഞ്ഞ് ലിന്‍ഡ എന്നെ ഇടയ്ക്ക് തോണ്ടാറുണ്ട്".
 ഫ്രെഡും ലിന്‍ഡയും പൊട്ടിച്ചിരിച്ചു.
ഇത് ഡൈവോഴ്സിലൊന്നും എത്തിയില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ നിശ്വസിച്ചു.

* *

 3,4 ഡൈഹൈഡ്രോക്സി ഫീനെഥിലമീന്‍ എന്ന് മുഴുവന്‍ പേര്. ഡോപ്പമീന്‍ എന്നു ചെല്ലപ്പേര്. കുപ്പിയില്‍ എടുത്താല്‍ ചത്ത മീനിന്റെ മണമുള്ള ഒരു രാസവസ്തു. തലച്ചോറിലെ പല നാഡീബന്ധങ്ങളുടെയും പ്രായോജകനും നിയന്താവുമാണ്. മസ്തിഷ്കമധ്യം (മിഡ്‌ബ്രെയിന്‍) എന്നു വിളിക്കുന്ന ഒരു ഭാഗവും അതിനു മുകളിലെ സ്ട്രയേറ്റം എന്നു വിളിക്കുന്ന ഒരിടവും തമ്മില്‍ സംസാരിക്കുന്നത് ഡൊപ്പമീനുപയോഗിച്ചാണ്. ദേഹഭാഗങ്ങള്‍ ചലിപ്പിക്കാന്‍ മസ്തിഷ്കം കുറേയധികം കമ്പ്യൂട്ടേഷനുകള്‍ നടത്തേണ്ടതുണ്ട്. ഇതിനായി കോഡ് ചെയ്ത് വിടുന്ന മോട്ടോര്‍ പ്രോഗ്രാമുകളില്‍ നിന്ന് കൊള്ളാവുന്നവയെ തെരഞ്ഞെടുക്കുകയും ആവശ്യമില്ലാത്ത ചലന പ്രോഗ്രാമുകളെ ഒഴിവാക്കുകയും വഴി നമ്മുടെ നടപ്പിനെയും കൈകാലനക്കങ്ങളെയും അര്‍ഥപൂര്‍ണമാക്കുക എന്നതാണ് സ്ട്രയേറ്റവും മസ്തിഷ്കമധ്യവും ഉള്‍പ്പെടുന്ന  ബേസല്‍ ഗാംഗ്ലിയ എന്ന സര്‍ക്കിറ്റിന്റെ ജോലി.  ഡോപ്പമീന്‍ സ്രവിക്കുന്ന നാഡികള്‍ ക്രമേണ ലൂയി ബോഡികള്‍ എന്നു വിളിക്കുന്ന പ്രോട്ടീന്‍കലർന്ന ബ്ലോക്കുകള്‍ കാരണം നശിക്കുന്ന ഒരു അസുഖത്തെപ്പറ്റി ഡോ. ജെയിംസ് പാര്‍ക്കിന്‍സണ്‍ 1817ല്‍ എഴുതുകയുണ്ടായി. എന്തുതരം നാഡീവ്യവസ്ഥയെയാണിത് ബാധിക്കുന്നതെന്നോ ഡൊപ്പമീനാണു പിന്നിലെ താരമെന്നോ ഒന്നും അറിഞ്ഞിട്ടല്ല, രോഗികളുടെ ലക്ഷണങ്ങള്‍ മാത്രം വിശദീകരിക്കുന്ന ഒരു ദീര്‍ഘോപന്യാസമാണ് പാര്‍ക്കിന്‍സണ്‍ പ്രസിദ്ധീകരിച്ചത്. 1850-60 കളില്‍ യൂറോപ്യന്‍ ന്യൂറോളജിയുടെ ഗുരുകാരണവന്‍ ഷാന്മാര്‍ട്ടാന്‍ ഷാര്‍ക്കൂ ഈ രോഗത്തെ പാര്‍ക്കിന്‍സണ്‍ രോഗമെന്നു വിളിച്ച് ആദരിച്ചു. ഫ്രെഡിനു പാര്‍ക്കിന്‍സണ്‍ രോഗമാണ്.

കൈവിറയലും നടപ്പിന്റെ ആക്കം കുറയലും വേഗതയില്ലായ്മയും കാരണം അമ്പത്തിമൂന്നാം വയസില്‍ ഒരു അഗ്നിശമനസേനയുടെ തലപ്പത്ത് നിന്ന് ഫ്രെഡ് റിട്ടയര്‍മെന്റ് വാങ്ങി. മറ്റൊരു സംസ്ഥാനത്തേയ്ക്ക് വീടുമാറി താമസമായെങ്കിലും ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ കൃത്യമായി പരിശോധനയ്ക്കു വരും. പല പ്രായത്തിലുള്ള പാര്‍ക്കിന്‍സണ്‍ രോഗികള്‍ ഇരിക്കുന്ന കാത്തിരിപ്പുമുറി കടന്ന് വരുമ്പോള്‍ എല്ലാ തവണയും ഫ്രെഡ് ആധിയോടെ ചോദിക്കാറുണ്ട്, അടുത്തതവണ വരുമ്പോള്‍ ഞാന്‍ വീല്‍ ചെയറിലാകുമോ, വാക്കര്‍ ഉപയോഗിക്കേണ്ടി വരുമോ എന്നൊക്കെ. 1930-50കള്‍ വരെ ഈ രോഗികള്‍ അഞ്ചാറു കൊല്ലത്തിനകം കിടപ്പിലാകുകയും അങ്ങനെ ന്യുമോണിയയോ മറ്റ് അണുബാധകളോ വന്ന് മരിക്കുകയുമായിരുന്നു പതിവ്. ഇന്ന് പത്ത് പന്ത്രണ്ട് തരം മരുന്നുകളും വിവിധതരം മസ്തിഷ്ക ശസ്ത്രക്രിയകളും ഒക്കെയായി ഒരുപാട് ചികിത്സ ലഭ്യമാണ്.  ഭേദമാക്കാനാകാത്ത രോഗമാണെങ്കിലും രോഗലക്ഷണം നിയന്ത്രിക്കാനും രോഗം മൂലമുള്ള വൈകല്യങ്ങളെ 75-85 ശതമാനത്തോളം അകറ്റി നിര്‍ത്താനും അതുവഴി ജീവിത ഗുണനിലവാരം ഉയര്‍ത്താനും ഇന്ന് സാധിക്കും. എണ്‍പതും തൊണ്ണൂറും വയസ് വരെ ജീവിക്കുന്ന രോഗികള്‍ സര്‍‌വ്വസാധാരണയാണ് പാശ്ചാത്യ സമൂഹങ്ങളിലൊക്കെ.

പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ മുഖ്യ പ്രശ്നം ചലനങ്ങൾ മരവിക്കുന്നതാണ്. ചലനത്തിനു വേണ്ടുന്ന മസ്തിഷ്ക പ്രോഗ്രാമുകള്‍ ശരിയായി തെരഞ്ഞെടുക്കാന്‍ സ്ട്രയേറ്റത്തിനു കഴിയാതാവുന്നു. ഒപ്പം വേണ്ടാത്ത ചലനങ്ങള്‍ വര്‍ധിക്കുന്നു. സര്‍ക്കിറ്റുകള്‍ പ്രശ്നത്തിലാകുമ്പോള്‍ നാഡീവ്യൂഹത്തിനുള്ളില്‍ ചില ചാക്രിക കമ്പനങ്ങള്‍ (oscillations) ഉണ്ടാകാറുണ്ട്. ഇവകാരണം ചില അനാവശ്യ ചലങ്ങള്‍ ചാക്രികമാകുന്നു, പ്രത്യേക ഫ്രീക്വന്‍സികളില്‍  ആവര്‍ത്തിക്കുന്നു. കൈകാലുകളിലെ വിറയലുകള്‍ ഇതിനുദാഹരണമാണ്.  ഈ രോഗം ബാധിക്കുന്നതില്‍ മഹാഭൂരിപക്ഷവും അറുപത്തഞ്ച് വയസിനു മേലുള്ളവരാണ്. ഫ്രെഡിനെപ്പോലെ താരതമ്യേന ചെറുപ്പത്തിലേ ഇത് വരുന്നവര്‍, ഭാഗ്യവശാല്‍, അപൂര്‍‌വ്വം. ഏതാണ്ട് 5-10% രോഗികള്‍ ചില ജീനുകളുടെ പരിവര്‍ത്തനം മൂലം ഈ രോഗം വരുന്നവരാണ്.

ഡോപ്പമീന്‍ സ്രവിക്കുന്ന നാഡികളാണ് നശിക്കുന്നതില്‍ മുഖ്യം എന്നതിനാല്‍ ഡോപ്പമീന്‍ ഗുളിക രൂപത്തിലോ കുഴമ്പായോ ശരീരത്തിലെത്തിക്കുക എന്നതാണ് മുഖ്യ ചികിത്സ. ഫ്രെഡിനെപ്പോലെ പ്രായമധികമാവാത്ത രോഗികള്‍ക്ക് ഡൊപ്പമീന്‍സ്രാവ നാഡികള്‍കുറേയൊക്കെ നശിക്കാതെ ബാക്കി കാണും (പ്രമേഹ രോഗികളുടെ ആദ്യ വര്‍ഷങ്ങളില്‍ ഇന്‍സുലിന്‍ ബാക്കിയാവുന്നത് പോലെ). ഈ നാഡികളെ കൂടുതല്‍ ഡോപ്പമീനുല്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മരുന്നുകളാണ് ഡോപ്പാ അഗണിസ്റ്റുകള്‍.  ഇവയുടെ പ്രധാന പാര്‍ശ്വഫലങ്ങളിലൊന്നാണ് ഹാലൂസിനേഷനുകള്‍ - ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്ന തോന്നല്‍. രസകരമായൊരു സംഗതി, ലോകത്ത് ഏത് സംസ്കാരത്തിലോ ഭാഷാ ഉപവിഭാഗത്തിലോ പെട്ട പാര്‍ക്കിന്‍സണ്‍ രോഗിയെ എടുത്താലും, അവരുടെ ഡോപ്പാ അഗണിസ്റ്റ് മരുന്നുകള്‍ മൂലമുള്ള ഹാലൂസിനേഷനുകള്‍ ഏതാണ്ട് ഒരേ പാറ്റേണ്‍ ആണ് കാണിക്കാറ് എന്നതാണ്. ഫ്രെഡ് സ്ഥിരമായി പ്രേതരൂപിയായ ഒരു സ്ത്രീയെ കാണും, സംസാരിക്കും. ഫ്രെഡിനവളെ പേടിയില്ല. അങ്ങനൊരുവള്‍ ഇല്ല എന്നു ഫ്രെഡിനറിയാം. എന്നാലും അവള്‍ക്ക് പരിചയത്തിലെ ആരുടെയോ മുഖമാണ്. ഫ്രെഡ് പറയുന്നത് കോളെജ് കാലത്തെ കാമുകിയെപ്പോലെയാണവളെന്നത്രെ.

ഡോപ്പമീന്‍ ചലനവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. പൊതുവേയുള്ള ഉന്മേഷം, ആനന്ദം,  ആഗ്രഹപൂര്‍ത്തീകരണം, കാര്യം നേടിക്കഴിഞ്ഞാല്‍ കിട്ടുന്ന സന്തോഷം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ഡോപ്പമീന്‍ നിയന്താവാണ്. ഈ സംഗതികളെയാകെ ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണ് ലഹരി. മദ്യം, മയക്കുമരുന്ന്, പുകയില, ചൂതാട്ടം, സെക്സ് എന്നു വേണ്ട ഫെയ്സ് ബുക്കിലോ ബ്ലോഗിലോ ഒരു പോസ്റ്റിട്ടാല്‍ കിട്ടുന്ന "ലൈക്കും" ഫീഡ്‌ബാക്കും വരെ ഡോപ്പമീനിന്റെ ലഹരീനാഡിവ്യവസ്ഥയില്‍ ഓടുന്ന സംഗതികളാണ്. മരുന്നു രൂപത്തില്‍ ഡോപ്പമീനുപയോഗിക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും ശ്രദ്ധിക്കാറുള്ളതും രോഗികള്‍ പഴയതും പുതിയതുമായ ലഹരികളിലേക്ക് വഴുതുന്നുണ്ടോ എന്നാണ്. ലഹരി മൂത്ത് ചൂതും വാതുവയ്പ്പുമായി കുടുംബസ്വത്ത് മുഴുവനും നശിപ്പിച്ച് വിവാഹം തകര്‍ന്ന രോഗികളുണ്ട്. ലൈംഗികത്വര വര്‍ദ്ധിച്ച് മൂന്നും നാലും ഇണകളുമായി ബന്ധപ്പെട്ട് രതിജന്യരോഗങ്ങള്‍ പിടിപെട്ട സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇതില്‍ വയസായവരെന്നോ മധ്യവയസ്കരെന്നോ ഭേദമില്ലെങ്കിലും സാമൂഹ്യകാരണങ്ങള്‍ കൊണ്ടാവാം, ഈ പ്രശ്നം കൂടുതലും കാണുന്നത് പ്രായത്തിലിളയ രോഗികളിലാണ്.

* *

ഫ്രെഡിന്റെ കുറിപ്പടികളില്‍ ചില മാറ്റങ്ങള്‍ വരുത്തി ഫാര്‍മസി ഏതാണെന്ന് ഒന്നുകൂടി ചോദിച്ച് ഉറപ്പുവരുത്തിയിട്ട് ഞാന്‍ സെന്റ് ബട്ടണ്‍ ഞെക്കി.
രോഗപുരോഗതിയും പരിശോധനാവിവരങ്ങളും ചുരുക്കത്തില്‍ ടൈപ്പ് ചെയ്ത നോട്ട് പ്രിന്റെടുത്ത് ഫ്രെഡിന്റെ ഭാര്യ ലിന്‍ഡയെ ഏല്പ്പിച്ചു. മരുന്നു മാറ്റത്തിന്റെ ഫലം മൂന്നാഴ്ചയ്ക്ക് ശേഷം ഫോണില്‍ വിളിച്ച് പറയാന്‍ നമ്പര്‍ കൊടുത്ത് ഇരുവരെയും യാത്രയാക്കി.

ഒരുമാസം കഴിഞ്ഞ് ഫ്രെഡിന്റെ ഫോണ്‍.
"അവള്‍ ഇപ്പോള്‍ വരാറില്ല".
"ബട്ട്... ഐ റിയലീ മിസ് ഹെര്‍ ഡോക്. ഈസ് ദാറ്റ് നോര്‍മല്‍?"
മറുതലയ്ക്കലെ ശബ്ദം വിതുമ്പുന്നുണ്ടായിരുന്നു.

ഡൊപ്പമീന്‍ ഇസ് എ ബിച്ച്.

ആത്മാവും ന്യൂറോസയൻസും യൂറോപ്യന്‍ നവോത്ഥാനവും

[Reposted from Google+]

ആത്മാവും ന്യൂറോസയൻസും തമ്മിൽ ഇണങ്ങാൻ തുടങ്ങിയ കാലത്തെ പറ്റി കഴിഞ്ഞ കുറെ മാസങ്ങൾ ആയി വായിക്കാൻ ശ്രമിക്കുകയാണ്. 120എഡി മുതൽ റോമാ സാമ്രാജ്യത്തിന്റെ കൈകൾ നീണ്ടുകിടന്നിരുന്ന എല്ലായിടത്തും ഗേയ്ലൻ എന്ന മഹാവൈദ്യന്റെ തത്വങ്ങൾ ആണ് ഫിലോസഫിയെപ്പോലും സ്വാധീനിച്ചിരുന്നത്. തലച്ചോർ എന്നത് ഹൃദയത്തിൽ ജ്വലിക്കുന്ന ആത്മവീര്യത്തെ പ്രജ്ഞാവീര്യം ആയി (psychic) മാറ്റാനുള്ള ഉപകരണമായാണ് ഗെയ്‌ലൻ കണ്ടത്. ആത്മാവ് എന്ന സങ്കല്പത്തെ അതിനപ്പുറത്തേക്ക് ഭൗതികവൽക്കരിക്കുക പള്ളിക്ക് സ്വീകാര്യമായിരുന്നില്ല. ഇത് മെഡിസിന് പുറത്ത്, ശാസ്ത്രത്തിനു പുറത്ത് കലയിലും മറ്റു സാംസ്കാരിക സൂചകങ്ങളിലും എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതാണ് ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നത്.

മധ്യകാല യൂറോപ്പിലെ പള്ളിയുടെ വരുതിയിൽ നിന്ന ചിത്രകലാ സമ്പ്രദായത്തിന്റെ മുഖ്യ പ്രത്യേകത, ദൈവ സംബന്ധമായ വിഷയങ്ങൾ വരയ്ക്കുമ്പോൾ ഭൗതിക സംഗതികളുടെ ഛായയിലാവരുത് എന്ന നിഷ്കര്ഷയായിരുന്നു. ഇതില്നിന്നുള്ള കുതറിമാറ്റം ആയിരുന്നു ആദ്യം നവോഥാന (റനസാൻസ്) സമ്പ്രദായമായും പിന്നെ ബറോക്ക് സമ്പ്രദായമായും 14മുതൽ 17ആം നൂറ്റാണ്ട് വരെ നീണ്ട കാലം. ക്ലാസിക് ഗ്രീക്ക് റോമൻ ശൈലികളെ നിത്യജീവിത റിയലിസവുമായി വിളക്കി ചേർക്കുന്നതായിരുന്നു ഈ സമ്പ്രദായങ്ങളുടെ വിശേഷ രീതി.

ഈ നവോഥാന കാലത്ത് ക്രിസ്തുവിന്റെ ജീവകഥ അടക്കം മതസംബന്ധിയായ എല്ലാം തന്നെ പുതിയ റിയലിസ്റ്റ ശൈലിയിൽ വരയ്ക്കപ്പെട്ടു. ഉദാഹരണം ചുവടെ കാണുക. 1615ൽ ബെർനാടോ സ്‌ട്രോറ്റ്സി വരച്ച 'ഇടയാരാധന'യുടെ റിയലിസം 1340ലെ ബെർനാടോ ദാഡി വരച്ച കന്യാമറിയവും കൃസ്തുവും എന്ന ചിത്രവുമായി ഒത്ത് നോക്കൂ.

'കന്യാമറിയവും കൃസ്തുവും', ബെർനാടോ ദാഡി 1340 

Photo:
 'ഇടയാരാധന', ബെർനാടോ സ്‌ട്രോറ്റ്സി 1615

Dr തോമസ് വില്ലിസ്
1500-1700വരെ ഉള്ള കാലം ന്യൂറോസയൻസ് ഒരു സ്വതന്ത്ര രോഗശാസ്ത്ര വിഭാഗമായി വികസിക്കുന്നതിന്റെ ആദ്യ ലക്ഷണം കാണിച്ച കാലമാണ്. റിയലിസ വിപ്ലവം ഫിലോസഫിയിലും തദ്വാരാ ശാസ്ത്രത്തിലും പ്രതിഫലിച്ച കാലം. പ്രകാശം കാണികയാണെന്ന് ഭൗതികശാസ്ത്രവും, അണുക്കൾ ആയി വസ്തുക്കളെ വിഭജിക്കാമെന്ന് രസതന്ത്രവും, മനുഷ്യനിലെ ഗുണങ്ങൾ പലതും ജന്തുക്കളും കാണിക്കുന്നുണ്ട് എന്ന, പരിണാമസിദ്ധാന്തമായി പിൽകാലത്ത് വികസിച്ച ചിന്തകളുടെ ആദ്യ തീപ്പൊരി, ജീവശാസ്ത്രവും ചിന്തിച്ച് തുടങ്ങിയ കാലം കൂടിയായിരുന്നു നവോഥാനം.

ഓക്സ്ഫോഡ് സർവ്വകലാശാലക്കുള്ളിൽ നിന്ന് സ്വതന്ത്ര പരീക്ഷണങ്ങൾക്കും ചിന്തയ്ക്കും വേണ്ടി സമയം ഉഴിഞ്ഞ് വച്ച ഒരു സംഘം വൈദ്യ/ഭൗതിക/രസതന്ത്ര വിദഗ്ധർ ആണ് ആത്മാവിനെ സംബന്ധിച്ച ആദ്യ വെടി പൊട്ടിക്കുന്നത്. തോമസ് വില്ലിസ് എന്ന, പിൽക്കാല ന്യൂറോളജിസ്റ്റുകൾക്ക് എല്ലാം മാതൃകയായ വൈദ്യൻ ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ 1660കളിൽ ഒരു നിഗമനത്തിൽ എത്തി: ആത്മാവ് മൂന്നായി പിരിഞ്ഞിരിക്കുന്നു. ആദ്യ തലത്തിൽ ഇത് ധാതുവീര്യം പകരുന്ന ഒന്നാണ്. ജന്തുശരീരങ്ങളിലും മനുഷ്യനിലും അവയവങ്ങളെ അബോധതലത്തിൽ പ്രവർത്തിപ്പിക്കുന്നത് ഈ ആത്മാവാണ്. അടുത്തത് മൃഗവാസനാവീര്യം പകരുന്ന ആത്മാവാകുന്നു. പ്രാഥമിക തലത്തിൽ ചില ചിന്തകളും ഓർമകളും കാര്യകാരണവ്യവഹാരം നടത്തലും ഒക്കെ സാധിക്കുന്നത് ഈ ആത്മാവിനെക്കൊണ്ടാണ്. ജന്തുക്കളും മനുഷ്യനും ഇതുണ്ട്. അവസാന തലത്തിലെ ആത്മാവ് മനുഷ്യന് മാത്രമുള്ള, പ്രജ്ഞാവീര്യം പകരുന്ന, ഒന്നാകുന്നു. ഇതെങ്കിലും ജന്തുക്കൾക്കില്ല എന്ന് സ്ഥാപിച്ചില്ലെങ്കിൽ പള്ളി പണിതരും എന്ന് തോമസ് വില്ലിസിന് അറിയാമായിരുന്നു. മൃഗങ്ങൾക്ക് ആത്മാവില്ല എന്ന മതപാഠം തെറ്റിക്കാൻ മാത്രം ശാസ്ത്രവും ഫിലോസഫിയും ഇന്നത്തെ പോലെ സ്വതന്ത്രമല്ലല്ലോ അന്ന്. രക്തത്തിൽ ദീപമായി ജ്വലിക്കുന്ന ധാതുവീര്യത്തെ ഹൃദയം മിടിപ്പ് വഴി തലച്ചോറിൽ എത്തിക്കുന്നു, അവിടെ അത് മൃഗവാസനയായി മാറുന്നു, എന്നിട്ട് മസ്തിഷ്കത്തിന്റെ അധോഭാഗങ്ങളെ ജന്തുക്കളിലെന്ന പോൽ പ്രവർത്തിപ്പിക്കുന്നു എന്നാണു വില്ലിസിന്റെ തീർപ്പ്. ഈ അധോഭാഗങ്ങളെ തടസ്സപ്പെടുത്താതെ തന്നെ പ്രജ്ഞാവീര്യം ഉന്നത ഭാഗങ്ങളിലേക്ക് ഒഴുകി മനുഷ്യന്റെ ഉന്നത ചിന്തകൾക്ക് നിദാനമാകുന്നു. നാഡീ കോശങ്ങളെയോ വൈദ്യുത മാർഗ്ഗേണ അവർ സംസാരിക്കുന്നു എന്നോ അറിവില്ലാതിരുന്ന കാലത്ത് ആത്മാവിന്റെ ത്രിത്വം വഴി വിലിസും കൂട്ടരും ഒരു കോമ്പ്രമൈസിൽ എത്തിയതാവണം.

നിത്യജീവിതത്തിന്റെ റിയലിസം ഇങ്ങനെ തുറിച്ചു നോക്കുന്ന ഒരു കാലത്തിൽ ഇരിക്കുമ്പോൾ അവനവന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് ശാസ്ത്രീയ അർത്ഥം കണ്ടെത്താൻ പരീക്ഷണനിരീക്ഷണങ്ങൾ തന്നെയേ മാർഗ്ഗമുള്ളൂ എന്ന് സ്ഥാപിക്കുക കൂടിയായിരുന്നു, നവോത്ഥാനം. ബറോക്ക് കാലമായപ്പോൾ വൈദ്യുതി എന്ന പുതിയ ഊർജ്ജം സകലതിനെയും തട്ടി മറിച്ചു. ധാതുവീര്യം എന്ന പ്രാഥമിക തല ആത്മാവിനെ കൊണ്ട് വിശദീകരിക്കാമായിരുന്ന പേശീ തല പ്രവർത്തനങ്ങളും reflex actions-ഉം ഒക്കെ വൈദ്യുതി കൊണ്ട് വിശദീകരിക്കാമെന്നായി. അല്പം കൂടി വികാസം വന്ന ന്യൂറോസയൻസ് ഈ വൈദ്യുതി വൺവേ അല്ല, ടൂ വേ ആണെന്ന് കണ്ടെത്തി. അതൊടെ ഇന്ദ്രിയവും പേശിയും മതി ആത്മാവ് വേണ്ട മിക്ക മനുഷ്യ പ്രവർത്തനങ്ങളും വിശദീകരിക്കാൻ എന്ന് വന്നു. അകത്തോട്ട് നോക്കാൻ പഠിച്ച സമൂഹത്തിനു ദഹിക്കുന്ന ഒരു വിശദീകരണം ആയിരുന്നു അത്!

Notes: A History of The Brain in Pictures എന്ന എന്റെ പ്രഭാഷണത്തിന് വേണ്ടി നടത്തിയ അന്വേഷണം ആണ് ഇതിൽ ഒരു പങ്ക്.

മോന് എഞ്ചിനിയറിംഗ് വേണോ മെഡിസിനു പോണോ ?

മുന്‍‌വിളി: ഈ ബ്ലോഗ് തുടങ്ങിയത് 2007 നവംബറിലാണ്. എട്ടുവര്‍ഷം മുന്‍പ്‌ ഈ ആഴ്ച. മലയാള ബൂലോകത്തിന് രണ്ട് വയസോ മറ്റോ ഉള്ളപ്പോഴാണ് ലത്. "എഴുത്തച്ഛനു ശേഷം മലയാളം കണ്ടൂടിച്ചത് യാര് ?" എന്ന് യൂണിക്കോഡ്-ആസ്കി വിദ്വാന്മാര്‍ തര്‍ക്കിച്ചിരുന്ന കാലമാണതെന്ന് പില്‍ക്കാലത്ത് ബൂലോകചരിത്രകാരി/രന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ആദര്‍ശങ്ങളുമായി വൈദ്യപഠനം തുടങ്ങുകയും ബിരുദാനന്തരം പുറത്തിറങ്ങി പ്രാക്റ്റിസ് തുടങ്ങിയപ്പോള്‍ കാറും ബാറും പൂ*ത്തകാശിനെയും പറ്റിയല്ലാതെ വൈദ്യസര്‍ക്കിളുകളില്‍ മറ്റുവിഷയങ്ങള്‍ക്ക് പരിഗണന കാണാത്തതു കൊണ്ട്  മുഖ്യമായും ഒരു നിഷേധിയുടെ (dissenting insider) കുറിപ്പുകളെന്ന നിലയ്ക്കാണീ ബ്ലോഗും ബ്ലോഗെഴുത്തുതന്നെയും ആരംഭിച്ചത്. എന്റെ രാഷ്ട്രീയബോധ്യങ്ങളുടെ സ്വാഭാവികോല്പന്നമായിരുന്നു ഈ ബ്ലോഗിന്റെ ആദ്യകാലത്തെ ആന്റി-ആയുര്‍‌വേദ/ഹോമിയോ യുദ്ധങ്ങള്‍. ശാസ്ത്രവും അതിന്റെ മെഥഡോളജിയും കാറ്റും വെളിച്ചവും വെള്ളവുമൊക്കെപ്പോലെ സ്വാഭാവികവും സാര്‍‌വത്രികവുമാകണമെന്ന ധാരണയുടെയോ നിര്‍ബന്ധത്തിന്റെയോ ഫലമായിരുന്നു പിന്നീട് കൈക്കൊണ്ട curmudgeon അവതാരം. പല കപടശാസ്ത്രവാദങ്ങളെയും ഉള്ളിതൊലിക്കാന്‍ ഏറേ സമയം പാഴാക്കിയെന്നതില്‍ ചില്ലറ കുണ്ഠിതമൊക്കെ ഇന്ന് തോന്നുന്നുണ്ടെങ്കിലും എഴുതുന്ന ഭാഷയില്‍ ചിന്തിക്കാനും ചിന്തിക്കുന്ന ഭാഷ മൂര്‍ച്ചപ്പെടുത്താനും അത് സഹായിച്ചു എന്ന് ഇന്ന് തോന്നുന്നുണ്ട്. എന്നെ ഞാനാക്കിയ ഗര്‍ഭപാത്രം കേരളത്തിന്റെ വൈദ്യവിദ്യാഭ്യാസരംഗമാണ്, അതുകൊണ്ട് അതിനെപ്പറ്റി, ചില പരാതികളും പരിഭവങ്ങളും സജഷനുകളുമാണ് ഈ  "വാര്‍ഷിക" ലേഖനത്തില്‍. പണ്ട് ഒരു ബ്ലോഗ് യുദ്ധത്തിന്റെയൊടുവില്‍ ഈ ബ്ലോഗ് തന്നെ നിര്‍ത്തണമെന്ന് കരുതിയ ഈയുള്ളവനെ മെയില്‍ തപ്പിപ്പിടിച്ച്, "അയ്യോ അണ്ണാ പോവല്ലേ" എന്ന് പറഞ്ഞ കിരണ്‍ തോമസ് തോമ്പിലിനു ഏറെക്കാലത്തിനു ശേഷം എഴുതുന്ന ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
വൈദ്യത്തിന്റെ ദൈനംദിന പ്രയോഗത്തിനേക്കാള്‍ ശരീരശാസ്ത്രത്തിനോട് അഭിനിവേശം മൂത്തിട്ടാണ് ഇതെഴുതുന്നയാള്‍ സ്കൂള്‍ കാലത്തു വലുതാകുമ്പോള്‍ "മെഡിസിന്‍ പഠിക്കാന്‍ പോണം" എന്ന് നിശ്ചയിച്ചത്. രണ്ട് "ബ്രഡ് വിന്നര്‍"മാരും ഒരു ബൈക്കും (കാറുവാങ്ങാനുള്ള ആശയും), സ്വകാര്യസ്കൂളുകളില്‍ പോകുന്ന കുട്ടികളും ഉള്ള, തൊണ്ണൂറുകളുടെ ഒടുവിലെ ആഗോളീകരണ ദശാസന്ധിയില്‍ നിന്നിരുന്ന  ഒരു ടിപ്പിക്കല്‍ മലയാളി മധ്യവര്‍ഗ കുടുംബത്തിനു എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ തന്നെയായിരുന്നു എണ്ട്രന്‍സ് കോച്ചിംഗും അറുനൂറില്‍ താഴെ റാങ്കുനേടലും ഒക്കെ.

ജീവശാസ്ത്രമുള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പ് പ്രീഡിഗ്രിക്ക് എടുക്കാനും മെഡിക്കല്‍ എണ്ട്രന്‍സ് എഴുതാനും തീരുമാനിക്കുമ്പോള്‍ രണ്ട് ചോദ്യങ്ങള്‍ക്കു മാത്രമാണ് ഉത്തരം തേടേണ്ടിയിരുന്നത് അക്കാലത്ത്: (1) മെഡിക്കല്‍ എണ്ട്രന്‍സ് "ഭയങ്കര" പാടാണ് ആദ്യതവണ കയറിപ്പറ്റാന്‍, അതുകൊണ്ട് സൈഡില്‍ എഞ്ചിനിയറിംഗ് എണ്ട്രന്‍സ് കൂടെ എഴുതണോ, (2) എണ്ട്രന്‍സ് കോച്ചിംഗിനു സമയവും സൗകര്യവും ഉണ്ടാക്കാന്‍ പറ്റുന്ന  തലസ്ഥാനത്തെ ഒരു കോളെജില്‍ പ്രീഡിഗ്രിക്ക്‌  അഡ്മിഷന്‍ കിട്ടാന്‍ എത്ര മാര്‍ക്ക് എസ്‌എസ്‌എല്‍‌സിക്ക് വേണം.

ഒന്നാമത്തെ ചോദ്യത്തിന്റെ ഗുട്ടന്‍സ് ഇതാണ്: എഞ്ചിനിയറിംഗിനു സീറ്റു കൂടുതല്‍ ഉണ്ട്; ആദ്യ രണ്ടായിരമോ മൂവായിരമോ റാങ്കില്‍ വന്നാല്‍ ഭേദപ്പെട്ട കോളെജില്‍ എഞ്ചിനിയറിംഗിനു കേറാം; അപ്പോള്‍ കണക്കിനു കൂടി അധികമായി "കോച്ചിംഗ്" നടത്തുക, അതിനു പ്രീഡിഗ്രിക്ക് അഡീഷണല്‍ മാത്സ് എന്ന കോഴ്സിനു കൂടി റെജിസ്റ്റര്‍ ചെയ്യുക (ഇന്നത്തെ വിദ്യാര്‍ത്ഥി പ്ലസ് വണ്‍/ടൂ രീതിപ്രകാരം ശാസ്ത്രവും മാത്സും ഒറ്റ ഗ്രൂപ്പ് ആയി എടുക്കണം എന്നതിനാല്‍ ഇങ്ങനൊരു കണ്‍ഫ്യൂഷനു പ്രസക്തിയില്ല).

രണ്ടാമത്തെ ചോദ്യത്തിനു രണ്ടുദ്ദേശ്യമുണ്ട്: കോളെജില്‍ പഠിപ്പീരൊക്കെ "കണക്കാണെന്നും" ട്യൂഷന്‍/കോച്ചിംഗ് സ്ഥലത്തു നിന്ന് കിട്ടുന്നതേ പ്രീഡിഗ്രിക്കായാലും എണ്ട്രന്‍സിനായാലും ഉപകരിക്കൂ എന്നും എല്ലാവരും ഉറപ്പിച്ച കാലമാണ്. അപ്പോള്‍ കോളെജില്‍ ക്ലാസ് കട്ടുചെയ്യാതെ (വേണേല്‍ കട്ടുചെയ്തും) കോച്ചിംഗിനു പോകാന്‍ പറ്റിയ സ്ഥലത്ത് പ്രീഡിഗ്രിക്ക് അഡ്മിഷന്‍ ഒപ്പിക്കണം. ശരാശരി പാഠ്യദിനത്തില്‍  മൂന്ന് മണിക്കൂറൊക്കെ മാത്രം ക്ലാസുള്ള (സമരമുള്ള "സുദിന"ങ്ങളുടെ ബോണസ് വേറേ!) സര്‍ക്കാര്‍ കോളെജുകളായിരുന്നു  ഇതിനു ബെസ്റ്റ്. അധ്യാപകര്‍ക്ക് സ്വന്തമായി വീട്ടില്‍ ട്യൂഷനുണ്ടെങ്കില്‍ പെരുത്തു സൗകര്യം.

പത്തുവരെ സ്വകാര്യ സ്കൂളില്‍ പഠിച്ച് പത്തില്‍ കനപ്പെട്ട മാര്‍ക്ക് വാങ്ങിയ ഈ ലേഖകനുള്‍പ്പെടുന്ന -- കേരളത്തില്‍ നിലനിന്നിരുന്ന quasi socialism-ത്തെ ഊറ്റിവളര്‍ന്ന --  "ഇംഗ്ലീഷുമീഡിയം" തലമുറ സര്‍ക്കാര്‍ സ്കൂളുകളെയും സിസ്റ്റത്തെയുമാശ്രയിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളെ തള്ളിമാറ്റി സര്‍ക്കാര്‍ കോളെജുകളെ എങ്ങനെയാണ് ഉപയോഗിച്ചത് എന്നത് മധ്യവര്‍ഗത്തിന്റെ സംസ്കാരിക ആന്ത്രപ്പോളജി പഠിക്കുന്നവര്‍ക്ക് തല്‍ക്കാലം വിടുന്നു. പറയാനുദ്ദേശിച്ചത്, യഥാര്‍ത്ഥത്തില്‍ ഒരു മെഡിക്കല്‍ ഡോക്ടറുടെ ജീവിതം എന്താണെന്നോ ജോലി എങ്ങനെയിരിക്കുമെന്നോ യാതൊരൂഹവുമില്ലെന്ന് മാത്രമല്ല, അത്തരം വിഷയങ്ങള്‍ "എണ്ട്രന്‍സ് കടമ്പ", കോച്ചിംഗ്, മാര്‍ക്ക്, റാങ്ക്, ഏത് കോളെജില്‍ കേറിയാലാണ് കൂടുതല്‍ "ഗമ" എന്നിങ്ങനെയുള്ള അന്വേഷണങ്ങളുടെ പരിധിക്കകത്ത് വന്നതു പോലുമില്ല. ഇത് മില്ലനിയല്‍ തലമുറയുടെ* മൊത്തം പ്രശ്നമായിരുന്നു/ആണ്.


വൈദ്യവിദ്യാഭ്യാസത്തിന്റെ മൂന്ന് ഘട്ടങ്ങള്‍

അഭ്യസിക്കുന്ന രാജ്യത്തിനനുസരിച്ച്  4 മുതല്‍ 6 വര്‍ഷം വരെ നീളാവുന്ന പ്രാഥമിക വൈദ്യപഠന കാലത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. ഒന്നാം ഘട്ടം വൈദ്യചിന്തകള്‍ക്ക് പിന്നിലെ ശാസ്ത്രം പഠിക്കലാണ്. ആരോഗ്യമുള്ള ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി രോഗം ഈ പ്രവര്‍ത്തനങ്ങളെ എങ്ങനെ മാറ്റുന്നു എന്നതിലേക്ക് നീളുന്ന പഠനം. ആരോഗ്യത്തൊഴിലാളിയാവാന്‍ ഉദ്ദേശ്യമില്ലാത്ത രോഗപരിശോധനാ ലാബുകാരും, മെഡിക്കല്‍ ടെക്നോളജിസ്റ്റുകളും, ഔഷധമേഖലയിലുള്ളവരും, ഭാവിയില്‍ വൈദ്യശാസ്ത്രത്തില്‍ ഗവേഷണം ചെയ്യാനുദ്ദേശ്യമുള്ള ഇതര ശാസ്ത്ര വിദ്യാര്‍ത്ഥികളുമൊക്കെ ഈ പാഠങ്ങള്‍ അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചുരുക്കിയോ ദീര്‍ഘിച്ചോ എടുക്കാറുണ്ട്. വളരെ അടിസ്ഥാനപരമായ ചില സംഗതികളൊഴിച്ചാല്‍ (ഉദാ: ശരീരഘടനാശാസ്ത്രം) ഈ ഘട്ടത്തിലെ അറിവുകള്‍ നല്ലൊരളവ് അഞ്ചോ പത്തോ കൊല്ലം കൂടുമ്പോള്‍ മാറിമറിയാറുണ്ട് എന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഈ വൈദ്യവിദ്യാഭ്യാസ ഘട്ടത്തില്‍ "പുസ്തകജ്ഞാനം" വര്‍ധിപ്പിക്കുന്നതിലല്ല മറിച്ച് ഈ മേഖലയിലെ ഗവേഷണങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിലും, സാധ്യമായാല്‍ ഗവേഷണത്തില്‍ നേരിട്ട് പങ്കാളിയാകാന്‍ വിദ്യാര്‍ത്ഥിക്ക് പ്രോത്സാഹനം നല്‍കുന്നതിലും ഒക്കെയാണ് ഊന്നല്‍ കൊടുക്കുന്നത്. ഈ ഘട്ടത്തില്‍ ലഭിക്കുന്ന വിദ്യാഭ്യാസം ഒരു അസ്തിവാരമായി (ഫൗണ്ടേഷന്‍) പ്രവര്‍ത്തിക്കണമെന്നാണ് ഇക്കാര്യത്തിലെ പൊതുതത്വം. അറിവ് ശേഖരിച്ച് തലയില്‍ വയ്ക്കുന്നതിനല്ല, മുന്‍‌വിധികളില്ലാത്ത അറിവ് എവിടെ നിന്ന് കിട്ടുമെന്നും അത് എങ്ങനെ ഒരു രോഗിയുടെ വ്യക്തിപരമായ അവസ്ഥയില്‍ പ്രയോഗിക്കാം എന്നുമൊക്കെയുള്ള കാര്യങ്ങള്‍ക്കാണ് മുന്‍‌ഗണന.

വൈദ്യപഠനത്തിന്റെ രണ്ടാംഘട്ടം "രോഗിയെ അറിയല്‍" ആണ്. രോഗമെങ്ങനെ ആരംഭിച്ചെന്നും ലക്ഷണങ്ങള്‍ എന്തൊക്കെയായിരുന്നു എന്നും അതിന്റെ പുരോഗമനവും ഇപ്പോഴത്തെ രോഗിയുടെ നിലയും എന്താണെന്നും ചോദിച്ചും പരിശോധിച്ചും കൊട്ടിയും മുട്ടിയും ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തും നോക്കുന്ന "ക്ലിനിക്കല്‍ വൈദ്യം" ആണ് ഇത്.

മൂന്നാംഘട്ടമെന്നത് രണ്ടാം ഘട്ടത്തിന്റെ ഒരു നീട്ടലാണ്. രോഗനിര്‍ണയം കഴിഞ്ഞു, ഇനി  അത് മരുന്നോ ശസ്ത്രക്രിയയോ ഫിസിക്കല്‍ തെറാപ്പിയോ ഒക്കെക്കൊണ്ട് ചികിത്സിക്കുന്നതെങ്ങനെ എന്ന് തീരുമാനമെടുക്കുന്നതിനു പ്രാപ്തിയേകുന്ന ഘട്ടമാണിത്. മരുന്നുകളെപ്പറ്റിയും അത് ശരീരത്തിന്റെ ഫിസിയോളജിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റിയുമൊക്കെ ആദ്യഘട്ടത്തിലെ അടിസ്ഥാനശാസ്ത്രപഠന കാലത്തുതന്നെ വൈദ്യവിദ്യാര്‍ത്ഥി അറിഞ്ഞിരിക്കണം. രക്തടെസ്റ്റുകള്‍ കൊണ്ട് പരിശോധിക്കുന്ന അടിസ്ഥാന ജൈവരാസ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ എന്നും ആദ്യഘട്ടത്തിലറിവുണ്ടാക്കിയിരിക്കും. ഈ അറിവുകളൊക്കെ പ്രയോഗത്തില്‍ വരുത്തുന്നതെങ്ങനെ എന്നതാണ് മൂന്നാം ഘട്ടത്തില്‍ പഠിക്കുന്നത്.

വൈദ്യപഠനത്തിന്റെ യോഗ്യതകള്‍

പഴയ ബ്രിട്ടിഷ് വൈദ്യ ട്രെയിനിങ് രീതി ഇന്നും അനുവര്‍ത്തിച്ച് പോരുന്ന ഇന്ത്യയെപ്പോലുള്ളിടങ്ങളില്‍ പ്ലസ് ടൂ കഴിഞ്ഞാല്‍ മെഡിസിനു എണ്ട്രന്‍സ് പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് വൈദ്യപഠനത്തിനു അഡ്മിഷന്‍ കിട്ടുന്നത്. എണ്ട്രന്‍സിനിരിക്കുന്ന വിദ്യാര്‍ത്ഥിക്ക് വൈദ്യപഠനത്തിനും തുടര്‍ന്നുള്ള ആരോഗ്യത്തൊഴിലാളിയുടെ ജീവിതത്തിനും ആവശ്യമായ മാനസികവളര്‍ച്ച, വ്യക്തിത്വഗുണങ്ങള്‍ എന്നിവയുണ്ടോ എന്നൊന്നും ഈ സിസ്റ്റത്തില്‍ പരിശോധിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, പുസ്തകവിജ്ഞാനത്തിന്റെ ഓര്‍മ്മപരിശോധനക്കായി മാത്രമാണ് പരീക്ഷകള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നത് പോലും.  ബ്രിട്ടനില്‍ പോലും ഇന്ന് ഈ സിസ്റ്റം അനുവര്‍ത്തിക്കുന്നില്ല.

പ്ലസ്-വണ്‍/ടൂ സിസ്റ്റത്തില്‍ ലഭിക്കുന്ന മാര്‍ക്കും മറ്റും പലയോഗ്യതകളില്‍ ഒന്നുമാത്രമാണ് മിക്ക രാജ്യങ്ങളിലെയും മെഡിക്കല്‍ ട്രെയിനിംഗിന്‌ ഇന്ന്. പാശ്ചാത്യ സിസ്റ്റങ്ങളില്‍  ഇത്തരം മാര്‍ക്കുകള്‍ക്കൊപ്പമോ അതിനുമേലെയോ ആയി ഗണിക്കപ്പെടുന്ന രണ്ട് സംഗതികള്‍, അഭിരുചിയും (ആപ്റ്റിറ്റ്യൂഡ്)  പ്രയോഗസാമര്‍ഥ്യവും ആണ്. കാണാപ്പാഠം പഠിച്ച ഫോര്‍മുലകളോ വിജ്ഞാനശകലങ്ങളോ ഉപയോഗിക്കേണ്ടുന്ന ചോദ്യങ്ങളെ  കുറച്ചുകൊണ്ടുവരുകയും  ആശയവിനിമയ പ്രാവീണ്യവും, യുക്തിവിചാരവും വേണ്ടുന്ന തരം ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രവണത ലോകമെമ്പാടും വ്യാപിച്ചുവരുന്നു. മനുഷ്യകുലം നിര്‍മ്മിച്ചെടുക്കുന്ന അറിവിന്റെ കൂന വലുതാകുകയും അത് ശേഖരിച്ച് വയ്ക്കുന്ന ഡേറ്റാബാങ്കുകള്‍ വളരുകയും ചെയ്യുന്ന ഈ കാലത്ത് തലച്ചോറില്‍ സൂക്ഷിക്കുന്ന ജ്ഞാനത്തിന്റെ അളവ് പരിമിതമാണെന്നും അറിവു പകരലല്ല, അറിവിന്റെ പ്രായോഗികോപയോഗത്തിനുള്ള ട്രെയിനിംഗ് ആണു നല്‍കേണ്ടതെന്നുമുള്ള തിരിച്ചറിവ് വ്യാപകമാവുന്നതാണ് ഇതിനു കാരണം. ഒരു ജില്ലയിലെ ടെലഫോണ്‍ നമ്പരുകള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കുന്നതിനേക്കാള്‍ കാര്യക്ഷമമാണ് അത് സൂക്ഷിച്ച് വച്ചിരിക്കുന്ന ഡയറക്റ്ററിയില്‍ നിന്ന് ആവശ്യമുള്ള പേരുകാരന്റെ നമ്പര്‍ തപ്പിയെടുക്കാന്‍ പഠിപ്പിക്കല്‍ എന്ന യുക്തി.

മെഡിക്കല്‍ കോളെജ് ഇന്റര്‍‌വ്യൂ തൊഴില്‍ ഇന്റര്‍‌വ്യൂ ആകണം

മെഡിക്കല്‍ കോളെജിലെ പഠനം ആത്യന്തികമായി ഒരു തൊഴിലഭ്യാസമാണ്. നാലോ അഞ്ചോ വര്‍ഷത്തിന്റെയവസാനം ജീവനുള്ള മനുഷ്യരില്‍ പ്രയോഗിക്കപ്പെടാനുള്ള സംഗതികളിലാണ് ശിക്ഷണം. പ്രാക്റ്റീസു വഴി ഉണ്ടാക്കാവുന്ന സമ്പത്തിന്റെയോ തൊഴിലിന്റെ ഗ്ലാമറോ മാറ്റിനിര്‍ത്തിയാല്‍ ഒരു വൈദ്യത്തൊഴിലാളിയുടെ ജീവിതം എങ്ങനെയാണ് എന്ന് യാതൊരു വിവരവും ഇല്ലാതെയാണ് (ഇതെഴുതുന്നയാളടക്കം) ഈ രംഗത്തേക്ക് വന്നത്/വരുന്നത്. മാര്‍ക്ക് അടിസ്ഥാനത്തില്‍ കിട്ടുന്ന ഒരു റാങ്കിന്റെ മാത്രം ബലത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ കടത്തി വിടുന്ന സമ്പ്രദായത്തില്‍ നിന്ന് വിഭിന്നമായി മുന്‍‌പരിചയങ്ങളുടെയും ഇതുവരെയുള്ള നിങ്ങളുടെ ജീവിതം വൈദ്യവിദ്യാഭ്യാസത്തിന് എങ്ങനെ ഗുണകരമാകും എന്ന ചോദ്യമുള്‍പ്പെടുന്ന ഒരു "തൊഴില്‍ ഇന്റര്‍‌വ്യൂ" വഴിയാണ് അമേരിക്കയും ബ്രിട്ടനുമൊക്കെ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. കോളെജ് വിദ്യാഭ്യാസവും അതിനിടയ്ക്ക് എമര്‍ജന്‍സി ആമ്പുലന്‍സ് അല്ലെങ്കില്‍ പ്രാഥമിക ശുശ്രൂഷയുമായി ബന്ധപ്പെട്ട സര്‍‌വീസുകള്‍ എന്നിവയിലൊക്കെ ഇന്റേണ്‍ഷിപ്പോ ചെറിയ താത്കാലിക ജോലികളോ ചെയ്യുക, വോളണ്ടിയര്‍ സര്‍‌വീസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നതൊക്കെ യോഗ്യതകളായി കണക്കാക്കപ്പെടുന്നു, ഈ ഇന്റര്‍‌വ്യൂകളില്‍. മെഡിക്കല്‍ കോളെജ് അഡ്മിഷന്‍ റ്റെസ്റ്റ് (MCAT) പോലുള്ള ടെസ്റ്റുകളിലെ സ്കോറുകള്‍ തീര്‍ച്ചയായും പ്രാഥമികയോഗ്യതയാണ് ഇന്റര്‍‌വ്യൂകള്‍ക്ക് ക്ഷണിക്കപ്പെടാന്‍. എങ്കിലും ഒരു വിദ്യാര്‍ത്ഥി ഈ പണിക്ക് യോഗ്യതയുള്ളയാളാണോ എന്ന് നിശ്ചയിക്കുന്നത് ഓര്‍മ്മശക്തിയളക്കുന്ന ഒരു പരീക്ഷയിലെ റാങ്കിലുപരി സുദീര്‍ഘമായതും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ പഠനത്തെയും പിന്നീടുള്ള പ്രാക്റ്റീസ് കാലത്തെയും താങ്ങനുള്ള മാനസികശേഷിയും വ്യക്തിത്വവും ആണ് എന്ന തത്വത്തില്‍ നിന്നാണ് നീണ്ട ഇന്റര്‍‌വ്യൂ പ്രക്രികകള്‍. ഇതിനുപുറമേ ആണ് വിദ്യാര്‍ത്ഥികള്‍ തൊഴിലെടുത്ത സ്ഥലങ്ങളില്‍ നിന്നും, പഠിപ്പിച്ച അധ്യാപകരില്‍ നിന്നുമൊക്കെയുള്ള ശുപാര്‍ശക്കത്തുകള്‍ (ലെറ്റര്‍ ഒഫ് റെക്കമന്റേഷന്‍). ശുപാര്‍ശ എന്ന് പറയുമ്പോള്‍ മുഖം ചുളിയരുത്. തനിക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള മാര്‍ഗ്ഗമായല്ല, ഭാവിയില്‍ തനിക്കും കൂടി അഭിമാനമുണ്ടാക്കുന്ന തരത്തില്‍ വളരും എന്ന് ഉറപ്പുള്ള വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന "മുദ്ര"യാണ് ഒരു പ്രഫസര്‍ക്ക്, അല്ലെങ്കില്‍ തൊഴിലുടമയ്ക്ക് ശുപാര്‍ശക്കത്ത്. എന്റെ പേരു ചീത്തയാക്കാന്‍ സാധ്യതയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഞാന്‍ ശുപാര്‍ശയെഴുതില്ലെന്ന ആത്മനിയന്ത്രണത്തില്‍ ഊന്നിയുള്ള ഒരു സിസ്റ്റം ആണിതെന്നര്‍ത്ഥം.

വിദേശസിസ്റ്റം അപ്പിടി പറിച്ച് നടണമെന്നല്ല പറഞ്ഞു വന്നത്. അതിന്റെ അന്തഃസത്തയാണു സ്വീകരിക്കേണ്ടത്. ഈ തൊഴിലിന്റെ കാഠിന്യവും സമ്മര്‍ദ്ദവും അറിയാതെ ചെന്ന് തലവച്ച് കൊടുത്തിട്ട് "അപ്പനമ്മമാരെ നിരാശപ്പെടുത്തണ്ട" എന്ന് കരുതി കടിച്ച് തൂങ്ങുന്നവരെയും ഫോര്‍മുലകള്‍ കാണാതെ പഠിക്കാനുള്ള ബുദ്ധിയുണ്ടെങ്കിലും മനുഷ്യരോട് കാരുണ്യത്തോടെ പെരുമാറാന്‍ അറിയാത്ത വ്യക്തികളെയുമൊക്കെ ഭേദമേതുമില്ലാതെ കടത്തിവിടുന്ന റാങ്ക് സിസ്റ്റത്തില്‍ നിന്ന് അല്പം കൂടി മെച്ചപ്പെട്ട ഒരു സ്ക്രീനിംഗ് ഘട്ടം നിര്‍മ്മിച്ചെടുക്കണം എന്നാണ് പറഞ്ഞു വന്നത്.

കരിയര്‍ ഗൈഡന്‍സും മറ്റും ഇന്ന്‌ നമ്മുടെ നാട്ടിലെ സ്കൂളുകളില്‍ ലഭ്യമാകുന്നുണ്ട്. സ്കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലിനിക്കുകളിലും ആശുപത്രികളിലും മറ്റും പ്രവര്‍ത്തിപരിചയമെന്ന നിലയ്ക്ക് ഇന്റേണ്‍ഷിപ്പുകള്‍ ലഭ്യമാക്കുക എന്നത് നാം ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. പ്രാദേശിക ക്ലബ്ബുകള്‍ വഴിയും നാഷനല്‍ സര്‍‌വീസ് സ്കീം പോലുള്ളവ വഴിയും കോളെജ് രാഷ്ട്രീയ സംഘങ്ങള്‍ വഴിയുമൊക്കെ ആരോഗ്യ ക്യാമ്പുകളിലും മറ്റും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ വോളന്റിയര്‍ പ്രവര്‍ത്തനം പ്രവര്‍ത്തി പരിചയമായി പരിവര്‍ത്തിപ്പിക്കാന്‍ പറ്റുമെങ്കില്‍ നല്ലത്.

അധ്യാപനവും ഗവേഷണവും.

ഇന്ന് ഈ ലേഖകന്‍ തൊഴിലിന്റെ ഭാഗമായി വൈദ്യവിദ്യാര്‍ത്ഥികളുടെ അധ്യാപനത്തിലും ഗവേഷണത്തിലും ഒക്കെ പങ്കെടുക്കുന്നുണ്ട്. പാശ്ചാത്യലോകത്തിലെ  രണ്ട് "ദീപസ്തംഭ" മെഡിക്കല്‍ സിസ്റ്റങ്ങളിലായി പ്രവര്‍ത്തിപരിചയമുള്ളതു കൊണ്ടുമാത്രമാണ് ഈ പണി ഇന്ന് ചെയ്യാന്‍ സാധിക്കുന്നത്. 2000ങ്ങളുടെ മധ്യത്തില്‍ കേരളത്തിലെ സിസ്റ്റത്തില്‍ നിന്ന് ബിരുദവും ക്ലിനിക്കല്‍ ജ്ഞാനവും ആര്‍ജ്ജിച്ച കൂട്ടത്തില്‍ കിട്ടാതെ പോയ സംഗതികളില്‍ പ്രധാനമാണ് ഇവ. ശാസ്ത്രത്തിന്റെ ഉരകല്ലില്‍ രാകിയെടുത്ത ജ്ഞാനം ഉപയോഗിക്കേണ്ടി വരുമ്പോഴും കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ കോളെജുകളില്‍ പഠിച്ചിറങ്ങുന്ന മഹാഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും ഒരു ഗവേഷണപ്പേപ്പര്‍ ചിട്ടയായി എഴുതാനോ, ഏതെങ്കിലും നല്ല പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ശാസ്ത്രപേപ്പറിനെ ഗവേഷണത്തിന്റെയും സ്റ്റാറ്റിസ്റ്റിക്സിന്റെയും  രീതിശാസ്ത്രങ്ങള്‍ക്കനുസരിച്ച് വിമര്‍ശനാത്മക വിലയിരുത്തല്‍ (critical appraisal) നടത്താനോ അറിയില്ല എന്നത് ഈ കാലത്ത് ഒരു നാണക്കേടാണ്. ബിരുദാനന്തര ബിരുദപഠനത്തിന്റെ (പിജി) ഭാഗമായി ഒരു ഗവേഷണ തിസീസ് നിര്‍ബന്ധമാണെങ്കിലും അടിസ്ഥാന എംബിബി‌എസ് ബിരുദ ട്രെയിനിംഗിന്റെ ഭാഗമായി ഇങ്ങനൊരു നിബന്ധന ഇല്ല. മിടുക്കരായ അധ്യാപകര്‍ ഉണ്ടെങ്കില്‍ ഭാഗ്യം, ആ കോളെജിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്കെങ്കിലും ഒരു പേപ്പര്‍ എഴുതാനുള്ള ഭാഗ്യം കിട്ടിയേക്കും. മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ വിശേഷപ്രാവീണ്യമുള്ള അധ്യാപകരധികവും കമ്യൂണിറ്റി മെഡിസിന്‍ (സോഷ്യല്‍ ആന്റ് പ്രിവന്റിവ് എന്നും പറയും) വിഭാഗത്തിലായത് കൊണ്ട് ഈ ഡിപ്പാര്‍ടുമെന്റാണ് പല മെഡിക്കല്‍ കോളെജുകളിലും അല്പസ്വല്പമെങ്കിലും പേപ്പര്‍ പ്രസിദ്ധീകരണവും മറ്റും ഉന്തിക്കൊണ്ടുപോകുന്നത്.

ശരീശാസ്ത്രത്തെയും ജൈവരസതന്ത്രത്തെയും ആധാരമാക്കി മുന്‍പ് വൈദ്യപ്രാക്റ്റീസില്‍ ഉരുത്തിരിഞ്ഞ പല അനുമാനങ്ങളും, വിശേഷിച്ച് വിവിധ മരുന്നുകളെങ്ങനെ പ്രവര്‍ത്തിക്കുന്നു, ഒരു രോഗത്തിനു ഓപ്പറേഷനാണോ മരുന്നാണോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ നല്ലത് തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. വെറുതേ അനുമാനിക്കലല്ല, മറിച്ച് വലിയ രോഗീജനസംഖ്യകളെത്തന്നെ പഠിച്ച് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതിനനുസരിച്ച് പ്രാക്റ്റിസില്‍ തന്നെ മാറ്റം വരുത്തുകയും ചെയ്യുന്ന തെളിവധിഷ്ഠിത വൈദ്യം (Evidence-based medicine) എന്ന സങ്കല്പം പാശ്ചാത്യലോകത്ത് വന്നിട്ട് മൂന്നുനാലുദശകങ്ങളായി. ഇന്റര്‍നെറ്റിന്റെയും മെഡിക്കല്‍ ടെക്നോളജിയുടെ വ്യാപനം ഏറെക്കുറേ ഈ ഗവേഷണഫലങ്ങളെ നമ്മുടെ നാട്ടിലെ വൈദ്യപ്രാക്റ്റീസിലേക്ക് പകര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെങ്കിലും ഈ ഫലങ്ങള്‍ ആത്യന്തികമായി കോക്കേഷ്യനോ ആഫ്രിക്കനോ ഏഷ്യനോ ആയ മനുഷ്യസം‌വര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവയാണ്; മാത്രവുമല്ല വിദേശമെഡിക്കല്‍ സിസ്റ്റത്തിന്റെ, ഉദാഹരണത്തിനു ഇന്‍ഷുറന്‍സ് വഴി ചികിത്സാച്ചെലവും മറ്റും വഹിക്കുന്ന രീതിയുടെ സ്വാധീനം ഇവയിലുണ്ട്. മൂന്നാമത്തേതും ഏറ്റവും പ്രാധനവുമായ സംഗതി രോഗങ്ങളുടെയും ജീവിതശൈലികളുടെയും വ്യത്യാസം സംബന്ധിച്ചതാണ്: ദിവസം മൂന്നുനേരത്തില്‍ കൂടുതല്‍ മാംസാഹാരം ഉള്‍പ്പെടുന്ന അമേരിക്കന്‍ ഡയറ്റും, ആഴ്ചയില്‍ ഒരു ദിവസം മാത്രം കോഴിക്കറിയോ ബീഫോ ഉള്‍പ്പെടുത്തുന്ന മലയാളി ഡയറ്റും ജീവിതശൈലീരോഗങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പഠിക്കേണ്ടതുണ്ട്;  ഡെങ്കിയും ചിക്കുന്‍‌ഗുനിയയും ഉള്‍പ്പടെയുള്ള ഒരു പിടി രോഗങ്ങളില്‍ ഗവേഷണം നടത്താന്‍ ഈ രോഗങ്ങള്‍ ആവര്‍ത്തിച്ച്  പൊട്ടിപ്പുറപ്പെടുന്ന ദേശങ്ങളാണല്ലോ, അമേരിക്കയെയോ ജര്‍മ്മനിയേയോ പോലെ വര്‍ഷത്തില്‍ ആയിരത്തില്‍ താഴെ മാത്രം ഇത്തരം കേസുകള്‍ റിപ്പോട്ട് ചെയ്യപ്പെടുന്ന ദേശങ്ങളേക്കാള്‍ നല്ലത്.

നമ്മുടെ വൈദ്യാധ്യാപകര്‍ ഗവേഷകരാകേണ്ടത് ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ വൈദ്യത്തിന്റെ എല്ലാ തുറയിലും പ്രാവര്‍ത്തികമാക്കാന്‍ കൂടിവേണ്ടിയാകണം. ഒരു മരുന്നിന്റെ ട്രയല്‍ നടന്നത് 40 മില്ലിഗ്രാം ഡോസ് വച്ചിട്ടാണെന്ന് വയ്ക്കുക. മരുന്നുല്പാദകരുടെ കുറിപ്പിലും ഈ ഫലങ്ങളാണു ശുപാര്‍ശചെയ്യുക. പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ഡോക്ടര്‍  20 മില്ലിഗ്രാം ഡോസ് മതി നിങ്ങള്‍ക്ക് എന്ന് തീരുമാനിച്ചത് ? ഈ ചോദ്യം രോഗി ഡോക്ടറോടല്ല, ഡോക്ടര്‍മാര്‍ അവരവരോട് തന്നെയാണ് ആദ്യം ചോദിക്കേണ്ടത്. മരുന്നു റെപ്പോ സ്ഥലത്തെ "മുടിഞ്ഞ പ്രാക്റ്റീസുള്ള" ഏതെങ്കിലും താപ്പാന ഡോക്ടറോ അല്ല, ശാസ്ത്രത്തെളിവുകളാണ് ഡോസ് തീരുമാനിക്കേണ്ടത്. ശാസ്ത്രാഭിരുചി അടുത്ത തലമുറ ഡോക്ടര്‍മാര്‍ക്കും പകരണമെങ്കില്‍ നമ്മുടെ വൈദ്യാധ്യാപകര്‍ തന്നെ മുന്‍‌കൈ എടുക്കണം.

വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അസൈന്മെന്റുകളില്‍ തെളിവധിഷ്ഠിത വൈദ്യത്തിനു പ്രാധാന്യം നല്‍കുക, അവര്‍ക്ക് പ്രധാന പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുക, ഒരു ജേണലില്‍ നിന്ന് ആര്‍ട്ടിക്കിള്‍ യഥാവിധി റെഫര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുക, സ്വന്തം പ്രസന്റേഷനുകളില്‍ ആര്‍ട്ടിക്കിളുകളെ സൈറ്റ് (cite) ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, പാഠപുസ്തകങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി അധ്യാപനം നടത്താതെ ഏറ്റവും പുതിയ ഗവേഷണങ്ങളെയും അന്താരാഷ്ട്ര വൈദ്യ പ്രഫഷനല്‍ സൊസൈറ്റികളുടെ ഗൈഡ്‌ലൈനുകളെയും ആധാരമാക്കി ലെക്‌ചറുകള്‍ തയ്യാറാക്കുക എന്നിവ കുളിമുറിയിലിരുന്ന് പോലും ഫെയ്സ്‌ബുക്ക് പോസ്റ്റ് ഇടാനുള്ള സാങ്കേതിക സൗകര്യമുള്ള ഇക്കാലത്ത് അസാധ്യമൊന്നുമല്ല. മനസുണ്ടായാല്‍മതി.


ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം

ഈയടുത്ത് വൈദ്യവിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ഒരു ഇന്റര്‍‌വ്യൂവിനിടെ പരിചയപ്പെട്ട ചില അപേക്ഷകരുടെ മുന്‍‌പരിചയം ചോദിച്ചപ്പോള്‍ കേട്ടത് ഒരാള്‍ ഡോക്ടേഴ്സ് വിത് ഔട്ട് ബോര്‍ഡേഴ്സിന്റെ ഭാഗമായി നാലു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വോളണ്ടിയറായിട്ടുണ്ട്, വേറൊരാള്‍ ലോകാരോഗ്യസംഘടനയുടെ രതിജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പഠനസംഘത്തില്‍ ഒരു വര്‍ഷത്തോളം ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയെന്ന നിലയ്ക്ക് ഇന്റേണ്‍ ആയിരുന്നു. പുള്ളിക്കാരിയുടെ രണ്ടാം പ്രഫഷനാണ് വൈദ്യം.

ഇവ ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല. വിദേശ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തന്നെ ആഗോളപരിപ്രേക്ഷ്യത്തില്‍ കാര്യങ്ങളെ കാണുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്.  ഒരു ശരാശരി അമേരിക്കന്‍ നഗരത്തിലെ ആശുപത്രിയില്‍ പത്തോ പതിനഞ്ചോ രാജ്യങ്ങളില്‍ നിന്നും പലസംസ്കൃതികളെയും പലജീവിതശൈലികളെയും പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ രോഗികളായി വരാറുണ്ട്. എന്നു വച്ചാല്‍ അവരുടെയെല്ലാം ആവശ്യങ്ങളെയറിഞ്ഞ് പെരുമാറാനുള്ള ട്രെയിംഗാണ് ഇവിടങ്ങളിലെ വൈദ്യവിദ്യാര്‍ത്ഥിക്ക് കിട്ടുന്നത്. അപ്പോള്‍ അതിനനുസരിച്ച്‌ എത്രത്തോളം ആഗോളീകൃതമായ പ്രവര്‍ത്തിപരിചയം ഉണ്ടോ അത്രത്തോളം ഒരു വിദ്യാര്‍ത്ഥിയെ എടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ താല്പര്യവും കൂടും. ലണ്ടന്‍ നഗരമായാലും ബെര്‍ളിന്‍ നഗരമായാലും ടൊറോന്റോ ആയാലും ഒക്കെ ഇതുതന്നെയാണവസ്ഥ.

ഈ ആഗോളീകരണത്തിന്റെ മറ്റൊരു വശമാണ് വൈദ്യസാങ്കേതികവിദ്യയുമായുള്ള പരിചയത്തെ സംബന്ധിച്ചുള്ളത്. നാലും അഞ്ചും രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരോ സംഘങ്ങളോ സഹവര്‍ത്തിച്ച് നടത്തുന്ന പഠനങ്ങള്‍ക്ക് സഹായമാകുന്നത് ഇന്റര്‍നെറ്റുവഴിയുള്ള ബന്ധം മാത്രമല്ല, വൈദ്യശാസ്ത്ര സോഫ്റ്റ്‌വെയറുകളുടെയും ഇമേജിംഗ് ടെക്നോളജിയുടെയും ഒക്കെ സാര്‍‌വലൗകികത കൂടിയാണ്. പല രാജ്യങ്ങളില്‍ നിന്നായി ശേഖരിക്കപ്പെടുന്ന ഭീമമായ ഡേറ്റയില്‍ നിന്ന് പ്രാദേശികമായി ഉപയോഗിക്കാവുന്ന ഗവേഷണഫലങ്ങള്‍ ഉരുത്തിരിച്ചെടുക്കുക എന്നതിലാണ് നാളത്തെ വൈദ്യത്തിന്റെ കണ്ണ്.

ഗോളം ചുരുങ്ങി ഒറ്റലോകമായി മാറുമ്പോള്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രശ്നങ്ങള്‍ അമേരിക്കയുടെയോ ജപ്പാന്റെയോ ജര്‍മ്മനിയുടെയോ ഒക്കെ പ്രശ്നമാവുമെന്ന തിരിച്ചറിവോടെ ആഗോളപൗരന്മാരെ വാര്‍ത്തെടുക്കാനാണ് അവിടങ്ങളിലെ സര്‍‌വകലാശാലകള്‍ ഇന്ന് ബദ്ധപ്പെടുന്നത്. അറിവാണ് നാളത്തെ കൊളോണിയലിസത്തിന്റെ ആയുധം. അതിനു പുറം‌തിരിഞ്ഞു നില്‍ക്കുന്നത് ചരിത്രത്തിന്റെ പാഠങ്ങളെ നിഷേധിക്കലാവും.__________________________

*2000ത്തിലോ അതിനടുത്തോ പതിനെട്ട് വയസ് പൂര്‍ത്തിയായ തലമുറ. ലോകത്തിലെ തൊഴിലെടുക്കുന്ന വിഭാഗങ്ങളില്‍ ഇപ്പോള്‍ ഏറ്റവും വലിയ ജനസംഖ്യാവിഭാഗം.

തല്ലുന്ന രോഗിയും കൊള്ളുന്ന ഡോക്ടറും: അക്കരെ നിന്നൊരു നോട്ടം


'Medicine Man',
Wellcome Collection, London.
 Photo by Suraj Rajan
അഹമ്മദുമാഷ് ഐസിയുവിലായിട്ട് നാല് ദിവസമായി. തലക്കകത്ത് രക്തം കട്ടപിടിച്ചുണ്ടായ സ്ട്രോക്ക്  (പക്ഷാഘാതം) എന്നാണു ഡോക്ടര്‍ അഹമ്മദുമാഷിന്റെ ഭാര്യ സുഹറയോട് പറഞ്ഞത്. സ്കൂളില്‍ സ്റ്റാഫ് റൂമില്‍ വലത് ഭാഗം തളര്‍ന്ന്, നാവുകുഴഞ്ഞ്  വീണതാണ്‌ 54 വയസുള്ള സാമൂഹ്യപാഠം അധ്യാപകന്‍. ടൗണിലെ അറിയപ്പെടുന്ന ആശുപത്രിയില്‍ എത്തിച്ചത് സഹ അധ്യാപകരാണ്‌.

തലച്ചോറിലെ രക്തക്കട്ട അലിയിക്കാന്‍ ഉള്ള ഒരു മരുന്നുണ്ട്, അതിനു ഇരുപത്തയ്യായിരത്തിനടുത്ത് വിലയാണു ഒരു കുപ്പിക്ക്, അത്‌ ആദ്യ നാലര മണിക്കൂറിനുള്ളില്‍ കൊടുത്താല്‍ പക്ഷാഘാതത്തിനു ഭേദം വന്നേയ്ക്കും എന്ന് ഡോക്ടര്‍ ഉപദേശിച്ചതനുസരിച്ച് സുഹറ ബാങ്കില്‍ മകളുടെ വിവാഹച്ചെലവിനു വച്ചിരുന്ന പൈസ പിന്‍‌വലിച്ച് മരുന്നു വാങ്ങിക്കൊടുത്തു. രക്തം കൊടുണം എന്ന് പിന്നീട് ദിവസം പറഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകരായ സ്കൂള്‍ മാഷും കുട്ടികളുമൊക്കെ ഗ്രാമത്തിന്റെ പ്രിയങ്കരനായ അഹമ്മദിനു വേണ്ടി നെട്ടോട്ടം ഓടിയിട്ടാണെങ്കിലും നാലു കുപ്പി എത്തിച്ചു.

ഐസിയുവില്‍ ആയതിനാല്‍ "അണുബാധ പ്രശ്നം" ഉണ്ടെന്നും ബന്ധുക്കള്‍ക്ക് കാണാന്‍ ആവില്ലെന്നും ആശുപത്രി നിയമമുണ്ട്. നേഴ്സോ അന്റന്റര്‍മാരോ ആരെങ്കിലു, ഇടയ്ക്കിടെ പുറത്ത് വന്ന് "ഈ മരുന്നു വാങ്ങി വരണം"എന്ന് പറഞ്ഞ് ഒരു ചീട്ട് കാത്തിരിപ്പുറൂമില്‍ രാവും പകലും മുഷിഞ്ഞിരിക്കുന്ന സുഹറയുടെയോ മറ്റേതെങ്കിലും ബന്ധുവിന്റെയോ കയ്യില്‍ കൊടുക്കും. സുഹറ മാത്രമേ ഇതിനിടയ്ക്ക് മാഷിനെ അത്യാസന്നമുറിയില്‍ കയറി കണ്ടിട്ടുള്ളൂ. ഒരു ബന്ധുവിനെ വൈകീട്ട് മൂന്നിനും ആറിനും ഇടക്ക് കയറ്റിക്കാണിക്കും. അഹമ്മദിന്റെ സഹോദരീസഹോദരന്മാര്‍ കണ്ണൂരു നിന്നും കാസര്‍കോടുനിന്നുമൊക്കെ വന്നിട്ടും ഐസിയു ടീം ഒരാളെയേ പ്രവേശിപ്പിക്കാന്‍ പറ്റൂ എന്ന് നിര്‍ബന്ധം പിടിച്ചത് ചില്ലറ വഴക്കുകള്‍ക്ക് വഴിവച്ചിരുന്നു ആദ്യരണ്ട് ദിവസങ്ങളില്‍.

മൂന്നാം ദിവസം നെഞ്ചില്‍ കഫക്കെട്ട് വന്നത് കാരണം വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യം അടുത്തെങ്ങും നടപ്പില്ലെന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. ആളെക്കേറ്റാത്ത ഐസിയുവില്‍ കിടക്കുന്ന രോഗിക്ക് എങ്ങനെ ഇന്‍ഫക്ഷന്‍ വന്നു, അത് അവിടുള്ളവര്‍ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ എന്ന് പറഞ്ഞ് അഹമ്മദിന്റെ സുഹൃത്തുക്കള്‍ ചിലര്‍ ഡോക്ടറുമായി കയര്‍ത്തു.

നഗരത്തിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കളുമായി ചര്‍ച്ചയിലായി മെഡിക്കല്‍ സംഘം. വെന്റിലേറ്ററോട് കൂടിയേ മാറ്റാനാവൂ. ടൗണില്‍ അത്തരം ആംബുലന്‍സുകള്‍ ഇല്ല. ഒപ്പം ഒരു ഡോക്ടര്‍ കൂടി പോകേണ്ടി വരും. അതിനു നഗരത്തിലെ മുന്തിയ ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് തരപ്പെടുത്താനുള്ള ശ്രമത്തിലാണു അവര്‍.

ഇതിനോടകം ബന്ധുക്കളുടെ ക്ഷമ കുറഞ്ഞ് വന്നു: രക്തക്കട്ട അലിയിക്കാന്‍ പത്തുമുപ്പതിനായിരം രൂപ ചെലവാക്കിയിട്ട് ഫലമില്ലെന്ന് പറഞ്ഞാല്‍ അത് ദഹിക്കാന്‍ ഇത്തിരിപാടാണ്‌. ഡോക്ടര്‍ പിന്നെ എന്തിന്‌ ആ മരുന്ന് വാങ്ങിപ്പിച്ചു ? ദിവസവും ഇരുന്നൂറും മുന്നൂറും രൂപയുടെ ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍ ആണ്‌ വാങ്ങിപ്പിക്കുന്നത്. എന്നിട്ട് അവരിതാ "രക്ഷയില്ല മെഡിക്കല്‍ കോളെജില്‍ കൊണ്ട് പോണം" എന്ന് കൈമലര്‍ത്തുന്നു. ഇതെവിടത്തെ എടപാടാണ്‌ ?

ആറാം ദിവസം, ഒരു ശനിയാഴ്ച വൈകീട്ട് അഹമ്മദ് മാഷ് മരിച്ചു. ഗ്രാമം ഇളകി. ബന്ധുക്കള്‍ ബഹളം വച്ചു. മുന്‍പ്  അതേ ആശുപത്രിയില്‍ പ്രസവസംബന്ധമായ സങ്കീര്‍ണതകളാല്‍ മരിച്ച ഒരു സ്ത്രീയുടെ ബന്ധുക്കള്‍ ഇത് ടി ആശുപത്രിയുടെ കുഴപ്പമാണെന്ന് പറഞ്ഞ് പരത്തി. മുന്‍പ് ആശുപത്രി ആംബുലന്‍സിന്റെ ഡ്രൈവര്‍മാരുമായി തര്‍ക്കവും തല്ലും വരെയുണ്ടാക്കിയിരുന്ന  ഒരു സംഘം ലോക്കല്‍ ഡ്രൈവര്‍മാര്‍ ആശുപത്രി ഫാര്‍മസിയില്‍ കയറി സാധനങ്ങള്‍ തച്ചുടച്ചു. അറ്റന്റര്‍മാരെയും സെക്യൂരിറ്റി ഗാഡിനെയും കയ്യേറ്റം ചെയ്തു.

* * *

കേരളത്തില്‍/ഇന്ത്യയില്‍ വളരെ ചുരുങ്ങിയൊരു കാലമേ ഇതെഴുന്നയാള്‍ വൈദ്യം പ്രാക്റ്റിസ് ചെയ്തിട്ടുള്ളൂ. അധികവും കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ ആയിട്ടാണ്. കുറച്ച് കാലം ഐസിയുകളുടെ ഉള്‍പ്പടെ ഉത്തരവാദിത്തം പേറുന്ന രാത്രി ഡ്യൂട്ടികളും ചെയ്തിട്ടുണ്ട്. അമേരിക്കയിലിരിക്കുന്ന തനിക്ക് ഗിരിപ്രഭാഷണം നടത്താന്‍ ഒരു "യോഗ്യതയുമില്ല" എന്ന് ഇത് വായിക്കുന്നവര്‍ വാദിച്ചേക്കും എന്നതുകൊണ്ടാണീ മുന്‍പരിചയക്കാര്യം എടുത്തിട്ടത്.  ശരിയാണ്‌, ഞാന്‍ ജോലിചെയ്തിട്ടുള്ളതും ഇപ്പോള്‍ ചെയ്യുന്നതുമായ ഒരു വിദേശ വൈദ്യ സിസ്റ്റത്തിനും കേരളത്തിലെ ഗ്രാമങ്ങളെയും കൊച്ച് പട്ടണങ്ങളെയും സേവിക്കുന്ന വൈദ്യസിസ്റ്റവുമായി താരതമ്യങ്ങളില്ല, പല അര്‍ത്ഥത്തിലും. എന്നാല്‍ ചില പരിഹാരങ്ങള്‍ക്ക് വിദേശത്തെ സിസ്റ്റം ഉപകരിച്ചാലോ എന്ന്‌ തോന്നുന്നത് കൊണ്ടാണീ ഉപന്യാസം.

അഹമ്മദ് മാഷിന്റെ കഥ, ഒരു സാങ്കല്പികോദാഹരണമാണെങ്കിലും നിങ്ങളില്‍ ഒരുപാട് പേര്‍ക്ക് അതുമായി താദാത്മ്യം പ്രാപിക്കാന്‍ തോന്നുന്നെങ്കില്‍ അതിനു കാരണം ഞാനും കൂടി ഉള്‍പ്പെടുന്ന സിസ്റ്റത്തിന്റെ കുറ്റവും കുറവുകളുമാണ്‌.

അഹമ്മദ് മാഷെ അഡ്മിറ്റ് ചെയ്യുമ്പോള്‍ എടുത്ത തലയുടേ സിടിസ്കാനില്‍ നിന്ന് തലച്ചോറിന്റെ ഇടത് പാളിയുടെ മുഖ്യഭാഗങ്ങളിലേക്ക് രക്തം കൊണ്ട് പോകുന്ന കുഴല്‍ അടഞ്ഞിരിക്കുന്നതായി ഡോക്ടര്‍ കണ്ടിരുന്നു. ആ അടവ് കൊളസ്ട്രോളും രക്തവും ഉറഞ്ഞുണ്ടായതാണ്‌. തടിച്ച പ്രകൃതവും, ഉയര്‍ന്ന രക്തക്കൊളസ്ട്രോളും, പ്രമേഹവുമൊക്കെയുള്ള  ആളുകളില്‍ ഇത്തരം രക്തക്കട്ടയുറഞ്ഞുണ്ടാകുന്ന സ്ട്രോക്ക് അപൂര്‍‌വ്വമല്ല. ആ അടവ്   തുറപ്പിക്കാന്‍ ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് പ്ലാസ്മിനോജെന്‍ ആക്റ്റിവേയ്സ് എന്ന രാസവസ്തുവാണ്‌. അതിനു ഇരുപത്തയ്യായിരത്തിനടുത്താണ്‌ വില. രക്തക്കട്ട അലിയിക്കണമെങ്കില്‍ ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ -- പരമാവധി നാലര മണിക്കൂറിനുള്ളില്‍ -- അത് കുത്തിവയ്ക്കണം.  മരുന്ന് കൊടുത്താല്‍ മാഷ് എഴുന്നേറ്റ് നടക്കുകയൊന്നുമില്ല. സമയത്ത് കുത്തിവച്ചാല്‍ തന്നെ രക്തക്കട്ട അലിഞ്ഞ് ഇടത് തലച്ചോറിലേക്ക് രക്തം സുഗമമായി ഒഴുകുക എന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമല്ല. അതേ രക്തക്കുഴലിലെ കൂടുതല്‍ ഭാഗങ്ങളിലേക്ക് രക്തക്കട്ട ഉറഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ അതിനെ ഈ മരുന്ന് തൊടുമെന്നു കരുതാന്‍ വയ്യ. പിന്നെ, രക്തയോട്ടം പുനഃസ്ഥാപിച്ചാല്‍ തന്നെ തലച്ചോറില്‍ ഉണ്ടായിക്കഴിഞ്ഞ കോശനാശം ഇല്ലാതാക്കാന്‍ പറ്റില്ല. നശിക്കാന്‍ പോകുന്ന കോശങ്ങളെ ചിലപ്പോള്‍ രക്തയോട്ട പുനഃസ്ഥാപനം രക്ഷിച്ചേക്കും. വലിയൊരു രക്തക്കുഴല്‍ അടഞ്ഞിരിക്കുമ്പോള്‍ ഈ മരുന്നു കൊടുക്കുത്ത് ബ്ലോക്ക് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യം ഇതാണ്.  ആഘാതത്തില്‍ നിന്ന് മുക്തിനേടുന്ന രോഗിക്ക് തളര്‍ന്ന ഭാഗം ഉപയോഗിക്കാന്‍ നല്ല പരിശീലനം ഫിസിയോ തെറാപ്പിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ നല്‍കണം. ഇതൊക്കെ ചേര്‍ന്ന ഒരു സമഗ്ര ചികിത്സയിലൂടെയേ തലച്ചോറിന്റെ, സ്ട്രോക്കുമൂലം നശിക്കാത്ത ഭാഗങ്ങളെ ട്രെയിന്‍ ചെയ്ത് രോഗിയെ തിരിച്ച് ജീവിതത്തിലേക്ക് നടത്തിക്കാനാവൂ. ഊന്നുവടിയോ വാക്കറോ, ചിലപ്പോള്‍ വീല്‍ ചെയറോ ഒക്കെ വേണ്ടി വരും, മസ്തിഷ്കാഘാതത്തിന്റെ കാഠിന്യമനുസരിച്ച്.

ഇനി, ഈ രക്തക്കട്ടയലിയിക്കുന്ന മരുന്നിന്റെ ഏറ്റവും വലിയ പ്രശ്നമെന്താണ്‌ ? അത് രക്തസ്രാവം ഉണ്ടാക്കും എന്നത് തന്നെ. അപ്പോള്‍ തലച്ചോറിലെ, സ്ട്രോക്ക് മൂലം അപകടത്തില്‍ ഇരിക്കുന്ന ഭാഗങ്ങളില്‍ ഈ മരുന്ന് ചെല്ലുമ്പോള്‍ ബ്ളീഡിംഗിന്റെ സാധ്യത കൂടുതലാണോ ? അതേ! ആ റിസ്ക് നാം എടുത്തേ മതിയാകൂ. രോഗി എണ്‍പത് വയസ്സൊക്കെ കഴിഞ്ഞയാളാണെങ്കില്‍, അതല്ലെങ്കില്‍ രക്തസ്രാവം ഉണ്ടാക്കുന്ന മരുന്നുകള്‍ നിലവില്‍ കഴിക്കുന്നയാളാണെങ്കില്‍, ഈ മരുന്ന് കൊടുക്കാന്‍ വയ്യ.

അഹമ്മദ് മാഷിന്റെ കാര്യത്തില്‍ മരുന്ന് ഫലിച്ചു, രക്തക്കട്ട അലിഞ്ഞു, പക്ഷേ രണ്ടാമത്തെ സിടിസ്കാന്‍ എടുക്കുമ്പോള്‍ തലച്ചോറില്‍  നീര്‍ക്കെട്ടും ചെറിയ രക്തസ്രാവവും ഉണ്ടായതായി ഡോക്ടര്‍ ശ്രദ്ധിച്ചിരുന്നു. തലച്ചോറിലെ നീരു മൂലം ബോധം നഷ്ടപ്പെട്ട അഹമ്മദിനെ വെന്റിലേറ്ററില്‍ ആക്കാതെ രക്ഷയുണ്ടായിരുന്നില്ല. തലച്ചോറിലെ നീര് തലച്ചോറ് വീര്‍ക്കാന്‍ ഇടയാക്കും. ഇത് താഴേക്ക് തള്ളുമ്പോള്‍ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. മാത്രവുമല്ല, ബോധം നഷ്ടപ്പെട്ടയാള്‍ക്ക് ശ്വാസോഛ്വാസം കഴിക്കാന്‍ സ്വയം പറ്റിയെന്ന് വരില്ല. ഇങ്ങനുള്ള സന്ദിഗ്ധഘട്ടത്തില്‍ തൊണ്ടവഴി ശ്വാസകോശത്തിലേക്ക് ഒരു ട്യൂബ് കടത്തി അതിനെ "സ്വയം നിയന്ത്രിക്കപ്പെട്ട" താളത്തില്‍ ശ്വാസം കൊടുക്കുന്ന ഒരു മെഷീനുമായി ഘടിപ്പിക്കുന്നു. ഇതിനെയാണു വെന്റിലേറ്ററില്‍ ഇടല്‍ എന്ന് പറയുന്നത്.

വെന്റിലേറ്ററിലേക്ക് ഘടിപ്പിക്കപ്പെട്ട രോഗിയുടെ പല്ലിലും മോണയിലുമായി ജീവിക്കുന്ന പരാദ അണുക്കള്‍ തുപ്പല്‍ വഴി തൊണ്ടയിലേക്കും ശ്വാസകോശത്തിലേക്കും ഊറി ഇറങ്ങി ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്നത് സാധാരണമാണ്‌. ഇങ്ങനുള്ള പരാദാണുക്കള്‍ ശ്വാസകോശത്തിലുണ്ടാക്കുന്ന ന്യുമോണിയയെ നേരിടുന്നതിനു ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണു്‌. സന്ദര്‍ഭവശാല്‍ വിരളമായി ഉപയോഗിക്കുന്നതും, അതുകൊണ്ട് തന്നെ വിലകൂടിയതുമായ ആന്റിബയോട്ടിക്കുകള്‍ ആണവ.

* * *

അഹമ്മദ് മാഷിന്റെ കേസില്‍ ഈ മുകളില്പ്പറഞ്ഞ ന്യായങ്ങളൊ, ഓരോ ചികിത്സയുടെയും പ്രയോജനമോ  പ്രശ്നങ്ങളോ, എന്തിനു ഐസിയുവില്‍ ആക്കിയെന്നോ, എന്തിനു വെന്റിലേറ്ററില്‍ ഇട്ടെന്നോ ഒന്നും ഭാര്യ സുഹറയോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ചികിത്സാ ടീം മെനക്കെട്ടില്ല. ദിവസവും റൗണ്ട്സ് കഴിയുമ്പോള്‍ ബന്ധുക്കളെ വിളിച്ച് കൂട്ടി ക്ഷമയോടെ ഇതൊക്കെ വിശദീകരിച്ച് കൊടുക്കാന്‍ ഇരുപതോ മുപ്പതോ മിനിറ്റ് വേണ്ടി വരും. ഇരുപത്തിയയ്യായിരം രൂപയുടെ മരുന്ന് വാങ്ങിക്കൊടുക്കുന്ന, ദിവസവും ആയിരം രൂപയോളം ഐസിയു ചാര്‍ജ്ജും അതുക്കുമേലേ മരുന്നിന്റെ കാശും കെട്ടിവയ്ക്കുന്ന രോഗിയുടെ ബന്ധുക്കള്‍ക്ക് ഈ വിശദാംശങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. അത് ഡോക്ടറുടെയോ ആശുപത്രിയുടെയോ  ഔദാര്യമല്ല.

ഡോക്ടര്‍ എന്ന പദത്തിന്റെ ഉറവിടം ഡോക്കേറേ (docere= പഠിപ്പിക്കുക) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണു. വൈദ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥവും "വിദ്" (=അറിവ്) ഉള്ളവന്‍ എന്നാണ്‌. ചികിത്സ എന്ന്  പറയുന്നത് സ്കാന്‍ നോക്കി രോഗം നിശ്ചയിക്കലും അതിനു മരുന്നെഴുതലും ആയാല്‍ തീര്‍ന്നില്ല. അറിവ് പകരാത്തിടത്തോളം വൈദ്യധര്‍മ്മം പാഴാണ്. കാരണം നാം ചികിത്സിക്കുന്നത് ഓയിലു മാറ്റിയും ഗ്രീസിട്ടും ഗിയര്‍ ബോക്സ് ചെക്ക് ചെയ്തും കണ്ടീഷനാക്കാവുന്ന യന്ത്രങ്ങളെയല്ല. രോഗിയെന്നത് ഒരു വ്യക്തിയല്ല, അവളുടെ/അവന്റെ ചുറ്റുവട്ടങ്ങളെല്ലാം കൂടിച്ചേര്‍ന്ന് തീര്‍ക്കുന്ന ഒരു ജീവിയാണത്. ഡോക്ടര്‍ പകര്‍ന്ന് നല്‍കുന്ന അറിവ് രോഗിയെയും ബന്ധുക്കളെയും ശാക്തീകരിക്കാനും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുപ്പിക്കാനും കെല്പുള്ളതാകും. മറിച്ച് "സര്‍‌വ്വജ്ഞനായ" ഡോക്ടര്‍ തീരുമാനിച്ച് മരുന്നുകൊടുക്കുകയും ഓപ്പറേറ്റ് ചെയ്യുകയും കീമോതെറാപ്പി കൊടുക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ രോഗിയില്‍ നിന്നും, ബന്ധുമിത്രാദികളില്‍ നിന്നും ഒക്കെ അവരുടെ ജീവിതത്തിന്റെ കര്‍തൃത്വത്തെ പിടിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. "എല്ലാം തികഞ്ഞ ഡോക്ടര്‍ക്ക്" ഒരു കൈപ്പിഴ പറ്റിയാല്‍ പഴിചാരാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന്റെ കൈയ്യില്‍ വടി കൊടുക്കുക കൂടിയാണ്‌ നിങ്ങള്‍ ചെയ്യുന്നത്, അവിടെ.

ആശുപത്രിയടിച്ച് പൊളിക്കലിന്റെയും ഡോക്ടറെ കേറി തല്ലലിന്റെയും എല്ലാം ഒരേയൊരു കാരണം ഇതാണെന്നല്ല പറഞ്ഞ് വന്നത്. പക്ഷേ ഇതൊരു പ്രധാന കാരണമാണ്‌. വൈദ്യസംഘങ്ങളും വ്യക്തികളും മുന്‍‌കൈയ്യെടുത്താല്‍, അത്രവലിയ പ്രയത്നമൊന്നുമില്ലാതെ തന്നെ മാറ്റാന്‍ പറ്റുന്ന ഘടകവുമാണ്. സമൂഹത്തിനു പൊതുവേ ആധുനിക വൈദ്യത്തെക്കുറിച്ചുള്ള "സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തും" എന്ന മോഡലിലെ തെറ്റിദ്ധാരണകളെ മാറ്റാനും ഇത്തരം അറിവു പകരല്‍ കൊണ്ട് സാധിക്കും. 

ജലദോഷത്തിനു മരുന്ന് കുറിക്കുമ്പോള്‍ പോലും ജലദോഷം ഇന്നിന്ന കാരണം കൊണ്ട് വരുന്നതാണ് എന്നും ഇതിനു മരുന്നാവശ്യമില്ലെന്നും, മൂക്കൊലിപ്പ് സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ദാ ഈ മരുന്ന് ചെറിയ ആശ്വാസം നല്‍കുമെന്നും പറഞ്ഞ് കൗണ്‍സലിംഗ് കൊടുക്കുന്ന ഡോക്ടര്‍മാര്‍ ഇതെഴുതുന്നയാള്‍ക്ക് മാതൃകാധ്യാപകരായിട്ടുണ്ട്. റൗണ്ട്സ് നടക്കുമ്പോള്‍ കൂട്ടിരുപ്പുകാരെ രോഗിക്കൊപ്പം ഇരുത്തി കാര്യങ്ങള്‍ ഇവിടെവരെയാണ്, ഇനി നമ്മള്‍ ഇന്നിന്നതൊക്കെയാണ് ചെയ്ത് നോക്കാന്‍ പോകുന്നത്, അതിനു ഇന്നിന്ന ശതമാനം വിജയ/ഫല സാധ്യതകളുണ്ട് എന്നൊക്കെ അപ്ഡേറ്റ് ചെയ്യുന്ന ഗുരുക്കന്മാരില്‍ നിന്ന് നമുക്ക് ഇനിയുമൊത്തിരി പഠിക്കാനുണ്ട്.