മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

9 ജനുവരി, 2010ലെ മാതൃഭൂമി തിരുവനന്തപുരം മെട്രോ "നഗരം" സപ്ലിമെന്റില്‍ ഒരു വാര്‍ത്തയുണ്ട് : ഒരു കുട്ടിക്ക് ജലദോഷപ്പനിക്കോ മറ്റോ ഡോക്ടര്‍ മെറ്റോപാര്‍ എന്നൊരു ബ്രാന്റ് മരുന്ന് (metoclopramide + paracetamol combination tabletകളിലൊന്നാണ് എന്ന് വാര്‍ത്തയില്‍ നിന്ന് ഊഹിക്കുന്നു) എഴുതിക്കൊടുത്തു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കടയില്‍ നിന്നയാള്‍ എടുത്തുകൊടുത്തത് ഡയബെട്രോള്‍ (glibenclamide + metformin combination ഗുളിക) എന്ന പ്രമേഹത്തിനുള്ള മരുന്ന് ! അഞ്ച് ഡോസോളം പ്രമേഹ മരുന്ന് ഉള്ളില്‍ ചെന്ന പയ്യന്‍ - രക്തഗ്ലൂക്കോസ് താഴ്ന്ന് തലച്ചോറ് മന്ദീഭവിച്ചിട്ടാകണം - 'കോമ' അവസ്ഥയിലായി എന്നാണ് റിപ്പോട്ട്. ഭാഗ്യവശാല്‍ ഒരുമാസത്തോളമുള്ള ചികിത്സകള്‍ക്കൊടുവില്‍ കുട്ടി ചില്ലറ മറവിപ്രശ്നങ്ങളും മറ്റുമായി രോഗമുക്തനായി വരുന്നു....


കുറിപ്പടിത്തോന്ന്യാസങ്ങള്‍

മരുന്നുകള്‍ എന്താണെന്നും അവയുടെ ബ്രാന്റ് നാമം മാത്രമല്ല, മരുന്നിന്റെ ഉള്ളടക്കം എന്താണെന്നും (generic name - പോസ്റ്റിനൊടുവിലുള്ള പദസൂചി കാണുക) ഡോസ് എത്രയാണെന്നും എത്ര മണിക്കൂര്‍ ഇടവിട്ട് കഴിക്കണമെന്നും കൃത്യമായി പ്രിന്റ് ചെയ്തോ, കുറഞ്ഞപക്ഷം എഴുതിയെങ്കിലുമോ കൊടുക്കണമെന്നാണ് ലോകത്തെവിടെയുമുള്ള നിയമം. ഇന്ത്യയിലും നിയമങ്ങള്‍ വ്യത്യസ്തമല്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗന്‍സിലിന്റെ നിര്‍ദ്ദേശമനുസരിച്ച് ഡോക്ടര്‍മാര്‍ ബ്രാന്റ് നാമം എഴുതാന്‍ പാടില്ല. മരുന്നിന്റെ content സൂചിപ്പിക്കുന്ന ജനറിക് നാമമേ എഴുതാന്‍ പാടുള്ളൂ (നമ്മുടെ പഠനാശുപത്രികളായ മെഡിക്കല്‍ കോളെജുകളില്പോലും ഇത് നടക്കുന്നില്ല. പ്രഫസറെഴുതുന്ന ബ്രാന്റ് "ശിരസ്സാവഹിക്കുക" എന്നതാണ് ഹൗസ് സര്‍ജ്ജന്റെയും പി.ജി വിദ്യാര്‍ത്ഥിയുടെയും കടമ!). ഇനി ബ്രാന്റ് എഴുതിയേ തീരൂവെങ്കില്‍ അതോടൊപ്പം മരുന്നിന്റെ ഉള്ളടക്കം എന്താണെന്ന് എഴുതണം. മരുന്നിന്റെ പേര് പ്രിന്റ് ചെയ്ത് കൊടുക്കുന്നില്ലെന്നതൊക്കെ പോട്ടെ, വൃത്തിക്ക് എഴുതുകയെങ്കിലും ആവാം. അതും ഇല്ല. ചില കൈയ്യക്ഷരങ്ങള്‍ വായിക്കാന്‍ ക്രിപ്റ്റോഗ്രാഫി വിദഗ്ധന്മാരെ കൊണ്ടുവരേണ്ടത്ര ഗതികേടാണ്‍. ഇങ്ങനെയൊക്കെയായിട്ടും ചില മെഡിക്കല്‍ സ്റ്റോറുകാര്‍ - നിത്യാഭ്യാസം മൂലമാവണം - തപ്പിപ്പിടിച്ചു വായിക്കും.

മരുന്ന് കുറിക്കുന്നതോടൊപ്പം മരുന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ശ്വഫലങ്ങളും അവ കണ്ടാല്‍ എന്ത് ചെയ്യണം എന്നും രോഗിക്ക് / കൂട്ടിരിപ്പുകാര്‍ക്ക് വിശദീകരിച്ചുകൊടുക്കണം. അത് ഡോക്ടര്‍ ചെയ്തില്ല എങ്കില്‍ മരുന്ന് എടുത്തുകൊടുക്കുന്ന ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. തനിക്ക് വിശദീകരിച്ചുനല്‍കിയിട്ടില്ലാത്ത ഒരു പാര്‍ശ്വഫലം മൂലം ദുരിതമനുഭവിക്കേണ്ടിവന്നാല്‍ അതെത്ര ചെറുതാണെങ്കിലും കേസിനു പോകാന്‍ രോഗിക്ക് ധാര്‍മികമായി അവകാശമുണ്ട്. എന്നാല്‍ രോഗിയുടെ അവകാശങ്ങള്‍ക്ക് പുല്ലിന്റെ പോലും വിലയില്ലാത്ത നമ്മുടെ നാട്ടില്‍ ന്യായമായ കേസുകളില്‍ പോലും രോഗിക്ക് നഷ്ടപരിഹാരം ഉണ്ടാകുന്നില്ല. (ഉവ്വ ! നമ്മുടെ രോഗികള്‍ മരിച്ച് മണ്ണടിഞ്ഞാലും തങ്ങള്‍ക്ക് എന്ത് രോഗമായിരുന്നു എന്ന് ഒരിക്കലും അറിയില്ല. പിന്നല്ലേ മരുന്നിന്റെ പാര്‍ശ്വഫലത്തെപ്പറ്റി ബോധവല്‍ക്കരിക്കുന്നത് ! "അയ്യോ ! രോഗിയെ രോഗവിവരം അറിയിക്കാനേ പാടില്ല, അറിയിച്ചാല്‍ ആകാശമിടിഞ്ഞുവീഴും" എന്നതാണല്ലോ നമ്മുടെ നയം.)

ഇതൊക്കെ പോകട്ടെന്ന് വയ്ക്കാം. ഒരു കാരണവശാലും വച്ച് പൊറുപ്പിക്കാന്‍ പറ്റാത്ത വേറൊരു ഇടപാടുണ്ട് : രോഗവിവരം കാണിക്കുന്ന ഓ.പി ചീട്ടും കൊടുക്കില്ല, മരുന്നിന്റെ കുറിപ്പടിയും കൊടുക്കില്ല, എന്തു മരുന്നാണ് കഴിക്കുന്നതെന്നും പറയില്ല, പകരം കുറേ ബ്രൌണ്‍ കവറുകളില് പച്ച ഗുളിക പത്തെണ്ണം, വെള്ള ഗുളിക ആറെണ്ണം, നീളമുള്ള ഗുളിക ഇരുപതെണ്ണം എന്ന കണക്കില്‍ പാക്കിംഗില്‍ നിന്നു പൊട്ടിച്ച് വെവ്വേറെയാക്കി ഇട്ടുകൊടുക്കുന്ന പരിപാടി; എന്നിട്ട് കവറിനു പുറത്ത് 1-0-1 എന്നോ 1-1-1 എന്നോ എഴുതിയിട്ട് രണ്ട് നേരം, മൂന്ന് നേരം എന്നൊക്കെ പറഞ്ഞ് രോഗിക്ക് കൊടുത്തു വിടുന്ന ഇടപാട് ! മരുന്നിന്റെ പേരുമില്ല, ബ്രാന്റുമില്ല, അതിന്റെ ഫോയില്‍ പോലും ഇല്ല; കുറേ ഗുളികകള്‍ മാത്രമായി മഞ്ചാടിക്കുരു പോലെ കവറിലിട്ട് രോഗി അവന്റെ അഴുക്കും വിയര്‍പ്പും കൊണ്ട് മുഷിഞ്ഞ മുണ്ടിന്റെ മടക്കിനുള്ളില്‍ പൊതിഞ്ഞ് കൊണ്ടു പോകേണ്ട അവസ്ഥ. ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധചെറ്റത്തരമാണിത്. ഇത് ഗ്രാമപ്രാന്തങ്ങളിലെ ക്ലിനിക്കുകളില്‍ മാത്രം നടക്കുന്ന ഇടപാടാണെന്ന് കരുതിയാല്‍ തെറ്റി. നഗരകേന്ദ്രങ്ങളിലെ പ്രശസ്തമെന്ന് കരുതപ്പെടുന്ന ആശുപത്രികളില്‍ പോലും ഈ തോന്ന്യാസം വച്ചുനടത്തുന്നുണ്ട്.


മരുന്ന് കടയില്‍ ഇരിക്കുന്ന ലാടനും മാടനും


ഫാര്‍മസിസ്റ്റില്ലാതെ മരുന്നു കടകള്‍ തോന്നിയതു പോലെ നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന നാടാണ് നമ്മുടേത്. പേരിന് രേഖകളില്‍ കാണിക്കാന്‍ ഒരു ഫാര്‍മസിസ്റ്റ് കാണും. കടയില്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നത് മരുന്നുകളുമായി യാതൊരു ബന്ധവും പരിചയവുമില്ലാത്ത ആരെങ്കിലുമായിരിക്കും. മരുന്നുകളെ വര്‍ഗ്ഗീകരിച്ച് "ഇത് ബി.പിക്കുള്ളവ", "ഇത് പ്രമേഹത്തിനുള്ളവ", "ഇത് വേദനസംഹാരികള്‍ " എന്നൊക്കെ ഷെല്ഫുകളില്‍ ലേബലടിച്ചും മരുന്നു പെട്ടിക്ക് പുറത്ത് കുറിച്ചിട്ടും ഒരു അഡ്ജസ്റ്റ്മെന്റിലാണ് നമ്മുടെ മെഡിക്കല്‍ ഷോപ്പുകള്‍ നടത്തിക്കൊണ്ടു പോകുന്നത് ! ലോകത്തിലേറ്റവും വിലപ്പെട്ടത് എന്ന് നാം കരുതുന്ന മനുഷ്യ ജീവന്‍ കൊണ്ടുള്ള കളിയിലാണ് ഇത്ര ഉദാസീനമായ ഒരു കച്ചവടം പൊടിപൊടിക്കുന്നത് എന്നോര്‍ക്കണം !

ഇങ്ങനെ കടയിലിരുന്ന് “പഴക്കം” വരുന്നവര്‍ കുറേ പ്രിസ്ക്രിപ്ഷനുകള്‍ കണ്ട് തഴമ്പിക്കുമ്പോള്‍ സ്വയം ഡോക്ടര്‍ ചമയാന്‍ തുടങ്ങുന്നതാണ് അടുത്ത ദുരന്തം. ഒരു മരുന്ന് എഴുതിക്കൊടുത്താല്‍ ആ ബ്രാന്റ് അവിടെ ഇല്ലെങ്കില്‍ അങ്ങനൊരു മരുന്നേ ലോകത്തില്‍ ഇല്ല എന്ന് രോഗിക്ക് ‘വിദഗ്ധോപദേശം’ കൊടുക്കുന്ന ടീമുകളുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കേശവദാസപുരത്ത് കിട്ടുന്ന ബ്രാന്റുകള്‍ തിരുമല കിട്ടില്ല, തിരുമല കിട്ടുന്ന ബ്രാന്റുകള്‍ സ്റ്റാച്യു ഭാഗത്ത് കിട്ടില്ല - ഓരോ ഭാഗവും മരുന്ന് റെപ്രസന്റേറ്റിവുകളും ഏജന്റുകളും അടങ്കലായി എടുത്തിരിക്കുന്ന അവസ്ഥ ! അതുകൊണ്ട് തങ്ങള്‍ സ്റ്റോക്ക് വച്ചിരിക്കുന്ന ബ്രാന്റല്ല കുറിപ്പടിയില്‍ കാണുന്നതെങ്കില്‍ പിന്നെ കടയിലിരിക്കുന്ന “വിദഗ്ധനെ”സംബന്ധിച്ചിടത്തോളം ആ മരുന്ന് ലോകത്തിലേ ഇല്ല പോലും ! (ബോദ്രിയാറിന്റെ ഹൈപ്പര്‍ റിയാലിറ്റിക്ക് ഇങ്ങനെയും വൈദ്യശാസ്ത്രത്തില്‍ ഉപയോഗങ്ങളുണ്ട് !!). ഇനി ബ്രാന്റ് എഴുതാതെ മരുന്നിന്റെ ഉള്ളടക്കം മാത്രം (ജനറിക് നാമം) എഴുതിക്കൊടുത്താലോ ? തങ്ങള്‍ക്ക് ആ മരുന്നില്‍ ഏറ്റവും കമ്മീഷന്‍ / ലാഭം കിട്ടുന്ന ബ്രാന്റെടുത്തു കൊടുക്കും. രണ്ട് ബ്രാന്റുകള്‍ തമ്മില്‍ ഏതാണ് മെച്ചം എന്ന പഠനമൊന്നും നമ്മുടെ നാട്ടില്‍ നടക്കാത്തതുകൊണ്ട് എല്ലാം ഒന്നുപോലെ സുന്ദരം !

ഇവയേക്കാള്‍ വലിയ ദുരന്തമാണ് മൂന്നാമത്തേത് : പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നെടുത്തുകൊടുക്കുന്ന പതിവ്. മൂക്കൊലിപ്പിന് ഒരു മരുന്ന് താ എന്നുമ്പറഞ്ഞ് മരുന്നുകടയില്‍ ചെല്ലുന്ന അപ്പൂപ്പന് ഏതെങ്കിലും ഡീകണ്‍ജസ്റ്റന്റ് മരുന്ന് കോമ്പിനേഷന്‍ എടുത്ത് കൊടുക്കും. ഡീകണ്‍ജസ്റ്റന്റ് മരുന്നുകള്‍ രക്തസമ്മര്‍ദ്ദം കൂട്ടുന്നവയാണെന്നും അത് ഹൃദ്രോഗമോ മസ്തിഷ്കാഘാത സാധ്യതയോ ഉള്ളവരില്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ചു വേണം എന്ന അടിസ്ഥാന ഡ്രഗ് ഇന്ററാക്ഷന്‍ പാഠമൊന്നും മുറുക്കാന്‍ കട പോലെ മെഡിക്കല്‍ സ്റ്റോറ് നടത്തുന്ന ലാടവൈദ്യന് അറിയേണ്ട കാര്യമില്ല. അപ്പൂപ്പന്‍ മൂന്നിന്റന്ന് കാഷ്വാല്‍റ്റിയില്‍ ലാന്‍ഡ് ചെയ്യുമ്പഴും ആരും ഇങ്ങനൊരു സാധ്യതയെപ്പറ്റി സ്വപ്നത്തില്‍പോലും വിചാരിക്കുകയുമില്ല. കാരണം നമ്മുടെ നാട്ടില്‍ സര്‍ക്കാരിനോ മറ്റേതെങ്കിലും പ്രഫഷനല്‍ മെഡിക്കല്‍ സംഘത്തിനോ ഏജന്‍സികള്‍ക്കൊ ഇതിനെയൊക്കെ സംബന്ധിച്ച് ഒരു പഠനക്കണക്കുമില്ല, രേഖയുമില്ല, അതിലൊന്നും ഒരു താല്പര്യവുമില്ല . മൃഗങ്ങളുടേതിനേക്കാള്‍ താഴെമാത്രം മനുഷ്യ ജീവനു വിലയുള്ള നാട്ടില്‍ ഗുളിക കഴിച്ച് ചത്താലെന്ത് പാളത്തില്‍ തലവച്ച് ചത്താലെന്ത് !


മുന്നൂറ് മരുന്നും എണ്‍പതിനായിരം ബ്രാന്റുകളും


ലോകരാജ്യങ്ങളെ പൊതുവില്‍ ബാധിക്കുന്ന രോഗ/രോഗാവസ്ഥകളില്‍ ചികിത്സയ്ക്ക് ഉപകരിക്കുന്ന അവശ്യമരുന്നുകളുടെ ഒരു വര്‍ഗ്ഗീകരിച്ച പട്ടിക ലോകാരോഗ്യസംഘടന 1970കളുടെ ഒടുക്കം മുതലിങ്ങോട്ട് രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കി ഇറക്കാറുണ്ട് . പ്രതിരോധകുത്തിവയ്പ്പുകളും സിരകളിലൂടെ കുത്തിവയ്ക്കാവുന്ന ഗ്ലൂക്കോസ്, ഉപ്പുവെള്ളം ആദിയായ ഡ്രിപ്പ് മരുന്നുകളും, മുറിവും മറ്റും അണുവിമുക്തമാക്കാനുപയോഗിക്കുന്നവയും അടക്കം ഏതാണ്ട് 350-ഓളം മരുന്നുകളേ ഈ ലിസ്റ്റിലുള്ളൂ. ഇതുകൊണ്ട് 90% ത്തോളം രോഗ/ രോഗാവസ്ഥകളെയും ചികിത്സിക്കാം. പിന്നെയും ബാക്കിയാവുന്നത് ചില ഹൈടെക് മരുന്നുകളാണ് - ഹൃദ്രോഗത്തില്‍ സ്റ്റെന്റ് ഇടുന്നതിനു മുന്നോടിയായി ഉപയോഗിക്കുന്ന എപ്റ്റിഫബറ്റൈഡ്(Eptifibatide), രക്തക്കൊഴുപ്പു കുറയ്ക്കാനുപയോഗിക്കുന്ന സ്റ്റാറ്റിനു(Statins)കളൊഴിച്ചുള്ള മരുന്നുകള്‍ , ഇമ്മ്യൂണോമോഡുലേറ്റര്‍ വിഭാഗത്തിലെ ചിലവ എന്നിങ്ങനെ.

ഈ ‘ഹൈടെക്’ മരുന്നുകളെ മാറ്റി നിര്‍ത്തിയാല്‍ ലോകാരോഗ്യസംഘടനയുടെ ഈ മാതൃകാലിസ്റ്റില്‍ വരുന്ന മുന്നൂറ്റിചില്വാനം മരുന്നുകള്‍ കൊണ്ട് ഒരു ശരാശരി ജനതയുടെ - വിശേഷിച്ച് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്റെ മഹാഭൂരിപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ ഈ ജനറിക് മരുന്നുകള്‍ക്കെല്ലാം കൂടി ഇന്ത്യാമഹാരാജ്യത്ത് ലഭ്യമായ ബ്രാന്റുകളോ ? ഏകദേശം 80,000 !!

ഒരു ഉദാഹരണത്തിന് അമിത ബി.പിക്കുള്ള Amlodipine എന്ന മരുന്നിന് മാത്രം ഇന്‍ഡ്യയില്‍ 140നടുത്ത് ബ്രാന്റുകളുണ്ട് ! വയറ്റിലെ അസിഡിറ്റി മൂലം പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും ഉണ്ടാകുന്ന അവസ്ഥയ്ക്ക് കൊടുക്കാറുള്ള Pantoprazole, Domperidone എന്നീ മരുന്നുകളുടെ ഒരു കോമ്പിനേഷനുണ്ട്. ഈ കോമ്പിനേയ്ഷനു മാത്രം ഇന്ത്യയില്‍ 200ല്‍ കൂടുതല്‍ ബ്രാന്റുകളുണ്ട്; അപ്പോള്‍ ഈ മരുന്നുകള്‍ക്ക് വെവ്വേറെയുള്ള ബ്രാന്റുകളെപ്പറ്റി പറയണ്ടല്ലോ.

ഇന്നേവരെ ഒറ്റ ഇന്ത്യന്‍ മരുന്ന് കമ്പനിയും തുടക്കം മുതല്‍ ഒടുക്കം വരെ പരിപൂര്‍ണാര്‍ത്ഥത്തില്‍ ഒരു മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിട്ടില്ല ! പിന്നെങ്ങനെയാണ് ഒരു മരുന്നിന് 100 ബ്രാന്റ് എന്ന ഈ കണ്ണുതള്ളുന്ന കണക്ക് വരുന്നത് ? ഇന്ത്യന്‍ പേറ്റന്റ് രീതിയില്‍ ഒരു മരുന്നു ഉല്‍പ്പാദിപ്പിക്കാനുള്ള രാസപ്രക്രിയക്കാണ് പേറ്റന്റ് നല്‍കുക. അതായത് ഒരേ മരുന്നു (മരുന്നു കണിക) വ്യത്യസ്ഥമായ രണ്ടു രീതിയില്‍ വ്യാവസായികമായി നിര്‍മ്മിക്കാനായാല്‍, രണ്ടു രീതിക്കും പേറ്റന്റ് ലഭിക്കും. രണ്ട് ഉല്‍പ്പാദനരീതികളും തമ്മില്‍ വളരെ ചെറിയ ഒരു വ്യത്യാസമുണ്ടായിരുന്നാല്‍ മതി എന്നതിനാല്‍ അപേക്ഷിക്കുന്ന എല്ലാ കമ്പനികള്‍ക്കും യഥേഷ്ടം പേറ്റന്റുകള്‍ ലഭിക്കുമെന്ന അവസ്ഥയുണ്ട് ഇന്ത്യയില്‍. അങ്ങനെയാണ് ഒരേ മരുന്നിന് നൂറുകണക്കിന് ബ്രാന്റുകള്‍ ഉണ്ടാവുന്നത്. ഫലത്തില്‍ എല്ലാ ബ്രാന്റിലും ഉള്ളത് ഒരേ സാധനം തന്നെയാണ്. ഒരു തരം ഫോട്ടോസ്റ്റാറ്റ് കോപ്പിയടിക്കല്‍ പ്രക്രിയയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യം.

ധാരാളം ബ്രാന്റുകളുടെ സാന്നിധ്യം ഉണ്ടാക്കുന്ന മാര്‍ക്കറ്റിലെ മത്സരം മരുന്നുകളുടെ വില പരിധിയിലേറെയാകാതെ തടുക്കുമെന്ന മുതലാളിത്ത തത്വത്തിലാണ് "സോഷ്യലിസ്റ്റ് റിപ്പബ്ലി"ക്കായ ഇന്ത്യയുടെ മരുന്ന് വ്യവസായം പരിപാലിക്കപ്പെട്ടുപോരുന്നത് ;)) സ്വന്തമായി മെനക്കെട്ട് റീസേര്‍ച്ചും മാര്‍ക്കറ്റ് സ്റ്റഡിയും വിതരണത്തെത്തുടര്‍ന്ന് സൈഡ് ഇഫക്റ്റ് പ്രൊഫൈലുണ്ടാക്കലും നടത്തുന്ന അന്താരാഷ്ട്രകമ്പനികള്‍ക്കാകട്ടെ തങ്ങളുടെ ഗവേഷണ മുതല്‍മുടക്കുകൂടി തിരിച്ചുപിടിക്കാനുള്ളതുകൊണ്ട് ഒരുപരിധിക്കുതാഴെ വില കുറയ്ക്കാനുമാവില്ല. ഇതേപ്പറ്റി അല്പം കൂടി വിശദമായി “മരുന്നു വ്യവസായത്തിലെ സര്‍ക്കസുകളി” എന്ന തലക്കെട്ടില്‍ ഇവിടെ മുന്‍പ് പറഞ്ഞിട്ടുള്ളതു കൂടി വായിക്കാം.

ഇതിന്റെ കുഴപ്പം എന്താണെന്ന് വച്ചാല്‍ ഒന്ന്, വിദേശകമ്പനികളിറക്കുന്ന മരുന്നുകളുടെ ‘ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍’ മാത്രം അടിച്ചുമാറ്റി, സ്വന്തമായ യാതോരു ഗവേഷണമോ നിലവാരമുള്ള പരീക്ഷണങ്ങളോ നടത്താതെ, വില്‍ക്കുന്ന ദേശിക്കമ്പനികള്‍ക്ക് മരുന്നിന്റെ ഗുണനിലവാരത്തിലോ മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റു മരുന്നുകളെ അപേക്ഷിച്ച് തങ്ങളുടെ ബ്രാന്റിനുള്ള മേന്മയിലോ യാതൊരു ഉത്തരവാദിത്തവുമില്ല എന്നതാണ്. ഒറീസയിലോ കര്‍ണാടകയിലോ തമിഴ്നാട്ടിലോ ഉള്ള ഏതെങ്കിലും പ്ലാന്റുകളില്‍ പടച്ചുണ്ടാക്കുന്ന ഗുളികകളെ എഡിബിള്‍ ഡൈ ചേര്‍ത്ത് പല നിറത്തിലാക്കി ഫോയിലുകളിലും ബ്ലിസ്റ്റര്‍ പാക്കുകളിലും പൊതിഞ്ഞ് പല പേരിട്ട് വില്‍ക്കുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശ്യം. മാര്‍ക്കറ്റ് ഷെയറിനായുള്ള പരവേശത്തില്‍ മെഡിക്കല്‍ റെപ്പുമാരെ കൊണ്ട് ഡോക്ടര്‍മാരെ ചാക്കിട്ടും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങള്‍ വാരിവിതറിയും നടത്തുന്ന ചീഞ്ഞ കളികള്‍ക്കപ്പുറം എക്സ്-കമ്പനിയും വൈ-കമ്പനിയും ഇറക്കുന്ന ഒരേ മരുന്നിന്റെ രണ്ട് ബ്രാന്റുകള്‍ തമ്മില്‍ എന്താണ് മൌലികവ്യത്യാസം എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലാതാകുന്നു. രണ്ടാമത്തെ കുഴപ്പം, വില കുറച്ചുകൊണ്ട് മാര്‍ക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ തറപ്പരിപാടികള്‍ കാണിക്കാന്‍ കമ്പനികള്‍ പ്രേരിതരാകുന്നു എന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വലിയ അളവുകളില്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ആന്റിബയോട്ടിക് വിഭാഗത്തിലെയും മറ്റും മരുന്നുകളുടെ പല ബാച്ചുകളിലും രാസപരിശോധന നടത്തുമ്പോള്‍ അതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതിന്റെ പകുതിയോളം മരുന്നളവേ കാണാറുള്ളൂ എന്ന് പലവട്ടം തെളിഞ്ഞിട്ടുണ്ട് (ഇതേപ്പറ്റി മലയാള മനോരമ പത്രത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനം ശ്രദ്ധേയമായ ഒരു ഫീച്ചര്‍ വന്നിരുന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും).

ഈ രംഗത്തെ ചൂഴുന്ന പ്രശ്നങ്ങള്‍ ഇങ്ങനെ അനവധിയാണ്. പരിഹാരം പല തലത്തില്‍ ഉണ്ടാവേണ്ടതും. അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. അധികൃതരോ കോടതിയോ വൈദ്യസംഘടനകളോ ഒക്കെ എന്തെങ്കിലും നടപടിയെടുത്തു വരുമ്പോഴേക്കും ലോകാവസാനമായെന്നിരിക്കും. അതുകൊണ്ട് നാം പൊതുജനം സൂക്ഷിക്കാനുള്ളത് സൂക്ഷിക്കുക.


രോഗചികിത്സയ്ക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങള്‍ ഇനി അക്കമിട്ട് കൊടുക്കുന്നു :
1. നിങ്ങളുടെ രോഗത്തെപ്പറ്റി അറിഞ്ഞു വയ്ക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ധരിക്കുക. നിങ്ങള്‍ കൊടുക്കുന്ന കണ്‍സല്‍റ്റേയ്ഷന്‍ ഫീസ്, ഓ.പി ഫീസ് എന്നിവയ്ക്ക് തത്തുല്യമായ സേവനത്തില്‍ ഇതും പെടും. രോഗത്തിന് ഒരു പേരുണ്ടെങ്കില്‍ അത് കുറിപ്പായി എഴുതിവാങ്ങുക. ആശുപത്രി രേഖകള്‍ പുറത്ത് കൊടുക്കില്ലെങ്കില്‍ ഒരു ഫോട്ടോക്കോപ്പിയെങ്കിലും തരാന്‍ ആവശ്യപ്പെടുക. രോഗത്തിന് ഒറ്റപ്പേരില്ല എന്നതിനാല്‍ പല രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്കായാണ് നിങ്ങള്‍ക്ക് നിലവില്‍ ചികിത്സ തരുന്നത് എന്നുണ്ടെങ്കില്‍ ആ അവസ്ഥകള്‍ എന്താണ് എന്ന് മനസ്സിലാക്കി വയ്ക്കുക.

2. കഴിക്കുന്ന മരുന്നുകളുടെ ഒരു പട്ടിക ഉണ്ടാക്കി സൂക്ഷിക്കുക. സ്ഥിരമായി കഴിക്കുന്ന (ബി.പി, ഹൃദ്രോഗം, പ്രമേഹം) മരുന്നുകള്‍ക്കും ചെറു അസുഖങ്ങള്‍ക്കും വെവ്വേറെ ലിസ്റ്റ് ഉണ്ടെങ്കില്‍ നല്ലത്. ഓരോ മരുന്നു എന്തിന് കഴിക്കുന്നു എന്ന് ഒപ്പം എഴുതിവയ്ക്കുക.

3. മരുന്നു കടയില്‍ നിന്നോ ക്ലിനിക്ക്/ആശുപത്രി എന്നിവയില്‍ നിന്നോ മരുന്ന് വാങ്ങുമ്പോള്‍ മരുന്നിന്റെ പേരും ബ്രാന്റും അച്ചടിച്ച കമ്പനിപ്പാക്കറ്റില്‍ തന്നെ മുറിച്ച് വാങ്ങാന്‍ ശ്രദ്ധിക്കുക. പാക്കറ്റില്‍ നിന്ന് പൊട്ടിച്ച് പ്രത്യേകം ഗുളികകളായാണ് തരുന്നതെങ്കില്‍ അതിന്റെ പേരും ഡോസും പൊതിക്ക് പുറത്ത് എഴുതി ലേബല്‍ ചെയ്ത് തരാന്‍ നിര്‍ബന്ധിക്കുക.

4.ഡോക്റ്ററുടെ കുറിപ്പടിയിലെ മരുന്നിന്റെ പേരും മരുന്ന് കടയില്‍ നിന്ന് വാങ്ങിയ മരുന്നിന്റെ പേരും ഒന്നാണോ എന്ന് ഉറപ്പ് വരുത്തുക. ബ്രാന്റുകള്‍ വ്യത്യസ്തമാണെങ്കിലും സാരമില്ല, പക്ഷേ ഉള്ളടക്ക മരുന്ന് ഒന്നാണ് എന്ന് തീര്‍ച്ചയാക്കുക (ജനറിക് നാമം). ഇത് ഉറപ്പ് വരുത്താതെ മരുന്ന് കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യരുത്.

5. ഡോക്ടറുടെ ഉപദേശമോ പ്രിസ്ക്രിപ്ഷനോ ഇല്ലാതെ മരുന്ന് കടയില്‍ പോയി ചോദിച്ച് മരുന്ന് വാങ്ങുന്ന രീതി അപകടമാണ്. നിങ്ങള്‍ മരുന്നു വിഷയത്തില്‍ എത്ര എക്സ്പേര്‍ട്ട് വിജ്ഞാനമുള്ളയാളാണെങ്കിലും മരുന്നിലെ ഘടകങ്ങള്‍ നിങ്ങള്‍ക്കറിയാത്ത തരത്തില്‍ റിയാക്റ്റ് ചെയ്യാം.

6.“മരുന്നു കഴിച്ചാലും ആദ്യം രോഗലക്ഷണങ്ങള്‍ കൂടുന്നതായി തോന്നും, എന്നിട്ടേ കുറയൂ” എന്ന് ഉപദേശിച്ച് മരുന്ന് കൊടുത്ത് വിടുന്ന വ്യാജവൈദ്യന്മാര്‍ (മിക്കവാറും യുനാനി/ഹോമിയോ) നാട്ടില്‍ ധാരാളമുണ്ട്. ഇത് ഒരു സനാതനസത്യമാണെന്ന് കരുതി മരുന്ന് കഴിച്ചിട്ടും രോഗലക്ഷണങ്ങള്‍ കൂടുന്നത് കാര്യമാക്കാതെ വച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുണ്ട്. അങ്ങനെ ചെയ്യുന്നത് ശുദ്ധാബദ്ധമാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നില്ല, അല്ലെങ്കില്‍ മതിയായ ഡോസിലല്ല മരുന്ന് കിട്ടുന്നത്. അങ്ങനെയുള്ളപ്പോള്‍ ഉടന്‍ വിദഗ്ധസഹായം തേടുക.

7.മരുന്നുകളുടെ പ്രധാന പാര്‍ശ്വഫലങ്ങള്‍ അറിയുക എന്നത് നിങ്ങളുടെ അവകാശമാണ്. ഉദാഹരണത്തിന് ചുമ മരുന്നുകളിലെ സാല്‍ബ്യൂട്ടമോള്‍ ഉണ്ടാക്കുന്ന നേരിയ കൈവിറയല്‍; മൂക്കൊലിപ്പ് തടയാന്‍ നല്‍കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്ന മയക്കവും മന്ദതയും(sedation); ചില ബി.പി മരുന്നുകള്‍ മൂലം കൂടുതല്‍ മൂത്രം പോകുക, തലക്കറക്കം ഉണ്ടാകുക; ചില ഹൃദ്രോഗ/മസ്തിഷ്കാഘാത മരുന്നുകള്‍ മൂലം രക്തം കട്ടപിടിക്കുന്നത് വൈകുക; ചില ആന്റിബയോട്ടിക്കുകള്‍ മൂലം വയറിളകുക; വേദന സംഹാരികള്‍ മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകുക എന്നിങ്ങനെ. അലര്‍ജിക് ശരീരപ്രകൃതിയുള്ളവര്‍ക്ക് ഏതാണ്ടെല്ലാ മരുന്നിനോടും അലര്‍ജിയുണ്ടാക്കാന്‍ എപ്പോഴും സാധ്യതയുണ്ട്. അതും ശ്രദ്ധിക്കേണ്ടതാണ്. പാര്‍ശ്വഫലങ്ങള്‍ ഫാര്‍മസിസ്റ്റിന്റെയടുത്തു നിന്നോ കുറിപ്പടിതന്ന വൈദ്യനില്‍ നിന്നോ അന്വേഷിച്ച് വയ്ക്കുക (ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ അത് പ്രയോജനപ്പെടുത്തുക.)

8. ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഒരേസമയത്ത് കഴിക്കാന്‍ എഴുതിയാല്‍ അവ തങ്ങളില്‍ പ്രതിപ്രവര്‍ത്തിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, അത് ശരീരത്തിന് ദോഷമുള്ളതാണോ എന്നൊക്കെ അന്വേഷിക്കേണ്ടതും മരുന്ന് കഴിക്കുന്ന രോഗിയുടെ ബാധ്യതയാണ്. ഭക്ഷണത്തിനു മുന്‍പ്/ശേഷം എന്നിവയും പഥ്യങ്ങളും ചില മരുന്നുകളുടെ കാര്യത്തില്‍ - ഉദാ: പ്രമേഹത്തിന് കഴിക്കുന്ന ഗുളികകള്‍, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍, മൂത്രത്തിലെ കല്ല്, ഹൃദ്രോഗം എന്നിവയില്‍ - പ്രധാനമാണെന്ന് ഓര്‍ക്കുക.

9. മരുന്നുകളെപ്പോലെത്തന്നെ പാര്‍ശ്വഫലമുളവാക്കാവുന്നവയാണ് രോഗനിര്‍ണയ ടെസ്റ്റുകളും. രക്തമെടുക്കാന്‍ കുത്തുന്ന സൂചിയില്‍ നിന്ന് ഇന്‍ഫക്ഷനുകള്‍ വരാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന എക്സ്-റേ ദുര്‍ബലമായ റേഡിയേഷനാണെങ്കിലും അതിനും പാര്‍ശ്വഫലമുണ്ട് - പ്രത്യേകിച്ച് കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ. ഓരോ ടെസ്റ്റും എന്തിനാണ് ചെയ്യുന്നത്, ആ ടെസ്റ്റ് കൊണ്ട് രോഗത്തിന്റെ എന്ത് വശമാണ് മനസിലാകുക എന്നൊക്കെ സാധിക്കുമെങ്കില്‍ ചോദിച്ച് വയ്ക്കുക. ചിലവു കൂടിയ ടെസ്റ്റുകള്‍ ആണെങ്കില്‍ പരിചയമുള്ള ഒരു വിദഗ്ധന്റെ രണ്ടാം അഭിപ്രായം ആരായുന്നതില്‍ തെറ്റില്ല (ഒരു തലവേദനയ്ക്ക് എം.ആര്‍.ഐ സ്കാന്‍ എഴുതണമെങ്കില്‍ ആ തലവേദന അത്ര സീരിയസ് ആയി കാണേണ്ട ഒന്നാണ് എന്ന വ്യക്തമായ സൂചനകള്‍ വേണം).

10. അത്യാവശ്യത്തിനു മാത്രം ഡോക്ടറെക്കാണുക, അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മരുന്ന് കഴിക്കുക : സാദാ ജലദോഷപ്പനിക്കും വൈറല്‍ പനിക്കും മൂക്കടപ്പിനും വരെ ഓടി മരുന്ന് വാങ്ങുന്ന രോഗീസമൂഹം തന്നെയാണ് ഈ നാറിയ കച്ചവടങ്ങള്‍ക്ക് വളം വച്ചുകൊടുക്കുന്നത് എന്നോര്‍ക്കുക. വൈറല്‍ പനിക്ക് കാഷ്വാല്‍റ്റിയില്‍ പോയി ഗ്ലൂക്കോസ് ഡ്രിപ്പ് എടുക്കുക, ആവശ്യമില്ലാത്ത അസുഖങ്ങള്‍ക്കൊക്കെ അങ്ങോട്ട് ചെന്ന് ആന്റിബയോട്ടിക് ചോദിച്ച് വാങ്ങിക്കുക, എന്നിട്ട് അതിനും പുറമേ വൈറ്റമിന്‍ ഗുളികയും കൂടി വാങ്ങിത്തിന്നുക... ഈവക പരിപാടികള്‍ നിര്‍ത്താന്‍ ഡോക്ടര്‍മാത്രമല്ല രോഗീസമൂഹവും കൂടി മനസ്സുവയ്ക്കണം.
ഓര്‍ക്കുക - ഈ കച്ചവടസിസ്റ്റത്തില്‍ വൈദ്യനെയും മരുന്നു വില്‍ക്കുന്നവനെയും സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഒരു മാര്‍ക്കറ്റ് മാത്രമാണ്, ശരീരം നിങ്ങളുടേതാണ്.


പദസൂചിക :
ജനറിക് നാമവും (International Nonproprietary Name) ബ്രാന്റ് നാമവും (Proprietary Name)

ഒരു മരുന്ന് അതിലടങ്ങിയ പ്രവര്‍ത്തനശേഷികാണിക്കുന്ന മുഖ്യകണികയുടെ പേരില്‍ അറിയപ്പെടുമ്പോഴാണ് അതിനെ ജനറിക് മരുന്ന് എന്ന് വിളിക്കുക. ഉദാഹരണം സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന ക്രോസിന്‍ (Crocin) എന്ന ബ്രാന്റില്‍ അറിയുന്ന മരുന്നിന്റെ ജനറിക് നാമം എന്നത് അതിലടങ്ങിയ കണികയുടെ പേരാണ് - അസീറ്റമിനോഫെന്‍ (Acetaminophen). ഇതിനെത്തന്നെയാണ് ബ്രിട്ടീഷ് രീതിയില്‍ പാരസെറ്റമോള്‍ (Paracetamol) എന്ന് വിളിക്കുന്നതും (അസീറ്റമിനോഫെന്‍ എന്നത് അമേരിക്കന്‍ ചിട്ടയില്‍ വിളിക്കുന്ന ജനറിക് പേരാണ്). മറ്റൊരുദാഹരണം ആസ്പിരിന്‍ (Aspirin). ഇതിന്റെ ജനറിക് നാമം അസെറ്റില്‍ സാലിസിലിക് ആസിഡ് (Acetyl Salicilic Acid അഥവാ ASA) എന്നാണ്. ആസ്പിരിന്‍ എന്നത് ബേയര്‍ എന്ന ജര്‍മ്മന്‍ കമ്പനി ഇറക്കുന്ന ഏ.എസ്.ഏയുടെ ബ്രാന്റ് നാമമാണെങ്കിലും ഉപയോഗം കൊണ്ട് നാം ഇപ്പോള്‍ ആസ്പിരിനെന്ന പേരുതന്നെ ജനറിക് നാമമായി പ്രയോഗിക്കാറുണ്ട്.


റെഫറന്‍സ് :
1. Essential Medicines WHO Model List : 16th edition (March 2009)

2. Confronting Commercialization of Health Care : Jana Swasthya Sabha National Coordination Committee, 2001

32 comments:

 1. Responsible അല്ലാത്ത സമൂഹത്തിന്റേതായ പ്രശ്നങ്ങൾ ഉണ്ടെന്ന് തന്നെ സമ്മതിക്കുന്നു. അവശ്യം വേണ്ട മെഡിക്കൽ സാക്ഷരത ഇല്ലെന്നതാണ് ഒരു കുഴപ്പം. ആവശ്യം അവനവന്റേത് എന്ന് എല്ലാവരും ഉൾക്കൊള്ളേണ്ടതുണ്ട്.

  ReplyDelete
 2. വളരേ ഉപകാരമായ പൊസ്റ്റ്
  ജനങൽ ഇതൊക്കെ വായിച്ച് അറിവ് നേടണം
  നന്മകൽ നേരുന്നു

  ReplyDelete
 3. Thanks suraj for this timely and proper guideline.

  ReplyDelete
 4. നന്ദി.

  ഒരു ഉപഭോക്താവ് എന്ന നിലയില്‍ വൈദ്യസര്‍‌വീസുകള്‍ തേടിയ പരിചയത്തില്‍ ഇക്കാര്യങ്ങളൊക്കെ വളരെ പ്രസക്തമായി തന്നെ തോന്നുന്നു. അവനവന്റെ രോഗത്തിന്റെയും ആരോഗ്യത്തിന്റെയും ഉത്തരവാദി അവനവന്‍ ആണെന്നു മനസ്സിലാക്കാതെ "ഡോക്റ്ററെ കണ്ടു, പറഞ്ഞതൊക്കെ ചെയ്തു, അത്രമതി" എന്നു കരുതുന്ന രോഗി. കാശുമുടക്കി മുന്നില്‍ വന്നിരിക്കുന്നവനു എന്താണു പ്രശ്നമെന്നും എന്താണു ഡോക്റ്ററുടെ ചികിസ്താതന്ത്രമെന്നും എന്താണതിലെ റിസ്കെന്നും മനസ്സിലാക്കാനുള്ള വിവരവും അവകാശവും ഉണ്ടെന്ന് സമ്മതിച്ചു തരാത്ത ഡോക്റ്റര്‍. ചക്കി+ചങ്കരന്‍. പലതിനും റിക്കോര്‍ഡൊന്നുമില്ല, ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പെടുക്കാന്‍ ആശുപത്രി സമ്മതിക്കുകയുമില്ല.

  എന്തു ചെയ്താലും ഡോക്റ്റര്‍മാര്‍ ജെനറിക്ക് നെയിം എഴുതില്ല. ഇനി കിട്ടിയ കുറിപ്പടി ഇന്റര്‍നെറ്റില്‍ പരതാമെന്നുവച്ചാല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന ഒട്ടേറെ മരുന്നുകളെക്കുറിച്ച് വിവരം നെറ്റില്‍ മതിയായ അളവില്‍ ലഭ്യമല്ല. ഗതികേടിന്റെ അങ്ങേയറ്റത്ത് ആയതുകൊണ്ട് പരിപൂര്‍ണ്ണ ബോധ്യമില്ലാത്ത മരുന്നുപേരുകള്‍ എഴുതിക്കിട്ടിയാല്‍ പരിചയമുള്ള ഏതെങ്കിലും ഡോക്റ്ററെ വിളിച്ച് "ഇന്നപോലെ ഒരു മരുന്നു കിട്ടി, കഴിക്കുന്നോണ്ട് പ്രശ്നമുണ്ടോ" എന്ന് ചോദിക്കുകയാണു പതിവ്- വേറേ ഗതിയില്ല. മരുന്നുകടക്കാരനോട് എന്തു ചോദിച്ചാലും വായില്‍ തോന്നുന്ന മറുപടിയാണ്‌, അറിയാഞ്ഞിട്ടാവണം. മരുന്നു പരീക്ഷണം എന്റെ ദേഹത്താണോ നടക്കുന്നതെന്ന ഭീതി വേറേയും.

  ആശുപത്രിയില്‍ കയറി ചെല്ലുമ്പോള്‍ എന്തിനെങ്കിലും അലര്‍ജിയുണ്ടോ, എന്തെങ്കിലും സ്ഥാവരരോഗമുണ്ടോ എന്നൊന്നും ചോദിച്ചു മിനക്കെടുന്നില്ല ഡോക്റ്റര്‍. രോഗിക്ക് അതു പറയണമെന്ന് നിശ്ചയവുമില്ല. ഒരു പരിചയക്കാരന്‍ യാത്ര ചെയ്യവേ "ഡെല്ലി ബെല്ലി" പിടിപെട്ട് ശര്‍ദ്ദിലും വയറിളക്കവും മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. കിട്ടിയപാട് പിടിച്ച് ഗ്ലൂക്കോസ് ഇന്‍ഫ്യൂസ് ചെയ്ത് അവിടെ കിടത്തി, ആളു മരിക്കുകയും ചെയ്തു. ഇദ്ദേഹം ഡയബെറ്റിക്ക് ആയിരുന്നെന്ന് ഡോക്റ്റര്‍ തിരക്കിയില്ല, ആളു പറഞ്ഞും ഇല്ല. ഇപ്പോള്‍ ആശുപത്രിയും മരിച്ചയാളിന്റെ ഭാര്യയും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞ് ഇരിപ്പുണ്ട്.

  പരിചയമുള്ള ഡോക്റ്റര്‍- ഒരു ഫാമിലി ജെനറല്‍ പ്രാക്റ്റീഷണര്‍- ഒരു വീട്ടില്‍ എന്ത് ആരോഗ്യ പ്രശ്നമുണ്ടെങ്കിലും ആദ്യം പോയി ഇദ്ദേഹത്തെ കണ്ട് അഭിപ്രായപ്രകാരം സ്പെഷ്യലിസ്റ്റിനെയോ സ്പെഷ്യാലിറ്റി ആശുപത്രിയിലോ പോകുന്നതിനു ഒരു ചീട്ടു വാങ്ങുന്നതിനെക്കുറിച്ച് എന്താണു അഭിപ്രായം (രണ്ട് ഫീസ് കൊടുക്കാനുള്ള പാങ്ങ് സാധാരണക്കാരനു ഇല്ലെന്നറിയാം, എങ്കിലും ഒരു ശ്രമം). ഗുണങ്ങള്‍ രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി പരിചയമുള്ള ഒരാള്‍, മെഡിക്കല്‍ എമര്‍ജന്‍സി ആണോ എഴിച്ചു വീട്ടില്‍ പോണോ എന്നറിയാവുന്ന ഒരാള്‍, ചതിക്കില്ലെന്ന് (സോറി, പക്ഷേ ചികിത്സ എന്ന പേരില്‍ ചതിപറ്റിയ അനുഭവന്‍ ഉള്ള ഒരാള്‍ എന്ന നിലയില്‍ പറഞ്ഞതഅണ്‌) വിശ്വാസമുള്ള ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സയ്ക്കു വിധേയനാകാനുള്ള അവസരം ഇതുകൊണ്ട് ലഭിക്കില്ലേ?

  ചോദിക്കാന്‍ കാരണം അത്യാവശ്യത്തിനു മാത്രം ഡോക്റ്ററെ കാണുക എന്നു കണ്ടതുകൊണ്ടാണ്‌. അത്യാവശ്യം തിരിച്ചറിയാന്‍ പലപ്പോഴും രോഗിക്ക് കഴിയില്ല എന്നതിനാല്‍ പ്രൊഫഷന്‍ ഭംഗിയായി നടക്കുന്ന നാട്ടില്‍ എന്തു സംശയം തോന്നിയാലും ഡോക്റ്ററെ കാണുക എന്നാണു പറയാറ്, നമ്മുടെ നാട്ടില്‍ അതും പറ്റുന്നില്ല എന്നതിനാല്‍ ആള്‍ട്ടര്‍നേറ്റീവ് ആലോചിച്ചതാണ്‌.

  അത്യാവശ്യം മെഡിക്കല്‍ എമര്‍ജന്‍സികള്‍ സ്വയം തിരിച്ചറിയാന്‍ ഒരു പോസ്റ്റ് ഇട്ടെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 5. സൂരജ്,

  വളരെ ഉപകാരപ്രദമായ കുറിപ്പ്..പക്ഷേ ഇപ്പോളും നമ്മുടെ നാട്ടില്‍ ജനറിക് നെയിം എഴുതുന്ന ശീലം വന്നിട്ടേ ഇല്ല.എന്റെ ഒരു സുഹൃത്ത് ഡോക്ടര്‍ ഉണ്ട്..അദ്ദേഹം എപ്പോളും ജനറിക് നെയിം മാത്രമാണു എഴുതുക.

  സൂരജ പറഞ്ഞ മറ്റൊരു കാര്യം പ്രസക്തമാണു..ചില മരുന്നുകള്‍ അത് എഴുതുന്ന ഡോക്ടറിന്റെ അടുത്തുള്ള മരുന്നു കടയില്‍ മാത്രമേ കിട്ടുകയുള്ളൂ..അല്പം മാറി അന്വേഷിച്ചാല്‍ ഇങ്ങനെ ഒരു മരുന്നേ ഇല്ല എന്ന ഭാവം ആണ്.എനിക്കിതു കുറെ തവണ പറ്റിയിട്ടുണ്ട്.

  ഇത്തരം സാമൂഹികപ്രസക്തമായ ലേഖനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. എന്നത്തേയും പോലെ വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.

  ReplyDelete
 7. വളരെ ഉപകാരപ്രദമായ പോസ്റ്റ് !!!
  സാധാരണ ജനങ്ങൾ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ഒരു
  മേഖലയാണ് ആതുരശുശ്രൂഷ !
  കാക്കിക്ക് കാക്കിയോടുള്ളതിലേറെ സ്‌നേഹമാണ്
  ഡോക്ടർക്ക് ഡോക്ടറോഡ്.
  അവിടെ മനുഷ്യൻ വെറും ഉപകരണമാകുന്നു.
  മനുഷ്യത്വം ഇല്ലാതാകുന്നു.

  ReplyDelete
 8. ഡിയര്‍ സൂരജ്

  വളരെ ഉപകാരപ്രദമായ പോസ്റ്റ് , നന്ദി .
  ഈ പോസ്റ്റ് വായിച്ചപ്പോള്‍ നീലപദ്മനാഭന്റെ “ഗുളിക” എന്ന ചെറുകഥ ഓര്‍മ്മ വന്നു , മെഡിക്കല്‍ ഷോപ്പുകാരന്റെ അശ്രദ്ധയും ഡോക്ടറുടെ കുറിപ്പടി സ്റ്റയിലും കൊണ്ട് മരുന്ന് മാറി കഴിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ....വേദന നിറഞ്ഞ പരിദേവനങ്ങള്‍ , ഒന്നും വരുത്തരുതെ എന്ന നിസ്സഹായമായ പ്രാര്‍ത്ഥനകള്‍ ...

  സത്യത്തില്‍ ആര്‍ക്ക് ഇങ്ങനെ സംഭവിച്ചാലും ഇതൊക്കെ തന്നെയാവും ചെയ്യാനുണ്ടാവുക എന്ന നിസ്സഹായാവസ്ഥയാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.ഇത്തരം അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് ഇപ്പോഴും സങ്കോചമുണ്ട് .
  എങ്ങനെയാണ് ആ കുറിപ്പടി വൃത്തിയായി എഴുതിതരാന്‍ പരിചയസമ്പന്നനായ ഡൊക്ടറോട് പറയുക ?

  എന്തെങ്കിലും ചോദിച്ചാല്‍ ഇതെത്ര കണ്ടിരിക്കുന്ന എന്ന ഭാവത്തിന് മുന്നില്‍ എങ്ങനെയാണ് മെഡിക്കല്‍ ഷോപ്പുകാരനോട് തന്നത് തന്നെയാണ് യഥാര്‍ത്ഥ മരുന്നെന്ന് ഉറപ്പ് വരുത്തുക ..എല്ലാം ഒരു വിശ്വാസത്തിലധിഷ്ടിതമായങ്ങനെ പോകുന്നു ..

  ReplyDelete
 9. ജനറിക് പേരുകള്‍ മാത്രമെഴുതുക എന്നത് ആദര്‍‌ശാത്മകമായ നിലപാട് തന്നെ.പക്ഷെ നിലപാട് രോഗികളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഭിഷഗ്വരന്‍ ചിന്തിക്കേണ്ടതാണ്.
  ജനറിക് പേര് മാത്രമെഴുതിയാല്‍ ഷോപ്പുകാരന്‍ അവര്‍ക്ക് ഏറ്റവും ലാഭം നല്‍കുന്ന ബ്രാന്‍ഡ് കൊടുക്കുമെന്നാണ്‌ അനുഭവം.
  ഏറ്റവും വില കുറഞ്ഞ ബ്രാന്‍ഡുകള്‍ ആയിരിക്കാം രോഗികള്‍ക്ക് ഏറ്റവും സഹായകരം.
  മരുന്നുകമ്പനികളുടെ ചില പുസ്തകങ്ങള്‍ മരുന്നുകളെപ്പറ്റി തെറ്റായ ചില വിവരങ്ങള്‍ കൊടുക്കുന്നത് മറ്റൊരു പ്രശ്നമാണ്.സുകുമാര്‍ അഴീക്കോട് ഡി.ഇ.സി എന്ന മരുന്നിനെപ്പറ്റി എഴുതിയപ്പോള്‍ ഉദ്ധരിച്ചത് സിംസ് എന്ന കച്ചവടപുസ്തകത്തെ ആയിരുന്നു.

  ReplyDelete
 10. സൂ‍രജ് ഉദ്ധരിച്ചാൽ ഇവർ നന്നാകുമെന്നാണോ? രോഗിക്ക് അവകാശമുണ്ടെന്നത് ശരി. പക്ഷെ ആശുപത്രി കിടക്കയിൽ പെട്ടുപോയാൽ ഡോക്ടർ പറയുന്നത് കേൾക്കേണ്ടി വരും. അപ്പോൾ ഈ പശു പുല്ലു തിന്നുമോ? ഡോക്ടറന്മാർ രോഗികൾക്ക് അവകാശങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തങ്ങൾ ചെയ്യുന്ന തോന്ന്യാസങ്ങളിൽ നിന്ന് തല ഊരുകയാണു. എവിടെ പരാതിപ്പെട്ടാൽ ഇത്തരമൊരു കേസ് ഗൌരവമായി എടുക്കും? ഒരാപ്പ് പറ്റിക്കഴിഞ്ഞാൽ നിങ്ങൾ പരാതിപ്പെട്ടോളൂ എന്ന് പറഞ്ഞിട്ടെന്താ? ഡോക്ടറന്മാർ നന്നാകാൻ ശ്രമിക്കുക. രോഗിയെ അവർ അത്രയേറെ പേടിപ്പിച്ചു വെച്ചിട്ടുണ്ട്. സൂരജിന്റെ ഈ ലേഖനം വായിക്കുന്നവർക്ക് മറ്റൊരു പേടി കൂടി ബാധിക്കും അത്ര തന്നെ.

  ReplyDelete
 11. ഉപകാരപ്രദവും വിജ്ഞാനകരവുമായ പോസ്റ്റ്.....

  നന്ദി..സൂരജ്....

  ReplyDelete
 12. THIS ARTICLE IS VERY INFORMATIVE & HELPFUL.

  KEEP POSTING SUCH INFORMATIVE ARTICLE.
  *************************************

  FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


  This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


  Please tell your friends to join & forward it your close friends.

  ReplyDelete
 13. സൂരജ്‌ ഒരു സംശയം

  ഞാന്‍ െമഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട ആളല്ല.
  അതുകൊണ്ടാണ്‌ ചോദിക്കുന്നത്‌.

  ഡോക്ടര്‍ മരുന്നിന്റെ ബ്രാന്‍ഡ്‌ നെയിം എഴുതാന്‍
  പാടില്ലെന്നത്‌ ലോകാരോഗ്യ സംഘടനയുടെ
  നിര്‍ദ്ദേശമാണെന്നും
  ഇന്ത്യയില്‍ ഇത്‌ നടപ്പാക്കാന്‍ സമ്മതിക്കാത്തത്‌
  ഐ എം എ ആണെന്നും കേട്ടിട്ടുണ്ട്‌.
  ഇത്‌ ശരിയാണോ...?

  വര്‍ഷങ്ങള്‍ക്കു മുമ്പ്‌
  ഫാര്‍മസിസ്‌റ്റ്‌ അസോസിയേഷന്റെ
  ഒരു സംസ്ഥാന ഭാരവാഹി പറഞ്ഞുതന്നതാണ്‌
  ഈ വിവരം.
  അതുകൊണ്ടാണ്‌ ഇവിടെ ചോദിക്കുന്നത്‌.

  ReplyDelete
 14. ive read this topic as a mail from malayalamfun.com. i agree with 90% of the things you said here. but i have to say one thing you cannot say that homeo and unani is a fraud, they have been here for decades. just because they follow a different method you cannot say that its a fraud.our body has a good mechanism some times we only need to enhance that to cure the disease.....

  ReplyDelete
 15. 'എന്തിനുള്ളതാണീമരുന്ന്‌ എന്റെ കുട്ടിക്ക് എന്താണ്‌ ഡോക്ടർ അസുഖം' എന്ന് ചോദിച്ചപ്പോൾ ഡോക്ടർ നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയുണ്ട്. അവിടേനിന്നും ജെനറിക് നേമിലേക്ക് നല്ലോണം ദൂരമുണ്ട്.

  ReplyDelete
 16. പ്രൈവറ്റ് ആശുപത്രികളെല്ലാം ഗുളികകൾ ഒരു കൊച്ചു കിണ്ണത്തിലാക്കി കൊടുപ്പാണ് പരിപാടി. ടെസ്റ്റിന് എഴുതി വിട്ടിട്ട് ഫലം വരും മുൻപേ അതിനുള്ള ഗുളികകൾ കൊടുത്തിട്ട് നിന്ന് പുഞ്ചിരിക്കുന്നു ഒരു നേഴ്സ്. അതെങ്ങനെ എന്നു ചോദിച്ചപ്പോൾ ഡോക്ടർക്കെല്ലാമറിയാമെന്ന്. എന്നാപ്പിനെ ടെസ്റ്റിനെന്തിനായിരുന്നു എന്നു ചോദിച്ചപ്പം ചുമ്മ ഒരു ബലത്തിനെന്ന്. പനിയാണെന്ന് പറഞ്ഞ് ചെന്നപ്പോൾ ഒരു ഡോക്ടർ പാരസെറ്റമോളിനൊപ്പം സിപ്പോളിൻ എന്നു പേരുള്ള ഗുളികകൾ കൂടി വാങ്ങി തിന്നാൻ പറഞ്ഞു. 10 എണ്ണം. 200 രൂപയോളം വിലയുള്ള സ്വയമ്പൻ ഗുളികകൾ. രണ്ടെണ്ണത്തിൽ കൂടുതൽ തിന്നാനും പറ്റിയില്ല. ഇതെഴുതുമ്പോഴും അതിന്റെ ചുവ വായിൽ നിന്നു പോയിട്ടില്ല. പിന്നെ ഒരു നേട്ടമുണ്ടായത് അതിനു ശേഷം ഇതുവരെ വിശപ്പുണ്ടായിട്ടില്ല. എന്തു ഭാഗ്യം !

  ReplyDelete
 17. സുഹൃത്തെ നിങ്ങള്‍ പറഞ്ഞിട്ടുള്ളത് പ്രസക്തമായ വിവരങ്ങളാണ്. സമ്മതിച്ചു. പക്ഷേ, ജനറിക് പേരുകള്‍ എഴുതിയാല്‍ മെഡിക്കല്‍ ഷോപ്പുകാര്‍ ഏതുബ്രാന്‍ഡിലുള്ള മരുന്ന് നല്‍കും? അവര്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്നതും നിലവാരമില്ലാത്തതുമായ മരുന്നുകള്‍ കൊടുക്കില്ലേ? മരുന്നകള്‍ക്ക് പ്രത്യേകിച്ചും ഇന്ന് വിപണിയില്‍ പലവിലയാണ്. ഗുണത്തിലും ഇത്തരത്തില്‍ അന്തരമുണ്ട്. ഉദാഹരണത്തിന് സിട്രിസിന്‍ എന്ന അലര്‍ജിക്കുള്ള മരുന്നിന് ഒരു രൂപമുതല്‍ ആറുരൂപ വരെ പലവിലയുള്ള മരുന്നുകളുണ്ട്. മെഡിക്കല്‍ ഷോപ്പുകാരന്‍ എത്രവിലയുള്ള മരുന്നാണ് നല്‍കുക....? ലാഭം നോക്കിതന്നെയാണ് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുക.

  ReplyDelete
 18. കമ്പ്യൂട്ടറൊക്കെ മുൻപിൽ വെച്ച് സ്റ്റൈലായി ഇരിയ്ക്കുന്നവരാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ.
  ഈ 350 ജനറിക്ക് നാമങ്ങളും അക്ഷരമാലാക്രമത്തിൽ അതിലിട്ട്,ബ്രാൻഡ് പേര് വേണമെങ്കിൽ അതും ടൈപ്പ്ചെയ്ത്,ലെറ്റർപ്പാഡിൽ പ്രിന്റ്ചെയ്ത് കൊടുക്കണം എന്നൊരു നിയമം വന്നാൽ ‘ഡോക്ടർമാരുടെ തലേലെഴുത്ത്’ ഏറ്റുവാങ്ങി അപകടത്തിൽ‌പ്പെടുന്ന രോഗികൾക്കും മരുന്നുകടക്കാർക്കും വളരെ ആശ്വാസമായേനെ.
  വളരെ പ്രസക്തമായ ഈ പോസ്റ്റിന്റെ ചില ഭാഗങ്ങളെങ്കിലും കോപ്പിചെയ്ത് കുറച്ച്പേർക്ക് മെയ്ൽ ചെയ്യണമെന്നാഗ്രഹമുണ്ട്.
  ‘ബൌദ്ധികാവകാശം’ പറഞ്ഞ് സൂരജ് വഴക്കിന് വന്നാലോന്ന് പേടിച്ച് വേണ്ടാന്ന് വെച്ചു :-))

  ReplyDelete
 19. വളരെ ഉപകാരപ്രദമായ ലേഖനം. എന്നാല്‍ പലപ്പോഴും നാട്ടിന്‍‌പുറത്തെ ക്ലിനിക്കിലാണെങ്കിലും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണെങ്കിലും നമ്മള്‍ പറയുന്നതുമുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതിനുള്ള സമയം പോലും മിക്കവാറും ഡോക്‍ടര്‍മാര്‍ക്കുണ്ടാകാറില്ല. കണ്‍സള്‍ട്ടിങ് റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ പറഞ്ഞതുമുഴുവന്‍ ഡോക്‍ടര്‍ കേട്ടോ എന്ന സംശയമാണ് മനസ്സില്‍ ഉണ്ടാവുക. കാരണം അത്ര വേഗത്തില്‍ മരുന്നെഴുതിക്കഴിഞ്ഞിരിക്കും. അങ്ങനെയുള്ളപ്പോള്‍ ഇവിടെ ഡോക്‍ടര്‍ പറഞ്ഞതുപോലെ മരുന്നിനെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും രോഗിയോട് വിശദീകരിക്കാന്‍ അവര്‍ക്ക് സമയമെവിടെ? കുടുംബ ഡോക്‍ടര്‍ എന്ന സങ്കല്പം ഇന്നു മാറിയിരിക്കുന്നു. പലപ്പോഴും ഒരേ ആശുപത്രിയില്‍ തന്നെ കഴിഞ്ഞതവണ കണ്ട ആളാവില്ല അടുത്ത തവണ പോകുമ്പോള്‍ ഉണ്ടാവുക. ഒരു കാര്യത്തില്‍ ആശ്വാസമുണ്ട് ഇവിടെ എറണാകുളത്തെ ചില ആശുപത്രികളെങ്കിലും മരുന്നുകളുടെ പ്രിന്റ് ചെയ്ത് കുറിപ്പടി രോഗികള്‍ക്ക് നല്‍കുന്നുണ്ട്. മരുന്നുകളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വിശദീകരിച്ചതിനു ഒരിക്കല്‍ കൂടി നന്ദി.

  ReplyDelete
 20. 'ലോകത്തിലേറ്റവും വിലപ്പെട്ടത് എന്ന് നാം കരുതുന്ന മനുഷ്യ ജീവന്‍ കൊണ്ടുള്ള കളിയിലാണ് ഇത്ര ഉദാസീനമായ ഒരു കച്ചവടം പൊടിപൊടിക്കുന്നത് എന്നോര്‍ക്കണം !'

  ReplyDelete
 21. പ്രിയ സൂരജ്,

  ഈ ഫാർമസിസ്റ്റ് ബിരുദവും ഡിപ്ലോമയും ഒക്കെ എടുക്കുന്നത് തന്നെ ആ സർട്ടിഫിക്കറ്റ് ഏതെങ്കിലും മെഡിക്കൽ സ്റ്റോർ സംരംഭകന് കടയിൽ ഫ്രെയിൻ ചെയ്ത് വയ്ക്കാൻ വാടകയ്ക്ക് നൽകി വീട്ടിലിരുന്ന് കാശുവാങ്ങാനാണ്.നാളെ നമ്മുടെ ഡോക്ടർമാർ ഇതു പോലെ സ്വകാര്യ ആശുപത്രി സംരംഭകർക്ക് തങ്ങളുടെ സർട്ടിഫിക്കറ്റ് വാടയ്ക്ക് നൽകി വീട്ടിലിരുന്നിട്ട് ആശുപത്രി മുതലാളിയും പള്ളിക്കൂടം കണ്ടിട്ടില്ലാത്ത ജീവനക്കാരും കൂടി രോഗികളെ ചികിത്സിൽക്കുന്ന കാലം വന്നുകൂടെന്നില്ല!

  ReplyDelete
 22. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. കലിയുഗമാണ് ഇപ്പോള്‍ . പറഞ്ഞിട്ടും കാര്യമില്ല. ആസ്പത്രി തൂപ്പുകാരന്‍ പോലും ഡോക്ടര്‍ ആന്നു എന്നാ ഭാവമാണ്. അപ്പോള്‍ പിന്നെ മെഡിക്കല്‍ ഷോപ്പുകാരന്റെ കാര്യം പറയാതിരിക്കുക തന്നെ.... പിന്നെ എല്ലാം ഒരു വിശ്വാസം . അത്ര തന്നെ. നമ്മള്‍ കേസ് കൊടുക്കാന്‍ പോയാല്‍ പോലും വാദി പ്രതി ആകുന്ന കാലമാണ് ...
  എന്തായാലും പോസ്റ്റ്‌ ഉഗ്രന്‍, ബ്ലോഗിലൂടെയെന്ക്കിലും പ്രതികരിക്കാന്‍ കഴിയുന്നല്ലോ....? തുടരുക. അഭിനന്ദനങ്ങള്‍

  ReplyDelete
 23. ഇടയ്ക്കൊക്കെ ഞാന്‍ ഇവിടെ എത്തിനോക്കാറുണ്ട്.സമയക്കുറവിലും ഞാന്‍ നോക്കുന്ന അപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്നാണിത്. വിജ്ഞാനപ്രദമായ ഇതിലെ ലേഖനങ്ങള്‍ തീര്‍ച്ചയായും ഏവര്‍ക്കും ഉപകാരപ്രദം തന്നെയാണ്. ധാരാളം ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് അന്ധമായ മരുന്നിടപാടുകളിലേയ്ക്ക് വെളിച്ചം വീശുന്ന ചിന്തകളിലേയ്ക്ക് ഞങ്ങളെ എത്തിക്കണമെന്ന് താല്പര്യപ്പെടുന്നു. ഏറെ നന്ദി പറഞ്ഞു കൊണ്ട് തല്ക്കാലം വിട......

  ReplyDelete
 24. ആധാര്‍ എന്ന് വിളിക്കപ്പെടുന്ന, സാനിട്ടറി നാപ്കിന്‍റെ പുറംതൊലിയുടെ നിലവാരം പോലുമില്ലാത്ത ഒരു കീറക്കടലാസ് ഉണ്ടെങ്കിലേ ഗ്യാസ് സബ്സിഡിയില്‍ കിട്ടൂ എന്ന്‍ നമ്മുടെ സര്‍ക്കാരൊരു നിര്‍ബന്ധം (നിയമം പോലുമല്ല) പിടിച്ചപ്പോള്‍ പള്ളിക്കൂടത്തിന്റെ പടി കാണാത്തവനും ആധാറും ബാങ്ക് അക്കൗണ്ടും ഉണ്ടായ നാടാണ് നമ്മുടെത്. ഇവിടെ ആശുപത്രികളില്‍ ജെനെറിക് പേരും പാര്‍ശ്വ ഫലങ്ങളും, വേണ്ടി വന്നാല്‍ കുറഞ്ഞ വില മുതല്‍ കൂടുതല്‍ വിലയില്‍ വരെ കിട്ടുന്ന നിലവാരമുള്ള മരുന്നുകളും പ്രിന്‍റ് ചെയ്ത് ഓരോ രോഗിക്കും കൊടുക്കണം എന്ന് ഭരണം (ജനസേവനം എന്നതാണ് ശരിക്കുള്ള വാക്ക്, പക്ഷെ രാജ്യം ഇന്ത്യ ആയതുകൊണ്ട് ആ സാഹസത്തിനു മുതിരുന്നില്ല.) കൊണ്ട് നടക്കുന്നവരൊരു നിലപാടെടുത്താല്‍ (നിയമം നമുക്ക് വഴിയെ ഉണ്ടാക്കാം) ഇതും ഇതിലപ്പുറവും ഇവിടെ നടക്കും. പക്ഷെ കഴുതപ്പറ്റങ്ങളെപ്പോലെ പോളിംഗ് ബൂത്തുകളില്‍ വരിനിന്നു വോട്ടു ചെയ്യുന്നതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത പൌരന്‍ എന്ന പരിഹാസപ്പേര് ചുമക്കുന്ന പാവങ്ങള്‍ ചത്തോടുങ്ങിയാല്‍ ആര്‍ക്കാണ് ചേതം? ഭരണാധികാരി തന്നെ അതിനു ചുക്കാന്‍ പിടിക്കുന്ന മഹാജനാധിപത്യത്തില്‍ ഇതൊക്കെ പ്രതീക്ഷിക്കുന്നത് തന്നെ ഒരു വിഡ്ഢിത്തമാവും!

  ReplyDelete
 25. ആധാര്‍ എന്ന് വിളിക്കപ്പെടുന്ന, സാനിട്ടറി നാപ്കിന്‍റെ പുറംതൊലിയുടെ നിലവാരം പോലുമില്ലാത്ത ഒരു കീറക്കടലാസ് ഉണ്ടെങ്കിലേ ഗ്യാസ് സബ്സിഡിയില്‍ കിട്ടൂ എന്ന്‍ നമ്മുടെ സര്‍ക്കാരൊരു നിര്‍ബന്ധം (നിയമം പോലുമല്ല) പിടിച്ചപ്പോള്‍ പള്ളിക്കൂടത്തിന്റെ പടി കാണാത്തവനും ആധാറും ബാങ്ക് അക്കൗണ്ടും ഉണ്ടായ നാടാണ് നമ്മുടെത്. ഇവിടെ ആശുപത്രികളില്‍ ജെനെറിക് പേരും പാര്‍ശ്വ ഫലങ്ങളും, വേണ്ടി വന്നാല്‍ കുറഞ്ഞ വില മുതല്‍ കൂടുതല്‍ വിലയില്‍ വരെ കിട്ടുന്ന നിലവാരമുള്ള മരുന്നുകളും പ്രിന്‍റ് ചെയ്ത് ഓരോ രോഗിക്കും കൊടുക്കണം എന്ന് ഭരണം (ജനസേവനം എന്നതാണ് ശരിക്കുള്ള വാക്ക്, പക്ഷെ രാജ്യം ഇന്ത്യ ആയതുകൊണ്ട് ആ സാഹസത്തിനു മുതിരുന്നില്ല.) കൊണ്ട് നടക്കുന്നവരൊരു നിലപാടെടുത്താല്‍ (നിയമം നമുക്ക് വഴിയെ ഉണ്ടാക്കാം) ഇതും ഇതിലപ്പുറവും ഇവിടെ നടക്കും. പക്ഷെ കഴുതപ്പറ്റങ്ങളെപ്പോലെ പോളിംഗ് ബൂത്തുകളില്‍ വരിനിന്നു വോട്ടു ചെയ്യുന്നതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത പൌരന്‍ എന്ന പരിഹാസപ്പേര് ചുമക്കുന്ന പാവങ്ങള്‍ ചത്തോടുങ്ങിയാല്‍ ആര്‍ക്കാണ് ചേതം? ഭരണാധികാരി തന്നെ അതിനു ചുക്കാന്‍ പിടിക്കുന്ന മഹാജനാധിപത്യത്തില്‍ ഇതൊക്കെ പ്രതീക്ഷിക്കുന്നത് തന്നെ ഒരു വിഡ്ഢിത്തമാവും!

  ReplyDelete