പന്നിപ്പനി വിശേഷങ്ങള്‍


വൈറസുകളും ജന്തുക്കളും തമ്മിലുള്ളത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പാരസ്പര്യമാണ്. വൈറസിന് സ്വന്തമായി ഒരു കോശവ്യവസ്ഥയില്ല. ആകെയുള്ളത് കുറച്ച് ജീനുകളുടെ ഒരു കഷ്ണം ജനിതകവസ്തുവാണ്. അത് ഡി.എന്‍.ഏയുടെയോ ആര്‍.എന്‍.ഏയുടെയോ ഒരു നാര് ആവാം. അതിന്റെ ഇരട്ടിപ്പിന് കോശവ്യവസ്ഥയും ഊര്‍ജ്ജവും പ്രോട്ടീനുകളുമൊക്കെ ആവശ്യമുണ്ട് വൈറസിന്. സ്വന്തമായി ഇതൊന്നുമില്ലാത്ത ഇവന്‍ സസ്യങ്ങളിലേക്കും ജന്തുക്കളിലേക്കും മനുഷ്യനിലേക്കും കുടിയേറുന്നു. ഒരു പരാദജീവിതം. ഈ കോശങ്ങളില്‍ ചെന്ന് പെരുകുന്ന കൂട്ടത്തില്‍ ഇവയുടെ ജീനുകളില്‍ ചില്ലറ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് മുഖ്യമായും രണ്ട് രീതിയിലാകാം : ഒന്ന്, കേറിച്ചെല്ലുന്ന കോശത്തിന്റെ ജീനുകള്‍ വൈറസ് കുഞ്ഞുങ്ങളുടെ ജീനുകള്‍ക്കിടയില്‍ പെട്ടുപോകുക. ഒരു മുത്തുമാലയില്‍ ഒരേതരം മുത്തുകള്‍ കോര്‍ക്കുന്നതിനിടയില്‍ ഏതാനും വ്യത്യസ്ത മുത്തുകള്‍ പെട്ടുപോകുന്നതു പോലെ. രണ്ട്, കോശത്തിനകത്ത് പെരുകുന്ന നേരത്ത് സ്വന്തം ജീനുകളുടെ തന്നെ സ്ഥാനം മാറി കോര്‍ക്കാനിടയാകുക. ഇത് പുതിയ വൈറസ് രൂപങ്ങളുടെ ആവിര്‍ഭാവത്തിനും വികാസപരിണാമങ്ങള്‍ക്കും സഹായിക്കുന്ന അനേകം സങ്കേതങ്ങളില്‍ പ്രധാനമായ ഒന്നാണ്.

കൊടുക്കല്‍ വാങ്ങലുകളുടെ സഹസ്രാബ്ദങ്ങള്‍


ദശലക്ഷക്കണക്കിന് ജീവികളിലെ കോശങ്ങളിലൂടെ കടന്നു പോകുന്ന വൈറസുകളുടെ കോടിക്കണക്കിന് പകര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം ജനിതക സങ്കലനം രൂപം കൊടുക്കുന്നത് ഒരു പുതിയ വൈറസ്സിനാവാം. അല്ലെങ്കില്‍ മുന്‍പ് അത്ര ആക്രമണ ശേഷികാണിക്കാത്ത ഒരു വൈറസ്സിന് ഇതിലൂടെ കൂടുതല്‍ കോശങ്ങളിലേയ്ക്ക് പകരാനുള്ള വര്‍ധിച്ച കഴിവുകളാകാം ലഭിക്കുക.

ലളിതമായിപ്പറഞ്ഞാല്‍ ഇങ്ങനെയാണ് മനുഷ്യനില്‍ രോഗങ്ങളുണ്ടാക്കുന്ന ഏതാണ്ടെല്ലാ വൈറസുകളുടെയും ഉത്ഭവചരിതം. ചില വൈറസുകള്‍ കാട്ടുജീവികളില്‍ കിടന്നു കറങ്ങുന്നവയാകും. ചിലത് നാട്ടു ജീവികളിലും വളര്‍ത്തുമൃഗങ്ങളിലും ജൈവ ചക്രം പൂര്‍ത്തിയാക്കുന്നവയായിരിക്കും. ജനസംഖ്യാ വര്‍ധനവ്, ഭൂഖണ്ഡാന്തര യാത്രകള്‍, കാട്ടിലേയ്ക്കും മറ്റും ജനാവാസകേന്ദ്രങ്ങള്‍ വ്യാപിക്കല്‍ എന്നിങ്ങനെ രോഗാണുവിന്റെ നൈസര്‍ഗ്ഗിക ജൈവ ചക്രത്തില്‍ മനുഷ്യനോ മറ്റു ജന്തുക്കളോ കണ്ണിയാകാനുള്ള സാധ്യതകള്‍ ഇന്ന് വളരെ കൂടുതലാണ്. ഇതിനിടയില്‍ മനുഷ്യന്‍ വന്നുപെടുന്നതോടെ വൈറസിന് ആക്രമിക്കാനും പെരുകാനുമുള്ള കോശങ്ങളുടെ ഒരു പുതിയ വാഹകനെ (host) കിട്ടുന്നു. ഈ പെരുകല്‍ പ്രക്രിയയില്‍ അത് ശരീരത്തിലുണ്ടാക്കുന്ന പ്രതികരണങ്ങളും ക്ഷതങ്ങളുമാണ് രോഗമായി നാം അനുഭവിക്കുന്നത്.

സര്‍വ്വ സാധാരണയായി കാണുന്ന ഒരുതരം ജലദോഷ/ശ്വാസകോശ രോഗ വൈറസായ ഇന്‍ഫ്ലുവെന്‍സാ (influenza) വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പന്നിപ്പനി വൈറസുകള്‍ (swine-origin influenza). ഓര്‍തോമിക്സോ വിറിഡേ എന്ന വലിയ കുടുംബത്തിലെ അഞ്ച് ജനുസ്സുകളിലെ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് ഏ, ബി, സി എന്നിങ്ങനെ പേരുകളുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസുകള്‍. ഇവയെല്ലാം മനുഷ്യനില്‍ രോഗമുണ്ടാക്കുന്നവയാണെങ്കിലും ജനിതകസങ്കലനവും രോഗകാരക ശേഷിയും ആക്രമണതീവ്രതയും വച്ച് നോക്കുമ്പോള്‍ ഇന്‍ഫ്ലുവെന്‍സ-ഏ ആണ് ഇതില്‍ വീര്യം കൂടിയവന്‍. ലോകവ്യാപകമായ മഹാമാരികള്‍ നിശ്ചിതകാലം കൂടുമ്പോള്‍ ഉണ്ടാകുന്നതും Influenza-Aയുടെ ഉപവര്‍ഗ്ഗങ്ങളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകള്‍ മൂലമാണ്.

ഈ വൈറസുകളുടെ കോശത്തിന് നേര്‍ത്ത ഒരു ആവരണമുണ്ട്. ഈ ആവരണത്തില്‍ മുത്തുപതിപ്പിച്ചതു പോലെ കാണപ്പെടുന്ന ചില പ്രോട്ടീനുകളും ഉണ്ട്. ഈ പ്രോട്ടീനുകള്‍ വൈറസിനെ മറ്റൊരു കോശത്തിനു പുറത്ത് ഒട്ടിച്ചേര്‍ന്നിരിക്കാനും അതു വഴി ആ കോശത്തിനുള്ളില്‍ കയറിപ്പറ്റാനുമൊക്കെ സഹായിക്കുന്നു. ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം : ഹീം അഗ്ലൂട്ടിനിന്‍ (H), ന്യൂറാമിനിഡേയ്സ് (N) എന്നിവ. ഹീം അഗ്ലൂട്ടിനിന്‍ വൈറസ്സിനെ അതാക്രമിക്കുന്ന കോശത്തിന്റെ പുറത്തേയ്ക്ക് ഒട്ടാന്‍ സഹായിക്കുന്നു. ന്യൂറാമിനിഡേയ്സ് ആകട്ടെ കോശത്തിനുള്ളില്‍ വൈറസ് പെരുകിയുണ്ടാകുന്ന കുഞ്ഞുങ്ങളെ “സഞ്ചി”കളിലാക്കി കോശത്തിനു പുറത്തിറക്കാന്‍ സഹായിക്കുന്നു.
ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളുടെ വിവിധ കോമ്പിനേഷനുകളില്‍ ഉപവര്‍ഗങ്ങളായി (serotype) തിരിച്ച് പേരിട്ടു വിളിക്കുന്നു. H1N1, H1N2, H3N2 എന്നിങ്ങനെ മനുഷ്യനെ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസ് ഉപവര്‍ഗങ്ങള്‍ ഒത്തിരിയുണ്ട്. മുകളില്‍ പറഞ്ഞ സങ്കേതങ്ങളിലൂടെ ഇതു കാലക്രമത്തില്‍ രൂപാന്തരപ്പെടുന്നു. ഇതില്‍ പന്നിപ്പനിയെന്ന് വിളിക്കുന്ന ഇന്‍ഫ്ലുവെന്‍സയുടെ കാരണം H1N1 വൈറസാണ്. അല്പകാലം മുന്‍പ് പക്ഷിപ്പനിഭീതി പടര്‍ന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസിനെ ചുറ്റിപ്പറ്റിയും.


പന്നിയും പന്നിപ്പനിയും


പല ജന്തു ശരീരങ്ങളിലും കയറിയിറങ്ങുന്ന വൈറസിന്റെ ജനിതം മാറ്റിയെഴുതപ്പെടുന്നതിന്റെ സാങ്കേതിക വിശേഷം മുകളില്‍ പറഞ്ഞല്ലോ. പക്ഷിപ്പനി വൈറസിനെയും മനുഷ്യ ഇന്‍ഫ്ലുവെന്‍സ വൈറസിനെയും ഒരേ സമയം വഹിക്കാന്‍ പന്നികളുടെ കോശങ്ങളിലെ ചില സ്വീകരിണികള്‍ (receptors) സഹായിക്കുന്നു എന്ന്‍ കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായും ഒന്നിലധികം തരം വൈറസ്സുകളാല്‍ അണുബാധയേറ്റ പന്നിയുടെ കോശത്തിനുള്ളില്‍ വൈറസിന്റെ ജീനുകള്‍ക്ക് സങ്കലനം സംഭവിക്കാവുന്നതേയുള്ളൂ. പന്നിപ്പനിയെന്ന (Swine-origin Influenza) പേരു വീണതും ഇങ്ങനെയാണ്.
1990കളില്‍ത്തന്നെ ചില പന്നികളില്‍ നിന്നും കണ്ടെത്തിയ ഇഫ്ലുവെന്‍സ വൈറസ്സ് സാമ്പിളുകളില്‍ മൂന്ന് വൈറസ്സുകളുടെയും ജീനുകള്‍ ഇടകലര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പന്നികളുമായി ഇടപഴകിയ ചിലരില്‍ 2005ല്‍ ഏതാനും പന്നിപ്പനി കേസുകള്‍ കണ്ടിരുന്നു. ഈവര്‍ഷം മാര്‍ച്ചില്‍ മെക്സിക്കോയില്‍ ആരംഭിച്ച് ലോകവ്യാപകമായ പന്നിപ്പനിയുടെ ഉത്ഭവം ഇതുപോലെയായിരുന്നിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത് (പന്നിയിറച്ചി കഴിക്കുന്നതിലൂടെ ഈ വൈറസ് പകരില്ല എന്നത് ശ്രദ്ധിക്കുക.)

2009 മാര്‍ച്ച് മാസം മുതല്‍ ലോകവ്യാപകമായ പന്നിപ്പനിയുടെ വൈറസില്‍ 4 വൈറസുകളുടെ ജീനുകളാണ് കണ്ടെത്തിയിരിക്കുന്നത് - രണ്ടെണ്ണം പന്നികളിലേത്, ഒന്ന് പക്ഷികളിലേത്, മറ്റൊന്ന് മനുഷ്യരിലേതും ! വിശദമായ കണക്കെടുക്കുമ്പോള്‍ കാണുന്നത് ഇങ്ങനെ : ഏതാണ്ട് 30% ജീനുകള്‍ ഉത്തര അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പന്നികളില്‍ കാണുന്ന ഇന്‍ഫ്ലുവെന്‍സ വൈറസില്‍ നിന്ന്, 17%ത്തോളം ജീനുകള്‍ യൂറോപ്പിലെയും ഏഷ്യയിലെയും പന്നികളിലേതില്‍ നിന്ന്, 34%ത്തോളം അമേരിക്കയിലെ തന്നെ പക്ഷിപ്പനി ഇന്‍ഫ്ലുവെന്‍സ വൈറസില്‍ നിന്ന്. ബാക്കി 17%ത്തോളം വന്നിരിക്കുന്നത് മനുഷ്യരില്‍ കാണുന്ന ഇന്‍ഫ്ലുവെന്‍സ രോഗ വൈറസുകളില്‍ നിന്നും.


പനിയെച്ചൊല്ലി കലഹിക്കുമ്പോള്‍

ഇന്‍ഫ്ലുവെന്‍സ വൈറസ് വകഭേദങ്ങളും അതുണ്ടാക്കുന്ന രോഗവും മനുഷ്യനുള്ള നാടുകളിലെല്ലാം ഉണ്ട്. രണ്ട് രീതിയിലാണ് ഈ വൈറസ് രോഗകാരിയാകുക. ഒന്ന് ഒരു രാജ്യത്തിനകത്തോ ഒരു ചെറുസമൂഹത്തിനുള്ളിലോ മാത്രമായി ഒതുങ്ങുന്ന വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനി (epidemic). മറ്റൊന്ന് 10 മുതല്‍ 50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ രാജ്യാതിര്‍ത്തികളും ഭൂഖണ്ഡങ്ങളും കടന്ന് ലോകവ്യാപകമായി പകരുന്ന മഹാമാരികള്‍ (pandemic).

ഇതില്‍ ആദ്യം പറഞ്ഞ തരം പനി ഒരു ഭൂവിഭാഗത്തില്‍ ഒതുങ്ങുന്നതിനാല്‍ അവിടെത്തന്നെ ഇതിനെ ചികിത്സിച്ച് നിര്‍ത്താം. മുകളില്‍ വിശദീകരിച്ച ഹീം അഗ്ലൂട്ടിനിന്‍ (H) ന്യൂറാമിനിഡേയ്സ് (N) എന്നീ ആവരണപ്രോട്ടീന്‍ കണികകള്‍ക്കെതിരേ മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ചെറു സമൂഹങ്ങളില്‍ മാത്രമായി വിവിധതരം ഇന്‍ഫ്ലുവെന്‍സ എപ്പിഡെമിക്കുകളെ ഒതുക്കി നിര്‍ത്തുന്നതിനു കാരണം. സ്വാഭാവികമായ ഈ പ്രതിരോധശേഷി കുറഞ്ഞവരില്‍ നിന്നും മറ്റിടങ്ങളിലേക്ക് പകരാതിരിക്കാന്‍ ആ ജനങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കിയാല്‍ മതിയാകും.

എന്നാല്‍ഹീം അഗ്ലൂട്ടിനിന്‍, ന്യൂറാമിനിഡേയ്സ് കണികകളുടെ ഘടനയില്‍ വര്‍ഷാവര്‍ഷം വരുന്ന ചെറു വ്യതിയാനങ്ങള്‍ മൂലം ഓരോ വര്‍ഷവും വൈറസ്സിന് ഒരു പുതിയ മാറ്റം സാങ്കേതികമായി ഉണ്ടാവുന്നു. ഇതിനെ ആന്റിജെനിക് ഡ്രിഫ്റ്റ് എന്നു വിളിക്കും.

ഇതു മൂലം തൊട്ടു മുന്‍പത്തെ വര്‍ഷം വന്ന ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ ഉണ്ടായ ശാരീരിക പ്രതിരോധശേഷി അടുത്തകൊല്ലത്തില്‍ വരുന്ന ഫ്ലൂവിനെ ശരിക്ക് പ്രതിരോധിക്കില്ല . ഭാഗ്യവശാല്‍ സാമാന്യം ആരോഗ്യമുള്ളവരില്‍ വളരെപ്പെട്ടന്നുതന്നെ ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ പുതിയ പ്രതിരോധം രൂപപ്പെട്ടുവരും. ഒരു കൊല്ലം ഉപയോഗിച്ച പ്രതിരോധ വാക്സീന്‍ പോലും അടുത്തകൊല്ലം ഉപയോഗിക്കാനാവാത്ത അവസ്ഥയുള്ളതിനാല്‍ വര്‍ഷാവര്‍ഷം ഉണ്ടാവുന്ന വൈറസ് രൂപാന്തരത്തെ പുറകേ നടന്ന് തേടിപ്പിടിച്ച് വാക്സീനും അതനുസരിച്ച് മാറ്റേണ്ടിയും വരുന്നു.


അതേ സമയം ലോകവ്യാപകമായി വരുന്ന pandemicകള്‍ ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പറഞ്ഞതു പോലെ വൈറസ്സിന്റെ ജീനുകളില്‍ സംഭവിക്കുന്ന സങ്കലനം മൂലമാണ്. ഇങ്ങനെ ആരംഭിക്കുന്ന രോഗചക്രത്തിന് endemic ഇന്‍ഫ്ലുവെന്‍സയുടെ രൂപമായിരിക്കില്ല. രൂക്ഷത മാത്രമല്ല രോഗവ്യാപന തോതും പല സമയത്തുണ്ടായ മഹാമാരികള്‍ക്ക് പലതാണ്. പൊതുവേ pandemicകള്‍ ഉണ്ടാക്കുന്ന ഇന്‍ഫ്ലുവെന്‍സാ വൈറല്‍ രൂപങ്ങള്‍ക്ക് രോഗവ്യാപന തീവ്രത കൂടുതലാണ്. ഒറ്റത്തുമ്മലിലോ ചുമയിലോ തന്നെ ബാഷ്പങ്ങളിലൂടെയും കണികകളായും ഇത് അന്തരീക്ഷത്തില്‍ വ്യാപിച്ച് അടുത്തുള്ളവരെയെല്ലാം ആക്രമിക്കുന്നു. അങ്ങനെ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് വേഗം വ്യാപിക്കാനും അതുവഴി മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയും നീണ്ടു നില്‍ക്കുന്ന ചാക്രിക വ്യവസ്ഥയുണ്ടാക്കാന്‍ pandemicകളില്‍ വൈറസ്സിനു പറ്റും.

പുതിയ രോഗങ്ങളെപ്പറ്റി എല്ലാ സമൂഹങ്ങളിലും ഉണ്ടാകുന്നതുപോലെ കേരളത്തിലും സംശയങ്ങളുണ്ടായി. എന്താണ് ഇപ്പോഴീ പുതിയ രോഗം വരുന്നത് ? ഇതൊന്നും പണ്ട് കേട്ടിട്ടുപോലുമില്ലല്ലോ. സംശയങ്ങള്‍ നല്ലതു തന്നെ. പക്ഷേ അത് ചരിത്രം മറക്കുന്നതിനും നിഷേധിക്കുന്നതിനുമാകുമ്പോള്‍ സൂക്ഷിക്കണം.

ബി.സി 412 മുതല്‍ക്കുള്ള ഗ്രീക്ക് എഴുത്തുകളില്‍ ഇന്‍ഫ്ലുവെന്‍സയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ വ്യാപകമായി പടരുന്നതിനെപ്പറ്റി പറയുന്നുണ്ട്. 1510ല്‍ ആഫ്രിക്കയില്‍ നിന്ന് പുറപ്പെട്ട് യൂറൊപ്പിനെ ബാധിച്ച പകര്‍ച്ചപ്പനിയെപ്പറ്റി റിപ്പോട്ടുകളുണ്ട്. 1918-1920 കാലത്ത് യൂറോപ്പില്‍ കൊടുമ്പിരികൊണ്ട യുദ്ധം മൂലം വ്യാപകമായി പട്ടാളസംഘങ്ങളെ വിസ്ഥാപിക്കുന്ന സമയം. പട്ടാളക്കാരുടെ രാജ്യാന്തര പര്യടനങ്ങളോടൊപ്പം പുതിയ ഇനം ഇന്‍ഫ്ലുവെന്‍സ വൈറസ്സും ഭൂഖണ്ഡങ്ങള്‍ കയറിയിറങ്ങി. ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയെയോളം ആ ഇന്‍ഫ്ലുവെന്‍സ ബാധിച്ചു, 2 കോടിക്കു മുകളില്പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ 1781ലും 1889ലും 1918ലും 1957ലും ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനിയുടെ വിളയാട്ടമുണ്ടായിട്ടുണ്ട്. 1918ന്റെ പകര്‍ച്ചപ്പനി ബ്രിട്ടിഷ് ഇന്ത്യയില്‍ മാത്രം കൊന്നൊടുക്കിയത് 60ലക്ഷം പേരെയാണ് ! പ്ലേഗ് മൂലം രണ്ട് ദശകങ്ങളിലായി മരിച്ചവരുടെ ഏതാണ്ട് പകുതി എണ്ണം ആളുകള്‍ അന്ന് മാസങ്ങള്‍ക്കകം മരിച്ചു. 1957ലെ പകര്‍ച്ചവ്യാധിയാകട്ടെ ഭാഗ്യവശാല്‍ വീര്യം കുറഞ്ഞ വൈറസ് വകഭേദം മൂലമായരുന്നു. അന്ന് അത് എട്ടുമാസം കൊണ്ട് 45ലക്ഷത്തോളം പേരെ ബാധിച്ചെങ്കിലും മരണം 1200ല്‍ താഴെയായിരുന്നു.

സിംഗപ്പൂരു നിന്നും 1600ഓളം ആളുകളെയും കൊണ്ടു വന്ന കപ്പലില്‍ 254 ഇന്‍ഫ്ലുവെന്‍സ കേസുകള്‍ റിപ്പോട്ട് ചെയ്തതിനെപ്പറ്റിയും അവര്‍ മദിരാശിയില്‍ ഇറങ്ങിയതിനെപ്പറ്റിയും പിന്നെ ആ രോഗികളില്‍ നിന്ന് ഇന്ത്യയാകെ ഇതു പടര്‍ന്നതുമൊക്കെ അന്ന് കൂനൂരിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡെപ്പ്യൂട്ടി ഡയറക്റ്ററായിരുന്ന ഡോ: ഐ.ജി.കെ മേനോന്റെ നേതൃത്വത്തില്‍ ശ്രദ്ധയോടെ അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം അന്ന് ലോകാരോഗ്യസംഘടനാ ബുള്ളറ്റിനില്‍ എഴുതിയ ശാസ്ത്ര റിപ്പോട്ട് ഇന്ന് ചരിത്ര രേഖയാണ്.

ഈ കഥയൊന്നുമറിയാതെ പലരും ഈ പകര്‍ച്ചപ്പനിയുടെ പ്രാധാന്യത്തെ കുറച്ചുകാട്ടാന്‍ ശ്രമിക്കുന്നുണ്ട്. പനിയുടെ കാഠിന്യവും രോഗതീവ്രതയും ഭയാനകമല്ലെങ്കിലും ഈ വിധമുള്ള നിഷേധാത്മക സമീപനവും "ഗൂഢാലോചനാ സിദ്ധാന്തം" പ്രചരിപ്പിക്കലും പൊതുജനത്തിനിടയിലും കുറേയൊക്കെ അധികാരികളിലും രോഗത്തെപ്രതി ഉണ്ടാക്കാവുന്ന നിസംഗത ചെറുതല്ല.


ലോകാരോഗ്യസംഘടനയുടെ 'ജാഗ്രതാ നില'കളും പന്നിപ്പനിയും


ലോകാരോഗ്യസംഘടന ഈ പകര്‍ച്ചവ്യാധിയ്ക്കെതിരേയുള്ള ജാഗ്രതാ നില 6 ആക്കി എന്ന പ്രഖ്യാപനം വന്നതോടെ വ്യാപകമായ പരിഭ്രാന്തി ഏറിയകൂറും ഈ "ജാഗ്രതാ നില" (alertness levels) എന്താണെന്ന് അറിയാതെയായിരുന്നു. ജാഗ്രതാ നിലകളെന്താണെന്ന് വ്യക്തമാക്കാന്‍ ഇതിനോടൊപ്പം നല്‍കിയിട്ടുള്ള ചിത്രം വലിപ്പം കൂട്ടി കാണുക .

ഇതില്‍ ഒന്നാമത്തേത് ഒരു രോഗാണുമൂലമുള്ള മഹാമാരിക്ക് മുന്‍പുള്ള ഘട്ടമാണ്(ചിത്രത്തില്‍ പച്ച കള്ളി). ലോകാരോഗ്യസംഘടനയുടെ നിഷ്കര്‍ഷപ്രകാരമുള്ള ആദ്യ രണ്ട് ജാഗ്രതാ ലെവലുകള്‍ ഈ ഘട്ടത്തിലാണ്. അതായത് മൃഗങ്ങളില്‍ പുതിയ രോഗാണു കണ്ടെത്തുന്നു, എന്നാല്‍ മനുഷ്യനില്‍ ഇതെത്തിയിട്ടില്ല. അതേസമയം മനുഷ്യനില്‍ രോഗമെത്തുന്നതിന്റെ സാധ്യതകള്‍ ഉണ്ടുതാനും. കാലക്രമേണ മനുഷ്യനിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് മനുഷ്യസമൂഹങ്ങളില്‍ ജൈവചക്രം സ്ഥാപിക്കുന്നതോടെ ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വളരെ വേഗം ഇത് വ്യാപിക്കുന്നു. ഒപ്പം രോഗലക്ഷണങ്ങളും അതുമൂലമുള്ള ബുദ്ധിമുട്ടുകളും വ്യാപകമാകുന്നു. ഇങ്ങനെ പല ഘട്ടങ്ങളും കടന്ന് രോഗം രാജ്യാതിര്‍ത്തികള്‍ കടന്ന് ജാതിമതവംശസമൂഹഭേദമന്യേ ലോകമാസകലം പടരുന്നതോടെ പാന്‍ഡെമിക് എന്ന അവസ്ഥയാകുന്നു. ഈ ഘട്ടത്തില്‍ ജാഗ്രതാ നില 6 ആയി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുന്നു. ഈ ജാഗ്രതാ നിലകള്‍ പ്രഖ്യാപിക്കുന്നതിനു വ്യക്തമായ ഉദ്ദേശ്യമുണ്ട്. ഒരു രോഗം നിങ്ങളുടെ സമൂഹത്തില്‍ വ്യാപകമാകുകയാണ്, നേരിടാന്‍ തയ്യാറാവുക, ബജറ്റ് നിര്‍ദ്ദേശങ്ങളിലും പോളിസികളിലും അതനുസരിച്ച് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുക, മരുന്നുകള്‍ ശേഖരിക്കുക, രോഗം വ്യാപകമാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുക, ഏതൊക്കെ പ്രായത്തിലും ആരോഗ്യസ്ഥിതിയിലും ഉള്ളവരാണ് ഇതിനടിപ്പെടാന്‍ സാധ്യത, ഏതെല്ലാം വിഭാഗം ജനങ്ങള്‍ക്കാണ് പ്രത്യേകം ശ്രദ്ധവേണ്ടത്, ഇതിന്റെ ചികിത്സയ്ക്കായി സ്വസമൂഹങ്ങള്‍ക്ക് ബാധകമായ ഗൈഡ് ലൈനുകള്‍ നിര്‍മ്മിക്കുക, ഇതിന്റെ ചികിത്സയ്ക്കും പ്രതിരോധത്തിനും കൂടുതല്‍ വിഭവശേഷി ഉപയോഗിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ഒറ്റ വാക്കില്‍ കൊടുക്കുകെയെന്നതാണ് Pandemic alertness level-കള്‍ പ്രഖ്യാപിക്കുന്നതിലൂടെ സാധിക്കുന്നത്.

ചിത്രത്തില്‍ സൂചിപ്പിക്കുന്നതു പോലെ ജാഗ്രതാ നില 6 എന്നാല്‍ "ഇതാ ലോകം മുഴുവന്‍ ചത്തൊടുങ്ങാന്‍ പോകുന്നേ" എന്ന നിലവിളിയല്ല ! കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് ഇതു പകരുന്നു എന്ന് മാത്രമേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ. രോഗത്തിന്റെ കാഠിന്യത്തെയോ പ്രഹരശേഷിയേയോ മാരകത്വത്തെയോ ഒന്നും ഈ നമ്പര്‍ സൂചിപ്പിക്കുന്നില്ല. അതേ സമയം വൈറസുകള്‍ കൂടുതല്‍ മനുഷ്യരിലൂടെ കടന്നുപോകുമ്പോള്‍ അതുകള്‍ക്കുണ്ടാകാവുന്ന ജനിതകമ്യൂട്ടേഷനുകളെ പറ്റിയും രോഗകാരകശേഷി(infectivity)യെ പറ്റിയും ഇത് വ്യംഗ്യമായ സൂചന തരുന്നുണ്ട്. രോഗത്തിന്റെ ഗതിവിഗതികളെപ്പറ്റി അത്തരം സൂചനകള്‍ നല്‍കുക എന്നതുകൂടി ഈ 'ജാഗ്രതാ നില'പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്നു.


രോഗപ്പകര്‍ച്ച, രോഗാതുരത, ലക്ഷണശാസ്ത്രം


സാധാരണ ജലദോഷപ്പനികളില്‍ വരുന്ന പനി, തൊണ്ടവേദന, ചുമ, തലവേദന, മൂക്കൊലിപ്പ് തുമ്മല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ തന്നെയാണ് ഭൂരിഭാഗം പന്നിപ്പനി കേസുകളിലും കാണുന്നത്. പേശികളിലും സന്ധികളിലുമുള്ള വേദനയും വ്യാപകമാണ്.ഛര്‍ദ്ദിയും വയറിളക്കവും ചിലരില്‍ ഉണ്ടാവാം. പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലും പ്രായമേറിയവരിലും രോഗപ്രതിരോധശേഷിക്കുറവുള്ള ജനവിഭാഗങ്ങളിലും ഈ ലക്ഷണങ്ങളില്ലാതെയും പന്നിപ്പനി കാണാം. ചെറുസമൂഹങ്ങളില്‍ ഒതുങ്ങുന്ന epidemic ആയാലും ലോകമാകെ പടരുന്ന മഹാമാരിയായാലും സാധാരണ ഇന്‍ഫ്ലുവെന്‍സ രൂക്ഷമായി ബാധിക്കുന്നത് പ്രായം കൂടിയവരെയും കുട്ടികളെയുമാണ്. എന്നാല്‍ 2009ലെ പന്നിപ്പനി മഹാമാരി എല്ലാപ്രായത്തിലുള്ളവരെയും ഏറെക്കുറേ ഒരുപോലെ ബാധിക്കുന്നതായാണ് കണ്ടുവരുന്നത്.

ഒരുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ വെറും പനിയും ഊര്‍ജ്ജക്കുറവുമല്ലാതെ ചുമയും മൂക്കൊലിപ്പും മറ്റ് അനുബന്ധ ലക്ഷണങ്ങളും പലപ്പോഴും കാണാറില്ല. എന്നാല്‍ കുട്ടികളില്‍ പൊതുവേ ശ്വാസകോശത്തെ വ്യാപകമായി ബാധിക്കുന്ന നീര്‍ക്കെട്ടും മറ്റും കൂടുതല്‍ കാണാമെന്നതിനാല്‍ സൂക്ഷിക്കേണ്ടതുണ്ട്. ഗര്‍ഭിണികളാണ് സൂക്ഷിക്കേണ്ട മറ്റൊരു കൂട്ടര്‍. മഹാമാരികളില്‍ മാത്രമല്ല, വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന സാദാ പകര്‍ച്ചപ്പനികളിലും ഇവര്‍ക്ക് രോഗസാധ്യതയും കോമ്പ്ലിക്കേയ്ഷനുകളും കൂടുതലായിരിക്കും.

മുതിര്‍ന്നവരില്‍ പൊതുവേ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് 99% രോഗികളും പന്നിപ്പനിയിലൂടെ കടന്നുപോയിട്ടുള്ളത്. പ്രശ്നങ്ങള്‍ കണ്ടതാകട്ടെ ശ്വാസകോശ രോഗങ്ങളുള്ളവരിലും (ഉദാ: പുകവലി കൊണ്ടുള്ള ബ്രോങ്കൈറ്റിസ്, ആസ്മ) എയിഡ്സ്, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ മൂലം പ്രതിരോധം കുറഞ്ഞവരിലും ഹൃദ്രോഗികളിലും ഗര്‍ഭിണികളിലുമൊക്കെയാണ്. പ്രമേഹരോഗികളും പൊതുവേ ഇമ്മ്യൂണിറ്റി കുറവാകയാല്‍ ശ്രദ്ധിക്കണം. ഒരു കൗതുകമെന്തെന്നാല്‍ പ്രായം ചെന്നവരില്‍ ഈ വൈറസിനെതിരേ ചെറിയ തോതില്‍ പ്രതിരോധശേഷിയും പല സ്ഥലങ്ങളിലും കാണുന്നുവെന്നതാണ്. ഈ മഹാമാരിക്ക് തൊട്ടുമുന്‍പുള്ള 1957-58ലെ പകര്‍ച്ചപ്പനിയില്‍ നിന്ന് ലഭിച്ച പ്രതിരോധശേഷിയാവണം പ്രായം കൂടിയവരില്‍ ഇപ്പോള്‍ കാണുന്ന ഈ പ്രതിഭാസമെന്നാണ് വിലയിരുത്തല്‍ .

വൈറസ്സിന്റെ ജനിതകപ്രത്യേകതകള്‍ മൂലം പെട്ടെന്ന് വ്യാപിക്കുന്നതാണ് പന്നിപ്പനിയെങ്കിലും ഭാഗ്യവശാല്‍ ഇത് ആളെക്കൊല്ലിയല്ല. മൊത്തം രോഗബാധിതരില്‍ ഏതാണ്ട് 0.5% ആളുകള്‍ക്കേ ആശുപത്രികളില്‍ കിടത്തിച്ചികിത്സ വേണ്ടിവന്നിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് ബാധ കൊണ്ടുവരുന്ന ന്യുമോണിയയും പനിമൂലമുള്ള നിര്‍ജലീകരണവുമൊക്കെയാണ് കിടത്തിചികിത്സ വേണ്ടിവന്നവരില്‍ ഏറിയപങ്കിനുമുണ്ടായിരുന്ന പ്രശ്നങ്ങള്‍ . രോഗത്തിന്റെ ഉത്ഭവ സ്ഥലമായ മെക്സിക്കോയില്‍ മരണപ്പെട്ടവരുടെ നാലിലൊന്ന് പേര്‍ നേരത്തേ മറ്റ് രോഗങ്ങളൊന്നുമുള്ളവരായിരുന്നില്ല എന്നത് ഒരു അപൂര്‍വതയാണ്. മെക്സിക്കോയ്ക്ക് പുറത്ത് ഈ പ്രതിഭാസം ഉണ്ടായിട്ടില്ല. പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ ശതമാനം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. വികസിത രാജ്യങ്ങളില്‍ മരണം വെറും 0.3 % ആയിരിക്കുമ്പോള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ഇത് 3 - 4% വരെ എത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരുടെയും തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്നും swab സാമ്പിളുകള്‍ എടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തുക എന്നത് ഒരു മഹാമാരിയുടെ ആദ്യഘട്ടങ്ങളില്‍ സാധിച്ചേക്കുമെങ്കിലും സമൂഹത്തിലെ വലിയൊരു പങ്കിലേയ്ക്ക് രോഗം എത്തിക്കഴിഞ്ഞാല്‍ ഇങ്ങനെ ആവര്‍ത്തിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമേ ഉണ്ടാക്കൂ. അതിനാല്‍ രോഗലക്ഷണങ്ങള്‍ നോക്കിയും നിങ്ങളുടെ ചുറ്റുവട്ടത്ത് സമാനലക്ഷണമുള്ള പകര്‍ച്ചപ്പനി വ്യാപകമാണോ എന്ന് ശ്രദ്ധിച്ചും മാത്രം ടെസ്റ്റുകള്‍ ചെയ്താല്‍ മതിയാകും. പന്നിപ്പനിയുടെ രോഗലക്ഷണങ്ങള്‍ പൊതുവേ എല്ലാതരം ജലദോഷപ്പനികള്‍ക്കും കാണുന്നതാകയാല്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കാതിരിക്കെ തന്നെ പല സമൂഹങ്ങളിലും ഈ രോഗം വ്യാപിക്കുന്നുണ്ട്. കോമ്പ്ലിക്കേഷന്റെ സാധ്യതകളോ മറ്റ് രോഗങ്ങളോ ഇല്ലാത്ത ആളുകളില്‍ ടെസ്റ്റുകള്‍ ചെയ്യേണ്ട കാര്യമില്ല എന്നാണ് ലോകാരോഗ്യസംഘടനയും പറയുന്നത്.


ചികിത്സയും പ്രതിരോധവും


വൈറസ്സിന്റെ ജനിതകമാറ്റത്തിലും വ്യാപനത്തിന്റെ തോതിലും ഇത്തവണത്തെ പന്നിപ്പനി 1918ന്റെ മാരകമായ ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ് ആദ്യം മുതല്‍ക്കേ കാണിച്ചിരുന്നത് എന്നതുകൊണ്ടാവാം ഇതിനോടുള്ള സമീപനത്തില്‍ അല്പം എടുത്തുചാട്ടങ്ങള്‍ ആദ്യ മാസങ്ങളില്‍ വൈദ്യലോകത്താകെ ഉണ്ടായത്. രോഗലക്ഷണം കണ്ട ഏതാണ്ടെല്ലാവര്‍ക്കും കണ്ണും മൂക്കുമില്ലാതെ സനാമിവിറും(zanamivir) ഒസെല്‍റ്റാമിവിറും (oseltamivir) കൊടുക്കുക എന്ന രീതിയാണ് ആദ്യമാദ്യം പല സെന്ററുകളും അവലംബിച്ചത്. എന്നാല്‍ പനിവ്യാപനത്തിന്റെ തോതും ദിശയും കൂടുതല്‍ തെളിഞ്ഞുവന്നതോടെ പ്രധാന ആരോഗ്യഗവേഷണ കേന്ദ്രങ്ങളൊക്കെ തങ്ങളുടെ നിര്‍ദ്ദേങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ശ്വാസകോശത്തെയാകെ ബാധിക്കുന്ന ഗൗരവതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, കിടത്തിചികിത്സ വേണ്ടിവരുന്നവര്‍, 65നുമേലോ 2നു താഴെയോ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ക്യാന്‍സറും എച്.ഐ.വിയും മറ്റും ഉള്ളവര് എന്നിങ്ങനെയുള്ള രോഗീവിഭാഗങ്ങളില്‍ മാത്രം ഒസെല്‍റ്റാമിവിറും സനാമിവിറും പോലുള്ള ആന്റി വൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതി എന്നാണ് വിദഗ്ധതലത്തിലുള്ള തീരുമാനം. മേല്‍ സൂചിപ്പിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റിന്റെ റിസള്‍ട്ടിനു കാത്തു നില്‍ക്കാതെ 48മണിക്കൂറില്‍ത്തന്നെ ചികിത്സ ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം. അറിഞ്ഞോ അറിയാതെയോ രോഗിയുമായി ഇടപഴകിയവരില്‍ രോഗം വന്നാല്‍ കോമ്പ്ലിക്കേഷനുകളുണ്ടാവാന്‍ സാധ്യതയുള്ളവരുണ്ടെങ്കില്‍ അത്തരക്കാരിലും മുന്‍കൂറായി ചികിത്സ ആരംഭിക്കാം.

ഈ വകുപ്പിലൊന്നും പെടാത്ത സാധാരണ രോഗികള്‍ക്ക് പനിക്കും ശരീരവേദനയ്ക്കും മറ്റും ലക്ഷണമനുസരിച്ചുള്ള ലഘു ചികിത്സകള്‍ മതിയാകും. ലഘുവായ, ദഹിക്കാനെളുപ്പമുള്ള ആഹാരം, ധാരാളം വെള്ളം (കഞ്ഞിവെള്ളം, കഞ്ഞി, പഴച്ചാറുകള്‍ ) എന്നിവ നല്ലത്. അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നതും നല്ലതല്ല. ആന്റിബയോട്ടിക്കുകള്‍ വൈറല്‍ രോഗത്തിന് പ്രയോജനം ചെയ്യില്ല. ആസ്പിരിനും മറ്റും നിവര്‍ത്തിയുണ്ടെങ്കില്‍ ഇന്‍ഫ്ലുവെന്‍സയുള്ളപ്പോള്‍ കഴിക്കാതിരിക്കുക.

തുമ്മലിലൂടെ അന്തരീക്ഷത്തില്‍ പടരുന്ന വെള്ളത്തുള്ളികളിലേറിയാണ് വൈറസ് അന്യരിലെത്തുന്നത്. മൂക്കുതുടച്ചിട്ടോ വായപൊത്തി ചുമച്ചിട്ടോ ഒക്കെ രോഗി പലയിടത്തും സ്പര്‍ശിക്കുമ്പോള്‍ അവിടെയും രോഗാണു പരക്കുന്നു. ജലദോഷ വൈറസ് സര്‍വസാധാരണയായി പരക്കുന്നതും ഈ രീതികള്‍ വഴിത്തന്നെ. ഇതുകൊണ്ടാണ് കഴിയുന്നതും രോഗികള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതും വസ്തുക്കള്‍ പൊതുവായി കൈകാര്യം ചെയ്യുന്നതും ഒഴിവാക്കാന്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ഹസ്തദാനം, മുഖത്ത് സ്പര്‍ശിക്കല്‍, പൊതുസ്ഥലങ്ങളില്‍ തുപ്പുക, മൂക്കുപിഴിഞ്ഞിടുക എന്നിവ ചെയ്യുന്നത് നിര്‍ദ്ദോഷമാണെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ ഓര്‍ക്കുക,രോഗം മാരകമല്ലെങ്കിലും ഈ വൈറസ്സിന്റെ സംക്രമണശേഷി കൂടുതലാണ്, ഒരല്പം മതി അത് മറ്റുള്ളവരിലേക്ക് എത്താന്‍.

പന്നിപ്പനി വാക്സീനുകളും നമ്മളും

ലാബിലെ കൃത്രിമാന്തരീക്ഷത്തില്‍ വൈറസിനെ വളര്‍ത്തുക എന്ന ദുഷ്കരമായ പ്രവര്‍ത്തി എളുപ്പമായത് 1930കളില്‍ പുതിയ ടെക്നീക്കുകള്‍ കണ്ടെത്തിയതോടെയാണ്. തുടര്‍ന്ന് 1940കളുടെ പകുതിയോടെ ആദ്യ ഇന്‍ഫ്ലുവെന്‍സ പ്രതിരോധ വാക്സീന്‍ വികസിപ്പിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിലെ പട്ടാളക്കാരായിരുന്നു ആദ്യകാല ഗുണഭോക്താക്കള്‍. ഇന്ത്യയില്‍ വ്യാപകമായ 1957ലെ ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനിയെ നേരിടാന്‍ 1958ന്റെ ആദ്യത്തോടെ കൂനൂരിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളെജും ചേര്‍ന്ന് ഒരു പ്രതിരോധകുത്തിവയ്പ്പു തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. അന്ന് പനിയുടെ പകര്‍ച്ച വേഗത്തില്‍ നിന്നതിനാല്‍ വാക്സീന്‍ ഉപയോഗിക്കപ്പെട്ടില്ല.

ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം കുത്തിവയ്പ്പാണെന്ന് കാലങ്ങളോളമുള്ള വാക്സീന്റെ ഉപയോഗം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് വര്‍ഷം തോറും മഞ്ഞുകാലത്ത് ഇന്‍ഫ്ലുവെന്‍സ കേസുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളില്‍ മിക്കതിലും തണുപ്പ് ആരംഭിക്കുന്നതിനു മുന്‍പുള്ള മാസങ്ങളില്‍ ഇന്‍ഫ്ലുവെന്‍സ വാക്സീന്‍ നല്‍കുന്ന പതിവുണ്ട്. പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ആശുപത്രിയിലും മറ്റും ജോലിചെയ്യുന്നവര്‍, പട്ടാളക്കാര്‍ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങള്‍ക്കാണ് ഈ കുത്തിവയ്പ്പുയജ്ഞത്തില്‍ മുഖ്യ പരിഗണന. ലോകമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയുടെ നിലയിലേക്ക് പന്നിവൈറസ് ഇന്‍ഫ്ലുവെന്‍സ വളര്‍ന്നതോടെ അടുത്തുവരുന്ന മഞ്ഞുമാസങ്ങളിലെ മുഖ്യ രോഗകാരകനും ഇതായിരിക്കും എന്നേതാണ്ടുറപ്പായിട്ടുണ്ട്. സ്വാഭാവികമായും തണുപ്പുകാലത്ത് കേസുകളുടെ എണ്ണവും ഇപ്പോഴുള്ളതിലും വളരെ കൂടുതലാവും. ഇക്കാരണങ്ങളാല്‍ തന്നെ പന്നി വൈറസ് ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ വാക്സീന്‍ നിര്‍മ്മിക്കാനും ചുരുങ്ങിയ കാലത്തിനിടയ്ക്ക് പരമാവധി സുരക്ഷിതത്വ പരീക്ഷണങ്ങള്‍ നടത്താനും ഗവേഷക സംഘങ്ങള്‍ തമ്മില്‍ കടുത്ത മത്സരമുണ്ട്. ഓസ്ട്രേയ്ലിയയും സ്വിറ്റ്സര്‍ലന്റും ഫ്രാന്‍സും അമേരിക്കയും തദ്ദേശീയമായി വാക്സീനുകള്‍ വികസിപ്പിച്ചുകഴിഞ്ഞു.

ഇന്ത്യയെപ്പോലെ സാമ്പത്തിക പരാധീനതകളുള്ള ഒരു രാജ്യത്ത് ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ വാക്സീന്‍ വ്യാപകമായി ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഇതേപ്പറ്റി പഠിച്ച പല വിദഗ്ധരുടെയും അഭിപ്രായം. ഒന്നാമത് ഇന്ത്യയിലെ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമെന്ന് പറയാന്‍ ഇന്‍ഫ്ലുവെന്‍സയേക്കാള്‍ ഗൗരവപ്പെട്ട വൈറസുകളും ബാക്റ്റീരിയകളും വേറെ ഉണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയൊരു വ്യത്യാസമാണ്. മാത്രമല്ല ശീതമേഖലയിലെ രാജ്യങ്ങളെ അപേക്ഷിച്ച് വര്‍ഷം മുഴുവന്‍ ഇന്‍ഫ്ലുവെന്‍സ വൈറസ് പകര്‍ച്ചയ്ക്ക് സാധ്യതയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ ആവശ്യകതയനുസരിച്ചുള്ള വാക്സീന്‍ നിര്‍മാണം ബുദ്ധിമുട്ടും ചെലവും കൂടിയതാണ്. അതുകൊണ്ടുള്ള മെച്ചമാകട്ടെ മറ്റ് പല രോഗങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവും. ഇതൊക്കെക്കൊണ്ടാകാം ഉയര്‍ന്ന രോഗസാധ്യതയോ കോമ്പ്ലിക്കേഷന്റെ സാധ്യതയോ ഉള്ള high risk ആളുകളിലല്ലാതെ (മുകളില്‍ നോക്കുക) നമ്മുടെ നാട്ടില്‍ ഈ വാക്സീനിന്റെ പൊതുവായ ഉപയോഗത്തെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും വന്നിട്ടില്ല.

ചുരുക്കത്തില്‍

മാധ്യമങ്ങള്‍ കഥയറിയാതെ പ്രചരിപ്പിക്കുന്നതല്ല പന്നിപ്പനിയെ സംബന്ധിച്ച യാഥാര്‍ത്ഥ്യം. അതിഭീകരനായ ആളെക്കൊല്ലിയായി ഈ വൈറസ് ഇതുവരെ രൂപം മാറിയിട്ടില്ല. പ്രതിരോധശേഷി കുറഞ്ഞ ജനവിഭാഗങ്ങളും മറ്റ് രോഗങ്ങളാല്‍ സ്വതവേ ദുര്‍ബലരായവരുമാണ് ഇതുവരെ പന്നിപ്പനിക്കിരയായി മരിച്ചവരില്‍ ഭൂരിഭാഗവും. പനിവന്നവരില്‍ 95%ത്തോളം പേരും യാതൊരു ദീര്‍ഘകാല പരാധീനതകളുമില്ലാതെ സുഖപ്പെട്ടു. മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിസ്കോ ഇല്ലാത്തവരില്‍ ഇതിന്റെ ചികിത്സ അനാവശ്യമാണ്. ലക്ഷണങ്ങളെ മാനേജ് ചെയ്യലാകട്ടെ തികച്ചും ലളിതവും. ഇതൊക്കെയാണെങ്കിലും ആളെക്കൊല്ലിയായി ഈ വൈറസ് മാസങ്ങള്‍ കഴിയുമ്പോള്‍ രൂപം മാറാന്‍ ചെറുതല്ലാത്ത സാധ്യത ഉണ്ട് എന്നോര്‍മ്മിക്കുക. മനുഷ്യനെ ആക്രമിച്ച പതിനൊന്നോളം ഇന്‍ഫ്ലുവെന്‍സ മഹാമാരികളുടെ ചരിത്രം മറക്കാതിരിക്കുക.


References :

1. A history of Influenza : C.W. Potter; Journal of Applied Microbiology 2001, 91, 572-579.
2. The 1957 Pandemic of Influenza in India : I.G.K Menon; WHO Bulletin 1959, 20, 199-224.
3. Pandemic potential of a strain of Influenza A (H1N1)- Early Findings: Fraser, C, Donnelly, CA, Cauchemez, S, et al.; Science 2009; 324:1557.
4. Origins and evolutionary genomics of the 2009 swine-origin H1N1 influenza A epidemic: Smith, GJ, Vijaykrishna, D, Bahl, J, et al. ; Nature 2009; 459:1122.
5. Current phase of alert in the WHO global influenza preparedness plan, 2009 .
6. Human infection with new influenza A (H1N1) virus: clinical observations from Mexico and other affected countries; WHO Weekly epidemiological record 2009; 84:185
7. United States Centers for Disease Control and Prevention. Interim guidance for clinicians on the prevention and treatment of swine-origin influenza virus infection.
8. Use of Influenza A (H1N1) 2009 Monovalent Vaccine: Recommendations of the Advisory Committee on Immunization Practices (ACIP); August 21,2009 / 58(Early Release);1-8.
9. Influenza Vaccination for Children in India: Joseph L Mathew; Indian Pediatrics Vol 46, 304-307, April 17, 2009.

3 comments:

 1. excelelnt article , this is really very evry informative , simple and informative

  ReplyDelete
 2. സൂരജ് മാഷെ..

  വീണ്ടും ഉപകാരപ്രദമായത്, ആ ചുരുക്കത്തിൽ എന്ന തലക്കെട്ട് വായിക്കുന്നതോടെ നല്ലൊരു മസ്സാജ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന സുഖം പോലെയാണ്..മാനസീകാശ്വാസം..! ഒത്തിരി നന്ദി

  ReplyDelete
 3. വളരെ നന്ദി വിശദമായ ഈ കുറിപ്പിന്.
  കുറേ തെറ്റിദ്ധാരണകൾ മാറിക്കിട്ടി.
  പന്നിപ്പനി പിടിപെട്ടാൽ പിന്നെ തട്ടിപ്പോയതുതന്നെ എന്നാണ് ഞാൻ ഇതുവരെ വിചാരിച്ചിരുന്നത്!

  ReplyDelete