മണ്ണെണ്ണയുടെയും വാറ്റു ചാരായത്തിന്റെയും രൂക്ഷഗന്ധം കാരണം നെഴ്സുമാര്‍ മൂക്കുപൊത്തി ചുറ്റും നില്ക്കുകയാണ്.അയാള്‍ നാലാമതും ഛര്‍ദ്ദിച്ചു. ഇത്തവണ ഡ്രിപ്പിടാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന ലില്ലി സിസ്റ്ററുടെ വെള്ളക്കോട്ടിലേക്ക്.
ജപ്തി ഭീഷണിയാണ് ആത്മഹത്യാശ്രമത്തിനു പ്രേരണയെന്ന് കാഷ്വാല്‍റ്റി എയിഡ് പോസ്റ്റിലെ കോണ്‍സ്റ്റബിള്‍ ശങ്കരേട്ടന്‍ പറഞ്ഞു. റബ്ബര്‍ വെട്ട് തൊഴിലാളിയാണ് പേഷ്യന്റ്. ഭാര്യ കരഞ്ഞു തളര്‍ന്നു പുറത്ത് മതിലിനു ചേര്‍ന്ന് ഇരിപ്പാണ്. അവരുടെ നെഞ്ചു തടവിക്കൊണ്ട് ഒരു വല്യമൂമ്മ കൊന്തചൊല്ലുന്നു. ജനം മുഴുവന്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആകാംക്ഷയോടെ....ഞങ്ങളെ നോക്കി നില്‍ക്കുന്നു.
“രാമകൃഷ്ണാ, ബഷീറേ.... വാ വാ ... ഈ തലയൊന്നു ശരിക്ക് പിടിച്ചോ. ലവാജ് വേണ്ടി വരും. ഫുറഡാന്‍ വിഷം തന്നെ.” ആന്റണി സാര്‍ കട്ടിലില്‍ കിടന്നു പുളയുന്ന ആ മനുഷ്യന്റെ താടി അനങ്ങാതെ പിടിച്ചു കൊണ്ട് കണ്ണിലേക്ക് ടോര്‍ച്ചടിച്ചുകൊണ്ട് പറഞ്ഞു. ഫോര്‍ത്ത് ഇയറുകാരിലൊരാളോട് ജിന്‍സി സിസ്റ്ററെ ഇവിടം വരെ വരാനേല്‍പ്പിച്ചിട്ട് മുക്കാലിഞ്ച് വണ്ണമുള്ള പച്ച നേസോ ഗ്യാസ്ട്രിക് റബര്‍ ട്യൂബെടുത്ത് വഴുവഴുക്കന്‍ ജെല്ലി തേച്ച് അയാളുടെ തൊണ്ടയിലേക്കു സ്പീഡില്‍ തള്ളിയിറക്കി.
“എനിക്ക് ചാകണം..മ് മ് മ് .....” അയാളുടെ പ്രതിഷേധം റബര്‍ ട്യൂബിന്റെ തള്ളിക്കയറ്റത്തില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു.
“ഡേയ് ഒന്ന് ഓസ്കള്‍ട്ടേറ്റ് ചെയ്തേ” എന്നോട് സര്‍.
ഞാന്‍ സ്റ്റെതസ്കോപ്പെടുത്ത് അയാളുടെ വയറ്റില്‍ വച്ചു. ട്യൂബ് ശ്വാസക്കുഴലിലേക്കാണോ അന്നനാളത്തിലെക്കു തന്നെയാണോ ഇറങ്ങിയത് എന്നുറപ്പുവരുത്താന്‍. ആന്റണി സര്‍ ട്യൂബിന്റെ ബള്‍ബ് പമ്പ് ചെയ്തു. അയാളുടെ വയറ്റില്‍ കാറ്റടിക്കുന്ന ഗുളു ഗുളു ശബദം സ്റ്റെത്തിലൂടെ കേട്ട് തൃപ്തിയോടെ ഞാന്‍ പറഞ്ഞു “ സാറെ..ഓക്കെ!”
വലിയൊരു വച്ചൂറ്റി (funnel) എടുത്ത് അയാളുടെ ആമാശയത്തിലേക്കിറക്കിയ റബര്‍ ട്യൂബിന്റെ വായ് വട്ടത്തില്‍ പിടിപ്പിച്ചിട്ട് മഗ്ഗില്‍ വെള്ളമെടുത്ത് ഞാന്‍ കോരിയൊഴിച്ചു.നാലാമത്തെ മഗ് കഴിഞ്ഞപ്പോള്‍ ആന്റണി സര്‍ suction തുടങ്ങി.
ബീഫ് കഷ്ണങ്ങള്‍...പാതി ദഹിച്ച മരച്ചീനി തുണ്ടുകള്‍...കുറച്ചു വറ്റ് ചോറ്...ചെറു നീല തരികളായി ഫുറഡാന്‍ എന്ന രാസവളവും... അയാളുടെ വയറ്റില്‍ നിന്നും തലേ ദിവസം രാത്രി മുതലുള്ളതൊക്കെ പുറത്തുവരികയാണ് - കലങ്ങിയ നീല നിറത്തില്‍, ചാരായ ഗന്ധവും രാസവള വിഷത്തിന്റെ മണ്ണെണ്ണ മണവും കലര്‍ന്ന്.
“ബീ.പി ക്രാഷ് ചെയ്യുന്നു...” റഹ്മാന്‍ മാനോമീറ്റര്‍ നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് ഡ്രിപ്പ് സ്റ്റാന്റില്‍ നിന്നും തുള്ളിത്തുള്ളിയായി അയാളുടെ സിരകളിലേക്ക് വീണു നിറഞ്ഞിരുന്ന ഉപ്പുവെള്ളത്തിന്റെ പ്ലാസ്റ്റിക് ബോട്ടിലെടുത്ത് ഞെക്കിപ്പിഴിഞ്ഞു. ഉപ്പുവെള്ളം അതിവേഗം കയറി അയാളുടെ സിരകള്‍ തിണര്‍ത്തു.
അരമണിക്കൂറിനുള്ളില്‍ വയറു കഴുകല്‍ മഹാമഹം പൂര്‍ത്തിയായി. റഹ്മാന്‍ കുത്തിവച്ച അഞ്ചാമത്തെ ഡോസ് അട്രോപ്പിന്‍ (atropine) തളര്‍ന്നുകൊണ്ടിരുന്ന അയാളുടെ ഹൃദയത്തെ കുലുക്കിയുണര്‍ത്തി. കണ്ണിലേക്ക് അടിച്ച പെന്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കൃഷ്ണമണിയുടെ ‘ക്യാമറാ ഷട്ടര്‍’ വികസിക്കുന്നതു കാണായി. അയാളുടെ പതഞ്ഞുകൊണ്ടിരുന്ന വായ ഉണങ്ങുന്നു. ശ്വാസോച്ഛ്വാസം താളം വീണ്ടെടുക്കുന്നു... ജീവിതത്തിലേക്ക് തിരികെ വരുകയാണ് ഒരു മനുഷ്യന്‍.
ഞങ്ങള്‍ക്ക് സന്തോഷം.
അറ്റന്‍ഡര്‍ രമണിച്ചേച്ചി ഫിനൈലും ബക്കറ്റും തുണിയുമായി ഓടിയെത്തി; കാഷ്വാല്‍റ്റിത്തറയിലെ ഛര്‍ദ്ദിലും വിയര്‍പ്പും വിസര്‍ജ്യങ്ങളും തുടച്ചെടുക്കാന്‍.
ചായയും പഴമ്പൊരിയും കിട്ടുന്ന ഹോസ്പിറ്റലിലെ കഫേറ്റീരിയയിലേക്ക് ഞങ്ങള്‍ നടക്കുമ്പോള്‍ ജിന്‍സി സിസ്റ്റര്‍ ഒര്‍മ്മിപ്പിച്ചു “കേസ് ഷീറ്റില്‍ ഓഡര്‍ എഴുതീട്ടില്ലേ..”
“ഇപ്പം വരാം സിസ്റ്ററേ...ഉച്ചയൂണോ മിസ്സായി...ഒരു ചായയെങ്കിലും വയറ്റിലോട്ട് ചെന്നില്ലെങ്കീ...” റഹ്മാന്‍ പോക്കറ്റില്‍ നിന്നും നാണയത്തുട്ടുകളെടുത്ത് കിലുക്കിക്കൊണ്ട് പറഞ്ഞു . പുറത്ത് പേഷ്യന്റിന്റെ ഭാര്യയേയും അമ്മയേയും ആന്റണി സാര്‍ എന്തോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
* * * *
* തലക്കെട്ടിലെ പ്രയോഗത്തിനു കടപ്പാട് : കുഴൂര്‍ വിത്സന്‍