ഒറ്റമൂലികളും വൈദ്യശാസ്ത്രവും : ഒരു ‘പപ്പായ‘ പരിപ്രേക്ഷ്യം!
എണ്ട്രന്‍സ് പരീക്ഷയൊക്കെ കഴിഞ്ഞ് വിശാലമായി കമ്പ്യൂട്ടറിനു മുന്നില്‍ വന്നിരുന്ന് ഹെപ്പറ്റൈറ്റിസ്-ബി യെക്കുറിച്ച് ഒരു കൌതുകകരമായ കേസ് കണ്ടത് എഴുതാം എന്ന് കരുതിയപ്പോഴാണ് ദേ കിടക്കുന്നു, ഒരു സുഹൃത്തിന്റെ വക ക്ഷണം - ഈ പോസ്റ്റ് ഒന്നു കാണാന്‍ !

തള്ളേ...ഇദെന്തര് എന്ന് കണ്ണുമിഴിക്കുമ്പോള്‍ അതാ മൂര്‍ത്തി ജീയുടെ വക ഒരു കൊള്ളിച്ച കമന്റും ലതിന്റെ മൂട്ടില് ! ഹ ഹ ഹ ! ശരി...എന്നാപ്പിന്നെ ഇതു തന്നെയാകട്ട് ഇന്നത്തെ പോസ്റ്റുവിഷയം എന്ന് ഈയുള്ളവനും അങ്ങാട്ട് നിരീച്ച് !

'ഒറ്റ മൂലി' എന്ന പ്രയോഗം തന്നെ ഒരു തരം മൂഢവിശ്വാസത്തില്‍നിന്നും ഉണ്ടാവുന്നതാണ് എന്നു പറഞ്ഞാല്‍ ആരും കെറുവിക്കരുത്. 'ഒറ്റ' മരുന്നുകൊണ്ട് രോഗത്തെ - അതും മറ്റു രീതികളിലൊന്നും മാറത്ത രോഗത്തെ - മാറ്റുന്ന സങ്കേതത്തിനാണല്ലൊ ഒറ്റ-മൂലി എന്നു നാം വിവക്ഷിക്കുന്നത്. രോഗം എങ്ങനെയുണ്ടാകുന്നു, അല്ലെങ്കില്‍ ശരീരത്തില്‍ രോഗമുണ്ടാക്കുന്ന മാറ്റങ്ങളെന്ത് എന്നൊന്നും സൂക്ഷ്മമായറിയാന്‍ മെനക്കെടാതെയുള്ള ഒരു തരം ഇന്‍സ്റ്റന്റ് രോഗശാന്തിയാണ് 'ഒറ്റമൂലി' എന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെക്കാലത്ത് എന്തു പാഷാണം വിറ്റു പോകാനും പുട്ടിനു പീരയെന്ന മട്ടില്‍ തിരുകുന്ന 'ശാസ്ത്രീയ /പാരമ്പര്യ ' അവകാശവാദങ്ങള്‍ കൂടിയാകുമ്പോള്‍ സംഗതി പെട്ടെന്ന് പ്രചരിക്കുകയും ചെയ്യും. എയിഡ്സിന് ഇമ്മ്യുണോക്യുവര്‍, ഡയബറ്റീസിനു ഡയാക്യുവര്‍, കരള്‍ വീക്കത്തിന് കാമിലാരി, ലിംഗോദ്ധാരണത്തിന്നു മുസ്ലി പവര്‍, ഇതിനൊക്കെപ്പുറമേ അലോപ്പതിക്കമ്പനികള്‍ വഴി പരസ്യം കാണിച്ചും ഡോക്ടര്‍ക്കു കമ്മീഷന്‍ നല്‍കിയും നാട്ടുകാരെ തീറ്റുന്ന വൈറ്റമിന്‍ ഗുളികകള്‍ ഡസന്‍ കണക്കിനു വേറെയും. പന്ത്രണ്ടു വര്‍ഷത്തോളം ജന്തു/സസ്യ ശാസ്ത്രം പഠിച്ചിട്ടും സ്വന്തം ശരീരത്തില്‍ കുരുമുളകെങ്ങനെ ദഹിക്കുന്നു, ഉരുളക്കിഴങ്ങെങ്ങനെ ദഹിക്കുന്നു എന്ന്പോലും അറിയാത്ത/അറിയാന്‍ മെനക്കെടാത്ത ബിരുദ-ബിരുദാനന്തരധാരികളുള്ള ഒരു നാട്ടില്‍ എന്ത് അമേദ്യവും വിറ്റു പോകും; പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും...എങ്കിലും ഇതൊക്കെ കാണുമ്പോള്‍ പിന്നേം ചൊറിയും...അതു കൊണ്ടുമാത്രം ഈ പോസ്റ്റ്. സദയം ക്ഷമിക്കുക!

സുമേഷ് ജി യുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ 2005ലോ മറ്റോ അയച്ചുകിട്ടിയ ഒരു ഈ-മെയില്‍ ലിങ്കാണ് ഓര്‍മ്മവന്നത്. അതിവിടെ. പിന്നെ ദാ ഇത് ഈയടുത്ത് കിട്ടിയത്. ഈ കൊടുത്തിട്ടുള്ള ലിങ്കുകളല്ല സുമേഷ് ജിയുടെ പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍ 'ഒറ്റമൂലി' യുടെ ഉറവിടം എന്ന് കരുതട്ടെ ? സുമേഷ് ജി നേരിട്ട് ഇടപെട്ട സംഭവമാണ്, അഥവാ നേരിട്ട് കണ്ടു ബോധ്യപ്പെട്ട സംഗതിയാണ് ആ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നത് എങ്കില്‍ ഒന്നേ പറയാനുള്ളൂ : പറ്റുമെങ്കില്‍ ആ രോഗിയെ ചികിത്സിച്ചതിന്റെ ഡീറ്റെയില്‍ഡ് കടലാസുകള്‍ ഒന്നയച്ചുതരിക. (അഡ്രസ്സ് ചോദിച്ചാല്‍ തരാം). അത്ര ഗ്യാരണ്ടിയുള്ള ചികിത്സാമുറയാണെങ്കില്‍ ഒന്നു പരീക്ഷിക്കണമല്ലോ. വല്ല പേറ്റന്റും ഒപ്പിക്കാനായാലോ. നാളെയിനി സായിപ്പ് ഇതടിച്ചെടുത്തുകഴിയുമ്പോള്‍ താളിയോലയിലെ പുരാണവും വിളമ്പി നടക്കേണ്ട ഗതിവരരുതല്ലോ!

ഇനി കാര്യത്തിലേക്ക് വരാം

രക്തത്തിലെ പല കോശങ്ങളില്‍ ഒന്നാണ് പ്ലേറ്റ്ലെറ്റുകള്‍. രക്തത്തില്‍ത്തന്നെയടങ്ങിയിട്ടുള്ള, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന അനവധി വസ്തുക്കളുടെ 'ഓര്‍ക്കെസ്ട്ര'യുടെ പ്രധാന നിയന്താവാണ് പ്ലേറ്റ്ലെറ്റുകള്‍.
എങ്ങനെയാണീ ഓര്‍ക്കെസ്ട്ര പ്രവര്‍ത്തിക്കുന്നത് ? പ്രകൃതിയുടെ മഹാല്‍ഭുതങ്ങളില്‍ ഒന്നായ ആ പ്രക്രിയയെ വളരെ ചുരുക്കി ഒന്നു പറയാം. ബോറടിച്ചാല്‍ സോറി(...പോയി വല്ല കവിതയും വായിര് ചേട്ടന്മാരേ/ചേച്ചിമാരേ..)

നമ്മുടെ രക്തമൊഴുകുന്ന കുഴലുകളെ പൈപ്പുകളായി സങ്കല്‍പ്പിക്കുക. ഈ പൈപ്പുകളുടെ ഉള്‍ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ ? നല്ല clean and smooth ആയ പ്രതലമാണ് അതിന്. ഈ പ്രതലം ഇങ്ങനെ വൃത്തിയും മിനുസവുമുള്ളതായിരിക്കുന്ന കാലത്തോളം ധമനിയിലൂടെ രക്തവും, അതിലെ വിവിധ കോശങ്ങളും കണികകളും ഒക്കെ സുഗമമായി ഒഴുകുന്നു. പ്ലേറ്റ്ലെറ്റുകളും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന അവന്റെ കൂട്ടാളികളുമൊക്കെ മിണ്ടാപ്പൂച്ചകളായി നടക്കും അപ്പോ‍ള്‍. ഇങ്ങനെയിരിക്കെ ഈ clean and smooth പ്രതലത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയാണെന്ന് വയ്ക്കുക. ഉദാഹരണത്തിന് ഹൃദയത്തിലെയൊ തലച്ചോറിലെയോ രക്തക്കുഴലിനുള്ളില്‍ അല്പം കൊളസ്ട്രോള്‍ അടിയുന്നു, അല്ലെങ്കില്‍ ശരീരത്തില്‍ മറ്റെവിടെയെങ്കിലുമുള്ള ഒരു രക്തക്കുഴലില്‍ ഒരു കൊച്ചു മുറിവുണ്ടാകുന്നു എന്ന് കരുതുക. ഇങ്ങനെ മുറിവുണ്ടായാല്‍ കുഴലിന്റെ ഉള്ളിലെ പ്രതലം പരുപരുത്തതാകുന്നു. ഉടന്‍ അവിടെ പ്ലേറ്റ്ലെറ്റുകള്‍ വന്നടിയുന്നു. രക്തക്കുഴലിലെ മുറിവില്‍ നിന്നും 'പുറത്തേക്കു തള്ളുന്ന' വോണ്‍ വില്ലിബ്രാണ്ട് * കണികയാണ് (vW Factor) ഈ പ്ലേറ്റ്ലെറ്റുകളെ ഇങ്ങനെ പ്രതലത്തില്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നത്. മുറിവില്ലെങ്കില്‍ വില്ലിബ്രാന്റ് കണിക ധമനിക്കുപുറത്ത് തലകാണിക്കില്ല, അതു കൊണ്ട് സാധാരണ അവസ്ഥകളില്‍ രക്തം ധമനിക്കുള്ളില്‍ കട്ടപിടിക്കാറുമില്ല.

ഇങ്ങനെ പറ്റിപ്പിടിക്കുന്ന പ്ലേറ്റ്ലെറ്റുകളില്‍ ചില മാറ്റങ്ങളും കാണാം. ഒന്നാമതായി മൂപ്പരു അടപോലെ പരന്ന ആകൃതിയുപേക്ഷിച്ച് ശരീരം മുഴുവന്‍ മുള്ളുകളുണ്ടെന്നു തോന്നിക്കുന്ന ഒരു കൊച്ചു 'ഫീകരനാകുന്നു' (!) തുടര്‍ന്ന് മൂപ്പര്‍ ചില ദ്രാവകങ്ങളെ കണികാരൂപത്തില്‍ വിസര്‍ജ്ജിക്കുന്നു. കാല്‍ഷ്യം, സീറട്ടോണിന്‍, അഡിനോസിന്‍ എന്നിങ്ങനെയുള്ള 'കട്ടപിടിക്കല്‍' രാസവസ്തുക്കളാണിതില്‍ പ്രധാനം. പിന്നെ ചുറ്റുവട്ടത്തുള്ള പ്ലേറ്റ്ലെറ്റുകൂട്ടുകാരെയൊക്കെ അങ്ങോട്ടു വിളിച്ചുവരുത്തി ധമനിയിലെ മുറിവടയ്ക്കാന്‍ മൂപ്പര് ത്രോമ്പോക്സേയ്ന്‍ എന്നൊരു വസ്തുവിനെക്കൂടി നിര്‍മ്മിച്ച് പുറത്തേയ്ക്കുവിടും. ഈ ത്രോമ്പോക്സേയ്ന്‍ പോയി അയല്പക്കത്തുള്ള പ്ലേറ്റ്ലെറ്റുകളെയൊക്കെ വിളിച്ചുവരുത്തി പ്രസ്തുത മുറിവില്‍ കേറിയങ്ങ് 'അട്ടിയിടും'. അതോടെ താ‍ല്‍ക്കാലികമായെങ്കിലും മുറിവടയുന്നു. ബ്ലീഡിംഗ് ക്ലീന്‍! തീര്‍ന്നൊ ? ഇല്ലില്ല ! ഇതൊരു താല്‍ക്കാലിക പ്ലഗ് മാത്രമാണ്. രക്തത്തിന്റെ നല്ലൊരു കുത്തോഴുക്കുണ്ടായാല്‍ ഈ പ്ലഗ്ഗ് തകര്‍ന്ന് ഡാം തുറന്നുവിട്ടപോലെ രക്തം ചാടും. അപ്പോള്‍ കുറേക്കൂ‍ടി കട്ടിയുള്ള ഒരു സംഗതികൊണ്ട് ഓട്ടയടച്ചാലേ ശരിയാകൂ. അതിനാണ് ഫൈബ്രിന്‍ ! ഫൈബ്രിനോജെന്‍ എന്ന കണിക ലക്ഷക്കണക്കിനായി വന്ന് ഒട്ടിച്ചേര്‍ന്ന് വലിയ വലയുടെ ഇഴകള്‍ പോലെ നിന്നാണ് ഈ രണ്ടാം പ്ലഗ് ഉണ്ടാകുന്നത്. ഇതിനും പ്ലേറ്റ്ലെറ്റ് തന്നെ വിചാരിക്കണം. പ്ലേറ്റ്ലെറ്റിന്റെ പ്രതലത്തിലേക്ക് വന്ന് അണിനിരക്കുന്ന നെഗറ്റീവ് ചാര്‍ജ്ജുള്ള (ഋണ ചാര്‍ജ്) ഫോസ്ഫൊ ലിപ്പിഡ് കണികകളാണ് ഫൈബ്രിനോജെന്‍ അടക്കമുള്ള സകല ഗുലാബികള്‍ക്കും വന്ന് ഒട്ടിപ്പിടിക്കാ‍ന്‍ വേദിയൊരുക്കുന്നത്. സാധാരണഗതിയില്‍ ഒരു മുറിവടച്ച് രക്തസ്രാവം നിര്‍ത്താന്‍ സഹായിക്കേണ്ടുന്ന ഈ പ്രക്രിയ ചെറുരക്തധമനികളില്‍ സംഭവിക്കുമ്പോള്‍ സാമാന്യം നല്ലൊരു "ബ്ലോക്ക് " തന്നെ രൂപപ്പെടുന്നു. ഈ ബ്ലോക്ക് തലച്ചോറിലെയോ ഹൃദയത്തിലെയോ താരതമ്യേന വ്യാസം കുറഞ്ഞ രക്തധമനികളിലാണെങ്കിലുള്ള കഥയൊന്നോര്‍ത്തുനോക്കു. സ്ട്രോക്ക് (പക്ഷാഘാതം/തളര്‍വാതം) അല്ലെങ്കില്‍ ഹൃദയാഘാതം എന്നിവയാവും ഫലം. കൊളസ്ട്രോള്‍, മറ്റു കൊഴുപ്പുകള്‍, കാല്‍ഷ്യം എന്നിവയൊക്കെ അടിഞ്ഞുകൂടിയ ധമനികളിലാണ് ഇത്തരം ബ്ലോക്കുകള്‍ വരുക കേട്ടോ. ശരി, പ്ലേറ്റ്ലെറ്റ് പുരാണം ഇത്രയും മതി തല്‍ക്കാലം.

ഇനി, എന്തിനാണ് ഇതൊക്കെ പറഞ്ഞ് കാടെല്ലാം തല്ലിയതെന്നല്ലേ?

മേല്‍പ്പറഞ്ഞ ഫിസിയോളജിയിലെ ഓരോ പടിയിലും കേറി 'പണിപറ്റിക്കുന്ന' അസംഖ്യം അലോപ്പതി മരുന്നുകള്‍ രോഗചികിത്സക്ക് നമ്മുറ്റെ സഹായത്തിനുണ്ട്. ഒറ്റ ഉദാഹരണം പറയാം - നമ്മുടെ ചിരപരിചിതനായ ആസ്പിരിന്‍ തന്നെ ! ത്രോമ്പോക്സേയിന്‍ ഉണ്ടാക്കുന്നതില്‍ ന്‍ഇന്നും പ്ലേറ്റ്ലെറ്റുകളെ തടയുക എന്നതാണ് ആസ്പിരിന്റെ ജന്മലക്ഷ്യം. ത്രൊമ്പോക്സേയിനെ തടഞ്ഞാല്‍ കൂടുതല്‍ പ്ലേറ്റ്ലെറ്റുകള്‍ വന്നടിഞ്ഞ് സംഗതികള്‍ സങ്കീര്‍ണ്ണമാകാതെ നോക്കാം. അതുകൊണ്ടാണ് ഏതെങ്കിലും രീതിയില്‍ ഹൃദ്രോഗ/പക്ഷാഘാത സാധ്യത വര്‍ദ്ധിച്ചിരിക്കുന്നവര്‍ക്ക് ആസ്പിരിന്‍ ചെറു ഡോസില്‍ (75 - 150 മില്ലീഗ്രാം) തുടര്‍ച്ചയായി കഴിക്കാന്‍ നല്‍കുന്നതും. പെട്ടെന്ന് നെഞ്ചുവേദന വരുകയും അതു ഹൃദയാഘാതമാണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ 325 മില്ലിഗ്രാം ആസ്പിരിന്‍ ഉടന്‍ തന്നെ കഴിക്കാന്‍ കൊടുക്കുന്നതും ഹൃദയ ധമനിയില്‍ ഈ പ്ലേറ്റ്ലെറ്റ് പ്ലഗ് രൂപപ്പെട്ട് സംഗതികള്‍ വഷളാകാതിരിക്കാനാണ്. ത്രോമ്പോക്സേയിന്‍ ഒരു വേദനാകാരി കൂടെയാണ്. ത്രൊമ്പോക്സേയിനെ തടഞ്ഞാല്‍ അതുമൂലമുണ്ട്കുന്ന വേദനയും തടയാം എന്ന സ്വാഭാവിക യുക്തിയനുസരിച്ചാണ് ചതവിനും ഉളുക്കിനും മറ്റും ആസ്പിരിന്‍ ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്നതും.ഇത്രയും പറഞ്ഞതില്‍ നിന്നു തന്നെ ആസ്പിരിന്‍ അമിതമായി ഉപയോഗിച്ചാല്‍ ദൂഷ്യങ്ങളുമുണ്ടാകും എന്നു മനസ്സിലായിക്കാണുമല്ലോ.

രക്തദാനവും പ്ലേറ്റ്ലെറ്റ് ദാനവും !

രക്തകോശങ്ങള്‍ ഉണ്ടാകുന്ന മജ്ജയില്‍ (bone marrow) മെഗാ കാര്യോസൈറ്റ് എന്നു വിളിക്കുന്ന ഭീമന്‍ കോശങ്ങളില്‍ നിന്നാണ് പ്ലേറ്റ്ലെറ്റുകള്‍ ഉണ്ടാക്കപ്പെടുന്നതു. മറ്റെല്ലാ രക്തകോശങ്ങളേയും പോലെ പ്ലേറ്റ്ലെറ്റുകളും വയസ്സാകുമ്പോള്‍ പ്ലീഹയാല്‍ (spleen) നശിപ്പിക്കപ്പെടുന്നു. സാധാരണ അവസ്ഥകളില്‍ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ ശരീരത്തില്‍ പുതുതായി ഉണ്ടായി വരാന്‍ 5 മുതല്‍ 7 ദിവസം വരെയെടുക്കും. എന്നാല്‍ അസുഖമോ രക്തസ്രാവം മൂലമോ പ്ലേറ്റ്ലെറ്റുകള്‍ ശരീരത്തില്‍ അമിതമായി നശിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്ന അവസരത്തില്‍ ശരീരത്തിന്റെ രക്തസഞ്ചയികയായ മജ്ജ ‘ഓവര്‍ ടൈം’ പണിയെടുത്ത് പ്ലേറ്റ്ലെറ്റുകളെ അധികമായി ഉല്‍പ്പാദിപ്പിക്കുന്നു. അതുകൊണ്ടുതന്നെ 40,000ത്തില്‍ താഴെക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് പോകുമ്പോ‍ഴേ നാം കരുതലോടെയിരിക്കേണ്ടതുള്ളൂ. 20,000ത്തില്‍ താഴെപ്പോയാല്‍ തൊലിക്കടിയില്‍ നിന്നോ, ആന്തരികാവയവങ്ങളില്‍ നിന്നോ (പ്രത്യേകിച്ച് മൂക്ക്, ആമാശയം, കുടല്‍ എന്നിവ) സ്വയമേവ രക്തസ്രാവം ഉണ്ടാകും. അങ്ങനെയൊരു അവസ്ഥ വരാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയ്ക്ക് 20,000 ത്തില്‍ താഴെ പ്ലേറ്റ് ലെറ്റ് കൌണ്ട് പോകുന്ന രോഗിക്ക് അലോപ്പതിയില്‍ പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ (platelet transfusion) നടത്തുന്നു. **
പല വ്യക്തികളില്‍ നിന്നായി അല്പാല്‍പ്പം രക്തം ശേഖരിച്ച് അവയില്‍ നിന്ന് പ്ലേറ്റ്ലെറ്റുകളടക്കമുള്ള കോശങ്ങളെ വേര്‍തിരിച്ച് സ്വരുക്കൂട്ടി ഉപയോഗിക്കുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ വ്യാപകമെങ്കിലും പ്ലേറ്റ്ലെറ്റ് ഏയ്ഫെറസിസ് ( Platelet Apheresis) എന്ന പുതിയ സങ്കേതം വഴി രക്തദാതാവിന്റെ പ്ലേറ്റ്ലെറ്റുകള്‍ മാത്രം വേര്‍തിരിച്ചിട്ട് ബാക്കി രക്തം ഞരമ്പിലൂടെത്തന്നെ തിരികെ നല്‍കാനും ഇന്ന് കഴിയും.
രക്തദാനം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നും കഷ്ടിച്ച് 350 മില്ലീ രക്തമേ പോകുന്നുള്ളൂ. അങ്ങനെ നഷ്ടപ്പെടുന്ന പ്ലേറ്റ്ലെറ്റുകള്‍ ഏതാണ്ട് 48 മണിക്കുറ് കഴിയുമ്പോള്‍ മജ്ജ കിണഞ്ഞു പണിയെടുത്ത് പൂര്‍വ്വസ്ഥിതിയിലെത്തിക്കും. എന്നാല്‍ 10,000 മോ 20,000 മോ ഒക്കെയായി താഴുന്ന പ്ലേറ്റ്ലെറ്റുകളെ സുരക്ഷിതമായ ഒരു നിലയിലേക്ക് (50,000 - 75,000) ഉയര്‍ത്താന്‍ ഒരല്‍പ്പം സമയം കൂടുതല്‍ വേണം. ചിക്കുന്‍ ഗുന്യ, ഡെങ്കി എന്നീ വക പനികളില്‍ ശരീരത്തിന്റെ ആ സ്വാഭാവിക പ്രവര്‍ത്തനം അല്പം മന്ദീഭവിക്കുന്നു എന്നതിനാലാണ് പ്ലേറ്റ്ലെറ്റുകളെ നാം പുറമേ നിന്നു ട്രാ‍ന്‍സ്ഫ്യൂഷന്‍ വഴിയായി നല്‍കുന്നത്. ഒന്നോ രണ്ടോ ട്രാന്‍സ്ഫ്യൂഷന്‍ മതി രോഗിയുടെ അപകടനില തരണം ചെയ്യാന്‍. അതുകഴിഞ്ഞാല്‍ ഡെങ്കിയുടെ/ചിക്കുന്‍ ഗുന്യയുടെ തീവ്രത കുറയുന്നതിനൊത്ത് രോഗിയുടെ പ്ലേറ്റ്ലെറ്റ് നില മെച്ചപ്പെടുന്നതും കാണാം. ഒപ്പം പറയട്ടെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ രക്തസ്രാവത്താലല്ല ഡെങ്കി രോഗികള്‍ മരണപ്പെടാന്‍ സാധ്യത - മറിച്ച് രക്തത്തിലെ ജലാംശം കുറഞ്ഞ് രക്ത സമ്മര്‍ദ്ദം താഴ്ന്നുണ്ടാകുന്ന ‘ഷോക്ക്’ എന്ന അവസ്ഥയിലാകുമ്പോഴാണ് . ഇതിന്റെ ചികിത്സ രക്തദാനമല്ല, ഡ്രിപ്പ് നല്‍കി ധമനികളില്‍ ജലാംശം വര്‍ധിപ്പിച്ച് ബി.പി താഴാതെ നോക്കലാണ്.


പപ്പായ ഇല ജ്യൂസാക്കി കുടിച്ചാല്‍ സുമേഷ് ജിയും മേല്‍ കൊടുത്തിട്ടുള്ള ഈ-മെയില്‍ ലിങ്കുകളിലെ വ്യക്തികളും പറയുമ്പോലെ പ്ലേറ്റ്ലെറ്റുകള്‍ അങ്ങനെയങ്ങു വര്‍ധിക്കുമെങ്കില്‍ ഒരസുഖവുമില്ലാത്ത ഒരാള്‍ ഈ ഒറ്റമൂലി ധാരാളമായി അടിച്ചാല്‍ ശരീരത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ ക്രമാതീതമായി വര്‍ധിച്ച് പ്ലേറ്റ്ലെറ്റ്-ക്യാന്‍സര്‍ പോലുള്ള (എസ്സന്‍ഷ്യല്‍ ത്രോമ്പോസൈറ്റോസിസ് ) ഒരവസ്ഥ വന്ന് ചാകണമല്ലോ ?


പശുവും ആടും മറ്റു നാല്‍ക്കാലികളുമൊക്കെ പപ്പായയില ധാരാളം തിന്നുന്നത് കണ്ടിട്ടുണ്ട്. അവറ്റകളൊക്കെ രക്തം കട്ടപിടിച്ച് ചാകണമല്ലോ ?
പപ്പായ ജ്യൂസ്/പപ്പായ ഇലയുടെ ജ്യൂസ് ഒരു മരുന്നായിട്ടാണ് സുമേഷിന്റെ പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതും രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒറ്റയടിക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് നോര്‍മലൈസു ചെയ്യാന്‍ കഴിയും വിധം potency ഉള്ള ഒരു മരുന്നായി. അങ്ങനെയാകുമ്പോള്‍ അതിന്റെ സൈഡ് ഇഫക്റ്റ് പ്രൊഫൈല്‍, ഫാര്‍മക്കോഡൈനാമിക്സ്, തെറപ്യൂട്ടിക് വിന്‍ഡോ എന്നിവയൊന്നുമറിയാതെ അതൊരു ചികിത്സാരീതിയായി ഉപയോഗിക്കുന്നതിനേക്കുറിച്ച് എനിക്കു സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവുന്നില്ല. ഇലയില്‍ നിന്നോ കായില്‍ നിന്നോ വേരില്‍നിന്നോ ഒക്കെ കിട്ടുന്നതാണെന്നു കരുതി ഒരു മരുന്ന് overdose toxicity ഉണ്ടാക്കില്ല എന്ന് കരുതാമോ ? ഉമ്മത്തിന്‍ കായ, സര്‍പ്പഗന്ധി എന്നിവയും ഈ അവസരത്തില്‍ സ്മരണീയം. (അംബി ജീയുടെ കമന്റ്റിനിട്ട മറുപടിയില്‍ നിന്നും ചേര്‍ത്തത് )

മേല്‍ വിവരിച്ച പ്ലേറ്റ്ലെറ്റ് ഫിസിയോളജിയുടെ എതു ശ്രേണിയിലാണ് പപ്പായ പ്രതിപ്രവര്‍ത്തിക്കുന്നതെന്നു അറിയാമോ? എത്ര ഡോസില്‍ കഴിച്ചാലാണ് പ്ലേറ്റ്ലെറ്റ് കൃത്യമായി നമുക്കാവശ്യമുള്ളത്ര അളവില്‍ വര്‍ധിക്കുക ? ഇങ്ങനെ വര്‍ദ്ധിക്കുന്ന പ്ലേറ്റ്ലെറ്റുകളെ മജ്ജയില്‍ നോക്കിയാല്‍ കാണാനാകുമോ ? (ദാ ഈ കമന്റില്‍ അല്പം കൂടി വിശദീകരണമുണ്ട്, ടെക്നിക്കല്‍ പോയിന്റുകളോടെ)

ഏതായാലും അശോക് കര്‍ത്താ മാഷിനു വന്ന പാപ്പിലോമാ വൈറസ് വെളിപാടു പോലൊരു സ്പാം മാത്രമാണിത് എന്നേ പറയാനാവു . ഇനി സുമേഷ് ജി യുടെ പോസ്റ്റില്‍ പറയുന്നതാണ് സംഭവം എന്നു തന്നെയിരുന്നാലും ആ പേഷ്യന്റ് പപ്പായ ജ്യൂസടിച്ചിട്ടാണ് പ്ലേറ്റ് ലെറ്റ് കൌണ്ട് കൂടിയത് എന്നതിന് വസ്തുനിഷ്ഠമായ തെളിവേ അല്ല അത്. മലേറിയ ബാധിച്ച ഒരു കൊച്ചുകുട്ടിക്കും ഇതേ ഒറ്റമൂലി പരീക്ഷിച്ചു വിജയിച്ചു എന്നു പറയുന്നുണ്ട് ആ പോസ്റ്റില്‍. (പോട്ടാധ്യാനകേന്ദ്രവും, ഏര്‍വാടിയുമൊക്കെ ഒന്നു പരീക്ഷിക്കാമായിരുന്നു. ഒരു ഡാവിന് രക്ഷപ്പെട്ടാല്‍ പിന്നെ അതും റെക്കമെന്റ് ചെയ്യാമല്ലോ! )

മാതൃഭൂമിയിലെ ഞായറാഴ്ച സപ്ലിമെന്റില്‍ സിനിമാക്കോളത്തിനു താഴെ ഇത് പോലെ ചില ഒറ്റമൂലികള്‍ കാണാം. പിന്നെ ഗൃഹലക്ഷ്മി, വനിത തുടങ്ങിയ മാസികകളിലും. മുഖം വെളുക്കാന്‍, തടികുറയ്ക്കാന്‍, മുഖക്കുരുമാറ്റാന്‍, ചൊറി കുറയ്ക്കാന്‍, പല്ലുവെളുക്കാന്‍ തുടങ്ങി പലതിനും കാണാം ഒറ്റമൂലികള്‍. പക്ഷേ ശാസ്ത്രീയതയെക്കുറിച്ചുള്ള ചോദ്യങ്ങളുയരുമെന്നു പേടിച്ചാണോ ആവോ അവരിതുവരെ എയിഡ്സിനും ക്യാന്‍സറിനും ഡെങ്കിപ്പനിക്കും ഒന്നും ഒറ്റമൂലികള്‍ ഉപദേശിച്ചുകണ്ടിട്ടില്ല. ഇനിയിപ്പോ അതും കാണേണ്ടി വര്വോ ?


പിന്‍ വിളി :
ശാസ്ത്രകാര്യങ്ങളിലെ വസ്തുനിഷ്ഠതയ്ക്കു വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത വിക്കി പീഡിയയില്‍ പോലും ഈ പപ്പായാ ജ്യുസ് ഒറ്റമൂലി തര്‍ക്കത്തിലിരിപ്പാണ്. ( ഭാഗ്യം! ഇല്ലെങ്കില്‍ ഇനി ആരെങ്കിലും പൊക്കിപ്പിടിച്ചോണ്ടുവരുന്ന അതിലെ റെഫറന്‍സിനും മറുപടിയിട്ട് കൈകുഴഞ്ഞേനെ !)* രക്തത്തിന്റെ കട്ടപിടിക്കല്‍ പ്രക്രിയയെകുറിച്ച് പഠിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച ഫിന്‍ലന്റുകാരനായ പീഡിയാട്രീഷ്യന്‍ ഡോ: എറിക് അഡോള്‍ഫ് വോണ്‍ വില്ലിബ്രാണ്ടിന്റെ (1870 - 1949 ) ഓര്‍മ്മയ്ക്ക് ഇട്ട പേരാണ്.

* * പല അവസരത്തിലും ഈ ഒരു മാര്‍ജിന്‍ മുതലെടുത്ത് വന്‍ കിട ആശുപത്രികള്‍
ആവശ്യത്തിനും അനാവശ്യത്തിനും പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ നിര്‍ദ്ദേശിക്കാറുണ്ട് എന്നതും ഒരു സത്യമാണ്. തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാര്‍ ആശുപത്രി 2005ലെ ഡെങ്കിപ്പനിക്കാലത്ത് പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ വഴിയുണ്ടാക്കിയ കാശുമാത്രം മതി അവരുടെ ബ്ലഡ് സെപ്പറെറ്ററുടെ മുതല്‍മുടക്ക് വസൂലാവാന്‍ !

Disclaimer

പപ്പായ സമൂലം ഒരു പാഴ് ചെടിയാണെന്നൊന്നും ഈ പോസ്റ്റിലെ വരികള്‍ക്കിടയില്‍ വായിച്ച് 'നിഗമനോല്‍പ്രേക്ഷ' നടത്തരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
ഓര്‍ക്കുക : പഴുക്കാത്ത പപ്പായയിലെ ആല്‍ക്കലോയ്ഡുകള്‍ ധാരാളമായി ഉള്ളില്‍ച്ചെന്നാല്‍ ഗര്‍ഭം കലങ്ങുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് കുരങ്ങുകളില്‍. മനുഷ്യരില്‍ മുന്‍ കാലങ്ങളില്‍ പഴുക്കാത്ത പപ്പായ ‘ഗര്‍ഭം കലക്കി’യായി ഉപയോഗിച്ചിരുന്നുവെന്ന് കാണുന്നു. അതേ കുരങ്ങുകളില്‍ പപ്പായ കുരു വലിയ അളവില്‍ കൊടുത്താല്‍ വന്ധ്യതയുണ്ടാകുന്നതായും പഠനം വന്നിട്ടുണ്ട് !

20 comments:

 1. ഒറ്റമൂലികളും വൈദ്യശാസ്ത്രവും : ഒരു ‘പപ്പായ‘ പരിപ്രേക്ഷ്യം!"
  new post at : മെഡിസിന്‍ @ ബൂലോകം

  ....സുമേഷ് ജി യുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ 2005ലോ മറ്റോ അയച്ചുകിട്ടിയ ഒരു ഈ-മെയില്‍ ലിങ്കാണ് ഓര്‍മ്മവന്നത്. അതിവിടെ. പിന്നെ ദാ ഇത് ഈയടുത്ത് കിട്ടിയത്. ഈ കൊടുത്തിട്ടുള്ള ലിങ്കുകളല്ല സുമേഷ് ജിയുടെ പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍ 'ഒറ്റമൂലി' യുടെ ഉറവിടം എന്ന് കരുതട്ടെ ? സുമേഷ് ജി നേരിട്ട് ഇടപെട്ട സംഭവമാണ്, അഥവാ നേരിട്ട് കണ്ടു ബോധ്യപ്പെട്ട സംഗതിയാണ് ആ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നത് എങ്കില്‍ ഒന്നേ പറയാനുള്ളൂ : പറ്റുമെങ്കില്‍ ആ രോഗിയെ ചികിത്സിച്ചതിന്റെ ഡീറ്റെയില്‍ഡ് കടലാസുകള്‍ ഒന്നയച്ചുതരിക. (അഡ്രസ്സ് ചോദിച്ചാല്‍ തരാം). അത്ര ഗ്യാരണ്ടിയുള്ള ചികിത്സാമുറയാണെങ്കില്‍ ഒന്നു പരീക്ഷിക്കണമല്ലോ. വല്ല പേറ്റന്റും ഒപ്പിക്കാനായാലോ. നാളെയിനി സായിപ്പ് ഇതടിച്ചെടുത്തുകഴിയുമ്പോള്‍ താളിയോലയിലെ പുരാണവും വിളമ്പി നടക്കേണ്ട ഗതിവരരുതല്ലോ!

  ReplyDelete
 2. താങ്കളുടേതു് വൃഥാവ്യായാമാണെന്നു് പറയാതെവയ്യ ഡോക്ടറെ.ഹോളിസ്റ്റിക്‍ കാഴ്ചപ്പാടു് തീരെയില്ലാത്ത അലോപ്പതി ഉപയോഗിച്ചു് ആയുര്‍വേദത്തെയോ മറ്റിതര ചികിത്സാരീതികളേയോ നോക്കിക്കണ്ടാല്‍ ഇങ്ങനേയെ ഇരിക്കൂ.
  അലോപ്പതിക്കാര്‍ തങ്ങളുടെ ഇടയിലുള്ള തട്ടിപ്പുകളേയും തിന്മകളേയും കുറിച്ചു് എഴുതുന്നതായിരിക്കും ജനങ്ങള്‍ക്കു് നല്ലതു്.അതുപോലെ ഇതര ചികിത്സാരീതി അവലംബിക്കുന്നവര്‍ അവരുടെ ഇടയിലുള്ള കള്ളനാണയങ്ങളെക്കുറിച്ചും.

  ReplyDelete
 3. 1)പപ്പായയുടെ ഇളം ഇലയുടേ ജ്യൂസ് ഉണ്ടാക്കി കുടിച്ചപ്പോള്‍ സുമേഷിന് അറിയാവുന്ന ഡെങ്കിപ്പനി വന്ന കുറേയേറെയാള്‍ക്കാരുടേ ചില രോഗലക്ഷണങ്ങള്‍ കുറയുകയുണ്ടായി.മലേറിയ വന്നവര്‍ക്കും ചില രോഗലക്ഷണങ്ങള്‍ കുറയുന്നതായി കണ്ടു.രോഗം മൂലം കുറഞ്ഞിരുന്ന പ്ലെറ്റ്ലെറ്റ് അളവുകള്‍ കൂടുന്നത് പ്രത്യേകമായും ശ്രദ്ധിയ്ക്കപ്പെട്ടു.

  2)മനസ്സിലായ അറിവുകള്‍ അദ്ദേഹം മറ്റുള്ളവര്‍ക്കുപയോഗപ്പെടാനായി ഒരു പോസ്റ്റാക്കിയിട്ടു.
  (അദ്ദേഹം മനസ്സിലാക്കിയ രീതിയില്‍)

  പക്ഷേ ഒരു ചികിത്സകന്‍ / ശാസ്ത്രജ്ഞന്‍ ഇതിനെ സൂരജ് കാണുന്ന വിധമല്ല കാണേണ്ടിയിരുന്നത്

  “വല്ല പേറ്റന്റും ഒപ്പിക്കാനായാലോ“

  “....അറിയാത്ത/അറിയാന്‍ മെനക്കെടാത്ത ബിരുദ-ബിരുദാനന്തരധാരികളുള്ള ഒരു നാട്ടില്‍ എന്ത് അമേദ്യവും വിറ്റു പോകും; പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും...എങ്കിലും ഇതൊക്കെ കാണുമ്പോള്‍ പിന്നേം ചൊറിയും“

  എന്നൊക്കെ ഇവിടെ പറയേണ്ട ഒരു കാര്യവുമില്ല .

  താങ്കള്‍ വീണ്ടും ചോദിയ്ക്കുന്നു..

  ”മേല്‍ വിവരിച്ച പ്ലേറ്റ്ലെറ്റ് ഫിസിയോളജിയുടെ എതു ശ്രേണിയിലാണ് പപ്പായ പ്രതിപ്രവര്‍ത്തിക്കുന്നതെന്നു അറിയാമോ? എത്ര ഡോസില്‍ കഴിച്ചാലാണ് പ്ലേറ്റ്ലെറ്റ് കൃത്യമായി നമുക്കാവശ്യമുള്ളത്ര അളവില്‍ വര്‍ധിക്കുക ? ഇങ്ങനെ വര്‍ദ്ധിക്കുന്ന പ്ലേറ്റ്ലെറ്റുകളെ മജ്ജയില്‍ നോക്കിയാല്‍ കാണാനാകുമോ ?“

  ചോദ്യം ആരോടാണ്? സുമേഷിനോടോ? അതോ ഇവിടെ കമ്പ്യൂട്ടറും അതേലെഴുമാന്‍ മലയാളവും മാത്രമുള്ള കുറേ മനുഷ്യരോടോ? അത് ഒരു ചികിത്സകന്‍/ ശാസ്ത്രവിദ്യാര്‍ത്ഥിയായ സൂരജ് സ്വയം ചോദിയ്ക്കേണ്ട ചോദ്യമല്ലേ? താല്‍പ്പര്യമില്ലെങ്കില്‍ താല്‍പ്പര്യമില്ല അത്ര തന്നെ.താല്‍പ്പര്യമുള്ളവര്‍ നോക്കിക്കോട്ടേ..അല്ല അതിനി ആരെങ്കിലും കണ്ടുപിടിച്ച് ബുക്കിലെഴുതിവച്ചാലേ വിശ്വസിയ്ക്കൂ എന്നുണ്ടോ?

  എങ്കില്‍ താളിയോല/ പാരമ്പര്യ വാദികളും താങ്കളും തമ്മിലെന്താണ് വ്യത്യാസം? താങ്കള്‍ ബുക്ക് വാദി അവര്‍ താളിയോലവാദി.

  “ഏതായാലും അശോക് കര്‍ത്താ മാഷിനു വന്ന പാപ്പിലോമാ വൈറസ് വെളിപാടു പോലൊരു സ്പാം മാത്രമാണിത് എന്നേ പറയാനാവു “

  എന്നെങ്ങനെ ഉറപ്പിയ്ക്കാന്‍ കഴിയും? സുമേഷ് അനുഭവമാണ് എഴുതിയിരിയ്ക്കുന്നത്. സൂരജ് ഒരു വെബ് പേജെന്നതുപോലെ സുമേഷും എനിയ്ക്കൊരു വെബ് പേജാണ്. സൂരജിന് ആ അനുഭവമില്ല എന്ന് പറയാം. സുമേഷിന് അതുണ്ടായിട്ടില്ല എന്ന് പരിശോധിച്ച് സ്വയം ഉറപ്പ് വരുത്തും വരെയുള്ള ഊഹങ്ങളൊക്കെ എങ്ങനെയാണ് ശാസ്ത്രീയമാവുക?

  “പശുവും ആടും മറ്റു നാല്‍ക്കാലികളുമൊക്കെ പപ്പായയില ധാരാളം തിന്നുന്നത് കണ്ടിട്ടുണ്ട്. അവറ്റകളൊക്കെ രക്തം കട്ടപിടിച്ച് ചാകണമല്ലോ ?“

  ഈ ചോദ്യവും അശാസ്ത്രീയമല്ലേ? പപ്പായയില തിന്നോണ്ടിരുന്നാല്‍ പ്ലെറ്റ്ലെറ്റ് കൌണ്ട് നില്‍ക്കാതെ കൂടും എന്നൊന്നും ആരും അവിടെ പറഞ്ഞിട്ടില്ലല്ലോ. പ്ലേറ്റ്ലെറ്റ് സാധാരണ നിലയിലായി എന്ന ഒരു അനുഭവം സുമേഷ് എഴുതി.സൂരജിന്റെ യുക്തി വച്ച് നോക്കിയാല്‍ കാരറ്റ് കഴിയ്ക്കുന്ന മുയലുകള്‍ ഹൈപ്പര്‍ വിറ്റമിനോസിസ് ഏ വന്ന് ചത്തുപോകും.പശുക്കുട്ടി കാത്സ്യം കൂടി കുഴപ്പത്തിലാകും.പുലി കടുവയൊക്കെ എന്നേ ഗൌട്ടും ഹാര്‍ട്ടറ്റാക്കുമൊക്കെ വന്ന് ഫോസില്‍ മാത്രമായേനേ?

  പിന്നെ സൂരജ് ഇടയ്ക്കിടേ പപ്പായജ്യൂസിലേയ്ക്കും അവിടുന്ന് പപ്പായയില ജ്യൂസിലേയ്ക്കും മാറി പോകുന്നതായി കാണുന്നു. പപ്പായ പഴ ജ്യൂസും പപ്പായയില ജ്യൂസും രണ്ടല്ലേ?


  പിന്നീട്
  “ഒരസുഖവുമില്ലാത്ത ഒരാള്‍ ഈ ഒറ്റമൂലി ധാരാളമായി അടിച്ചാല്‍ ശരീരത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ ക്രമാതീതമായി വര്‍ധിച്ച് പ്ലേറ്റ്ലെറ്റ്-ക്യാന്‍സര്‍ പോലുള്ള (ത്രോമ്പോസൈറ്റോസ് ) ഒരവസ്ഥ വന്ന് ചാകണമല്ലോ ?“

  എന്നും അങ്ങ് പറയുന്നു. ത്രോമ്പോ സൈറ്റോസിസും കാന്‍സറും ഒന്നല്ല. ത്രോമ്പോ സൈറ്റോസിസിസിന് (രക്തത്തിലെ പ്ലേറ്റ്ലെറ്റ് ക്രമാതീതമായി കൂടുന്ന അവസ്ഥ, Thrombocytosis) ചിലതരം രക്താര്‍ബുദങ്ങള്‍ കാരണമാകുന്നുണ്ടെങ്കിലും അര്‍ബുദമല്ലാത്ത പല രീതിയിലുള്ള മറ്റ് മജ്ജാ രോഗങ്ങളും കാരണമാകാം.സാധാരണ ഒരു അണുബാധ മൂലമുണ്ടാകുന്ന ഇന്‍ഫ്ലമേഷന്‍ കൊണ്ടും ത്രോംബോ സൈറ്റോസിസ് വരാം. പ്ലീ‍ഹ രോഗങ്ങള്‍ കാരണമായും പ്ലെറ്റ്ലെറ്റ്കളുടേ അളവില്‍ മാറ്റമുണ്ടാകാം.(ഇതൊന്നും അറിയാത്തതല്ല എന്നുറപ്പുണ്ട് .തിരക്കില്‍ തെറ്റിപ്പോയതാകും.)

  മാത്രമല്ല ഈ ജ്യൂസ് പ്ലെറ്റ്ലെറ്റ് കൂട്ടും എന്നുതന്നെ വയ്ക്കുക.(വാദത്തിനായി മാത്രം. അനുഭവമില്ലാതെ എനിയ്ക്കും ഉറപ്പിയ്ക്കാനാവില്ല.) സൂരജിന്റെ വാദം ശരിയെങ്കില്‍--
  (“ഒരസുഖവുമില്ലാത്ത ഒരാള്‍ ഈ ഒറ്റമൂലി ധാരാളമായി അടിച്ചാല്‍ ശരീരത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ ക്രമാതീതമായി വര്‍ധിച്ച് പ്ലേറ്റ്ലെറ്റ്-ക്യാന്‍സര്‍ പോലുള്ള (ത്രോമ്പോസൈറ്റോസ് ) ഒരവസ്ഥ വന്ന് ചാകണമല്ലോ ?“ എന്ന വാദം)

  --പാരസിറ്റമോല്‍ ഓവര്‍ഡൊസില്‍ രോഗി ശരീര താപം കുറഞ്ഞ് ചാകണം.അങ്ങനെയല്ലല്ലോ സംഭവിയ്ക്കുക. ? ചാകും എന്ന് ഉറപ്പുണ്ടേലും:). അപ്പൊ അതിന്റെ മുഴുവന്‍ മെക്കനിസവും അറിയണം.

  തര്‍ക്കമോ വദപ്രതിവാദമോ താല്‍പ്പര്യമില്ല.ഇതിവിടെ കുറിച്ചത് നമ്മുടെ വികാരവും, എന്തിനോടെങ്കിലും ഉള്ള അനുരാഗവും and or ദ്വേഷവും, നമ്മുടേ ന്യൂട്രല്‍‍ ആയ ബുദ്ധിയെ അല്ലെങ്കില്‍ ശാസ്ത്രബോധത്തിനെ എങ്ങനെ ബാധിയ്ക്കുന്നു എന്നൊരു റിട്രോസ്പെക്റ്റീവ് അനാലിസിസിനു കാരണമാകാന്‍ വേണ്ടി മാത്രം.:)

  അതൊഴിച്ച് ഈ ലേഖനത്തില്‍ നല്‍കിയിരിയ്ക്കുന്ന ഇന്‍ഫൊര്‍മേഷനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ലളിതമായ ഒരു ശൈലി ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ താങ്കള്‍ക്കുണ്ട്. മാത്രമല്ല പപ്പായയുടെ ലിങ്കുകളും നന്നായി.രണ്ടും ബ്ലൊഗുകളുടെ ലിങ്കുകളാണല്ലോ? പപ്പായവളര്‍ത്താന്‍ ഇതുവരെ കുത്തകകളൊന്നും തയ്യാറാവാത്തതുകൊണ്ട് പ്രൊപ്പഗാണ്ടാ ആവാന്‍ തരമില്ല എന്നുതന്നെ കരുതാം എന്നു തോന്നുന്നു. ഒരു ഭക്ഷ്യവസ്തുവിന്റെ ഇലയായതിനാല്‍ ചിലവൊന്നുമില്ലാതെ പരീക്ഷിച്ച് നോക്കുന്നതിലും കുഴപ്പമൊന്നുമില്ലല്ലോ?

  ReplyDelete
 4. സൂരജേ, ഒറ്റമൂലികള്‍ ചിലതൊക്കെ ഫലപ്രദമാണെന്നാണ് എന്റേയും വിശ്വാസം.

  മൈഗ്രേനുള്ള ഒറ്റമൂലിയേക്കുറിച്ച് ഞാനിവിടെ പറഞ്ഞിട്ടുണ്ട്.
  http://anooptiruvalla.blogspot.com/2007/11/blog-post_29.html

  ഇവിടെയടുത്ത് മാന്നാറില്‍ മഞ്ഞപ്പിത്തത്തിന് പ്രശസ്തമായ ഒറ്റമൂലിയുണ്ട്. തലമുറകളായി ചികിത്സിക്കുന്ന അവിടെ പതിനായിരങ്ങളാണ് സുഖപ്പെട്ടുമടങ്ങുന്നത്. ഞാനും എന്റെ അനിയനും അവിടെ ചികിത്സിച്ചിട്ടുണ്ട്. ഒരു ചൂര്‍ണ്ണം പത്തുദിവസമോ മറ്റോ പഥ്യത്തോടെ കഴിച്ചാല്‍ മതി.

  വീടിനുതൊട്ടടുത്ത് ഓതറയിലും മഞ്ഞപ്പിത്തത്തിന് ഒറ്റമൂലിയുണ്ട്. അവിടെ വ്യത്യസ്ഥരീതിയാണ്. ഒറ്റത്തവണ മാത്രമേ മരുന്നുള്ളൂ. പഥ്യവും വേണ്ട.

  ReplyDelete
  Replies
  1. ഹെപ്പറ്റൈറ്റിസ് ബി യുടെ ഒറ്റമൂലി ഉണ്ടോ ?

   Delete
 5. സൂരജേ,
  ഒറ്റമൂലികളെക്കുറിച്ച് മാത്രമല്ല് സര്‍വ്വ രോഗ സംഹാരികളെപ്പറ്റി എല്ലാം ഒരുപാട് വിശ്വാസങ്ങള്‍ ഉണ്ട്. അതിനെ എതിര്‍ത്താല്‍ മതവികാരം വൃണപ്പെടുന്നതിന് തുല്ല്യമാകും. കാരണം ആധൂനിക വൈദ്യശാസ്ത്രത്തേക്കാള്‍ മികച്ചതാണ് ഇവയെന്നും ആധൂനിക വൈദ്യശാസ്ത്രം മുട്ടുമടക്കുന്നിടത്ത് ഇവ വിജയിക്കുന്നു എന്നും തെളിയിക്കാന്‍ വെമ്പല്‍കൊണ്ട് നടക്കുന്ന ഒരു വലിയ വിഭാഗവും ഇവിടെ ഉണ്ട്.

  എല്ലാറ്റിനേയും ശാസ്ത്രീയമായി വിലയിരുത്തുന്നു എന്നാണ് ആധൂനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കള്‍ പറയുന്നത്. എന്തുകൊണ്ട് നമുക്കും അങ്ങനെ ആയിക്കൂടാ. പപ്പായ ഇലയുടെ വിഷയം വിട്. അത് ഒരു പ്രത്യേക കേസ് മാത്രമായി തള്ളിക്കള്‍ഞാല്‍ത്തന്നെ മഞ്ഞപ്പിത്ത ചികത്സക്ക് കേരളത്തില്‍ മുഴുവന്‍ ഒറ്റമൂല്ലി ചിക്ത്സ ഉള്ളതാണല്ലോ. അവിടെ എല്ലാം രോഗശാന്തി നടക്കുന്നുണ്ട് എന്നാണ് എന്റേയും അനുഭവം. എനിക്ക് ചെറുപ്പത്തില്‍ മഞ്ഞപ്പിത്തം വന്നപ്പോള്‍ ഇതെ ചികിത്സയാണ് ചെയ്ത് എന്ന് ഓര്‍മ്മിക്കുന്നു. നമുക്ക് ഈ ഒരു കേസ് റ്റെസ്റ്റ് കേസായി എടുത്ത് ഒരു അന്വേഷണം നടത്തിയാലോ.എന്നിട്ട് നമുക്ക് കണ്ടെത്തലുകള്‍ പ്രസിധ്ദീകരിക്കാം. അപ്പോള്‍ അതിന് ആധികാരികതയും കൈവരും. അന്വേഷണം കൊണ്ട് എന്തായാലും ഗുണമേ ഉണ്ടാകൂ. ഒന്നെങ്കില്‍ മഞ്ഞപ്പിത്ത ഒറ്റമൂലികള്‍ തട്ടിപ്പാണ് എന്ന് തെളിയിക്കാന്‍ കഴിയും അലെങ്കില്‍ മഞ്ഞപ്പിത്തത്തിന് അവ എങ്ങനെ ഫലപ്രദമാകുന്നു എന്ന് തെളിയാക്കാനും കഴിയും.

  ReplyDelete
 6. ഒരു പാട് തിരക്കുപിടിച്ചെഴുതിയതു പോലെ. പല സ്ഥലങ്ങളിലും ആവശ്യമില്ലാതെ പരിഹാസ ഭാഷയും ഉപയോഗിച്ചിരിക്കുന്നു.

  ആധുനിക വൈദ്യശാസ്ത്ര വിഷയങ്ങള്‍ ഇത്ര ലളിതമായി വിവരിക്കാന്‍ കഴിയുന്ന താങ്കളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

  ReplyDelete
 7. സുമേഷിന്റെ പോസ്റ്റ് കാട്ടിത്തന്നതിനു നന്ദി

  ReplyDelete
 8. കമന്റിയവര്‍ക്കും കമന്റാനിരിക്കുന്നവര്‍ക്കും നന്ദി.

  സുരലോഗമേ,

  വൃഥാവ്യായാമമാണിത് എന്നു താങ്കള്‍ക്കു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ പോസ്റ്റിടാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളതു പോലെതന്നെ:)


  പ്രിയ അംബി മാഷ് ,
  ആദ്യമായി അഭിനന്ദനങ്ങള്‍ക്കു നന്ദി.
  പിന്നെ ഒരു പിശക് ചൂണ്ടിക്കാട്ടിയതിനും. എസ്സന്‍ഷ്യല്‍ ത്രോമ്പോസൈറ്റോസിസ് (Essential Thrombocytosis) എന്നത് ഡോക്യുമെന്റില്‍ ടൈപ്പു ചെയ്തു ബ്ലോഗറിലേക്കു കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ മുറിഞ്ഞതാണെന്നു തോന്നുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. തിരുത്തിയേക്കാം. (എസന്‍ഷ്യല്‍ ത്രോമ്പോസൈറ്റോസിസ് ഒരു രക്തകോശ ക്യാന്‍സറാണേ)

  1. പോസ്റ്റിലെ ഭാഷയെക്കുറിച്ച് താങ്കള്‍ക്കുള്ള വിയോജിപ്പ് സ്വീകരിക്കുന്നു. സുരലോഗത്തോട് പറഞ്ഞ സ്വാതന്ത്ര്യങ്ങളുടെ പേരില്‍ തന്നെ.
  സുമേഷ് ജി യുടെ ഈ ക്വോട്ടുന്ന വാചകം എന്റെ പോസ്റ്റിന്റെ ഭാഷയെ സാധൂകരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു :
  ...ഇത്തരമൊരവസ്ഥയില്‍, അലോപ്പതിമരുന്നുകള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വേഗതയിലും പണചിലവിലും “പപ്പായനീ‍ര്‍” എന്ന അത്ഭുതമരുന്ന് പ്ലേറ്റ്ലെറ്റ്സ് കൌണ്ടിനെ സാധാരണ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു.. സൈഡ് ഇഫക്റ്റും സ്പെഷ്യല്‍ ഇഫക്റ്റുമൊന്നുമില്ലാതെ!

  2.പ്ലേറ്റ്ലെറ്റ് ഫിസിയോളജിയുടെ ഏതു ശ്രേണിയിലാണ് പപ്പായയില ജ്യൂസ് പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യം സുമേഷിനോടോ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാവുന്നവരെന്ന് താങ്കള്‍ വിശേഷിപ്പിച്ചവരോടോ മാത്രമല്ല. ലോകത്തോട് മുഴുവനും, പിന്നെ എന്നോടു കൂടെയും തന്നെയാണ്. ഈ spam email 2004ലെ ഡെങ്കില്‍ക്കാലം മുതലേ കറങ്ങിനടക്കുന്നതാണെന്ന് അറിയാവുന്നതു കൊണ്ട്. ഇങ്ങനൊരു ഒറ്റമൂലിപ്രയോഗം പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടുമെന്ന അവകാശവാദം ചില ബ്ലോഗുകളിലും ഇ-മെയിലുകളിലുമല്ലാതെ ഒരിടത്തും കണ്ടിട്ടില്ല. വൈദ്യശാസ്ത്രസംബന്ധിയായ ആധികാരിക സോഴ്സുകളിലൊന്നും ഇങ്ങനൊരു ചികിത്സ ഇഫക്റ്റീവണെന്നതിന് തെളിവും ഇല്ല. (ഇനി അങ്ങനെയൊരു റെഫറന്‍സ് കിട്ടിയാല്‍ അതു പരിശോധിക്കാന്‍ തയ്യാറുമാണ് കേട്ടോ.)

  3. വ്യക്തിനിഷ്ഠ അനുഭവങ്ങള്‍ സാമാന്യവല്‍ക്കരിക്കുന്ന യുഗമൊക്കെ താണ്ടിയാണ് ശാസ്ത്രം വളര്‍ന്നത് എന്നും, ആസ്ട്രോ ഫിസിക്സും വൈദ്യശാസ്ത്രവും റോക്കറ്റ് സയന്‍സുമടക്കമ്മുള്ള സകലതിനും ഒരു രീതിശാസ്ത്രവും ചില നിഷ്കര്‍ഷകളുമൊക്കെയുണ്ട് എന്നും താങ്കള്‍ക്കറിയാമെന്നു വിശ്വസിക്കുന്നു.

  4. ജീവകം-ഏ മരുന്നിന്റെ രൂപത്തില്‍ നല്‍കുമ്പോഴാണ് ഹൈപ്പര്‍ വൈറ്റമിനോസിസ് വരുന്നത്. ക്യാരറ്റിലെയോ മറ്റു സസ്യ ഉറവിടങ്ങളിലേയോ ജീവകം-ഏ യുടെ അളവ് അതിനേക്കാളൊക്കെ എത്രയോ താഴെയാണ്. അടിയന്തരഘട്ടങ്ങളില്‍ വലിയ ഡോസുകള്‍ ശ്രദ്ധയില്ലാതെ നല്‍കുമ്പോഴാണല്ലോ intracranial hypertension പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെയാണ് എന്റെ ചോദ്യത്തിന്റേയും പ്രസക്തി :
  പപ്പായ ജ്യൂസ്/പപ്പായ ഇലയുടെ ജ്യൂസ് ഒരു മരുന്നായിട്ടാണ് സുമേഷിന്റെ പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതും രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒറ്റയടിക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് നോര്‍മലൈസു ചെയ്യാന്‍ കഴിയും വിധം potency ഉള്ള ഒരു മരുന്നായി. അങ്ങനെയാകുമ്പോള്‍ അതിന്റെ സൈഡ് ഇഫക്റ്റ് പ്രൊഫൈല്‍, ഫാര്‍മക്കോഡൈനാമിക്സ്, തെറപ്യൂട്ടിക് വിന്‍ഡോ എന്നിവയൊന്നുമറിയാതെ അതൊരു ചികിത്സാരീതിയായി ഉപയോഗിക്കുന്നതിനേക്കുറിച്ച് എനിക്കു സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവുന്നില്ല.

  5. ഇലയില്‍ നിന്നോ കായില്‍ നിന്നോ വേരില്‍നിന്നോ ഒക്കെ കിട്ടുന്നതാണെന്നു കരുതി ഒരു മരുന്ന് overdose toxicity ഉണ്ടാക്കില്ല എന്ന് കരുതാമോ ? (ഉമ്മത്തിന്‍ കായ, സര്‍പ്പഗന്ധി എന്നിവയും ഈ അവസരത്തില്‍ സ്മരണീയം)

  6. താങ്കളുടെ ഈ വാചകം : ...എന്നെങ്ങനെ ഉറപ്പിയ്ക്കാന്‍ കഴിയും? സുമേഷ് അനുഭവമാണ് എഴുതിയിരിയ്ക്കുന്നത്. സൂരജ് ഒരു വെബ് പേജെന്നതുപോലെ സുമേഷും എനിയ്ക്കൊരു വെബ് പേജാണ്. സൂരജിന് ആ അനുഭവമില്ല എന്ന് പറയാം. സുമേഷിന് അതുണ്ടായിട്ടില്ല എന്ന് പരിശോധിച്ച് സ്വയം ഉറപ്പ് വരുത്തും വരെയുള്ള ഊഹങ്ങളൊക്കെ എങ്ങനെയാണ് ശാസ്ത്രീയമാവുക?...

  എന്നെ അത്ഭുതപ്പെടുത്തുന്നു.

  ഇനി നാളെ ഞാന്‍ ക്യാന്‍സറിനൊരു ഒറ്റമൂലിയായി കുതിരച്ചാണകം ഉപദേശിക്കുന്നു എന്നു വിചാരിക്കുക.എന്റെ ‘സ്വന്തം അനുഭവം’ എന്ന ലേബലില്‍.(അന്ധാളിക്കണ്ട - കുതിരച്ചാണകം വമനത്തിന് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന കൂട്ടിലെ ഒരു ingredient ആണ്. റെഫറന്‍സ് വേണമെങ്കില്‍ തരാം.) ഞാനുപയോഗിച്ചു നോക്കിയപ്പോള്‍ ക്യാന്‍സര്‍ സുഖപ്പെടുന്നതായി കണ്ടു എന്ന് എഴുതിയാല്‍ അതു തൊണ്ടതൊടാതെ വിഴുങ്ങുമോ ആരെങ്കിലും. ?
  അങ്ങനെ വിഴുങ്ങുന്നവരുണ്ട് എന്നതുകൊണ്ടാണല്ലോ ഇമ്മ്യൂണോ ക്യുവര്‍, മുസ്ലി പവര്‍ തുടങ്ങിയ സാധനങ്ങള്‍ ചൂടപ്പം പോലെ വിറ്റു പോകുന്നത്. അതു തടയാനോ ആരെയെങ്കിലും മാനസാന്തരപ്പെടുത്താനോ ഞാനാളല്ല. എനിക്കറിയാവുന്നത് എന്റെ ബുദ്ധിക്കു നിരക്കുന്നവിധത്തില്‍ എഴുതുന്നു. അത്രതന്നെ.

  7. " ന്യൂട്രല്‍ ബുദ്ധിയെ ബാധിക്കാനും " വേണ്ടിയുള്ള ഒരു ദ്വേഷവും ഒന്നിനോടുമില്ല അംബി ജീ. പക്ഷേ വസ്തുനിഷ്ഠതയെ സംബന്ധിച്ച് ശാസ്ത്രത്തിനു ചില രീതികളുണ്ട്. അതിനു വിരുദ്ധമായതു കാണുമ്പോള്‍ ഇടപെടും...ആ സ്വാതന്ത്ര്യമാണല്ലോ ഗൂഗിളിന്റെ സൌജന്യത്തിലുള്ള ഈ ബ്ലോഗില്‍. അത്രേയുള്ളൂ...ഹ ഹ ഹ!

  പിന്നെ അനുബന്ധമായി രണ്ടു കാര്യം:

  a. പാരസെറ്റമോള്‍ ഓവര്‍ ഡോസില്‍ മരണകാരണം താപനില കുറയുന്നതല്ല, മറിച്ച് കരള്‍ നാശമാണ്. പക്ഷേ തീര്‍ച്ചയായും പാരസെറ്റമോള്‍ ഓവര്‍ഡോസില്‍ ശരീരതാപനില വളരെ താഴാറുണ്ട് - 35 മുതല്‍ 32 ഡിഗ്രിവരെ(hypothermia).

  b. പപ്പായജ്യൂസ്/ പപ്പായ ഇല ജ്യൂസെന്നിവ മാറിമാറി ഉപയോഗിച്ചത് ഈ പോസ്റ്റിന് അടിസ്ഥാനമായ സ്പാം ഇ-മെയിലുകളില്‍ ചിലത് (ഇവിടെ ക്വോട്ട് ചെയ്ത ലിങ്കുകളല്ല)പപ്പായ ഇലയുടെ ജ്യൂസ് എന്നോ പപ്പായ ജ്യൂസ് എന്നോ വേര്‍തിരിവില്ലാതെ ഉപയോഗിച്ചിരുന്നതിനാലാണ്. സുമേഷ് ജി പപ്പായ ഇലയുടെ ജ്യൂസ് എന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നത് മറന്നിട്ടല്ല.

  പ്രിയ അനൂപ് ജി , കിരണ്‍ ജീ,

  മഞ്ഞപ്പിത്തം ഒരു രോഗമല്ല. രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണ്. പൊതുവില്‍ മഞ്ഞപ്പിത്തം ഒറ്റമൂലികൊടുത്തു മാറ്റിയെന്നു പറയുന്ന പല സന്ദര്‍ഭങ്ങളും പരിശോധിക്കാനിടയായതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് അവ ഭൂരിപക്ഷവും ഒരു ചികിത്സയും ഇല്ലാതെ തന്നെ മാറുന്ന “വൈറല്‍ ഹെപ്പറ്റൈറ്റിസ്” കളായിരുന്നു എന്നതാണ്. കുട്ടികളിലെ സെപ്സിസ്, ആഗ്നേയ ഗ്രന്ഥിയിലെ ക്യാന്‍സര്‍, പിത്തസഞ്ചി വീക്കം, പിത്തനാളിയിലെ ഇന്‍ഫക്ഷന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തെയാ‍ണ് അടിയന്തിരമായി ചികിത്സിച്ചു മാറ്റേണ്ടവയെന്ന് അലോപ്പതി നിഷ്കര്‍ഷിക്കുന്നത്. മറ്റുള്ള മഞ്ഞപ്പിത്തങ്ങള്‍ ഒട്ടു മുക്കാലും വെറും സപ്പോര്‍ട്ടീവ് ട്രീറ്റ്മെന്റ് മാത്രം കൊടുത്താല്‍ താനേ ശരീരം തന്നെ ചികിത്സിച്ച് ഭേദമാക്കും.
  പിന്നെ, ലൂര്‍ദ് പള്ളിയിലെ വെള്ളം, ഗംഗാജലം, സംസം വെള്ളം എന്നിങ്ങനെ പലതരം വെള്ളവും രോഗചികിത്സയ്ക്കായി (ഒറ്റമൂലിയായിത്തന്നെ) നാട്ടില്‍ ഉപയോഗിക്കുന്നുണ്ട്. അവയൊക്കെ ശാസ്ത്രീയമല്ല എന്നു തെളിയിക്കാന്‍ Pubmed, Science Direct, Wiley interscience, Cochrane തുടങ്ങിയ ഒരു വെബ് റെഫറന്‍സും എന്റെ കൈയ്യില്‍ ഇല്ലതാനും !

  ഒരു രോഗം ശരീരത്തെ എങ്ങനെയൊക്കെ ബാധിക്കും, എവിടെയോക്കെ, എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും എന്നൊക്കെ അറിയുമ്പോള്‍ തീരാവുന്ന വിശ്വാസങ്ങളാണിതൊക്കെ എന്നേ എനിക്കു പറയാനുള്ളൂ‍.

  ReplyDelete
 9. സൂരജ്‌,

  മെഡിക്കല്‍ ടേംസിനേക്കുറിച്ച്‌ കൂടുതല്‍ അറിവില്ലാത്തതിനാലാകാം ഞാന്‍ മഞ്ഞപ്പിത്ത ചിക്തിസയേപ്പറ്റി പറഞ്ഞത്‌ . ക്ഷമിക്കുക. എന്നാലും ഒരു കാര്യം പ്രസ്ക്തമല്ലെ എന്ന് ചോദിക്കുന്നു. ഒറ്റമൂലികളെക്കുറിച്ച്‌ ഇത്രക്ക്‌ വിശ്വാസങ്ങള്‍ പരക്കുമ്പോള്‍ അത്‌ അങ്ങനെ അല്ല അലെങ്കില്‍ ഈ രീതിയില്‍ മാറില്ല എന്ന് അന്വേഷിച്ച്‌ തെളിയിക്കേണ്ടതില്ലേ. ഇല്ലെങ്കില്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഇതിന്‌ പ്രചാരം ലഭിക്കുകയും ആധൂനിക വൈദ്യശാത്രം ഇകഴ്‌ത്തപ്പെടുകയും ചെയ്യുകയില്ലേ? എന്തുകൊണ്ട്‌ നമുക്ക്‌ ഈ അവകാശ വാദങ്ങളെ അന്വേഷിച്ച്‌ വെളിപ്പെടുത്തിക്കൂടാ എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്‌. ഈ ചോദ്യം ഒരു അധൂനിക വൈദ്യശാസ്ത്ര ഡോക്ടര്‍ പറഞ്ഞത്‌ ഇതൊക്കെ തെളിയിക്കാന്‍ മെനക്കെടുന്ന സമയത്ത്‌ 10 രോഗികളെ നോക്കിയാല്‍ 1000 രൂപ കിട്ടും എന്നാണ്‌.

  ReplyDelete
 10. അയ്യോ!
  അപ്പൊ ഇതായിരുന്നൊ, ആ പറഞ്ഞ അടിയുടെ വക?
  പരീക്ഷക്കാലമായതുകൊണ്ടാണല്ലെ, തുടങ്ങാന്‍ വൈകിയത്...:)
  :P

  സൂരജ്, ഞാന്‍ എന്റെ ബ്ലോഗിലെ കമന്റില്‍ തന്നെ എന്റെ നയം വ്യക്തമാക്കിയല്ലൊ..

  ഞാനൊരു വൈദ്യനല്ല.. ആധികാരികാമായി പറയാന്‍ എനിയ്ക്കറിയില്ല, വേണമെങ്കില്‍,, ദേ, ആളെ തൊട്ടുകാണിച്ചു തരാം...

  ഇതെന്റെ കണ്മുന്‍പില്‍ നടന്ന ചില കാര്യങ്ങളാണ്.. പിന്നെ കൊള്ളിച്ചുകൊണ്ടുള്ള “മറുപടി കമന്റ് “ ഇട്ടു എന്നൊക്കെ പറയാന്‍ തക്ക വണ്ണം ഉണ്ടോ ആ കമന്റ്റ്? ഉണ്ടെങ്കില്‍തന്നെ ഇതിലെന്റെ കൂടി അനുഭവമുള്ളതു കൊണ്ടുള്ള ‘ഓവര്‍ കോണ്‍ഫിഡന്‍സു‘ കൊണ്ടാകാം. ഞാന്‍ പറഞ്ഞല്ലോ, ദാദറിലുള്ള രക്തബാങ്കില്‍ നിന്നും വാങിക്കൊണ്ടുവന്ന പ്ലേറ്റ്ലെറ്റ്സ് (ഇതിന്റെ ബില്‍ 14000 രൂപ), ശരീരത്തില്‍ കയറ്റുന്നതിനിടയില്‍ രമേശേട്ടന്റെ ബോഡി അത് അക്സെപ്റ്റ് ചെയ്യാതിരിയ്ക്കുകയും ശ്വാസത്തകരാറടക്കമുള്ള പ്രശ്നങള്‍ രോഗിയ്ക്ക് അനുഭവപ്പെട്ടതുകൊണ്ടും ഒക്കെയാണ് രാത്രി 2 മണിയ്ക്ക് ഒരാശുപത്രിയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റേണ്ടിവന്നത്...

  ഇത്തരമൊരവസ്ഥയില്‍, അലോപ്പതിമരുന്നുകള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വേഗതയിലും പണചിലവിലും “ വെറും പപ്പായനീ‍ര്‍” പ്ലേറ്റ്ലെറ്റ്സ് കൌണ്ടിനെ സാധാരണ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു, എന്നല്ലേ ഞാന്‍ പറഞ്ഞത്.. ആന്റ് ഹിയര്‍ ഐ റിപീറ്റ് ദാറ്റ്...

  കാലത്ത്, ബേലാപൂരുള്ള പേരുകേട്ട ചൈല്‍ഡ് സ്പെഷ്യലിസ്റ്റ്, ഡോ: പ്രശാന്ത് മൊറാല്‍വറുടെ, വസതിയിലെ ക്ലിനിക്കില്‍ “പ്ലേറ്റ്ലെറ്റ്സ് കൌണ്ട് റിപ്പോര്‍ട്ട് (കൌണ്ട്: 25000) നോക്കിയ ശേഷം, വാഷിയിലുള്ള, അദ്ദേഹത്തിന്റെ തന്നെ ക്ലിനിക്കില്‍ പിറ്റേന്ന് രാവിലെ വന്ന് അഡ്മിറ്റാകാന്‍ പറഞ്ഞ 11 മാസം പ്രായമുള്ള കല്യാണി എന്ന പേഷ്യന്റിനെ രാത്രിയില്‍ പപ്പായനീരു കുടിപ്പിയ്ക്കുകയും ശേഷം, പിറ്റേന്ന് 10 നും 11 നും ഇടയില്‍ രണ്ടാമത് നടത്തിയ കൌണ്ടിംഗില്‍ പ്ലേറ്റ്ലെറ്റ്സ് നിരക്ക് 60000 ആയി ഉയര്‍ന്നതും, രണ്ടു റിപ്പോര്‍ട്ടുകളും കൈയ്യില്‍ പിടിച്ച് “കണ്‍ഫ്യൂഷനായി“ നിന്ന ഡോക്റ്ററുടെ മുഖവുമൊന്നും എത്ര മെഡിക്കല്‍ ശാസ്ത്രം പറഞ്ഞാലും മറക്കാന്‍ പറ്റില്ല മാഷെ,

  ഈമെയില്‍ അഡ്രസ്സ് തന്നാല്‍ ഇവരുടെ അഡ്രസ്സും മൊബൈല്‍ നംബറും തരാം.. ബേലാപൂരുള്ള എം ജി എം ഹോസ്പിറ്റലില്‍ രമേശട്ടനെ ചികിത്സിച്ച ഡോക്റ്ററുടെ നംബര്‍ കൂടെ കിട്ടുമോയെന്നു കൂടെ രമേശേട്ടനോട് ഒന്നു ചോദിയ്ക്കണം, കാരണം, അന്നവിടെ ഐ സി യൂവിലെ 16 ബെഡ്ഡിലും ഡെങ്കി പേഷ്യന്റുകളായിരുന്നു... അതില്‍ ചിലരോടൊക്കെ, ആ ഡോക്റ്റര്‍ തന്നെ ഈ മരുന്നിനെക്കുറിച്ച് ശുപാര്‍ശ ചെയ്തെന്നാണു കേള്‍വി.

  പിന്നെ, ഇതിവിടെ എഴുതിയ ഞാനും ഉപയോഗിച്ച രമേശന്‍ നായരും ഒന്നരവയസ്സുള്ള കല്യാണിയുടെ അച്ചനും ഒക്കെ “ബ്ലാക്ക് മാജിക്കുളില്‍ വിശ്വസിയ്ക്കുന്നവരോ വിദ്ദ്യാഭ്യാസം തീണ്ടാത്തവരോ ഒന്നും അല്ല സൂരജേ...

  ഈയിടെ, എന്റെ പോസ്റ്റില്‍, കമന്റുകളിട്ട മറ്റെല്ലാവരേയും പോലെ ഇതുവരെയില്ലാത്ത ഒരു ‘ഭയങ്കര ഭക്തി ബഹുമാനം‘ തോന്നിയ ഔഷധസസ്യം എന്ന രീതിയില്‍ ഈ ചെടിയോട്‍ എനിയ്ക്കും തോന്നിത്തുടങിയിരിയ്ക്കുന്നു.. കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത് ഉപകരിയ്ക്കട്ടെ എന്നേ ഞാന്‍ വിചാരിച്ചുള്ളു.. ഒപ്പം എല്ലാത്തരം ചികിത്സാരീതികളോടും എനിയ്ക്ക് ബഹുമാനമേ ഉള്ളൂ, ഒന്നിനേയും തള്ളിപ്പറയുന്നുമില്ല, എന്നു വച്ച്, സ്വന്തം കണ്മുന്‍പില്‍ നടന്നത് സ്വപ്നമായികാണാനൊന്നും പറ്റില്ല ഡോക്ടറേ.. അല്ലാതെ ഒരു കുത്തക കമ്പനിയുടേയും ദല്ലാളനായോ ഒറ്റപോസ്റ്റുകൊണ്ട് ഹീറോ ആകാനോ ഒന്നുമല്ല..

  ഇനിയുമുണ്ട്, ഇത്തരം ലീലാവിലാസങ്ങള്‍.. സമയം കിട്ടുമ്പോല്‍ പോസ്റ്റാം. (ഞാന്‍ തല്ലു മേടിയ്ക്കും)  ഒരു സംശയം: 20000 ത്തില്‍ താഴെ കൌണ്ട് വന്നാല്‍ രക്തം പൊടിയാനുള്ള സാധ്യത കൂടുതലായിരിയ്ക്കാം, പക്ഷെ, ഉറപ്പായിട്ടും വരും എന്നില്ലല്ലോ അല്ലെ? അവിടെ ഇവരോട് ഇക്കാര്യം നഴ്സുമാര്‍ ഇടയ്ക്കിടെ തിരയ്ക്കിപോകുന്നുണ്ടായിരുന്നു.. പക്ഷെ, കൌണ്ടിംഗ് 10000 ത്തോടടുത്തിട്ടും സുനിയ്ക്ക് ബ്ലീഡിംഗ് ഒന്നുമില്ലായിരുന്നു ട്ടോ...

  :)

  ReplyDelete
 11. പ്രിയ സുമേഷ് ജീ,

  ഇവിടെ ഒരു അടി നടക്കാനുള്ള സ്കോപ്പ് ഉണ്ട് എന്നു മൂര്‍ത്തി ജീ പറഞ്ഞതിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ ഒരുപാടാണ്. അതിനീ ബ്ലോഗോളം തന്നെ പഴക്കമുണ്ട്. വിശദീകരിക്കുന്നില്ല. മൂര്‍ത്തിക്കും ആ അടികള്‍ ഫോളോ അപ്പ് ചെയ്തവര്‍ക്കും മനസ്സിലാകും സംഗതി. ഹ ഹ..!

  തലേ ദിവസത്തെ കൌണ്ട് 25,000വും തൊട്ടടുത്ത ദിവസത്തെ കൌണ്ട് 60,000 ആയെങ്കില്‍ അതിനുള്ള വസ്തുനിഷ്ഠമായ കാരണങ്ങളാണ് ഞാന്‍ തേടുക. പപ്പായ ഇല പോലുള്ള ഒരു വസ്തു ദഹിച്ച് ശരീരത്തിലെ കോശങ്ങളിലെത്താനുള്ള സമയം പോലുമാകുന്നതിനു മുന്‍പ് പ്ലേറ്റ്ലെറ്റ് കൌണ്ടില്‍ ഇഫക്റ്റു കണ്ടു തുടങ്ങിയെന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ എനിക്കും ആവില്ല.

  ആദ്യത്തെ റിസള്‍ട്ട് തെറ്റായതാവാം.ഓട്ടോമേറ്റഡ് കൌണ്ടറില്‍ എടുക്കുന്ന പ്ലേറ്റ്ലെറ്റ് കൌണ്ട് തെറ്റുന്നത് അസാധാരണ സംഭവമൊന്നുമല്ല. അല്ലെങ്കില്‍ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞപോലെ ശരീരത്തിന്റെ തന്നെ ഒരു idiosyncracy യുമാകാം.

  പിന്നെ മറ്റൊരു പ്രധാന കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു : പപ്പായ ജ്യൂസ് കുടിപ്പിച്ച രോഗികള്‍ക്ക് അതു ചെയ്യുന്നതിനു മുന്‍പ് പ്ലേറ്റ് ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ പൂര്‍ണ്ണമായും നിറുത്തിയിരുന്നോ ? അതോ പപ്പായ ജ്യൂസ് കുടിപ്പിക്കുന്നതിനൊപ്പം പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷനും നടത്തിയിരുന്നോ ?

  എന്റെ ഈ മെയില്‍ ഐ.ഡി : dr.surajrajan@gmail.com

  ഒക്കുമെങ്കില്‍ ആ ചികിത്സിച്ച ഡോക്ടറുടെ നംബര്‍ തന്നെ കിട്ടിയാല്‍ കൊള്ള. ഇല്ലെങ്കില്‍ മൂപ്പരുടെ അഡ്രസ്സ് കിട്ടിയാലും മതി.

  താങ്കളുടെ സംശയം:

  പക്ഷെ, കൌണ്ടിംഗ് 10000 ത്തോടടുത്തിട്ടും സുനിയ്ക്ക് ബ്ലീഡിംഗ് ഒന്നുമില്ലായിരുന്നു ട്ടോ...

  ബ്ലീഡിംഗ് ഉണ്ടാവാനുള്ള സാധ്യത ഉണ്ട് എന്നേയുള്ളൂ സുമേഷ് ജീ. സാധ്യത എന്നു പറയുമ്പോള്‍ ഒരു 70-80 % എന്നര്‍ത്ഥം. അതില്‍ നിന്നു തന്നെ മനസ്സിലാക്കാം, 100 രോഗികളില്‍ 20 -30% പേര്‍ക്കും എത്രതന്നെ പ്ലേറ്റ്ലെറ്റ് കുറഞ്ഞാലും ബ്ലീഡിംഗിനു സാധ്യതയില്ല എന്ന്. അതു ശാരീരിക പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ഥമായിരിക്കും ഓരോര്‍ത്തര്‍ക്കും.

  വിഷയേതരം:
  പപ്പായ സമൂലം ഒരു പാഴ് ചെടിയാണെന്നൊന്നും ഈ പോസ്റ്റിലെ വരികള്‍ക്ക്കിടയില്‍ വായിച്ച് നിഗമനോല്‍പ്പ്രേക്ഷ നടത്തരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക : പഴുക്കാത്ത പപ്പായയിലെ ആല്‍ക്കലോയ്ഡുകള്‍ ധാരാളമായി ഉള്ളില്‍ച്ചെന്നാല്‍ ഗര്‍ഭം കലങ്ങുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് കുരങ്ങുകളില്‍. അതേ കുരങ്ങുകളില്‍ പപ്പായ കുരു വലിയ അളവില്‍ കൊടുത്താല്‍ വന്ധ്യതയുണ്ടാക്കുന്നതായും കണ്ടിട്ടുണ്ട് !

  ReplyDelete
 12. പ്ലേറ്റ് ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ കൊടുക്കേണ്ടിവന്നത് രമേശേട്ടനു മാത്രമാണ്. അതു പൂര്‍ണ്ണമായും നിറുത്തിയിരുന്നു. ആശുപത്രിയും മാറി. അതെല്ലാം പിന്നെ വേസ്റ്റായിരിയ്ക്കാം..അതേക്കുറിച്ഛ് പിന്നെ ആരും ഒന്നും ചോദിച്ചില്ല.

  മിക്സിയില്‍ അരച്ച്, അരിച്ച് എടുത്ത ഇലയുടെ നീരാണ് കൊടുക്കുന്നത്. അതിനു ദഹിയ്ക്കാന്‍ എത്ര സമയം വേണമെന്ന് സ്സൂരജ് തന്നെ പറ.

  (മറ്റു വിവരങ്ങള്‍ മെയില്‍ ആയി അയയ്ക്കാം)

  ReplyDelete
 13. ഫോളോ ചെയ്യുന്നു...:)

  കമന്റ് ജിമെയിലില്‍ കിട്ടാന്‍ ഈ കമന്റ്..

  qw_er_ty

  ReplyDelete
 14. സുമേഷ് ജി,

  താങ്കളുടെ തുറന്ന സമീപനത്തില്‍ വളരെ സന്തോഷമുണ്ട്. പോസ്റ്റിലെ ഹാസ പരാമര്‍ശങ്ങളെ വ്യക്തിപരമായെടുക്കാതിരുന്നതിലും നന്ദി :)

  സാധാരണ ഒരു പാരസെറ്റമോളോ ബ്രൂഫന്‍ ടാബ്ലെറ്റോ എടുത്താല്‍, അതിലെ മരുന്നായി പ്രവര്‍ത്തിക്കേണ്ടുന്ന കണികകളുടെ (active principle)കോണ്‍സണ്ട്രേഷന്‍ വളരെ കൂടുതലായിരിക്കും. മാത്രവുമല്ല, ആമാശയത്തിലെയും കുടലിന്റേയുമൊക്കെ അമ്ല-ക്ഷാര ഗുണങ്ങളും ജലത്തിന്റെ അവസ്ഥകളും അറിഞ്ഞ് തയാറാക്കുന്ന ഈ ടാബ്ലെറ്റുകള്‍ അതിനനുസരിച്ച് വയറ്റില്‍ ചെന്നു വിഘടിച്ച് ആഗിരണം ചെയ്യപ്പെടാന്‍ അധികം നേരം വേണ്ട. അത് അങ്ങനെ ഡിസൈന്‍ ചെയ്യപ്പെടുന്നതിന്റെ ഗുണം. രക്തം വഴി കരളിലേക്കും അവിടുന്ന് ശരീര കോശങ്ങളിലേക്കും ഈ active principle സഞ്ചരിക്കുന്നു. ദഹനപ്രക്രിയയുമായൊക്കെ ഇതിനു ബന്ധമുണ്ടെങ്കിലും ഡിസൈന്‍ ചെയ്യപ്പെട്ട മോളിക്യൂള്‍ എന്ന നിലയ്ക്ക് receptor interactions ഇവയ്ക്ക് വളരെ എളുപ്പത്തില്‍ സാധിക്കാനാവും.

  എന്നാല്‍ ഒരു പച്ചമരുന്നിനെ സംബന്ധച്ചിടത്തോളം ത്വരിതഗതിയിലൊരു ആക്ഷന്‍ സാധാരണ നിലയില്‍ ഉണ്ടാവാറില്ല. അല്ലെങ്കില്‍ പിന്നെ അതിശക്തമായ പ്രതിപ്രവര്‍ത്തനശേഷി കാണിക്കുന്ന ആല്‍ക്കലോയിഡുകളും മറ്റും അടങ്ങിയവയാവണം അവ. ഉമ്മത്തിന്‍ കായ ഒരു ഉദാഹരണമായി എടുക്കാം. ശരീരത്തില്‍ ശക്തമായ പ്രതിപ്രവര്‍ത്തനശേഷിയുള്ള അട്രോപ്പിന്‍, ഹയോസിന്‍, സ്ട്രിക്നിന്‍ തുടങ്ങിയ ആല്‍കലോയ്ഡുകള്‍ അടങ്ങിയ ഈ കായുടെ അര ഗ്രാം മതി ആളു തട്ടിപ്പോവാന്‍.

  പക്ഷേ അത്രയും Potent ആയ ഒരു മരുന്നുഘടകം പപ്പായ ഇലയില്‍ ഉണ്ടെങ്കില്‍ അതിനു തീര്‍ച്ചയായും രൂക്ഷമായ സൈഡ് ഇഫക്റ്റുകളും ഉണ്ടാകും.

  അത്ര Potent ആയിരിക്കില്ല പപ്പായ ഇലയിലെ പ്രസ്തുത active principles എങ്കില്‍ എത്ര അരച്ച് അരിച്ച നീരു നല്‍കിയാലും, അതിന് ഒരു നിശ്ചിത സമയം വേണ്ടീവരും പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടാന്‍. പ്രത്യേകിച്ച് കുട്ടികളില്‍. ഓര്‍ക്കുക: ഡെങ്കി വൈറസ് മജ്ജയിലെ പ്ലേറ്റ്ലെറ്റ് കോശനിര്‍മ്മാണപ്രക്രിയയെയാണ് തകര്‍ക്കുന്നത്. അപ്പോള്‍ പപ്പായ ഇലയില്‍ എന്തെങ്കിലും ‘പ്ലേറ്റ്ലെറ്റ് വര്‍ധക മരുന്ന്‘ ഉണ്ടെങ്കില്‍ത്തന്നെ അത് മജ്ജയിലാകും പ്രതിപ്രവര്‍ത്തിക്കുക എന്നനുമാനിക്കാം.എങ്കില്‍ അത്തരത്തിലൊക്കെ ഒരു മരുന്നിനു പ്രതിപ്രവര്‍ത്തിക്കാന്‍ ഒരു രാത്രിയൊന്നും പോരാ.!

  ഇനി ഒരു വാദത്തിനു വേണ്ടി പപ്പായയിലമരുന്ന് വൈറസിനെ കൊല്ലാനാണ് സഹായിക്കുന്നതെന്ന് കരുതുക. ഡെങ്കി വൈറസ് രോഗിയുടെ ശ്വേതരക്താണുക്കളായ മാക്രോഫേജുകളിലാണ് കയറിക്കൂടി പെറ്റു പെരുകുന്നത്. അങ്ങനെയാകുമ്പോള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഛടേന്ന് വൈറസുകളെക്കൊല്ലണമെങ്കില്‍ രോഗിയുടെ ഇന്‍ഫക്ഷന്‍ വന്ന മാക്രോഫേജുകളെയും അതോടൊപ്പം കൊല്ലേണ്ടതായി വരും. ചത്ത മാക്രോഫേജുകളൊക്കെക്കൂടി വിസര്‍ജ്ജിക്കുന്ന വിഷമയമായ രാസവസ്തുക്കള്‍ മാത്രം മതി രോഗിയുടെ അവസ്ഥ മൂര്‍ച്ഛിക്കാന്‍!

  Dengue shock syndromeലാണെങ്കില്‍ വൈറസിന്റെ പ്രവര്‍ത്തനം അല്പം വ്യത്യസ്ഥമാണ് താനും. അവിടെ, രോഗിയുടെ രക്തത്തില്‍ നേരത്തേതന്നെ ഉണ്ടായിത്തീര്‍ന്ന ഡെങ്കി അന്റീ ബോഡികള്‍ മറ്റൊരു ടൈപ്പ് ഡെങ്കിവൈറസിന്റെ ഇന്‍ഫക്ഷന്‍ (രണ്ടാമതുണ്ടാകുമ്പോള്‍) മൂലം ത്വരിത പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. ഇതില്‍ ഉണ്ടാകുന്ന ആന്റിജെന്‍-ആന്റീബോഡീ കോമ്പ്ലക്സുകളെ ആണ് മാക്രോഫേജുകള്‍ കാര്യമറിയാതെ വിഴുങ്ങുക. അവിടെയും മാ‍ക്രോഫേജിനെ പറ്റിച്ച് ഉള്ളില്‍കടന്ന വൈറസ് പെറ്റുപെരുകിയാണ് പ്രശ്നമുണ്ടാക്കുന്നത്. പപ്പായ ഇല മരുന്ന് ഈ ആന്റിജെന്‍-ആന്റീബോഡീ കോമ്പ്ലക്സുകളിലാണ് പ്രവര്‍ത്തനം നടത്തുന്നത് എന്നു വാദിച്ചാലും സംഗതി ശരിയാവില്ല. കാരണം അതു രോഗത്തിന്റെ തുടക്കത്തിലെ ഒരു പ്രാഥമിക പ്രക്രിയ മാത്രമാണ്. പ്ലേറ്റ് ലെറ്റ് നാശം പോലുള്ള കോമ്പ്ലിക്കേഷനുകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ മറ്റൊന്നും അവിടെ ഏശില്ല.

  ഇതുകൊണ്ടൊക്കെയാണ് ഞാന്‍ പറഞ്ഞത് “ഒറ്റമൂലി” എന്ന ആശയമേ തെറ്റാണ് എന്ന്.
  ആറോ ഏഴോ അതിലധികമോ mechanism വഴി ഉണ്ടാവുകയും മൂര്‍ച്ഛിക്കുകയും ഉരുത്തിരിയുകയും ചെയ്യുന്ന ഒരു രോഗത്തെ ഒറ്റയടിക്ക് ഒരു ‘ദിവ്യൌഷധം’ വഴി ഠപ്പ് എന്ന് ചികിത്സിച്ചു മാറ്റാമെന്ന് രോഗത്തെക്കുറിച്ചുള്ള സാമാന്യ വിവരമുള്ള ഒരു വൈദ്യനും അവകാശപ്പെടില്ല.


  ഞാന്‍ മനസ്സിലാക്കിയിടത്തോളം ആയുര്‍വേദം (തത്വങ്ങള്‍ എന്തായിരുന്നാലും,എന്തൊക്കെ മുരടിപ്പുണ്ടെങ്കിലും) വളരെ സിസ്റ്റമാറ്റിക്ക് ആയി വികസിപ്പിക്കപ്പെട്ട ഒരു സങ്കേതം ആണ്. അവര്‍ പോലും ഇത്തരം ഒറ്റമൂലി പ്രയോഗങ്ങളെ അശാസ്ത്രീയം എന്നേ വിളിക്കൂ. തീര്‍ച്ച.

  എഴുതിയെഴുതി വന്ന്പ്പോള്‍ ഇതൊരു പോസ്റ്റിന്റെ വലിപ്പമായി. ഇനി ഡെങ്കിയെക്കുറിച്ച് വേറൊരു പോസ്റ്റു വേണ്ടിവരില്ലെന്നു തോന്നുന്നു... :)

  ReplyDelete
 15. പപ്പയുടെ ഇല platelets കൂട്ടും എന്നുള്ളത് സത്യമാണ്...1.5മാറി 1.75 ആയി .കുറച്ചു ദിവസം നിര്‍ത്തി നോക്കി താഴോട്ടു പോന്നു .

  ReplyDelete
 16. സുഹൃത്തുക്കളേ.. വഞ്ചിതരാവല്ലേ... !!


  ഈ ഒറ്റമൂലിക്കെതിരെ മെഡിക്കല്‍ കച്ചോട ലോബിയുടെ ചൊറിച്ചില്‍ ഫേസ്ബോക്കില്‍ പല തരത്തിലും കോലത്തിലും തുടങ്ങി കഴിഞ്ഞു.

  സ്വന്തം തൊഴിലിനു വരുന്ന പാര ആരെങ്കിലും സഹിക്കുമോ? ഒരു ജലദോഷം പോലും ഇന്നത്തെ ആരോഗ്യ കച്ചോടക്കാരുടെ ആസ്തിയാണ്.

  ഡെങ്കി എന്നല്ല ഏതു പനി വന്നാലും അത് വീട്ടില്‍ വെച്ച് നിങ്ങള്‍ സ്വയം അങ്ങ് മാറ്റി കളയരുത്. വിദഗ്ദരായ ഞങ്ങളുടെ അടുത്തു കൊണ്ട് വരണം. എന്നിട്ട് വേണം ഒരാഴ്ച കൊണ്ട് മാറുന്ന രോഗം മിനിമം ഒരു നാല് മാസമെങ്കിലും ദീര്‍ഗ്ഗിപ്പിച്ച് ഞങ്ങടെ മക്കക്ക് കഞ്ഞി കൊടുക്കാന്‍. ഹല്ല പിന്നെ!

  ഇവരൊക്കെ എല്ലാ ഒറ്റമൂളികളെയും ഇങ്ങനെ നിലത്തിട്ടു ചവിട്ടി തേക്കും. കാരണം , ജനങ്ങള്‍ ഒറ്റമൂലികളും വീട്ടു ചികിത്സകളുമായി കൂടിയാല്‍, മെഡിക്കല്‍ എന്ട്രന്സ് മുതലിങ്ങോട്ട്‌ അവര് മുടക്കിയ ലക്ഷോപലക്ഷങ്ങള്‍ അവര്‍ എങ്ങനെ മൊതലാക്കും!!

  ...
  എന്നാല്‍ ഇത്തരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കല്‍
  ഇനി അധികം വിലപ്പോവില്ല.

  നാട്ടിലെ നടപ്പ് പനികള്‍ക്ക് പപ്പായ ഇലയുടെ ഔഷധ മൂല്യം പരീക്ഷിച് വിജയിച്ച നിരവധി പേരുടെ അനുഭവ സാക്ഷ്യങ്ങളെ ചെറുക്കാന്‍ ഇത്തരം വഞ്ചനകള്‍ക്ക് കഴിയില്ല. ഇതൊക്കെ ഇപ്പൊ എല്ലാര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.

  മറ്റൊരു വ്യാജ പ്രചാരണമാണ് പപ്പായ മരം മൊബൈല്‍ രേടിയെശന്‍ (വികിരണം) പിടിച്ചെടുക്കുമെന്നും അതിനാല്‍ അത് കഴിക്കുന്നത് മനുഷ്യനും വികിരണമേല്ക്കാന്‍ കാരണമാവുമെന്നും. ഹ..ഹ..ഹ..ഹ..ഹ..ഹ..ഹ.ഹ..ഹ..

  ഒറ്റനോട്ടത്തില്‍ ഇത് ശരിയല്ലേ എന്ന് തോന്നും.

  എന്നാല്‍ ഒരു സസ്യത്തില്‍ നിന്നോ വസ്തുവില്‍ നിന്നോ മനുഷ്യനിലേക്ക് പകരുന്ന രേടിയെശന്‍ ആറ്റമിക് രേടിയെശന്‍ ആണ്. അത് പോലെയാണ് മൊബൈല്‍ രേടിയെശന്‍ (വൈധ്യതാഘാതം) എന്ന് പരോക്ഷമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തന്നെ ഒന്നാമത്തെ വഞ്ചന.

  അണു വികിരണം (Atomic Radiation)ഒരു വസ്തുവില്‍ നില നില്‍ക്കുകയും അതില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുപോലുള്ള ഒരു അണുവികിരണമാണ് മൊബൈല്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ള വികിരണം എന്നാണോ ഇവര് മനസ്സിലാക്കിയത്!! :)

  അങ്ങിനെയെങ്കില്‍ ചോദിക്കട്ടെ. അണുവികിരണം (Atomic radiation) മനുഷ്യനെ പപ്പായ മരം വഴിയാണോ ബാധിക്കുക!! നേരിട്ട് ബാധിക്കില്ലേ. മനുഷ്യനെ നേരിട്ട് ബാധിക്കാത്ത മൊബൈല്‍ രേടിയെശന്‍ പപ്പായ മരം വഴി ബാധിക്കും എന്ന് പറയുന്നത് ശുദ്ധ മടയത്തരമല്ലേ :D

  ഒരു കാര്യം ഉറപ്പാണ്. പപ്പായ കഴിക്കുന്ന നമുക്ക് പപ്പായ മരത്തിന്റെ ഇല കഴിക്കുക വഴി ഒരു പാര്‍ശ്വഫലവും ഉണ്ടാവാനിടയില്ല. ഇനി ഉണ്ടായാല്‍ തന്നെ അലോപ്പതി മരുന്നുകളുടെതിനോളം മാരകമാവില്ല.

  അലോപ്പതി ചികിത്സ തേടിയ ഡെങ്കിപ്പനി ബാധിതരുടെ ജീവന് ഇതുവരെ യാതൊരു ഗ്യാരണ്ടിയും അലോപ്പതി ആശുപത്രികള്‍ നല്‍കിയതായി അറിവില്ല.

  ആശുപത്രികളില്‍ ചികിത്സ ലഭിച്ചിട്ടും രോഗികള്‍ മരണത്തിനു കീഴടങ്ങിയ വാര്‍ത്തകള്‍ അലോപ്പതിക്കാരുടെത് നമ്മുടെ ജീവന്‍ വെച്ചുള്ള വെറുമൊരു പരീക്ഷണമാണെന്നു മാത്രമേ തെളിയിക്കുന്നുള്ളൂ.

  ReplyDelete
 17. ഒട്ടമൂലിയെ കുറിച്ച് പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓര്മ വന്നത് , 5 വര്ഷം മുൻപ് മഞ്ഞപിത്ത രോഗവുമായി തൊട്ടടുത്തുള്ള ക്ലിനികിൽ ചെന്നു . രക്ത പരിശോദന കഴിഞ്ഞപ്പോൾ ഉറപ്പിച്ചു അതെ മഞ്ഞ പിത്തം തന്നെ. ഡോക്ടർ ഞാൻ എന്ത് ചെയ്യണം ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആവാനോ എന്ന് ചോദിച്ചപ്പോൾ , നാട്ടിൽ കുറെ ഒറ്റമൂലിക്കാര് ഇല്ലേ അവരെ സമീപിക്കുന്നതയിരിക്കും നല്ലത് എന്ന് ഉപദേശിച്ചു. ഒരു അലോപ്പതി ഡോക്ടറുടെ ഉപദെഷമല്ലെ അപ്പോഴാണ് ഒറ്റമൂലി പരീക്ഷിക്കാനുള്ള ദൈര്യം വന്നത്. അങ്ങനെ നാട്ടില അറിയപ്പെട്ട ഒരു മഞ്ഞപിത്ത ഒറ്റമൂലി വിദക്തനെ കാണിച്ചു . ഒരു രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാതെ പുള്ളി തന്ന ഒരു തരം പൊടി ഒരു ടിസ്പൂണ്‍ കഴിക്കാൻ പറഞ്ഞു. അടുത്ത ദിവസം മുതൽ 15 ദിവസത്തേക്ക് ചിക്കനും ബീഫും ഒഴിവാക്കണം (ഫിഷ്‌ കഴിക്കുന്നതിൽ തെറ്റില്ല ) എന്നും പറഞ്ഞു. വേറെ മരുന്നൊന്നും ഇല്ല . അയാള് പറഞ്ഞ പോലെ അനുസരിച്ചു . 15ആം ദിവസം മുതൽ പതിവ് പോലെ എനിക്കിഷ്ടപ്പെട്ട ഫാസ്റ്റ് ഫുഡ്‌ രെസ്റ്റൊരെന്റിൽ പോയി ഒരു ചിക്കാൻ ഡ്രൈ ഫ്രൈ ഫുൾ തന്നെ അടിച്ചു . ഞാൻ ഇപ്പോഴും ഇതെഴുതാൻ ജീവനോടെ ഉണ്ട് . അലോപ്പതി തോറ്റിടത്ത് ഒറ്റമൂലി വിജയിച്ചു !

  ഇനി പപ്പായ കുറിച്ച് പറയാം ഒരു വര്ഷം മുൻപ് മാലി ദ്വീപിൽ ആദ്യമായി ജോലിക്ക് വന്നപ്പോൾ ബോസ്സ് വിളിച്ചു ഉപദേശം തന്നു. ഒന്ന് മാലിക്കാരുമായി അതികം സൌഹൃദം വേണ്ട അത് പിനീട് തല വേദന ആകും, അടുത്തത് രാത്രിയിലും മറ്റും ആളുകള് ഇല്ലാത്ത വഴികളിലൂടെ നടക്കരുത് കാരണം ഒരു പാട് മരുന്ന് കുത്തി വെപ്പുകാർ ഉണ്ട് അവർ അപായപ്പെടുത്താൻ ശ്രമിച്ചേക്കാം , പിന്നെ പറഞ്ഞത് കടകളിൽ നിന്ന് പപ്പായ വാങ്ങി നന്നായി കഴിക്കണം . അതെന്തിനാ ഇതിന്റെ കൂടെ ഇങ്ങനെ ഒരു ഉപദേശം എന്ന് ചോദിചപ്പോൾ ഇവിടെ ഡങ്കി വരൻ ഉള്ള സാദ്യത വളരെ കൂടുതൽ ആണ് ഞങ്ങൾ മാലി ദ്വീപുകാർ പ്രധിരോദ മാര്ഗമായി ഉപയോകിക്കുന്നത് ഇതാണ് കാരണം ചികിത്സ കിട്ടാൻ ഉള്ള ബുദ്ധിമുട്ട് തന്നെ. ആ ആര്ക്കറിയാം ഇത് ഉള്ളത് തന്നെ ആണോന്നു എന്ന് ഞാനും ചിന്തിച്ചു . ഇപ്പൊ നാട്ടിൽ ഇതിനെ കുറിച്ച് വാദങ്ങളും പ്രതി വാദങ്ങളും നടക്കുമ്പോൾ എനിക്കും ഒരു സംശയം ഇത് നേര് തന്നെ ആയിരുന്നോ? പപ്പയ ജ്യൂസ് എന്റെ ഫെവറൈറ്റ്‌ ആയതിനാൽ 3 ദിവസത്തിൽ ഒരിക്കൽ ഞാൻ വാങ്ങാറുണ്ട് , അല്ലാതെ ഡങ്കി ഉണ്ടാവും എന്ന് പേടിച്ചിട്ടല്ല .

  ReplyDelete
 18. ഡെങ്കിപ്പനി 95% രോഗികളിലും ഒരു കഠിനമായ വൈറൽ പനിയുടെ ലക്ഷണങ്ങൾ മാത്രമേ കാണിക്കുകയുള്ളൂ. പെട്ടെന്നുള്ള കഠിനമായ പനി, തലവേദന, നേത്രവേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, ഛർദി എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. 95% രോഗികളിലും അഞ്ചാറു ദിവസം കൊണ്ട് ഈ ലക്ഷണങ്ങളെല്ലാം ശമിച്ചു പൂർണ്ണ സുഖം പ്രാപിക്കും. അതായത് ഏതു ചികിത്സ ചെയ്താലും ആ ചികിത്സക്ക് 95% വിജയം അവകാശപ്പെടാനാകും.
  5% മാത്രം രോഗികളിലാണ് രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി ഉണ്ടാവുന്നത്. മാരകമായിട്ടുള്ള ഡെങ്കിപ്പനിയുടെ അവസ്ഥയാണിത്. സാധാരണ ഡെങ്കിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, രക്തത്തോടെയുള്ള ഛർദി, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങൾ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിനു കാരണം. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. രോഗലക്ഷണങ്ങൾ മനസ്സിലാക്കി അടിയന്തിര ചികിത്സ നൽകിയാൽ രോഗിയെ രക്ഷിക്കാൻ സാധിക്കും. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തുക, രക്തമോ പ്ളേറ്റ്ലറ്റോ നല്കുക എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയാനും സഹായിക്കും.
  ആരോഗ്യമുള്ള ഒരാൾക്ക് ഒരു മി.ലിറ്റർ രക്തത്തിൽ ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം വരെ പ്ലേറ്റ്ലെറ്റുകൾ ഉണ്ടാവും. ഡെങ്കിപ്പനി വന്നാൽ പ്ലേറ്റ്ലെറ്റുകൾ കുറയും. മാരകമായ ഡെങ്കിപ്പനി ബാധിച്ചവർക്ക്‌ ഇതു പതിനായിരത്തിൽ താഴെയാകും. അനുബന്ധ ചിത്രം ശ്രദ്ധിക്കൂ. പ്ലേറ്റ്ലെറ്റുകൾ എത്ര കുറഞ്ഞാലും രോഗികളിൽ എല്ലാവരിലും തന്നെ പ്ലേറ്റ്ലറ്റ് കണങ്ങളിൽ നാടകീയവും അത്ഭുതാവഹകുമായ ഒരു വർദ്ധന അഞ്ചു മുതൽ ഏഴു ദിവസങ്ങളിൽ കാണാൻ സാധിക്കും. ഇതു ഡെങ്കിപ്പനി രോഗികളിൽ സ്വാഭാവികമായ പ്രകൃത്യായുള്ള ഒരു പ്രതിഭാസം മാത്രമാണ്. പനി തുടങ്ങി അഞ്ചാറു ദിവസം കഴിയുമ്പോഴാണ് രോഗനിർണ്ണയം നടത്തി രോഗികൾ സാധാരണ പപ്പായ നീരു കഴിക്കുന്നത്‌. അതുകൊണ്ടാണ് പ്രകൃത്യായുള്ള ഈ വർദ്ധന പപ്പായ നീരിന്റെതുകൊണ്ടാണന്നു പരക്കെ തെറ്റിധരിക്കപ്പെട്ടിരിക്കുന്നത്. അതായത് പപ്പായ ഇല തിന്നാലും വാഴയില തിന്നാലും ഒരു ഇലയും തിന്നില്ലെങ്കിലും എല്ലാ രോഗികളിലും ഈ വർധനയുണ്ടാകും.
  എന്താണ് പ്ലേറ്റ്ലെറ്റുകളുടെ നാടകീയമായ ഈ വർദ്ധനയ്ക്ക് കാരണം? വൈറസ്സുകളുടെ ആക്രമണം മൂലം പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറുയുമ്പോൾ ശരീരത്തിലെ പ്ലേറ്റ്ലെറ്റുകളുടെ ഉത്പാദന കേന്ദ്രമായ അസ്ഥിമജ്ജയിൽ ധാരാളം പ്ലേറ്റ്ലെറ്റുകൾ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു. ചിത്രം വീണ്ടും ശ്രദ്ധിക്കൂ. പനിയുടെ ഏകദേശം ആറാം ദിവസമാകുമ്പോൾ വൈറസ്സിനെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ ധാരാളമായി ഉത്പാധിപ്പിക്കപ്പെട്ടിരിക്കും. വൈറസ്സുകൾ നിർവീര്യമാക്കപ്പെടുന്നതോടുകൂടി പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിക്കും. പനിയുടെ ആദ്യഘട്ടങ്ങളിൽ രക്തക്കുഴലുകൾക്ക് നീരുവരുന്നതുമൂലം ധാരാളം പ്ലേറ്റ്ലെറ്റുകൾ അടുത്തുള്ള കോശങ്ങളിലേക്ക് ചോർന്നു പോകുന്നു. പനി മാറുമ്പോൾ ചോർന്നു പോയ ഈ പ്ലേറ്റ്ലെറ്റുകളെ രക്തക്കുഴലുകൾ തിരികെപ്പിടിക്കും. ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ് ഡെങ്കിപ്പനിരോഗികളിൽ പ്ലേറ്റ്ലറ്റ്കണങ്ങൾ പെട്ടന്ന് വർദ്ധിക്കുന്നത്. ഇതാണ് ‘പപ്പയയില മാജിക്കി’നുള്ള ശാസ്ത്രീയ വിശദീകരണവും.
  രോഗികൾ ശരിയായ ചികിത്സ എടുക്കട്ടെ. അതിന്റെയൊപ്പം അല്പം പപ്പയയിലയും കഴിക്കട്ടെ എന്ന അഭിപ്രായമുള്ളവരും ഉണ്ട്. അങ്ങിനെവരുമ്പോൾ പപ്പയയിലയിൽ അധികവിശ്വാസമർപ്പിച്ചു ശരിയായ ചികിത്സ എടുക്കാൻ താമസ്സിക്കുന്നവരുടെ എണ്ണം കൂടുകയും ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് കൂടുകയും ചെയ്യും.
  ഇതിന്റെ ഒരു മറുവശം കൂടി നമുക്ക് പരിശോധിക്കാം. പപ്പായ ഇലകൾക്ക് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാൻ കഴിവുണ്ടന്നു തന്നെയിരിക്കട്ടെ. അത് എപ്രകാരമാണ് തെളിയിക്കപ്പെടെണ്ടത്? അതിനു അനവധി കടമ്പകൾ കടക്കണം. ആദ്യമായി പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാൻ കഴിവുള്ള പദാർത്ധത്തെ കൃത്യമായി വേർതിരിച്ചെടുക്കണം. ആ പദാർധം പരീക്ഷണശാലകളിൽ വിപുലമായ പരിശോധനകൾക്ക് വിധേയമാകണം. മറ്റു ജീവജാലങ്ങളിൽ അത് പരീക്ഷിക്കപ്പെടണം. ഏറ്റവും പ്രധാനമായി വളരെയധികം രോഗികളിൽ കുറ്റമറ്റ രീതിയിൽ പരീക്ഷിച്ചു ഫലപ്രദമെന്നു സംശയാധീതമായി തെളിയിക്കപ്പെടണം. രോഗികളിൽ ഉള്ള മരുന്ന് പരീക്ഷണത്തിനു ഏറ്റവും കുറ്റമറ്റ രീതിയായി ഇന്ന് കണക്കാക്കപ്പെടുന്നത് Placebo controlled double blind trials ആണ്. വളരെയധികം (ഉദാ അൻപതിനായിരം) രോഗികളിൽ മരുന്നും, അത്രയും എണ്ണം തന്നെ വേറൊരു വിഭാഗം രോഗികളിൽ ഒരു ഡമ്മി മരുന്നും നല്കി പരീക്ഷിക്കുന്ന രീതിയാണിത്. ഈ രണ്ടു വിഭാഗം രോഗികളെയും താരതമ്മ്യപഠനത്തിനു വിധേയമാക്കുമ്പോൾ മരുന്നിന്റെ ഫലപ്രാപ്ത്തിയെക്കുറിച്ചു വ്യക്തമായ അറിവുണ്ടാകും

  ReplyDelete
 19. ഹെപ്പറ്റൈറ്റിസ് ബി വൈറസ് അണുബാധ കൊണ്ട് പ്രധാനമായും കരളിനാണ് പ്രശ്നമുണ്ടാകുക. കരളിന്റെ സിറോസിസ് മുതല്‍ ക്യാന്‍സര്‍ വരെ ഉണ്ടാകാം ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ ഉപദ്രവം കാരണം. ഇത് പല തലത്തില്‍ ചികിത്സിക്കാം. നിലവിലെ ചികിത്സാശാസ്ത്ര റ്റെക്നീക്കുകള്‍ കൊണ്ട് ഈ വൈറസിന്റെ ബാധ പൂര്‍ണമായും ശരീരത്തില്‍ നിന്ന് കളയാന്‍ പറ്റില്ല (മെഡിക്കല്‍ സയന്‍സിന്റെ ഭാഷയില്‍ "viral cure" എന്ന് വിളിക്കുന്ന അവസ്ഥ). എന്നാല്‍ ഈ വൈറസുണ്ടാക്കുന്ന കേടുപാടുകളെ നിശ്ശേഷം തടയാന്‍ പറ്റുന്ന (മെഡിക്കല്‍ സയന്‍സിന്റെ ഭാഷയില്‍ "immunological cure" എന്ന് വിളിക്കുന്ന അവസ്ഥ) അഞ്ചോ ആറോ മരുന്നുകള്‍ നിലവില്‍ ഉണ്ട്. ലമിവുഡീന്‍, റ്റെനോഫൊവിയര്‍, എന്റകവിയര്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന ന്യൂക്ലിയോസൈഡ് അനലോഗുകള്‍ (Nucleoside analogs) എന്ന് വിളിക്കുന്ന കൂട്ടം മരുന്നുകളും ഇന്റര്‍ഫീറോണുകളും ഒക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഒറ്റമൂലികളുടെ പിന്നാലെ പോയി വയര്‍ ചീത്തയാക്കണ്ട.

  ReplyDelete