ചികുന്‍ഗുനിയ വിശേഷങ്ങള്‍

ചികുന്‍ ഗുനിയയും H1N1-ഉമടങ്ങുന്ന വൈറല്‍ പനികളുടെ കൂട്ട ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് കേരളം കഴിഞ്ഞ ഏതാനും മാസങ്ങളിലായി. ചികുന്‍ ഗുനിയ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയിട്ട് ഇപ്പോള്‍ നാലു വര്‍ഷത്തോളമാകുന്നു; കേരളത്തിലെത്തിയിട്ട് രണ്ടര വര്‍ഷവും. തെക്കന്‍ കേരളത്തിലാരംഭിച്ച് മധ്യകേരളത്തിലേയ്ക്കും മലബാര്‍ മേഖലയിലേയ്ക്കും കയറുകയാണ് ഈ വിചിത്ര രോഗം. എന്താണീ വൈറസ് ? എന്തൊക്കെയാണിതിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് ? ഈ കുറിപ്പിന്റെ ആദ്യ ഭാഗം ഇവയെക്കുറിച്ചാണ്.

ചികുന്‍ ഗുനിയ വൈറസിന്റെ ജാതകം


ഇന്നോ ഇന്നലെയോ ഭൂമിയിലവതരിച്ച രോഗമൊന്നുമല്ല ചികുന്‍ഗുനിയ. ലോകാരോഗ്യസംഘടനയുടെ 2006ലെ റിപ്പോട്ട് പ്രകാരം 1779മുതല്‍ക്കേ ചികുന്‍ഗുനിയ പ്രചാരത്തിലുണ്ട്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുമായി ലക്ഷണങ്ങളില്‍ നല്ല സാമ്യമുള്ളതിനാലാവാം ചികുന്‍ഗുനിയയെ മുന്‍കാലങ്ങളില്‍ വേര്‍തിരിക്കാന്‍ പ്രയാസമായിരുന്നു. മൊസാംബീക്കും റ്വാണ്ട ബുറുണ്ടി ടാന്‍സാനിയയെന്നിവയടങ്ങുന്ന ടാഞ്ജാന്യിക്കയും ഉള്‍പ്പടെയുള്ള കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ 1952ലാണ് ആദ്യമായി മനുഷ്യനില്‍ നിന്നും കൊതുകില്‍ നിന്നും ചികുന്‍ഗുനിയ വൈറസ് കണ്ടെത്തുന്നത്. മക്കോണ്ടെ ഭാഷയിലെ "ഒടിഞ്ഞുമടങ്ങി നില്‍ക്കുന്ന" എന്നര്‍ത്ഥം വരുന്ന 'കുന്‍ഗുന്യാല' എന്ന മൂലപദത്തില്‍ നിന്നാണ് ചികുന്‍ഗുനിയ എന്ന പേരുവരുന്നത്. പിന്നീട് 1958, '63, '73 എന്നിങ്ങനെ പല കാലഘട്ടങ്ങളിലായി ഈ വൈറസിന്റെ മൂന്ന് ഉപവര്‍ഗ്ഗങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട് - പടിഞ്ഞാറേ ആഫ്രിക്കന്‍, കിഴക്കനാഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ വിളിക്കാം ഇവയെ. 2006ലെ തെക്കേയിന്ത്യന്‍ ചികുന്‍ ഗുനിയ പകര്‍ച്ചപ്പനിക്കാലത്തിനു മുന്‍പ് ഇന്ത്യയില്‍ 1963-73 കാലത്താണ് ഇന്ത്യയില്‍ ഇത് റിപ്പോട്ട് ചെയ്യപ്പെട്ടത്. അക്കാലത്ത് ബംഗാളില്‍ 200-ഓളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു ഈ രോഗം. തായ്ലന്റ്, മൗറീഷ്യസ്, മലേഷ്യ ഓസ്ട്രേയ്ലിയ തുടങ്ങി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹങ്ങളിലും ഇറ്റലി ഫ്രാന്‍സ് ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ ഈ രോഗം റിപ്പോട്ട് ചെയ്തിട്ടുണ്ട്.


വൈറസ്സിന് ജീവനുള്ള കോശത്തിനു വെളിയില്‍ ജീവിക്കുക ഏറെക്കുറേ അസാധ്യമാണ്. അതിനാല്‍ അത് ഒരു ജന്തുവില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെയാണ് വംശനാശം സംഭവിക്കാതെ നിലനിന്ന് പോരുന്നത്. ചികുന്‍ ഗുനിയ വൈറസ് അഥവാ ചിക്-വൈറസ് (CHIK-V) മൂന്ന് ജനിതകരൂപത്തില്‍ കാണുന്നുവെന്ന് പറഞ്ഞല്ലോ. വൈറസിന്റെ പ്രോട്ടീന്‍ ആവരണത്തിലെ ചില്ലറ മാറ്റങ്ങളാണ് ഈ രൂപവ്യതിയാനത്തിനു മുഖ്യകാരണമെങ്കിലും ഇവ സംക്രമിക്കുന്ന രീതിയും അല്പം വ്യത്യസ്തമാണ്. ഉദാഹരണത്തിന് ചിക് വൈറസിന്റെ ആഫ്രിക്കന്‍ ഉപവര്‍ഗ്ഗങ്ങള്‍ കാട്ടുകുരങ്ങുകളില്‍ നിന്നും കൊതുകിലേയ്ക്കും അവിടെ നിന്ന് മനുഷ്യരിലേയ്ക്കും സംക്രമിക്കുന്ന രീതിയിലാണ് പരിണമിച്ചിരിക്കുന്നത് (ഇതിനെ sylvatic cycle എന്നു വിളിക്കും). മനുഷ്യന്‍ എന്ന കണ്ണി ഇല്ലാതായാലും കുരങ്ങും കൊതുകും തമ്മിലുള്ള "കൊടുക്കല്‍ വാങ്ങലി"ലൂടെ ഈ ചാക്രിക പ്രക്രിയ തുടരുമെന്നര്‍ത്ഥം. ചിക് വൈറസിന്റെ ഏഷ്യന്‍ ഉപവര്‍ഗ്ഗമാകട്ടെ കൊതുകില്‍ നിന്ന് മനുഷ്യനിലേയ്ക്കും അവിടെ നിന്ന് മറ്റൊരു കൊതുകുവഴി മറ്റൊരു മനുഷ്യനിലേയ്ക്കും എന്ന രീതിയിലാണ് സംക്രമിക്കുക (mosquito-human-mosquito cycle). മനുഷ്യവാസം വര്‍ധിച്ചതിന്റെ ഫലമായുണ്ടായ പാരിണാമിക മാറ്റമാവാം ഇത്.

ചിക് വൈറസിന്റെ ഉപവര്‍ഗ്ഗങ്ങളെല്ലാം എയീഡിസ് ഈജിപ്റ്റി (Aedes aegypti) എന്ന ഒരു കടുവാക്കൊതുകു സ്പീഷീസിന്റെ കുത്തുവഴിയാണ് പ്രധാനമായും പകരുകയെങ്കിലും ഏയീഡിസ് കൊതുകിന്റെ തന്നെ മറ്റ് പല സ്പീഷിസുകളിലും, എന്തിന് മന്ത് പരത്തുന്ന ക്യൂലെക്സ് കൊതുകില്‍ പോലും ഈ വൈറസ് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ കടുവയുടെ പോലെ വരകളുള്ള കൊതുകിനെയാണ് കടുവാക്കൊതുകെന്ന് വിളിക്കുന്നത്. എന്നാല്‍ ഇത്തവണ കേരളത്തെയടക്കം ആക്രമിച്ച ചിക് പകര്‍ച്ചവ്യാധിക്ക് ഒരു വ്യത്യസ്തതയുണ്ട്. 2005ന് ശേഷം കണ്ടെത്തിയ വൈറല്‍ സാമ്പിളുകളില്‍ 90%ത്തിനും ഒരു അതിസൂക്ഷ്മ മ്യൂട്ടേഷന്‍ വന്നിട്ടുള്ളതായും അതുമൂലം എയീഡിസ് കൊതുകുകള്‍ക്ക്, വിശേഷിച്ച് മുന്‍പ് ഈ വൈറസ് പകര്‍ത്തുന്നതില്‍ കാര്യമായ പങ്കില്ലാതിരുന്ന ഏയീഡിസ് ആല്‍ബൊപിക്റ്റസ് (Ae. albopictus) എന്ന കൊതുകു സ്പീഷീസിന് ഈ വൈറസിനെ കൂടുതല്‍ എളുപ്പം മനുഷ്യനിലേയ്ക്ക് സംക്രമിപ്പിക്കാനാവും എന്നും നമുക്ക് മനസ്സിലായി. 2005ഡിസംബറില്‍ ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാരംഭിച്ച് ദക്ഷിണേന്ത്യയിലാകെ പടര്‍ന്ന രണ്ടാം ചികുന്‍ ഗുനിയ സീസണിലാണ് ഇന്ത്യയില്‍ ഈ വൈറസിന്റെ ആഫ്രിക്കന്‍ ഉപവര്‍ഗ്ഗം (East Central South African genotype) വ്യാപിക്കുന്നത്. 2006 പകുതിയായപ്പോള്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാത്രം ഏതാണ്ട് 10 ലക്ഷം ചികുന്‍ ഗുനിയ കേസുകള്‍ റിപ്പോട്ട് ചെയ്യപ്പെട്ടു.

ഈ മ്യൂട്ടേഷന്റെ സങ്കീര്‍ണതകളിലേയ്ക്ക് കടക്കുന്നില്ല, എങ്കിലും ഇത്രമാത്രം പറയാം - ഈ പരിവര്‍ത്തനം മൂലം കൂടുതല്‍ ഫലപ്രദമായി വൈറസിനു പെരുകാനും കൊതുകില്‍ നിന്ന് മനുഷ്യനിലേയ്ക്ക് സംക്രമിക്കാനും ആവുന്നു. ഈ മ്യൂട്ടേഷന്‍ ജൈവായുധനിര്‍മാണ വേളയില്‍ സംഭവിച്ചതാണെന്നും മറ്റുമുള്ള "ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ " ഒരുപാട് കറങ്ങി നടപ്പുണ്ട്. അതെന്തായാലും ഇങ്ങനൊരു മ്യൂട്ടേഷന്‍ വൈറസുകളുടെ ജൈവ ചക്രത്തില്‍ ആരും കൃത്രിമമായി ഉണ്ടാക്കാതെ തന്നെ സ്വാഭാവികമായി വരാവുന്നതേയുള്ളൂ. ഇന്‍ഫ്ലുവെന്‍സ വൈറസുകള്‍ തന്നെ മികച്ച ഉദാഹരണം.

എന്തുകൊണ്ട് ചികുന്‍ ഗുനിയ ?

ചിക് വൈറസിന്റെ മൂന്ന് ഉപവര്‍ഗങ്ങളും ഒരേ ആദിമ ആഫ്രിക്കന്‍ വര്‍ഗത്തില്‍ നിന്ന് പരിണമിച്ചു പിരിഞ്ഞതാണെന്ന് ജനിതകപഠനങ്ങള്‍ തെളിവു നല്‍കുന്നു. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയെ ആക്രമിച്ച ചിക് വൈറസിന്റെ ഏഷ്യന്‍ ജനിതക ഉപവര്‍ഗ്ഗത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വന്നിരിക്കുന്നത് ആഫ്രിക്കന്‍ ഉപവര്‍ഗ്ഗമാണ്. അതും രോഗവ്യാപനതീവ്രത വര്‍ധിപ്പിക്കുന്ന ഒരു ജനിതവ്യതിയാനത്തോടുകൂടി.


യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ചികുന്‍ ഗുനിയ വ്യാപിച്ച സമയത്ത് നടന്ന പഠനങ്ങള്‍ വിരല്‍ ചൂണ്ടിയത് രണ്ട് കാരണങ്ങളിലേയ്ക്കാണ് : ഒന്ന്, ടൂറിസ്റ്റുകള്‍ വഴി വിദേശത്തു നിന്നാവാം വൈറസ് ആദ്യമായി അവിടെ എത്തിയത്. രണ്ട്, ചൂട് കൂടുന്ന കാലത്ത് കൊതുകിന്, വിശേഷിച്ച് എയീഡിസ് കൊതുകിനുണ്ടാകുന്ന സംഖ്യാവര്‍ധനവ്. കാട്ടുകുരങ്ങും കൊതുകുമടങ്ങുന്ന ചാക്രിക വ്യവസ്ഥയില്‍ നിന്നും നേരിട്ട് മനുഷ്യനെ കണ്ണിചേര്‍ത്തുള്ള വ്യവസ്ഥയിലേയ്ക്ക് ഈ വൈറസിന്റെ ജീവചക്രം പരിണമിച്ചതും നമുക്കറിയാം.

കേരളത്തെപ്പോലെ മഴലഭ്യത കൂടുതലുള്ള, മഴവെള്ളം കെട്ടിനിന്ന് കൊതുകുപെരുകാന്‍ സാധ്യതയേറെയുള്ള ഒരു സ്ഥലത്ത് കൊതുകുജന്യ രോഗങ്ങള്‍ ഒരുകാലത്തും വിട്ടുമാറാന്‍ പോകുന്നില്ല. കൊതുകിലൂടെ പകരാന്‍ സാധ്യതയുള്ള ജനിതക മ്യൂട്ടേഷന്‍ വന്നതോ അല്ലാത്തതോ ആയ വൈറസുകള്‍ക്ക് അങ്ങനെയുള്ള പ്രദേശങ്ങളില്‍ "കൊയ്ത്തുകാല"മായിരിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. ചികുന്‍ ഗുനിയ പകര്‍ച്ചവ്യാധി ആ നിലയ്ക്ക് നോക്കുമ്പോള്‍ പൊട്ടാന്‍ കാത്തിരുന്ന ഒരു ടൈം ബോംബാണ്. അതില്‍ ആരെയും പഴിപറഞ്ഞിട്ടും കാര്യമില്ല. ജനസാന്ദ്രതക്കൂടുതല്‍ മൂലം ഒരു രോഗിയില്‍ നിന്ന് ഈ വൈറസിന് കൊതുകിന്റെ ശരീരത്തിലൂടെ മറ്റൊരു മനുഷ്യനിലേയ്ക്ക് പോകാന്‍ എളുപ്പമാകുന്നു. മനുഷ്യനാണ് ഇവിടെ ഈ വൈറസിന്റെ "സംഭരണി"യായി (reservoir) പ്രവര്‍ത്തിക്കുന്നത്.

വെള്ളം കെട്ടിനില്‍ക്കാനും കൊതുകിനു മുട്ടയിട്ട് പെരുകാനുമുള്ള എല്ലാ ഭൗതിക സാഹചര്യവും അനിവാര്യമായ നഗരവല്‍ക്കരണത്തിലൂടെ നമ്മള്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുന്നു. മലിനജലത്തിലെ ബാക്റ്റീരിയ വിസര്‍ജ്ജിക്കുന്ന ചിലതരം കൊഴുപ്പുകണികകള്‍ പെണ്‍ കൊതുകിന് മുട്ടയിടാനുള്ള ജൈവപ്രേരണ നല്‍കുന്നു. ചെടിച്ചട്ടിയുടെ ചുവട്ടിലെയും മരപ്പൊത്തിനകത്തെയും പൊട്ടിയ ചട്ടിയുടെയും കലത്തിന്റെയും വലിച്ചെറിയുന്ന കരിക്കിന്‍ തൊണ്ടിലെയും ടയറുകളിലെയും കപ്പുകളിലെയും ചിരട്ടക്കഷ്ണങ്ങളിലെയും വെള്ളം മുതല്‍ ഓടകളിലെയും ടാങ്കുകളിലെയും കുപ്പികളിലെയും പൊട്ടക്കിണറുകളിലെയും കൂളറുകളിലെയും വെള്ളം വരെ ഈ കൊതുകുകള്‍ക്ക് മുട്ടയിടല്‍ കേന്ദ്രങ്ങളാണ്. റബര്‍ ടാപ്പിംഗിനായി കെട്ടിവയ്ക്കുന്ന ചിരട്ടയില്‍ നിറയുന്ന മഴവെള്ളം റബ്ബര്‍ കര്‍ഷകന്റെ അന്തകനാകുമ്പോള്‍ നഗരത്തിലെ ചേരികളില്‍ കൂട്ടിയിടുന്ന പ്ലാസ്റ്റിക് കുപ്പികളും പാട്ടകളും അവിടെ കൊതുകിന്റെ താണ്ഡവത്തിനു വേദിയാകുന്നു.

ഇങ്ങനെ എയീഡിസ് പകര്‍ത്തുന്ന രോഗങ്ങളില്‍ ചികുന്‍ഗുനിയ മാത്രമല്ല, ഡെങ്കിപ്പനി, മഞ്ഞപ്പനി, മസ്തിഷ്കത്തെ ബാധിക്കുന്ന ചിലതരം രോഗങ്ങള്‍ എന്നിങ്ങനെ മറ്റു ചിലതു കൂടിയുണ്ട്. രക്തമൂറ്റുന്ന കുഴലിലൂടെ കൊതുകിലേയ്ക്കെത്തുന്ന വൈറസ് അതിന്റെ വയറ്റിലും അണ്ഡാശയത്തിലുമൊക്കെ പെരുകുന്നു. അണ്ഡാശയത്തിലൂടെ കൊതുകിന്റെ മുട്ടയിലേയ്ക്കും ചിക്-വൈറസിന്റെ പകര്‍പ്പുകള്‍ ചെല്ലുന്നു. ഏറ്റവും ഭയാനകമായ അവസ്ഥ എയീഡിസ് കൊതുകിടുന്ന മുട്ടകള്‍ ഒരു വര്‍ഷം വരെ നശിക്കാതെ കിടക്കുമെന്നതാണ്. ഈ മഴക്കാലത്ത് ഇട്ട മുട്ടകള്‍ ഒരുപക്ഷേ അടുത്ത വേനലും കഴിഞ്ഞ് വരുന്ന മാസങ്ങളിലേ വിരിയുകയുള്ളൂ എന്നര്‍ത്ഥം.


ചികുന്‍ ഗുനിയ : ലക്ഷണശാസ്ത്രം

ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ എലികളില്‍ നടന്ന പഠനങ്ങളാണ് ചിക്-വൈറസ് മനുഷ്യനില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്ന അനുമാനങ്ങള്‍ക്ക് നാന്ദിയായത്. രക്തമൂറ്റുന്ന സമയത്ത് കൊതുകില്‍ നിന്ന് നമ്മുടെ രക്തത്തിലേയ്ക്ക് പകരുന്ന വൈറസ് കരളില്‍ ചെന്നാണ് ആദ്യം കൂട്ടമായി പെരുകുക. അവിടെ നിന്ന് രക്തത്തിലെ ശ്വേതകോശങ്ങള്‍ വഴി പേശികളിലും സന്ധികളിലും ചര്‍മ്മപാളികളിലുമെത്തുന്നു. കൈകാലുകളിലെ സന്ധികളിലും പേശികളിലും ഇവ വീണ്ടും പെരുകുന്നതായാണ് കണ്ടിട്ടുള്ളത്. പേശികള്‍ അസ്ഥിയുമായി ചേരുന്ന സ്ഥാനങ്ങളും സന്ധികളുമൊക്കെ പൊതുവേ വേദന സംവേദനം ചെയ്യുന്ന നാഡികളുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇതാവാം ചികുന്‍ഗുനിയയില്‍ ഇത്ര കടുത്ത സന്ധിവേദനയ്ക്ക് കാരണം. ചില അവസരങ്ങളില്‍ രക്തത്തിലെ ചിക്-വൈറസ് കോശങ്ങള്‍ ഏറെക്കുറേ ഇല്ലാതാവുകയും രോഗം ഏതാണ്ട് ഭേദമാകുകയും ചെയ്താലും കാലിലെ പേശികളില്‍ വൈറസ് കോശങ്ങള്‍ ആഴ്ചകളോളം നിലനില്‍ക്കുന്നതായി കണ്ടിട്ടുണ്ട്.വൈറസ് ആക്രമണത്തെത്തുടര്‍ന്നുള്ള നീര്‍ക്കെട്ട് മൂലം പേശികളുടെയും സന്ധിയിലെ തരുണാസ്ഥിയുടെയും (cartilage) അവസ്ഥ സന്ധിവാതത്തിലും മറ്റും കാണുന്നതിനു സമാനമാവുന്നു എന്നാണ് പരിശോധനകളില്‍ തെളിയുന്നത്. ചികുന്‍ ഗുനിയ വന്നതിനു ശേഷവും ദീര്‍ഘകാലത്തേയ്ക്ക് സന്ധിവേദനയും കൈകാല്‍ കഴപ്പും മറ്റും വരുന്നത് ഇതുമൂലമാവണം.

ഒരു ശരാശരി രോഗിയില്‍ പനിയായിട്ടാണ് ആദ്യം ഈ രോഗം അവതരിക്കുക. ഒപ്പം കഫക്കെട്ട്, തൊണ്ടവീക്കം എന്നിവയും ചിലപ്പോള്‍ കാണാം. ഒന്നോ രണ്ടോ ദിവസം നീണ്ടു നില്‍ക്കുന്ന കടുത്ത പനി പെട്ടന്ന് താഴുമെങ്കിലും ഒപ്പം വരുന്ന ശരീരവേദന ഒരാഴ്ചയോളം ഒരേ രീതിയില്‍ തുടരും. കൈകാലുകളിലെ വലിയ പേശികളും കൈമുട്ട്, തോള്‍ക്കുഴ, കാല്‍മുട്ട്, കണങ്കാല്‍ എന്നിവിടങ്ങളില്‍ നീരോടുകൂടിയോ അല്ലാതെയോ ആണ് വേദന വരുക. സന്ധികളില്‍ മാത്രമായ വേദന പലപ്പോഴും പനിയൊക്കെ വിട്ട് ഒന്നു രണ്ടാഴ്ചകഴിഞ്ഞാണ് വരുന്നത്. പനി ഒരാഴ്ചകഴിഞ്ഞ് വീണ്ടും ചാക്രികമായി ആവര്‍ത്തിക്കുന്ന പ്രതിഭാസവും കണ്ടിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ 2005ലെ ഇന്ത്യന്‍ പതിപ്പിന് ശരീരവേദനയും ദീര്‍ഘകാലം തുടരുന്ന സന്ധിവാതവും മുന്‍പില്ലാത്തവിധം കൂടുതലാണെന്നാണ് നിരീക്ഷണങ്ങള്‍ . ഇത് വൈറസിന്റെ മ്യൂട്ടേഷനുമായി ബന്ധപ്പെട്ട വര്‍ധിത വീര്യവുമാവാം എന്ന് അനുമാനിക്കപ്പെടുന്നു. മറ്റൊരു സാധ്യത ഈ വൈറസ് ഇവിടെ പുതുതായി പ്രചാരത്തില്‍ വന്നതാണെന്നതാണ്; അതുകൊണ്ടുതന്നെ ഈ വൈറസിനെതിരേ പാരിണാമികമായി ആര്‍ജ്ജിക്കുന്ന പ്രതിരോധ ശേഷി ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്കില്ല.

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ പനി, ശരീരവേദന, സന്ധിവേദന, ചൊറിച്ചിലോടെയോ അല്ലാതെയോ തൊലിപ്പുറത്ത് പൊങ്ങുന്ന ചുവന്ന പാടുകളും തടിപ്പും, കാലുകളിലെ നീര്, ഓക്കാനം, ആഹാരത്തിനോട് വിരക്തി, വായ്ക്ക് രുചിയില്ലായ്മ (ലോഹത്തിന്റെ ഒരുതരം ചുവ), എന്നിവയാണ്. സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചികുന്‍ ഗുനിയ വരുമ്പോള്‍ മുന്‍ അസുഖങ്ങള്‍ മൂര്‍ച്ഛിക്കുന്നതായും തൊലിപ്പുറത്തുള്ള ചുണങ്ങിന്റെയും തടിപ്പിന്റെയും ആക്കം കൂടുന്നതായും കണ്ടിട്ടുണ്ട്. കണ്ണുകളുടെ ചലനം ഉണ്ടാക്കുന്ന വേദന, പ്രകാശത്തോടുള്ള വെറുപ്പ്, വായ്പ്പുണ്ണ്, രക്തസ്രാവം എന്നീ ലക്ഷണങ്ങള്‍ താരതമ്യേന കുറവാണ്.

ലക്ഷണങ്ങളുടെ തീവ്രതയിലും പ്രായവ്യത്യാസം പ്രകടമാണ്. 45വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ മേല്പ്പറഞ്ഞ ലക്ഷണങ്ങള്‍ തീവ്രതയോടെ കാണപ്പെടുമ്പോള്‍ 15വയസ്സിനു താഴെയുള്ളവരില്‍ രോഗലക്ഷണങ്ങളുടെ തീവ്രതയും അവ കാണപ്പെടുന്ന കാലദൈര്‍ഘ്യവും കുറവാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വളരെ അപൂര്‍വമായി മസ്തിഷകാവരണത്തെ ബാധിക്കുന്ന മെനിഞ്ജൈറ്റിസും മസ്തിഷ്കത്തിന്റെ പുറംപാളിയെ ബാധിക്കുന്ന എന്‍സെഫലൈറ്റിസും കാണപ്പെടാറുണ്ട്. 2005-2009 കാലത്തെ ചികുന്‍ ഗുനിയ വൈറസിന്റെ ഇന്ത്യന്‍ രൂപത്തിന്, വിശേഷിച്ച് കേരളത്തില്‍ പടരുന്ന ഉപവര്‍ഗ്ഗത്തിന് തൊലിപ്പുറത്തെ പാടുകളും തടിപ്പും വീര്‍ത്തുപൊങ്ങലും ഉണ്ടാക്കാന്‍ കഴിവ് കൂടുതലാണെന്ന് കാണുന്നു. ഇത് ഈ വൈറസിന്റെ പടിഞ്ഞാറേ ആഫ്രിക്കന്‍ ഉപവര്‍ഗ്ഗത്തിനോ 1963-73 കാലത്ത് ഇന്ത്യയില്‍ പടര്‍ന്ന ഏഷ്യന്‍ ഉപവര്‍ഗ്ഗത്തിനോ സാധാരണയായുള്ള ലക്ഷണമല്ല. ഒരുപക്ഷേ ഇത് വൈറസിന്റെ ഉല്പരിവര്‍ത്തനവുമായി (മ്യൂട്ടേഷന്‍) ബന്ധപ്പെട്ട സംഗതിയുമാവാം. ഇതില്‍ ഡെങ്കിയുടെയും ചികുന്‍ഗുനിയയുടെയും ലക്ഷണങ്ങള്‍ സമാനമായതിനാല്‍ ലാബ് പരിശോധനകളില്ലാതെ വേര്‍തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. ചില അവസരങ്ങളില്‍ രണ്ട് രോഗങ്ങളും ഒരേ വ്യക്തിയില്‍ കാണുകയും ചെയ്യാം.

സാധാരണ ഗതിയില്‍ ചികുന്‍ഗുനിയ മരണകാരണമാകാറില്ലെങ്കിലും പ്രായത്തിന്റേതായ ആരോഗ്യക്കുറവുള്ളവരിലും കരള്‍, വൃക്ക രോഗങ്ങളുള്ളവരിലും ഇത് അപൂര്‍വമായെങ്കിലും മാരകമാകുന്നുവെന്ന് നിരീക്ഷപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇത്തരക്കാര്‍ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടിവരും. ഇപ്പോഴത്തെ അറിവു വച്ച് ചിക്-വൈറസ് അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്ക് ആദ്യ മൂന്ന് മാസം മുതല്‍ക്കു തന്നെ പകരാന്‍ സാധ്യതയുണ്ട്. പ്രസവ സമയത്തടക്കം ഈ പകര്‍ച്ച സാധ്യമാണെന്നും ചില കേസ് റിപ്പോട്ടുകള്‍ ചൂണ്ടുന്നു.

കൂട്ടത്തില്‍ പറയട്ടെ, തക്കാളിപ്പനി എന്നൊരു രോഗത്തെപ്പറ്റി ഇപ്പോള്‍ വ്യാപകമായി കേട്ടുവരുന്നു. ഇങ്ങനെയൊരു പനി സാങ്കേതികമായി നിലവിലില്ല. ചികുന്‍ ഗുനിയയുടെ ലക്ഷണമായ തൊലിപ്പുറത്തെ തടിപ്പുകള്‍ ചിലരില്‍ അല്പം തീവ്രമായി കാണുന്നതിനെയാണ് പൊതുജനം തക്കാളിപ്പനി എന്ന് വിളിക്കുന്നത്. തൊലി തക്കാളിപോലെ ചുവന്ന് വീര്‍ത്ത് കുമിളപോലെ പൊങ്ങുന്ന അവസ്ഥയെയാണിത്. കാലുകള്‍, തുടയിടുക്ക്, കൈയുടെ മടക്കുകള്‍ എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ഇത് സാധാരണ കാണപ്പെടുക. മിക്ക സര്‍വേകളും സൂചിപ്പിക്കുന്നത് ഈ "തക്കാളി" ലക്ഷണങ്ങള്‍ തീരെ പ്രായം കുറഞ്ഞ കുട്ടികളില്‍ ആണ് കൂടുതലുമെന്നാണ്. ഈ പ്രശ്നമുള്ളവരില്‍ ചര്‍മ്മത്തിനടിയിലെ രക്തക്കുഴലുകള്‍ക്ക് ചുറ്റും നീര്‍ക്കെട്ടുണ്ടാവുന്നതായി തൊലിയുടെ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മനസ്സിലാക്കാനായിട്ടുണ്ട്. ഏതാണ്ട് 2-3% വരുന്ന രോഗികളിലാണ് ഇത് കണ്ടിട്ടുള്ളതെങ്കിലും ഇങ്ങനെ പൊട്ടിയൊലിക്കുന്ന കുമിളകളില്‍ മറ്റു അണുക്കള്‍ മൂലമുള്ള ഇന്‍ഫക്ഷനുള്ള സാധ്യതയുമുള്ളതിനാല്‍ ഇത് സൂക്ഷിക്കേണ്ട ഒരവസ്ഥയാണ്. അടുത്തിടെ കിട്ടിയ വിവരം വച്ച് കോക്സാക്കി വൈറസ് ബാധ മൂലം വായ്ക്കുള്ളിലും കൈകാലുകളിലും കുമിളകളും പുണ്ണും വരുന്ന ഹാന്‍ഡ്-ഫുട്-മൌത് രോഗ ("Hand Foot and Mouth Disease") ത്തെയും തക്കാളിപ്പനി എന്ന് വിളിക്കുന്നുണ്ട് നാട്ടില്‍ . ഇത് ചികുന്‍‌ഗുന്യയുമായി ബന്ധമുള്ള വൈറല്‍ രോഗമല്ല. കുട്ടികളെയാണ് അധികവും ഇതു ബാധിക്കുന്നത്.

രോഗപ്രതിരോധം

കൊതുകുജന്യരോഗങ്ങളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ മുഖ്യമായും മൂന്നായിട്ടാണ് തരം തിരിക്കാറ്. കൊതുകു മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ളയിടങ്ങളെ ശുദ്ധീകരിക്കുക, കൊതുകുകളെ നേരിട്ട് നശിപ്പിക്കുക, കൊതുകുകടിയില്‍ നിന്ന് സ്വയം സംരക്ഷിക്കുക എന്നിവയാണവ.
മുകളില്‍ സൂചിപ്പിച്ചതുപോലെ കൊതുകു മുട്ടയിടാന്‍ സാധ്യതയുള്ള ഇടങ്ങളെ ശുചിയാക്കി വയ്ക്കുക എന്നതാണ് കൊതുകിനെതിരേയുള്ള പോരാട്ടത്തില്‍ ഏറ്റവും ഫലപ്രദമായ നടപടി. റോഡുവക്കത്ത് വലിച്ചെറിയുന്ന കരിക്കിന്‍ തൊണ്ടും കോളക്കുപ്പിയും ചട്ടിയും കലവും പാഴ് ടയറും മുതല്‍ വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളുടെ ചുവടും കട്ടിലിന്റെ ഈര്‍പ്പമാര്‍ന്ന അടിഭാഗവും തുണികള്‍ തൂക്കിയിരിക്കുന്ന ഇടങ്ങളും കുളിമുറിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളവും വരെ കൊതുകിന് മുട്ടയിടാനോ പതിയിരിക്കാനോ ഉള്ള സ്ഥലങ്ങളാണ്. ടാങ്കുകള്‍, പാട്ടകള്‍, ടെറസ്സ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് കഴിവതും ഒഴിവാക്കുക, ഇനി അവശ്യമെങ്കില്‍ കൊതുകുകയറാത്തവിധം അടച്ചു വയ്ക്കുകയെങ്കിലും ചെയ്യുക. റബര്‍ ടാപ്പിംഗിനു വച്ചിരിക്കുന്ന ചിരട്ടകള്‍ ടാപ്പിംഗില്ലാത്തപ്പോള്‍ കമിഴ്ത്തിവയ്ക്കുക. ഇതെല്ലാം സര്‍ക്കാരിന്റെ ജോലിയാണെന്ന് കരുതിയിരിക്കുകയാണെങ്കില്‍ ചികുന്‍ഗുനിയയല്ല അതിലും മാരകമായ വല്ലതും വന്ന് നാടു മുഴുവന്‍ കിടപ്പായാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

കൊതുകുകടിയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ നമുക്കു ചെയ്യാവുന്ന ലളിതമായ കാര്യങ്ങള്‍ കൊതുകുവല ഉപയോഗിക്കുക, ക്രീമുകള്‍ ഉപയോഗിക്കുക, കൈകാലുകള്‍ സംരക്ഷിക്കുന്ന തരത്തില്‍ വസ്ത്രമണിയുക എന്നിവയാണ്. കൊതുകുകളടക്കം മനുഷ്യരക്തമൂറ്റുന്ന മിക്ക ഷഡ്പദങ്ങളുടെയും സ്വഭാവവും ജൈവചക്രവും മനുഷ്യന്റെ ദിനചര്യകള്‍ക്കനുസരിച്ച് പരിണമിച്ചിട്ടുണ്ട്. ഏയീഡിസ് കൊതുകുകള്‍ പകല്‍നേരം രക്തമൂറ്റുന്നവയായതിനാല്‍ കൊതുകുവല ഉപയോഗം കാര്യമായ സംരക്ഷണം തരുന്നില്ല. എന്നാല്‍ ചികുന്‍ഗുനിയ ലക്ഷണങ്ങളുള്ള രോഗി കൊതുകുവല ഉപയോഗിക്കുന്നതുവഴി മറ്റുള്ളവരിലേയ്ക്ക് ഇത് കൊതുകുവഴി പടരാതെ നോക്കാം. കൊതുകുകള്‍ കൂട്ടമായി മനുഷ്യരെ ആക്രമിക്കുന്ന സന്ധ്യാസമയങ്ങളില്‍ വാതിലുകളും ജനാലകളും അടച്ചിടുക. പ്രാണികള്‍ കടക്കാതിരിക്കാന്‍ പാകത്തിന് ഇഴയടുപ്പമുള്ള നേര്‍ത്ത വലയുപയോഗിച്ച് ജനാലകളും കിളിവാതിലുകളും സംരക്ഷിക്കുന്നത് പല രാജ്യങ്ങളിലും വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയാണ്. അടുക്കളയിലെ ചിമ്മിനിയും കക്കൂസിന്റെ വെന്റിലേറ്ററുമൊക്കെ ഇങ്ങനെ കൊതുകുകടക്കാന്‍ സാധ്യതയുള്ളിടങ്ങളാണെന്നോര്‍ക്കുക. കൈകളും കാലുകളും മറയ്ക്കുന്ന കുപ്പായം കൊതുകുകടിയില്‍ നിന്ന് സംരക്ഷണം തരുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. പ്രത്യേകിച്ച് കൊതുകുകള്‍ കൈകളും കാലുകളും പോലെ എളുപ്പം രക്തം കിട്ടുന്നയിടങ്ങളിലാണ് കൂടുതലും കുത്തുന്നത് എന്നിരിക്കെ. പക്ഷേ, കൈലിമുണ്ടും തോര്‍ത്തും "ഔദ്യോഗിക വേഷമായ" നമ്മുടെ നാട്ടില്‍ എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്നറിയില്ല.

സര്‍വസാധാരണയായി നമ്മള്‍ ഉപയോഗിച്ചുപോരുന്ന കൊതുകുനിവാരണിയാണ് കൊതുകുതിരികള്‍. അലെത്രിനുകള്‍ ഉള്‍പ്പെടുന്ന പൈറത്രോയിഡുകള്‍ അടങ്ങിയ ഇവയുടെ ബാഷ്പരൂപം കൊതുകുകളുടെ നാഡീവ്യവസ്ഥയെ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. സാമ്പ്രാണി പോലെ കത്തിക്കുന്ന കൊതുകുതിരികളിലെ (coils) ഹാനികരമായ രാസവസ്തുക്കള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാന്‍സര്‍കാരിയാകാമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം ഗുഡ്നൈറ്റ്, ഓള്‍ ഔട്ട് ആദിയായ ഇലക്ട്രിക് തിരികള്‍ (mats) കാന്‍സര്‍കാരികളൊന്നുമാവുന്നില്ലെങ്കിലും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഒന്നുമില്ലാത്തതിലും ഭേദമാണ് കൊതുകു തിരികള്‍. പക്ഷേ ഇതിലും ഒരു പ്രശ്നമുള്ളത് കിടക്കാന്‍ നേരം തിരി കത്തിച്ചുവയ്ക്കുന്നതുകൊണ്ട് പകല് കുത്തുന്ന കൊതുകുകളെ ഓടിക്കാനാവില്ല എന്നതാണ്. മറ്റൊരു വളരെ ഫലപ്രദമായ സംരക്ഷണോപാധിയാണ് കൊതുകുകളെ അകറ്റുന്ന ക്രീമുകള്‍ . DEET (N,N-diethyl meta toluamide എന്ന് ശാസ്ത്രനാമം) എന്ന രാസവസ്തു ചേര്‍ന്ന ക്രീമാണ് കൊതുകുകടി ഒഴിവാക്കാന്‍ ഇന്ന് സര്‍വസാധാരണയായി ഉപയോഗിക്കാറ്.മനുഷ്യചര്‍മ്മത്തിന്റെ സാന്നിധ്യം കൊതുകു മനസിലാക്കുന്നത് അതില്‍ നിന്നും ഉത്സര്‍ജ്ജിക്കപ്പെടുന്ന വിയര്‍പ്പും ഗന്ധവും വച്ചാണ്. ഈ ഗന്ധത്തിനെയാണ് DEETയും Bayrepel-ഉം പോലുള്ള ക്രീമുകള്‍ മാറ്റുന്നത്. ഇതിലൂടെ കൊതുകിനെ അകറ്റിനിര്‍ത്താമെന്നല്ലാതെ കൊല്ലാനാവില്ല. ക്രീം കഴുകിക്കളയുന്നതോടെ സംരക്ഷണം ഇല്ലാതാവുകയും ചെയ്യും. മുറിവുകള്‍ക്ക് മുകളിലും കണ്ണും ചുണ്ടും മൂക്കിനുള്‍ഭാഗവും പോലുള്ള ലോല ചര്‍മ്മമുള്ളയിടങ്ങളിലും ക്രീമുപയോഗിക്കുന്നതൊഴിവാക്കണം. വസ്ത്രം കൊണ്ട് മറയ്ക്കാത്ത ഭാഗത്താണ് ക്രീം തേയ്ക്കേണ്ടത്. അല്പം കൈത്തണ്ടയിലോ മറ്റോ പുരട്ടിനോക്കി അലര്‍ജിയില്ല എന്നുറപ്പിച്ചിട്ടേ ഇത് പൂശാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വലിയ പ്രദേശങ്ങളില്‍ കൊതുകുകളുടെ നിയന്ത്രണത്തിന് നശീകരണ രാസവസ്തുക്കള്‍ ബാഷ്പരൂപത്തില്‍ തളിക്കുക എന്നതാണ് പ്രായോഗികമായ മറ്റൊരു പ്രതിരോധം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഈ സ്പ്രേയിംഗും ഫോഗിംഗും രാത്രിയിലാണ് അധികവും നടത്തുന്നത് എന്നതിനാല്‍ പൂര്‍ണവളര്‍ച്ചയെത്തിയ കൊതുകുകളെ കൊല്ലാന്‍ ഇത് അത്ര ഫലപ്രദമല്ല. എന്നാല്‍ ലാര്‍വാ പ്രായത്തിലുള്ള കൊതുകിന്‍ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ ഇത് നല്ലതാണുതാനും (പകല്‍ സമയം ഫോഗിംഗ് വണ്‍റ്റുകള്‍ക്കും തേനീച്ചകള്‍ക്കും മറ്റ് ഷഡ്പദങ്ങള്‍ക്കുമൊക്കെ ഹാനികരമാണെന്നതു കണക്കിലെടുത്താണ് രാത്രി ഇതു ചെയ്യുന്നത്).

രോഗനിര്‍ണയം

രോഗബാധയെത്തുടര്‍ന്ന്‍ നമ്മുടെ രക്തത്തിലുയരുന്ന ചില പ്രോട്ടീനുകളുടെ അളവിനെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന എലൈസ (MAC-ELISA) ടെസ്റ്റാണ് പരിശോധനയില്‍ ലളിതവും താരതമ്യേന ചെലവുകുറഞ്ഞതും.എന്നാല്‍ ആക്രമിച്ച വൈറസ് ഏതാണെന്നറിയാന്‍ മികച്ചത് പിസിആര്‍ വിദ്യയാണ് (Reverse transcription polymerase chain reaction). ചികുന്‍ ഗുനിയ ബാധ കൃത്യമായി കണ്ടെത്താനുള്ള രക്തപരിശോധനകള്‍ ഇങ്ങനെ മൂന്നോ നാലോ എണ്ണമുണ്ടെങ്കിലും അവയെല്ലാം ചിലവേറിയവയായതിനാല്‍ ഏറിയപങ്ക് രോഗികളിലും രോഗലക്ഷണങ്ങളും രോഗത്തിന്റെ സ്വഭാവവും വച്ച് അനുമാനിക്കുകയേ ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം നിവര്‍ത്തിയുള്ളൂ. ചില സഥലങ്ങളില്‍ ചിക്കുന്‍ഗുനിയ കണ്ടെത്താനുള്ള രക്തപരിശോധനാ കിറ്റ് സര്‍ക്കാര്‍ മുഖാന്തരം എത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവ വ്യാപകമല്ല. ചിലയിടങ്ങളിലാകട്ടെ ഈ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പും നടക്കുന്നുണ്ട് ! മഹാഭൂരിപക്ഷം രോഗികളിലും ഇത് മാരകമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങളിലൂടെ രോഗനിര്‍ണയം നടത്തുന്നതില്‍ പ്രശ്നമൊന്നും വരാറില്ല. മാത്രമല്ല ഇത്രയേറെ രോഗികളില്‍ ഈ ടെസ്റ്റുകള്‍ നടത്തുക വഴിയുണ്ടാവുന്ന ധനനഷ്ടം ഭീമമായിരിക്കും. എന്നാല്‍ ചികുന്‍ ഗുനിയയ്ക്കു പുറമേ ഡെങ്കിപ്പനിയോ എലിപ്പനിയോ ചിക്കന്‍ പോസ്ക് പോലുള്ള മറ്റ് വൈറല്‍ രോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവയെ ഇതില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അപ്പോഴാണ് ലാബ് പരിശോധനകള്‍ അത്യാവശ്യമാകുക.

രോഗചികിത്സ


ചികുന്‍ഗുനിയയ്ക്ക് നിയതമായ ഒരു മരുന്നോ ചികിത്സാമുറയോ ഇല്ല. സാധാരണഗതിയില്‍ രണ്ടുമൂന്നാഴ്ചയ്ക്കപ്പുറം ചികുന്‍ഗുനിയയുടെ പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കാറില്ല എന്നതിനാല്‍ രോഗലക്ഷണങ്ങള്‍ നോക്കി അതിനാശ്വാസം പകരാനുതകുന്ന വേദന സംഹാരികളും വിശ്രമവും മാത്രമേ ചികിത്സയായി വേണ്ടൂ. ഇടവിട്ടു വരുന്ന പനിക്ക് പാരസെറ്റമോളും സന്ധിവേദനയ്ക്ക് NSAID ഗണത്തില്പ്പെട്ട ബ്രൂഫെന്‍, ഡൈക്ലോഫീനാക് തുടങ്ങിയ മരുന്നുകളും മാത്രമാണ് ഇതുവരെയുള്ള പഠനങ്ങളില്‍ ഫലപ്രദമായി കണ്ടിട്ടുള്ളത്. (ആസ്പിരിന്‍ NSAID ഗണത്തില്പ്പെട്ട ഒരു വേദനസംഹാരികൂടിയാണെങ്കിലും രക്തസ്രാവത്തിന്റെ സാധ്യതകള്‍ കൂട്ടാം എന്നതിനാല്‍ ചികുന്‍ ഗുനിയ, ഡെങ്കി ആദിയായവയില്‍ അത് അഭികാമ്യമല്ല.)

തൊലിപ്പുറത്തു വരുന്ന കുമിളകളില്‍ അണുബാധയുണ്ടായാല്‍ അതിന് ചിലപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി വരും. കണ്ണിനുള്ളിലോ വായ്ക്കുള്ളില്‍ നിന്നോ ചര്‍മ്മത്തിനു കീഴിലോ രക്തസ്രാവം കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. മുന്‍പ് പറഞ്ഞതുപോലെ തീരെ പ്രായം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കും പ്രായമേറിയവര്‍ക്കും കരള്‍, വൃക്ക, ഹൃദയം എന്നിവ സംബന്ധിച്ച മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ചികുന്‍ ഗുനിയ ബാധിച്ചാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ഒരിക്കല്‍ ചിക്-വൈറസ് ബാധയുണ്ടായവരില്‍ ആജീവനാന്ത പ്രതിരോധശേഷിയുണ്ടാകുന്നതിനാല്‍ വീണ്ടും ഈ ഇന്‍ഫക്ഷന്‍ വരാറില്ല എങ്കിലും പനിവരുന്നവര്‍ കൊതുകടിയിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൊതുകുവലയും മറ്റും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.ഈ പനി വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ജ്ജലീകരണം ഒഴിവാക്കണം, അതിന് ധാരാളം വെള്ളം കുടിക്കുക. നന്നായി വിശ്രമിക്കുക. വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ നിയന്ത്രണം പാലിക്കണം, കാരണം അമിതമായാല്‍ ഇത് ആമാശയത്തില്‍ രക്തസ്രാവമുണ്ടാക്കുകയോ വൃക്കത്തകരാറിലേക്ക് നയിക്കുകയോ ചെയ്യാം. കൂട്ടത്തില്‍ പറയട്ടെ, ഇതൊരു വൈറല്‍ രോഗമാണ്, ഇതിനു പുറമേ ഒരു ബാക്റ്റീരിയല്‍ അണുബാധ (super-infection) കൂടിയുണ്ടാവാത്തിടത്തോളം ഇതിനു ആന്റിബയോട്ടിക് ഫലപ്രദമല്ല, അതിനാല്‍ ആന്റിബയോട്ടിക് ആരെങ്കിലും കുറിച്ചു നല്‍കിയാല്‍ അതെന്തിന് എന്നന്വേഷിക്കാന്‍ രോഗിയെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.

ദീര്‍ഘകാലം നില്‍ക്കുന്ന സന്ധിവാതത്തിനു ക്ലോറോക്വിന്‍ എന്ന മരുന്ന് (മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്) ഫലപ്രദമാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നീണ്ടുനില്‍ക്കുന്ന ചികുന്‍ഗുനിയ സന്ധിവാതത്തിന് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതത്തിനു പ്രയോഗിക്കുന്ന മരുന്നുകളായ സ്റ്റീറോയ്ഡുകളും മറ്റും ഉപയോഗിച്ച് വളരെ നല്ല ഫലം കണ്ടതായി റിപ്പോട്ടുകള്‍ ഉണ്ടെങ്കിലും സ്റ്റിറോയ്ഡുകളുടെ ഉപയോഗകാര്യത്തില്‍ വൈദ്യലോകം ഇപ്പോഴും ഒരു നിലപാടെടുത്തിട്ടില്ല. കാരണം വൈറസ് മൂലമുള്ള ഒരു ഇന്‍ഫക്ഷനില്‍ സ്റ്റീറോയ്ഡ് ഉപയോഗിക്കുമ്പോള്‍ രോഗപ്രതിരോധശേഷി കുറയാനും വൈറസിന്റെ ആക്രമണം വര്‍ധിക്കാനുമിടയാകുമെന്ന ഭയമാണ്. ചികുന്‍ഗുനിയ സന്ധിവാതത്തിന്റെ കാര്യത്തില്‍ ഇതെത്രത്തോളം ശരിയാണെന്നും നമുക്ക് വ്യക്തമായറിയില്ല.

സന്ധിവാതത്തിനു ഫലപ്രദമാണെന്നവകാശപ്പെട്ട് കീഴാര്‍നെല്ലിയും കമ്മ്യൂണിസ്റ്റ് പച്ചയും മുതല്‍ ഹോമിയോ മരുന്നു വരെ നാട്ടില്‍ വ്യാപകമായി വന്‍ വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്. ഈ വ്യാജചികിത്സകളെക്കൂടി സൂക്ഷിക്കുക. ഈ "ചികിത്സ"കളൊന്നും കൃത്യമായ പഠനങ്ങളുടെ വെളിച്ചത്തില്‍ വ്യാപിക്കുന്നതല്ല എന്നുകൂടി ഓര്‍മ്മവച്ചേക്കുക.


References:

 • World Health Organisation Guidelines for Prevention and Control of Chikungunya Fever; November 2008.
 • A study on chikungunya outbreak during 2007 in Kerala, south India; M. Kannan, R. Rajendran, et al; Indian J Med Res 129, March 2009, pp 311-315.
 • A mouse model for Chikungunya: Young age and inefficient type-I interferon signaling are risk factors for severe disease; Couderc T, Chrétien F, Schilte C, et al; PLoS Pathogens 4 e29; 2008.
 • Post-Epidemic Chikungunya Disease on Reunion Island: Course of Rheumatic Manifestations and Associated Factors over a 15-Month Period; Daouda Sissoko, Denis Malvy et al ; PLoS Negl Trop Dis. 2009 March; 3(3): e389.

(പന്നിപ്പനിയെപ്പറ്റിയുള്ള രണ്ടാം ഭാഗം ഇവിടെ)

9 comments:

 1. എന്റെ അനിയന്‍ കമ്യുണിസ്റ്റ് പച്ച ഉപയോഗിച്ച് കുളിച്ചപ്പോള്‍ പനി ഭേദമായതായി അനുഭപ്പെട്ടിട്ടുണ്ട്.

  സദാ സമയം കൊതുകു കടി കൊള്ളുന്ന പശു ആട് തുടങ്ങിയവയിലൊന്നും ഈ വൈറസ് ബാധിക്കാത്തത് എന്ത് കൊണ്ടാണ്.

  ഒരു പാട് നന്ദി , ഈ ഉപകാരപ്രദമായ ലേഖനത്തിന്.

  ReplyDelete
 2. @ ജോക്കര്‍ ,

  "സദാ സമയം കൊതുകു കടി കൊള്ളുന്ന പശു ആട് തുടങ്ങിയവയിലൊന്നും ഈ വൈറസ് ബാധിക്കാത്തത് എന്ത് കൊണ്ടാണ്"

  മനുഷ്യനുള്‍പ്പടെയുള്ള കുരങ്ങുവര്‍ഗ്ഗത്തിലെ ജന്തുക്കളിലും എലിവര്‍ഗ്ഗത്തിലെ ഗിനിപ്പന്നിക്കുഞ്ഞുങ്ങള്‍, വെള്ളെലിക്കുഞ്ഞുങ്ങള്‍‌‌‌, മുയല്കുഞ്ഞുങ്ങള്‍ തുടങ്ങിയവയിലും ചിക്കുന്‍ഗുനിയ വൈറസ് പെരുകുകയും രോഗമുണ്ടാക്കുകയും ചെയ്യുമെങ്കിലും ചില മൃഗങ്ങളില്‍ വൈറസ് രോഗമുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നു.

  ലാബുകളില്‍ മുതിര്‍ന്ന മുയലുകളിലും മൂത്ത എലികളിലും കോഴികളിലും ഒക്കെ ഈ വൈറസ് കുത്തിവച്ച് രോഗമുണ്ടാകുന്നതിനെ പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ടത് ഇവകളില്‍ വൈറസ് പെരുകുന്നുണ്ടെങ്കിലും വൈറസിന്റെ പ്രോട്ടീനുകള്‍ക്കെതിരേ ജന്തുരക്തത്തിലെ പ്രതിരോധ കണികകളായ ആന്റിബോഡികള്‍ ഉയരുന്നതോടെ വൈറല്‍ പ്രവര്‍ത്തനം നിര്‍‌വീര്യമാകുന്നാതാണ്.

  വൈറസിന്റെ ഘടക പ്രോട്ടീനുകള്‍ക്കെതിരേ ആട്-മാടുകളിലും കുതിരകളിലും ഇതുപോലെ പ്രകൃത്യാതന്നെ ആന്റിബോഡികള്‍ ഉള്ളതായി കണ്ടിട്ടുണ്ട്. കുളമ്പുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ഒന്നും തന്നെ ഈ വൈറസ് “വാഴുന്നില്ല” എന്നാണ് ഈ കണ്ടെത്തലുകളില്‍ നിന്നും ചുരുക്കത്തില്‍ ഗ്രഹിക്കാവുന്ന കാര്യം ;)

  ReplyDelete
 3. വളരെ ഉപയോഗപ്രദവും വിക്ഞാനപ്രദവുമായ പോസ്റ്റ്..!!
  ഇതുപോലുള്ള അറിവുപകരലുമായി വീണ്ടും പ്രതീക്ഷിക്കുന്നു..

  ഭാവുകങള്‍!!!

  ReplyDelete
 4. രോഗത്തെ പറ്റി വളരെ ആധികാരികമായി എഴുതിയത് കൊണ്ട് താങ്കള്‍ ഒരു ഡോക്ടര്‍ ആണെന്ന് കരുതുന്നു ...
  പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ
  എന്റെ ഫാദര്‍ നു കുറച്ചു നാളായി ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു ... പിന്നെ തീരെ വയ്യാതായി
  ലേക്ക്‌ ഷോര്‍ ഹോസ്പിറ്റലില്‍ കാണിച്ചു , അവര്‍ മൂക്കില്‍ കൂടി ട്യൂബ് ഇട്ടു വിട്ടു , പിന്നെ അത് കന്റിനൌസ് ആയി ഇട്ടാല്‍ ഇന്‍ഫെക്ഷന്‍ ആവും ന്നു പറഞ്ഞു രണ്ട്‌ മാസം കഴിഞ്ഞു ചെന്നപ്പോള്‍ വയര്‍ തുളച്ച് ട്യൂബ് ഇട്ടു , ( ലിക്വിഡ് ഫുഡ്‌ കൊടുക്കാന്‍ )
  മ്യുടോ നുരോസിസ്‌ എന്നോ മറ്റോ ആണ് അസുഖത്തിന്റെ പേര്‍ പറഞ്ഞത് ...
  ഇനി ഡാഡിക്ക് വായില്‍ കൂടെ ആഹാരം കഴിക്കാന്‍ പറ്റുമോ ?
  ഈ അസുഖത്തെ പറ്റി എന്തേലും ഇന്‍ഫര്‍മേഷന്‍ തരാന്‍ ദയവുണ്ടാകുമോ ?

  ReplyDelete
 5. @ ചേച്ചിപ്പെണ്ണ്,

  കമന്റ് കാണാന്‍ വളരെ വൈകി. ക്ഷമിക്കുക.

  രോഗിയുടെ കോണ്‍ഫിഡന്‍ഷ്യാലിറ്റി / പ്രൈവസി ഇഷ്യൂസ് - നിങ്ങള്‍ക്കും എനിക്കും - ബാധകമായി ഉള്ളതുകൊണ്ട് ബ്ലോഗിലൂടെ വൈദ്യോപദേശം കൊടുക്കുന്നത് എത്തിക്കലല്ല. ആരുടെയും വ്യക്തിപരമായ രോഗങ്ങള്‍ ബ്ലോഗില്‍ എന്റര്‍ടെയിന്‍ ചെയ്യാറുമില്ല. അതിനാല്‍ താങ്കള്‍ക്ക് വേണ്ടുന്ന വിവരങ്ങള്‍ക്കായി എനിക്ക് ഈ ബ്ലോഗിലോ എന്റെ ബ്ലോഗര്‍ പ്രൊഫൈലിലോ ഉള്ള ഇ-മെയില്‍ വിലാസത്തില്‍ മെയില്‍ അയയ്ക്കുവാന്‍ താല്പര്യപ്പെടുന്നു. രോഗിയുടെ പേരടക്കം വ്യക്തിപരമായി ഐഡന്റിഫൈ ചെയ്യാന്‍ സഹായകമാകുന്ന എല്ലാ വിവരങ്ങളും ഒഴിവാക്കി മാത്രം മെയില്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

  അഭിവാദ്യങ്ങള്‍ .

  ReplyDelete
 6. ഹി.. സൂരജ്.. കുറെക്കാലമായി ബ്ലോഗ് നോക്കാ‍ൻ നേരം കിട്ടാറില്ല.ചിക്കുൻ ഗുനിയാ
  ലേഖനം വായിച്ചപ്പോൾ പ്രസക്തമാണെന്നെനിക്കു തോന്നിയ ഒരു കാര്യം
  ഓർമ്മ വന്നു. 3 വർഷം മുൻപ്,തെക്കൻകേരളത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ
  കുറെ സ്പേഷ്യൽ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടി വന്നിരുന്നു. വൈറസിനു ഡോക്ടർ-
  രോഗി വ്യത്യാസം മനസ്സിലാകാത്തതിനാലാകണം, കൃത്യമായി ഒരാഴ്ചക്കകം അടിച്ചു കിടത്തി
  ക്കളഞ്ഞു. പറയാൻ വന്ന കാര്യം ഇതാണ്- വളരെക്കാലമായി കൊണ്ടുനടന്ന
  ഒരു വൈറൽ വാർട്ട് ഇടത്തെ പാദത്തിലുണ്ടായിരുന്നു. സംഗതി ഇതോടെ മാറിപ്പോയി.
  അങ്ങിനെ ഒരുനല്ല കാര്യം തന്നിട്ടാണവൻ ഗുഡ്ബൈ പറഞ്ഞു പോയത്.
  ഋഷി

  ReplyDelete
 7. വളരെ വിജ്ഞേയമായ ലേഖനം. ഉപകാരപ്രദം.
  നന്ദി..

  ReplyDelete