
എണ്ട്രന്‍സ് പരീക്ഷയൊക്കെ കഴിഞ്ഞ് വിശാലമായി കമ്പ്യൂട്ടറിനു മുന്നില്‍ വന്നിരുന്ന് ഹെപ്പറ്റൈറ്റിസ്-ബി യെക്കുറിച്ച് ഒരു കൌതുകകരമായ കേസ് കണ്ടത് എഴുതാം എന്ന് കരുതിയപ്പോഴാണ് ദേ കിടക്കുന്നു, ഒരു സുഹൃത്തിന്റെ വക ക്ഷണം - ഈ പോസ്റ്റ് ഒന്നു കാണാന്‍ !
തള്ളേ...ഇദെന്തര് എന്ന് കണ്ണുമിഴിക്കുമ്പോള്‍ അതാ മൂര്‍ത്തി ജീയുടെ വക ഒരു കൊള്ളിച്ച കമന്റും ലതിന്റെ മൂട്ടില് ! ഹ ഹ ഹ ! ശരി...എന്നാപ്പിന്നെ ഇതു തന്നെയാകട്ട് ഇന്നത്തെ പോസ്റ്റുവിഷയം എന്ന് ഈയുള്ളവനും അങ്ങാട്ട് നിരീച്ച് !
'ഒറ്റ മൂലി' എന്ന പ്രയോഗം തന്നെ ഒരു തരം മൂഢവിശ്വാസത്തില്‍നിന്നും ഉണ്ടാവുന്നതാണ് എന്നു പറഞ്ഞാല്‍ ആരും കെറുവിക്കരുത്. 'ഒറ്റ' മരുന്നുകൊണ്ട് രോഗത്തെ - അതും മറ്റു രീതികളിലൊന്നും മാറത്ത രോഗത്തെ - മാറ്റുന്ന സങ്കേതത്തിനാണല്ലൊ ഒറ്റ-മൂലി എന്നു നാം വിവക്ഷിക്കുന്നത്. രോഗം എങ്ങനെയുണ്ടാകുന്നു, അല്ലെങ്കില്‍ ശരീരത്തില്‍ രോഗമുണ്ടാക്കുന്ന മാറ്റങ്ങളെന്ത് എന്നൊന്നും സൂക്ഷ്മമായറിയാന്‍ മെനക്കെടാതെയുള്ള ഒരു തരം ഇന്‍സ്റ്റന്റ് രോഗശാന്തിയാണ് 'ഒറ്റമൂലി' എന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെക്കാലത്ത് എന്തു പാഷാണം വിറ്റു പോകാനും പുട്ടിനു പീരയെന്ന മട്ടില്‍ തിരുകുന്ന 'ശാസ്ത്രീയ /പാരമ്പര്യ ' അവകാശവാദങ്ങള്‍ കൂടിയാകുമ്പോള്‍ സംഗതി പെട്ടെന്ന് പ്രചരിക്കുകയും ചെയ്യും. എയിഡ്സിന് ഇമ്മ്യുണോക്യുവര്‍, ഡയബറ്റീസിനു ഡയാക്യുവര്‍, കരള്‍ വീക്കത്തിന് കാമിലാരി, ലിംഗോദ്ധാരണത്തിന്നു മുസ്ലി പവര്‍, ഇതിനൊക്കെപ്പുറമേ അലോപ്പതിക്കമ്പനികള്‍ വഴി പരസ്യം കാണിച്ചും ഡോക്ടര്‍ക്കു കമ്മീഷന്‍ നല്‍കിയും നാട്ടുകാരെ തീറ്റുന്ന വൈറ്റമിന്‍ ഗുളികകള്‍ ഡസന്‍ കണക്കിനു വേറെയും. പന്ത്രണ്ടു വര്‍ഷത്തോളം ജന്തു/സസ്യ ശാസ്ത്രം പഠിച്ചിട്ടും സ്വന്തം ശരീരത്തില്‍ കുരുമുളകെങ്ങനെ ദഹിക്കുന്നു, ഉരുളക്കിഴങ്ങെങ്ങനെ ദഹിക്കുന്നു എന്ന്പോലും അറിയാത്ത/അറിയാന്‍ മെനക്കെടാത്ത ബിരുദ-ബിരുദാനന്തരധാരികളുള്ള ഒരു നാട്ടില്‍ എന്ത് അമേദ്യവും വിറ്റു പോകും; പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും...എങ്കിലും ഇതൊക്കെ കാണുമ്പോള്‍ പിന്നേം ചൊറിയും...അതു കൊണ്ടുമാത്രം ഈ പോസ്റ്റ്. സദയം ക്ഷമിക്കുക!
സുമേഷ് ജി യുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ 2005ലോ മറ്റോ അയച്ചുകിട്ടിയ ഒരു ഈ-മെയില്‍ ലിങ്കാണ് ഓര്‍മ്മവന്നത്. അതിവിടെ. പിന്നെ ദാ ഇത് ഈയടുത്ത് കിട്ടിയത്. ഈ കൊടുത്തിട്ടുള്ള ലിങ്കുകളല്ല സുമേഷ് ജിയുടെ പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍ 'ഒറ്റമൂലി' യുടെ ഉറവിടം എന്ന് കരുതട്ടെ ? സുമേഷ് ജി നേരിട്ട് ഇടപെട്ട സംഭവമാണ്, അഥവാ നേരിട്ട് കണ്ടു ബോധ്യപ്പെട്ട സംഗതിയാണ് ആ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നത് എങ്കില്‍ ഒന്നേ പറയാനുള്ളൂ : പറ്റുമെങ്കില്‍ ആ രോഗിയെ ചികിത്സിച്ചതിന്റെ ഡീറ്റെയില്‍ഡ് കടലാസുകള്‍ ഒന്നയച്ചുതരിക. (അഡ്രസ്സ് ചോദിച്ചാല്‍ തരാം). അത്ര ഗ്യാരണ്ടിയുള്ള ചികിത്സാമുറയാണെങ്കില്‍ ഒന്നു പരീക്ഷിക്കണമല്ലോ. വല്ല പേറ്റന്റും ഒപ്പിക്കാനായാലോ. നാളെയിനി സായിപ്പ് ഇതടിച്ചെടുത്തുകഴിയുമ്പോള്‍ താളിയോലയിലെ പുരാണവും വിളമ്പി നടക്കേണ്ട ഗതിവരരുതല്ലോ!
ഇനി കാര്യത്തിലേക്ക് വരാം
രക്തത്തിലെ പല കോശങ്ങളില്‍ ഒന്നാണ് പ്ലേറ്റ്ലെറ്റുകള്‍. രക്തത്തില്‍ത്തന്നെയടങ്ങിയിട്ടുള്ള, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന അനവധി വസ്തുക്കളുടെ 'ഓര്‍ക്കെസ്ട്ര'യുടെ പ്രധാന നിയന്താവാണ് പ്ലേറ്റ്ലെറ്റുകള്‍.
എങ്ങനെയാണീ ഓര്‍ക്കെസ്ട്ര പ്രവര്‍ത്തിക്കുന്നത് ? പ്രകൃതിയുടെ മഹാല്‍ഭുതങ്ങളില്‍ ഒന്നായ ആ പ്രക്രിയയെ വളരെ ചുരുക്കി ഒന്നു പറയാം. ബോറടിച്ചാല്‍ സോറി(...പോയി വല്ല കവിതയും വായിര് ചേട്ടന്മാരേ/ചേച്ചിമാരേ..)
നമ്മുടെ രക്തമൊഴുകുന്ന കുഴലുകളെ പൈപ്പുകളായി സങ്കല്‍പ്പിക്കുക. ഈ പൈപ്പുകളുടെ ഉള്‍ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ ? നല്ല clean and smooth ആയ പ്രതലമാണ് അതിന്. ഈ പ്രതലം ഇങ്ങനെ വൃത്തിയും മിനുസവുമുള്ളതായിരിക്കുന്ന കാലത്തോളം ധമനിയിലൂടെ രക്തവും, അതിലെ വിവിധ കോശങ്ങളും കണികകളും ഒക്കെ സുഗമമായി ഒഴുകുന്നു. പ്ലേറ്റ്ലെറ്റുകളും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന അവന്റെ കൂട്ടാളികളുമൊക്കെ മിണ്ടാപ്പൂച്ചകളായി നടക്കും അപ്പോള്‍. ഇങ്ങനെയിരിക്കെ ഈ clean and smooth പ്രതലത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയാണെന്ന് വയ്ക്കുക. ഉദാഹരണത്തിന് ഹൃദയത്തിലെയൊ തലച്ചോറിലെയോ രക്തക്കുഴലിനുള്ളില്‍ അല്പം കൊളസ്ട്രോള്‍ അടിയുന്നു, അല്ലെങ്കില്‍ ശരീരത്തില്‍ മറ്റെവിടെയെങ്കിലുമുള്ള ഒരു രക്തക്കുഴലില്‍ ഒരു കൊച്ചു മുറിവുണ്ടാകുന്നു എന്ന് കരുതുക. ഇങ്ങനെ മുറിവുണ്ടായാല്‍ കുഴലിന്റെ ഉള്ളിലെ പ്രതലം പരുപരുത്തതാകുന്നു. ഉടന്‍ അവിടെ പ്ലേറ്റ്ലെറ്റുകള്‍ വന്നടിയുന്നു. രക്തക്കുഴലിലെ മുറിവില്‍ നിന്നും 'പുറത്തേക്കു തള്ളുന്ന' വോണ്‍ വില്ലിബ്രാണ്ട് * കണികയാണ് (vW Factor) ഈ പ്ലേറ്റ്ലെറ്റുകളെ ഇങ്ങനെ പ്രതലത്തില്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നത്. മുറിവില്ലെങ്കില്‍ വില്ലിബ്രാന്റ് കണിക ധമനിക്കുപുറത്ത് തലകാണിക്കില്ല, അതു കൊണ്ട് സാധാരണ അവസ്ഥകളില്‍ രക്തം ധമനിക്കുള്ളില്‍ കട്ടപിടിക്കാറുമില്ല.
ഇങ്ങനെ പറ്റിപ്പിടിക്കുന്ന പ്ലേറ്റ്ലെറ്റുകളില്‍ ചില മാറ്റങ്ങളും കാണാം. ഒന്നാമതായി മൂപ്പരു അടപോലെ പരന്ന ആകൃതിയുപേക്ഷിച്ച് ശരീരം മുഴുവന്‍ മുള്ളുകളുണ്ടെന്നു തോന്നിക്കുന്ന ഒരു കൊച്ചു 'ഫീകരനാകുന്നു' (!) തുടര്‍ന്ന് മൂപ്പര്‍ ചില ദ്രാവകങ്ങളെ കണികാരൂപത്തില്‍ വിസര്‍ജ്ജിക്കുന്നു. കാല്‍ഷ്യം, സീറട്ടോണിന്‍, അഡിനോസിന്‍ എന്നിങ്ങനെയുള്ള 'കട്ടപിടിക്കല്‍' രാസവസ്തുക്കളാണിതില്‍ പ്രധാനം. പിന്നെ ചുറ്റുവട്ടത്തുള്ള പ്ലേറ്റ്ലെറ്റുകൂട്ടുകാരെയൊക്കെ അങ്ങോട്ടു വിളിച്ചുവരുത്തി ധമനിയിലെ മുറിവടയ്ക്കാന്‍ മൂപ്പര് ത്രോമ്പോക്സേയ്ന്‍ എന്നൊരു വസ്തുവിനെക്കൂടി നിര്‍മ്മിച്ച് പുറത്തേയ്ക്കുവിടും. ഈ ത്രോമ്പോക്സേയ്ന്‍ പോയി അയല്പക്കത്തുള്ള പ്ലേറ്റ്ലെറ്റുകളെയൊക്കെ വിളിച്ചുവരുത്തി പ്രസ്തുത മുറിവില്‍ കേറിയങ്ങ് 'അട്ടിയിടും'. അതോടെ താല്‍ക്കാലികമായെങ്കിലും മുറിവടയുന്നു. ബ്ലീഡിംഗ് ക്ലീന്‍! തീര്‍ന്നൊ ? ഇല്ലില്ല ! ഇതൊരു താല്‍ക്കാലിക പ്ലഗ് മാത്രമാണ്. രക്തത്തിന്റെ നല്ലൊരു കുത്തോഴുക്കുണ്ടായാല്‍ ഈ പ്ലഗ്ഗ് തകര്‍ന്ന് ഡാം തുറന്നുവിട്ടപോലെ രക്തം ചാടും. അപ്പോള്‍ കുറേക്കൂടി കട്ടിയുള്ള ഒരു സംഗതികൊണ്ട് ഓട്ടയടച്ചാലേ ശരിയാകൂ. അതിനാണ് ഫൈബ്രിന്‍ ! ഫൈബ്രിനോജെന്‍ എന്ന കണിക ലക്ഷക്കണക്കിനായി വന്ന് ഒട്ടിച്ചേര്‍ന്ന് വലിയ വലയുടെ ഇഴകള്‍ പോലെ നിന്നാണ് ഈ രണ്ടാം പ്ലഗ് ഉണ്ടാകുന്നത്. ഇതിനും പ്ലേറ്റ്ലെറ്റ് തന്നെ വിചാരിക്കണം. പ്ലേറ്റ്ലെറ്റിന്റെ പ്രതലത്തിലേക്ക് വന്ന് അണിനിരക്കുന്ന നെഗറ്റീവ് ചാര്‍ജ്ജുള്ള (ഋണ ചാര്‍ജ്) ഫോസ്ഫൊ ലിപ്പിഡ് കണികകളാണ് ഫൈബ്രിനോജെന്‍ അടക്കമുള്ള സകല ഗുലാബികള്‍ക്കും വന്ന് ഒട്ടിപ്പിടിക്കാന്‍ വേദിയൊരുക്കുന്നത്. സാധാരണഗതിയില്‍ ഒരു മുറിവടച്ച് രക്തസ്രാവം നിര്‍ത്താന്‍ സഹായിക്കേണ്ടുന്ന ഈ പ്രക്രിയ ചെറുരക്തധമനികളില്‍ സംഭവിക്കുമ്പോള്‍ സാമാന്യം നല്ലൊരു "ബ്ലോക്ക് " തന്നെ രൂപപ്പെടുന്നു. ഈ ബ്ലോക്ക് തലച്ചോറിലെയോ ഹൃദയത്തിലെയോ താരതമ്യേന വ്യാസം കുറഞ്ഞ രക്തധമനികളിലാണെങ്കിലുള്ള കഥയൊന്നോര്‍ത്തുനോക്കു. സ്ട്രോക്ക് (പക്ഷാഘാതം/തളര്‍വാതം) അല്ലെങ്കില്‍ ഹൃദയാഘാതം എന്നിവയാവും ഫലം. കൊളസ്ട്രോള്‍, മറ്റു കൊഴുപ്പുകള്‍, കാല്‍ഷ്യം എന്നിവയൊക്കെ അടിഞ്ഞുകൂടിയ ധമനികളിലാണ് ഇത്തരം ബ്ലോക്കുകള്‍ വരുക കേട്ടോ. ശരി, പ്ലേറ്റ്ലെറ്റ് പുരാണം ഇത്രയും മതി തല്‍ക്കാലം.
ഇനി, എന്തിനാണ് ഇതൊക്കെ പറഞ്ഞ് കാടെല്ലാം തല്ലിയതെന്നല്ലേ?
മേല്‍പ്പറഞ്ഞ ഫിസിയോളജിയിലെ ഓരോ പടിയിലും കേറി 'പണിപറ്റിക്കുന്ന' അസംഖ്യം അലോപ്പതി മരുന്നുകള്‍ രോഗചികിത്സക്ക് നമ്മുറ്റെ സഹായത്തിനുണ്ട്. ഒറ്റ ഉദാഹരണം പറയാം - നമ്മുടെ ചിരപരിചിതനായ ആസ്പിരിന്‍ തന്നെ ! ത്രോമ്പോക്സേയിന്‍ ഉണ്ടാക്കുന്നതില്‍ ന്‍ഇന്നും പ്ലേറ്റ്ലെറ്റുകളെ തടയുക എന്നതാണ് ആസ്പിരിന്റെ ജന്മലക്ഷ്യം. ത്രൊമ്പോക്സേയിനെ തടഞ്ഞാല്‍ കൂടുതല്‍ പ്ലേറ്റ്ലെറ്റുകള്‍ വന്നടിഞ്ഞ് സംഗതികള്‍ സങ്കീര്‍ണ്ണമാകാതെ നോക്കാം. അതുകൊണ്ടാണ് ഏതെങ്കിലും രീതിയില്‍ ഹൃദ്രോഗ/പക്ഷാഘാത സാധ്യത വര്‍ദ്ധിച്ചിരിക്കുന്നവര്‍ക്ക് ആസ്പിരിന്‍ ചെറു ഡോസില്‍ (75 - 150 മില്ലീഗ്രാം) തുടര്‍ച്ചയായി കഴിക്കാന്‍ നല്‍കുന്നതും. പെട്ടെന്ന് നെഞ്ചുവേദന വരുകയും അതു ഹൃദയാഘാതമാണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ 325 മില്ലിഗ്രാം ആസ്പിരിന്‍ ഉടന്‍ തന്നെ കഴിക്കാന്‍ കൊടുക്കുന്നതും ഹൃദയ ധമനിയില്‍ ഈ പ്ലേറ്റ്ലെറ്റ് പ്ലഗ് രൂപപ്പെട്ട് സംഗതികള്‍ വഷളാകാതിരിക്കാനാണ്. ത്രോമ്പോക്സേയിന്‍ ഒരു വേദനാകാരി കൂടെയാണ്. ത്രൊമ്പോക്സേയിനെ തടഞ്ഞാല്‍ അതുമൂലമുണ്ട്കുന്ന വേദനയും തടയാം എന്ന സ്വാഭാവിക യുക്തിയനുസരിച്ചാണ് ചതവിനും ഉളുക്കിനും മറ്റും ആസ്പിരിന്‍ ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്നതും.ഇത്രയും പറഞ്ഞതില്‍ നിന്നു തന്നെ ആസ്പിരിന്‍ അമിതമായി ഉപയോഗിച്ചാല്‍ ദൂഷ്യങ്ങളുമുണ്ടാകും എന്നു മനസ്സിലായിക്കാണുമല്ലോ.
രക്തദാനവും പ്ലേറ്റ്ലെറ്റ് ദാനവും !
രക്തകോശങ്ങള്‍ ഉണ്ടാകുന്ന മജ്ജയില്‍ (bone marrow) മെഗാ കാര്യോസൈറ്റ് എന്നു വിളിക്കുന്ന ഭീമന്‍ കോശങ്ങളില്‍ നിന്നാണ് പ്ലേറ്റ്ലെറ്റുകള്‍ ഉണ്ടാക്കപ്പെടുന്നതു. മറ്റെല്ലാ രക്തകോശങ്ങളേയും പോലെ പ്ലേറ്റ്ലെറ്റുകളും വയസ്സാകുമ്പോള്‍ പ്ലീഹയാല്‍ (spleen) നശിപ്പിക്കപ്പെടുന്നു. സാധാരണ അവസ്ഥകളില്‍ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ ശരീരത്തില്‍ പുതുതായി ഉണ്ടായി വരാന്‍ 5 മുതല്‍ 7 ദിവസം വരെയെടുക്കും. എന്നാല്‍ അസുഖമോ രക്തസ്രാവം മൂലമോ പ്ലേറ്റ്ലെറ്റുകള്‍ ശരീരത്തില്‍ അമിതമായി നശിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്ന അവസരത്തില്‍ ശരീരത്തിന്റെ രക്തസഞ്ചയികയായ മജ്ജ ‘ഓവര്‍ ടൈം’ പണിയെടുത്ത് പ്ലേറ്റ്ലെറ്റുകളെ അധികമായി ഉല്‍പ്പാദിപ്പിക്കുന്നു. അതുകൊണ്ടുതന്നെ 40,000ത്തില്‍ താഴെക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് പോകുമ്പോഴേ നാം കരുതലോടെയിരിക്കേണ്ടതുള്ളൂ. 20,000ത്തില്‍ താഴെപ്പോയാല്‍ തൊലിക്കടിയില്‍ നിന്നോ, ആന്തരികാവയവങ്ങളില്‍ നിന്നോ (പ്രത്യേകിച്ച് മൂക്ക്, ആമാശയം, കുടല്‍ എന്നിവ) സ്വയമേവ രക്തസ്രാവം ഉണ്ടാകും. അങ്ങനെയൊരു അവസ്ഥ വരാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയ്ക്ക് 20,000 ത്തില്‍ താഴെ പ്ലേറ്റ് ലെറ്റ് കൌണ്ട് പോകുന്ന രോഗിക്ക് അലോപ്പതിയില്‍ പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ (platelet transfusion) നടത്തുന്നു. **
പല വ്യക്തികളില്‍ നിന്നായി അല്പാല്‍പ്പം രക്തം ശേഖരിച്ച് അവയില്‍ നിന്ന് പ്ലേറ്റ്ലെറ്റുകളടക്കമുള്ള കോശങ്ങളെ വേര്‍തിരിച്ച് സ്വരുക്കൂട്ടി ഉപയോഗിക്കുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ വ്യാപകമെങ്കിലും പ്ലേറ്റ്ലെറ്റ് ഏയ്ഫെറസിസ് ( Platelet Apheresis) എന്ന പുതിയ സങ്കേതം വഴി രക്തദാതാവിന്റെ പ്ലേറ്റ്ലെറ്റുകള്‍ മാത്രം വേര്‍തിരിച്ചിട്ട് ബാക്കി രക്തം ഞരമ്പിലൂടെത്തന്നെ തിരികെ നല്‍കാനും ഇന്ന് കഴിയും.
രക്തദാനം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നും കഷ്ടിച്ച് 350 മില്ലീ രക്തമേ പോകുന്നുള്ളൂ. അങ്ങനെ നഷ്ടപ്പെടുന്ന പ്ലേറ്റ്ലെറ്റുകള്‍ ഏതാണ്ട് 48 മണിക്കുറ് കഴിയുമ്പോള്‍ മജ്ജ കിണഞ്ഞു പണിയെടുത്ത് പൂര്‍വ്വസ്ഥിതിയിലെത്തിക്കും. എന്നാല്‍ 10,000 മോ 20,000 മോ ഒക്കെയായി താഴുന്ന പ്ലേറ്റ്ലെറ്റുകളെ സുരക്ഷിതമായ ഒരു നിലയിലേക്ക് (50,000 - 75,000) ഉയര്‍ത്താന്‍ ഒരല്‍പ്പം സമയം കൂടുതല്‍ വേണം. ചിക്കുന്‍ ഗുന്യ, ഡെങ്കി എന്നീ വക പനികളില്‍ ശരീരത്തിന്റെ ആ സ്വാഭാവിക പ്രവര്‍ത്തനം അല്പം മന്ദീഭവിക്കുന്നു എന്നതിനാലാണ് പ്ലേറ്റ്ലെറ്റുകളെ നാം പുറമേ നിന്നു ട്രാന്‍സ്ഫ്യൂഷന്‍ വഴിയായി നല്‍കുന്നത്. ഒന്നോ രണ്ടോ ട്രാന്‍സ്ഫ്യൂഷന്‍ മതി രോഗിയുടെ അപകടനില തരണം ചെയ്യാന്‍. അതുകഴിഞ്ഞാല്‍ ഡെങ്കിയുടെ/ചിക്കുന്‍ ഗുന്യയുടെ തീവ്രത കുറയുന്നതിനൊത്ത് രോഗിയുടെ പ്ലേറ്റ്ലെറ്റ് നില മെച്ചപ്പെടുന്നതും കാണാം. ഒപ്പം പറയട്ടെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ രക്തസ്രാവത്താലല്ല ഡെങ്കി രോഗികള്‍ മരണപ്പെടാന്‍ സാധ്യത - മറിച്ച് രക്തത്തിലെ ജലാംശം കുറഞ്ഞ് രക്ത സമ്മര്‍ദ്ദം താഴ്ന്നുണ്ടാകുന്ന ‘ഷോക്ക്’ എന്ന അവസ്ഥയിലാകുമ്പോഴാണ് . ഇതിന്റെ ചികിത്സ രക്തദാനമല്ല, ഡ്രിപ്പ് നല്‍കി ധമനികളില്‍ ജലാംശം വര്‍ധിപ്പിച്ച് ബി.പി താഴാതെ നോക്കലാണ്.
പപ്പായ ഇല ജ്യൂസാക്കി കുടിച്ചാല്‍ സുമേഷ് ജിയും മേല്‍ കൊടുത്തിട്ടുള്ള ഈ-മെയില്‍ ലിങ്കുകളിലെ വ്യക്തികളും പറയുമ്പോലെ പ്ലേറ്റ്ലെറ്റുകള്‍ അങ്ങനെയങ്ങു വര്‍ധിക്കുമെങ്കില്‍ ഒരസുഖവുമില്ലാത്ത ഒരാള്‍ ഈ ഒറ്റമൂലി ധാരാളമായി അടിച്ചാല്‍ ശരീരത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ ക്രമാതീതമായി വര്‍ധിച്ച് പ്ലേറ്റ്ലെറ്റ്-ക്യാന്‍സര്‍ പോലുള്ള (എസ്സന്‍ഷ്യല്‍ ത്രോമ്പോസൈറ്റോസിസ് ) ഒരവസ്ഥ വന്ന് ചാകണമല്ലോ ?
പശുവും ആടും മറ്റു നാല്‍ക്കാലികളുമൊക്കെ പപ്പായയില ധാരാളം തിന്നുന്നത് കണ്ടിട്ടുണ്ട്. അവറ്റകളൊക്കെ രക്തം കട്ടപിടിച്ച് ചാകണമല്ലോ ?
പപ്പായ ജ്യൂസ്/പപ്പായ ഇലയുടെ ജ്യൂസ് ഒരു മരുന്നായിട്ടാണ് സുമേഷിന്റെ പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതും രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒറ്റയടിക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് നോര്‍മലൈസു ചെയ്യാന്‍ കഴിയും വിധം potency ഉള്ള ഒരു മരുന്നായി. അങ്ങനെയാകുമ്പോള്‍ അതിന്റെ സൈഡ് ഇഫക്റ്റ് പ്രൊഫൈല്‍, ഫാര്‍മക്കോഡൈനാമിക്സ്, തെറപ്യൂട്ടിക് വിന്‍ഡോ എന്നിവയൊന്നുമറിയാതെ അതൊരു ചികിത്സാരീതിയായി ഉപയോഗിക്കുന്നതിനേക്കുറിച്ച് എനിക്കു സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവുന്നില്ല. ഇലയില്‍ നിന്നോ കായില്‍ നിന്നോ വേരില്‍നിന്നോ ഒക്കെ കിട്ടുന്നതാണെന്നു കരുതി ഒരു മരുന്ന് overdose toxicity ഉണ്ടാക്കില്ല എന്ന് കരുതാമോ ? ഉമ്മത്തിന്‍ കായ, സര്‍പ്പഗന്ധി എന്നിവയും ഈ അവസരത്തില്‍ സ്മരണീയം. (അംബി ജീയുടെ കമന്റ്റിനിട്ട മറുപടിയില്‍ നിന്നും ചേര്‍ത്തത് )
മേല്‍ വിവരിച്ച പ്ലേറ്റ്ലെറ്റ് ഫിസിയോളജിയുടെ എതു ശ്രേണിയിലാണ് പപ്പായ പ്രതിപ്രവര്‍ത്തിക്കുന്നതെന്നു അറിയാമോ? എത്ര ഡോസില്‍ കഴിച്ചാലാണ് പ്ലേറ്റ്ലെറ്റ് കൃത്യമായി നമുക്കാവശ്യമുള്ളത്ര അളവില്‍ വര്‍ധിക്കുക ? ഇങ്ങനെ വര്‍ദ്ധിക്കുന്ന പ്ലേറ്റ്ലെറ്റുകളെ മജ്ജയില്‍ നോക്കിയാല്‍ കാണാനാകുമോ ? (ദാ ഈ കമന്റില്‍ അല്പം കൂടി വിശദീകരണമുണ്ട്, ടെക്നിക്കല്‍ പോയിന്റുകളോടെ)
ഏതായാലും അശോക് കര്‍ത്താ മാഷിനു വന്ന പാപ്പിലോമാ വൈറസ് വെളിപാടു പോലൊരു സ്പാം മാത്രമാണിത് എന്നേ പറയാനാവു . ഇനി സുമേഷ് ജി യുടെ പോസ്റ്റില്‍ പറയുന്നതാണ് സംഭവം എന്നു തന്നെയിരുന്നാലും ആ പേഷ്യന്റ് പപ്പായ ജ്യൂസടിച്ചിട്ടാണ് പ്ലേറ്റ് ലെറ്റ് കൌണ്ട് കൂടിയത് എന്നതിന് വസ്തുനിഷ്ഠമായ തെളിവേ അല്ല അത്. മലേറിയ ബാധിച്ച ഒരു കൊച്ചുകുട്ടിക്കും ഇതേ ഒറ്റമൂലി പരീക്ഷിച്ചു വിജയിച്ചു എന്നു പറയുന്നുണ്ട് ആ പോസ്റ്റില്‍. (പോട്ടാധ്യാനകേന്ദ്രവും, ഏര്‍വാടിയുമൊക്കെ ഒന്നു പരീക്ഷിക്കാമായിരുന്നു. ഒരു ഡാവിന് രക്ഷപ്പെട്ടാല്‍ പിന്നെ അതും റെക്കമെന്റ് ചെയ്യാമല്ലോ! )
മാതൃഭൂമിയിലെ ഞായറാഴ്ച സപ്ലിമെന്റില്‍ സിനിമാക്കോളത്തിനു താഴെ ഇത് പോലെ ചില ഒറ്റമൂലികള്‍ കാണാം. പിന്നെ ഗൃഹലക്ഷ്മി, വനിത തുടങ്ങിയ മാസികകളിലും. മുഖം വെളുക്കാന്‍, തടികുറയ്ക്കാന്‍, മുഖക്കുരുമാറ്റാന്‍, ചൊറി കുറയ്ക്കാന്‍, പല്ലുവെളുക്കാന്‍ തുടങ്ങി പലതിനും കാണാം ഒറ്റമൂലികള്‍. പക്ഷേ ശാസ്ത്രീയതയെക്കുറിച്ചുള്ള ചോദ്യങ്ങളുയരുമെന്നു പേടിച്ചാണോ ആവോ അവരിതുവരെ എയിഡ്സിനും ക്യാന്‍സറിനും ഡെങ്കിപ്പനിക്കും ഒന്നും ഒറ്റമൂലികള്‍ ഉപദേശിച്ചുകണ്ടിട്ടില്ല. ഇനിയിപ്പോ അതും കാണേണ്ടി വര്വോ ?
പിന്‍ വിളി :
ശാസ്ത്രകാര്യങ്ങളിലെ വസ്തുനിഷ്ഠതയ്ക്കു വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത വിക്കി പീഡിയയില്‍ പോലും ഈ പപ്പായാ ജ്യുസ് ഒറ്റമൂലി തര്‍ക്കത്തിലിരിപ്പാണ്. ( ഭാഗ്യം! ഇല്ലെങ്കില്‍ ഇനി ആരെങ്കിലും പൊക്കിപ്പിടിച്ചോണ്ടുവരുന്ന അതിലെ റെഫറന്‍സിനും മറുപടിയിട്ട് കൈകുഴഞ്ഞേനെ !)
* രക്തത്തിന്റെ കട്ടപിടിക്കല്‍ പ്രക്രിയയെകുറിച്ച് പഠിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച ഫിന്‍ലന്റുകാരനായ പീഡിയാട്രീഷ്യന്‍ ഡോ: എറിക് അഡോള്‍ഫ് വോണ്‍ വില്ലിബ്രാണ്ടിന്റെ (1870 - 1949 ) ഓര്‍മ്മയ്ക്ക് ഇട്ട പേരാണ്.
* * പല അവസരത്തിലും ഈ ഒരു മാര്‍ജിന്‍ മുതലെടുത്ത് വന്‍ കിട ആശുപത്രികള്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ നിര്‍ദ്ദേശിക്കാറുണ്ട് എന്നതും ഒരു സത്യമാണ്. തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാര്‍ ആശുപത്രി 2005ലെ ഡെങ്കിപ്പനിക്കാലത്ത് പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ വഴിയുണ്ടാക്കിയ കാശുമാത്രം മതി അവരുടെ ബ്ലഡ് സെപ്പറെറ്ററുടെ മുതല്‍മുടക്ക് വസൂലാവാന്‍ !
Disclaimer
പപ്പായ സമൂലം ഒരു പാഴ് ചെടിയാണെന്നൊന്നും ഈ പോസ്റ്റിലെ വരികള്‍ക്കിടയില്‍ വായിച്ച് 'നിഗമനോല്‍പ്രേക്ഷ' നടത്തരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
ഓര്‍ക്കുക : പഴുക്കാത്ത പപ്പായയിലെ ആല്‍ക്കലോയ്ഡുകള്‍ ധാരാളമായി ഉള്ളില്‍ച്ചെന്നാല്‍ ഗര്‍ഭം കലങ്ങുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് കുരങ്ങുകളില്‍. മനുഷ്യരില്‍ മുന്‍ കാലങ്ങളില്‍ പഴുക്കാത്ത പപ്പായ ‘ഗര്‍ഭം കലക്കി’യായി ഉപയോഗിച്ചിരുന്നുവെന്ന് കാണുന്നു. അതേ കുരങ്ങുകളില്‍ പപ്പായ കുരു വലിയ അളവില്‍ കൊടുത്താല്‍ വന്ധ്യതയുണ്ടാകുന്നതായും പഠനം വന്നിട്ടുണ്ട് !