![]() |
'Medicine Man', Wellcome Collection, London. Photo by Suraj Rajan |
തലച്ചോറിലെ രക്തക്കട്ട അലിയിക്കാന്‍ ഉള്ള ഒരു മരുന്നുണ്ട്, അതിനു ഇരുപത്തയ്യായിരത്തിനടുത്ത് വിലയാണു ഒരു കുപ്പിക്ക്, അത് ആദ്യ നാലര മണിക്കൂറിനുള്ളില്‍ കൊടുത്താല്‍ പക്ഷാഘാതത്തിനു ഭേദം വന്നേയ്ക്കും എന്ന് ഡോക്ടര്‍ ഉപദേശിച്ചതനുസരിച്ച് സുഹറ ബാങ്കില്‍ മകളുടെ വിവാഹച്ചെലവിനു വച്ചിരുന്ന പൈസ പിന്‍വലിച്ച് മരുന്നു വാങ്ങിക്കൊടുത്തു. രക്തം കൊടുണം എന്ന് പിന്നീട് ദിവസം പറഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകരായ സ്കൂള്‍ മാഷും കുട്ടികളുമൊക്കെ ഗ്രാമത്തിന്റെ പ്രിയങ്കരനായ അഹമ്മദിനു വേണ്ടി നെട്ടോട്ടം ഓടിയിട്ടാണെങ്കിലും നാലു കുപ്പി എത്തിച്ചു.
ഐസിയുവില്‍ ആയതിനാല്‍ "അണുബാധ പ്രശ്നം" ഉണ്ടെന്നും ബന്ധുക്കള്‍ക്ക് കാണാന്‍ ആവില്ലെന്നും ആശുപത്രി നിയമമുണ്ട്. നേഴ്സോ അന്റന്റര്‍മാരോ ആരെങ്കിലു, ഇടയ്ക്കിടെ പുറത്ത് വന്ന് "ഈ മരുന്നു വാങ്ങി വരണം"എന്ന് പറഞ്ഞ് ഒരു ചീട്ട് കാത്തിരിപ്പുറൂമില്‍ രാവും പകലും മുഷിഞ്ഞിരിക്കുന്ന സുഹറയുടെയോ മറ്റേതെങ്കിലും ബന്ധുവിന്റെയോ കയ്യില്‍ കൊടുക്കും. സുഹറ മാത്രമേ ഇതിനിടയ്ക്ക് മാഷിനെ അത്യാസന്നമുറിയില്‍ കയറി കണ്ടിട്ടുള്ളൂ. ഒരു ബന്ധുവിനെ വൈകീട്ട് മൂന്നിനും ആറിനും ഇടക്ക് കയറ്റിക്കാണിക്കും. അഹമ്മദിന്റെ സഹോദരീസഹോദരന്മാര് കണ്ണൂരു നിന്നും കാസര്‍കോടുനിന്നുമൊക്കെ വന്നിട്ടും ഐസിയു ടീം ഒരാളെയേ പ്രവേശിപ്പിക്കാന്‍ പറ്റൂ എന്ന് നിര്‍ബന്ധം പിടിച്ചത് ചില്ലറ വഴക്കുകള്‍ക്ക് വഴിവച്ചിരുന്നു ആദ്യരണ്ട് ദിവസങ്ങളില്‍.
മൂന്നാം ദിവസം നെഞ്ചില്‍ കഫക്കെട്ട് വന്നത് കാരണം വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യം അടുത്തെങ്ങും നടപ്പില്ലെന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. ആളെക്കേറ്റാത്ത ഐസിയുവില്‍ കിടക്കുന്ന രോഗിക്ക് എങ്ങനെ ഇന്ഫക്ഷന് വന്നു, അത് അവിടുള്ളവര്‍ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ എന്ന് പറഞ്ഞ് അഹമ്മദിന്റെ സുഹൃത്തുക്കള്‍ ചിലര്‍ ഡോക്ടറുമായി കയര്‍ത്തു.
നഗരത്തിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കളുമായി ചര്‍ച്ചയിലായി മെഡിക്കല്‍ സംഘം. വെന്റിലേറ്ററോട് കൂടിയേ മാറ്റാനാവൂ. ടൗണില്‍ അത്തരം ആംബുലന്‍സുകള്‍ ഇല്ല. ഒപ്പം ഒരു ഡോക്ടര്‍ കൂടി പോകേണ്ടി വരും. അതിനു നഗരത്തിലെ മുന്തിയ ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് തരപ്പെടുത്താനുള്ള ശ്രമത്തിലാണു അവര്‍.
ഇതിനോടകം ബന്ധുക്കളുടെ ക്ഷമ കുറഞ്ഞ് വന്നു: രക്തക്കട്ട അലിയിക്കാന്‍ പത്തുമുപ്പതിനായിരം രൂപ ചെലവാക്കിയിട്ട് ഫലമില്ലെന്ന് പറഞ്ഞാല്‍ അത് ദഹിക്കാന്‍ ഇത്തിരിപാടാണ്. ഡോക്ടര്‍ പിന്നെ എന്തിന് ആ മരുന്ന് വാങ്ങിപ്പിച്ചു ? ദിവസവും ഇരുന്നൂറും മുന്നൂറും രൂപയുടെ ആന്റിബയോട്ടിക് ഇഞ്ചക്ഷന് ആണ് വാങ്ങിപ്പിക്കുന്നത്. എന്നിട്ട് അവരിതാ "രക്ഷയില്ല മെഡിക്കല്‍ കോളെജില്‍ കൊണ്ട് പോണം" എന്ന് കൈമലര്‍ത്തുന്നു. ഇതെവിടത്തെ എടപാടാണ് ?
ആറാം ദിവസം, ഒരു ശനിയാഴ്ച വൈകീട്ട് അഹമ്മദ് മാഷ് മരിച്ചു. ഗ്രാമം ഇളകി. ബന്ധുക്കള്‍ ബഹളം വച്ചു. മുന്‍പ് അതേ ആശുപത്രിയില്‍ പ്രസവസംബന്ധമായ സങ്കീര്‍ണതകളാല്‍ മരിച്ച ഒരു സ്ത്രീയുടെ ബന്ധുക്കള്‍ ഇത് ടി ആശുപത്രിയുടെ കുഴപ്പമാണെന്ന് പറഞ്ഞ് പരത്തി. മുന്‍പ് ആശുപത്രി ആംബുലന്‍സിന്റെ ഡ്രൈവര്‍മാരുമായി തര്‍ക്കവും തല്ലും വരെയുണ്ടാക്കിയിരുന്ന ഒരു സംഘം ലോക്കല്‍ ഡ്രൈവര്‍മാര്‍ ആശുപത്രി ഫാര്‍മസിയില്‍ കയറി സാധനങ്ങള്‍ തച്ചുടച്ചു. അറ്റന്റര്‍മാരെയും സെക്യൂരിറ്റി ഗാഡിനെയും കയ്യേറ്റം ചെയ്തു.
* * *
കേരളത്തില്‍/ഇന്ത്യയില്‍ വളരെ ചുരുങ്ങിയൊരു കാലമേ ഇതെഴുന്നയാള്‍ വൈദ്യം പ്രാക്റ്റിസ് ചെയ്തിട്ടുള്ളൂ. അധികവും കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ ആയിട്ടാണ്. കുറച്ച് കാലം ഐസിയുകളുടെ ഉള്‍പ്പടെ ഉത്തരവാദിത്തം പേറുന്ന രാത്രി ഡ്യൂട്ടികളും ചെയ്തിട്ടുണ്ട്. അമേരിക്കയിലിരിക്കുന്ന തനിക്ക് ഗിരിപ്രഭാഷണം നടത്താന്‍ ഒരു "യോഗ്യതയുമില്ല" എന്ന് ഇത് വായിക്കുന്നവര്‍ വാദിച്ചേക്കും എന്നതുകൊണ്ടാണീ മുന്‍പരിചയക്കാര്യം എടുത്തിട്ടത്. ശരിയാണ്, ഞാന്‍ ജോലിചെയ്തിട്ടുള്ളതും ഇപ്പോള്‍ ചെയ്യുന്നതുമായ ഒരു വിദേശ വൈദ്യ സിസ്റ്റത്തിനും കേരളത്തിലെ ഗ്രാമങ്ങളെയും കൊച്ച് പട്ടണങ്ങളെയും സേവിക്കുന്ന വൈദ്യസിസ്റ്റവുമായി താരതമ്യങ്ങളില്ല, പല അര്‍ത്ഥത്തിലും. എന്നാല്‍ ചില പരിഹാരങ്ങള്‍ക്ക് വിദേശത്തെ സിസ്റ്റം ഉപകരിച്ചാലോ എന്ന് തോന്നുന്നത് കൊണ്ടാണീ ഉപന്യാസം.
അഹമ്മദ് മാഷിന്റെ കഥ, ഒരു സാങ്കല്പികോദാഹരണമാണെങ്കിലും നിങ്ങളില്‍ ഒരുപാട് പേര്‍ക്ക് അതുമായി താദാത്മ്യം പ്രാപിക്കാന്‍ തോന്നുന്നെങ്കില്‍ അതിനു കാരണം ഞാനും കൂടി ഉള്‍പ്പെടുന്ന സിസ്റ്റത്തിന്റെ കുറ്റവും കുറവുകളുമാണ്.
അഹമ്മദ് മാഷെ അഡ്മിറ്റ് ചെയ്യുമ്പോള്‍ എടുത്ത തലയുടേ സിടിസ്കാനില്‍ നിന്ന് തലച്ചോറിന്റെ ഇടത് പാളിയുടെ മുഖ്യഭാഗങ്ങളിലേക്ക് രക്തം കൊണ്ട് പോകുന്ന കുഴല്‍ അടഞ്ഞിരിക്കുന്നതായി ഡോക്ടര്‍ കണ്ടിരുന്നു. ആ അടവ് കൊളസ്ട്രോളും രക്തവും ഉറഞ്ഞുണ്ടായതാണ്. തടിച്ച പ്രകൃതവും, ഉയര്‍ന്ന രക്തക്കൊളസ്ട്രോളും, പ്രമേഹവുമൊക്കെയുള്ള ആളുകളില്‍ ഇത്തരം രക്തക്കട്ടയുറഞ്ഞുണ്ടാകുന്ന സ്ട്രോക്ക് അപൂര്‍വ്വമല്ല. ആ അടവ് തുറപ്പിക്കാന്‍ ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് പ്ലാസ്മിനോജെന്‍ ആക്റ്റിവേയ്സ് എന്ന രാസവസ്തുവാണ്. അതിനു ഇരുപത്തയ്യായിരത്തിനടുത്താണ് വില. രക്തക്കട്ട അലിയിക്കണമെങ്കില്‍ ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ -- പരമാവധി നാലര മണിക്കൂറിനുള്ളില്‍ -- അത് കുത്തിവയ്ക്കണം. മരുന്ന് കൊടുത്താല്‍ മാഷ് എഴുന്നേറ്റ് നടക്കുകയൊന്നുമില്ല. സമയത്ത് കുത്തിവച്ചാല്‍ തന്നെ രക്തക്കട്ട അലിഞ്ഞ് ഇടത് തലച്ചോറിലേക്ക് രക്തം സുഗമമായി ഒഴുകുക എന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമല്ല. അതേ രക്തക്കുഴലിലെ കൂടുതല്‍ ഭാഗങ്ങളിലേക്ക് രക്തക്കട്ട ഉറഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ അതിനെ ഈ മരുന്ന് തൊടുമെന്നു കരുതാന്‍ വയ്യ. പിന്നെ, രക്തയോട്ടം പുനഃസ്ഥാപിച്ചാല്‍ തന്നെ തലച്ചോറില്‍ ഉണ്ടായിക്കഴിഞ്ഞ കോശനാശം ഇല്ലാതാക്കാന്‍ പറ്റില്ല. നശിക്കാന്‍ പോകുന്ന കോശങ്ങളെ ചിലപ്പോള്‍ രക്തയോട്ട പുനഃസ്ഥാപനം രക്ഷിച്ചേക്കും. വലിയൊരു രക്തക്കുഴല്‍ അടഞ്ഞിരിക്കുമ്പോള്‍ ഈ മരുന്നു കൊടുക്കുത്ത് ബ്ലോക്ക് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യം ഇതാണ്. ആഘാതത്തില്‍ നിന്ന് മുക്തിനേടുന്ന രോഗിക്ക് തളര്‍ന്ന ഭാഗം ഉപയോഗിക്കാന്‍ നല്ല പരിശീലനം ഫിസിയോ തെറാപ്പിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ നല്‍കണം. ഇതൊക്കെ ചേര്‍ന്ന ഒരു സമഗ്ര ചികിത്സയിലൂടെയേ തലച്ചോറിന്റെ, സ്ട്രോക്കുമൂലം നശിക്കാത്ത ഭാഗങ്ങളെ ട്രെയിന്‍ ചെയ്ത് രോഗിയെ തിരിച്ച് ജീവിതത്തിലേക്ക് നടത്തിക്കാനാവൂ. ഊന്നുവടിയോ വാക്കറോ, ചിലപ്പോള്‍ വീല്‍ ചെയറോ ഒക്കെ വേണ്ടി വരും, മസ്തിഷ്കാഘാതത്തിന്റെ കാഠിന്യമനുസരിച്ച്.
ഇനി, ഈ രക്തക്കട്ടയലിയിക്കുന്ന മരുന്നിന്റെ ഏറ്റവും വലിയ പ്രശ്നമെന്താണ് ? അത് രക്തസ്രാവം ഉണ്ടാക്കും എന്നത് തന്നെ. അപ്പോള്‍ തലച്ചോറിലെ, സ്ട്രോക്ക് മൂലം അപകടത്തില്‍ ഇരിക്കുന്ന ഭാഗങ്ങളില്‍ ഈ മരുന്ന് ചെല്ലുമ്പോള്‍ ബ്ളീഡിംഗിന്റെ സാധ്യത കൂടുതലാണോ ? അതേ! ആ റിസ്ക് നാം എടുത്തേ മതിയാകൂ. രോഗി എണ്‍പത് വയസ്സൊക്കെ കഴിഞ്ഞയാളാണെങ്കില്‍, അതല്ലെങ്കില്‍ രക്തസ്രാവം ഉണ്ടാക്കുന്ന മരുന്നുകള്‍ നിലവില്‍ കഴിക്കുന്നയാളാണെങ്കില്‍, ഈ മരുന്ന് കൊടുക്കാന്‍ വയ്യ.
അഹമ്മദ് മാഷിന്റെ കാര്യത്തില്‍ മരുന്ന് ഫലിച്ചു, രക്തക്കട്ട അലിഞ്ഞു, പക്ഷേ രണ്ടാമത്തെ സിടിസ്കാന്‍ എടുക്കുമ്പോള്‍ തലച്ചോറില്‍ നീര്‍ക്കെട്ടും ചെറിയ രക്തസ്രാവവും ഉണ്ടായതായി ഡോക്ടര്‍ ശ്രദ്ധിച്ചിരുന്നു. തലച്ചോറിലെ നീരു മൂലം ബോധം നഷ്ടപ്പെട്ട അഹമ്മദിനെ വെന്റിലേറ്ററില്‍ ആക്കാതെ രക്ഷയുണ്ടായിരുന്നില്ല. തലച്ചോറിലെ നീര് തലച്ചോറ് വീര്‍ക്കാന്‍ ഇടയാക്കും. ഇത് താഴേക്ക് തള്ളുമ്പോള്‍ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. മാത്രവുമല്ല, ബോധം നഷ്ടപ്പെട്ടയാള്‍ക്ക് ശ്വാസോഛ്വാസം കഴിക്കാന്‍ സ്വയം പറ്റിയെന്ന് വരില്ല. ഇങ്ങനുള്ള സന്ദിഗ്ധഘട്ടത്തില്‍ തൊണ്ടവഴി ശ്വാസകോശത്തിലേക്ക് ഒരു ട്യൂബ് കടത്തി അതിനെ "സ്വയം നിയന്ത്രിക്കപ്പെട്ട" താളത്തില്‍ ശ്വാസം കൊടുക്കുന്ന ഒരു മെഷീനുമായി ഘടിപ്പിക്കുന്നു. ഇതിനെയാണു വെന്റിലേറ്ററില്‍ ഇടല് എന്ന് പറയുന്നത്.
വെന്റിലേറ്ററിലേക്ക് ഘടിപ്പിക്കപ്പെട്ട രോഗിയുടെ പല്ലിലും മോണയിലുമായി ജീവിക്കുന്ന പരാദ അണുക്കള്‍ തുപ്പല് വഴി തൊണ്ടയിലേക്കും ശ്വാസകോശത്തിലേക്കും ഊറി ഇറങ്ങി ഇന്ഫക്ഷന് ഉണ്ടാക്കുന്നത് സാധാരണമാണ്. ഇങ്ങനുള്ള പരാദാണുക്കള്‍ ശ്വാസകോശത്തിലുണ്ടാക്കുന്ന ന്യുമോണിയയെ നേരിടുന്നതിനു ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണു്. സന്ദര്‍ഭവശാല്‍ വിരളമായി ഉപയോഗിക്കുന്നതും, അതുകൊണ്ട് തന്നെ വിലകൂടിയതുമായ ആന്റിബയോട്ടിക്കുകള്‍ ആണവ.
* * *
അഹമ്മദ് മാഷിന്റെ കേസില്‍ ഈ മുകളില്‍പ്പറഞ്ഞ ന്യായങ്ങളൊ, ഓരോ ചികിത്സയുടെയും പ്രയോജനമോ പ്രശ്നങ്ങളോ, എന്തിനു ഐസിയുവില്‍ ആക്കിയെന്നോ, എന്തിനു വെന്റിലേറ്ററില്‍ ഇട്ടെന്നോ ഒന്നും ഭാര്യ സുഹറയോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ചികിത്സാ ടീം മെനക്കെട്ടില്ല. ദിവസവും റൗണ്ട്സ് കഴിയുമ്പോള്‍ ബന്ധുക്കളെ വിളിച്ച് കൂട്ടി ക്ഷമയോടെ ഇതൊക്കെ വിശദീകരിച്ച് കൊടുക്കാന്‍ ഇരുപതോ മുപ്പതോ മിനിറ്റ് വേണ്ടി വരും. ഇരുപത്തിയയ്യായിരം രൂപയുടെ മരുന്ന് വാങ്ങിക്കൊടുക്കുന്ന, ദിവസവും ആയിരം രൂപയോളം ഐസിയു ചാര്‍ജ്ജും അതുക്കുമേലേ മരുന്നിന്റെ കാശും കെട്ടിവയ്ക്കുന്ന രോഗിയുടെ ബന്ധുക്കള്‍ക്ക് ഈ വിശദാംശങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. അത് ഡോക്ടറുടെയോ ആശുപത്രിയുടെയോ ഔദാര്യമല്ല.
ഡോക്ടര്‍ എന്ന പദത്തിന്റെ ഉറവിടം ഡോക്കേറേ (docere= പഠിപ്പിക്കുക) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണു. വൈദ്യന് എന്ന വാക്കിന്റെ അര്‍ത്ഥവും "വിദ്" (=അറിവ്) ഉള്ളവന് എന്നാണ്. ചികിത്സ എന്ന് പറയുന്നത് സ്കാന്‍ നോക്കി രോഗം നിശ്ചയിക്കലും അതിനു മരുന്നെഴുതലും ആയാല്‍ തീര്‍ന്നില്ല. അറിവ് പകരാത്തിടത്തോളം വൈദ്യധര്‍മ്മം പാഴാണ്. കാരണം നാം ചികിത്സിക്കുന്നത് ഓയിലു മാറ്റിയും ഗ്രീസിട്ടും ഗിയര്‍ ബോക്സ് ചെക്ക് ചെയ്തും കണ്ടീഷനാക്കാവുന്ന യന്ത്രങ്ങളെയല്ല. രോഗിയെന്നത് ഒരു വ്യക്തിയല്ല, അവളുടെ/അവന്റെ ചുറ്റുവട്ടങ്ങളെല്ലാം കൂടിച്ചേര്‍ന്ന് തീര്‍ക്കുന്ന ഒരു ജീവിയാണത്. ഡോക്ടര്‍ പകര്‍ന്ന് നല്കുന്ന അറിവ് രോഗിയെയും ബന്ധുക്കളെയും ശാക്തീകരിക്കാനും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുപ്പിക്കാനും കെല്പുള്ളതാകും. മറിച്ച് "സര്‍വ്വജ്ഞനായ" ഡോക്ടര്‍ തീരുമാനിച്ച് മരുന്നുകൊടുക്കുകയും ഓപ്പറേറ്റ് ചെയ്യുകയും കീമോതെറാപ്പി കൊടുക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ രോഗിയില്‍ നിന്നും, ബന്ധുമിത്രാദികളില്‍ നിന്നും ഒക്കെ അവരുടെ ജീവിതത്തിന്റെ കര്‍തൃത്വത്തെ പിടിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. "എല്ലാം തികഞ്ഞ ഡോക്ടര്‍ക്ക്" ഒരു കൈപ്പിഴ പറ്റിയാല്‍ പഴിചാരാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന്റെ കൈയ്യില്‍ വടി കൊടുക്കുക കൂടിയാണ് നിങ്ങള്‍ ചെയ്യുന്നത്, അവിടെ.
ആശുപത്രിയടിച്ച് പൊളിക്കലിന്റെയും ഡോക്ടറെ കേറി തല്ലലിന്റെയും എല്ലാം ഒരേയൊരു കാരണം ഇതാണെന്നല്ല പറഞ്ഞ് വന്നത്. പക്ഷേ ഇതൊരു പ്രധാന കാരണമാണ്. വൈദ്യസംഘങ്ങളും വ്യക്തികളും മുന്‍കൈയ്യെടുത്താല്‍, അത്രവലിയ പ്രയത്നമൊന്നുമില്ലാതെ തന്നെ മാറ്റാന്‍ പറ്റുന്ന ഘടകവുമാണ്. സമൂഹത്തിനു പൊതുവേ ആധുനിക വൈദ്യത്തെക്കുറിച്ചുള്ള "സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തും" എന്ന മോഡലിലെ തെറ്റിദ്ധാരണകളെ മാറ്റാനും ഇത്തരം അറിവു പകരല്‍ കൊണ്ട് സാധിക്കും.
ജലദോഷത്തിനു മരുന്ന് കുറിക്കുമ്പോള്‍ പോലും ജലദോഷം ഇന്നിന്ന കാരണം കൊണ്ട് വരുന്നതാണ് എന്നും ഇതിനു മരുന്നാവശ്യമില്ലെന്നും, മൂക്കൊലിപ്പ് സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ദാ ഈ മരുന്ന് ചെറിയ ആശ്വാസം നല്‍കുമെന്നും പറഞ്ഞ് കൗണ്‍സലിംഗ് കൊടുക്കുന്ന ഡോക്ടര്‍മാര്‍ ഇതെഴുതുന്നയാള്‍ക്ക് മാതൃകാധ്യാപകരായിട്ടുണ്ട്. റൗണ്ട്സ് നടക്കുമ്പോള്‍ കൂട്ടിരുപ്പുകാരെ രോഗിക്കൊപ്പം ഇരുത്തി കാര്യങ്ങള്‍ ഇവിടെവരെയാണ്, ഇനി നമ്മള് ഇന്നിന്നതൊക്കെയാണ് ചെയ്ത് നോക്കാന്‍ പോകുന്നത്, അതിനു ഇന്നിന്ന ശതമാനം വിജയ/ഫല സാധ്യതകളുണ്ട് എന്നൊക്കെ അപ്ഡേറ്റ് ചെയ്യുന്ന ഗുരുക്കന്മാരില് നിന്ന് നമുക്ക് ഇനിയുമൊത്തിരി പഠിക്കാനുണ്ട്.
വളരെ നാളുകൾക്ക് ശേഷം മെഡിസിൻ അറ്റ് ബൂലോകത്തിൽ ഒരു ലേഖനം കണ്ടതിൽ സന്തോഷം.
ReplyDeleteതാങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണം ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകൾ ആണ് കാരണം എന്ന് ഞാനും വിശ്വസിക്കുന്നു. രോഗിയായ എന്റെ അച്ഛന്റെ ഒപ്പം പല ആശുപത്രികളിലും ചില അവസരങ്ങളിൽ ആഴ്ചകൾ തന്നെ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ രോഗാവസ്ഥ എന്താണെന്നോ എന്തെല്ലാം മാർഗ്ഗങ്ങളാണ് ചികിത്സയ്ക്കായി സ്വീകരിക്കുന്നതെന്നോ ഞങ്ങൾക്ക് വിശദമാക്കാൻ ചില ആശുപത്രികളിലെ ഡോക്ടർമാർ ശ്രമിച്ചിരുന്നു. അത്തരം അവസരങ്ങളിൽ കാര്യങ്ങൾ അറിയുമ്പോൾ കൂടെയുള്ള ബന്ധുക്കളായ ഞങ്ങൾക്കും അല്പം ആശ്വാസമാകാറുണ്ട്. പല ആശുപത്രികളിലും പ്രധാന ഡോക്ടർക്ക് ഇതിനെല്ലാം സമയം ഉണ്ടാകില്ല. കാരണം ഓരോ രോഗിയുടെ ബന്ധുക്കളോടും വിശദീകരിക്കാൻ നിന്നാൽ ഒ പിയിലെ രോഗികളെ നോക്കാനും അദ്ദേഹം സമയം കണ്ടെത്തണമല്ലൊ. അത്തരം സാഹചര്യത്തിൽ കൂടെയുള്ള ജൂനിയർ ഡോക്ടർമാരെ ആരെയെങ്കിലും ഇതിന് നിയോഗിച്ചാലും മതി. എന്തായാലും ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിൽ ശരിയായ ആശവിനിമയം നടക്കേണ്ടത് തീർച്ചയായും ആവശ്യമാണ്.
Well Said.. Congrats...
ReplyDeleteഇതൊക്കെ തന്നെയാവാം നാട്ടിലെ പ്രശ്നങ്ങൾ..
ReplyDeleteപക്ഷെ ഒരാൾ തന്നെ പല സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുമ്പോൾ അല്ലെങ്കിൽ വിദേശരാഷ്ട്രങ്ങളിൽ നിന്ന് വിപരീതമായി ഒരു ഡോക്ടർക്ക് തന്നെ നിരവധി കേസുകൾ അറ്റെന്റ് ചെയ്യേണ്ടിവരുമ്പോൾ ഈ 'പറഞ്ഞുമനസിലാക്കൽ' എവിടെയോ നഷ്ടപ്പെടുന്നു..
അല്ലാത്തവരും ഉണ്ട്..
ക്ഷമയോടെ സമയമെടുത്ത് കാര്യങ്ങൾ വിശദീകരിക്കുന്നവർ ധാരാളം ഉണ്ട്..
കുറഞ്ഞ സമയത്തിൽ കൂടുതൽ ആളുകളെ കൺസൾട്ട് ചെയ്യുക എന്ന രീതിയിൽ പോകുന്ന നാട്ടിൽ ( രോഗികളുടെ എണ്ണം ഒരു പ്രശ്നം തന്നെയാണു) അതേ മനോഭാവം ട്രീറ്റ്മെന്റിലും തുടരുമ്പോൾ ഈ പറഞ്ഞുമനസിലാക്കൽ നടക്കുന്നില്ല..
കാര്യങ്ങൾ നന്നായി എഴുതി..
അഹമദ് മാഷിനെ പോലെയുള്ളവരെ പരിചയമില്ലാത്ത ആരും കാണുമെന്നു തോന്നുന്നില്ല. മിക്കവാറും എല്ലാവരും ആശുപത്രിയിലെ കൂട്ടിരിപ്പുകാരും ആയിട്ടുണ്ട്. പക്ഷേ, ചോദിക്കുന്ന സാധനങ്ങൾ എത്തിക്കുക എന്നതിനപ്പുറം അധികൃതരും ബന്ധുക്കളും തമ്മിലുള്ള ആശയവിനിമയം തീരെ കുറവാണ്. അക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഈ ലേഖനത്തിന് നന്ദി. ദിനേന വളരെയേറെ രോഗികളെ പരിചരിക്കുമ്പോൾ ഓരോരുത്തരുടെയും ബന്ധുക്കളുമായി സംസാരിക്കാൻ എത്ര സമയം ലഭിക്കും എന്നത് കൂടി ഇവിടെ ചിന്തനീയമാണ്.
ReplyDeleteThank you Suraj.
ReplyDeleteഡോക്ടർ നയന ഇനിയും എഴുതണം .കുറിപ്പ് ഏറെ നന്നായിട്ടുണ്ട് .
ReplyDeleteവളരെ ശരി. എന്നാല്‍ ചിലപ്പോള്‍ സാഹചര്യം മറിച്ചും ആകാറുണ്ട്
ReplyDelete53 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെനൈജ്ഞിറ്റിസ് വിത് ബ്രൈൻ ആബ്സസു ബാധിച്ച എന്റെ മകനുമായി 1997 ഒക്റ്റോബറിൽ കിടന്നപ്പോൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ " ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പുകൾ എന്ന പേരിൽ പുസ്തകമായി ഞാൻ പ്രസിദ്ധീകരിക്കുകയുണ്ടായി. വർഷങ്ങൾക്ക് മുമ്പ് ആ പുസ്തകത്തിൽ ഞാൻ നിരീക്ഷിച്ച ചില വസ്തുതകളുമായി സാമ്യത ഈ ലേഖനത്തിൽ ഇപ്പോൾ കണ്ടപ്പോൾ സന്തോഷമായി. വർഷങ്ങൾ കഴിഞ്ഞപ്പോഴും ആശുപത്രിയിലെ പെരുമാറ്റങ്ങൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ലെന്ന് കണ്ടപ്പോൾ അതിശയവും തോന്നി.
ReplyDeleteസൂരജ്, ഈ കാലഘട്ടത്തിൽ വളരെ ആവശ്യമായിരുന്ന ഒരു ലേഖനം. നന്ദി
ReplyDeletevalarekkaalaththinu sesamulla lekhanam, kollaam, pinne ikkaryangal oru doctor thanne parayumbol, santhosham thonnunnu
ReplyDeletewell said suraj,article justifying your calibre.
ReplyDeleteസൂരജിന്റെ പല പോസ്റ്റുകളും പലരുടേയും ഓരോ തെറ്റിദ്ധാരണകൾ നീക്കാൻ ഒരു പരിധിവരെ സഹായിയ്ക്കുന്നുണ്ട് എന്നു തന്നെ വിശ്വസിയ്ക്കുന്നു. എഴുതാതിരിയ്ക്കരുത്. സമയമുണ്ടാക്കി ഇടയ്ക്കെഴുതൂ. അതും ഒരു പ്ബ്ലിക് സ്ർവീസ് തന്നെയല്ലേ
ReplyDeleteChanging doctor patient relationship in Kerala
ReplyDelete