താനാരാണെന്ന് തനിക്കറിയാമ്മേലങ്കീ താനെന്നോട് ചോദിക്ക്


സ്കൂളില്‍ പഠിക്കുന്ന കാലത്ത് വളഞ്ഞിരുന്നു കണ്ട്രാക്ക് വിടുമ്പോളൊരിക്കലാണ് തേന്മാവിന്‍ കോമ്പത്തിലെ പപ്പുവിന്റെ ഈ ക്ലാസിക് ഒരു സൈദ്ധാന്തിക പ്രശ്നം ഇതെഴുതുന്നവന്റെ തലയില്‍ തോന്നിച്ചത്. താനാരാണെന്ന് താന്‍ എങ്ങനെയാണ് അറിയുക? ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ എല്ലാം എന്റെ തലച്ചോറ് അറിയുന്നുണ്ടോ ? പത്തുപതിനാറുകൊല്ലം കഴിഞ്ഞ് നാടുവിട്ടതിനുശേഷമാണ് ഈ ചോദ്യത്തിനു തന്നെ ശാസ്ത്രത്തിന്റെ ചരിത്രത്തിലൊരു ആയിരം കൊല്ലത്തെ പഴക്കമെങ്കിലുമുണ്ടെന്ന് അറിയുന്നത്. ആയിരം കൊല്ലം എന്നു പറയുന്നത് സൂക്ഷിച്ചു വേണം; ഏഡി ആദ്യ നൂറ്റാണ്ടുകള്‍ വരെ വൈദ്യപാഠപുസ്തകങ്ങള്‍ പോലും ഹൃദയത്തിനാണല്ലൊ തലച്ചോറിന്റെ റോള്‍ നല്‍കിയിരുന്നത്. 

1980കളില്‍ യൂണി.ഒഫ് കാലിഫോണിയയിലെ ബെഞ്ജമിന്‍ ലിബെറ്റിന്റെ പ്രസിദ്ധ പരീക്ഷണമുണ്ട്. ആ സെറ്റപ്പ് എതാണ്ട് ഇങ്ങനെയാണ്: പരീക്ഷണത്തില്‍ പങ്കെടുക്കുന്നത് കോളെജ് വിദ്യാര്‍ഥിനി. ഓടുന്ന ഒരു ക്ലോക്ക്. വിദ്യാര്‍ഥിനി ചിന്തിക്കുന്നു, തലച്ചോറില്‍ അതനുസരിച്ച് വൈദ്യുതമാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ഥിനിയുടെ മസ്തിഷ്കത്തിലെ വൈദ്യുതവ്യതിയാനങ്ങളെ പിടിച്ചെടുക്കുന്ന ഒരു EEG (ഇലക്ട്രോ‌എന്‍സഫലോഗ്രാഫ്) യന്ത്രം. വിദ്യാര്‍ഥിനിക്ക് എപ്പോള്‍ വേണമെങ്കിലും കൈയ്യാല്‍ ഒരു ആംഗ്യം കാട്ടാം. ആംഗ്യചലനം "ഉണ്ടാക്കാനുള്ള ചിന്ത" എപ്പോള്‍ ഉണ്ടായി എന്ന് ക്ലോക്കു നോക്കി പുള്ളിക്കാരി രേഖപ്പെടുത്തണം. ചലനം എപ്പോഴുണ്ടാക്കി എന്നും ക്ലോക്ക് നോക്കി കുറിയ്ക്കും. പരീക്ഷണത്തിന്റെ ഒടുക്കം തലച്ചോറിലെന്തരാണ് നടന്നതെന്ന് നോക്കിയപ്പോള്‍ ആകെ ഗുലുമാല്‍. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ ആംഗ്യചലനം ഉണ്ടാക്കാനുള്ള ചിന്ത തങ്ങളില്‍ ഉണ്ടായി എന്നു രേഖപ്പെടുത്തിയ സമയത്തിനൊക്കെ വളരെ മുന്‍പേ തന്നെ അവരുടെ തലച്ചോറില്‍ ആംഗ്യചലനത്തിനു തയ്യാറെടുക്കുന്നതിനുള്ള വൈദ്യുത പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്ന്വച്ചാ അവൾ ആംഗ്യചലനം ഉണ്ടാക്കും എന്ന് അവൾ പോലും അറിയും മുന്‍പേ അവളുടെ തലച്ചോറ് ചലനത്തിന് റെഡിയായെന്ന്! അപ്പോള്‍ ആംഗ്യം ഉണ്ടാക്കിയവര്‍ക്ക് സ്വതന്ത്രമായ ഇച്ഛ ഇല്ലെന്നാണോ? എവിടുന്നാണീ തലച്ചോറിന് റെഡിയാവാനുള്ള ആജ്ഞ കിട്ടുന്നത് ?

തത്വചിന്തയ്ക്കും ശാസ്ത്രത്തിനും പുറത്ത് "അജ്ഞാതമായ ഒരു അവബോധം", "പ്രപഞ്ചാവബോധം", "ആത്മാവിലേക്ക് ദൈവത്തിന്റെ സിഗ്നല്‍" എന്നിങ്ങനെ പലതരം വിശദീകരണങ്ങൾ ഇതിനുണ്ടായിയെന്നത് ചരിത്രമാണ്. എന്നാല്‍ തലച്ചോറിനു റെഡിയാവാനുള്ള ആജ്ഞ ആതിഭൗതികമായി എവിടുന്നുങ്കിലും അയച്ചുകിട്ടുന്നതല്ല എന്ന് ഇതിന്റെ പിന്നാലെ പഠനങ്ങളുമായി പോയ ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പായിരുന്നു. അവരുടെ സംശയം നീണ്ടത് തലച്ചോറിന്റെ "അവബോധ" പ്രക്രിയയിലേക്കാണ് (conscious awareness). ആംഗ്യചലനം ഉണ്ടാകുന്നതിന്റെ വൈദ്യുതമാറ്റങ്ങള്‍ തലച്ചോറിന്റെ "ചലന ആസൂത്രണ" മേഖലകളില്‍ (motor planning areas) നടക്കുന്നുണ്ടെങ്കിലും അത് തത്സമയം തന്നെ അവബോധത്തിന്റെ തലത്തിലേക്ക് എത്തുന്നുണ്ടോ എന്നാണ് അവര്‍ സംശയിച്ചത്. ആംഗ്യചലനം നടക്കുന്നു, കുറേ മില്ലീസെക്കന്റുകള്‍ കഴിഞ്ഞ് ചലനം നടന്ന വിവരം തലച്ചോറ് ബോധതലത്തില്‍ അറിയുന്നു എന്നാണെങ്കിലോ?

വീണ്ടും ചില പരീക്ഷണങ്ങള്‍

അങ്ങനെയാണെങ്കില്‍ പരീക്ഷിത വ്യക്തി അറിയുമ്മുമ്പേ തന്നെ ആംഗ്യചലനത്തെ പ്രവചിക്കാന്‍ പറ്റുമോ? ഇത്തവണ ഇ.ഇ.ജി യന്ത്രത്തിനു പകരം തലച്ചോറിന്റെ ഫങ്ഷനല്‍ എം.ആര്‍.ഐ സ്കാന്‍ (fMRI) ആണ് ഉപയോഗിച്ചത്. തലച്ചോറിലെ വിശിഷ്ട മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നു വേര്‍തിരിച്ച് അറിയാന്‍ ഈ പ്രത്യേക സ്കാന്‍ കൊണ്ട് പറ്റും എന്നതാണ് സൗകര്യം. സ്കാനറില്‍ പരീക്ഷിക്കപ്പെടാന്‍ കിടക്കുന്ന വ്യക്തി ആംഗ്യചലനം നടത്തുന്നു. എപ്പോള്‍ ചലനം നടത്തിയെന്ന് ക്ലോക്ക് നോക്കി കുറിക്കാം. ആംഗ്യം കാട്ടാന്‍ "തീരുമാനിച്ച" സമയം, ആംഗ്യം കാണിച്ചയാള്‍ക്ക് അത് ചെയ്തു എന്നു "ബോധ്യമായ" സമയം എന്നിവയും കുറിച്ചു. പരീക്ഷണത്തിനൊടുവില്‍ വ്യക്തമായത് ഇതാണ്: ആംഗ്യം നടക്കുന്നതിന്‌ ഏതാണ്ട് 1 സെക്കന്റ് മുന്‍പേ ആണ് ആംഗ്യം കാണിക്കാന്‍ തീരുമാനിച്ച വ്യക്തിക്ക് "ഞാനിതാ ഇത് ചെയ്യാന്‍ പോകുന്നു" എന്ന് അറിവാകുന്നത്. എന്നാല്‍ കൈയ്യനക്കത്തിനു 8 സെക്കന്റു മുന്‍പേ തന്നെ സ്കാനറിനു തലച്ചോറിലിതാ ആംഗ്യം കാണിക്കാന്‍ പോകുന്നു എന്ന് പ്രവചിക്കാന്‍ സാധിക്കുന്നു!

ഇത് മറ്റൊരു പ്രശ്നം മുന്നോട്ട് വയ്ക്കുന്നു: വ്യക്തിക്കു ചലനത്തെപ്പറ്റി സ്വയബോധം വരും  മുൻപേ സ്കാൻ വഴി ചലനത്തെ പ്രവചിക്കാമെങ്കിൽ തലച്ചോറില്‍ കൃത്രിമമായി സിഗ്നലുകള്‍ ഉണ്ടാക്കി വ്യക്തിയെ ചിന്താക്കുഴപ്പത്തില്‍ ആക്കാന്‍ പറ്റുമോ? ഉദാഹരണത്തിന്‌ ശക്തിയുള്ള ഒരു കാന്തം വച്ച് ഒരു തലച്ചോറിന്റെ ആസൂത്രണ (പ്ലാനിംഗ്) മേഖലയില്‍ ഒരു തരിപ്പുണ്ടാക്കിയാലോ? ഇതും പരീക്ഷിക്കപ്പെട്ടു. സെറ്റപ്പ് മുകളില്‍ പറഞ്ഞ പോലൊക്കെ തന്നെ. ആംഗ്യചലനം നടത്തുന്ന വ്യക്തിയുടെ "ചലന ആസൂത്രണ" മസ്തിഷ്ക മേഖലകളില്‍ ട്രാന്‍സ്‌ ക്രേനിയല്‍ മാഗ്നറ്റിക് സ്റ്റിമുലേഷന്‍ (Transcranial magnetic stimulation; TMS) എന്നൊരു സം‌വിധാനം ഉപയോഗിച്ച്  "തരിപ്പ്" കൊടുത്താല്‍ താന്‍ ചലനം നടത്താന്‍ മനസില്‍ ഉദ്ദേശിച്ച സമയം ഏതാണ് എന്ന അയാളുടെ ബോധ്യത്തെ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കാന്‍ സാധിക്കും എന്നു തെളിഞ്ഞു. ഒരുപാടൊന്നും അല്ലെങ്കിലും ഏതാനും മില്ലീ സെക്കന്റുകളിലേക്കെങ്കിലും ഇതിനെ മാറ്റാന്‍ പറ്റും എന്ന്! ഈ പരീക്ഷണത്തിന്റെ പല വകഭേദങ്ങൾ പിന്നെയുമുണ്ടായി.

ഇതിൽ നിന്നൊക്കെ മന:ശാസ്ത്രം എന്ത് മനസിലാക്കി? ഇങ്ങനെ ചുരുക്കാം സംഗതികളെ:
 1. ഒരു അവയവം ചലിപ്പിക്കാന്‍ തീരുമാനിച്ചു (plan), അവയവം ചലിപ്പിച്ചു (execution), ചലനം സംഭവിച്ചതിനെപ്പറ്റി ബോധം (awareness) ഉണ്ടായി - ഈ മൂന്നു സംഗതികളും വെവ്വേറെ ആണ്.
 2. ചലനത്തിനായുള്ള തീരുമാനവും (decision) ചലനം ഉണ്ടാക്കാൻ ഉള്ള ഇച്ഛയും (will) രണ്ട് പ്രക്രിയകൾ ആണ്. 
 3. ഒരു ചലനത്തിന്റെ പ്ലാനിംഗ് നമ്മുടെ തലയില്‍ ആരംഭിക്കുന്നത് നമ്മുടെ ബോധപ്രജ്ഞയില്‍ (consciousness) ആ ചലനത്തെപ്പറ്റി ഉള്ള "അവബോധം" ഉണ്ടാകുന്നതിനു മുന്‍പേ ആണ്.
 4.  ചലനത്തെപ്പറ്റിയുള്ള  അറിവ് ബോധപ്രജ്ഞയിലേക്ക് എത്തിക്കുന്ന പ്രക്രിയയെ പുറമെ നിന്ന് സ്വാധീനിക്കുക വഴി  "ചലനം നടത്താന്‍ ഞാന്‍ തീരുമാനിച്ചു" എന്ന സ്വയംബോധത്തെ ഇല്ലാതാക്കാനോ വിഭ്രമിപ്പിക്കാനോ സാധിക്കും.  
ഇവിടെയാണ് ഏറ്റവും വലിയ  സൈദ്ധാന്തിക കുടുക്ക് വരുന്നത് - ഒരു പ്രവർത്തി ചെയ്ത വ്യക്തിക്ക് ആ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം എത്രമാത്രം ഉണ്ട് ? അബോധ മനസില്‍ ആ പ്രവര്‍ത്തിക്കായി നടന്ന പ്ലാനിങ് അവളുടെ ബോധമനസിലേക്ക് എത്തുന്നില്ലെങ്കില്‍  മനുഷ്യനു സ്വതന്ത്രേച്ഛ (Free will)  ഉണ്ട് എന്നും സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഉണ്ട് എന്നതും എത്രമാത്രം സാധുതയുള്ള സംഗതിയാണ് ? 

ഇതെന്റെ കൈയ്യോ നിന്റെ കൈയ്യോ? 

മസ്തിഷ്കത്തിനു വരുന്ന ചില അപൂര്‍‌വ രോഗാവസ്ഥകളില്‍ അതീവ അപൂര്‍‌വവും, അതേസമയം അത്യാശ്ചര്യകരവുമായ ഒരു അവസ്ഥ ആണ് അപ്രാക്സിയ (apraxia; പ്രാക്കിസ്=ചെയ്യുക [ഗ്രീക്ക്]). മുടി കോതുന്നത്, ബ്ലൗസു ധരിക്കുന്നത്,  വാതിലിന്റെ പൂട്ടില്‍ താക്കോലിട്ട് തിരിക്കുന്നത് എന്നിങ്ങനെ ഉദ്ദേശ്യലക്ഷ്യത്തൊടെ ഉള്ള ഒരു പ്രവര്‍ത്തി ചെയ്യാന്‍ രോഗിക്ക് കഴിയാതാവല്‍ ആണ് ഈ അവസ്ഥയുടെ പ്രത്യേകത. മസ്തിഷ്കാഘാതം വന്ന് ഒരു ഭാഗം തളര്‍ന്ന് പോയിട്ടോ ഓര്‍മ നശിച്ചിട്ടോ ഒക്കെ മുന്‍പ് ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റായ്ക പോലല്ല അപ്രാക്സിയയുടെ കാര്യം. മറ്റ് ചലനങ്ങള്‍ ഒക്കെ ഓട്ടോമാറ്റിക് ആയി നടന്ന് പോകും എന്ന അവസ്ഥയിലും ജീവിതത്തില്‍ പ്രയോഗം കൊണ്ട്  ഇങ്ങനെ പഠിച്ചെടുത്ത ചില സംഗതികള്‍ ചെയ്യാന്‍ പറ്റാതാവല്‍ ആണ് അപ്രാക്സിയയില്‍ കാണാറ്. ആദ്യഘട്ടങ്ങളില്‍ ശരീരത്തിന്റെ ഒരു ഭാഗത്ത്  മാത്രമായിരിക്കും ഇത് കാണുക. ഒരു കൈ അറിയാതെ ആവശ്യമില്ലാത്ത സാധനങ്ങളില്‍ ചെന്ന് തൊടുകയോ പിടിക്കുകയോ ചെയ്യുക, പാന്റ്സിന്റെ കുടുക്കു വലിച്ചൂരുക, ഒരു കൈ മറ്റേക്കൈയ്യില്‍ നുള്ളുക എന്നിങ്ങനെ. ഇങ്ങനെ താന്തോന്നിത്തം കാട്ടുന്ന കൈയ്യിനെ ഏലിയൻ ഹാൻഡ് (alien hand) എന്ന് വിളിക്കുന്നു.

ഫങ്ഷനല്‍ ന്യൂറളോജിക്കല്‍ ഡിസോഡേഴ്സ് (Functional neurological disorders; FND) എന്നു വിളിക്കുന്ന രോഗങ്ങളുടെ ഒരു കൂട്ടമുണ്ട്. അകാരണമായി അപസ്മാരം വരുക,  കൈയ്യിലോ കാലിലോ ശരീരത്തെയാകെയോ ബാധിക്കുന്ന വിറയല്‍ വരുക, എന്നതൊക്കെയാണ് ഈ രോഗികളുടെ ലക്ഷണം. ചില പ്രത്യേക മാനസിക നിലകളിലേ പലപ്പോഴും രോഗലക്ഷണങ്ങള്‍ പുറത്ത് വരൂ. ഉദാഹരണത്തിനു വഴക്കടിക്കുമ്പോള്‍, അല്ലെങ്കില്‍ പരീക്ഷയടുക്കുമ്പോള്‍ കുട്ടികളില്‍, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം എന്നിങ്ങനെ.  സാധാരണ ഈ രോഗങ്ങളില്‍ കാണുന്ന തരത്തിലെ ലക്ഷണങ്ങളും ആവില്ല. തലയുടെ സ്കാനിലോ പേശികളുടെയും നാഡികളുടെയുമൊക്കെ സാധാരണ നിലയ്ക്കുള്ള പരിശോധനയിലൊന്നും പ്രശ്നങ്ങള്‍ കാണില്ല. ഹോം‌വര്‍ക്ക് ചെയ്യാത്തതൂകൊണ്ട് സ്കൂളില്‍ പോവാതിരിക്കാന്‍ വയറ് വേദന നടിക്കുന്ന കുട്ടിയെപ്പോലെ "അഭിനയിക്കുകയാണ്" ഈ രോഗികള്‍ എന്നൊരു ധാരണ പൊതുവേ ഉണ്ട്. 1800കളില്‍ മസ്തിഷ്കരോഗ ശാസ്ത്രത്തിന്റെ വികാസഘട്ടത്തില്‍ പല വൈദ്യന്മാരും ഹിസ്റ്റീരിയ എന്ന് വിളിച്ച, മാനസിക വിഭ്രാന്തിയാലുണ്ടാവുന്ന അപസ്മാരതുല്യമായ ഒരു അവസ്ഥ ആണ് ഫങ്ഷനല്‍ ന്യൂറളോജിക്കല്‍ തകരാറുകളില്‍ ഏറ്റവും പ്രമുഖം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളില്‍ ഇതിനെ കപട അപസ്മാരം (psuedo seizures) അല്ലെങ്കില്‍ മാനസികാപസ്മാരം (psychogenic seizures) എന്നൊക്കെ വിളിച്ചിരുന്നു. കുട്ടിക്കാലത്തോ ശേഷമോ പീഢനങ്ങള്‍ (മുഖ്യമായും ലൈംഗിക) അനുഭവിച്ച സ്ത്രീകളിലാണ് ഫങ്ഷനല്‍ മസ്തിഷ്ക രോഗങ്ങള്‍ കൂടുതലായി കാണുന്നത് എന്നതിന്റെ കാരണങ്ങളെപ്പറ്റി പരക്കെ പഠിക്കപ്പെടുന്നുണ്ട്. ഇതിന്റെ  ചരിത്രത്തെയും സാമൂഹ്യപ്രശ്നങ്ങളെയും പറ്റി അധ്യായങ്ങള്‍ തന്നെ ഉണ്ട് എഴുതാന്‍.

എന്താണ് സ്വതന്ത്ര ഇച്ഛയില്‍ വൈദ്യത്തിനു കാര്യം എന്ന് ഇതില്‍ നിന്ന് നിങ്ങള്‍ക്ക്  ഊഹിക്കാം. പുറമേക്ക് കാണുന്ന മനുഷ്യന്റെ പല പ്രവര്‍ത്തികള്‍ക്കും മേല്‍ അവള്‍ക്ക് "ഏജന്‍സി" അഥവാ കര്‍തൃത്വം ഉണ്ടാവണമെന്നില്ല. അങ്ങനെയാണെങ്കില്‍ കര്‍തൃത്വം നിര്‍ണയിക്കുന്ന മസ്തിഷ്ക മേഖലകള്‍ക്ക് പ്രശ്നമെന്തെങ്കിലും ഉണ്ടായിട്ടാണോ മേല്‍പ്പറഞ്ഞ രോഗാവസ്ഥകള്‍ ഉണ്ടാകുന്നത് എന്നാണ് ഒരു ന്യൂറോളജിസ്റ്റിനു അറിയേണ്ടത്. മനസിനെ ചികിത്സിക്കുന്നത് വഴി പൂർണമായോ ഭാഗികമായോ മാറ്റാന്‍ പറ്റുന്ന മസ്തിഷ്കരോഗങ്ങളുണ്ട്. അതുപോലെത്തന്നെ, പക്ഷാഘാതം (സ്ട്രോക്ക്) പോലെ മസ്തിഷ്കത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും തളര്‍ത്തിക്കളയുന്ന രോഗങ്ങളില്‍ പോലും ഫിസിയോതെറാപ്പിയും ഭാഷാ/കോഗ്നിറ്റിവ് തെറാപ്പികളും വഴി കുറേയേറേ കഴിവുകളെ വീണ്ടെടുക്കാം എന്നതും കാണിക്കുന്നത് ബോധപ്രജ്ഞയെക്കൊണ്ട് മസ്തിഷ്കത്തിലെ കണക്ഷനുകളും വയറിംഗും കുറച്ചെങ്കിലും മാറ്റാന്‍ പറ്റും എന്നാണ്.

ഫീഡ്ബാക്കുകൾ, ഫീഡ് ഫോർവേഡുകൾ   

ഹഫീസ രാവിലെ ജോഗിങിനു ഇറങ്ങുന്ന വഴിക്ക് അയ്ല്പക്കത്തെ ഷമീമിനെ കാണുന്നു. ഓടുന്ന പോക്കിനു ഒരു ഹായ് പറയാന്‍ ഹഫീസ കൈയ്യുയര്‍ത്തുന്നു. "ഹായ്"ക്കൊപ്പം വരുന്ന കൈയാംഗ്യം കാട്ടാന്‍ തലച്ചോറിന്റെ "പ്ലാനിങ്" മേഖലയില്‍ നിന്ന് മറ്റനവധി മസ്തിഷ്ക മേഖലകളിലേക്ക് ഫീഡ് ഫോർവേഡ് (Feed forward)  സിഗ്നലുകള്‍ പായുന്നു. കൈയ്യുടെ  പേശികളെയും സന്ധികളെയും "ഉണര്‍ത്തുന്ന" സിഗ്നലുകള്‍ പായുമ്മുമ്പേ ആംഗ്യം ഇന്നതാണ് എന്ന "അറിയിപ്പു സിഗ്നല്‍" പോകുന്നു. വിരലുകളുടെ ചര്‍മ്മം മുതല്‍ കൈയ്യുടെ സന്ധികള്‍ വരെ - പേശികള്‍ എത്ര വലിയണം, വിരലെത്ര മടങ്ങണം എന്നൊക്കെയുള്ള - ഉള്ള "ഉത്തരവ്" സിഗ്നലുകള്‍ കൈയ്യിലേക്കും, കൈയ്യില്‍ നിന്ന് തിരിച്ച് മസ്തിഷ്കത്തിന്റെ ഇന്ദ്രിയഗ്രഹണ (sensory) മേഖലകളിലേക്കും പോകുന്നു. ആംഗ്യം നടക്കുന്ന സമയത് "ഓണ്‍‌ലൈന്‍" ആയിത്തന്നെ മസ്തിഷ്കം ആംഗ്യത്തെ അളക്കുകയും നിരന്തരമായി തെറ്റുതിരുത്തുകയും ചെയ്യുന്നുണ്ട്. ഹഫീസയുടെ മസ്തിഷ്കത്തിലേക്ക് കൈയ്യില്‍ നിന്ന് കിട്ടുന്ന ഈ സിഗ്നലുകള്‍ കുറേയൊക്കെ "കര്‍തൃത്വം" തീരുമാനിക്കുന്ന മേഖലകളിലേക്കും പോകുന്നു. അങ്ങനെ ഏതാനും സെക്കന്റുകള്‍ക്ക് ശേഷമാണെങ്കില്‍ പോലും ഹഫീസയുടെ മനസില്‍ "ഷമീമിനോട് ഞാന്‍ ഹായ് പറഞ്ഞു" എന്ന ബോധം ഉണ്ടാവുന്നു. ഹഫീസയുടെ തലച്ചോറില്‍ നടന്ന വൈദ്യുത മാറ്റങ്ങളെ സൂക്ഷിച്ച് അളന്നാല്‍ ഈ ബോധം താമസിച്ചാണ് ഉദിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാമെങ്കിലും ഹഫീസയുടെ തലച്ചോറ് ഹഫീസ എന്ന വ്യക്തിക്ക് നല്‍കുന്നത് "ഞാന്‍ ഹായ് പറയാന്‍ തീരുമാനിച്ചത് കൊണ്ടാണ് എന്റെ കൈയ്യുയര്‍ന്നതും ഹായ് പറഞ്ഞതും" എന്ന അറിവാണ്. സ്വാഭാവികമായും ഇത് തലച്ചോറ് കുട്ടിക്കാലം മുതല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പഠിച്ചെടുക്കുന്ന കരണപ്രതികരണ ശീലമാണ്. ആളുകളെ കാണുമ്പോള്‍ ഹായ് പറഞ്ഞ് "സലാം വയ്ക്കുന്ന" സംസ്കാരത്തിലല്ല ഹഫീസ വളര്‍ന്നതെങ്കില്‍ ഇങ്ങനെയൊന്നുമല്ല ഹഫീസയുടെ തലച്ചോര്‍ ഷമീമിനെ കാണുമ്പോള്‍ പ്രതികരിക്കുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.


ദിനേന ചെയ്യുന്ന മഹാഭൂരിപക്ഷം സംഗതികളെയും നമ്മൾ ബോധമനസിൽ കൊണ്ടുവരികയോ അതെന്തിനാ അങ്ങനെ ഞാൻ പ്രതികരിച്ചത് എന്ന് ചിന്തിക്കുകയോ ചെയ്യാറില്ല.  എന്തിനങ്ങനെ പ്രതികരിച്ചു എന്ന് ചോദിച്ചാൽ ബോധമനസ് അതിനു അപ്പോൾ തോന്നിയ ന്യായീകരണങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യാറെന്നാണ് പല പരീക്ഷണങ്ങളിലും കണ്ടിട്ടുള്ളത്. തലച്ചോറിന്റെ ഫീഡ്ബാക്കിൽ നിന്നുളവാകുന്ന ഈ "ന്യായീകരണ" മെക്കാനിസത്തെ നമ്മൾ തെറ്റിദ്ധരിച്ച്‌ ഉണ്ടാക്കിയ സാങ്കല്പിക സാധനമാണ് സ്വതന്ത്രേച്ഛ (Free will) എന്നത് എന്ന് വരെ ചിലർ വാദിച്ചിട്ടുണ്ട്. മനുഷ്യരെല്ലാം മുന്‍‌നിശ്ചിതപ്രകാരം പ്രോഗ്രാം ചെയ്തുവിടപ്പെട്ട യന്ത്രങ്ങളാണെന്നും കുറഞ്ഞൊരു കാലത്തേക്കെങ്കിലും മനഃശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു.

താനാരാണെന്ന് തനിക്കറിയാമ്മേലങ്കീ...

മസ്തിഷ്‌കം ഒരു പ്രവർത്തിയെ പ്ലാൻ ചെയ്യുന്നത് ആ മസ്തിഷ്‌കത്തിന്റെ ഉടമയുടെ ബോധത്തോടെയുള്ള അറിവിലല്ല എന്ന് പറയുമ്പോള്‍ ആ പ്രസ്താവത്തില്‍ രണ്ട് പ്രധാന പ്രശ്നങ്ങളുണ്ട്. മസ്തിഷ്കത്തിന്റെ ഉടമയും മസ്തിഷ്കവും വെവ്വേറേ ആളുകളാണെന്നൊരു ധ്വനി വരുന്നു എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തെ പ്രശ്നം പ്രവര്‍ത്തിയെ അതിന്റെ പരിണതഫലത്തില്‍ നിന്ന് വേര്‍തിരിച്ച് കാണുന്നു എന്നതാണ്.

ആദ്യപ്രശ്നമെടുത്താല്‍, വ്യക്തിയും മസ്തിഷ്കവും ഒരാളാണെന്ന് മറക്കാന്‍ പാടില്ല. മുകളില്‍ പരാമര്‍ശിച്ച പരീക്ഷണങ്ങളിലൊക്കെ വ്യക്തിയുടെ തലച്ചോറില്‍ തന്നെയാണ് തദ്ഫലമായുള്ള  വൈദ്യുതമാറ്റങ്ങളും എഫ്.എം.ആര്‍.ഐ സ്കാന്‍ സംബന്ധിയായ മാറ്റങ്ങളും ഒക്കെ കണ്ടതെന്ന് മറക്കരുത്. ആ അര്‍ഥത്തില്‍ വ്യക്തി തന്നെയാണ് പ്രവര്‍ത്തിയുടെ പ്ലാന്‍ ചെയ്യുന്നത്. രണ്ടാമത്തെ പ്രശ്നമെടുത്താല്‍, ഓരോ പ്രവര്‍ത്തിയുടെയും പരിണതഫലം എന്താണ് എന്നതിനെ ആശ്രയിച്ചാണ് ആ പ്രവര്‍ത്തി വേണോ വേണ്ടയോ എന്നു മസ്തിഷ്കം തീരുമാനിക്കുന്നത്. പ്രവര്‍ത്തിയുടെ ഫലം എന്നത് മൂര്‍ത്തമായ, അളക്കാനാവുന്ന സംഗതിയാണ്. പ്രഭാതസവാരിക്കിടെ ഹായ് പറയുമ്പോള്‍ മറുപടിയായി കിട്ടുന്ന പുഞ്ചിരി, കൃത്യസമയത്തിനുള്ളിലൊരു പണി ചെയ്ത് കൊടുക്കാഞ്ഞാല്‍ ഉണ്ടാകാവുന്ന പരാതികള്‍ എന്നിങ്ങനെയുളള പരിണതഫലങ്ങളെ ആശ്രയിച്ച് മസ്തിഷ്കം അതിന്റെ ഭാവി പ്രവര്‍ത്തന പ്ലാനിങ് മാറ്റുന്നു എന്നത് സ്വതന്ത്രേച്ഛയുടെ മൂര്‍ത്തതയെ (tangibility) ആണു കാണിക്കുന്നതെന്ന് പറയാം.

ഒരു ആംഗ്യചലനത്തിന്റെ പ്ലാനിങും സഫലമാക്കലും നടത്തുന്ന മേഖലകള്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സിഗ്നലുകള്‍ വഴി ചലനത്തിന്റെ കൃത്യതയെ അളക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുന്നകാര്യം മുകളില്പ്പറഞ്ഞല്ലോ. ഈ പ്രക്രിയയുടെ ഫലമായിട്ടാണു സ്വതന്ത്രേച്ഛ* എന്ന പ്രതിഭാസവും "കര്‍തൃത്വ"വും  ഉരുത്തിരിയുന്നതെങ്കില്‍ തലച്ചോറിന്റെ പരിണാമത്തിനു ഇത് ചെയ്ത സേവനം വലുതാണ്. വ്യക്തി കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ചുറ്റുപാടുകളുമായി പ്രതിപ്രവര്‍ത്തിക്കുന്ന മുറയ്ക്ക് ആന്തരികമായ ഒരു കാര്യകാരണ ബന്ധം ഉരുത്തിരിച്ചെടുക്കാനും പ്രവര്‍ത്തികളെ കൂടുതല്‍ "ഓട്ടോമാറ്റിക്" ആക്കി മാറ്റാനും ഇത് കൊണ്ട് സാധിക്കുന്നു. നൃത്തച്ചുവടുവയ്ക്കലും ബൈക്കൊടിക്കലും കാല്പ്പന്തു തട്ടലും മുതല്‍ സ്മാര്‍ട്ട്‌ഫോണില്‍ പെരുവിരലുകള്‍ കൊണ്ട്  ടൈപ്പുചെയ്യുന്നത് വരെ ഇങ്ങനെ കാലങ്ങള്‍കൊണ്ട് ഓട്ടോമാറ്റിക് ആയിമാറിയ ആംഗ്യങ്ങളും ചലനങ്ങളുമാണ്. 

ഒരു പ്രവര്‍ത്തി ചെയ്തത് താനാണെന്ന കര്‍തൃത്വബോധത്തിന്റെ (ഏജന്‍സി) സിഗ്നലുകള്‍ ശരിയായി പ്രോസസ് ചെയ്യാന്‍ മസ്തിഷ്കത്തിനു പറ്റാതാകുന്ന അവസ്ഥയിലോ? സ്വചലനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുന്നതിങ്ങനെ ആവാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വിവരങ്ങളൊക്കെ അടുക്കിക്കൂട്ടി  ഫങ്ഷനല്‍ നാഡീരോഗങ്ങളുടെയും അപ്രാക്സിയയുടെയും ഉള്‍പ്പടെ ഒരു പിടി സമസ്യകളുടെ ചുരുള്‍ അഴിക്കാന്‍ നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളൂ.References:
 1. Libet, Benjamin, et al. "Time of conscious intention to act in relation to onset of cerebral activity (readiness-potential) the unconscious initiation of a freely voluntary act." Brain 106.3 (1983): 623-642.
 2. Soon, Chun Siong, et al. "Unconscious determinants of free decisions in the human brain." Nature neuroscience 11.5 (2008): 543.
 3. Brass, Marcel, et al. "Imaging volition: what the brain can tell us about the will." Experimental brain research 229.3 (2013): 301-312.
 4. Preston, Catherine, and Roger Newport. "Misattribution of movement agency following right parietal TMS." Social cognitive and affective neuroscience 3.1 (2007): 26-32.
 5. Maurer, Carine W., et al. "Impaired self-agency in functional movement disorders A resting-state fMRI study." Neurology 87.6 (2016): 564-570.
 6. Wegner, D. M. "The illusion of conscious will MIT Press." Cambridge, MA (2002).
 7. Kranick, Sarah M., and Mark Hallett. "Neurology of volition." Experimental brain research 229.3 (2013): 313-327.

_________________________________
*Note: അഹം (self) എന്ന ബോധത്തിന്റെ പര്യായമായി ഈ സ്വതന്ത്രേച്ഛയെ തെറ്റിദ്ധരിക്കരുത്. അഹം/ഞാന്‍ എന്ന ആന്തരിക വ്യക്തിത്വത്തിന്റെ രൂപീകരണത്തിനു വേണ്ടുന്ന പല മസ്തിഷ്ക ചേരുവകകളില്‍ ഒന്നുമാത്രമാണ് സ്വന്തം പ്രവര്‍ത്തികള്‍ക്ക് മേല്‍ ഉള്ള കര്‍തൃത്വം. പ്രജ്ഞാവബോധമെന്നു (consciousness) വിളിക്കുന്നതാകട്ടെ മസ്തിഷ്കത്തില്‍ നടക്കുന്ന ഓര്‍മ്മസംബന്ധിയായ പല സമാന്തര ക്രയവിക്രയങ്ങളുടെയും ആകെത്തുകയെ ആണ്‌. സ്വതന്ത്രേച്ഛയ്ക്കു കാരണമാകുന്ന പ്രോസസിംഗ് പ്രജ്ഞാവബോധത്തിന്റെ ഭാഗമാകാമെങ്കിലും ഒന്ന് മറ്റേതിന്റെ പര്യായമല്ല. കുട്ടി വളരുകയും പല പ്രായങ്ങളില്‍ കൂടി കടന്നുപോകുകയും ചെയ്യുമ്പോള്‍ തലച്ചോറും അനുഭവങ്ങളും വളരുന്നതിനൊപ്പം ആന്തരിക വ്യക്തിത്വവും മാറുന്നു എന്നത് സ്വാഭാവികമാണ്. അഞ്ചു വയസ്സിലെ "നിങ്ങള്‍" അല്ല ഇരുപത്തഞ്ചുവയസിലെയോ എഴുപത്തഞ്ചുവയസിലെയോ നിങ്ങള്‍. 


നന്ദി:  എഴുത്തുശീലം മുടങ്ങിയതു കൊണ്ടും മലയാളം സംസാരത്തില്‍ പോലും ഇപ്പോള്‍ കമ്മിയായതുകൊണ്ടും ശാസ്ത്രവാക്കുകളുടെ തര്‍ജുമ വലിയ പ്രശ്നമാണ്. ഇക്കാര്യത്തില്‍ കുറേയൊക്കെ സഹായമായതിനു ഓളം ഡിക്ഷ്ണറി (https://olam.in/Dictionary/) ടീമിനു മുട്ടന്‍ താങ്ക്സ്!  

No comments:

Post a Comment