തെളിവധിഷ്ഠിത വൈദ്യം (Evidence Based Medicine): ഒരു ആമുഖം

മുന്‍വിളി : കെ.പി സുകുമാരന്‍ സാറിന്റെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗിലെ 'വൈദ്യ രംഗത്തെ ചില അനാരോഗ്യ പ്രവണതകള്‍ എന്ന ലേഖനത്തിനെഴുതിയ ഒരു കമന്റു വികസിച്ചാണ് ഈ പോസ്റ്റായി മറിയത്.





ഭാഗം 1

കുറെക്കാലം മുന്‍പുവരെ നമ്മുടെ സമൂഹം ഘോരവഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിഷയമാണല്ലോ വെളിച്ചെണ്ണയോ പാമോയിലോ ശരീരത്തിനു നല്ലത് എന്നത്. ഇപ്പോഴും അതു മലയാളി സമൂഹത്തിന്റെ മറ്റെല്ലാ വിഷയങ്ങളും പോലെ തീരുമാനമാകാതെ കിടക്കുന്നുവെന്നത് മറ്റൊരു കാര്യം.
വേറൊരു വിവാദം അടുത്തിടെ കാണാന്‍ കഴിഞ്ഞത് - ആഞ്ജിയോപ്ലാസ്റ്റിയാണോ ബൈപ്പാ‍സ് ശസ്ത്രക്രിയയാണോ കൂടുതല്‍ ഫലപ്രദം എന്നതാണ്. യഥാര്‍ത്ഥത്തില്‍ ചികിത്സാരീതികളെ സംബന്ധിച്ച് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥ ആധുനിക വൈദ്യശാസ്ത്രത്തിനുണ്ടോ ?
എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ ശാസ്ത്രസമൂഹം ഒരു സമവായത്തിലെത്തുന്നത് ? എങ്ങനെയാണ് രോഗനിര്‍ണ്ണയം, രോഗചികിത്സ, രോഗപ്രതിരോധം/നിവാരണം എന്നിവകളെക്കുറിച്ചൊക്കെയുള്ള ഗവേഷണഫലങ്ങളെ കാച്ചിക്കുറുക്കി "നിര്‍ദ്ദേശക തത്വങ്ങള്‍ " രൂപീകരിക്കുന്നത് ?

അതിനേക്കുറിച്ചാണീ കുറിപ്പ്.

ഗവേഷണം എങ്ങനെ ?
ഒരു ടോര്‍ച്ചു കേടായാല്‍ നാമെന്തൊക്കെ ചെയ്യും ? ബാറ്ററിയൂരി വീണ്ടും കത്തിച്ചു നോക്കും; ബള്‍ബു മാറ്റി നോക്കും; സര്‍ക്യൂട്ടില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് നോക്കും. ഇതാണ് ആധുനിക ശാസ്ത്രത്തിന്റെ പച്ചയായ 'റിഡക്ഷനിസം'. ഈ രീതിശാസ്ത്രം ഉപയോഗിച്ചു തന്നെയാണു നാം ഉപ്പിന്റെ അണുഘടന മുതല്‍ പ്രപഞ്ച പശ്ചാത്തല റേഡിയേഷന്‍ വരെ കണ്ടെത്തിയത്.
ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ആദ്യ കാലത്തൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളും അനുഭവങ്ങളും സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ വളരെയധികം ഉപയോഗിച്ചിരുന്നതായി കാണാന്‍ കഴിയും. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ സാമാന്യവത്കരണങ്ങള്‍ ഒരു കാലത്ത് ചരകന്‍, സുശ്രുതന്‍, സോക്രേറ്റ്സ്, അരിസ്റ്റോട്ടില്‍ തുടങ്ങി ചാള്‍സ് ഡാര്‍വിനും ലാമാര്‍ക്കും വരെ നടത്തിയിരുന്നതായി കാണാം. എന്നാല്‍ ഈ രീതിക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്.

വൈദ്യശാസ്ത്രത്തില്‍ നിന്നും ഉദാഹരണമെടുത്ത് സംഗതി വ്യക്തമാക്കാം:

നിങ്ങള്‍ ദീര്‍ഘനാളത്തെ ഗവേഷണഫലമായി രക്താതിസമ്മര്‍ദ്ദത്തിന് (hypertension) A എന്നൊരു മരുന്ന് കണ്ടുപിടിച്ചെന്ന് കരുതുക. അതു നിങ്ങള്‍ ആധുനിക സയന്‍സിന്റെ വ്യവസ്ഥാപിത രീതിയനുസരിച്ച് ആദ്യം രാസപഠനം നടത്തുകയും പിന്നിട് ജന്തുക്കളില്‍ പരീക്ഷിച്ച് ഉദ്ദേശിച്ച രീതിയില്‍ ഈ മരുന്ന് അവയില്‍ ജൈവമാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പല ഘട്ടങ്ങളില്‍ക്കൂടി കടന്ന് ഒടുവില്‍ മനുഷ്യരില്‍ അതുപയോഗിക്കാം എന്നുറപ്പിക്കുന്നു. നിങ്ങളുടെ ഓ.പി ക്ലിനിക്കില്‍ വന്ന ചില രോഗികള്‍ക്ക് അതു കഴിച്ചിട്ട് ഉയര്‍ന്നു നിന്ന ബ്ലഡ് പ്രഷര്‍ താഴ്ന്നതായി നിങ്ങള്‍ കണ്ടു.
ഹാവൂ..! സംഗതി പ്രവര്‍ത്തിക്കുന്നുണ്ട്..! എന്നു കരുതി സാധനം മാര്‍ക്കറ്റില്‍ ഇറക്കാമോ ?
ഇല്ല. !
നിങ്ങളുടെ മരുന്നിനെ സംബന്ധിച്ച് ഇനിപ്പറയുന്ന ചൊദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം - ക്യത്യമായ, മൂര്‍ത്തമായ സംഖ്യകളില്‍ തരാമോ ?
  • എത്ര രോഗികളില്‍ നിങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടി ?
  • ഫലം കിട്ടിയവര്‍ മറ്റേതെങ്കിലും മരുന്നുകള്‍ കൂടി കഴിക്കുന്നുണ്ടായിരുന്നോ ?
  • നിങ്ങളുടെ മരുന്നാണ് അവരുടെ ബീ.പി സാധാരണ നിലയിലേക്കു താഴ്ത്തിയതെന്ന് എന്തു മാത്രം ഉറപ്പുണ്ട് ? ( നിങ്ങളുടെ രോഗികള്‍ ഉപ്പിന്റെ ഉപയോഗം കുറച്ചോ, യോഗ ചെയ്തോ, വ്യായാമം വഴിയോ കിട്ടിയ ഫലം ആണ് നിങ്ങള്‍ മരുന്നിന്റെ അക്കൌണ്ടില്‍ എഴുതി കയ്യടി നേടുന്നതെങ്കിലോ ?)
  • ഏത് പ്രായ/ലിംഗ സമൂഹത്തിലാണ് നിങ്ങളുടെ മരുന്ന് പരീക്ഷിച്ചത് ?
  • നിങ്ങളുടെ ക്ലിനിക്കില്‍ കിട്ടിയ ഈ ഫലം ഈ മരുന്ന് പൊതുജനങ്ങളില്‍ പ്രയോഗിച്ചാല്‍ എത്ര പേര്‍ക്കു ശരിക്കും കിട്ടാം ? (നിങ്ങളുടെ ക്ലിനിക്കില്‍ വരുന്ന തരം രോഗികള്‍ മാത്രമല്ലല്ലോ നാട്ടിലുള്ളത് )
  • എത്ര പേര്‍, എത്ര നാള്‍ ഈ മരുന്ന് കഴിച്ചാല്‍ ഉദ്ദേശിച്ച ഫലം ഇതില്‍ നിന്നു ലഭിക്കും?
  • നിങ്ങളുടെ മരുന്ന്, ഇപ്പോള്‍ മര്‍ക്കറ്റില്‍ ലഭിക്കുന്ന ഇതേ ഗണത്തില്പെട്ട മറ്റു മരുന്നുകളേക്കാള്‍ എന്തു മെച്ചമാണു നല്‍കുക?
  • അമിത രക്തസമ്മര്‍ദ്ദത്തിന്റെ കൂടെ ഡയബറ്റീസോ ആസ്മയോ ഹ്യദ്രോഗമോ ഉള്ളയാളുകള്‍ക്ക് ഈ മരുന്ന് കൊണ്ട് ദോഷമെന്തെങ്കിലും ഉണ്ടാകുമോ ?
എന്താണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചെയ്യുക?

ആദ്യമായി നിങ്ങള്‍ ഒരു നിശ്ചിത എണ്ണം രോഗികളെ മരുന്ന് പരീക്ഷണത്തിലേക്ക് "റിക്രൂട്ട് " ചെയ്യുകയാണു വേണ്ടത്. ഇവര്‍ നിങ്ങളുടെ ക്ലിനിക്കിലെ രോഗികള്‍ക്കിടെയില്‍ നിന്നൊ, പൊതുജനങ്ങളുടെ ഇടയ്ക്കുനിന്നോ മറ്റാശുപത്രികളില്‍ പോകുന്നവരൊ ഒക്കെയാകാം. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി, പൂര്‍ണ്ണസമ്മതം വാങ്ങിയ ശേഷമേ പഠനത്തീല്‍ ഉള്‍പ്പെടുത്തൂ.
ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വ്യക്തിഗത താല്‍പ്പര്യങ്ങള്‍ പ്രതിഫലിച്ചാല്‍ പഠനത്തിന്റെ നിഷ്പക്ഷത നഷ്ടമാകും. ഉദാഹരനത്തിന് ഒരു രോഗി നിങ്ങള്‍ക്ക് വല്യ മതിപ്പില്ലാത്ത ഒരാളാണ് - അയാള്‍ നിങ്ങളൂടെ മരുന്ന് നല്ലതാണെന്നൊരിക്കലും പറയില്ല. അല്ലെങ്കില്‍ മറ്റൊരു രോഗി നിങ്ങളുടെ പഴയ സുഹ്യത്തും ഒരു ഹ്യദ്രോഗിയുമാണ് - അയാളെ പഠനത്തില്‍ നിന്നൊഴിവാക്കാന്‍ നിങ്ങള്‍ ഉത്സാഹിക്കുന്നു...ഇതൊക്കെ പഠനത്തിന്റെ ആധികാരികതയെ കാര്യമായി ബാധിക്കും.
അതൊഴിവാക്കാന്‍ എന്താണു വഴി ?

അതിനാണ് റാന്‍ഡമൈസ് ഡ് കണ്ട്രോള്‍ഡ് ട്രയല്‍ (Randomised Controlled Trial) അഥവാ RCT എന്ന പദ്ധതി. ഇന്നു മാര്‍ക്കറ്റിലിറങ്ങുന്ന ഏതൊരു മരുന്നിന്റെയും ആധികാരികത ഉറപ്പാക്കുന്നത് RCTകള്‍ വഴിയാണ്. എന്താണിത് ?
പഠനത്തിനായി തെരഞ്ഞെടുക്കുന്ന രോഗികളുടെ കൂട്ടം, പുറത്തെ യഥാര്‍ഥ ലോകത്തിലെ ജനസമൂഹത്തെ പരമാവധി പ്രതിഫലിപ്പിക്കണം എന്ന ലക്ഷ്യമാണു റാന്‍‍ഡമൈസേഷന്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഇതിനായി പലരീതികള്‍ അവലംബിക്കുന്നു. പേരുകള്‍ എഴുതി ഒരു കുട്ടയിലിട്ട് കുലുക്കിയിട്ട് അതിലൊന്നു തിരഞ്ഞെടുക്കുന്ന രീതിയാണ് നമുക്കു സുപരിചിതമായ റാന്‍ഡമൈസേഷന്‍. ക്യത്യമായ ഒരു ക്രമമില്ലാതെ വരുമ്പോള്‍ എല്ലാവര്‍ക്കും ആ ഗ്രൂപ്പില്‍ ഉള്‍പ്പെടാനുള്ള സാധ്യത തുല്യമായിരിക്കുമല്ലൊ.

ക്ലിനിക്കല്‍ പഠനങ്ങളില്‍ ഇങ്ങനെ തിരഞ്ഞെടുക്കുക അസാധ്യമായതിനാല്‍ ചില മുന്‍ നിശ്ചയങ്ങള്‍ ഉണ്ടാക്കി അതിനനുസ്യതമായി രോഗികളെ തെരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന് നിങ്ങള്‍ കണ്ണുമടച്ച് തീരുമാനിക്കുന്നു, ഓ.പി യില്‍ വരുന്ന ആദ്യത്തെ പത്തു പ്രഷര്‍ രോഗികള്‍ ഒരു ഗ്രൂപ്പില്‍. അടുത്ത പത്ത് പേര്‍ രണ്ടാമത്തെ ഗ്രൂപ്പില്‍. പിന്നെ വരുന്ന പത്തു പേര്‍ വീണ്ടും ആദ്യത്തെ ഗ്രൂപ്പില്‍...എന്നിങ്ങനെ. മറ്റൊരു രീതി ഒന്നിടവിട്ടുള്ള രോഗികളെ ഓരോ ഗ്രൂപ്പുകളിലായി മാറ്റുകയാണ്.
മിക്ക മരുന്നുകളും ചില പ്രായ സംബന്ധിയായ പരിമിതികളോടെയാണു മാര്‍ക്കറ്റില്‍ വരുന്നത്. അപ്പോള്‍ രോഗികളെ തെരഞ്ഞെടുക്കുന്നതിലും ആ നിഷ്കര്‍ഷ വച്ചു പുലര്‍ത്തണം. ഹൈപ്പര്‍ടെന്‍ഷനുള്ള (ബി.പി) മരുന്നുകള്‍ക്ക് പറയത്തക്ക പ്രായ-ലിംഗ ഭേദങ്ങളില്ലാത്തതു കോണ്ട് നമ്മുടെ ഉദാഹരണത്തില്‍ അതൊഴിവാക്കുന്നു.
ഇനി, എത്ര പേരെയാണു പഠനത്തിനു ചേര്‍ക്കേണ്ടത് ? അതു നിശ്ചയിക്കാന്‍ ചില സങ്കീര്‍ണ്ണ ഗണിത രീതികളുണ്ട്, വിശദീകരിക്കുന്നില്ല. ഒന്നു മാത്രം പറയാം - പഠനത്തിനു വിധേയമാക്കപ്പെടുന്നവരുടെ എണ്ണം എത്ര കൂടുന്നുവോ, അത്രകണ്ട് ആ‍ധികാരികവും, പൊതുസമൂഹത്തെ പ്രതിഫലിപ്പിക്കുന്നതുമാകുമത്. കാരണം ചെരു ഗ്രൂപ്പുകളില്‍ നിന്നു കിട്ടുന്ന ഫലം പലപ്പോഴും യാദ്യശ്ചികമായി കിട്ടുന്ന്താകാം. വെറും Chance-ന്റെ ആ സാധ്യത പരമാവധി കുറയ്ക്കുന്നതിനാണു വലിയ ഗ്രൂപ്പുകളിലെ പഠനം വേണമെന്നു പറയുന്നത്.

[നമ്മുടെ പല 'ലൊട്ടുലൊഡുക്കു' പഠനങ്ങളും പിന്നീട് തെറ്റാണെന്നുകണ്ട് തിരസ്കരിക്കുന്നത് കൂടുതല്‍ വലിയ ഗ്രൂപ്പുകളില്‍ നടത്തുമ്പോള്‍ അവ നേരത്തേ കാണിച്ച ഫലങ്ങള്‍ തരാതാകുമ്പോഴാണ്. ഇത് ശാസ്ത്രത്തിന്റെ ദൌര്‍ബല്യമായും അനിശ്ചിതത്വമായും വിവരമില്ലാത്തവര്‍ പറഞ്ഞുനടക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതു ശാസ്ത്രത്തിന്റെ സ്വയംവിമര്‍ശന ശേഷിയെയാണു വെളിപ്പെടുത്തുന്നത്. ]

പഠനത്തിനുള്ള ഗ്രൂപ്പുകള്‍ തയാറായാല്‍ അവയെ വീണ്ടും കൂട്ടിക്കലര്‍ത്തിയ ശേഷം രണ്ടു തുല്യ എണ്ണമുളള ഗ്രൂപ്പുകളായി തിരിക്കുന്നു. ഇതില്‍ ഒരെണ്ണം പരീക്ഷണ ഗ്രൂപ്പും മറ്റേത് കണ്ട്രോള്‍-അഥവാ-പ്ലാസീബോ ഗ്രുപ്പും ആയിരിക്കും. പരീക്ഷണ ഗ്രൂപ്പിനു ഒരു നിശ്ചിത കാലത്തേയ്ക്കു നിശ്ചിത ഡോസ് മരുന്ന് നല്‍കി ചികിത്സിക്കുന്നു. (ഉദാഹരണം - 6 മാസം). പ്ലാസീബോ ഗ്രൂപ്പിന് ഈ കാലഘട്ടത്തില്‍ മരുന്നെന്നു പറഞ്ഞ് നല്‍കുന്നത് മരുന്നിന്റെ അംശമൊന്നുമില്ലാത്ത മരുന്നു പോലെ തോന്നിക്കുന്ന 'ഡമ്മി'യാണ്. മറ്റൊരു രീതിയിലും (ഭക്ഷണക്രമീകരണം, ഉപ്പു കുറയ്ക്കല്‍, വ്യായാമം എന്നിങ്ങനെയുള്ള വക) ബി.പി കുറയ്ക്കാന്‍ താല്പര്യമില്ലാത്തവരാകണം നമ്മുടെ ഗ്രൂപ്പുകള്‍ രണ്ടും എന്നു മറക്കരുത്. ഇല്ലെങ്കില്‍ മരുന്നിന്റെ മാത്രം ഇഫക്റ്റുകൊണ്ടുള്ള ഫലങ്ങള്‍ കിട്ടിയെന്നു വരില്ല.
മികച്ച പഠനങ്ങളിലൊക്കെ , ഈ ഗ്രൂപ്പു വിഭജനവും മരുന്നു നിശ്ചയിക്കലും നടത്തുന്നത് പ്രസ്തുത മരുന്നു ഗവേഷണവുമായി ബന്ധമില്ലാത്ത ആളുകളായിരിക്കും. ആര്‍ക്കാണ് ഡമ്മി മരുന്നു നല്‍കുന്നതെന്നും ആര്‍ക്കാണ് യഥാര്‍ഥ മരുന്നു നല്‍കുന്നതെന്നും നേരിട്ടറിയാന്‍ ഒരു മാര്‍ഗ്ഗവും ഈ രീതിയില്‍ അവശേഷിക്കില്ല എന്നുറപ്പുവരുത്താനാണിത്. അറിയാതെ പോലും ഒരു സൂചന, പ്രസ്തുത പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇനി നമ്മുടെ കാതലായ ചോദ്യങ്ങള്‍
മരുന്നു നല്‍കാത്തവരെയപേക്ഷിച്ച് മരുന്നു ലഭിച്ചവര്‍ക്ക് എത്ര അളവില്‍ അസുഖം മാറി ? അതു ആ മരുന്നിന്റെ മാത്രം ഗുണം കൊണ്ടാണോ അതോ മരുന്നു കഴിക്കുന്നു എന്ന വിശ്വാസം നല്‍കുന്ന ബലം കൊണ്ടാണോ ? എത്ര പേര്‍ക്കു എത്രകാലം ഈ മരുന്നു നല്‍കിയാല്‍ ഈ ഫലം ലഭിക്കും?

300 പേര്‍ക്കു 6 മാസത്തേയ്ക്ക് നിശ്ചിത ഡോസില്‍ നമ്മുടെ പരീക്ഷണ മരുന്നായ A കൊടുത്തപ്പോള്‍ 180 പേരുടെ ബ്ലഡ് പ്രഷറ് 130 / 80 എന്ന അവസ്ഥയിലേക്കു താഴ്ന്നുവെന്നിരിക്കട്ടെ. മരുന്നിന്റെ ഇഫക്റ്റ് ലളിതമായിപ്പറഞ്ഞാല്‍ 180/300 = 60% ആണെന്നു കാണാം. പ്ലാസീബോ മരുന്നു കഴിച്ച 300 പേരില്‍ 90 പേര്‍ക്കും ഇതേ തോതില്‍ ബി.പി താഴ്ന്നു. അതായത് വിശ്വാസത്തിന്റെ ഇഫക്റ്റ് 90/300 = 30%. അപ്പോള്‍ യഥാര്‍ഥത്തില്‍ മരുന്നിന്റെ മാത്രമായ ഇഫക്റ്റെന്നു പറയുന്നത് 60% -ല്‍ നിന്നും 30% കുറച്ഛാല്‍ കിട്ടുന്ന സംഖ്യയത്രെ (60-30=30).


നമ്മുടെ പരീക്ഷണ ഫലത്തെ ഇങ്ങനെ ചുരുക്കി പറയാം :
100 ബി.പി രോഗികള്‍ക്കു 6 മാസം ഒരു നിശ്ചിത ഡോസില്‍ A എന്ന മരുന്നു നല്‍കിയാല്‍ 30 പേരുടെ പ്രഷര്‍ 130/80 എന്ന അളവിലേയ്ക്കു താഴുന്നതായി കാണാം.

P-value കണക്കുകൂട്ടല്‍, Confidence Interval നിശ്ചയിക്കല്‍ എന്നിങ്ങനെ ചില സ്റ്റാറ്റിസ്റ്റിക്കല്‍ സംഗതികള്‍ കൂടി മരുന്നിന്റെ ഇഫക്റ്റുമായി ബന്ധപ്പെട്ട് നടത്തിയാല്‍ മാത്രമേ, നമുക്കു ലഭിച്ച പഠനഫലം പൊതുസമൂഹത്തിലും ഇതേ തോതില്‍ ലഭിക്കും എന്നുറപ്പിച്ച് പറയാനാവൂ.

ആധുനിക ഗവേഷണത്തിന്റെ ഈ രീതി ശാസ്ത്രത്തില്‍ വ്യക്തിഗതമായ അനുഭവങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും കാര്യമായ ഇടനല്‍കാതെ, വസ്തുനിഷ്ഠമായ ഗവേഷണഫലങ്ങള്‍ ലഭ്യമാക്കനുള്ള ഏറ്റവും സുതാര്യമായ വഴിയായി ഈ പദ്ധതി കണക്കാക്കപ്പെടുന്നു.

ഇത്രയുമായാല്‍ നമ്മുടെ മുന്നില്‍ ഒരു തിയറി രൂപപ്പെടുന്നു.
ഇതിന്റെ പ്രത്യേകതയെന്താണ്?
ലോകത്തിലെ ആര്‍ക്കു വേണമെങ്കിലും നാം കണ്ടെത്തിയ സത്യത്തെ കാട്ടിക്കൊടുക്കാം। ലോകത്തെവിടെയും, ഏതു കണ്ടീഷനിലും ഈ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്ദേശിച്ച ഫലം കാണണം. ഈ രീതിയില്‍ വികസിപ്പിച്ചെടുക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ശാസ്ത്രം. അല്ലാതെ "ഞാന്‍" ഇങ്ങനെ ചെയ്തപ്പോള്‍ അങ്ങനെയാണു റിസള്‍ട്ട് കിട്ടിയതെന്നോ "എന്റെ" പേഷ്യന്റിന് ഈ മരുന്നു കൊടുത്തപ്പോള്‍ രോഗം കുറഞ്ഞു എന്നോ പറഞ്ഞുനടന്നാലോന്നും അതു ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണമോ തത്വമോ ഒന്നും ആവുന്നില്ല.
ഈ പഠനങ്ങളെ എങ്ങനെ പ്രായോഗികമായ നിര്‍ദ്ദേശങ്ങളാക്കാം ?

ഒരേ കാര്യത്തെക്കുറിച്ചുള്ള 3-ഓ 4-ഓ പഠനങ്ങള്‍ വ്യത്യസ്ഥവും കണ്‍ഫ്യൂഷനുണ്ടാക്കുന്നതുമായ ഫലങ്ങളാണു തരുന്നതെന്നിരിക്കട്ടെ...നാമെന്തു ചെയ്യും? എന്താണു രോഗിയോട് നാം ആത്യന്തികമായി പറയേണ്ടുന്ന കാര്യം ?
മരുന്നുകളേയും ശാസ്ത്ര തത്വങ്ങളേയും കുറിച്ച് ഇങ്ങനെ ലഭിക്കുന്ന വിവിധ കാല്‍ ദേശങ്ങളിലെ പരീക്ഷണത്തെളിവുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കാലക്രമത്തില്‍ ശാസ്ത്രം ഉരുത്തിരിച്ചെടുത്ത പല വഴികളുമുണ്ട്. അതില്‍ ഏറ്റവും ശക്തമായതാണു മെറ്റാ-അനാലിസിസ് (META ANALYSIS). ഒരു തത്വത്തെ, അല്ലെങ്കില്‍ ഒരു പഠനത്തെ, ആധികാരികമായി അംഗീകരിക്കും മുന്‍പ് അതിലേക്ക് നയിച്ച തെളിവുകളെ നിശങ്കുശമായി പരിശോധനയ്ക്കു വിധേയമാക്കുന്ന രീതിയാണു മെറ്റാ-അനാലിസിസ് .

ഒരു വൈദ്യശാസ്ത്ര ഉദാഹരണം കൂടി - ആസ്പിരിന്‍(aspirin) ആണോ ക്ലോപിഡോഗ്രെല്‍ (clopidogrel:ചുരുക്കിപറയുമ്പോള്‍ clogrel)എന്ന മരുന്നാണോ ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ രോഗികളില്‍ രക്തത്തെ കട്ടപിടിക്കാതെ (മറ്റൊരു അറ്റാക്കുണ്ടാകതെ) ഇരിക്കാന്‍ കൂടുതല്‍ സഹായിക്കുക എന്ന് നാം പഠിക്കുകയാണെന്നിരിക്കട്ടെ. ഇതെ സംബന്ധിച്ചു നേരത്തെ പരഞ്ഞ രീതിയില്‍ ലോകത്തു നടന്ന പലവിധ RCT പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നിഷ്കര്‍ഷമായി അപഗ്രഥിച്ച ശേഷമാണ് നാം മെറ്റാ-അനാലിസിസ് നടത്തുന്നത്. ഇരു ഭാഗത്തെയും - ക്ലോഗ്രെലിനെയും ആസ്പിരിനേയും വെവ്വേറെ അനുകൂലിക്കുന്ന പഠനങ്ങള്‍ അത്രയും എടുത്തു സ്റ്റാറ്റിസ്റ്റിക്കല്‍ അപഗ്രഥനം നടത്തി, ഏതു ഭാഗത്തെ ന്യായീകരിക്കുന്ന തെളിവുകളാണു കൂടുതലെന്ന് നോ‍ക്കും. ഇതു തികച്ചും ഗണിതപരമായ ഒരു അപഗ്രഥനമായതിനാല്‍,പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്മാരുടെ വ്യക്തിപരമായ ചായ്‌വുകള്‍ ഈ അന്തിമ വിധി നിര്‍ണയത്തില്‍ പ്രതിഫലിക്കാറില്ല. കുറേ RCT പരീക്ഷണങ്ങള്‍ ആസ്പിരിനെ അനുകൂലിക്കുമ്പോള്‍ കുറേയെണ്ണം ക്ലോഗ്രെലിനെ അനുകൂലിക്കുന്നു. മെറ്റാ അനലിസിസ് വരുമ്പോള്‍ ഈ പരീക്ഷണങ്ങളില്‍ ഏതൊക്കെയാണു ശാസ്ത്രീയമായ നിഷ്കര്‍ഷയോടെ ചെയ്തിരിക്കുന്നതു, ഏതൊക്കെയാണു തത്വദീക്ഷയില്ലാതെ എതെങ്കിലുമോരു മരുന്നിനെ സപ്പോര്‍ട്ടുചെയ്ത് നടത്തിയിരിക്കുന്നത് എന്നൊക്കെ വ്യക്തമാവും ഇത്രയും എഴുതിയതു, ഈ രീതിയിലാണ് ആധുനിക വൈദ്യശാസ്ത്രം അതിന്റെ കണ്ടുപിടിത്തങ്ങളെ അപഗ്രഥിക്കുകയും പുതിയ തത്വങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്നതെന്നു വ്യക്തമാക്കാനാണ്. യഥാര്‍ത്ഥ ശാസ്ത്രത്തില്‍ വ്യക്തിഗതമായ നിരീക്ഷണങ്ങള്‍ക്കൊന്നിനും സ്ഥാനമില്ല - ഒരു മെറ്റാ അനാലിസിസിനു അതു വിധേയമായി അഗ്നിശുദ്ധി തെളിയിക്കാത്തിടത്തോളം .

പല കാലങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്ഥ ഗ്രൂപ്പുകളിൽ നടക്കുന്ന RCT കളുടെ ഫലം വിശകലനം ചെയ്യുമ്പോൾ മെറ്റാ അനാലിസിസുകൾക്ക് ചെറുതെങ്കിലും തെറ്റാനുള്ള സാധ്യതയുണ്ട്. ശാസ്ത്രീയ ഇന്റർപ്രെട്ടേയ്ഷനുകൾ സത്യത്തിന്റെ 100%വും അനാവരണം ചെയ്യുമെന്ന് ഒരു ശാസ്ത്രജ്ഞനും അവകാശപ്പെടുകയില്ല. RCTയ്ക്കും അവയുടെ അപഗ്രഥനമായ മെറ്റാ അനാലിസിസുകൾക്കും ഉണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാനും പഠനങ്ങൾ ലോകത്ത് ആയിരക്കണക്കിനു നടക്കുന്നുണ്ട്. അങ്ങനെ systematize ചെയ്യപ്പെട്ട സാങ്കേതികത മെഡിസിനിൽ മാത്രമല്ല സാമ്പത്തികശാസ്ത്രവും പരസ്യവിപണിയൂം മുതൽ വൻകിട യന്ത്ര സാമഗ്രി നിർമ്മാണമേഖലകളിൽ വരെ വ്യാപകമായി ഉപയോഗിച്ചും വരുന്നു.മെറ്റാ അനാലിസിസ് തെറ്റിയാൽ ആ സാങ്കേതികതയ്ക്കുള്ളിൽ നിന്നു തന്നെ ആ തെറ്റ് മനസിലാക്കാൻ പറ്റുകയും ചെയ്യും. ആധുനിക ശാസ്ത്രം അതിന്റെ തന്നെ തെറ്റുകളെ കണ്ടെത്താനും അനലൈസ് ചെയ്യാനും ഒരു സെല്ഫ് ക്രിട്ടിസിസത്തിന്റെ രീതി വളർത്തിയെടുത്തിരിക്കുന്നത് കൊണ്ടാണത്. ഒരു എറർ ഒഫ് മെഷർമെന്റിനുള്ള സാധ്യത എപ്പോഴും തുറന്നു വയ്ക്കുന്നതും ആ എറർ എത്ര ശതമാനം വരെയാകാം എന്നു ഓരോ പഠനത്തിനും സ്റ്റാറ്റിസ്റ്റിക്കൽ രീതിയിൽ നിശ്ചയിക്കുന്നതും അതുകൊണ്ടാണ്.

ഒട്ടനവധി പഠനങ്ങള്‍ പല വിഷയങ്ങളിലായി ഇങ്ങനെ തെറ്റെന്നു മെറ്റാ-അനാലിസിസ് വഴി വ്യക്തമാക്കപ്പെട്ടിട്ടുണ്ട് . പ്രശസ്തമായ പല മെഡിക്കല്‍ വിശ്വാസങ്ങളും പിന്നിട് മിഥ്യകളായി മാറി.
അവയില്‍ ചിലതിതാ :



മിഥ്യ : നിരോക്സീകാരികളും (ആന്റീ ഓക്സിഡന്റുകള്‍) വിറ്റാമിനുകളും ഗുളികകളായി കഴിച്ചു ഹ്യദ്രോഗത്തില്‍ നിന്നും ഓക്സിഡേഷന്‍ മൂലമുള്ള കോശമാറ്റങ്ങളില്‍ (oxidation injury) നിന്നും രക്ഷപ്പെടാം.
യഥാര്‍ത്ഥ്യം : ഇന്ത്യന്‍/ഗ്രീക്ക് ജനതയുടെ ഭക്ഷണങ്ങളിലെ നിരോക്സീകാരികള്‍ ഹ്യദയം/തലച്ചോര്‍ - ധമനീ രോഗങ്ങളെ ചെറുക്കുന്നുവെന്ന ഗവേഷണഫലങ്ങളുടെ ചുവടു പിടിച്ചാണ് ഈ വിശ്വാസം വേരുറച്ചത്. ഭക്ഷണത്തില്‍ നിന്നും കിട്ടുന്ന നിരോക്സീകാരികള്‍, വൈറ്റമിനുകള്‍ എന്നിവ ഗുളിക രൂപത്തില്‍ കഴിച്ചാല്‍ ഈ ഫലമൊന്നും കിട്ടില്ല എന്നു 20,535 രോഗികളിലായി നടന്ന പഠനങ്ങളുടെ മെറ്റാ-അനലിസിസ് വ്യക്തമാക്കുന്നു.

മിഥ്യ : ഹ്യദയ ബ്ലോക്കുകള്‍ക്ക് ബൈപ്പാസ് സര്‍ജറിയേക്കാള്‍ നല്ലതു ആഞ്ജിയോപ്ലാസ്റ്റി സ്റ്റെന്റുകളാണ്.
യഥാര്‍ത്ഥ്യം : 12 പഠനങ്ങളുടെ മെറ്റാ അനാലിസിസ് പറയുന്നു - ബൈപ്പസ് ഓപ്പറേഷനാണു ഭേദം. ആഞ്ജിയോപ്ലസ്റ്റി സ്റ്റെന്റ് ഇടുന്ന മൂന്നില്‍ ഒരാള്‍ക്ക് വീണ്ടും ആറ്റാക്കിനു സാധ്യത. 10-ല്‍ ഒരാള്‍ക്ക് രണ്ടാമതും സ്റ്റെന്റോ സര്‍ജ്ജറിയോ വേണ്ടിവരുന്നു !

മിഥ്യ : കൊളസ്റ്റ്രോള്‍ മാത്രം നിയന്ത്രിച്ചാല്‍ ഹ്രദ്രോഗം/പക്ഷാഘാതം എന്നിവ വരാതെ നോക്കാം.
യഥാര്‍ത്ഥ്യം : ഹ്യദ്രോഗം വരുന്നവരില്‍ നല്ലൊരു പങ്കിനും കൊളസ്റ്റ്രോള്‍ വര്‍ധിച്ചിരിക്കുന്നതായി നിരീക്ഷിച്ചതില്‍ നിന്നും ഉണ്ടായ സാമാന്യവത്കരണമാണിത്. തിരിച്ച്, കൊളസ്റ്റ്രോള്‍ കൂടിനില്‍ക്കുന്നവരില്‍ എത്ര ശതമാന്നം പേര്‍ക്ക് ഹ്യദ്രോഗമോ പക്ഷാഘാതമോ വരുന്നു എന്ന അന്വേഷണമാണ് ഇതൊരു മിഥ്യയാണെന്നു കണ്ടെത്തിയത്. ഉയര്‍ന്ന കൊളെസ്റ്റ്രോളിനു പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ, പുകവലിയോ, രക്തയോട്ടക്കുറവിനാല്‍ മറ്റു രോഗങ്ങളോ (വിശേഷിച്ചു പുരുഷന്മാരില്‍) ഉണ്ടെങ്കിലേ ഹ്യദ്രോഗവും പക്ഷാഘാതവും പോലുള്ള ഭീകര പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ളൂ. അതിനാല്‍ വെറുതെ കൊളസ്റ്റ്രോള്‍ മാത്രം രക്തത്തില്‍ കൂടുതലാണെന്നു കണ്ടപാടെ മരുന്നു കഴിക്കുന്നവന്‍ കമ്പനിക്കു കാശു നേര്‍ച്ചയിടുകയാണ് !

മിഥ്യ : മൊബൈല്‍ ഫോണ്‍ തലച്ചോറിന്റെ ക്യാന്‍സറിന് കാരണമാണ്.
യഥാര്‍ത്ഥ്യം : ഏറെക്കലമായി പ്രചരിപ്പിക്കപ്പെട്ട ഈ ഊഹം, നാലുലക്ഷത്തില്‍പ്പരം (420,000) മൊബൈല്‍ ഉപഭോക്താക്കളില്‍ 13 വര്‍ഷത്തെ പഠനത്തിലൂടെ ഇപ്പോള്‍ തെറ്റെന്നു വ്യക്തമായിരിക്കുന്നു. തലച്ചോറിലെയെന്നല്ല ശരീരത്തിലെ ഒരു ക്യന്‍സറിനും മൊബൈല്‍ ഫോണുപയോഗവുമായി ബന്ധമില്ല എന്നും ഈ പഠനം കാണിക്കുന്നു.

മിഥ്യ : വെളിച്ചെണ്ണ ഉപയോഗം ഹ്യദ്രോഗ സാധ്യത കൂട്ടുന്നില്ല.
യാഥര്‍ഥ്യം: വെളിച്ചെണ്ണ നല്ല കൊളസ്റ്റെരോളിനെയും (HDL) ചീത്ത കൊളസ്റ്റെരോളിനെയും (LDL) രക്തത്തില്‍ വര്‍ധിപ്പിക്കുന്നു. രണ്ട് ഇഫക്റ്റും തൂക്കിനോക്കിയാല്‍ ഹ്യദയത്തിന് ഹാനികരമായ കൊളസ്റ്റരോള്‍ കൂടുന്നു എന്നു കാണാം. എന്നല്‍ വെളിച്ചെണ്ണ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് ഗുണകരമാകും എന്നു യാതൊരു തെളിവുമില്ല. പ്രത്യേകിച്ച് തീരദേശ വാസികളിലെ പഠനങ്ങൾ പലതും വെളിച്ചെണ്ണയെ കുറ്റവിമുക്തമാക്കുമ്പോൾ. ഡയറ്റില്‍ മറ്റ് അപൂരിത എണ്ണകളുടെ അളവു കൂട്ടി പൂരിത എണ്ണ കുറയ്ക്കുകയെന്നതാണ് അഭികാമ്യം.

26 comments:

  1. കമന്റ് കണ്ടിരുന്നു..വികസിച്ച ഈ പോസ്റ്റും ഇതിനു മുന്പത്തെ പോസ്റ്റും പി.ഡി.ഏഫ് ആക്കി ബ്ലോഗര്‍മാരല്ലാത്ത സുഹൃത്തുക്കള്‍ക്ക് അയക്കുന്നു..അനുവാദം ചോദിക്കാതെ...:)

    ReplyDelete
  2. ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ആദ്യ കാലത്തൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളും അനുഭവങ്ങളും സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ വളരെയധികം ഉപയോഗിച്ചിരുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഈ രീതിക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്.അവയെന്താണ് ?

    വിശദാമാക്കാം ഇവിടെ.

    ReplyDelete
  3. പ്രിയ സൂരജ്,
    പുതിയ ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
    ശാസ്ത്രത്തിന്‍റെ രീതിശാസ്ത്രം ലളിതമായി
    വിവരിച്ചിരിക്കുന്നു.
    കോണീബയോ പോലുള്ള തട്ടിപ്പൂ മരുന്നൂകളെ കുറിച്ചു നിങ്ങളുടെ അറിവു വെച്ചു ഒരു പോസ്റ്റിട്ടാല്‍
    നന്നായിരിക്ക്കും.

    ReplyDelete
  4. പ്രിയ സൂരജ് , ബ്ലോഗിന്റെ ഹെഡ്ഡര്‍ ഡിസൈന്‍ എന്തോ ഒരു പോരായ്മ പോലെ തോന്നുന്നു . ഞാന്‍ പറഞ്ഞു എന്ന് മാത്രം, എന്നാലും പരിഗണിക്കുമല്ലോ !
    ആശംസകളോടെ,

    ReplyDelete
  5. പ്രിയ സുകു സര്‍,

    എനിക്കും അങ്ങനെ തോന്നാതില്ല. ഒരു പുതിയ ഡിസൈന്‍ ചെയ്യണമെന്നുണ്ട്. സമയം കഷ്ടിയായതിനാല്‍ തത്കാലം ഒരു വെബ് സൈറ്റില്‍ നിന്നും ചൂണ്ടിയ ആ ചിത്രം ഉപയോഗിച്ചു എന്നേയുള്ളൂ. പിന്നെ ഒരു ചെറിയ “നൊസ്റ്റാള്‍ജിയ” കൂടിയുണ്ടതില്‍.

    രണ്ടാം വര്‍ഷ മെഡിക്കല്‍ ക്ലാസില്‍ ഫാര്‍മക്കൊളജിയില്‍ ട്രൈച്ചുറേഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ‘കുഴമ്പ് അരയ്ക്കല്‍’ പരിപാടി ലബോറട്ടറിയില്‍ പ്രാക്റ്റിക്കല്‍ ഉണ്ട്. ‘ഓയിന്മെന്റും‘ ‘ക്രീമും‘ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനായിരുന്നു അത്..ജീവിതത്തീലൊരിക്കലുമതു ചെയ്യേണ്ടിവരില്ല എന്ന് പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഞങ്ങള്‍ക്കുമറിയ്മെങ്കിലും അതൊരു രസകരമായ ഏര്‍പ്പടായിരുന്നു. ആ “ട്രൈച്ചുറേഷന്‍“ ചെയ്യുന്ന പാത്രവും അരയ്ക്കാനുള്ള “മോര്‍ട്ടാറും” ആണ് ഹെഡ്ഡര്‍ ചിത്രത്തില്‍... :)

    ReplyDelete
  6. താങ്കളുടെ ലേഖനം മികച്ചതായിട്ടുണ്ടു.

    ഒരു രോഗത്തിന്റെ മരുന്നായി ഒരു കെമിക്കല്‍ സ്ട്രക്ചറിനെ എങ്ങിനെ ഡിസൈന്‍ ചെയ്യുന്നു എന്നു ഒരു ബയോകെമിക്കല്‍ മേഖലയിലോ അല്ലെങ്കില്‍ അതു സിന്തെസൈസ് ചെയ്യുന്നതില്‍ ഒരു പാര്‍ട്ടാകുന്ന ഓര്‍ഗാനിക്ക് കെമിസ്റ്റിനോടൊ ചേദിച്ചാല്‍ ഉത്തരം നിരാശാജനകമായിരിക്കും. സയന്‍സിനെക്കാള്‍ ഉപരി ഇവിടെ ചില ഹിന്റ്സ് വച്ചുള്ള ഒരു ആര്‍ട്ട് ആണു നടക്കുന്നതു. പിന്നീട് ഇത്തരം കെമിക്കല്‍ സ്ട്രക്ചര്‍ ക്ലിനിക്കല്‍ ട്രയലിന്റെ പലരംഗങ്ങളില്‍ റാണ്ഡമായി തന്നെയാണു പരീക്ഷിക്കപ്പെടുന്നതും. ഈ ട്രയത്സില്‍ നിന്നും കിട്ടുന്ന റിസള്‍ട്ടിന്റെ ശാസ്ത്രപരമായ ഇന്റെര്‍പ്രെട്ടേഷന്‍സ് ഒക്കെ ഇപ്പോഴും പൂര്‍ണ്ണമല്ല. ഡ്രഗ് ഡെലിവറി മുതല്‍ അബ്സോര്‍ബ്ഷനും ടാര്‍ജെറ്റ് സെല്‍ സെലക്ഷനും ടാര്‍ജെറ്റ് സെല്ലിലെ അതിന്റെ മെക്കനിസവുമെല്ലാം ഇപ്പോഴും സയന്‍സിനെക്കാളുപരി കുറേയേറെ ഹിന്റ്സ് വച്ചുകോണ്ടുള്ള ഒരു ആര്‍ട്ട് തന്നെയാണു.ആ നിലക്കു ആയുര്‍വേദത്തില്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ള നാച്ചുറല്‍ പ്രോഡക്ട്സ് ചില രോഗങ്ങള്‍ക്കു വര്‍ക്ക് ചെയ്യുന്നു എന്നതിനെ തള്ളിക്കളയാനാകില്ല. റാണ്ടം ട്രയത്സ് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളതു ആയുര്‍വേദത്തിലായിരിക്കണം. അനേകായിരം വര്‍ഷങ്ങളായി അതു നടക്കുന്നു. കാരണം ഒരു ചെടിയുടെ ഇല ഉപയോഗിക്കുമ്പോള്‍ നടക്കുന്നതു അതിലെ ചീല നാച്ചുറല്‍ പ്രോഡക്ടിന്റെ റാണ്ടം ട്രയലാണു. നാച്ചുറല്‍ പ്രോഡക്ടിലുള്ള കെമിക്കല്‍ സ്ട്രക്ചറുകളുടെ ഒരു ലക്ഷത്തില്‍ ഒരംശം പോലും ഇതുവരെ വേര്‍തിരിച്ചെടുക്കൂകയൊ കണ്ടെത്തുകയോ ചെയ്തിട്ടില്ല. നാച്ചുറല്‍ പ്രൊഡക്ട് കെമിസ്ട്രി എന്ന ഒരു വിഷയ ശാഖ തന്നെ ഈ മേഖലയില്‍ വികസിച്ചു വന്നിട്ടുണ്ടൂ.

    ആധുനിക അലോപ്പതി വൈദ്യശാസ്ത്ര മേഖലയിലെ പ്രഗത്ഭനും ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയുടെ മുന്‍ ഡയറക്ടറും, ഇന്ത്യയിലെ പ്രഗത്ഭനായ ശാസ്ത്രഞ്ജനും, ശാസ്ത്ര അക്കാദമിയായ INSA-യുടെ മുന്‍ പ്രസിഡെന്റും, ചിത്രാ വാല്‍‌വ് ഗവേഷണങ്ങളുടെ കോ‍ര്‍ഡിനേറ്ററുമായ ശ്രി. എം.എസ്. വല്യത്താന്റെ
    The Legacy of Caraka.
    M. S. Valiathan.
    Orient Longman Pvt. Ltd, 160 Anna
    Salai, Chennai 600 002. 2003. 634 pp.

    എന്ന പുസ്തകം ആയുര്‍വേദത്തെപ്പറ്റിയുള്ള ഒരു ആധുനിക വൈദ്യശാസ്ത്രഞ്ജന്റെ കാഴ്ചപ്പാടുകളെക്കുറിച്ചറിയാന്‍ സഹായിക്ക്കും.

    http://144.16.79.155/currsci/oct102003/1087.pdf

    ഒരു കാലത്തു സര്‍ജറി വരെ പരീക്ഷിക്കപ്പെട്ടിരുന്ന ആയുര്‍വേദം ആധുനിക കാലത്തു എങ്ങിനെ പിന്തള്ളപ്പെട്ടുപോയി എന്നതു ഒരു രസകരമായ ചോദ്യമാണു. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ പരിതാപകരമായ അവസ്ഥയുമായി അതു ബന്ധപ്പെട്ടുകിടക്കുന്നു. ഒരു പക്ഷേ ആയുര്‍വേദം ഒരു യൂറോപ്യന്‍ പാരമ്പര്യ ചികിത്സ ആയിരുന്നു എങ്കില്‍ ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുക്കുന്നതു ആയുര്‍വേദത്തിന്റെ മുകളില്‍ ആകുമായിരുന്നു. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതു നാച്ചുറല്‍ പ്രോഡക്ടിലെ മെറ്റീരിയത്സിന്റെ വേര്‍തിരിച്ചെടുക്കലും അതുവരെയുള്ള ആയുര്‍വേദത്തിലെ നാച്ചുറല്‍ പ്രോഡക്ട്സിനെക്കുറിച്ചൂമുള്ള ആറിവുകളും ‍ ആകുമായിരുന്നു ആധുനിക വൈദ്യശാസ്ത്രത്തീന്റെ ആദ്യകാല മുന്നേറ്റ പാതകള്‍ എന്നു മാത്രമാണു. നാച്ചുറല്‍ പ്രോഡക്ടസിലെ കെമിക്കത്സ് ആണു ആയുര്‍വേദമരുന്നുകള്‍ എന്നു ചിന്തിക്കുമ്പോള്‍ ആയുര്‍വേദത്തിനും ആധുനിക വൈദ്യശാസ്ത്രത്തിനും സമാനതകള്‍ ഏറുന്നു.

    ഇപ്പോഴും ഇന്ത്യന്‍ ഡൊക്ടര്‍മാര്‍ ഒരു രോഗം അനലൈസ് ചെയ്യുന്നതിന്‍ ആയുര്‍വേദത്തിന്റെ സ്വാധീനം ഉണ്ടു. ഒരു ലക്ഷണം കാണുന്നതൊടെ ഒരു പ്രത്യേക രോഗത്തിനുള്ള സാധ്യതയെ ഡോക്ടര്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നു. അതിനുശേഷം ആ രോഗം ഉറപ്പു വരുത്തുന്നതിനുള്ള ചെക്കപ്പുകളാണു നടക്കുന്നത്.

    യൂറോപ്പിലും അമേരിക്കയിലിയുമ്മൊക്കെ ഡോക്ടര്‍മാര്‍ ആദ്യം തന്നെ കിട്ടാന്‍ പറ്റുന്ന എല്ലാ ഡാറ്റായും ശേഖരിച്ചതിനു ശേഷം ഒരൊ രോഗത്തെയാ‍യി ഒരു കൂ‍ട്ടം രോഗങ്ങളില്‍ നിന്നു തള്ളീക്കളയുകയാണു ചെയ്യുന്നതു. ഈ തള്ളിക്കളയലുകളുടെ അവസാനമാണു അവര്‍ ഇന്ന രോഗമാണെന്നു വിധി എഴുതുന്നതു.

    ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നതു അവരുടെ എക്സ്പീരിയന്‍സിന്റെയും പാരമ്പര്യത്തിന്റെയും പിന്‍ബലത്തിലാണു. ഒട്ടു മിക്ക മെഡിക്കല്‍ കോമ്പ്ലിക്കേഷനിലും ഇന്ത്യന്‍ ഡോക്ടര്‍മാരുടെ രീതി വിജയമാണു. സമയലാഭം പണലാഭം എല്ലാം അതു പ്രധാനം ചെയ്യും. പക്ഷേ എക്സെപ്ഷണല്‍ കാര്യങ്ങളില്‍ ഈ രീതി വന്‍ പരാജയമാണു.

    ആയുര്‍വേദത്തിലെ കോറിലേറ്റഡ് ഇന്റെര്‍പ്രെട്ടേഷന്‍ എന്നതു ആധുനിക വൈദ്യശാസ്ത്രവും അതേപോലെ തന്നെ സ്വീകരിച്ചിട്ടുണ്ടു. മിക്ക രോഗ നിര്‍ണ്ണയ ടെസ്റ്റുകളുടേയും ഫലങ്ങളെ ഡോക്ടര്‍ ഉപയോഗിക്കുന്നതു രോഗിയുടെ ഹിസ്റ്ററി കൂടീ പരിശോധിച്ചിട്ടാണു. കോറിലേറ്റഡ് ഇന്റെര്‍പ്രെട്ടേഷനില്‍ അധികം ശാസ്ത്രമൊന്നുമില്ല. മികച്ച സാമാന്യ വിവരം മാത്രമാണതു.

    ആയുര്‍വേദത്തിലെ തടവല്‍ തിരുമ്മലിനൊക്കെ വളരെ മികച്ച ശാസ്ത്ര പിന്‍ബലം ഉണ്ടെന്നാണു എന്റെ വിശ്വാസം. കാരണം ശരീരത്ത്തിലെ കോശങ്ങളുടെ ഒക്കെ 80% കൂടുതല്‍ ജലാംശമാണൂ. ജലം കൂ‍ടാതെ തന്നെ ഹൈഡ്രജന്‍ ബോഡ്ടു എന്ന ചില ബന്ധനങ്ങള്‍ ഉണ്ടാക്കന്‍ കഴിയുന്ന നിരവധി കെമിക്കല്‍ സ്ട്രക്ചറുകള്‍ ശ്രരീരത്തില്‍ ഉണ്ടു. അനാവശ്യമായ പഥാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ഡിപ്പോസിറ്റ് ചെയ്യപ്പെട്ടാല്‍ അതു നീക്കം ചെയ്യുന്നതിനുള്ള പ്രധാന തടസ്സം ഈ ഹൈഡ്രജന്‍ ബോണ്ടാണു. സ്വതവേ 37 ഡിഗ്രിയില്‍ ഇതു ഏറെക്കുറേ ദുര്‍ബലമാണെങ്കിലൂം ചില ഹൈഡ്രജന്‍ ബോണ്ടുകള്‍ വളരെ ശക്തമാ‍യി തന്നെ നിലയുറപ്പിക്കാം എന്നാണു ആധുനിക ശാസ്ത്രം പറയൂന്നതു. ശരീര ഭാഗത്തെ കൂറച്ചുകൂടി ഉയര്‍ന്ന ചൂടില്‍ ആക്കി മാറ്റുകയോ അല്ലെങ്കില്‍ വൈബ്രേഷണല്‍ മോഷന്‍ ആ‍ ഹൈഡ്രജന്‍ ബോണ്ടില്‍ ഉണ്ടാക്കി അതിനെ പൊട്ടിക്കുകയോ ഒക്കെയാണു പ്രതിവിധി. ഒരു നിശ്ചിത താപ പരിധിയില്‍ നിന്നുകൊണ്ടു ഇതു സാധ്യമാക്കാനൊക്കൊ ചില എണ്ണകളും തൈലങ്ങളും ഇട്ടൂള്ള തടവലുകള്‍ക്കു സാധിക്കുന്നുണ്ടാകണം(ഇത് എന്റെ മാത്രം ഒരു നിഗമനമാണേ).

    ശ്രീ. കെ. പി. സുകുമാരന്റെ ആയുര്‍വേദത്തെക്കുറിച്ചും അലോപ്പതിയെക്കുറിച്ചും ഉള്ള നിരീക്ഷണങ്ങള്‍ സമഗ്രമായ ഒരു അറിവിന്റെപുറത്തുണ്ടാ‍യതാണെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെ ആധികാരികമായി സ്വീകരിക്കുന്നതു ‍ തികച്ചും വഴിതെറ്റിക്കലിനിടവരൂത്തിവെക്കും എന്നാണു എനിക്കു മനസ്സിലായിട്ടുള്ളതു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളേ ആധികാരികമായി കുറെ വായനക്കാരെങ്കിലും സ്വീകരിക്കാ‍ന്‍ ഒരു ചാന്‍സ് ഉണ്ടു.മിക്ക കാര്യങ്ങളും അദ്ദേഹം പറഞ്ഞിരിക്കുന്നതും ഒരു ആധികാരിക ശൈലിയിലാണ്. ഒരു വിദഗ്ദ കമ്മിറ്റി റിവ്യൂ ചെയ്യാത്ത ഇത്തരം നിഗമനാങ്ങള്‍ ആധികാരികമായി പ്രചരിക്കപ്പെടാന്‍ ബ്ലോഗുകള്‍ ഇടവരുത്തുന്നു എന്നൊരു പരിഭവും എനിക്കൂണ്ടു.

    താങ്കളുടെ ഹെഡറില്‍ കൊടുത്തിരിക്കുന്ന ചിത്രം ഒരു പക്ഷേ ഫാര്‍മക്കോളജിസ്റ്റിനു ഉപയോഗമില്ലത്തതാണെങ്കിലൂം ഒരു മരുന്നു കണ്ടെത്തുന്ന ഗവേഷണ ലാബുകളില്‍ ഇപ്പോഴും അനിവാര്യമായ ഒരു ഉപകരണം തന്നെയാണു.

    സുകുമാരന്‍ ചേട്ടന്‍ എന്ന പ്രായമുള്ള ഒരു വ്യക്തിയുടെ ആശയങ്ങളെ കണ്ണടച്ചു തള്ളേണ്ടി വന്നതിനാല്‍ തല്‍ക്കാലം പേരു വെക്കാതെ അനോണി ആയി തന്നെ ഇരിക്കാം. ഇത്തരം വിഷയങ്ങളില്‍ സുകുമാരന്‍ ചേട്ടന്‍ ചെവികൊടുക്കാതെ വല്യത്താനെപ്പോലെയുള്ളവര്‍ പറയുന്നതു കേള്‍ക്കാനാണു എനിക്കു താല്‍പ്പര്യം. കാര്‍മേഘം കുറച്ചു നല്ല ആകാശം കാട്ടിത്തരാന്‍ ഇത്തരം പ്രഗത്ഭമതികളുടെ ഇടപെടലുകള്‍ക്കേ കഴിയൂ. സുകുമാരന്‍ ചേട്ടന്‍ ഈ മേഖലയില്‍ പരിമിതമായ ഞ്ജാനത്തിന്റെ കാര്‍മേഘം നിറക്കുകയാണു.

    ReplyDelete
  7. വെളിച്ചെണ്ണയെ മാത്രമെടുത്ത്‌ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ലിങ്ക് തരാമോ? (ലിങ്ക്‌ കിട്ടിയാലേ വിശ്വസിക്കൂ എന്നു് കൂട്ടിക്കോളൂ) സാച്ചുറേറ്റഡ് ഫാറ്റ് മൊത്തത്തില്‍ എങ്ങനെ ബാധിക്കുന്നു എന്നതിനെ പറ്റി പഠനങ്ങള്‍ ഉണ്ട് എന്നറിയാം. പക്ഷെ, പലതരം സാച്ചുറേറ്റഡ് ഫാറ്റുകള്‍ തമ്മില്‍ ആടുമുതല്‍ ആനവരെയുള്ള വ്യത്യാസങ്ങളുണ്ടല്ലോ..

    അങ്ങനെ പഠനങ്ങള്‍ ഇല്ലെങ്കില്‍ താഴെ പറയുന്ന പുസ്തകങ്ങള്‍ പറയുന്നത്‌ വിശ്വസിക്കാനാണ് എനിക്കിഷ്ടം:

    ലിങ്ക്1
    ലിങ്ക്2

    ReplyDelete
  8. അനോണികമന്റ് കുറെ ക‍ാര്യങ്ങല്‍ കൂടി മനസ്സിലാക്കുവാന്‍ സഹായിച്ചു. മരുന്നല്ലാത്തതായി ഈ പ്രകൃതിയിലൊന്നുമില്ല എന്നൊരുവാചകം ആയുര്‍വെദത്തെക്കുറിച്ചൊരു ലേഖനത്തില്‍വായിച്ചു.ആ കന്‍സെപ്റ്റ് നല്ലതല്ലെ?

    ReplyDelete
  9. സിബു::cibu വിന്റെ സംശയത്തിനുള്ള മറുപടി.


    വെളിച്ചെണ്ണയെ മാത്രമായി പഠനവിധേയമാക്കിയതായി കേരളത്തിലും ഫിലിപ്പൈന്‍സില്‍ നിന്നുമല്ലാതെ കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല.
    ഈ പഠനങ്ങളുടെ വിശദമായ വിചാരണയും അത്തരത്തിലുള്ള പഠനങ്ങളെല്ലാംകൂടി ഉള്‍പ്പെടുത്തിയുള്ള മെറ്റാ അനാലിസിസും വരാനിരിക്കുന്നതേയുള്ളൂ. എന്നാലും പൂരിത കൊഴുപ്പുകള്‍ക്കെതിരേ ഇന്നു നിലവിലുള്ള ശക്തമായ വിവര ശേഖരത്തെ അട്ടിമറിക്കാന്‍ തക്ക “പവര്‍” മേല്‍പ്പറഞ്ഞ “വെളിച്ചെണ്ണ-അനുകൂല’ പഠനങ്ങള്‍ക്കില്ല എന്ന് ആ പഠനങ്ങളുടെ പ്രാഥമിക പരിമിതികള്‍ കണ്ടാല്‍ തന്നെ പറയാം.

    വ്യത്യസ്ഥവും പരസ്പരബന്ധമുള്ളതുമായ പഠന-നിഗമനങ്ങള്‍ വെച്ചിട്ടാണ് ബ്ലോഗിലെ പോസ്റ്റിന്റെ വാചകം ഈയുള്ളവന്‍ ഇട്ടിട്ടുള്ളത്. അവയിതാണ്:

    1. വെളിച്ചെണ്ണയിലടങ്ങിയിട്ടുള്ള പൂരിത /അപൂരിത കൊഴുപ്പുകളുടെ വിശദമായ വര്‍ഗ്ഗീകരണം നമുക്കു ക്യത്യമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.

    പൂരിത കൊഴുപ്പ് : 88% -97 % വരെ. അതില്‍ ലാറിക് ആസിഡ് : 40 -50% വരെയും മിരിസ്റ്റിക് ആസിഡ് : 13.5 - 18.5% വരെയും. പാമിറ്റിക്, സ്റ്റിയരിക് , കപ്രിലിക്, കപ്രോയിക് എന്നീ അപൂരിത ആസിഡുകള്‍ എല്ലാം കൂടി ഏതാണ്ട് 35% വരും. അപൂരിത ആസിഡുകളായ അരാക്കിഡോണിക് ആസിഡ്, ഒലെയിക് ആസിഡ്, ലിനോലെയിക്
    ആസിഡ്
    എന്നിവ ആകെ 8 - 12 % വരെയേ ഉള്ളൂ. ( ഒരുപാടു ലിങ്കുകള്‍ ഉണ്ട് ഇതിന്. നല്ലൊരെണ്ണം ഇതാ - http://www.pjbs.org/pjnonline/fin355.pdf (പാകിസ്ഥാനിലെ ഒരു പഠനം; പ്രിയസുഹ്യത്ത് ഹാറൂണ്‍ റാഷിദിനു കടപ്പാട് )

    2. അപൂരിതക്കൊഴുപ്പുകളധികം ഉള്‍പ്പെട്ട ഡയറ്റുകളെ ഹ്യദ്രോഗവുമായി ബന്ധപ്പെടുത്തിയ മെറ്റാ അനലിസിസുകളില്‍ ഒരെണ്ണം: http://www.mrw.interscience.wiley.com/cochrane/clcentral/articles/623/CN-00104623/frame.html ( മെറ്റാഅനാലിസിസുകളുടെ തലതൊട്ടമ്മയായ “കോക്ക്രേന്‍ റിവ്യൂ“ എന്ന സൈറ്റിലുള്ളത്. വരിക്കാര്‍ക്കു മാത്രമേ പൂര്‍ണ്ണമായി ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടൂ.)


    ഡിസ് ക്ലെയിമര്‍ :
    പോസ്റ്റിലെ വാചകം വീണ്ടും ശ്രദ്ധിക്കുക: അതില്‍ വെളിച്ചെണ്ണ സമൂലം അപകടകാരിയാണെന്നു പറഞ്ഞിട്ടില്ല. വെളിചെണ്ണയ്ക്കു കുടലിലെ ക്യാന്‍സര്‍ തടയാനാവുമെന്നു മൂന്നാലു പഠ്നങ്ങല്‍ വന്നിരുന്നു. സത്യാവസ്ഥ വ്യക്തമാക്കുന്ന മെറ്റാ അനാലിസിസുകളോ റിവ്യൂകളോ വരാത്ത സ്ഥിതിക്ക് അതു പൂര്‍ണ്ണമായും ഭക്ഷണത്തില്‍ നിന്നൊഴിവാക്കുന്നത് ഭോഷ്കാകും. മാത്രമല്ല, വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിശേഷ സിദ്ധി (ക്യാന്‍സര്‍-രോഗപ്രതിരൊധമോമറ്റോ) തെങ്ങിന്റെ നാട്ടുകാരായ നമുക്കും, പസഫിക് ദ്വീപുകാര്‍ക്കുമൊക്കെ കാലക്രമത്തില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ വെളിച്ചെണ്ണ മുഴുവനായി ഭക്ഷണത്തില്‍ നിന്നൊഴിവാക്കുന്നത് അബദ്ധമാകുകയും ചെയ്യും.

    Off Topic: താങ്കള്‍ ലിങ്കുകളായി തന്ന പുസ്തകങ്ങളുടെ രചയിതാക്കളായ ബ്രൂസ് ഫീഫെയും, മേരി ജെട്രൂഡ് എനിഗുമൊക്കെ ഒഴുക്കിനെതിരെ നീന്തുന്നതായി ഭാവിച്ച്, വിമതസ്വരമുയര്‍ത്തി ശ്രദ്ധപിടിച്ചുപറ്റാന്‍ വെമ്പുന്ന ചില “geek“-കള്‍ മാത്രമാണ്. എയിഡ്സ് എന്നൊരു രോഗമേയില്ല, ഐന്‍സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തം അപ്പറ്റി തെറ്റാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നവരെ പോലെ തന്നെ ഇവരുടെതും ആധികാരികമോ തെലിവധിഷ്ഠിതമോ ഒന്നുമല്ലാത്ത അവകാശവാദങ്ങളാണ്. ...എന്നിരുന്നാലും താങ്കള്‍ക്കിഷ്ടമുള്ള ആശയം തെരഞ്ഞെടുക്കാം - അതു മതവിശ്വാസം പോലെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ് , ശാസ്ത്രത്തിന്റെയല്ല.

    ReplyDelete
  10. "എയിഡ്സ് എന്നൊരു രോഗമേയില്ല, ഐന്‍സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തം അപ്പറ്റി തെറ്റാണ് അപ്പറ്റി തെറ്റാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നവരെ പോലെ തന്നെ ഇവരുടെതും ആധികാരികമോ തെലിവധിഷ്ഠിതമോ ഒന്നുമല്ലാത്ത അവകാശവാദങ്ങളാണ്"

    സൂരജ് ആ പുസ്തകങ്ങളെന്തെങ്കിലും മറിച്ചുനോക്കിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഇത്‌ പറയില്ല. തെളിവുകളുടേയും റഫര്‍ന്‍സുകളുടേയും ആധിക്യമാണ് നമ്മളെ അത്ഭുതപ്പെടുത്തുക.

    പിന്നെ, സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസിനെ പ്യൂവര്‍ സയന്‍സായ ആപേക്ഷികാ സിദ്ധാന്തവുമായി താരതമ്യപ്പെടുത്തുന്നത്‌ ശരിയല്ല. കാരണം: സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സില്‍ 10000-ല്‍ ഒരു എക്സപ്ഷന്‍ ഉണ്ടായാല്‍ അതിന്റെ റിസള്‍ട്ടിനെ ഒരു തരത്തിലും ബാധിക്കില്ല. അത് ഹൈ പ്രോബബിലിറ്റിയുള്ള കാര്യത്തെ പറ്റി മാത്രമാണ് സംസാരിക്കുന്നത്‌. എന്നാല്‍ പ്യൂവര്‍ സയന്‍സില്‍ ഒരു എക്സപ്ഷന്‍ മതി തിയറിമുഴുവന്‍ തകര്‍ന്നുവീഴാന്‍.

    ലൂറിക് ആസിഡ് വെളിച്ചെണ്ണ, പാം കേര്‍ണ്‍ ഓയില്‍, മുലപ്പാല്‍ എന്നിവയില്‍ മാത്രം മുഖ്യമായും കണ്ടുവരുന്നതായതിനാല്‍ അതിനെ പന്നി പോത്ത് എന്നിവയുടെ ഇറച്ചിയിലുള്ള സാച്ചുറേറ്റഡ് ഫാറ്റുമായി (പാമിക്കാസിഡ്, സ്റ്റീയറിക്ക് ആസിഡ്) താരതമ്യം ചെയ്യുന്നത്‌ ശരിയല്ല. ലിങ്ക് . കാരണം സിമ്പിള്‍. രണ്ടും രണ്ട് സാധനങ്ങളാണ്. ചക്കയെ പറ്റി പഠിച്ച്‌, മാങ്ങയും ചക്കയും പഴങ്ങളായതിനാല്‍, മാങ്ങയുടെ പുറത്ത്‌ മുഴുവന്‍ മുള്ളുണ്ട് എന്ന് എഴുതുന്ന റിസര്‍ച്ചാണിത്‌.

    മിറിസ്റ്റിക് ആസിഡിന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെ, വെളിച്ചെണ്ണയിലും പാം കേണ്‍ ഓയിലിലും (പാം കേണ്‍ ഓയിലും പാം ഓയിലും രണ്ടാണ്), വെണ്ണയിലും കാണുന്നത്‌. വെണ്ണയില്‍ അതേസമയം പാമിക്കാസിഡ്, സ്റ്റീയറിക്ക് ആസിഡ് എന്നിവ ധാരാളമുണ്ട്. അതുകൊണ്ട് വെണ്ണയെ പറ്റിയുള്ള റിസള്‍ട്ടുകള്‍ വെളിച്ചെണ്ണയ്ക്ക് കൊടുക്കുന്നതും ശരിയാവില്ല.

    ഈ ലിങ്കില്‍ നോക്കിയാല്‍ മനസ്സിലാവും വെളിച്ചെണ്ണ മറ്റു സാച്ചുറേറ്റഡ് ഫാറ്റുള്ളവയില്‍ നിന്നും ഘടനാപരമായി എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്‌. അതുകൊണ്ട് തന്നെ, വെളിച്ചെണ്ണയെ പറ്റി റിസര്‍ച്ച് ഫലങ്ങള്‍ വരാത്തിടത്തോളം കാലം അതിനെ പറ്റി ആധികാരികമായി എഴുതുന്നത്‌ അണ്‍ സയന്റിഫിക്കാണ്.

    ReplyDelete
  11. ഇനി ഇതാ കുറച്ച്‌ റിസര്‍ച്ച് റിസള്‍ട്ടുകള്‍:

    1. "...The results imply no specific role for coconut or coconut oil in the causation of CHD in the present set of Indian patients from Kerala. The exact reason for the high and increasing incidence of CHD among Indians is still unknown." ലിങ്ക്

    2. "...Similar intakes of saturated and unsaturated fatty acids
    between the cases and controls indicated that the consumption of total fat or saturated fat, including that from
    coconut, was not a predictor for CHD in this food culture. However, the intakes of animal foods, total protein,
    dietary cholesterol and less plant derived carbohydrates were predictors of CHD." ലിങ്ക്

    3. "... All available population studies show that dietary coconut oil does not lead to high serum cholesterol nor to high coronary heart disease mortality or mobidity rate..." ലിങ്ക്

    4. "... a high-fat diet (32% to 40% fat calories), including a diet rich in highly saturated coconut oil, can serve as a source of energy and contribute to improved nitrogen balance, without elevating blood cholesterol levels." ലിങ്ക്

    ഇത്രയും ഒരു 20 മിനുട്ട് കൊണ്ട്.. ഇനിയുംവേണമെങ്കില്‍ പറഞ്ഞാല്‍ മതി :)

    ReplyDelete
  12. പ്രിയ സിബു,

    ലിങ്കുകള്‍ക്ക് നന്ദി.
    താങ്കളുടെ അതേ പരാതി മറ്റാര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ഒരു റെഫറന്‍സിനും, അവരുടെ അഭിപ്രായം രൂപീകരിക്കുന്നതിനും തീര്‍ച്ചയായും ഉപകരിക്കും.

    പക്ഷേ...
    വെളിച്ചെണ്ണയെക്കുറിച്ച് പോസ്റ്റിലിട്ടതു അപൂരിത കൊഴുപ്പുകളെക്കുറിച്ചു ഏറെക്കാലത്തെ peer review, appraisal, meta analysis എന്നിവയ്ക്കു ശേഷം ലഭിച്ചിടുള്ള credible ആയ പല evidences ന്റെയും അടിസ്ഥാനത്തിലാണ്. വെളിച്ചെണ്ണയോട് ഒരുതരത്തിലുള്ള വിദ്വേഷവും ഇല്ല..!.തികച്ചും നിര്‍വികാരപരമായ സമീപനം മാത്രം. ഒരുപക്ഷേ അതു സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസിസുകളുടെ കുഴപ്പമായിരിക്കാം.

    മറിച്ചുള്ള ഒറ്റപ്പെട്ട പഠനങ്ങള്‍ക്കു പകരം എല്ലാ ‘വിരുദ്ധ-തെളിവുകളും‘ കൂടിച്ചേര്‍ത്തുള്ള റിവ്യൂ വരട്ടെ. അപ്പോള്‍ അഭിപ്രായം മാറ്റാം.

    പിന്നെ,തന്ന ലിങ്കുകളെക്കുറിച്ച് :
    1. വിക്കി പീഡിയക്ക് ശാസ്ത്രീയകാര്യങ്ങളുടെ ഒരു ആധികാരിക രേഖയെന്നതു പോയിട്ട് ലഘുലേഖനത്തിന്റെ നീഷ്കര്‍ഷപോലും ആവകാശപ്പെടാനാവില്ല. (താങ്കളുടെ ലിങ്കില്‍ തന്നെ “NPOV", "disputed" എന്നിങ്ങനെയുള്ള ലേബലുകള്‍ ഉള്ളതു ശ്രദ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.)

    2. തൈറോയിഡിന്റ്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുഠാനാവുമെന്നൊക്കെ വിക്കി ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മേയോ ക്ലിനിക്കില്‍ നിന്നു തന്നെ തെറ്റെന്നു പറഞ്ഞ അറിവാണ്.

    2.പബ് മെഡ്ഡില്‍ വന്ന കുമാര്‍സാറിന്റെ പഠനം (തിരുവനന്തപുരം മെഡി കോളജ്)review ഓ citation-ഓ ഇല്ലാത്തതും വളരെ “statistical power" കുറഞ്ഞതുമാണ്. (അതിന്റെ sample size ശ്രദ്ധിച്ചോ?)

    3.പസഫിക് ഐലന്‍ഡുകാരിലും തീരദേശവാസികളിലും ഹ്യദ്രോഗത്തെ പ്രതിരോധിക്കുന്നത് മത്സ്യ എണ്ണയുടെ ഉപയോഗമല്ല എന്നു പറയാനാവുമോ?

    4. ഫിലിപ്പൈന്‍സ് ജേര്‍ണലില്‍ നിന്നുള്ള പഠനമാകട്ടെ “All cause mortality,” "medical attendance" കണ്‍സപ്റ്റിനെയൊക്കെ തലകുത്തനെ നിര്‍ത്തിയുള്ള ഒരു സര്‍ക്കസുകളിയാണെന്നു ഒറ്റ നോട്ടഠില്‍ കാണാം.ഒറ്റ സിസ്റ്റമാറ്റിക് റിവ്യൂയില്‍ പോലും ഇടം പിടിക്കാനാകാതെ അതു തള്ളിപ്പോകുമെന്ന് അത് പ്രസിദ്ധീകരിച്ചവര്‍ക്കു തന്നെയറിയാമായിരിക്കണം.!


    അമേച്വര്‍ നാച്ചുറോപ്പതിക്കരനായ ബ്രൂസ് ഫീഫെയും ന്യൂട്രീഷനിസ്റ്റായ എനിഗുമൊക്കെ പുസ്തകമെഴുതുമ്പോള്‍ റഫറന്‍സുകളില്ലാതെ എഴുതും എന്നു പ്രതീക്ഷിക്കാന്‍ മാത്രം അഹങ്കാരം ഈയുള്ളവനില്ല..:) ആ റഫറന്‍സുകളുടെയും തെളിവുകളുടെയും ഇടയില്‍ ആധികാരികവും വ്യത്തിയായി നടത്തിയതുമായ എത്ര പഠനങ്ങള്‍ ഉണ്ടാകുമെന്നേ ശാസ്ത്രലോകം സംശയിക്കുന്നുള്ളൂ...
    (പരിണാമ സിദ്ധാന്തത്തിനെതിരേ വരുന്ന “തെളിവുകള്‍” ഈ ഗണത്തിലാകുന്നതും യാദ്യശ്ചികമല്ലല്ലോ!)

    ReplyDelete
  13. വിക്കി ഞാനുപയോഗിച്ചിട്ടുള്ളത്‌ വെളിച്ചെണ്ണയുടെ ഘടനയെ ബാക്കിയുള്ള സാച്ചുറേറ്റഡ് ഫാറ്റുകളുമായി താരതമ്യം ചെയ്യാനാണ്. അതില്‍ തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല. സൂരജ് അയച്ച ലിങ്കും അതു് ശരിവയ്ക്കുന്നുണ്ടല്ലോ.

    ആത്യന്തികമായി എന്റെ പരാതി, വെളിച്ചെണ്ണയെ പറ്റി സ്പെസിഫിക് ആയ പഠനങ്ങളെ ആസ്പദമാക്കിയല്ലാതെ, വെളിച്ചെണ്ണയെ ജഡ്ജ് ചെയ്യുന്നതിലാണ്. അതുകൊണ്ട് തന്നെയാണ്, വെളിച്ചെണ്ണയെ പറ്റി സ്പെസിഫിക്ക് ആയ ലിങ്കുകള്‍ ചോദിച്ചത്‌. അത്‌ ഇതുവരെ സൂരജ് തന്നതായി കണ്ടില്ല. സൂരജ് തന്നത്‌ മുഴുവന്‍ വെളിച്ചെണ്ണയെ മറ്റുമൃഗക്കൊഴുപ്പുകള്‍ക്ക് സമമായി പരിഗണിച്ചുകൊണ്ടുള്ള പഠനങ്ങളാണ്; അബ്സ്റ്റ്രാക്റ്റെങ്കിലും വായിക്കാവുന്ന ലിങ്കുകളൊന്നും കണ്ടതുമില്ല. ഈ വാദം സ്വീകരിക്കുന്നതിന് ബുദ്ധിമുണ്ട് - നേരത്തെ പറഞ്ഞ ചക്ക-മാങ്ങ ലോജിക്ക്.

    1. കുമാറിന്റെ റിസര്‍ച്ച്‌ 7 പേര്‍ സൈറ്റ് ചെയ്തിട്ടുണ്ടല്ലോ. ഞാന്‍ തന്ന എല്ലാ പഠനങ്ങളിലും (സര്‍വേയിലല്ല) സാമ്പിള്‍ സൈസ് ചെറുതാണ്. പക്ഷെ, അങ്ങനെയെങ്കിലും ഉള്ള പഠനങ്ങള്‍ വെളിച്ചെണ്ണ സ്പെസിഫിക്കായി നടത്തി വെളിച്ചെണ്ണ ഗുണകരമാണെന്ന്‌ പറയുന്നുണ്ടല്ലോ. വെളിച്ചെണ്ണ സ്പെസിഫിക്കായതും മറിച്ചു പറയുന്നതുമായ പഠനങ്ങളെവിടെ? സാമ്പിള്‍ സൈസ് കുറവാണെങ്കിലും സാരമില്ല; വായിക്കാവുന്ന ലിങ്ക് തരൂ.

    2. Asia Pac J Clin Nutr ലേതില്‍ മീനിനെ പറ്റി പറഞ്ഞിരിക്കുന്നതിനോട് യോജിക്കുന്നു. വെളിച്ചെണ്ണയാണോ മിനാണോ ഗുണം ചെയ്തതെന്ന്‌ ആ ലേഖനത്തില്‍ നിന്നും തീരുമാനിക്കുക വയ്യ.

    3. Phil. J. Internal Medicine ലെ Hanz Kaunitz ന്റെ സര്‍വേ 7 റിസര്‍ച്ച് പേപ്പറുകള്‍ സൈറ്റ് ചെയ്തിട്ടുള്ളതായി ഗൂഗിള്‍ കാണിക്കുന്നു

    4. Journal of Food Science ലെ റിസര്‍ച്ച് ലേഖനം ഒരു റിസര്‍ച്ച് പേപ്പറെങ്കിലും സൈറ്റ് ചെയ്തിരിക്കുന്നു.

    ReplyDelete
  14. പരാതിയില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.

    കാരണം വെളിച്ചെണ്ണയെ മാത്രമായി എടുത്ത് നടത്തിയ (കുറേക്ക്കൂടി ക്യത്യമായി പറഞ്ഞാല്‍ - ലോറിക് ആസിഡ്/ മിറിസ്റ്റിക് ആസിഡ്- എന്നിവയെ മാത്രം എടുത്ത്) പഠനങ്ങള്‍ ഒന്നും വന്നിട്ടില്ല...അങനെ നടത്തിയവരൊക്കെ പ്രത്യേകമായ മുന്‍ വിധികള്‍ വച്ചു വെളിച്ചെണ്ണയെ കുറ്റ വിമുക്തമാക്കാനെന്നപോലെ നടത്തിയതായി കാണുന്നു...അതു തന്നെയാണീ സാംപിള്‍‍ സൈസിലെ കളിയും.

    ആധികാരിക പഠനങ്ങളിലത്രയും പൂരിത കൊഴുപ്പെന്ന വിശാല വര്‍ഗ്ഗീകരണത്തില്‍ ഉപഭോക്താകാളെ ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ് - ഈ കൂട്ടത്തില്‍ വെളിച്ചെണ്ണ പാമോയില്, പല തരം മ്യഗ കൊഴുപ്പുകള്‍ എന്നിണ്‍ഗന്നെയുള്ള അവാന്തര വിഭാഗങ്ങളില്ല. പക്ഷെ അവയ്ക്കിടയില്‍ വെളിച്ചെണ്ണയും തീര്‍ച്ചയായും ഉണ്ടായിരുന്നു...
    ...പിന്നെ, എതിരഭിപ്രായം പറയുന്നവരുടെ “ക്രെഡിബിളിറ്റി” ഒരു പ്രശ്നമാണല്ലോ - ഉദാഹരണത്തിന് “Dr.Mercola“ യുടെ അഭിപ്രായത്തില്‍ “പാശ്ചാത്യ ആഹാരത്തിലെ മ്യഗക്കൊഴുപ്പ് പോലും കൊളസ്റ്റ്രോളോ ഹ്രദ്രോഗമോ കൂട്ടുന്നില്ല എന്നു പറയുമ്പോള്‍..??!


    പിന്നെ ലിങ്കിലെ സ്റ്റഡികള്‍ സൈറ്റ് ചെയ്തിരിക്കുന്നത് പിന്നീടു നോക്കിയപ്പോള്‍ കണ്ടു - പക്ഷെ ആ സൈറ്റ് ചെയ്ത സ്റ്റഡികളും വലിയ “ഗൊണം” ഇല്ലാത്തവയാണ്...ചില ബെല്‍ട്ടുകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നവ.

    ഒരു “word of caution" എന്ന നിലയ്ക്കു വെളിച്ചെണ്ണയ്ക്കും മേല്‍ ഒരു കണ്ണുണ്ടാവട്ടെ എന്ന അര്‍ത്ഥത്തില്‍ ഈ വിവാദങ്ങളെ എടുത്താല്‍ മതിയെന്നാണ് എന്റെ തോന്നല്‍..ഒറ്റപ്പെട്ട എതിര്‍ പഠനങ്ങളെ കാലം ഒരുമിപ്പിക്കും വരെ.

    ReplyDelete
  15. ഏതു് റിസര്‍ച്ചിനും കോണ്‍സ്പിരസി തിയറി ആരോപിക്കാന്‍ പറ്റും. അത്‌ വെളിച്ചെണ്ണയ്ക്കനുകൂലമായാലും പ്രതികൂലമായാലും. അതുകൊണ്ട് വെളിച്ചെണ്ണ നല്ലതാണ് എന്ന്‌ പറയുന്ന റിസര്‍ച്ച്‌ തല്പരകക്ഷികളുടെ കുത്തിത്തിരിപ്പിന്റെ ഭാഗമാണെന്ന വാദം മാറ്റിവയ്ക്കുക. ബാക്കിയുള്ളത് glass is half empty half full വാദമാണ്.

    “ഒറ്റപ്പെട്ട എതിര് പഠനങ്ങളെ കാലം ഒരുമിപ്പിക്കും വരെ.“

    നേരെ തിരിച്ചാണ്. ഇന്ന്‌ ലഭ്യമായ റിസര്‍ച്ച്‌ വെളിച്ചെണ്ണയില്‍ ഗുണഫലമുണ്ടെന്ന്‌ ചെറിയ സാമ്പിളുകളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. മറിച്ച് കാണിക്കുന്ന പഠനം ഒട്ടില്ല താനും. അതുകൊണ്ട് ഡോക്ടര്‍മാര്‍ കൊടുക്കുന്ന ഉപദേശം “പഠനങ്ങളധികം നടന്നിട്ടില്ലെങ്കിലും, വെളിച്ചെണ്ണ ഗുണകരമാണെന്നാണ് പ്രാഥമിക പഠനങ്ങളില്‍ കാണുന്നത്‌“ എന്നാവണ്ടതല്ലേ? മറിച്ച്‌ പറയുന്നത്‌ സയന്റിഫിക്കലി തെറ്റല്ലേ.

    ReplyDelete
  16. ഇന്നലത്തെ മാതൃഭൂമിയില്‍(27/11/07) വെളിച്ചെണ്ണ ഹൃദ്രോഗം ഉണ്ടാക്കുന്നില്ലെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ തെളിഞ്ഞതായി ഒരു റിപ്പോര്‍ട്ട് ഉണ്ട്. ഹൃദ്രോഗത്തിനു കാരണമാകുന്ന കൊഴുപ്പിന്റെ ഘടനയില്‍ വെളിച്ചെണ്ണയുടെ ഉപയോഗം ഒരു ഫലവും ഉണ്ടാക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു എന്ന് റിപ്പോര്‍ട്ട് പറയുന്നു.“coconut oil and coronary heart incidents of coronary artery diseases in Kerala" എന്ന പേരില്‍ ശ്രീ ചിത്രയിലെ കാര്‍ഡിയോളജി, ബയോകെമിസ്റ്റ്രി ഡിപ്പാര്‍ട്ട്മെന്റുകളാണ് പഠനം നടത്തിയത്. പാര്‍ലിമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞതാണിത്.
    വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് കൊഴുപ്പിന്റെ ഘടനയെ ദോഷകരമായി സ്വാധീനിച്ച് ഹൃദ്രോഗത്തിന് കാരണമാക്കുന്നില്ല എന്നാണ് പഠനത്തില്‍ തെളിഞ്ഞതെന്നും നാലുപേര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അന്തിമ വിലയിരുത്തല്‍ ഇതാണെന്നും പത്രറിപ്പോര്‍ട്ട് പറയുന്നു. (അര്‍ക്കൈവ്സില്‍ ലിങ്ക് വന്നിട്ടില്ല. വന്നാല്‍ ഇടാം)

    ReplyDelete
  17. coconut oil and incidents of coronary artery diseases in Kerala"
    എന്നാണ് പഠനത്തിന്റെ പേര്.

    off topic
    വേര്‍ഡ് വെരി മാറ്റിക്കൂടെ?

    ReplyDelete
  18. "coconut oil and incidence of coronary artery diseases in Kerala"
    എന്നാക്കിയാല്‍ ശരിക്കും ശരി ആവും. (രാവിലെ കണ്ണുതുറന്ന ഉടന്‍ ബ്ലൊഗിയാലുള്ള ഒരോരോ കുഴപ്പങ്ങളേയ്)
    മറ്റൊരു പഠനത്തിന്റെ വാര്‍ത്തയായി ഈ ഒരു ലിങ്കും കണ്ടു.അമൃത ഇന്‍സ്റ്റിട്യൂട്ടിലെ ഡോ.ഡി.എം.വാസുദേവന്‍ Coconut oil in human nutrition’ എന്ന സെമിനാറില്‍ വെളിച്ചെണ്ണയെ കുറ്റവിമുക്തനാക്കിയിട്ടുണ്ട് എന്ന് പറയുന്നു.നാളികേര വികസന ബോര്‍ഡ് ആണ് ഈ സെമിനാര്‍ നടത്തിയത്.

    ReplyDelete
  19. കേരളത്തില്‍ നിന്നും വന്നിട്ടുള്ള ഒരു പഠനവും വെളിച്ചെണ്ണയെ കുറ്റപ്പെടുത്തുന്നില്ല. കേരളത്തില്‍ നിന്നല്ല, തീരദേശ ജനതകളില്‍ നടത്തിയ പഠനങ്ങളിലൊന്നും വെളിച്ചെണ്ണ കൊളസ്റ്റ്രോള്‍ കൂട്ടുന്നുവെന്നു കാണുന്നില്ല. അതില്‍ തര്‍ക്കമില്ലല്ലോ.
    പക്ഷേ വെളിച്ചെണ്ണയില്‍ അപൂരിത കൊഴുപ്പ് സംബന്ധിയായ പഠനങളിലൊക്കെ പ്രശ്നമുണ്ടെന്നു തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. ഈ പഠനങ്ങള്‍ മിക്കതും കേരളത്തെ പോലെ ഹൈ കാലറി ഡയറ്റും, പൂരിത എണ്ണകളും ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ വന്നവയാണ്.

    വെളിച്ചെണ്ണയെ കുറ്റവിമുക്തമാക്കുന്ന പഠനങ്ങളേക്കാള്‍ ക്വാളിറ്റി ഉള്ള കണ്ട്രോള്‍ഡ് പഠനങ്ങളാണിവ. (സ്റ്റാറ്റിസ്റ്റിക്കല്‍ ഗുണനിലവാരമാണുദ്ദേശിച്ചത് - സായിപ്പ് നടത്തിയെന്നത് കൊണ്ടല്ല.) ചിലതു താഴെ കൊടുക്കുന്നു. തര്‍ക്കിക്കാന്‍ വേണ്ടിയല്ല. സിബു നേരത്തെ അന്വേഷിച്ച ലിങ്ക് കിട്ടിയതു കോണ്ട്. (ഇതൊരു ലിങ്ക് യുദ്ധമാവില്ലെന്നു പ്രത്യാശിക്കുന്നു.)

    1) Studies using either (Myristic acids + Lauric acid) combos or lauric or Myristic acid separately :

    Meta Analysis result : increase in LDL and HDL. The combination is worse.


    Margo A Denke and Scott M Grundy, Comparison of Effects of Lauric Acid and Palmitic Acid on Plasma Lipids and Lipoproteins,Am J Clin Nutr 1992 -56
    Zock PL, de Vries JHM, Katan MB. Impact of myristic acid versus palmitic acid on serum lipid and lipoprotein levels in healthy women and men. Arterioscler Thromb 1994 - 14
    Temme EH, Mensink RP, Hornstra G. Effects of medium chain fatty acids (MCFA), myristic acid, and oleic acid on serum lipoproteins in healthy subjects. J Lipid Res 1997.
    Tholstrup T, Marckmann P, Jespersen J, et al. Effect on blood lipids, coagulation, and fibrinolysis of a fat high in myristic acid and a fat high in palmitic acid. Am J Clin Nutr
    Mensink RP, Temme EH, Hornstra G. Comparison of the effects of diets enriched in lauric, palmitic, or oleic acids on serum lipids and lipoproteins in healthy women and men. Am J Clin Nutr 1996- 63

    Grundy SM: Am J Clin Nutr 1994 60(suppl)



    2) Controlled trials with Coconut oils alone as the source of MCFAs. : shows an increase in LDL, variable results on HDL.

    Sundram K, Hayes KC, Siru OH. Dietary palmitic acid results in lower serum cholesterol than does a lauric-myristic acid combination in normolipemic humans. Am J Clin Nutr 1994;59:841–6.

    Ng TK, Hassan K, Lim JB, et al. Nonhypercholesterolemic effects of a palm-oil diet in Malaysian volunteers. Am J Clin Nutr 1991 -53

    Mendis S, Kumarasunderam R. The effect of daily consumption of coconut fat and soya-bean fat on on plasma lipids and lipoproteins of young normolipidaemic men. Br Journal of Nutrn

    Reiser R, Probstfield JL, Silvers A, Plasma lipid and lipoprotein response of humans to beef fat, coconut oil and safflower oil. AJCN 1985 - 42

    Muller H, Lindman AS, Brantsaeter AL, Pedersen JI. The serum LDL/HDL cholesterol ratio is influenced more favorably by exchanging saturated with unsaturated fat than by reducing saturated fat in the diet of women. J Nutr 2003;133:78–83.

    Cox C, Sutherland W, Mann J, et al. Effects of dietary coconut oil, butter and safflower oil on plasma lipids, lipoproteins and lathosterol levels. Eur J Clin Nutr 1998;52:650–4.


    ഇവിടെ “half empty glass" യുക്തിയുടെ പ്രസക്തിയില്ല. ഗുണ നിലവാരം കൂടിയ പഠനങ്ങളേ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസിനു സ്വീകരിക്കാനവൂ. അതു എത്ര counter intuituive ആയാലും.

    ലേഷ്യ, ഫിലിപ്പീന്‍സു, കേരളം, ലക്ഷദ്വീപ്, സുമാത്ര എന്നിവിടങ്ങളിലെ പഠനങ്ങള്‍ all cause mortality പോലുള്ള സംഗതികളില്‍ വലിയ വ്യതിയാനങ്ങള്‍ കാണിക്കുന്നു. ഹ്യദ്രോഗം വന്നു മരണപ്പെടുന്നതിലും കൂടുതല്‍ ആളുകള്‍ പസഫിക് ദ്വീപസമൂഹങ്ങളില്‍ മറ്റു കാരണങ്ങള്‍ കൊണ്ടു മരിക്കുന്നു. ഫിസീഷ്യന്‍ റിപ്പോര്‍ടിംഗ് വളരെ കുറവ് - ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ പഠനങ്ങളുടെ പ്രെഡിക്റ്റീവ് പവറിനെ ബാധിക്കും.

    മൂര്‍ത്തിയോട് :
    വാസുദേവന്‍ സാര്‍ ഞങ്ങളുടെ ബയോക്കെമിസ്റ്റ്രി അധ്യാപകനും ഇന്ത്യയൊട്ടാകെ വായിക്കപ്പെടുന്ന ഒരു ടെക്സ്റ്റ് ബുക്കിന്റെ സഹ-രചയിതാവുമാണ്. പക്ഷെ അദ്ദേഹത്തിന്റെ പഠനവും മേല്‍പ്പറഞ്ഞ “confounders"ല്‍ നിന്നും മുക്തമല്ല.

    ഈ തര്‍ക്കങ്ങളെ ലിസ്റ്റു ചെയ്യുന്ന ഒരു നിഷ്പക്ഷ പുസ്തകം : Proceedings of the World Conference on Lauric Oils: by Thomas Applewhite.

    ReplyDelete
  20. ഈ ബ്ലൊഗില്‍ ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട് പോസ്റ്റുകളൊന്നും ഈ കമന്റ് ഇടും വരെ ഇട്ടിട്ടില്ല എങ്കിലും കെ.പി.സുകുമാരന്‍ സാറിന്റെ പോസ്റ്റുകളില്‍ ഹോമിയോയെക്കുറിച്ചു ഇയുള്ളവന്‍ എഴുതിയ ഒരു കമന്റിന്റെ ചുവട്പിടിച്ചാവണം "അനോണി" യായി ഒരു സുഹ്യത്ത് ആയുര്‍വേദ- മരുന്നു ഗവേഷണത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായം (മുകളില്‍ നോക്കുക) എഴുതിയത്.

    അതിലെ പൊതുവായ ആശയങ്ങളോട് ഈയുള്ളവന്‍ തീര്‍ച്ചയായും യോജിക്കുന്നു. വിയോജിപ്പുകള്‍ ഇവിടെ പ്രത്യേകം പ്രത്യേകം അനോണി കമന്റേറ്ററുടെ വാചകം എടുത്ത് എഴുതിക്കൊണ്ട് പറയട്ടെ.

    ഡിസ് ക്ലെയിമര്‍ : ഇതു യാതൊരു വിധത്തിലും ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ ഇപ്പോള്‍ നടന്നു വരുന്ന "ആയുര്‍വേദ/ഹോമിയോ സംവാദത്തില്‍ " പക്ഷം പിടിക്കലല്ല. ഈയുള്ളവന്റെ സ്വതന്ത്രമായ അഭിപ്രായങ്ങളാണ്.



    >>ഒരു രോഗത്തിന്റെ മരുന്നായി ഒരു കെമിക്കല്‍ സ്ട്രക്ചറിനെ എങ്ങിനെ ഡിസൈന്‍ ചെയ്യുന്നു എന്നു ... ..ചേദിച്ചാല്‍ ഉത്തരം നിരാശാജനകമായിരിക്കും. സയന്‍സിനെക്കാള്‍ ഉപരി ഇവിടെ ചില ഹിന്റ്സ് വച്ചുള്ള ഒരു ആര്‍ട്ട് ആണു നടക്കുന്നതു.

    അലോപ്പതിയുടെ മരുന്നുഗവേഷണത്തെക്കുറിച്ച് വ്യക്തമായ അറിവോടെയാണോ ഇതു താങ്കള്‍ പറഞ്ഞതെന്ന് എനിക്കറിയില്ല. അതേയെന്നാണുത്തരം എങ്കില്‍, അതു കാഴ്ചപ്പാടിന്റെ പ്രശ്നമായേ എനിക്കു തോന്നുന്നുള്ളു. കാരണം സയന്‍സിന്റെ സ്വതസിദ്ധമായ "അനിശ്ചിതാവസ്ഥ" ( uncertainty )നമ്മുടെ എല്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഗണിത പ്രക്രിയകളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നില്ലേ ? അതു യഥാര്‍ത്ഥത്തില്‍ അനിശ്ചിതാവസ്ഥയല്ല, " പരമാവധി എത്തിച്ചേരാവുന്ന നിശ്ചിതത്വത്തിന്റെ" (a measure of the extent of certainty) അളവാണ് എന്ന ശുഭാപ്തി കാഴ്ചപ്പാടാണു ഈയുള്ളവനുള്ളത്. "സൂചനയുടെ കല" യെന്ന് മരുന്നു ഗവേഷണത്തെ താങ്കള്‍ വിശേഷിപ്പിച്ചത് "serendipity" എന്ന പഴയ 'യാദ്യശ്ചിക- കണ്ടുപിടിത്ത സമ്പ്രദായം' മനസ്സില്‍ വച്ചുകൊണ്ടാണോ ? ആധുനിക ഫാര്‍മകോ‍ളജിയില്‍ കെമിക്കല്‍ ഫീസിബിളിറ്റി പഠനങ്ങളും അതുവഴി റിസപ്റ്റര്‍ പ്രോട്ടീന്‍ അനാലിസിസുമൊക്കെ യന്ത്രവല്‍ക്യത സ്ക്രീനിംഗുമൊക്കെ (automated HTS) പരിചയപ്പെടുന്ന ആരിലും ആശ്ചര്യവും അധുനികശാസ്ത്രത്തിന്റെ അപാര സാധ്യതകളോര്‍ത്തുള്ള ആദരവും ആയിരം മടങ്ങ് വര്‍ധിക്കുമെന്നു തന്നെയാണ് എന്റെ അനുഭവം.


    .>> ഈ ട്രയത്സില്‍ നിന്നും കിട്ടുന്ന റിസള്‍ട്ടിന്റെ ശാസ്ത്രപരമായ ഇന്റെര്‍പ്രെട്ടേഷന്‍സ് ഒക്കെ ഇപ്പോഴും പൂര്‍ണ്ണമല്ല.

    ഒരളവു വരെ താങ്കളോട് യോജിക്കുന്നു. നേരത്തെ പറഞ്ഞ "p-value", confidence interval എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തന്നെ കാരണം. പക്ഷേ അതൊക്കെ കൂടുതല്‍ പഠനങ്ങള്‍ വരുമ്പോള്‍ വ്യക്തത കൈവരിക്കുന്ന വിജ്ഞാന മേഖലയാണ്.


    >>ഡ്രഗ് ഡെലിവറി മുതല്‍ അബ്സോര്‍ബ്ഷനും ടാര്‍ജെറ്റ് സെല്‍ സെലക്ഷനും ടാര്‍ജെറ്റ് സെല്ലിലെ അതിന്റെ മെക്കനിസവുമെല്ലാം ഇപ്പോഴും സയന്‍സിനെക്കാളുപരി കുറേയേറെ ഹിന്റ്സ് വച്ചുകോണ്ടുള്ള ഒരു ആര്‍ട്ട് തന്നെയാണു.

    തീര്‍ത്തും വിയോജിക്കുന്നു..! "indirect clues" എന്നത് ബഹിരാകാശ ഗവേഷണവും വൈദ്യുതിചാലക സാമഗ്രികളും മുതല്‍ ഫങ്ഷനല്‍ മഗ്നെറ്റിക് റെസണന്‍സ് (fMRI) ചിത്രമെടുപ്പു വരെയുള്ള വൈവിധ്യമാറ്ന്ന രംഗങ്ങളില്‍ അസാധാരണമായ ക്യത്യതയോടെ ഉപയോഗിക്കുകയും ഉപോല്‍ബലകമായ "പ്രവചനങ്ങള്‍" നടത്തുകയും ചെയ്യുന്നുണ്ട്. അവയുടെ ഗണിതപരമായ ക്യത്യതയ്ക്കു statistical significance ഉണ്ടോ എന്നു മാത്രം നാം അന്വേഷിച്ചാല്‍ മതിയല്ലോ - അതാകട്ടെ വേണ്ടുവോളമുണ്ടൂ താനും. പിന്നെ എവിടെ ഹിന്റും ആര്‍ട്ടും?

    >>ഒരു കാലത്തു സര്‍ജറി വരെ പരീക്ഷിക്കപ്പെട്ടിരുന്ന ആയുര്‍വേദം ആധുനിക കാലത്തു എങ്ങിനെ പിന്തള്ളപ്പെട്ടുപോയി എന്നതു ഒരു രസകരമായ ചോദ്യമാണു.


    ആയുര്‍വേദത്തെക്കുറിചുള്ള ഈയുള്ളവന്റെ അറിവുകള്‍ ചേര്‍ത്തുകോണ്ട് ഒരു പോസ്റ്റിടാം.

    ReplyDelete
  21. സൂരജ്, മറുപടിക്കു പ്രത്യേക നന്ദി.സൂരജിന്റെ കമെന്റ് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. സുകുമാരന്‍ ചേട്ടന്റെ ബ്ലോഗില്‍ ചെന്നു അടി ഉണ്ടാക്കെണ്ട എന്നു കരുതി ഇരുന്നപ്പോഴാണ് ഈ പോസ്റ്റ് കണ്ടതു. നല്ല പോസ്റ്റാണെന്നു തോന്നി. അവിടെ പറയാനുള്ളത് ഒരു റിലേറ്റഡ് പോസ്റ്റായതുകൊണ്ടു ഇവിടെ പറഞ്ഞു. അവിടെ അനോണിയാ‍യി കമെന്റിയാല്‍ ബാക്കിയുള്ള അനോണികള്‍ ചെയ്തുവച്ച പാപവും നമ്മള്‍ ചുമക്കേണ്ടി വരും.

    ഞാന്‍ എന്റെ കമെന്റില്‍ എത്രമാത്രം വ്യക്തമായി പറയനുള്ള കാര്യം അവതരിപ്പിച്ചു എന്നെനിക്കറിയില്ല.
    സയന്‍സിന്റെ uncertainty അല്ല ഞാന്‍ ഉദ്ദേശിച്ചതു. നിലവിലുള്ള ലിമിറ്റേഷനാണു.
    സൂരജിന്റെ രണ്ടാമത്തെ വിയോജിപ്പിനോട് എനിക്കു തീര്‍ത്തും വിയോജിപ്പാണു. ബ്ലോഗിന്റെ സ്പയ്സില്‍ ഡിസ്കസ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തതുകോണ്ടുമാത്രം അതിവിടെ എഴുതുന്നില്ല.സൂചനകല എന്നു പറഞ്ഞതു കുറച്ചു അതിരുവിട്ടെങ്കിലും അതു ഒരു സൂചനകല തന്നെയാണു എന്ന വിശ്വസിക്കാനേ എനിക്കു കഴിയഉള്ളൂ‍. അതു ഉപയോഗിച്ചതു വളരെ ഡെലിബെറേറ്റ് ആയിത്തന്നെയാണു.

    ReplyDelete
  22. സൂരജ് കാണിച്ച പേപ്പറുകളില്‍ പലപ്രശ്നങ്ങളും കാണിക്കാനുണ്ട്. എല്ലാം കൂടി ഇവിടെ കമ്പൈല്‍ ചെയ്തുകൊണ്ടിരിക്കുന്നു. കഴിയുമ്പോള്‍ കൂടുതല്‍ പറയാം. ഇതുവരെ കണ്ടത്‌:

    1. ഒന്നിലും വെളിച്ചെണ്ണ പഠനത്തിനുപയോഗിച്ചിട്ടില്ല. സിന്തറ്റിക് ആയ ലോറിക് ആസിഡും മിറിസ്റ്റിക്കാസിഡും ആണ് ഉപയോഗിച്ചിരിക്കുന്നത്‌. ബാക്കിയുള്ള എണ്ണകള്‍ നാച്ചുറലായവ ഉപയോഗിക്കുമ്പോള്‍ ഇവ എന്തിന് സിന്തറ്റിക് ഉപയോഗിച്ചു എന്ന്‌ മനസ്സിലാവുന്നില്ല.
    2. സാമ്പിള്‍ സൈസ്, ഞാന്‍ കാണിച്ചുതന്ന റിസര്‍ച്ചിനെ പറ്റി സൂരജ് പരാതിപ്പെട്ടതില്‍ കുറവാണ് പലതിലും. 14-ഉം മറ്റും
    3. സൂരജ് ക്വാളിറ്റി പോരാ എന്നു പറഞ്ഞ ജേര്‍ണ്ണലുകളില്‍ വന്ന റിസള്‍ട്ടുകളും ഈ സ്റ്റഡിയില്‍ ഉപയോഗിച്ചിരിക്കുന്നു.

    ReplyDelete
  23. @ cibu
    >>ഒന്നിലും വെളിച്ചെണ്ണ പഠനത്തിനുപയോഗിച്ചിട്ടില്ല.

    ആദ്യത്തെ സെറ്റ് പഠനങ്ങള്‍ “സിന്തറ്റിക്” ലോറിക് ആസിഡും മിരിസ്റ്റിക് ആസിഡും ഉപയോഗിച്ചിട്ടുള്ളവയാണെന്ന് ഞാന്‍ “സബ് ഹെഡ്ഡിങില്‍“ തന്നെ പറഞ്ഞിട്ടുണ്ട്.

    രണ്ടാമത്തേ സെറ്റു പഠനങ്ങളിലാണ് വെളിചെണ്ണ തന്നെ ലോറിക് ആസിഡിന്റെ പ്രധാന “സോഴ്സായി” ഉപയോഗിച്ചിരിക്കുന്നത്.

    >> സാമ്പിള്‍ സൈസ്, ഞാന്‍ കാണിച്ചുതന്ന റിസര്‍ച്ചിനെ പറ്റി സൂരജ് പരാതിപ്പെട്ടതില്‍ കുറവാണ് പലതിലും. 14-ഉം മറ്റും

    ശരിയാണ്, പക്ഷേ ഈ ഗണത്തില്‍ പെട്ട പഠനങ്ങളുടെ ഒരു പൂര്‍ണ്ണ പട്ടികയല്ല ഞാന്‍ തന്നത്. സിബുവിനു വേണ്ടി ചില പുസ്തകങ്ങള്‍ പരതിയപ്പോള്‍ കിട്ടിയ പഠനങ്ങളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കിട്ടും എന്നു സെര്‍ചു ചെയ്തു നോക്കി ഉറപ്പു വരുത്തിയ പഠനങ്ങളില്‍ ചിലതു മാത്രമാണവ.

    >> ക്വാളിറ്റി പോരാ എന്നു പറഞ്ഞ ജേര്‍ണ്ണലുകളില്‍ വന്ന റിസള്‍ട്ടുകളും ഈ സ്റ്റഡിയില്‍ ഉപയോഗിച്ചിരിക്കുന്നു.

    ക്വാളിറ്റിയുടെ പ്രശ്നം പഠനങ്ങളുടേതാണ്. ജേര്‍ണലുകളുടേതല്ല. കണ്ട്രോള്‍ഡ് ട്രയലുകളാണു മെറ്റ-അനാലിസിസിന് പ്രധാനമായി സ്വീകരിക്കുന്നത് എന്നറിയാമെന്നു വിശ്വസിക്കുന്നു. അവയുടെ കോണ്‍ഫിഡന്‍സ് ഇന്റര്‍വെല്ലുകള്‍ കൂടുതല്‍ dependable ആണെന്ന് കാലക്രമത്തില്‍ ഉരുത്തിരിഞ്ഞ നിരീക്ഷണമാണ്. പിന്നെ ഗവേഷണത്തിലെ അവധാനതയും പ്രധാനം തന്നെ. (ചില സാംസ്കാരിക “ബയസുകള്‍” അതില്‍ ഉണ്ണ്ടോ എന്നു ചോദിച്ചാല്‍, എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് - വിശേഷിച്ചും സായിപ്പിനു അവന്റെ പഠനങ്ങളുടെ ക്വാളിറ്റിയിലേ വിശ്വാസമുള്ളൂ എന്ന്)

    ഈ ഗണത്തില്‍ ബ്രിട്ടന്‍, ഓസ്ട്രേലിയ, യൂറോപ്പിയന്‍ രാജ്യങ്ങള്‍ എന്നിവകളില്‍ വന്ന പഠനങ്ങളുമുണ്ട്. സേര്‍ച്ചു ചെയ്തിട്ട് കിട്ടുന്നില്ല (പബ് മെഡിന്റെയും ഇന്റര്‍നെറ്റിന്റെയും കാര്യത്തില്‍ ഞാനൊരു ശിശുവാണേ.. :) )

    പിന്നെ, കോണ്‍സ്പിരസി തിയറികളുടെ കാര്യം - അതു എന്റെ വ്യക്തിപരമായ നിരീക്ഷണമല്ല - പൊതുവില്‍ മലേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വെളിച്ചെണ്ണയുടെയും പാമോയിലിന്റെയും കാര്യത്തില്‍ ചില വ്യാപാര താല്പര്യങ്ങളുണ്ടെന്ന പൊതു നിരിക്ഷണം ഞാന്‍ സൂചിപ്പിച്ചുവെന്നേയുള്ളു. :)

    നമ്മുടെ നാടിന്റെ സാമ്പത്തികാ‍വസ്ഥക്കു തീര്‍ച്ചയായും വെളിച്ചെണ്ണയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതു തന്നെയാണു നേട്ടം.അതു തന്നെയാണു ഈയുള്ളവന്റേയും ആഗ്രഹം.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. വായിക്കാന്‍ സമയം കിട്ടിയില്ല. എങ്കിലും ഒരു ചെറിയ കമെന്റ്. മണ്ണിലെ മൂലകങ്ങളുടെ അസന്തുലിതാവസ്ഥയാണ് വെളിച്ചെണ്ണയില്‍പോലും പലതരം ഫലങ്ങള്‍ക്ക് കാരണമാകുന്നത്. രാസവളങ്ങളും, കീടനാളിനികളും മാത്രമല്ല മണ്ണിലെ മൂലകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കും രോഗങ്ങള്‍ക്കും കാരണം. ജൈവവളം കൂടിയാലും മഗ്നീഷ്യം കുറയുവാന്‍ കാരണമാകും.
    മുഴുവനും വായിച്ചിട്ട് മറ്റൊരു കമെന്റിടാം. നല്ല മണ്ണില്‍ വിളയുന്നത് നല്ലഫലം തരും.

    ReplyDelete