പക്ഷിപ്പനി : നെല്ലും പതിരും

പക്ഷിപ്പനി എന്നത് പക്ഷികളെയും ചില മൃഗങ്ങളെയും, അപൂര്‍വമാ‍യി മനുഷ്യനെയും ബാ‍ധിക്കുന്ന ഒരു വൈറസ് രോഗമാണ്. സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ (influenza) വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പക്ഷിപ്പനി വൈറസുകള്‍(avian influenza).

ഇന്‍ഫ്ലുവെന്‍സാ വൈറസുകളുടെ കോശത്തിന് നേര്‍ത്ത ഒരു ആവരണമുണ്ട്. ഈ ആവരണത്തില്‍ മുത്തുപതിപ്പിച്ചതു പോലെ കാണപ്പെടുന്ന ചില പ്രോട്ടീനുകളും ഉണ്ട്. ഈ പ്രോട്ടീനുകള്‍ വൈറസിനെ മറ്റൊരു കോശത്തിനു പുറത്ത് ഒട്ടിച്ചേര്‍ന്നിരിക്കാനും അതു വഴി ആ കോശത്തിനുള്ളില്‍ കയറിപ്പറ്റാനുമൊക്കെ സഹായിക്കുന്ന രണ്ട് രാസത്വരകങ്ങളാണ് (എന്‍സൈമുകള്‍).ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം : ഹീം-അഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നിവ. ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളുടെ വിവിധ കോമ്പിനേഷനുകളില്‍ പേരിട്ടു വിളിക്കുന്നു.

H1N1, H1N2, H3N2 എന്നിവയാണ് മനുഷ്യനെ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസ് ടൈപ്പുകള്‍. കാലാ‍കാലങ്ങളില്‍ ജൈവ പരിണാമഫലമായി ഇതു രൂപാന്തരം പ്രാപിക്കുന്നു. ഇതില്‍ ഇപ്പോള്‍ നാം വാര്‍ത്തകളില്‍ വായിക്കുന്ന പക്ഷിപ്പനിയുണ്ടാക്കുന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസാണ്. ഇത് ഹോംഗ് കോംഗില്‍ 1997-ല്‍ സ്ഥിരീകരിക്കപ്പെട്ട പക്ഷിപ്പനി ബാധ മുതല്‍ക്ക് വ്യാപകമായ ഒരു വൈറസ് രൂപാന്തരമത്രെ.

പക്ഷിപ്പനി വൈറസിന്റെ വരവ് .

കാട്ടുപക്ഷികളില്‍ ഈ വൈറസ് കുടലിലാണ് കാണപ്പെടുന്നത്. ഇവയില്‍ ഈ രോഗാണു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നതായി കണ്ടിട്ടില്ല. ഈ പക്ഷികളുടെ തുപ്പല്‍, കാഷ്ഠം, മറ്റു സ്രവങ്ങള്‍ എന്നിവ പലയിടത്തും വീഴുമ്പോള്‍ അതിലൂടെ ഈ വൈറസും പരക്കുന്നു. ഈ വിസര്‍ജ്ജ്യ വസ്തുക്കളുമായി (വെള്ളം, ആഹാരം തുടങ്ങിയ ) ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന വളര്‍ത്തു പക്ഷികളിലേയ്ക്ക് വൈറസ് പകരുന്നു.

വൈറസ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥ എല്ലാ പക്ഷികളിലും ഒരുപോലെയാവില്ല. ചിലതില്‍ ഈ വൈറസ് വളരെ തീവ്രത കുറഞ്ഞ ഒരു ഇന്‍ഫക്ഷന്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. രോഗലക്ഷണങ്ങളില്‍ ആകെ കാണാവുന്നത് മുട്ടയിടലിന്റെ തോതു കുറയല്‍ മാത്രമാകാം. ഒപ്പം തൂവലുകള്‍ പിഞ്ചിപ്പോകുന്ന പ്രശ്നങ്ങളും കാണാറുണ്ട്. തീവ്രതകുറഞ്ഞ ഈ അവസ്ഥയില്‍ രോഗം ബാധിച്ച പക്ഷി മരണപ്പെടാറില്ല. ആഴ്ചകള്‍ക്കുള്ളില്‍ അവ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും.
എന്നാല്‍ നാം ഏറ്റവും ഭയക്കുന്ന അവസ്ഥയുണ്ടാകുന്നത് രോഗതീവ്രത വളരെ കൂടുതലായിരിക്കുമ്പോഴാണ്. ഈയവസ്ഥ സംജാതമായാല്‍ ഏതാണ്ട് 48 - 72 മണിക്കൂറിനകം പക്ഷി മരിക്കും.
കാട്ടുപക്ഷികളെ തിന്നുക വഴി പല മൃഗങ്ങള്‍ക്കും ഈ രോഗം വരുന്നതായി നമുക്കറിയാം. ഉദാഹരണത്തിന് രോഗം ബാധിച്ച പക്ഷികളെതിന്ന് തായ്ലണ്ടിലും മറ്റും മൃഗശാലയിലെ കടുവകള്‍ ചത്തതായി റിപ്പോര്‍ട്ടുണ്ട്. വളര്‍ത്തു പൂച്ചകളും ഇങ്ങനെ ചത്തതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് വിപുലമായ അന്വേഷണങ്ങള്‍ നടത്തപ്പെട്ടു. വളര്‍ത്തുപൂച്ച ചത്തുവെന്നു കണ്ട കേസുകളിലൊക്കെയും രോഗം ബാധിച്ച പക്ഷികളെ അവ തിന്നതാ‍യി കണ്ടെത്തിയിട്ടുണ്ട്. പന്നി പോലുള്ള മൃഗങ്ങളില്‍ പക്ഷികളുടെ വിസര്‍ജ്യത്തില്‍ നിന്നും പക്ഷിപ്പനി പകരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

പക്ഷിപ്പനി മനുഷ്യനില്‍

മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത് കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് - അതും അവയുടെ വിസര്‍ജ്യവസ്തുക്കളുമായി ബന്ധപ്പെടുമ്പോള്‍ . ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാ‍ളിലേയ്ക്ക് ഈ രോഗം പകരുന്നത് അപൂര്‍വം.

ചിത്രം: കടപ്പാട് - bird-flu-vaccine. org
ഈ വൈറസ് ബാധിച്ച മനുഷ്യരില്‍ ഇതുവരെ അറിവായിട്ടുള്ളതില്‍ വച്ച് ജലദോഷത്തിന്റെയും സാധാരണ കഫക്കെട്ടിന്റെയും ലക്ഷണങ്ങളാണ് കണ്ടിട്ടുള്ളത്. കണ്ണുദീനം/ചെങ്കണ്ണ് പോലുള്ള ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനിയും ചുമയും തൊണ്ടവീക്കവും ന്യ്യുമോണിയയും കാണാം. അപൂര്‍വ്വമായി തലച്ചോറിനെ ബാധിക്കുകയും ചെയ്യാറുണ്ട്.
പക്ഷിപ്പനി രോഗലക്ഷണം മാത്രം വച്ചു നിര്‍ണ്ണയിക്കാനൊക്കുകയില്ല. കാരണം ആരംഭത്തില്‍ മറ്റേതൊരു ന്യുമോണിയയേയും പോലെ ചില്ലറപ്രശ്നങ്ങള്‍ മാത്രമേ രോഗികളില്‍ കാണാറുള്ളൂ. അതിനാല്‍ കൃത്യമായ രോഗനിര്‍ണ്ണയത്തിന് രോഗിയുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന സ്രവങ്ങളില്‍ വൈറസ് ഉണ്ടോ എന്ന് നോക്കുകയാണ്. (പി.സി.ആര്‍ പോലുള്ള വിദ്യകളും ലാബില്‍ വൈറസിനെ വളര്‍ത്തുന്നത് പോലുള്ള വിദ്യകളും ഉപയോഗിച്ച് ). ടെസ്റ്റുകള്‍ ചെലവേറിയതും കാലതാമസമെടുക്കുന്നതുമായതിനാല്‍ നമ്മുടേതു പോലുള്ള ഒരു സെറ്റപ്പില്‍ ഇതെത്ര കണ്ട് പ്രായോഗികം എന്നറിയില്ല.


മനുഷ്യനില്‍ ഇന്ന് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പക്ഷിപ്പനി ബാധകളില്‍ 90% വും താരതമ്യേന വീര്യം കുറഞ്ഞതും മാരകമല്ലാത്തതുമാണ്. അപൂര്‍വം ചില അവസരങ്ങളിലൊഴിച്ച് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് ഇതു പടരുന്നതായി കണ്ടിട്ടുമില്ല. കാരണം അത്രയ്ക്കും സാംക്രമിക ശേഷി ഈ വൈറസിന് ഇതു വരെ ആര്‍ജ്ജിക്കാനായിട്ടില്ല. എന്നിരുന്നാലും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ നല്ലൊരു പങ്കിലും രോഗികള്‍ മരണപ്പെടുകയായിരുന്നു എന്നത് ആശങ്കാജനകം തന്നെ.


ഏവിയന്‍ ഇന്‍ഫ്ലുവന്‍സയുടെ തലക്കുറി


വൈറസുകളെ സംബന്ധിച്ച ഏറ്റവും ഭയപ്പെടുത്തുന്ന ഒരു സംഗതി അവയുടെ മ്യൂട്ടേഷനുകള്‍ ആണ്. വൈറസിനു പേരിനൊരു കോശ ആവരണം ഉണ്ടെന്നതൊഴിച്ചാല്‍ അതിന്റെ പ്രധാനശരീരഭാഗം എന്നു പറയാന്‍ ഒരു കഷ്ണം ജനിതകവസ്തു മാത്രമെയുള്ളൂ.
നമ്മുടെ ശരീരത്തിലെ ഒരു കോശത്തില്‍ കയറിപ്പറ്റി കഴിഞ്ഞാല്‍ വൈറസ് ആദ്യം ചെയ്യുക, അതിന്റെ ജീനുകളെ നമ്മുടെ കോശത്തിന്റെ ജീനുകളുടെ ഇടയിലേയ്ക്ക് തുരന്നു കയറ്റുക എന്നതാണ്. ഇതോടെ വൈറസ് ജീനുകള്‍ അവയുടെ തനിനിറം കാണിക്കുന്നു. ഒട്ടകത്തിന്‍ തലവയ്ക്കാന്‍ ഇടം കൊടുത്ത പഴയ കഥ ആവര്‍ത്തിക്കുന്നു. വൈറസ് ജീനുകള്‍ കോശത്തേ അതിന്റെ സ്വന്തം പ്രത്യുല്‍പ്പാദനത്തിനായി ഉപയോഗിച്ചുതുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.
ഇങ്ങനെ പെറ്റു പെരുകുന്ന കുട്ടി വൈറസുകളുടെ ജീനുകള്‍ക്കിടയില്‍ മനുഷ്യ ജീനുകളും കാണാം. ഒട്ടനവധി ജീനുകളുടെ സങ്കലനങ്ങളും ഈ പ്രക്രിയയ്കിടയില്‍ നടക്കാമെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ഇങ്ങനെ മാറിമറിയുന്ന ജീന്‍ സീക്വന്‍സുകള്‍ മൂലം പുതുതായി ഉണ്ടാകുന്ന വൈറസ് കുഞ്ഞുങ്ങളുടെ ആക്രമണ സ്വഭാവത്തില്‍ മാറ്റം വന്നാല്‍ ? ഒരു മരുന്നിനും തടയാനാ‍വാത്ത അവ വിധം സര്‍വ്വശക്തരായാല്‍ ? കൂടുതല്‍ തീവ്രതയുള്ള, മാരകമായ ഒരു രോഗാണുവായി അവ മാറിയാല്‍ ?ശാസ്ത്രലോകം ഭയപ്പെടുന്നത് ഇത്തരം മ്യൂട്ടേഷന്‍ (രൂപമാറ്റ) സാധ്യതകളെയാണ്. കാരണം മുന്‍പ് ലോകത്തില്ലാതിരുന്ന ഒരു രോഗാണു പുതുതായി രൂപം കൊള്ളുമ്പോള്‍ അതിനെതിരേ പ്രകൃത്യാ ഉള്ള യാതൊരു പ്രതിരോധശേഷിയും (natural immunity) ഇല്ലാത്ത ഭൂമിയിലെ ജനം രോഗബാധിതരായി മരിക്കാന്‍ സാധ്യത കൂടുതലാണ്.
ഈ ഭയം അസ്ഥാനത്തല്ല. പന്നിയില്‍ ഇങ്ങനെയുള്ള വൈറസ് മ്യൂട്ടേഷനുകള്‍ കാണാറുണ്ട്. പക്ഷിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ഒരേസമയം രണ്ടു വ്യത്യസ്ഥ ഇന്‍ഫ്ലുവന്‍സാ വൈറസുകള്‍ പന്നിയില്‍ ഇന്‍ഫക്ഷനുണ്ടാക്കുന്നുവെന്നു കരുതുക (co-infection) . ചില അവസരങ്ങളില്‍ പന്നിയുടെ ശരീരത്തിലെ ഒരേ കോശത്തില്‍ ഈ രണ്ടു വൈറസുകളും സമ്മേളിച്ച് ജീന്‍ സങ്കലനത്തിനു വിധേയമാകുന്നു. ഇതോടെ കൂടുതല്‍ പ്രശ്നക്കാരനായ മാരകമാ‍യേക്കാവുന്ന ഒരു പുതിയതരം ഇന്‍ഫ്ലുവെന്‍സാ വൈറസ് ജന്മംകൊള്ളുകയായി. പുതിയ ചില വൈറല്‍ രൂപങ്ങളായ H9N2, H7N7 എന്നിവയൊക്കെ അങ്ങനെയുണ്ടായതാണോ എന്നു സംശയിക്കപ്പെടുന്നു.


ചികിത്സ, പ്രതിരോധക്കുത്തിവയ്പ്പ്


ഒസെല്‍റ്റാമിവിര്‍, സനാമിവിര്‍ എന്നിങ്ങനെയുള്ള മരുന്നുകള്‍ പക്ഷിപ്പനിക്കെതിരെ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഏറെക്കുറെ ഫലപ്രദമാ‍ണിവയെങ്കിലും ചെറു കാലയളവില്‍ മാത്രം പ്രയോഗിക്കപെടുന്നതിനാല്‍ ഫലത്തെക്കുറിച്ചും സൈഡ് ഇഫക്റ്റുകളെക്കുറിച്ചും നിരന്തരപഠനങ്ങള്‍ ഇപ്പൊഴും നടക്കുന്നു.
സനോഫി പാസ്ചര്‍ കമ്പനി ഗവേഷിച്ച് നിര്‍മ്മിച്ച പ്രതിരോധ കുത്തിവയ്പ് ഇപ്പോള്‍ പക്ഷിപ്പനിക്കെതിരേ ലഭ്യമാണ്. എന്നാല്‍ മനുഷ്യരില്‍ പക്ഷിപ്പനി വളരെ പരിമിതമായ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ കണ്ടുവരുന്നുള്ളൂ‍ എന്നതിനാലും, ഭാവിയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ലോകവ്യാപകമായ ഒരു ആരോഗ്യപ്രശ്നമായി പക്ഷിപ്പനി മാറുകയാണെങ്കില്‍ വാക്സിനേഷന്‍ കൊണ്ട് ഉണ്ടാകാവുന്ന പൊതുജന പ്രയോജനം കണക്കിലെടുത്തും അമേരിക്കന്‍ ഗവണ്മെന്റ് ഈ വാക്സീനിന്റെ സ്റ്റോക്ക് സൂക്ഷിക്കാനും വേണ്ടപ്പോള്‍ മാത്രം പൊതുജന ഉപയോഗത്തിന് തുറന്നുകൊടുക്കാനും തിരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കാര്‍ഷിക ഗവേഷണ സമിതിയുടെ - Indian Council of Agricultural Research (ICAR) - മുന്‍ കൈയ്യില്‍ ഭോപാലിലെ മൃഗരോഗ ലാബോറട്ടറി പക്ഷികളിലും മൃഗങ്ങളിലും പക്ഷിപ്പനിക്കെതിരേ പ്രതിരോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ഒരു വാക്സീന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് പക്ഷേ പ്രാഥമിക പരീക്ഷണഘട്ടത്തിലായതിനാല്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല എന്നാണറിവ്.


ഇത്തിരി രാഷ്ട്രീയം ഇത്തിരി കച്ചവടം...


ഇരുപതോളം കമ്പനികള്‍ ഇന്ന് H5N1പക്ഷിപ്പനി വൈറസിനെതിരേ മനുഷ്യരില്‍ കുത്തിവയ്പ്പിനുള്ള മരുന്ന് വികസിപ്പിക്കുന്നതിന്റെ പല ഘട്ടങ്ങളിലാണ്. രോഗം വന്നു മരിച്ചവരും അല്ലാത്തവരുമായ മനുഷ്യരില്‍ നിന്നാണ് ഈ വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കുത്തിവയ്പ്പു മരുന്ന് തയാറാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഈ സാമ്പിളുകള്‍ ആകട്ടെ അതീവ സുരക്ഷയില്‍ മാത്രം കൈകാര്യം ചെയ്തില്ലെങ്കില്‍ വൈറസിനു മ്യൂട്ടേഷന്‍ സംഭവിച്ച് ലോകത്ത് ഒരു മഹാദുരന്തം തന്നെവരുത്തിവയ്ക്കാം എന്ന് ഓര്‍ക്കുക. അതിനാല്‍ത്തന്നെ ദുര്‍ലഭമായ ഈ സാമ്പിളുകള്‍ കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ശക്തമായ നിയമാവലി നിലവിലുണ്ടാക്കിയിട്ടുണ്ട്. മരുന്നുകമ്പനികള്‍ അതിനാല്‍ തന്നെ ഈ സാമ്പിളുകള്‍ക്ക് വേണ്ടി രാജ്യങ്ങളോട് വിലപേശുന്ന അവസ്ഥയുമുണ്ട്.


എന്നാല്‍ ഈ വൈറസ് ബാധ മൂലം ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്‍ഡോനേഷ്യ വന്‍കിടകമ്പനികളോട് ആവശ്യപ്പെടുന്നത് തങ്ങളുടെ വൈറസ് സാമ്പിളുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാക്സീനുകളില്‍ ഒരു പങ്ക് ഇതു മുലം കഷ്ടതയനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നല്‍കണമെന്നാണ്. ഇതിന്റെ പേരില്‍ അമേരിക്കന്‍ കമ്പനികളും ഇന്‍ഡോനേഷ്യയും പലപ്പോഴും ഇടയുകയും ചെയ്തിരുന്നു എന്നത് ഈ രോഗാണുവിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചു പറയുന്നു .
ഇപ്പോള്‍ ബാക്സ്റ്റര്‍ എന്ന അമേരിക്കന്‍ കമ്പനിയും ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരും ചേര്‍ന്നു ഒരു പ്രതിരോധ കുത്തിവയ്പ്പു വികസിപ്പിക്കുന്നുണ്ട്, അമേരിക്കന്‍ സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന്.


തെറ്റിദ്ധാരണകള്‍ അകറ്റൂ... മുന്‍ കരുതലുകള്‍ എടുക്കൂ.


ഇതൊക്കെയാണെങ്കിലും പക്ഷിപ്പനിയെ ഇത്രകണ്ടു പേടിക്കേണ്ടകാര്യമൊന്നുമില്ല. വിയറ്റ്നാം, ചൈന, ജപ്പാന്‍, ഇന്‍ഡോനേഷ്യ തുടങ്ങി, മനുഷ്യരില്‍ പക്ഷിപ്പനി ഉണ്ടെന്നു കണ്ട നാ‍ടുകളിലൊക്കെയും കഷ്ടിച്ച് 100 - 400 ആളുകളെ മാത്രം ബാധിച്ച രോഗമാണിത് . നമ്മുടെ നാട്ടില്‍ ഒരു മിനുട്ടില്‍ മരിക്കുന്ന ക്ഷയരോഗികള്‍ അതിന്റെ ഇരട്ടിയോളം വരും...!

പക്ഷിപ്പനി ബാധിച്ച ജീവികളുടെ ശവശരീരമോ, മുട്ട തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍, ഫാം തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധാലുക്കളാവുക. എന്നാല്‍ സാധാരണ വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ താഴെപ്പറയുന്ന മുന്‍ കരുതലുകള്‍ എടുത്താല്‍ ഭയപ്പെടേണ്ട കാ‍ര്യമില്ല :

1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക.

3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.

4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.

5. മൈക്രൊ വേവ് അവന്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവ്വും കുറഞ്ഞത് 160 ഡിഗ്രിയിലെങ്കിലും ഇറച്ചി പാചകം ചെയ്യാന്‍ ഓര്‍ക്കുക. സാധാരണ നാം കോഴി/താറാവ് കറിവയ്ക്കുമ്പോള്‍ ഏതാണ്ട് ഈ ചൂടിലാണ് പാചകം ചെയ്യാറ്. അതുകൊണ്ട് മൈക്രോവേവ് അവന്‍ ഇല്ലാത്തവര്‍ തെര്‍മോമീറ്ററും തപ്പി ഓടേണ്ട കേട്ടോ :)

6. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.

7. പക്ഷിപ്പനിയുടെ പേരില്‍ വീട്ടില്‍ വളര്‍ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. എന്നാല്‍ ദേശാടനപ്പക്ഷികളൊക്കെ ധാരാളമായി വരുന്ന സ്ഥലങ്ങളിലെ (ഉദാ: കുമരകം) വളര്‍ത്തു പക്ഷികള്‍ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ട്‍ാല്‍ മൃഗഡോക്ടറെ കാണിക്കാന്‍ ഒട്ടും അമാന്തിക്കയുമരുത്.
(പത്ര വാര്‍ത്തകളില്‍ ഭീതിപരത്തുന്ന ഒരു മഹാരോഗമായി പക്ഷിപ്പനിയെ വിശേഷിപ്പിച്ചും മറ്റും വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ധൃതിയില്‍ തയ്യാറാ‍ക്കിയ ലേഖനമാണിത്. തെറ്റുകുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് തിരുത്തുന്നതാണ്. )
ലേഖനമെഴുതാന്‍ നിര്‍ബന്ധിച്ച കിരണ്‍ തോമസ് തോമ്പിലിന് നന്ദി.

23 comments:

  1. "പത്ര വാര്‍ത്തകളില്‍ ഭീതിപരത്തുന്ന ഒരു മഹാരോഗമായി പക്ഷിപ്പനിയെ വിശേഷിപ്പിച്ചും മറ്റും വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ധൃതിയില്‍ തയ്യാറാ‍ക്കിയ ലേഖനമാണിത്. പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു."

    മെഡിസിന്‍ @ ബൂലോകം : പുതിയ പോസ്റ്റ്

    ReplyDelete
  2. Doctor sir, a very good article with lot of information about this virus. Hope to see more on this line. Congratulations. Sorry for typing in English .. somehow Keyman doesn't function !???)

    (send a mail whenever you publish a new post here at appusviews@gmail.com).

    ReplyDelete
  3. നന്നായിട്ടുണ്ട് സൂരജ് ... പക്ഷിപ്പനിയെക്കുറിച്ച് അമിതവും അനാവശ്യവുമായ ഭയമകറ്റാനും എന്നാല്‍ ജാഗ്രത പാലിക്കാനും ഈ പോസ്റ്റ് ഉതകുന്നതാണ് . അധുനികവൈദ്യശാസ്ത്രം എത്ര ശ്രദ്ധയോടെയാണ് ആരോഗ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ! വൈറസ്സിനെകുറിച്ചും ബാക്റ്റീരിയകളെക്കുറിച്ചും സാമാന്യമായ ഒരറിവ് ജനങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഈ സൂക്ഷ്മാണുക്കളുടെ ഉല്‍പ്പരിവര്‍ത്തനം (മ്യൂട്ടേഷന്‍)ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. ഏതായാലും വിവിധതലങ്ങളില്‍ ഗവേഷണങ്ങള്‍ അനുസ്യൂതം നടന്നു വരുന്നു എന്നത് ആശ്വാസം തന്നെ . എനിക്ക് തോന്നത് ഈ ലേഖനം സൂരജ് ഏതെങ്കിലും പ്രിന്റ് മീഡിയയ്ക്ക് അയച്ചു കൊടുക്കണം എന്നാണ് . അള്‍ടര്‍‌നേറ്റ് മെഡിസിന്റെ ഗുണഗണങ്ങളെപ്പറ്റി അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധാരണജനകങ്ങളുമായ അനേകം ലേഖനങ്ങള്‍ ദിനം‌പ്രതിയെന്നോണം അച്ചടിച്ചു വരുന്നുണ്ടെങ്കിലും ആധുനികവൈദ്യശാസ്ത്രത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പ്രസിദ്ധീകരിച്ചു കാണാറില്ല . ആധുനികവൈദ്യശാസ്ത്രം അതിന്റെ കൃത്യതയിലും പ്രയോജനക്ഷമതയിലുമാണ് നിലനില്‍ക്കുന്നതെങ്കിലും ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സത്യങ്ങള്‍ അവരോട് പറയേണ്ടതുണ്ട് .

    ReplyDelete
  4. സൂരജേ ഇത്‌ കലക്കി. ഇനി മഞ്ഞപ്പനിയേപ്പറ്റിയും എഴുതണം. പിന്നെ ഇത്തരം പോസ്റ്റുകള്‍ വാരാന്ത്യത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ. കാരണം ശനിയും ഞായറും പലര്‍ക്കും അവധിയാണ്‌. തിങ്കളാഴ്ച ഓഫീസില്‍ എത്തുമ്പോഴേക്കും മിക്ക്‌ ബ്ലോഗ്‌ റോളുകളിലില്‍ നിന്നും പോസ്റ്റ്‌ അപ്രത്യക്ഷമാകും. അതുകൊണ്ട്‌ തിങ്കളാഴ്ച നല്ലദിവസം. ശനിയും ഞായറുമൊക്കെ ഇരുന്ന് പോസ്റ്റെഴുതുകള്‍ തിങ്കളാഴ്ച രാവിലെ പബ്ലിഷ്‌ ചെയ്യുക. ആരും വിട്ടുപോകാതിരിക്കാനാണ്‌ ഇത്‌

    ReplyDelete
  5. hi doc,
    you have written everything about avian flu in a very simple language.i think i retain more about the virus after reading ur post than when i read from medical books.i too am a doc.

    ReplyDelete
  6. ഡോക്ടറേ ഒരു ചെറിയ ഓഫ്‌,

    അപ്പുവിനോടാണ്, ഡോക്ടറോട്‌ മെയിലയക്കാന്‍ പറയുന്നതിനേക്കാള്‍ blogarithm.com ല്‍ രെജിസ്റ്റര്‍ ചെയ്ത്‌ സൂരജിന്റെ യു.ആര്‍.എല്‍. അതില്‍ സബ്‌സ്ക്രൈബ്‌ ചെയ്താള്‍ ഇവിടെ പുതിയ പോസ്റ്റിടുമ്പോഴെല്ലാം അപ്പുവിന്റെ മെയിലില്‍ അലെര്‍ട്ട്‌ കിട്ടുമല്ലോ. ശ്രമിച്ചു നോക്കൂ. ഞനിവിടെ വന്നത്‌ അങ്ങനെയാണ്.

    ReplyDelete
  7. വായിച്ചവര്‍ക്കും വായിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വായിക്കാനുള്ളവര്‍ക്കും നന്ദി!

    അപ്പുമാഷ്,
    ഇ-മെയിലിനു നന്ദി. മെയിലിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    സുകുമാരന്‍ മാഷ്,
    കുറച്ചുകാലമായി നാവിന്‍ തുമ്പിലുണ്ടായിട്ടും കിട്ടാതിരുന്ന, തപ്പിക്കൊണ്ടിരുന്ന, ഒരു വാക്ക് ഓര്‍മ്മപ്പെടുത്തിയതിനു വലിയൊരു നന്ദി.
    “ഉള്‍പ്പരിവര്‍ത്തനം” ആണ് സംഗതി. നെഴ്സറി മുതലങ്ങോട്ട് ഇംഗ്ലീഷ് മീഡിയം ആയിരുന്നതിനാല്‍ പരിഷത്തിന്റെ പുസ്തകങ്ങളും കേരളസര്‍ക്കാരിന്റെ പാഠപുസ്തകങ്ങളുമായിരുന്നു മലയാളം ശാസ്ത്ര-സംജ്ഞകളിലേക്ക് ആകെയുണ്ടായിരുന്ന വഴി...ഹ ഹ ഹ.. (ഏ.എന്‍ നമ്പൂതിരി സര്‍ ആയിരുന്നു ‘ഉള്‍പ്പരിവര്‍ത്തനം’ എന്നുപയോഗിക്കാന്‍ പറഞ്ഞുതന്നത്.)

    കിരണ്‍ ജീ,
    ‘മഞ്ഞപ്പനി വാര്‍ത്ത’ താങ്കള്‍ ശ്രദ്ധയില്‍ പെടുത്തിയതനുസരിച്ച് തപ്പി നോക്കി. അതൊരു കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ടായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ഡെങ്കിയും ചികുന്‍ ഗുന്യയുമൊക്കെ പോലെ മഞ്ഞപ്പനിയും കൊതുകുവഴി പകരാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു ആ വാര്‍ത്ത. കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഇടാം എന്നു വിചാരിക്കുന്നു. (ദേവന്‍ ജീ യുടെ ആയൂരാരോഗ്യം ബ്ലോഗില്‍ പണ്ട് അതുപോലൊരെണ്ണം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നതായി കാണുന്നു).

    ബന്ധുവീട് സന്ദര്‍ശനത്തിനായി മാറ്റിവച്ച ശനിയാഴ്ചകളും, മടിപിടിച്ചുറങ്ങുന്ന സുന്ദരന്‍ ഞായറാഴ്ചകളും പോസ്റ്റെഴുതാനിരുന്ന് നശിപ്പിക്കുക എന്നത് ക്രൂരതയല്ലേ..ഹ ഹ..;)
    മലയാളത്തില്‍ ടൈപ്പുചെയ്യുന്നത് നമ്മുടെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ഇത്രയും എളുപ്പമാക്കിതന്നിട്ടും രക്ഷയില്ല. അതിന്റെ കൂടെ, നേരത്തെ സുകുമാഷിനോട് പറഞ്ഞതു പോലെ, മലയാള തത്തുല്യ പദങ്ങള്‍ തപ്പുന്നതും ഒരു ഹിമാലയന്‍ പരിപാടിയായിട്ടുണ്ട് ഇപ്പോള്‍ :)
    പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് ഈമെയില്‍ വഴി പോസ്റ്റിലേക്കുള്ള ലിങ്കയക്കുക എന്നതാ‍ണ് ഇപ്പോള്‍ ഉള്ള ഏകമാര്‍ഗ്ഗം. നേരിട്ട് പോസ്റ്റിനു കമന്റിട്ടില്ലെങ്കിലും ഒരു പാടുപേര്‍ മെയില്‍ വഴി അഭിപ്രായങ്ങളറിയിക്കുന്നുമുണ്ട്.

    Dear Monsoon Dreams,

    Delighted to know that this article was of use to you in one way or the other. I'd seen your photography blog but never had a clue, you were a medico. Thanks for visiting. Hope to see you around. (wish if more medics started med-blogs :)

    പ്രിയ അങ്കിള്‍
    നിര്‍ദ്ദേശത്തിനു നന്ദി. അങ്ങ് ഗൂഗ്ഗിള്‍ മലയാളം ബ്ലോഗ് സേര്‍ച്ചിന്റെ ലിങ്ക് നല്‍കിയത് ചിത്രകാരന്‍ ചേട്ടന്റെ കമന്റു ഭരണിയില്‍ വായിച്ചിരുന്നു. അതിനൊരു വലിയ thanks പറയാന്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ ഇതിനും കൂടെ ചേര്‍ത്ത് ഇമ്മിണി ബല്യ ഒരു THANKS!

    ReplyDelete
  8. പ്രിയ സൂരജ് ലേഖനം വായിച്ചു.ഉപകാരപ്രദമായ ഒരു വിഷയം ഇത്രയും ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കി സമര്‍പ്പിക്കാന്‍ കഴിഞ്ഞ പ്രയത്നത്തിനും ക്ഷമയ്ക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.സുകു മാഷ് പറഞ്ഞ പ്രിന്റന്‍ തമ്പ്രാന്മാര്‍ക്കൊന്നയച്ചു കൊടുത്തു നോക്കൂ ചിലപ്പോള്‍ കനിഞ്ഞാലോ.കുറച്ചു പേര്‍ക്കു കൂടി അറിയാന്‍ കഴിഞ്ഞെങ്കില്‍ നല്ലതാണല്ലോ.

    "ഈ പക്ഷികളുടെ തുപ്പല്‍, കാഷ്ഠം, മറ്റു സ്രവങ്ങള്‍ എന്നിവ പലയിടത്തും വീഴുമ്പോള്‍ അതിലൂടെ ഈ വൈറസും പരക്കുന്നു."

    ഒരു സംശയം, വേറേതെങ്കിലും പോസ്റ്റില്‍ ജനറലായി മറുപടിപറഞ്ഞാലും മതി.

    പൊതുവേ വൈറസ്സുകള്‍ക്ക് ശരീര സ്രവങ്ങളില്‍ (ശരീരത്തിനു പുറത്ത്) ഒരുപാട്നേരം ആയുസ്സുണ്ടോ? എയ്ഡ്സ് വൈറസിന് വളരെക്കുറച്ചായുസ്സേയുള്ളൂവെന്നാണറിഞ്ഞിരിക്കുന്നത്.ഇത് ഒരോ വൈറസിനു മനുസരിച്ച് വ്യത്യസ്ഥമാണോ?

    ReplyDelete
  9. ഈ പോസ്റ്റും അവസരോചിതം, ഉപകാരപ്രദം.

    താങ്കളുടെ ഞായറാഴ്ചകള്‍ ഞങ്ങള്‍ക്കു തരൂ!!!!

    ReplyDelete
  10. സുഗതരാജ് ജീ....

    :)

    കാവലാന്‍ ജീ,
    വിജ്ഞാന സംബന്ധിയായ ചോദ്യങ്ങളിലൂടെ, പോസ്റ്റിനു മുതല്‍ക്കൂട്ടാകാവുന്ന അറിവുകളിലേയ്ക്ക് നയിക്കുന്നതിനു വളരെ നന്ദി.

    വൈറസുകള്‍ പല രീതിയിലുണ്ട്. ചിലവ രോഗിയായ ജന്തുവിന്റെ (മനുഷ്യനുള്‍പ്പടെ) ശരീരസ്രവങ്ങളില്‍ കുറച്ചു സമയത്തേയ്ക്കെങ്കിലും ജീവനോടെ ഇരിക്കും. ഈ സ്രവങ്ങളില്‍ പലപ്പോഴും രോഗിയുടെ ശരീരത്തില്‍ നിന്നും പൊഴിഞ്ഞ കുറച്ചു കോശങ്ങള്‍ കൂടി കാണുമെന്നു ഓര്‍ക്കണം. പ്രത്യേകിച്ച്, മൂക്ക്, തൊണ്ട, മലാശയം എന്നിവയില്‍ നിന്നുമുള്ള വൈറസ് നിറഞ്ഞ കോശങ്ങള്‍. എയിഡ്സിന്റേതു പോലുള്ള ചില വൈറസുകള്‍ അല്പായുസ്സുകളാണ്. കൈയ്യില്‍ പറ്റിയാല്‍, വെറുതേ സോപ്പിട്ടുകഴുകിയാല്‍ തന്നെ ചത്തു പോകുന്നത്ര ദുര്‍ബലം. ( എന്നു കരുതി രതിവേഴചയില്‍ സോപ്പ് പ്രയോഗിച്ച് എയിഡ്സ് ബാധയില്‍നിന്നും രക്ഷപ്പെടാനാവില്ല കേട്ടോ- അവിടെ വൈറസ് വളരെ ആഴത്തില്‍ നിക്ഷേപിക്കപ്പെടുന്നതാണ് കാരണം.) അതേസമയം മഞ്ഞപ്പിത്ത വൈറസുകളില്‍ ഒന്നായ ഹെപ്പറ്റൈറ്റിസ് വൈറസ് 7 ദിവസം വരെ ചാകാതെ കിടക്കും. കോശാവരണത്തിന്റെ കടുപ്പമാണ് പലപ്പോഴും ഇതിനു സഹായിക്കുക. എന്നാല്‍ ഒരു ജീവനുള്ള ജന്തു കോശത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ ഇവയ്ക്ക് പെറ്റു പെരുകാനും മറ്റും കഴിയൂ. അതു വരെ ചത്തതിനൊക്കുമേ എന്ന മട്ടാണ്!

    മിക്ക വൈറസുകള്‍ക്കും പക്ഷേ ഇങ്ങനെ കോശത്തിനു പുറത്ത് ജീവിക്കാനൊക്കില്ല. ഉദാഹരണത്തിനു ജലദോഷവൈറസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പകരുന്നതു നോക്കൂ : രോ‍ഗി മൂക്കിലോ കണ്ണിലോ ഒക്കെ തിരുമ്മിയതിനു ശേഷം ആ കൈ കൊണ്ട് വാതില്‍പ്പിടി മുതല്‍ പൈപ്പിന്റെ പിടിവരെയുള്ള എവിടെയെങ്കിലും തൊടുന്നു എന്നു കരുതുക. അവിടെയോക്കെ വൈറസടങ്ങിയ അല്പം കോശങ്ങളും പുരളുന്നുണ്ട്. അതില്‍ തൊട്ടിട്ട് നമ്മള്‍ സ്വന്തം കണ്ണു തിരുമ്മുകയോ, മൂക്കിലേയ്ക്ക് വിരലിടുകയോ ഒക്കെ ചെയ്യുന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറസ് നമ്മുടെ മൂക്കിലും തൊണ്ടയിലും വ്യാപിക്കുകയായി. ഇവ പെറ്റു പെരുകാന്‍ വളരെ കുറച്ചു സമയമേ വേണ്ടൂ. (തൊണ്ടവീക്കവും മറ്റും ഉണ്ടാക്കുന്ന ബാക്റ്റീരിയകളും ഏതാണ്ടിങ്ങനെയൊക്കെയാണ് പകരുന്നതും.) ജലദോഷമുള്ളയാള്‍ തുമ്മുമ്പോള്‍ പുറത്തേയ്ക്കു തെറിക്കുന്ന ബാഷ്പത്തിലും ഈ വൈറസുകള്‍ കാണാറുണ്ട്. ഇത് ശ്വസിക്കുന്ന ആളുടെ ശരീരത്തിലേയ്ക്കും വൈറസ് കയറിപ്പറ്റുന്നു.

    എന്നാല്‍ ഇവിടെ ഒരു പ്രധാന കാര്യം കൂടി പറയാ‍നുണ്ട്. ജൈവ പരിണാമത്തിന്റെ ഫലമായി മിക്ക വൈറസുകളും ബാക്ടീരിയങ്ങളും മനുഷ്യന്റെയും ജന്തുക്കളുടെയും കോശങ്ങളുടെ ഘടന 'മനസ്സിലാക്കി' കഴിഞ്ഞിട്ടുണ്ട്. അതായത് ഒരു മനുഷ്യന്റെ മൂക്കിനുള്ളിലെ കോശത്തില്‍ എളുപ്പം കയറിപ്പറ്റണമെങ്കില്‍ ഏതൊക്കെ റിസപ്റ്ററുകളിലേക്ക് പ്ലഗ്ഗ് പോലെ പറ്റിപ്പിടിക്കണം, കോശത്തിന്റെ ആവരണത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ ദ്രവിപ്പിച്ച് തുളച്ച് ഉള്ളില്‍ കടക്കണം എന്നൊക്കെ ഭൂമിയിലെ ജന്തുക്കളുമായുള്ള കോടാനുകോടി വര്‍ഷങ്ങളുടെ സഹവാസം കൊണ്ട് ഈ ഇത്തിരിക്കുഞ്ഞന്‍മാര്‍ പഠിച്ചു വച്ചിട്ടുണ്ട് ! അങ്ങനെ വളരെ എളുപ്പം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഇന്‍ഫക്ഷനിലൂടെ സഞ്ചരിക്കാനും അവിടെ പെറ്റു പെരുകി, സ്വന്തം ജീനുകള്‍ക്ക് അനന്തരാവകാശികളെ ഉണ്ടാക്കാനും ഉള്ള കഴിവ് ഏറ്റവും കൂടുതല്‍ കാണിക്കുന്ന വിദ്വാന്മാരാണ് ജലദോഷ വൈറസുകള്‍. (വെറുതേ ഒരു തുമ്മല്‍ മതിയല്ലോ !)
    അതേസമയം പുത്തന്‍ കൂറ്റുകാരായ പക്ഷിപ്പനി വൈറസുകള്‍ ജൈവ പരിണാമത്തിലൂടെ ഈ കഴിവുകള്‍ ആര്‍ജ്ജിച്ചു വരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അവയ്ക്ക് ഇന്നത്തെ നിലയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ അത്രയെളുപ്പം കഴിയില്ല. എന്നാല്‍ അവ ആ കഴിവാര്‍ജ്ജിക്കുന്നതോടെ ഭീകരനായ ഒരു രോഗാണുവായി മാറിയേക്കുമെന്ന് ഭയമാണ് ശാസ്ത്ര ലോകത്തെ ഇത്ര കണ്ടു ജാഗരൂകരാക്കുന്നത്.

    ഇത്രയുമെഴുതിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത് - ഈ വിഷയത്തെപ്രതി മൂന്നാലു പോസ്റ്റുകളും നെടുങ്കന്‍ കമന്റുകളുമൊക്കെ ഇട്ടിട്ടും, വൈറസുകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പകുതി പോലും പറഞ്ഞു തീരുന്നില്ല ! അല്ല, കണ്ടുപിടിച്ചു തീര്‍ന്നാലല്ലേ പഠിച്ചു തീരൂ‍ ? പഠിച്ചു തീര്‍ന്നാലല്ലേ ചിന്തിച്ചു തീരൂ ? ചിന്തിച്ചു തീര്‍ന്നിട്ടു വേണ്ടേ പറഞ്ഞു തീര്‍ക്കാന്‍ .....ഹ ഹ ഹ...!
    ഈ പ്രപഞ്ചത്തിനെക്കൊണ്ട് തോറ്റു... ഹൊ...!

    ReplyDelete
  11. പ്രിയ സൂരജ്
    ഇത്തരം കാര്യങ്ങളെ കുറിച്ച്
    ജനങ്ങളിലുള്ള ഭീതി കുറെച്ചെങ്കിലും
    കുറക്കാന്‍ ഇത്തരം അറിവുകള്‍
    സഹായിക്കും.നന്ദി

    ReplyDelete
  12. ഗള്‍ഫ് മേഖലയിലുള്ള ഇന്റര്‍ നെറ്റ് പ്രശ്നം കാരണം ബ്ലോഗുകള്‍ വായിക്കാനാവുന്നില്ലെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

    ദേവന്‍ ജീ വളരെ പ്രസക്തമായ ചില സംശയങ്ങള്‍ നേരിട്ട് ഈ-മെയിലായി അയച്ചത് മറുപടി സഹിതം ഇവിടെ കമന്റായി പോസ്റ്റ് ചെയ്യുന്നു:

    DEVAN ji said:
    >>> " ചുഴലിക്കാറ്റ് കാരണം ഇന്റര്‍നെറ്റ് സം‌വിധാനങ്ങളില്‍ പ്രശ്നമാണിവിടെ. ബ്ലോഗുകള്‍ ലോഡ് ആകുന്നില്ല. പക്ഷിപ്പനി പോസ്റ്റ് റീഡറിലിട്ട് വായിച്ചു. അസ്സലായി പോസ്റ്റ്. ലതുപോലുള്ള പോസ്റ്റുകള്‍ മരുന്നിനു പോലും ബൂലോഗത്ത് വരുന്നില്ല.

    കമന്റേല്‍ ചോദിക്കണമെന്ന് വിചാരിച്ചത് ഇതാണ്‌:

    a- H7N7 എന്നൊരു അതിഭയങ്കരന്‍ ആളെക്കൊല്ലി സ്ട്രെയിന്‍ യൂറോപ്പിലൊക്കെ ഉണ്ടായെന്നും, ലവന്‍ പ്രൈമറി ഹ്യൂമന്‍ റ്റു ഹ്യൂമന്‍ ട്രാന്‍സ്മിഷന്‍ മാത്രമല്ല ജലദോഷം മാതിരി സെക്കന്‍ഡറി ട്രാന്‍സ്മിഷന്‍ നടത്തുമെന്നും ആരുടെയോ ഭാഗ്യത്തിന്‌ മനുഷ്യന്റെയും മാന്‍‌ജാതിയുടെയും ഡെന്‍സിറ്റി തീരെക്കുറഞ്ഞ ഡെന്മാര്‍ക്കിലാണ്‌ ലത് വന്നത്, തെക്കേ ഏഷ്യയിലെങ്ങാനുമയിരുന്നേല്‍ കട്ട പൊഹ ഇപ്പം ഉയര്‍ന്നേനെ എന്നും ബി ബി സി കാരനും
    ആളെക്കൊല്ലുന്ന സബ് ടൈപ്പ് 7 നു ഇന്നു നിലവിലുള്ള രീതിയനുസരിച്ച് വാക്സിന്‍ സ്ട്രെയിന്‍ ഉണ്ടാക്കാന്‍ പറ്റൂല്ല എന്ന് ലാന്‍സറ്റും (http://www.thelancet.com/journals/lancet/article/PIIS0140673603154153/fulltext ) പറയുന്നു. വല്ല ആളെറാഞ്ചിക്കിളിയും വടക്കേ യൂറോപ്പില്‍ നിന്നും ദേശാടനം ചെയ്ത് നൂറനാട്ടോ കുമരകത്തോ യേഴാംതരക്കാരനെ കൊണ്ടു വിട്ടാല്‍ കറ്റാസ്ട്രഫി ആയിപ്പോകുമോ?

    വേറൊരു സംശയം:
    ചെങ്കണ്ണ്> ഏവിയന്‍ ഇന്‍ഫ്ലുവന്‍സ ബന്ധം എന്താണ്‌?

    ബ്ലോഗേലിട്ടാല്‍ നാലുപേര്‍ക്ക് വായിക്കാമായിരുന്നു. അതിനു ലതില്‍ എത്തിപ്പെടാന്‍ പറ്റണ്ടേ :(
    "

    my Reply :

    അഭിനന്ദനങ്ങള്‍ക്കു നന്ദി ദേവന്‍ ജീ,
    പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

    H7N7 എന്നൊരു ടൈപ്പ് പക്ഷിപ്പനി വൈറസ് മ്യൂട്ടേഷനിലൂടെ ആവിര്‍ഭവിച്ചിട്ടുണ്ടെങ്കിലും (2003 -ല്‍ പാക്കിസ്ഥാനിലും അമേരിക്കയിലും പിന്നെ നെതര്‍ലണ്ടില്‍ സ്ഥിരീകരിച്ചത്) അത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്നത് അത്യപൂര്‍വ്വമാണെന്നുമാണ് ഇന്നു വരെയുള്ള വിവരം. 2003 ജനുവരിയില്‍ പാകിസ്ഥാനിലും ഫെബ്രുവരിയില്‍ അമേരിക്കയിലെ ഡെലവേയറിലും ഇതു ക്അണ്ടെങ്കിലും പക്ഷികളെമാത്രമേ ബാധിച്ചുള്ളൂ. 2003 ഏപ്രിലില്‍ നെതര്‍ലണ്ടില്‍ കണ്ടെത്തിയ ഈ H7 N7 പക്ഷിപ്പനി വൈറസ് 80 പേരെ ബാധിച്ചെങ്കിലും ഒരാള്‍ (ഒരു മൃഗഡോക്ടര്‍ ) മാത്രമാണ് മരിച്ചത്. H7 N7 പക്ഷികളില്‍ മരണകാരിയാകാമെങ്കിലും മനുഷ്യരില്‍ തീരെ വീര്യം കുറഞ്ഞ ഒന്നായിട്ടേ കണ്ടിട്ടുള്ളു.

    ഞാന്‍ മുന്‍പ് ഇട്ട കമന്റില്‍ വിശദീകരിച്ച പോലെ മനുഷ്യന്റെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ പറ്റിപ്പിടിക്കാനും, തുടര്‍ന്ന് രോഗിയുടെ തുമ്മല്‍, ചുമ എന്നിങ്ങനെയുള്ള വഴികളില്‍ കൂടി പടരാനുമുള്ള കഴിവ് ആര്‍ജ്ജിക്കാത്തിടത്തോളം ഏതു പക്ഷിപ്പനി വൈറസ് ടൈപ്പും ഹാനികാരകമാകുകയില്ല. പക്ഷിപ്പനി വന്നു മരിച്ച മനുഷ്യരില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം പരിശോധനകളില്‍ തെളിഞ്ഞ ഒരു കാര്യം, ഇവരിലൊക്കെ ഈ വൈറസ് ശ്വാസകോശത്തിന്റെ ആഴങ്ങളിലെ ചില കോശങ്ങളെയാണ് ബാധിച്ചത് എന്നായിരുന്നു. ഇത്രയും ആഴത്തില്‍ നിന്നും കഫം ചുമച്ചു മുകളിലെത്തിയാലേ ഈ വൈറസിനു ആ ചുമയുടെ പരിസരത്തു നില്‍ക്കുന്ന മറ്റൊരാളിലേക്ക് പകരാനാവു. പക്ഷിപ്പനി വൈറസുകള്‍ ആ ശേഷി ആര്‍ജ്ജിച്ചിട്ടില്ല ഇതു വരെ. ഇന്നത്തെ നമ്മുടെ പേടിസ്വപ്നമായ H5N1-ന് ആകട്ടെ മറ്റു ജലദോഷ വൈറസുകളെ പോലെ മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ ലോല ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരുന്നിട്ട് തുമ്മലും ചുമയും വഴി വേറൊരുത്തന്റെ വായിലേക്കും മൂക്കിലേക്കും സഞ്ചരിക്കാനുള്ള ടെക്നിക്ക് ഇപ്പോള്‍ അറിയാം !

    H7 N7 നമ്മുടെ കുമരകം വഴിയൊക്കെ നാട്ടില്‍ വന്നാല്‍ അതു വളരെ പെട്ടെന്ന് മ്യൂട്ടേഷനിലൂടെ ഒരു ‘ കൊച്ചു ഫീകരനാകും‘ എന്നുറപ്പ്. ചുമയ്ക്കുമ്പോള്‍ വായ പൊത്താന്‍ പോലുമുള്ള പൌര ബോധം ഇല്ലെന്നതോ പോട്ടെ, റോഡില്‍ നാണമില്ലാതെ കാര്‍ക്കിച്ചു തുപ്പുകയും അതിനെതിരേ നിയമം വന്നാല്‍ ആ ബോര്‍ഡിലേക്കു തന്നെ തുപ്പുകയും ചെയ്യുന്നതലതിരിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യ ബോധത്തിനു പ്രകൃതി കരുതിവച്ചിരിക്കുന്ന ശിക്ഷയായിരിക്കും ആ ഭീകര വൈറസ് എന്നു നിസംശയം പറയാം.!

    നെതര്‍ലാന്റിന്റെ Central Institute for Animal Disease Control-ല്‍ വികസിപ്പിച്ച കോഴികള്‍ക്കുള്ള H7 N7 കുത്തിവയ്പ്പ് ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. മനുഷ്യനിലേക്ക് എത്തുന്നതിനു മുന്‍പേ ഇതിനെ (പക്ഷിയില്‍ തന്നെ) തടയാന്‍ കഴിഞ്ഞാല്‍ ഒരു മഹാമാരി ഒഴിവാക്കാം എന്നതാണ് തിയറി.

    വൈറസ് രോഗങ്ങള്‍ക്കെതിരേ നാമിന്നുപയോഗിക്കുന്ന പല വാക്സീനുകളും (ഉദാഹരണം : പേവിഷ വൈറ്സ്, ഇന്‍ഫ്ലുവെന്‍സാ വൈറസ് ) കോഴിക്കുഞ്ഞിലും താറാവു കുഞ്ഞിലും മുട്ടയില്‍ ഭ്രൂണാവസ്ഥയിലിരിക്കുമ്പോള്‍ രോഗാണുവിനെ കുത്തിവച്ച് ആണ് നിര്‍മ്മിക്കുന്നത് .(ഹൊ..ദുഷ്ടന്മാര്‍ ! ഹ ഹ). ഇങ്ങനെ കുത്തി വയ്ക്കപ്പെട്ട കോഴിക്കുഞ്ഞുങ്ങളില്‍ ഈ വൈറസിനെ വളര്‍ത്തിയെടുത്ത് വൈറല്‍ വിത്തു കോശങ്ങളായി ഉപയോഗിക്കും. ഇതിനെ പിന്നീ‍ട് കൂടുതല്‍ ജൈവ മാറ്റങ്ങള്‍ക്കു വിധേയമാക്കാന്‍ മറ്റു കോഴിക്കുഞ്ഞുങ്ങളിലേക്ക് വീണ്ടും കുത്തിവച്ച് പല സീരീസുകളിലായി തെരഞ്ഞെടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിച്ചൊക്കെ മരുന്നാക്കിമാറ്റുന്നു. എന്നാല്‍ പക്ഷിപ്പനിവൈറസുകള്‍ക്കെതിരേ വാക്സീന്‍ ഉണ്ടാക്കാനുള്ള ഒരു പ്രധാന തടസ്സം, ഇങ്ങനെ വൈറസിനെ കുത്തിവയ്ക്കുമ്പോള്‍ തന്നെ ഈ ഭ്രൂണങ്ങള്‍ വേഗം ചത്തു പോകുന്നു എന്നതാണ്. മറ്റൊരു പ്രധാന പ്രശ്നം ഈ രീതിയില്‍ വാക്സിന്‍ നിര്‍മ്മിച്ചെടുക്കാനുള്ള കാലതാമസമാണ്. ഇതിനു പ്രതിവിധിയ്‍ായിട്ടാണ് ഇന്നു നാം റിവേഴ്സ് ജനിതക (reverse genetics) വിദ്യ പ്രയോഗിക്കുന്നതും. ബാക്റ്റീരിയയില്‍ നിന്നും എടുക്കുന്ന പ്ലാസ്മിഡുകള്‍ (plasmid)
    എന്ന ജീനുകളുടെ കൊച്ചു വളയങ്ങള്‍ ഉപയോഗിച്ച് നമുക്കു വേണ്ടുന്ന വൈറസ് ജീനുകളെ എളുപ്പം നിര്‍മ്മിക്കുക എന്നതാണ് ഈ വിദ്യയുടെ കാതല്‍. (മറ്റൊരു പോസ്റ്റില്‍ ജനിതക സാങ്കേതിക വിദ്യകളെക്കുറിച്ച് വിശദ്മായി പറയാം.)

    ഈ വിദ്യയിലൂടെ പക്ഷിപ്പനി വാക്സീനുകള്‍ താരതമ്യേന വേഗത്തില്‍ നിര്‍മ്മിക്കാം എന്നതിനുപരി, ഒരേ വാക്സീന്‍ കൊണ്ട് ഒന്നിലധികം ടൈപ്പ് പക്ഷിപ്പനി വൈറസുകളെ പ്രതിരോധിക്കാം എന്ന മെച്ചം കൂടിയുണ്ട്. ലാന്‍സെറ്റിന്റെ 2004 ലെ ആ ലേഖനഠിലെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ഇന്ന് 13 ഓളം കമ്പനികള്‍ വിവിധ വാക്സിനുകളുടെ പണിപ്പുരയിലാണ്. പക്ഷേ, ഒരു മഹാമാരിയായി പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന അവസ്ഥ വന്നാല്‍ മാത്രമേ ഇതെത്രകണ്ട് ഇഫക്റ്റീവ് ആകും എന്നു ടെസ്റ്റു ചെയ്തു നോക്കാന്‍ നമുക്ക് അവസരം കിട്ടൂ. (അങ്ങനെ വരാതിരിക്കട്ടെ എന്ന് ആശിക്കാം!)

    ചെങ്കണ്ണ്/ കണ്ണുദീനം എന്നു ലേഖനത്തില്‍ ഉദ്ദേശിച്ചത് Conjunctivitis - കണ്‍ജങ്റ്റിവൈറ്റിസിനെ ആണ്. ശരിയായ അര്‍ത്ഥത്തിലുള്ള ഒരു കണ്‍ജങ്റ്റിവൈറ്റിസല്ല, കണ്ണുനീര്‍ ചാടലും കണ്ണില്‍ ചുവപ്പും ചൊറിച്ചിലുമൊക്കെ കാണും എന്നേയുള്ളൂ. (മിക്ക ജലദോഷത്തിനും വരുന്ന ലത് ഇല്ലേ..അദ് തന്നെ!)

    ReplyDelete
  13. പോസ്റ്റ് നന്നായിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്ന നൂതന ഉപകരണങ്ങളായ മക്രോവേവ് അവനും കണ്ഡക്റ്റീവ് ഹീറ്ററും നമ്മള്‍ വിചാരിക്കുന്ന പോലെ നിര്‍ദ്ദോഷമായ താപ ഉപകരണങ്ങളല്ല. കുറഞ്ഞപക്ഷം ഒരു വൈദ്യശാസ്ത്രജ്ഞന്റെ വീക്ഷണത്തിലെങ്കിലും. താങ്കള്‍ക്ക് ഒരു മക്രോവേവ് അവന്‍ ഉണ്ടെങ്കില്‍ ഇനി പറയുന്ന പരീക്ഷണം ഒന്നു ചെയ്തൂ നോക്കു.
    1.ഒരു ബ്രഡ് റ്റോസ്റ്റ് ചെയ്യാന്‍ വയ്ക്കുമ്പോള്‍ അതില്‍ ഒരു ഉറുമ്പിനേക്കൂടി വയ്ക്കുക. താങ്കള്‍ പറയുന്ന 160 ഡിഗ്രി താപം തന്നെ നല്‍കു. പാചകം കഴിഞ്ഞ് ഉറുമ്പിനെന്തു സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക. പാറ്റയെ ഉപയോഗിച്ചും ഇതൊന്നു ആവര്‍ത്തിക്കുക.
    2.ഒരല്പം പാലോ തൈരോ അവനില്‍ വച്ച് ചൂടാക്കുമ്പോള്‍ അതിലെ ബാക്റ്റീരിയങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ശാസ്ത്രീയമായി നോക്കുക.
    ഈ പരീക്ഷണങ്ങളുടെ ഫലം താങ്കളുടെ പോസ്റ്റുകള്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച നല്‍കുമെന്നാണു എന്റെ വിശ്വാസം.

    ReplyDelete
  14. സൂരജ്, Avian Flu Diary എന്ന പേരില്‍ ഒരു പാരാമെഡിക്കിന്റെ ബ്ലോഗ് കണ്ടു. ലിങ്ക്. എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നു നോക്കുക.

    This blog will be my attempt to chronicle the Avian Flu threat. As a former paramedic, I was heavily involved in the public Health Response to the `Swine Flu’ threat of the 1970’s. All opinions expressed are my own, and should not be taken as medical advice or recommendations by the reader.
    ഇങ്ങനെ ഒരു വിശദീകരണം അതില്‍ കാണുന്നു.

    qw_er_ty

    ReplyDelete
  15. വളരെ ഉപയോഗപ്രദമായ ലേഖനം.
    പക്ഷിപ്പനി മാത്രമല്ല ഏതുതരം പകര്‍ച്ചവ്യാധികളെയും ഒരുമാതിരി ഊതിപ്പെരുപ്പിച്ച് (എന്തിനാണാവോ? അതിന്റെ ധനകാര്യം?/രാഷ്ട്രീയം..ഓഫ് ടോപ്പിക്കാക്കുന്നില്ല) കാണിയ്ക്കുന്ന രീതി മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ട്.അവരുടെ ശീലമതാണ്. മാറുമെന്ന് തോന്നുന്നില്ല.പക്ഷേ ഈ അറിവ് ഇ- വായനക്കാരില്‍ മാത്രമല്ല സാമാന്യ ജനത്തിന്റെ കയ്യിലെത്താന്‍ എന്തെങ്കിലും ചെയ്യണം സൂരജ്. നന്ദി.

    ReplyDelete
  16. അംബി ജീ,
    നന്ദി.
    കേരളത്തില്‍ ഛില ഓണ്‍ ലൈന്‍ ന്യൂസ് സൈറ്റുകളിലല്ലാതെ പക്ഷിപ്പനിയെക്കുറിച്ച് കാര്യമായൊരു ഭീതി ഉണ്ടായിട്ടില്ല. അങ്ങനെവരുമ്പോള്‍ പ്രിന്റ് മീഡിയയ്ക്ക് ഇതു പോലുള്ള ലേഖനങ്ങള്‍ അയക്കാം എന്നു കരുതുന്നു.

    മൂര്‍ത്തീ ജീ,
    ആ സൈറ്റ് ഞാന്‍ നേരത്തേ ബുക് മാര്‍ക്ക് ചെയ്തിരുന്ന ഒന്നാണ്. ഇവിടെ ലിങ്ക് നല്‍കിയത് നന്നായി. താല്പര്യമുള്ളവര്‍ക്ക് നോക്കാമല്ലോ.
    (Hands-on അനുഭവമോ മെഡിക്കല്‍-പശ്ചാത്തല വിദ്യാഭ്യാസമോ ഇല്ലാത്തവര്‍ മെഡിക്കല്‍ കാര്യങ്ങള്‍ വെബ് സൈറ്റ് വഴി വായിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് പൊതുവില്‍ ഈ ബ്ലോഗിലെ ലേഖനങ്ങള്‍ക്ക് റെഫറന്‍സ് ലിങ്കുകള്‍ പോസ്റ്റില്‍ നല്‍കാത്തത് :)

    അശോക് കര്‍ത്താ മാഷ്,
    പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.
    താങ്കള്‍ miicro-wave oven-നെ ക്കുറിച്ചു പറഞ്ഞതിന്റെ പൊരുള്‍ പൂര്‍ണ്ണമായും മനസിലായില്ല. മൈക്രോ വേവ് രശ്മികളേല്‍ക്കുന്ന ആഹാരത്തിനു മ്യൂട്ടേഷന്‍ സംഭവിക്കും എന്നോ മറ്റോ ആണോ താങ്കള്‍ പറഞ്ഞു വരുന്നത് ?
    അതോ മൈക്രോ വേവ് ചെയ്ത ആഹാരത്തിന്റെ പോഷകാംശത്തിനു മറ്റുതരത്തില്‍ പാകം ചെയ്യുന്ന ആഹാരത്തേക്കാള്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്നാണോ ?
    താങ്കളുടെ പോയിന്റ് വ്യക്തമാക്കുമെന്നു പ്രത്യാശിക്കുന്നു.

    ReplyDelete
  17. ഡോ.സൂരജ്,
    മൈക്രോ വേവ് അവനില്‍ ടിഷ്യൂ-ഹീറ്റിങ്ങ് വഴിയാണു ഭക്ഷണം പാകമാകുന്നത്. അത് പോളിമറൈസ്‌ഡ് ചെയിന്‍ റീയാക്ഷനു ഇടയാക്കുന്നു. അത് മനുഷ്യകലകളില്‍ അണുരണനമോ ആവര്‍ത്തനമോ ഉണ്ടാക്കുമ്പോള്‍.........PCR ആവര്‍ത്തിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഞാന്‍ പറയണോ?
    താങ്കളുടെ ജിജ്ഞാസ ഉണര്‍ത്താന്‍ ഇത്രയും മതിയാകുമെന്ന് തോന്നുന്നു....

    ReplyDelete
  18. പ്രിയ അശോക് കര്‍ത്താ മാഷ്,
    താങ്കള്‍ മൈക്രോവേവ് അവനുകളെയും (micro wave oven) മൈക്രോതരംഗങ്ങളെയും കുറിച്ച് കാര്യമായ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നുണ്ട്.
    ഏതായാലും ഇവിടെ ഓഫ് ടോപ്പിക് ആയിട്ടാണേലും ഇതുന്നയിച്ച സ്ഥിതിക്ക് ചെറിയൊരു വിശദീകരണം തരാമെന്നു കരുതി. മറുപടി നീണ്ടുപോയതുകൊണ്ടും, ഈ വിഷയത്തെ കുറിച്ച് മറ്റാളുകള്‍ക്കു ചിലപ്പോള്‍ സംശയം ഉണ്ടാകാം എന്നതു കൊണ്ടും എല്ലാവര്‍ക്കും ഉപകാരപ്രദമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഇവിടെ ഇതു പോസ്റ്റായി ഇടുന്നു. വായിക്കുമല്ലോ.

    ReplyDelete
  19. സൂരജ്,

    ലളിതമായ ഭാഷ ഉപയോഗിച്ചതിനാല്‍ ഉപകാരപ്രദം. ഞാന്‍ പൊതുജനാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നു. ചൈനയിലെ avian influenza പ്രോഗ്രാമില്‍ 6 മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ഈ വിഷയം വളരെ താത്പര്യം.

    കുറച്ചു രണ്ടു കാര്യങ്ങള്‍ വിട്ടുപോയെന്നു തോന്നി:

    1. ഇതുവരെ 350 മനുഷ്യര്‍ക്ക്‌ മാത്രമെ H5N1 ബാധിച്ചതായ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും അതില്‍ 225 പേരോളം മരിച്ചിട്ടുണ്ട്. അതായത് മരണ ശതമാനം 65% ഇല്‍ അധികം (case fatality rate >65%) . ഇതു മറ്റു influenza കളെക്കാള്‍ (അതുപോലെ മറ്റു പകര്‍ച്ച രോഗങ്ങളെക്കാള്‍ (?)) വളരെ അധികം ആണ്.

    2. influenza pandemic (അതായത് വളരെ പെട്ടന്ന് വളരെയധികം ആള്‍ക്കാരിലേക്കും രാജ്യങ്ങളിലേക്കും പകരുന്ന) വളരെ ചുരുക്കമാണെങ്കിലും കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു പ്രാവശ്യം ഉണ്ടായിട്ടുണ്ട്. 1918 ല്‍ സ്പാനിഷ് influenza, 1957 ലെ ഏഷ്യന്‍ influenza, 1968 ലെ Hongkong influenza. 1918 ല്‍ 4 കോടി ജനങ്ങളും, 1957ല്‍ 20 ലക്ഷം ജനങ്ങളും, 1968 ല്‍ 10 ലക്ഷം ജനങ്ങളും മരിച്ചിട്ടുള്ളതായ് കണക്കാക്കപ്പെടുന്നു. influenza യുടെ ഭീകരത മനസ്സിലാക്കാനാണ് ഈ കണക്കുകള്‍ ഉദ്ധരിച്ചത്. (Reference: Ten things you need to know about avian inflenza, WHO:

    http://www.who.int/csr/disease/influenza/pandemic10things/en/index.html )

    ഇപ്പോള്‍ ഇതുപോലെ ഒരു influenza വൈറസ് പടര്‍ന്നാല്‍, അതിലും പെട്ടന്ന് പകരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്നു മാത്രമല്ല, കൂടാതെ കോടിക്കണക്കിനു രൂപയുടെ നഷ്ടവും ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ഉണ്ട് (കോടിക്കണക്കിനു ജനങ്ങള്‍ മണിക്കൂറുകള്‍ കൊണ്ടു പല രണ്ജ്യങ്ങളിലും എത്തുന്നു, ട്രേഡ്‌, ബിസിനസ്സ് നഷ്ടങ്ങള്‍, ആരോഗ്യ മേഖലയുടെ തകര്‍ച്ച....)

    എന്തൊക്കെ മുന്‍കരുതലുകള്‍ എടുത്താലും വളരെ അധികം പേര്‍ മറിക്കാന്‍ സാധ്യതയും ഉണ്ട്.

    3. കോഴി, താറാവ്, മറ്റ് ഇറച്ചിക്കുവേണ്ടിയൊ മുട്ടക്ക് വേണ്ടിയോ വളര്‍ത്തുന്ന പക്ഷികള്‍ എന്നിവയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വീടിനകത്തും തൊട്ടടുത്തും അവയുടെ കൂടുകള്‍ ഉണ്ടാക്കിവയ്ക്കതിരിക്കാന്‍ കഴിവതും ശ്രദ്ധിക്കണം. കുട്ടികള്‍ ഇവയെ ലാളിക്കാതിരിക്കാനും ശ്രദ്ധിക്കണം. മറ്റു പക്ഷികളിലൂടെയും (പ്രാവ്, മൈന തുടങ്ങിയവ) വൈറസ് പകരാമെന്നുള്ളതിനാല്‍, അവയെ വളര്ത്തുംപോളും ശ്രദ്ധിക്കേണ്ടതാണ്.


    4.ഭക്ഷണം പാകം ചെയ്യുമ്പോള്‍ ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്‌. ഇറച്ചി എടുത്തിട്ടു ഉടനെ കണ്ണിലോ മൂക്കിലോ ചൊറിയുകയോ മറ്റും ചെയ്യരുത്. കാരണം ഏറ്റവും എളുപ്പം പകരാനുള്ള സാധ്യത കൂടുതലും ഇതിലുടെ ആണ് (നന്നായ്‌ വേവിച്ച ഇറച്ചി കഴിക്കുന്നതിലൂടെ അല്ല). ഭക്ഷണം പാകം ചെയ്യുന്നവര്‍ ഇതു ശ്രദ്ധിക്കേണ്ടതാണ്.

    നീണ്ട കമന്റിനു ക്ഷമിക്കുക....ഇതെന്റെ അറിവാണ്‌. തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ..

    ReplyDelete
  20. മനുഷ്യര്‍ക്ക് പക്ഷിപ്പനി വരുന്നത് തടയാനായി വ്യാപകമായി വളര്‍ത്തുപക്ഷികളുടെ culling നടക്കുന്നു. എന്നാല്‍ പുല്‍ച്ചാടി ഇനത്തില്‍ പെട്ട ഞങ്ങള്‍ വെട്ടുകിളികളെ ഏതായാലും നിങ്ങള്‍ക്ക് അങ്ങനെ കൊല്ലാന്‍ പറ്റില്ല. ഞങ്ങള്‍ കൂട്ടമായി ‍‍ഒരിടത്തു പറന്നിറങ്ങുന്നു. കണ്ണടച്ചുതുറക്കുംമുമ്പ് ഞങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന തീന്‍മേശ കാലിയാക്കുന്നു. ഉടന്‍ അടുത്ത വിരുന്നിനായി പറന്നകലുന്നു. അപ്പോള്‍ പിന്നെ ഞങ്ങളിലൂടെ ഈ വൈറസ് പടരാനുള്ള സാധ്യതയെ നിങ്ങള്‍ എങ്ങനെ നേരിടും?

    ചുരുക്കത്തില്‍ വെട്ടുകിളിക്ക് അറിയേണ്ടുന്ന ഒരേയൊരു കാര്യം, ഈ വളര്‍ത്തുപക്ഷികളുടെ കൂട്ടക്കൊല പക്ഷ്യാവകാശ ലംഘനമല്ലേ എന്നതാണ്. രോഗം നേരിടാനെന്ന പേരില്‍ നിങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ പക്ഷികളെ കൊല്ലുന്നത് ന്യായമാണോ? വൈറസിനെ സംബന്ധിച്ച്, ഒരു വഴി അടയുമ്പോള്‍ നൂറുവഴി തുറക്കില്ലേ? ഭക്ഷണത്തിനായല്ലാതെ വെറുതെ കൊല ചെയ്യുന്നത് അത്ര രസമുള്ള സംഗതിയാണോ?

    ഇനി ഒന്നുകൂടെ കടത്തിച്ചോദിച്ചാല്‍,
    കോഴിയില്‍ നിന്നു കോഴിയിലേക്കു രോഗം പടരുന്നതു തടയാന്‍ നിങ്ങള്‍ കോഴികളെ കൂട്ടക്കൊല ചെയ്യുന്നു. അപ്പോള്‍ പിന്നെ മറ്റേ വിഭാഗം കോഴികളില്‍ നിന്ന് പകരാന്‍ സാധ്യതയുള്ള എച്ച്.ഐ.വി വൈറസിനെ പേടിച്ച് നിങ്ങള്‍ അത്തരം കോഴികളെയും കശാപ്പുനടത്തേണ്ടതല്ലേ?

    (ഇതൊരു തമാശച്ചോദ്യമായി എടുക്കില്ലെന്നു പ്രതീക്ഷിക്കുന്നു.)

    ReplyDelete
  21. വെട്ടുകിളീ,

    “കോഴിയില്‍ നിന്നു കോഴിയിലേക്കു രോഗം പടരുന്നതു തടയാന്‍ നിങ്ങള്‍ കോഴികളെ കൂട്ടക്കൊല ചെയ്യുന്നു. അപ്പോള്‍ പിന്നെ മറ്റേ വിഭാഗം കോഴികളില്‍ നിന്ന് പകരാന്‍ സാധ്യതയുള്ള എച്ച്.ഐ.വി വൈറസിനെ പേടിച്ച് നിങ്ങള്‍ അത്തരം കോഴികളെയും കശാപ്പുനടത്തേണ്ടതല്ലേ? ”

    പക്ഷ്യാവകാശത്തിനായുള്ള കിളിയുടെ ദാഹം ഞങ്ങള്‍ മനുഷ്യര്‍ അറിയുന്നു...!
    അതുകൊണ്ട് ഞങ്ങള്‍ ‘മറ്റേക്കോഴികള്‍ക്ക്’ ഉപയോഗിക്കാനായി വികസിപ്പിക്കുന്നതു പോലൊരു വാക്സീന്‍ (കുത്തിവയ്പ്പ്) ഒറിജിനല്‍ കോഴികള്‍ക്കു വേണ്ടിയും വികസിപ്പിച്ചിട്ടുണ്ട്. അടുത്ത പക്ഷിപ്പനി സീസണ്‍ ആകും മുന്‍പ് അതു മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ കോഴികളേ, നിങ്ങള്‍ക്ക് വിടുതല്‍ !
    ഇല്ലെങ്കില്‍ ഞങ്ങള്‍ നരാധമന്മാര്‍ സ്വാര്‍ത്ഥരായി സ്വയരക്ഷക്കായി ഈച്ചയേയും കൊതുകിനേയും പാറ്റയേയും എലിയേയും കൊല്ലുമ്പോലെ നിങ്ങളേയും തട്ടും..!
    (തമാശയല്ലാ!:)

    ReplyDelete
  22. പ്രിയ സൂരജ്,
    ഈ പോസ്റ്റ് ഞാന്‍ പി ഡി എഫ് ആക്കിയെടുക്കുന്നു,വിരോധമില്ലല്ലൊ? എവിടെയെങ്കിലും ഉദ്ധരിക്കുന്നുണ്ടെങ്കില്‍ താങ്കളുടെ ബ്ലൊഗ്ഗ് അഡ്രസ്സ് കൊടുക്കുന്നതായിരിക്കും.

    ReplyDelete
  23. ഈ ലിങ്ക് സൂരജ് പരിശോധിക്കുമെന്നു പ്രത്യാശിക്കുന്നു.സ്നേഹപൂർവം.. പഠനം തുടരുക..ആശംസകൾ എഴുത്തിനു പ്രത്യേക നന്ദി
    ..http://vaccines.mercola.com/

    ReplyDelete