യക്ഷികളുണ്ടാവുന്നത്

"സന്ധ്യയാകുമ്പോള്‍ അവള്‍ എന്നും വരും, അടുത്തിരിക്കും. ഞങ്ങള്‍ പലതും സംസാരിക്കും."
"അവള്‍... ശരിക്കും അങ്ങനൊരുവള്‍ ഇല്ല എന്ന് അറിയാമോ ഫ്രെഡിന്?" എന്റെ കൗതുകം ഏറി.
"അറിയാം. അവള്‍ക്ക് എന്റെ കോളെജ് ഗേള്‍ഫ്രണ്ടിന്റെ ഛായയാണ്", ഫ്രെഡ് ഉറക്കെ പ്രഖ്യാപിച്ചു.
"അതെന്താ ഫ്രെഡ്, ഭാര്യയുടെ ഛായ അല്ലാത്തത്?" ഫ്രെഡിന്റെ ഭാര്യ ലിന്‍ഡയെ ഇടങ്കണ്ണിട്ട് നോക്കി ചിരിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു.
"അറിയില്ല. അത് പറഞ്ഞ് ലിന്‍ഡ എന്നെ ഇടയ്ക്ക് തോണ്ടാറുണ്ട്".
 ഫ്രെഡും ലിന്‍ഡയും പൊട്ടിച്ചിരിച്ചു.
ഇത് ഡൈവോഴ്സിലൊന്നും എത്തിയില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ നിശ്വസിച്ചു.

* *

 3,4 ഡൈഹൈഡ്രോക്സി ഫീനെഥിലമീന്‍ എന്ന് മുഴുവന്‍ പേര്. ഡോപ്പമീന്‍ എന്നു ചെല്ലപ്പേര്. കുപ്പിയില്‍ എടുത്താല്‍ ചത്ത മീനിന്റെ മണമുള്ള ഒരു രാസവസ്തു. തലച്ചോറിലെ പല നാഡീബന്ധങ്ങളുടെയും പ്രായോജകനും നിയന്താവുമാണ്. മസ്തിഷ്കമധ്യം (മിഡ്‌ബ്രെയിന്‍) എന്നു വിളിക്കുന്ന ഒരു ഭാഗവും അതിനു മുകളിലെ സ്ട്രയേറ്റം എന്നു വിളിക്കുന്ന ഒരിടവും തമ്മില്‍ സംസാരിക്കുന്നത് ഡൊപ്പമീനുപയോഗിച്ചാണ്. ദേഹഭാഗങ്ങള്‍ ചലിപ്പിക്കാന്‍ മസ്തിഷ്കം കുറേയധികം കമ്പ്യൂട്ടേഷനുകള്‍ നടത്തേണ്ടതുണ്ട്. ഇതിനായി കോഡ് ചെയ്ത് വിടുന്ന മോട്ടോര്‍ പ്രോഗ്രാമുകളില്‍ നിന്ന് കൊള്ളാവുന്നവയെ തെരഞ്ഞെടുക്കുകയും ആവശ്യമില്ലാത്ത ചലന പ്രോഗ്രാമുകളെ ഒഴിവാക്കുകയും വഴി നമ്മുടെ നടപ്പിനെയും കൈകാലനക്കങ്ങളെയും അര്‍ഥപൂര്‍ണമാക്കുക എന്നതാണ് സ്ട്രയേറ്റവും മസ്തിഷ്കമധ്യവും ഉള്‍പ്പെടുന്ന  ബേസല്‍ ഗാംഗ്ലിയ എന്ന സര്‍ക്കിറ്റിന്റെ ജോലി.  ഡോപ്പമീന്‍ സ്രവിക്കുന്ന നാഡികള്‍ ക്രമേണ ലൂയി ബോഡികള്‍ എന്നു വിളിക്കുന്ന പ്രോട്ടീന്‍കലർന്ന ബ്ലോക്കുകള്‍ കാരണം നശിക്കുന്ന ഒരു അസുഖത്തെപ്പറ്റി ഡോ. ജെയിംസ് പാര്‍ക്കിന്‍സണ്‍ 1817ല്‍ എഴുതുകയുണ്ടായി. എന്തുതരം നാഡീവ്യവസ്ഥയെയാണിത് ബാധിക്കുന്നതെന്നോ ഡൊപ്പമീനാണു പിന്നിലെ താരമെന്നോ ഒന്നും അറിഞ്ഞിട്ടല്ല, രോഗികളുടെ ലക്ഷണങ്ങള്‍ മാത്രം വിശദീകരിക്കുന്ന ഒരു ദീര്‍ഘോപന്യാസമാണ് പാര്‍ക്കിന്‍സണ്‍ പ്രസിദ്ധീകരിച്ചത്. 1850-60 കളില്‍ യൂറോപ്യന്‍ ന്യൂറോളജിയുടെ ഗുരുകാരണവന്‍ ഷാന്മാര്‍ട്ടാന്‍ ഷാര്‍ക്കൂ ഈ രോഗത്തെ പാര്‍ക്കിന്‍സണ്‍ രോഗമെന്നു വിളിച്ച് ആദരിച്ചു. ഫ്രെഡിനു പാര്‍ക്കിന്‍സണ്‍ രോഗമാണ്.

കൈവിറയലും നടപ്പിന്റെ ആക്കം കുറയലും വേഗതയില്ലായ്മയും കാരണം അമ്പത്തിമൂന്നാം വയസില്‍ ഒരു അഗ്നിശമനസേനയുടെ തലപ്പത്ത് നിന്ന് ഫ്രെഡ് റിട്ടയര്‍മെന്റ് വാങ്ങി. മറ്റൊരു സംസ്ഥാനത്തേയ്ക്ക് വീടുമാറി താമസമായെങ്കിലും ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ കൃത്യമായി പരിശോധനയ്ക്കു വരും. പല പ്രായത്തിലുള്ള പാര്‍ക്കിന്‍സണ്‍ രോഗികള്‍ ഇരിക്കുന്ന കാത്തിരിപ്പുമുറി കടന്ന് വരുമ്പോള്‍ എല്ലാ തവണയും ഫ്രെഡ് ആധിയോടെ ചോദിക്കാറുണ്ട്, അടുത്തതവണ വരുമ്പോള്‍ ഞാന്‍ വീല്‍ ചെയറിലാകുമോ, വാക്കര്‍ ഉപയോഗിക്കേണ്ടി വരുമോ എന്നൊക്കെ. 1930-50കള്‍ വരെ ഈ രോഗികള്‍ അഞ്ചാറു കൊല്ലത്തിനകം കിടപ്പിലാകുകയും അങ്ങനെ ന്യുമോണിയയോ മറ്റ് അണുബാധകളോ വന്ന് മരിക്കുകയുമായിരുന്നു പതിവ്. ഇന്ന് പത്ത് പന്ത്രണ്ട് തരം മരുന്നുകളും വിവിധതരം മസ്തിഷ്ക ശസ്ത്രക്രിയകളും ഒക്കെയായി ഒരുപാട് ചികിത്സ ലഭ്യമാണ്.  ഭേദമാക്കാനാകാത്ത രോഗമാണെങ്കിലും രോഗലക്ഷണം നിയന്ത്രിക്കാനും രോഗം മൂലമുള്ള വൈകല്യങ്ങളെ 75-85 ശതമാനത്തോളം അകറ്റി നിര്‍ത്താനും അതുവഴി ജീവിത ഗുണനിലവാരം ഉയര്‍ത്താനും ഇന്ന് സാധിക്കും. എണ്‍പതും തൊണ്ണൂറും വയസ് വരെ ജീവിക്കുന്ന രോഗികള്‍ സര്‍‌വ്വസാധാരണയാണ് പാശ്ചാത്യ സമൂഹങ്ങളിലൊക്കെ.

പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ മുഖ്യ പ്രശ്നം ചലനങ്ങൾ മരവിക്കുന്നതാണ്. ചലനത്തിനു വേണ്ടുന്ന മസ്തിഷ്ക പ്രോഗ്രാമുകള്‍ ശരിയായി തെരഞ്ഞെടുക്കാന്‍ സ്ട്രയേറ്റത്തിനു കഴിയാതാവുന്നു. ഒപ്പം വേണ്ടാത്ത ചലനങ്ങള്‍ വര്‍ധിക്കുന്നു. സര്‍ക്കിറ്റുകള്‍ പ്രശ്നത്തിലാകുമ്പോള്‍ നാഡീവ്യൂഹത്തിനുള്ളില്‍ ചില ചാക്രിക കമ്പനങ്ങള്‍ (oscillations) ഉണ്ടാകാറുണ്ട്. ഇവകാരണം ചില അനാവശ്യ ചലങ്ങള്‍ ചാക്രികമാകുന്നു, പ്രത്യേക ഫ്രീക്വന്‍സികളില്‍  ആവര്‍ത്തിക്കുന്നു. കൈകാലുകളിലെ വിറയലുകള്‍ ഇതിനുദാഹരണമാണ്.  ഈ രോഗം ബാധിക്കുന്നതില്‍ മഹാഭൂരിപക്ഷവും അറുപത്തഞ്ച് വയസിനു മേലുള്ളവരാണ്. ഫ്രെഡിനെപ്പോലെ താരതമ്യേന ചെറുപ്പത്തിലേ ഇത് വരുന്നവര്‍, ഭാഗ്യവശാല്‍, അപൂര്‍‌വ്വം. ഏതാണ്ട് 5-10% രോഗികള്‍ ചില ജീനുകളുടെ പരിവര്‍ത്തനം മൂലം ഈ രോഗം വരുന്നവരാണ്.

ഡോപ്പമീന്‍ സ്രവിക്കുന്ന നാഡികളാണ് നശിക്കുന്നതില്‍ മുഖ്യം എന്നതിനാല്‍ ഡോപ്പമീന്‍ ഗുളിക രൂപത്തിലോ കുഴമ്പായോ ശരീരത്തിലെത്തിക്കുക എന്നതാണ് മുഖ്യ ചികിത്സ. ഫ്രെഡിനെപ്പോലെ പ്രായമധികമാവാത്ത രോഗികള്‍ക്ക് ഡൊപ്പമീന്‍സ്രാവ നാഡികള്‍കുറേയൊക്കെ നശിക്കാതെ ബാക്കി കാണും (പ്രമേഹ രോഗികളുടെ ആദ്യ വര്‍ഷങ്ങളില്‍ ഇന്‍സുലിന്‍ ബാക്കിയാവുന്നത് പോലെ). ഈ നാഡികളെ കൂടുതല്‍ ഡോപ്പമീനുല്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മരുന്നുകളാണ് ഡോപ്പാ അഗണിസ്റ്റുകള്‍.  ഇവയുടെ പ്രധാന പാര്‍ശ്വഫലങ്ങളിലൊന്നാണ് ഹാലൂസിനേഷനുകള്‍ - ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്ന തോന്നല്‍. രസകരമായൊരു സംഗതി, ലോകത്ത് ഏത് സംസ്കാരത്തിലോ ഭാഷാ ഉപവിഭാഗത്തിലോ പെട്ട പാര്‍ക്കിന്‍സണ്‍ രോഗിയെ എടുത്താലും, അവരുടെ ഡോപ്പാ അഗണിസ്റ്റ് മരുന്നുകള്‍ മൂലമുള്ള ഹാലൂസിനേഷനുകള്‍ ഏതാണ്ട് ഒരേ പാറ്റേണ്‍ ആണ് കാണിക്കാറ് എന്നതാണ്. ഫ്രെഡ് സ്ഥിരമായി പ്രേതരൂപിയായ ഒരു സ്ത്രീയെ കാണും, സംസാരിക്കും. ഫ്രെഡിനവളെ പേടിയില്ല. അങ്ങനൊരുവള്‍ ഇല്ല എന്നു ഫ്രെഡിനറിയാം. എന്നാലും അവള്‍ക്ക് പരിചയത്തിലെ ആരുടെയോ മുഖമാണ്. ഫ്രെഡ് പറയുന്നത് കോളെജ് കാലത്തെ കാമുകിയെപ്പോലെയാണവളെന്നത്രെ.

ഡോപ്പമീന്‍ ചലനവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. പൊതുവേയുള്ള ഉന്മേഷം, ആനന്ദം,  ആഗ്രഹപൂര്‍ത്തീകരണം, കാര്യം നേടിക്കഴിഞ്ഞാല്‍ കിട്ടുന്ന സന്തോഷം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ഡോപ്പമീന്‍ നിയന്താവാണ്. ഈ സംഗതികളെയാകെ ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണ് ലഹരി. മദ്യം, മയക്കുമരുന്ന്, പുകയില, ചൂതാട്ടം, സെക്സ് എന്നു വേണ്ട ഫെയ്സ് ബുക്കിലോ ബ്ലോഗിലോ ഒരു പോസ്റ്റിട്ടാല്‍ കിട്ടുന്ന "ലൈക്കും" ഫീഡ്‌ബാക്കും വരെ ഡോപ്പമീനിന്റെ ലഹരീനാഡിവ്യവസ്ഥയില്‍ ഓടുന്ന സംഗതികളാണ്. മരുന്നു രൂപത്തില്‍ ഡോപ്പമീനുപയോഗിക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും ശ്രദ്ധിക്കാറുള്ളതും രോഗികള്‍ പഴയതും പുതിയതുമായ ലഹരികളിലേക്ക് വഴുതുന്നുണ്ടോ എന്നാണ്. ലഹരി മൂത്ത് ചൂതും വാതുവയ്പ്പുമായി കുടുംബസ്വത്ത് മുഴുവനും നശിപ്പിച്ച് വിവാഹം തകര്‍ന്ന രോഗികളുണ്ട്. ലൈംഗികത്വര വര്‍ദ്ധിച്ച് മൂന്നും നാലും ഇണകളുമായി ബന്ധപ്പെട്ട് രതിജന്യരോഗങ്ങള്‍ പിടിപെട്ട സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇതില്‍ വയസായവരെന്നോ മധ്യവയസ്കരെന്നോ ഭേദമില്ലെങ്കിലും സാമൂഹ്യകാരണങ്ങള്‍ കൊണ്ടാവാം, ഈ പ്രശ്നം കൂടുതലും കാണുന്നത് പ്രായത്തിലിളയ രോഗികളിലാണ്.

* *

ഫ്രെഡിന്റെ കുറിപ്പടികളില്‍ ചില മാറ്റങ്ങള്‍ വരുത്തി ഫാര്‍മസി ഏതാണെന്ന് ഒന്നുകൂടി ചോദിച്ച് ഉറപ്പുവരുത്തിയിട്ട് ഞാന്‍ സെന്റ് ബട്ടണ്‍ ഞെക്കി.
രോഗപുരോഗതിയും പരിശോധനാവിവരങ്ങളും ചുരുക്കത്തില്‍ ടൈപ്പ് ചെയ്ത നോട്ട് പ്രിന്റെടുത്ത് ഫ്രെഡിന്റെ ഭാര്യ ലിന്‍ഡയെ ഏല്പ്പിച്ചു. മരുന്നു മാറ്റത്തിന്റെ ഫലം മൂന്നാഴ്ചയ്ക്ക് ശേഷം ഫോണില്‍ വിളിച്ച് പറയാന്‍ നമ്പര്‍ കൊടുത്ത് ഇരുവരെയും യാത്രയാക്കി.

ഒരുമാസം കഴിഞ്ഞ് ഫ്രെഡിന്റെ ഫോണ്‍.
"അവള്‍ ഇപ്പോള്‍ വരാറില്ല".
"ബട്ട്... ഐ റിയലീ മിസ് ഹെര്‍ ഡോക്. ഈസ് ദാറ്റ് നോര്‍മല്‍?"
മറുതലയ്ക്കലെ ശബ്ദം വിതുമ്പുന്നുണ്ടായിരുന്നു.

ഡൊപ്പമീന്‍ ഇസ് എ ബിച്ച്.

14 comments:

  1. :).....:(

    ഈ ശൈലി കൊള്ളാം. അനായാസം വായിച്ചു. അനായാസം കാര്യങ്ങള്‍ ഗ്രഹിക്കാനും പറ്റി.

    ReplyDelete
  2. ഗംഭീര പ്രസന്റേഷൻ... നന്നായി ആസ്വദിച്ചു.. പങ്കുവെച്ച വിവരങ്ങൾക്ക് നന്ദി

    ReplyDelete
  3. Interesting and illuminating narrative..Thanks Dr.

    ReplyDelete
  4. മുൻപ് പഠിപ്പിച്ചിരുന്ന ഒരു കുട്ടിയെ കാണാൻ രാത്രി ജനാലയ്ക്കരികിൽ ഒരു പയ്യൻ വരുമായിരുന്നു. സ്കൂളിൽ നടക്കുന്ന സംഭവവും മറ്റും അയാൾ അവനോടു പറഞ്ഞിരുന്നു അത്രേ. കടലിനടിയിൽ കൊട്ടാരവും കൊച്ചു മനുഷ്യരുമൊക്കെയുണ്ടെന്ന് പുള്ളിക്കാരൻ പറഞ്ഞു കൊടുത്തിരുന്നു. മരിച്ചതിനു ശേഷം അവൻ പോയി നേരിട്ട് കണ്ടറിഞ്ഞതാണ് കൊട്ടാരവും മറ്റും. പ്രത്യേകിച്ചു ചികിൽസയൊന്നും ചെയ്തില്ല. എന്നിട്ടും ക്രൂരനായ അവൻ അവളെ ഉപേക്ഷിച്ചു പോയി!

    ReplyDelete
    Replies
    1. വെള്ളേ,
      ട്രാൻസിയന്റ് ഹാലൂസിനേഷൻ ആണെന്ന് തോന്നുന്നു വെള്ള പറഞ്ഞ കേസിലെ കുട്ടിക്ക്. ചില ഡോപ്പമിൻ തന്മാത്രാ സ്വീകരിണികളിൽ ഓവർ ആയി പ്രസ്തുത രാസവസ്തു പ്രവർത്തിക്കുന്നതാണ് ഇതിന്ന് കാരണമായി പറയുന്നത്. അത് ഏറിയും കുറഞ്ഞും വരാം. ചില സമയത്തേക്ക് മാത്രം ഹാലൂസിനേഷൻ ഉണ്ടാകുക, അത് കാരണം യാഥാർഥ്യവുമായി ബന്ധമേ നഷ്ടപ്പെടുക (ചിത്തഭ്രമം) എന്നതൊക്കെ ആണ് സ്‌കീറ്റ്‌സോഫ്രീനിയയുടെ ലക്ഷണങ്ങൾ.ഡോപ്പമിൻ നാഡീവ്യവസ്ഥ സ്‌കീറ്റ്‌സോഫ്രീനിയയിലും പ്രശ്നകാരി ആണ്. ചില കേസിൽ താത്കാലിക ശമനം ഉണ്ടാകാമെങ്കിലും അധിക കേസും ചികിത്സിച്ചില്ലെങ്കിൽ പരിപൂർണ ഭ്രാന്തിൽ എത്തും. തലച്ചോറിന്റെ ഈ പ്രത്യേക നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒട്ടേറെ രോഗങ്ങൾ ഉണ്ട്. ചില പനികൾ മുതൽ ക്യാന്സറുകൾ മൂലമുള്ള മനോജ്വരം (എൻസഫലോപ്പതി)വരെ.

      Delete
  5. ഒരൊഴുക്കിലങ്ങിനെ വായിച്ച്‌ പോയി കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ കിടപ്പ്‌ വശം അൽപമൊക്കെ പിടിയുംകിട്ടി. നന്ദി

    ReplyDelete
  6. ഇത് വായിച്ചപ്പോൾ ഓര്മ വന്നത് ബ്യുട്ടിഫുൾ മൈൻഡ്‌സ് എന്നി സിനിമയാണ്..

    http://www.imdb.com/title/tt0268978/

    ഒരു സംശയം...ഇത് വായിച്ച് കഴിഞ്ഞപ്പോൾ ഉണ്ടായതാണ്...കഴിഞ്ഞ കുറെ നാളുകളായിട്ട്, (നാല് -അഞ്ച് മാസം..?), മിക്ക ദിവസവും എന്ന് തന്നെ പറയാം, രാത്രി ഉറക്കത്തിൽ സ്വപ്നത്തിൽ എന്റെ ഒരു പഴയ പെൺ സുഹൃത് പ്രത്യക്ഷപ്പെടുന്നു, അവർ ഇപ്പോൾ എവിടെ ഉണ്ടെന്നോ, ഏത് അവസ്ഥയിലെന്നോ അറിയില്ല. സ്വപ്നത്തിൽ നല്ലതെളിമയോടെ തന്നെ നല്ല നല്ല സംഭാഷണങ്ങൾ / സംവാദങ്ങളാണ് നടക്കുന്നത്, കൂടുതലും ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലികളിലെ ചില പ്രശ്നങ്ങൾ അതിനുള്ള പ്രതിവിധികൾ, അല്ലെങ്കിൽ ചെയ്യുന്ന റിസേർച് പേപ്പറിന് വേണ്ടുന്ന നല്ല നല്ല ആർഗ്യുമെന്റുകൾ അങ്ങിനെ അങ്ങിനെ. സെക്സ് ആയിട്ടുള്ള ചിലത് ചിലദിവസം കടന്ന് വരാറുണ്ട്അ .വർ മുൻപ് എന്റെ ഒപ്പം ജോലിചെയ്തിരുന്നതാണ്. ഒരേ തരത്തിലുള്ള ജോലികൾ ആയിരുന്നു ചെയ്തിരുന്നത്, അന്നും ഇതുപോലെ സംഭാഷണങ്ങൾ / സംവാദങ്ങൾ ജോലി സംബന്ധമായി ഉണ്ടായിരുന്നു. നല്ല ബ്രില്യന്റ് ആയിരുന്നു...... .സാധാരണ കണ്ടിരുന്ന സ്വപ്‌നങ്ങൾ പിറ്റേന്നോ പിന്നെയോ ഓർക്കാർ ഉണ്ടായിരുന്നില്ല, എന്നാൽ ഇവ നല്ല തെളിമയോടെ നിൽക്കുന്നു...ജോലിയിൽ ഉപയോഗപ്പെടുത്താൻ അല്ലെങ്കിൽ പേപ്പറുകളിൽ എഴുതാനും സാധിക്കുന്നു. ഇപ്പോൾ ഒരു ആങ്കുഷി...ഇതെന്തായിരിക്കും..ഒരു ഡോക്ടറെ കണ്ട് ഇത് കുളമാക്കണോ..ഇത് ഭാവിയിൽ എന്തെങ്കിലും ശല്യമാകുമോ..അതോ എന്തിനെയെങ്കിലും തുടക്കമാണോ...

    ഒരു സംശയം അത്രമാത്രം...

    ReplyDelete
  7. ഇന്ന് ബ്രെയിൻ എംആർഐ കഴിഞ്ഞ്‌ കിട്ടിയ സീഡി ഇട്ട്‌ എന്റെ തലക്കുള്ളിൽ മൊത്തം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോ ഇതും.

    A million things can go wrong. Which one is mine? :(

    ReplyDelete
  8. ലളിതമായ എഴുത്ത്, നന്ദി ഡോക്ടർ.
    ജീവിതത്തിൽ ചില വ്യക്തികളുമായുള്ള സംഭാഷണങ്ങൾ, ചില രംഗങ്ങൾ ഒക്കെ മുൻപ് എപ്പോഴോ സ്വപ്നത്തിലോ മറ്റോ കണ്ടിട്ടുണ്ടല്ലൊ എന്ന തോന്നൽ ഉണ്ടാക്കാറുണ്ട്. അതും ഇങ്ങനെയുള്ള എന്തെങ്കിലും സംഗതികൾ മൂലം ആയിരിക്കും അല്ലെ? എന്നാലും അപ്പോൾ നടന്ന ആ സംഭാഷണം / ആ രംഗം മുൻപ് എപ്പോഴോ നടന്നതായി വളരെ തെളിമയോടെ ഓർമ്മയിൽ വരാൻ എന്താവും കാരണം എന്നറിഞ്ഞാൽ കൊള്ളാം.

    ReplyDelete
  9. നല്ല ശൈലി ..... അറിവിന്റെ ഒരു ഭാഗം കൂടി വിശാലമായി .. പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു: ''

    ReplyDelete
  10. നല്ല ശൈലി ..... അറിവിന്റെ ഒരു ഭാഗം കൂടി വിശാലമായി .. പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു: ''

    ReplyDelete
  11. Worth reading... ചിലപ്പോൾ ഫാന്റസി ലോകമായിരിക്കും യഥാർത്ഥ ജീവിതത്തെക്കാൾ സന്തോഷം നൽകുന്നത്.. താത്കാലികമാണെങ്കിൽ പോലും.. അവളിപ്പോൾ വരാറില്ല എന്ന ഏറ്റുപറയലിൽ അത് വ്യക്തമാക്കുന്നു ഫ്രെഡ്..

    ReplyDelete