ബുദ്ധിശക്തിയും പാരമ്പര്യവും

നവംബര്‍ മാസം എന്റെ ആംഗലേയബ്ലോഗില്‍ എഴുതിയ ഈ കുറിപ്പ് ഇപ്പോള്‍ സയന്റിഫിക് അമേരിക്കനിലെ പുതിയ ലേഖനം വായിച്ചപ്പോള്‍ ഇവിടെ പോസ്റ്റാമെന്നു തോന്നി.



ബുദ്ധിശക്തിയുടെ വര്‍ഗ്ഗപരമായ വ്യത്യാസങ്ങളെക്കുറിച്ച് നിരുത്തരവാദപരമായി കമന്റിയതിന് ജനിതക ശാസ്ത്രകാരന്‍ ജെയിംസ് വാട്ട്സണ്‍ പഴികേട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ജൂതന്മാരുടെ വര്‍ഗ്ഗം ബുദ്ധിപരമായി മറ്റു ജാതികളില്‍നിന്നും വേറിട്ടു നില്‍ക്കുന്നതെങ്ങനെയെന്ന വിശകലനങ്ങളുമായി ചാള്‍സ് മുറെ മുന്നോട്ടുവന്നത്. ഡോ.മുറെ 19994ല്‍ റിചാര്‍ഡ് ഹേണ്‍സ്റ്റീനുമായി ചേര്‍ന്നു രചിച്ച The Bell Curve അതിന്റെ ‘വര്‍ഗ്ഗീയ‘പരാമര്‍ശങ്ങളുടെ പേരില്‍ വലിയൊച്ചപ്പാടുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുറേയുടെ പുതിയ വാദങ്ങള്‍ സൈക്കോളജി/ജനിതക ശാസ്ത്രരംഗത്തെ താപനിലയുയര്‍ത്താന്‍ പോന്നതുമായിരുന്നു. ജോണ്‍ എന്റൈന്‍ രചിച്ച Abraham's Children: Race, Identity and the DNA of the Chosen People എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കി അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ചാള്‍സ് മുറെ തന്റെ വാദഗതികള്‍ നിരത്തിയത്. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന പുസ്തകത്തില്‍ എന്റൈന്‍, ജൂതര്‍ എന്നു വിളിക്കപ്പെടുന്ന വര്‍ഗ്ഗം എങ്ങനെ ജനിതകമായി മറ്റു സെമിറ്റിക് മതാനുയായികളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നുവെന്നും അവരുടെ കേള്‍വികേട്ട ‘ബുദ്ധിശക്തി’യുടെ ജനിതക ഉറവിടങ്ങളേതെന്നും അത് അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ജനിതകരോഗങ്ങളെന്തൊക്കെയെന്നും ചര്‍ച്ചചെയ്യുന്നു. മറ്റു വിഷയങ്ങളുണ്ടെങ്കിലും പുസ്തകത്തെ വിവാദമാക്കിയത് ജൂതന്മാര്‍ ജനിതകപരമായിത്തന്നെ ബുദ്ധിശാലികളായ വര്‍ഗ്ഗമാണെന്നതരത്തിലുള്ള പ്രസ്താവനകളായിരുന്നു.

The Bell Curve ലും മറ്റു പലയിടത്തുമായി വിവിധപഠനങ്ങളെ അടിസ്ഥാനമാക്കി സ്ഥാപനവല്‍ക്കരിച്ചിരിക്കുന്ന ചില ‘വസ്തുത‘കളുണ്ട് ഐ.ക്യൂ അഥവാ ഇന്റലിജന്‍സ് കോഷ്യന്റിനെപ്പറ്റി. അവയില്‍ പ്രധാനം ഐ.ക്യൂവിന്റെ ജാതീയമായ വ്യത്യാസം തന്നെ. ഇതു പ്രകാരം ആഷ്കെനാസി ജൂതന്മാര്‍ ലോകത്തിലേക്കും ഏറ്റവും വല്യ ബുദ്ധിമാന്മാരത്രെ (ശരാശരി ഐ.ക്യു: 115). പിന്നാലെയുണ്ട് മംഗളോയിഡ് വര്‍ഗ്ഗക്കാരായ ചൈന/ജപ്പാന്‍/സിംഗപ്പൂര്‍/മലേഷ്യാ ജനത (ശരാശരി ഐക്യു: 105). പിന്നെ അമേരിക്കന്‍/യൂറോപ്പ്യന്‍ വെള്ളക്കാരുടെ വര്‍ഗ്ഗമായ കോക്കേഷ്യനുകള്‍ (100). പിന്നെ റെഡ് ഇന്‍ഡ്യനുകള്‍, ലാറ്റിനമേരിക്കനുകള്‍....ഏറ്റവും പുറകിലായി ദക്ഷിണേഷ്യയിലെ നമ്മളും പിന്നെ നമ്മളുമായി ഏറ്റവുമധികം ജനിതകസാമ്യം ഉള്ള ആഫ്രിക്കന്മാരും (ശരാശരി ഐ.ക്യൂ : 80-70). ആഗോളതലത്തിലെ സാംസ്കാരിക ചരിത്രം, രാജ്യങ്ങളുടെയും ജനതകളുടെയും സമ്പന്നത, ശരാശരി അക്കാദമിക നിലവാരം എന്നിവ കൂടി ഈ ഐ.ക്യൂ കണക്കുകള്‍ക്ക് ഉപോല്‍ബലകമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്റലിജന്‍സ് കോഷ്യന്റിന്റെ സത്യാവസ്ഥ

ഐ.ക്യൂ ടെസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിന്റെ ഏത് വിശേഷത്തെയാണ് അളക്കുന്നത് ? സത്യത്തില്‍ ഐ.ക്യൂ ടെസ്റ്റ് എന്നതു ബുദ്ധിശക്തിയുടെ അളവ്കോലാണോ ? ഏറ്റവും വലിയ മെറ്റാ അനാലിസിസുകള്‍ ഈ കാര്യങ്ങളെപ്പറ്റി നമ്മോടു പറയുന്നതെന്തെന്നു നോക്കാം:

  • ഐ.ക്യൂ പരീക്ഷകള്‍ മനുഷ്യ മനസ്സിന്റെ 4 പ്രധാന കഴിവുകളെയാണ് അളക്കാന്‍ ശ്രമിക്കുന്നത് : ആശയവിനിമയം, സ്ഥല/ദൃശ്യപരമായ ധാരണകള്‍, ചിന്തയുടെ വേഗത, ഓര്‍മ്മശക്തി എന്നിവയാണ് ആ നാലു കഴിവുകള്‍.

  • ഈ നാലു കഴിവുകളില്‍ ഏതെങ്കിലുമൊന്നില്‍ നിപുണനായൊരാള്‍ സാധാരണ നാലിലും മിടുക്കനായിരിക്കും.

  • സാംസ്കാരിക, സാമൂഹിക, ഭാഷാപര, സാന്ദര്‍ഭിക ചായ്‌വുകള്‍ ഏതാണ്ടെല്ലാ ഐക്യൂ പരീക്ഷകളിലും ഉണ്ട്. ഇത് ഐ ക്യൂ പരീക്ഷകളുടെ സാര്‍വ്വലൌകികമായ ഉപയോഗത്തിനു വിഘാതമാകാം.

  • സൃഷ്ടിപരത, വ്യക്തിത്വം, പ്രായോഗികബുദ്ധി, നേതൃഗുണം, പരോപകാരപ്രവണത, സാമൂഹികപ്രതിബദ്ധത തുടങ്ങിയ ഒരു കാര്യവും അളക്കാന്‍ ഐ.ക്യൂ ടെസ്റ്റുകള്‍ക്ക് സാധിക്കില്ല.

  • ഐ.ക്യൂ പരീക്ഷയിലെ സ്കോറുകള്‍ വളരെ ഉയര്‍ന്നതോ (120നൊക്കെ മുകളില്‍) തീരെ താഴ്ന്നതോ (70 ലും താഴെ) ആകുമ്പോള്‍ മാത്രമേ നമുക്കു വളരെ കൃത്യവും വസ്തുനിഷ്ഠവുമായ വിലയിരുത്തലുകള്‍ ഒരാളുടെ ബിദ്ധിശക്തിയെക്കുറിച്ചു നടത്താനാവൂ.

  • ജെനറല്‍ ഇന്റലിജന്‍സ് അഥവാ പൊതുവായ ബുദ്ധിശാലിത്വം എന്നത് തലച്ചോറിന്റെ പ്രത്യേകതയെന്നു പറയുന്നതിനേക്കാള്‍ മാനസിക നിലയുടെ പ്രത്യേകത എന്നു പറയുന്നതാവും ശാസ്ത്രീയാര്‍ഥത്തില്‍ ശരി.

  • ഐ.ക്യൂ ടെസ്റ്റുകളിലെ മാര്‍ക്ക് ഇരട്ട സഹോദരങ്ങളിലും രക്തബന്ധമുള്ളവരിലും സാമ്യങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ഐ.ക്യൂ ടെസ്റ്റുകളില്‍ അളക്കപ്പെടുന്ന കഴിവുകള്‍ ജനിതകമായി ഓരോ വ്യക്തിക്കും ലഭിക്കുന്നവയാവാനാണു സാധ്യത.

  • ഐ.ക്യൂ ടെസ്റ്റുകളില്‍ ലഭിക്കുന്ന സ്കോറുകളിന്മേല്‍ ഒരു വ്യക്തിയുടെ കുടുംബ/സാമൂഹിക പശ്ചാത്തലം ചെലുത്തുന്ന സ്വാധീനം ആ വ്യക്തിയുടെ പ്രായമേറി വരുംതോറും കുറഞ്ഞു കുറഞ്ഞു വരും. അതായത് ഒരു ഏഴു വയസ്സുകാരന്റെ ഐ.ക്യൂ ടെസ്റ്റ് സ്കോറ് അവന്റെ ചുറ്റുപാടുകളുടെ സ്വാധിനത്താല്‍ മാറാന്‍ സാധ്യതയുണ്ടെങ്കിലും ഒരു 30 വയസ്സുകാരന്റെ മേല്‍ അത്തരം സ്വാധീനങ്ങള്‍ തീര്‍ത്തും ഇല്ലാതാകുന്നതായി കാണാം. പ്രായമേറുംതോറും പാരമ്പര്യമായി (ജീനുകളിലൂടെ) കിട്ടിയ കഴിവുകളാണ് കൂടുതല്‍ തെളിഞ്ഞു വരിക.

  • തലച്ചോറിന്റെ വലിപ്പവുമായോ, ഏതെങ്കിലും ഭാഗവുമായോ, ഏതെങ്കിലുമൊരു ജീനുമായോ ഐ.ക്യൂ റ്റെസ്റ്റുകളിലെ സ്കോറുകള്‍ക്കു ബന്ധമുണ്ടെന്ന് ഇന്നേവരെ വസ്തുനിഷ്ഠമായ തെളിവുകള്‍ ഒന്നുമില്ല. (എന്നിട്ടും ബുദ്ധിശക്തിക്കു ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഏതെങ്കിലുമൊരു ജീനിന്റെ കഥയില്ലാതെ ഇന്ന് ഒറ്റ ശാസ്ത്രവാരികയും പുറത്തിറങ്ങുന്നില്ല എന്നത്, ഇക്കാര്യത്തില്‍ ആളുകള്‍ക്കുള്ള ‘രാഷ്ട്രീയ/സാമൂഹിക’ താല്പര്യങ്ങളെയാണു കാണിക്കുന്നത്).

  • ഐ.ക്യൂ ടെസ്റ്റിലെ സ്കോറുകള്‍ നിരന്തരമായ പരിശീലനം വഴി നല്ലൊരു പരിധി വരെ ഉയര്‍ത്താനാവും.
ബുദ്ധിയുടെ ജനിതക പാരമ്പര്യം

മനുഷ്യനടക്കമുള്ള ഏതൊരു ജന്തുവിന്റെയും തലച്ചോറ് ഒരു ഹാര്‍ഡ് വെയര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിലെ ദശലക്ഷക്കണക്കിനുവരുന്ന ന്യൂറോണുകള്‍ (നാഡീ കോശങ്ങള്‍) തങ്ങളില്‍ കൈമാറുന്ന ശതകോടി സിഗ്നലുകള്‍ ചേര്‍ന്നാണ് മനസ്സ് എന്ന എറെക്കുറേ അതീന്ദ്രീയമെന്നു തന്നെ വിളിക്കാവുന്ന പ്രതിഭാസം ഉണ്ടായിത്തീരുന്നത്. തലച്ചോറിന്റെ അവസ്ഥാന്തരങ്ങള്‍ മനസ്സിനേയും മനസ്സിന്റെ അവസ്ഥകള്‍ തിരിച്ചു തലച്ചോറിനേയും തിര്‍ച്ചയായും ബാധിക്കുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം ഒരു വ്യക്തിയുടെ ഓരോ ചേഷ്ടക്കും തലച്ചോറില്‍ ഒരു ഇരിപ്പിടമുണ്ടെന്നു വാദിക്കുന്നവര്‍ ന്യൂറോസയന്‍സിനെ തലകീഴായി നിര്‍ത്തുകയാണു ചെയ്യുന്നത്. കാരണം ഫങ്ഷണല്‍ എം.ആര്‍.ഐ സ്കാനും പെറ്റ് സ്കാനുമടക്കമുള്ള സകല അത്യന്താധുനിക സങ്കേതങ്ങളുപയോഗിച്ചാലും “മനസ്സിനെ” യല്ല മസ്തിഷ്കത്തെയെ കാണാനും പഠിക്കാനുമാവൂ.

ഐ.ക്യൂ എന്നതു ഭാഗികമായെങ്കിലും ജനിതകമായി നിര്‍ണ്ണയിക്കപ്പെടാൻ സാധ്യതയുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതുകൊണ്ട് ബുദ്ധിശക്തി മുഴുവനും ജനിതകമാണെന്നു പരത്തി പറയാനാവില്ല. കാരണം, നേരത്തേ പറഞ്ഞതു പോലെ, ഐ.ക്യൂ കൊണ്ട് അളക്കാനാവാത്ത പലതും “ബുദ്ധിശക്തി” യില്‍ ഉണ്ട് എന്നതു തന്നെ.

ഓരോ ജീനിനും ഒരു പരമാവധി ‘പൊട്ടന്‍ഷ്യല്‍’ ഉണ്ട്. അതിനുതക്ക പോഷണവും വളവും ലഭിക്കുമ്പോള്‍ ആ ജീനുകള്‍ പരമാവധി ഫലവും തരുന്നു. ഇതിനു മികച്ച ഉദാഹരണമാണു മനുഷ്യജാതികളില്‍ പല തലമുറകളിലായി വര്‍ദ്ധിച്ചു വരുന്ന പൊക്കം. നല്ല ആഹാരവും അനുകൂല പരിതസ്ഥിതിയും ലഭ്യമാകുമ്പോള്‍ ജീനുകള്‍ അവയുടെ പരമാവധി ‘പൊട്ടന്‍ഷ്യ’ലിലേക്കുയരുന്നു. നമുക്കു ചുറ്റുമുള്ള പല സംസ്കാരങ്ങളിലും ശ്രദ്ധിച്ചാല്‍ കാണാവുന്ന ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന സമുദായങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ച. ഒരുപക്ഷേ ജൂതരുടെ ഈ “ബുദ്ധിശാലിത്വവും” പിന്‍ തലമുറകള്‍ക്ക് മേല്‍ നിഷ്കര്‍ഷിക്കപ്പെടുന്ന അക്കാദമിക മികവിനായുള്ള നിര്‍ബന്ധങ്ങളുടെ ഫലമാവും.

ബുദ്ധിശാലിത്വവും ജന്തുകുലങ്ങളുടെ പരിണാമവും

ബൌദ്ധികമായ ഉയര്‍ച്ചയും നേട്ടങ്ങളും യഥാര്‍ത്ഥത്തില്‍ പരിണാമപരമായ നേട്ടമൊന്നും മനുഷ്യനോ മറ്റു ജന്തുക്കള്‍ക്കോ വലുതായി നല്‍കിയിട്ടില്ല എന്നു ജീവികുലങ്ങളുടെ ഭൂമിയിലെ പരിണാമത്തിന്റെ ചരിത്രമെടുത്താല്‍ കാണാം. കൂടുതല്‍ ബൌദ്ധികനേട്ടങ്ങള്‍ കൈവരിക്കുമ്പോഴും മനുഷ്യന് ഒരു ജന്തുജാതിയെന്നനിലയ്ക്ക് പ്രകൃതിയോടും പരിതസ്ഥിതിയോടും ഇണങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 35-ഓ 45-ഓ വയസ്സായിരുന്നത് ഇന്ന് 60ഉം 70ഉമൊക്കെ എത്തിയങ്കില്‍ അത് മനുഷ്യന്‍ ഒരു വിധത്തിലുമുള്ള രോഗപ്രതിരോധശേഷിയും നേടിയിട്ടല്ലല്ലോ. ഭുകമ്പം, അണുവികിരണം, സുനാമി, കടുത്ത കാലാവസ്ഥാമാറ്റങ്ങള്‍, മഹാരോഗങ്ങള്‍ എന്നിവയ്ക്കെതിരേ ജനിതകമായ യാതൊരു പാരിണാമിക കഴിവും നാം ഇക്കണ്ട കാലത്തിനിടയ്ക്കു നേടിയിട്ടില്ല.

പാര്‍ട്ടിക്കിള്‍ ആക്സലറേറ്ററുകള്‍ നിര്‍മ്മിച്ച് ക്വാര്‍ക്കുകളുടെ സാധുതപരീക്ഷിക്കാനും മാത്രം വളര്‍ന്ന മനുഷ്യന്‍ പക്ഷേ ജലദോഷവൈറസ്സിനു മുന്‍പില്‍ ഇന്നും മുട്ടുകുത്തുന്നില്ലേ ?

14 comments:

  1. മെഡിസിന്‍ @ ബൂലോകം
    പുതിയ പോസ്റ്റ് :
    "ബുദ്ധിശക്തിയും പാരമ്പര്യവും"


    ബുദ്ധിശക്തിയുടെ വര്‍ഗ്ഗപരമായ വ്യത്യാസങ്ങളെക്കുറിച്ച് നിരുത്തരവാദപരമായി കമന്റിയതിന് ജനിതക ശാസ്ത്രകാരന്‍ ജെയിംസ് വാട്ട്സണ്‍ പഴികേട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ജൂതന്മാരുടെ വര്‍ഗ്ഗം ബുദ്ധിപരമായി മറ്റു ജാതികളില്‍നിന്നും വേറിട്ടു നില്‍ക്കുന്നതെങ്ങനെയെന്ന വിശകലനങ്ങളുമായി ചാള്‍സ് മുറെ മുന്നോട്ടുവന്നത്. ഡോ.മുറെ 19994ല്‍ റിചാര്‍ഡ് ഹേണ്‍സ്റ്റീനുമായി ചേര്‍ന്നു രചിച്ച The Bell Curve അതിന്റെ ‘വര്‍ഗ്ഗീയ‘പരാമര്‍ശങ്ങളുടെ പേരില്‍ വലിയൊച്ചപ്പാടുണ്ടാക്കിയിരുന്നു....

    ...ഐ.ക്യൂ ടെസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിന്റെ ഏത് വിശേഷത്തെയാണ് അളക്കുന്നത് ? സത്യത്തില്‍ ഐ.ക്യൂ ടെസ്റ്റ് എന്നതു ബുദ്ധിശക്തിയുടെ അളവ്കോലാണോ ? ഏറ്റവും വലിയ മെറ്റാ അനാലിസിസുകള്‍ ഈ കാര്യങ്ങളെപ്പറ്റി നമ്മോടു പറയുന്നതെന്തെന്നു നോക്കാം

    ReplyDelete
  2. മൂര്‍ത്തിജി ഉദ്ദേശിച്ച ലിങ്ക് ഇതാണെന്നു തോന്നുന്നു അല്ലേ: http://www.counterpunch.org/piety12072007.html (ആദ്യം നല്‍കിയത് റീഡയറക്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നു തോന്നുന്നു.)

    ReplyDelete
  3. നാക്കെടുത്താല്‍ ഐ ക്യു എന്നു വിളിച്ചുകൂവിയിരുന്നു ഞാന്‍, എന്താണെന്ന് മുഴുവന്‍ അറിയാതെ തന്നെ. പുതിയ അറിവുകള്‍ ഇങ്ങനെ വിരല്‍ത്തുമ്പത്തെത്തിയാല്‍ (എന്നെ പോലുള്ള) മുറിവൈദ്യന്മാരെക്കൊണ്ട് ആളുകള്‍ അധികം ചാവില്ലെന്നു ഉറപ്പാക്കാം.

    ReplyDelete
  4. സൂരജ് പറഞ്ഞത് ശരിയാണ്..അതില്‍ ക്ലിക്കിയാല്‍ കിട്ടുന്നില്ല.ആ കമന്റ് ഡിലിറ്റ് ചെയ്തു..

    http://www.counterpunch.org/piety12072007.html ആണ് ലിങ്ക്..തല്‍ക്കാലം കോപ്പി ആന്‍ഡ് പേസ്റ്റ് വായന നടക്കട്ടെ...:)
    qw_er_ty

    ReplyDelete
  5. വിജ്ഞാനപ്രദമായ ഈ പോസ്റ്റിന് സൂരജിനോട് നന്ദി പറയുന്നു.

    ReplyDelete
  6. ഇത് വായിച്ചതുകൊണ്ട് ഒരു കാര്യമുണ്ടായി. ഇനി ആരെങ്കിലും ഐ ക്യൂ ടെസ്റ്റ് നടത്താം എന്നു പറഞ്ഞാല്‍ എനിക്ക് ഓടാമല്ലോ. ;)അല്ലെങ്കില്‍ ഞാന്‍ ആഷ്കെനാസി ജൂതന്മാരില്‍പ്പെട്ടതാണെന്ന് പറഞ്ഞുനോക്കാം. ;)

    ReplyDelete
  7. പ്രിയ സു,
    സന്ദര്‍ശനത്തിനു നന്ദി. വീണ്ടും വരുമല്ലോ.

    പിന്നെ,
    ഇത് വായിച്ചതുകൊണ്ട് ഒരു കാര്യമുണ്ടായി. ഇനി ആരെങ്കിലും ഐ ക്യൂ ടെസ്റ്റ് നടത്താം എന്നു പറഞ്ഞാല്‍ എനിക്ക് ഓടാമല്ലോ.

    ശരിയാണ് സു, അങ്ങനെയാരെങ്കിലും പുറകെവന്നാല്‍ ഓടുക തന്നെ വേണം...മത്രമല്ല അങ്ങനെ വരുന്നവന്‍ എന്തറിഞ്ഞിട്ടാണു വരുന്നതെന്ന് അന്വേഷിച്ച് ഒക്കുമെങ്കില്‍ ഒരടിയും വച്ചു കൊടുക്കണം ;) കാരണം,
    ഐ.ക്യൂ ടെസ്റ്റ് ഒരു മാനസികവളര്‍ച്ചാ ടെസ്റ്റ് ആയി മാത്രം ഉദ്ദേശിച്ച് വികസിപ്പിക്കപ്പെട്ട ഒന്നാണ്. തീരേ ബുദ്ധിവികാസമില്ലാത്തവരേയും, ചിലകാര്യങ്ങളിലെങ്കിലും സാമാന്യത്തിലും വളരെയധികം മാനസികശേഷി (അതിബുദ്ധിയെന്ന വാക്ക് ശരിയാവില്ല) പ്രകടിപ്പിക്കുന്നവരേയും വേര്‍തിരിക്കാനും ഏതേതു ഗുണങ്ങളില്‍ ആണ് അവര്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥരാകുന്നതെന്ന് കണ്ടെത്താനുമാണ് ഐ.ക്യൂ ടെസ്റ്റുകള്‍ പ്രയോജനപ്പെടുക. അതിനെ എടുത്ത് ബൌദ്ധികശേഷിയുടെ അളവുകോലാക്കുക എന്നത് ശാസ്ത്രീയമായ ഒരു മഠയത്തരമെന്നേ പറയാനാവൂ.

    ReplyDelete
  8. ഐ ക്യു ടെസ്റ്റുകളില്‍ ഒരു പ്രാക്റ്റീസ് അഡ്വാന്റേജ് കടന്നു കൂടുമോ? അതായത് ആദ്യം കൊടുത്തതില്‍ നിന്നും വളരെ മേലേ മൂന്നു നാലെണ്ണം കഴിയുമ്പോള്‍ ചെന്നു നില്‍ക്കുമോ? അങ്ങനെ ഒരനുഭവം ഉണ്ടായി (എത്ര വീതം സ്കോര്‍ ചെയ്തെന്ന് ചോദിക്കല്ലേ, മറന്നു പോയി എന്ന് കള്ളം പറയാന്‍ നിര്‍ബന്ധിതനാവും :))

    ReplyDelete
  9. ഓഫടിച്ചാല്‍ ഇഞ്ചക്ഷന്‍ വെക്കും എന്ന് സൂരജ് പേടിപ്പിച്ചിട്ടുണ്ട്...എന്നാലും ഒരു അര ഓഫ്..

    ചെസ്സിലെ ഇലോ റേറ്റിങ്ങും ഐ.ക്യുവും തമ്മില്‍ ബന്ധമുണ്ടെന്ന് ഒരു ലേഖനത്തില്‍ കണ്ടിട്ടുണ്ട്.
    ഐ.ക്യുX10+1000=ഇലോ റേറ്റിങ്ങ്. ഉദാഹരണമായി കാസ്പറോവിന്റ്റെ ഇലോ 2800+ ആണ്. 1000 കുറച്ച് 10 കൊണ്ട് ഹരിച്ചാല്‍ കാസ്പിന്റെ ഐക്യു 180+. തിരിച്ച് പറഞ്ഞാല്‍ ഐക്യു 150 ഉള്ള ഒരു പയ്യനെ ചെസ്സില്‍ പരിശീലിപ്പിച്ചാല്‍ അവന്‍ ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ എങ്കിലും ആകും(2500 ഇലോ).

    ഇനി സൂരജിന്റെ നീക്കം...:)

    ReplyDelete
  10. ദേവന്‍ ജീ,

    പ്രാക്ടീസ് അഡ്വാന്റേജ് കടന്നു കൂടാന്‍ ഇടയില്ല എന്നതാണ് നന്നായി സ്റ്റാന്‍ഡാഡൈസ്ഡ് ആയ ഒരു ഐ.ക്യൂ (ഉദാ: Raven's Progressive Matrices)ടെസ്റ്റിന്റെ ഗുണം. എങ്കിലും 5 മുതല്‍ 15 പോയിന്റിന്റെ വ്യതിയാനം (wobble) വരെ ചില പഠനങ്ങള്‍ കാണിക്കാറുണ്ട്. പക്ഷേ ഒന്നുറപ്പിക്കാം - സബ്നോര്‍മല്‍ ഐ.ക്യൂ സ്കോറില്‍ നിന്നും പ്രാക്ടീസ് കൊണ്ട് നോര്‍മലോ ഹൈ-നോര്‍മലോ ആക്കാനാവില്ല. അതുപോലെ നൂറോ അതിനു ചുറ്റുവട്ടത്തോ ആണ് ആദ്യ സ്കോറെങ്കില്‍ ട്രെയിനിംഗിലൂടെ 120ഉം അതിനു മുകളിലും ആക്കാനാവില്ല. 140നു മേലൊക്കെ പോയാല്‍ പിന്നെ വ്യതിയാന തോത് ഏതാണ്ട് 0 ആയിരിക്കും. കാര്യമായ വ്യതിയാനം വരുന്നുണ്ടെങ്കില്‍ ആ ടെസ്റ്റ് പോക്കാ എന്നു കരുതുന്നതാണ് സേഫ്...! :)

    Tickle ലെ ടെസ്റ്റാണോ ദേവന്‍ജീ സൂചിപ്പിക്കുന്നത് ? അത് കൂട്ടത്തില്‍ മോശപ്പെട്ടൊരു ടെസ്റ്റാണ് എന്നാണ് എന്റേയും ചില കൂട്ടുകാരുടെയും അനുഭവം.
    (ആ ടെസ്റ്റിന്റെ സ്കോറ് വച്ചാണെങ്കില്‍ ഞാനൊരു ഗാരി കാസ്പറോ ആണ്..! ഹ ഹ ഹ..)

    മൂര്‍ത്തി ജീ
    ഓഫിനോട് വിരോധമൊന്നുമില്ല കേട്ടോ...അത് ആ ബ്ലോഗില്‍ (ആയുര്‍വേദ ചര്‍ച്ച) മാത്രം ബാധകമായ ഒരു അപേക്ഷയാണേ...സൂചി വയ്ക്കില്ലാ...ഹ ഹ ഹ..!

    പിന്നെ നമ്മുടെ വിഷയം:
    ജൊനാഥന്‍ ലെവിറ്റിന്റെ ഈലോ (Elo)സ്കോറ് ശാസ്ത്രീയ നിര്‍വചനത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. പരിമിതമായ ചില നിരീക്ഷണങ്ങളാല്‍ മെനഞ്ഞെടുത്ത ഒരു ഗണിത സമീകരണം എന്നതില്‍ കവിഞ്ഞ് അതിന് പ്രാധാന്യമുണ്ടോയെന്ന് വ്യക്തമല്ല. ഒരു പക്ഷേ നീക്കങ്ങളുടെ വേഗതയുമായി ഐ.ക്യൂ സ്കോറിനു ബന്ധമുള്ളതുകൊണ്ടാവാം ഈ നിരീക്ഷണം ചിലയിടങ്ങളില്‍ ശരിയാവുന്നത്.

    ReplyDelete
  11. അപ്പോ ടിക്കിളിങ്ങിന്റെ തകരാറു തന്നെ!! വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു മാനേജ്‌മന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും) കൊടുത്തതിനെക്കാള്‍ മുപ്പതോളം കൂട്ടിയാണ്‌ ഈയിടെ ടിക്കിള്‍ സ്കോറുകാണിച്ചത്‌. മദ്ധ്യവയസ്സിലെത്തിയ എന്റെ ഇന്റെലിജന്‍സ്‌ ഡ്രമാറ്റിക്ക്‌ ആയിട്ടു കൂടാന്‍ വഴിയില്ലല്ലോ, അതാണു പ്രാക്റ്റീസ്‌ അഡ്വാന്റേജ്‌ ആകുമെന്ന് കരുതിയത്‌ (ഇടയില്‍ തമാശമട്ടിലും കുറേ ചോദ്യങ്ങള്‍ അറ്റന്‍ഡ്‌ ചെയ്തിട്ടുണ്ട്‌).

    കാസ്പറോവിന്റെ കാര്യം കേട്ടതുകൊണ്ട്‌- ബുദ്ധിയെപ്പറ്റി മൂപ്പരുടെ അഭിപ്രായം "എന്റെ പൂച്ച എന്നോട്‌ ചെസ്‌ കളിച്ചാല്‍ തോറ്റു പോകും അതുകൊണ്ട്‌ ഞാനാണു ഇന്റലിജന്റ്‌ എന്ന് ഞാന്‍ കരുതുന്നു. അവനൊപ്പം അണ്ണാനെ ചേസ്‌ ചെയ്ത്‌ ഒറ്റയ്ക്കു നില്‍ക്കുന്ന മരത്തില്‍ ഓടിച്ചു കേറ്റി ട്രാപ്പ്‌ ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ തോല്‍ക്കും അതുകൊണ്ട്‌ അവനാണു ഇന്റലിജന്റ്‌ എന്ന് അവനും കരുതും അത്ര തന്നെ."

    ReplyDelete
  12. :)
    ഡ്രമാറ്റിക് ആയ ഒരു വര്‍ദ്ധനവാണെങ്കില്‍ ടെസ്റ്റിന്റെ വാലിഡിറ്റിയെ സംശയിക്കണം.

    എന്നാല്‍...
    ഐ.ക്യൂ ടെസ്റ്റുകളില്‍ ലഭിക്കുന്ന സ്കോറുകളിന്മേല്‍ ഒരു വ്യക്തിയുടെ കുടുംബ/സാമൂഹിക പശ്ചാത്തലം ചെലുത്തുന്ന സ്വാധീനം ആ വ്യക്തിയുടെ പ്രായമേറി വരുംതോറും കുറഞ്ഞു കുറഞ്ഞു വരും. പ്രായമേറുംതോറും പാരമ്പര്യമായി (ജീനുകളിലൂടെ) കിട്ടിയ കഴിവുകളാണ് കൂടുതല്‍ തെളിഞ്ഞു വരിക...

    ReplyDelete