എന്നെ മരിക്കൂ..എന്നെ മരിക്കൂ*...!

“എന്നെ വിടടാ...കഴുവറട മക്കളേ..!!” അയാളുടെ അലര്‍ച്ച കാഷ്വാല്‍റ്റിയെ കിടുക്കി. നാലുപേര്‍ ചേര്‍ന്ന് കൈയ്യും കാലും പിടിച്ച് എമര്‍ജന്‍സി റൂമിന്റെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടിട്ടും അയാളുടെ ‘വീര്യ’ത്തിനൊട്ടും കുറവുണ്ടായിരുന്നില്ല.
മണ്ണെണ്ണയുടെയും വാറ്റു ചാരായത്തിന്റെയും രൂക്ഷഗന്ധം കാരണം നെഴ്സുമാര്‍ മൂക്കുപൊത്തി ചുറ്റും നില്ക്കുകയാണ്.അയാള്‍ നാലാമതും ഛര്‍ദ്ദിച്ചു. ഇത്തവണ ഡ്രിപ്പിടാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന ലില്ലി സിസ്റ്ററുടെ വെള്ളക്കോട്ടിലേക്ക്.

ജപ്തി ഭീഷണിയാണ് ആത്മഹത്യാശ്രമത്തിനു പ്രേരണയെന്ന് കാഷ്വാല്‍റ്റി എയിഡ് പോസ്റ്റിലെ കോണ്‍സ്റ്റബിള്‍ ശങ്കരേട്ടന്‍ പറഞ്ഞു. റബ്ബര്‍ വെട്ട് തൊഴിലാളിയാണ് പേഷ്യന്റ്. ഭാര്യ കരഞ്ഞു തളര്‍ന്നു പുറത്ത് മതിലിനു ചേര്‍ന്ന് ഇരിപ്പാണ്. അവരുടെ നെഞ്ചു തടവിക്കൊണ്ട് ഒരു വല്യമൂമ്മ കൊന്തചൊല്ലുന്നു. ജനം മുഴുവന്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആകാംക്ഷയോടെ....ഞങ്ങളെ നോക്കി നില്‍ക്കുന്നു.

“രാമകൃഷ്ണാ, ബഷീറേ.... വാ വാ ... ഈ തലയൊന്നു ശരിക്ക് പിടിച്ചോ. ലവാജ് വേണ്ടി വരും. ഫുറഡാന്‍ വിഷം തന്നെ.” ആന്റണി സാര്‍ കട്ടിലില്‍ കിടന്നു പുളയുന്ന ആ മനുഷ്യന്റെ താടി അനങ്ങാതെ പിടിച്ചു കൊണ്ട് കണ്ണിലേക്ക് ടോര്‍ച്ചടിച്ചുകൊണ്ട് പറഞ്ഞു. ഫോര്‍ത്ത് ഇയറുകാരിലൊരാളോട് ജിന്‍സി സിസ്റ്ററെ ഇവിടം വരെ വരാനേല്‍പ്പിച്ചിട്ട് മുക്കാലിഞ്ച് വണ്ണമുള്ള പച്ച നേസോ ഗ്യാസ്ട്രിക് റബര്‍ ട്യൂബെടുത്ത് വഴുവഴുക്കന്‍ ജെല്ലി തേച്ച് അയാളുടെ തൊണ്ടയിലേക്കു സ്പീഡില്‍ തള്ളിയിറക്കി.

“എനിക്ക് ചാകണം..മ് മ് മ് .....” അയാളുടെ പ്രതിഷേധം റബര്‍ ട്യൂബിന്റെ തള്ളിക്കയറ്റത്തില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു.

“ഡേയ് ഒന്ന് ഓസ്കള്‍ട്ടേറ്റ് ചെയ്തേ” എന്നോട് സര്‍.

ഞാന്‍ സ്റ്റെതസ്കോപ്പെടുത്ത് അയാളുടെ വയറ്റില്‍ വച്ചു. ട്യൂബ് ശ്വാസക്കുഴലിലേക്കാണോ അന്നനാളത്തിലെക്കു തന്നെയാണോ ഇറങ്ങിയത് എന്നുറപ്പുവരുത്താന്‍. ആന്റണി സര്‍ ട്യൂബിന്റെ ബള്‍ബ് പമ്പ് ചെയ്തു. അയാളുടെ വയറ്റില്‍ കാറ്റടിക്കുന്ന ഗുളു ഗുളു ശബദം സ്റ്റെത്തിലൂടെ കേട്ട് തൃപ്തിയോടെ ഞാന്‍ പറഞ്ഞു “ സാറെ..ഓക്കെ!”

വലിയൊരു വച്ചൂറ്റി (funnel) എടുത്ത് അയാളുടെ ആമാശയത്തിലേക്കിറക്കിയ റബര്‍ ട്യൂബിന്റെ വായ് വട്ടത്തില്‍ പിടിപ്പിച്ചിട്ട് മഗ്ഗില്‍ വെള്ളമെടുത്ത് ഞാന്‍ കോരിയൊഴിച്ചു.നാലാമത്തെ മഗ് കഴിഞ്ഞപ്പോള്‍ ആന്റണി സര്‍ suction തുടങ്ങി.
ബീഫ് കഷ്ണങ്ങള്‍...പാതി ദഹിച്ച മരച്ചീനി തുണ്ടുകള്‍...കുറച്ചു വറ്റ് ചോറ്...ചെറു നീല തരികളായി ഫുറഡാന്‍ എന്ന രാസവളവും... അയാളുടെ വയറ്റില്‍ നിന്നും തലേ ദിവസം രാത്രി മുതലുള്ളതൊക്കെ പുറത്തുവരികയാണ് - കലങ്ങിയ നീല നിറത്തില്‍, ചാരായ ഗന്ധവും രാസവള വിഷത്തിന്റെ മണ്ണെണ്ണ മണവും കലര്‍ന്ന്.

“ബീ.പി ക്രാഷ് ചെയ്യുന്നു...” റഹ്മാന്‍ മാനോമീറ്റര്‍ നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് ഡ്രിപ്പ് സ്റ്റാന്റില്‍ നിന്നും തുള്ളിത്തുള്ളിയായി അയാളുടെ സിരകളിലേക്ക് വീണു നിറഞ്ഞിരുന്ന ഉപ്പുവെള്ളത്തിന്റെ പ്ലാസ്റ്റിക് ബോട്ടിലെടുത്ത് ഞെക്കിപ്പിഴിഞ്ഞു. ഉപ്പുവെള്ളം അതിവേഗം കയറി അയാളുടെ സിരകള്‍ തിണര്‍ത്തു.

അരമണിക്കൂറിനുള്ളില്‍ വയറു കഴുകല്‍ മഹാമഹം പൂര്‍ത്തിയായി. റഹ്മാന്‍ കുത്തിവച്ച അഞ്ചാമത്തെ ഡോസ് അട്രോപ്പിന്‍ (atropine) തളര്‍ന്നുകൊണ്ടിരുന്ന അയാളുടെ ഹൃദയത്തെ കുലുക്കിയുണര്‍ത്തി. കണ്ണിലേക്ക് അടിച്ച പെന്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കൃഷ്ണമണിയുടെ ‘ക്യാമറാ ഷട്ടര്‍’ വികസിക്കുന്നതു കാണായി. അയാളുടെ പതഞ്ഞുകൊണ്ടിരുന്ന വായ ഉണങ്ങുന്നു. ശ്വാസോച്ഛ്വാസം താളം വീണ്ടെടുക്കുന്നു... ജീവിതത്തിലേക്ക് തിരികെ വരുകയാണ് ഒരു മനുഷ്യന്‍.
ഞങ്ങള്‍ക്ക് സന്തോഷം.

അറ്റന്‍ഡര്‍ രമണിച്ചേച്ചി ഫിനൈലും ബക്കറ്റും തുണിയുമായി ഓടിയെത്തി; കാഷ്വാല്‍റ്റിത്തറയിലെ ഛര്‍ദ്ദിലും വിയര്‍പ്പും വിസര്‍ജ്യങ്ങളും തുടച്ചെടുക്കാന്‍.

ചായയും പഴമ്പൊരിയും കിട്ടുന്ന ഹോസ്പിറ്റലിലെ കഫേറ്റീരിയയിലേക്ക് ഞങ്ങള്‍ നടക്കുമ്പോള്‍ ജിന്‍സി സിസ്റ്റര്‍ ഒര്‍മ്മിപ്പിച്ചു “കേസ് ഷീറ്റില്‍ ഓഡര്‍ എഴുതീട്ടില്ലേ..”
“ഇപ്പം വരാം സിസ്റ്ററേ...ഉച്ചയൂണോ മിസ്സായി...ഒരു ചായയെങ്കിലും വയറ്റിലോട്ട് ചെന്നില്ലെങ്കീ...” റഹ്മാന്‍ പോക്കറ്റില്‍ നിന്നും നാണയത്തുട്ടുകളെടുത്ത് കിലുക്കിക്കൊണ്ട് പറഞ്ഞു . പുറത്ത് പേഷ്യന്റിന്റെ ഭാര്യയേയും അമ്മയേയും ആന്റണി സാര്‍ എന്തോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

* * * *
ഒരാഴ്ച കഴിഞ്ഞ് ഒരു ഉച്ചനേരത്ത് ക്യാന്റീനിലെ wash ഏരിയയില്‍ വച്ച് കണ്ടപ്പോള്‍ ജിന്‍സി സിസ്റ്റര്‍ പറഞ്ഞു “അന്നത്തെ ഫുറഡാന്‍ poisoning ല്ലേ... സൈക്കോസിസായിട്ട് സൈക്യാട്രി വാര്‍ഡിലേക്ക് മാറ്റിയിരുന്നു മിനിയാന്ന് .... ഇന്നലെ രാത്രി അയാള്‍ വാര്‍ഡിന്റെ ലോഞ്ചില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലേക്കു ചാടി . സ്പോട്ടില്‍ തീ‍ര്‍ന്നു. ”




* തലക്കെട്ടിലെ പ്രയോഗത്തിനു കടപ്പാട് : കുഴൂര്‍ വിത്സന്‍

18 comments:

  1. “രാമകൃഷ്ണാ, ബഷീറേ.... വാ വാ ... ഈ തലയൊന്നു ശരിക്ക് പിടിച്ചോ. ലവാജ് വേണ്ടി വരും. ഫുറഡാന്‍ വിഷം തന്നെ.” ആന്റണി സാര്‍ കട്ടിലില്‍ കിടന്നു പുളയുന്ന ആ മനുഷ്യന്റെ താടി അനങ്ങാതെ പിടിച്ചു കൊണ്ട് കണ്ണിലേക്ക് ടോര്‍ച്ചടിച്ചുകൊണ്ട് പറഞ്ഞു.

    ReplyDelete
  2. അയാളുടെ വിധി എന്തെന്നഴുതി കഴിഞ്ഞിരുന്നു. നിങ്ങളിനി എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല. രാജകുമാരനെ കൊല്ലാന്‍ ആപ്പിളിനുള്ളില്‍ കൂടി പാമ്പ്‌ വന്ന കഥയോര്‍മ്മ വരുന്നു.
    എന്നാല്‍ എമര്‍ജന്‍സി വാര്‍ഡിലുണ്ടായിരുന്ന നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തല്ലോ. അതു കൊണ്ട്‌ സമാധാനിക്കാം, പ്രയോജനപെട്ടില്ലെങ്കിലും.

    ReplyDelete
  3. atropine 5 ഡോസ ( was it 5 ampoules) കൊണ്ടു തന്നെ പ്യൂപ്പിള്‍ വികസിച്ചോ?
    അപ്പോള്‍ നേരത്തെ psychiatric history ഉണ്ടായിരുന്നിരിക്കും അല്ലേ?

    atropine Psychosis ധാരാളം കണ്ടിട്ടുള്ളതുകൊണ്ട്‌ പെട്ടെന്നു ചോദിച്ചുപോയതാണ്‌

    ReplyDelete
  4. hi suraj,
    sad story,what to do!organophosphorous poisoning is so common,i remember getting tired breaking atropine ampoules,but when they come back to life,its a big satisfaction.

    ReplyDelete
  5. അങ്കിള്‍,
    വിധി എന്നു സമാധാനിക്കേണ്ടി വരുന്ന frustrating സന്ദര്‍ഭങ്ങളാണ് മെഡിസിന്റെ സങ്കടം.

    പണിക്കര്‍ സര്‍,
    അട്രോപ്പിന്‍ സൈക്കോസിസായിരുന്നില്ല രണ്ടാമത്തെ attempt-നു കാരണം. ആ മനുഷ്യനു നേരത്തെ സൈക്ക് ഹിസ്റ്ററി ഉണ്ടായിരുന്നു. അതുകൊണ്ട് അട്രോപ്പിന്‍ വളരെ സൂക്ഷിച്ചാണുപയോഗിച്ചതും. 4 മില്ലിഗ്രാമിന്റെ 5 ഡോസേ (ഏതാണ്ട് മുപ്പത്തിനാലു Amp) അന്ന് വേണ്ടി വന്നിരുന്നുള്ളൂ എന്നാണ് എന്റെ ഓര്‍മ്മ. ഗ്യാസ്ട്രിക് ലവാഷ് ഇഫക്റ്റീവായിരുന്നതു കൊണ്ടാണോ അതോ കഴിച്ച ഫ്യുറഡാന്റെ അളവു കുറഞ്ഞതായിരുന്നോ എന്ന് വ്യക്തമല്ല, ഏതായാലും അട്രോപ്പിനൈസേഷന്‍ വിചാരിച്ചതിലും വേഗം നടന്നു. ഒപ്പം 2PAM കൂടി ഉപയോഗിച്ചിരുന്നു. (പോസ്റ്റില്‍ ഒഴിവാക്കിയതാണ്)

    മണ്‍സൂണ്‍ ഡ്രീംസ്,
    സത്യം. ആമ്പ്യൂള്‍ പൊട്ടിക്കാന്‍ മാത്രം ഒരു നേഴ്സിംഗ് അസിസ്റ്റന്റിനെ ഇരുത്തിയ രാത്രികളും ഉണ്ടാവാറുണ്ടല്ലോ കാഷ്വാല്‍റ്റികളില്‍ അല്ലേ.

    ReplyDelete
  6. സൂരജ്
    മെഡിസിന്‍ എടുക്കാഞ്ഞത് ഈ ധൈര്യം ഇല്ലാഞ്ഞിട്ടാണ്. അത് എടുത്ത ചേച്ചി ഒരു പത്ത് വയസ്സുള്ള കുഞ്ഞ് കയ്യില്‍ കിടന്ന് മരിച്ചപ്പോള്‍ ടീച്ചിങ്ങിലേക്ക് മാറി :(

    കഥ കഥ എന്ന് ഞാനിങ്ങനെ ഓര്‍പ്പിക്കാണ് തലകുടഞ്ഞ്.

    ReplyDelete
  7. സൂരജ്, നല്ലൊരു വിവരണം. അത്യാഹിത വിഭാഗത്തില്‍നിന്ന് ഇറങ്ങിവന്നതുപോലെ പോലെയുണ്ട്. എനിക്ക് അനുഭവമുണ്ട് ഇതുപോലെ ഒരു സന്ദര്‍ഭം - വിഷമടിച്ചതല്ല, റോഡ് ആക്സിഡന്റ്. ഒരിക്കല്‍ പറയാം.

    അതൊക്കെ നില്‍ക്കട്ടെ, എന്താണ് ഈ atropin? ഹൃദയതാളം നില്‍ക്കാന്‍ പോകുന്ന രോഗികളുടെ രക്തത്തിലേക്ക് കയറ്റുന്ന മരുന്നാണോ? ഇതു ഡോസ് കൂടിപ്പോയാല്‍ മാനസിക വിഭ്രാന്തിയുണ്ടാകുമോ? (പണിക്കര്‍ സാറിന്റെ ചോദ്യം) എങ്കില്‍ ആള്‍ക്കാരെ ഭ്രാന്തരാക്കാന്‍ ഇതു കുറേ കുത്തിവച്ചാല്‍ മതിയാവുമായിരിക്കുമല്ലോ.

    ReplyDelete
  8. ഈയൊരു ഫീല്‍ഡുമായി യാതൊരു പരിചയവുമില്ല...എന്നാലും വായിച്ചുകഴിഞ്ഞപ്പോള്‍ ദൃക്‌സാക്ഷിത്വത്തിന്റെ ഒരു സുഖം. വിവരണത്തിന്റെ സവിശേഷതയാകാമത്‌.
    പിന്നെ മരണം. If someone is so determined, who could deter it?

    ReplyDelete
  9. ടൈറ്റിലാണ്‌ വായനയിലേക്കു കൊണ്ടുപോയത്. നല്ല അവതരണം.

    ഇതാണ്‌ വിധി എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഡോക്ടര്‍മാര്‍ വിശ്വസിക്കില്ല്ലല്ലോ..ഒരോ വ്യക്തിയും അവനവന്റെ വിധി സ്വയം തെരഞ്ഞെടുക്കുന്നു. മന്ത്രിയാകാന്‍ മോഹിക്കുന്നവര്‍ അതിനായി ശ്രമിക്കുന്നപോലെ, മരിക്കാന്‍ തീരുമാനിച്ചവനും അതിനായി ഉപലബ്ധമയ ഏതു വഴിയിലൂടെയും അവിടെയെത്തിയിരിക്കും. അതിനു കാരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും.

    ReplyDelete
  10. ഹൊ! എന്തൊരു വിധി. മരിക്കാനും സമ്മതിക്കത്തില്ലെങ്കില്‍ ചാടിത്തീര്‍ക്കും എന്നല്ലേ..

    ReplyDelete
  11. ഒരു ഓപ്പറേഷന്‍ തീയറ്ററില്‍ നില്‍ക്കുന്ന അനുഭവമായിരുന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍..

    രണ്ടു മൂന്നു ആളുകള്‍ ഇതു പോലെ ആത്മഹത്യക്കു ശ്രമിച്ച്, അവരെ വഴിപാടുപോലെയല്ലാതെ രക്ഷപ്പെടുത്തിയ ഡോക്ടര്‍ക്ക് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍/അവള്‍ ആത്മഹത്യ ചെയ്തുവെന്നറിയുമ്പോള്‍, വീണ്ടുമൊരു ആത്മഹത്യക്കു ശ്രമിച്ച രോഗിയെ കൊണ്ടുവരുമ്പോള്‍ എന്തു ചേതോവികാരമായിരിക്കും?

    എനിക്കിതു വായിച്ചപ്പോള്‍ എന്റെ അടുത്ത വീട്ടിലെ ജയന്‍ ചേട്ടന്റെ വീട്ടിലെ കാര്യം ഓര്‍മ്മയാണു വന്നത്. ഒരുപാടു കാത്തിരുപ്പിനു ശേഷമാണ് ഒരു പെണ്‍കുട്ടി അവര്‍ക്കുണ്ടായത്. തലയില്‍ വച്ചാല്‍ പേനരിക്കും താഴെ വച്ചാല്‍ ഉറുമ്പരിക്കും എന്ന രീതിയില്‍ വളര്‍ത്തിയ ആ പ്ലസ് ടൂവിനെ പഠിക്കുന്ന മകള്‍ നാലുമാസം മുമ്പ് വീട്ടിലിരുന്ന രൂപയും ആഭരണവും കൊണ്ട് അത്രതന്നെ വിദ്യഭ്യാസമില്ലാത്ത വേറൊരു മത വിഭാഗത്തിലെ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി. ഇപ്പോള്‍ ആ പെണ്‍കുട്ടി ജീവിതത്തിന്റെ മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്.. പോസ്റ്റിലെ വിഷയത്തില്‍ നിന്നും മാറിപ്പോയെന്നറിയാം, സൂരജ് സാര്‍ ക്ഷമിക്കുക, പറഞ്ഞുവന്നത് നമ്മള്‍ ചെയ്യേണ്ടത് ചെയ്തു പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍‍ അത് വിധിയാണെന്നു പറഞ്ഞു സമാധാനം കണ്ടെത്തുന്നവരാണ് നമ്മള്‍ ഭൂരിഭാഗവും..!

    ReplyDelete
  12. ജീവിത ദുരന്തങ്ങള്‍ താളം തെറ്റിച്ച എത്ര എത്ര ജീവിതങ്ങള്‍ ഇങ്ങിനെ.....
    വല്ലാതെ അസ്വസ്ഥമാക്കുന്ന വരികള്‍ക്കിടയില്‍ തെളിയുന്ന ആതുരശുശ്രയുടെ കരുണ്യത്തിന്റെ ഇടപെടലുകളുടെ കൈകളുടെ ചിത്രങ്ങള്‍ നെഞ്ച്‌ നിറക്കുന്നു.

    ReplyDelete
  13. വിധി എന്നല്ലാതെ ഒന്നും പറയാന്‍ ഇല്ല...ചിലര്‍ പോകാന്‍ തീരുമാനിച്ചാല്‍ പോയിരിക്കും..തടുക്കാന്‍ ആര്‍ക്കും കഴിയില്ല.
    നല്ല്ല വിവരണം.... ഇതൊക്കെ നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു തോന്നല്‍.

    ReplyDelete
  14. എന്റെ ഒരു മാടപ്രാവിന്റെ വിധി എന്ന പോസ്റ്റ് ഇതിനോട്‌ കൂട്ടിവായിക്കുമല്ലോ..

    ReplyDelete
  15. പ്രിയ,സൂരജ്.....
    വിവരണത്തിനു നല്ല തെളിച്ചമുണ്ട്,ചില സ്മരണകളില്‍ മന‍സ്സു പിടയുന്നു,തുടരുക.
    പിന്നെ വിധി, തീരുമാനം എന്നതിനൊക്കെ ഇതിലത്രമാത്രം പ്രസക്തിയൊന്നുമില്ല.എത്രയോ പേര് ആത്മഹത്യാശ്രമത്തിനു ശേഷം അന്തസ്സായി ജീവിക്കുന്നവരുണ്ട്.

    ReplyDelete
  16. സൂരജ്..വായിച്ചപ്പോള്‍..ആ സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു എന്ന തോന്നല്‍..പോകാനൊരുങ്ങുന്ന ഓരോ ജീവനേയും തിരിച്ചുകൊണ്ടുവരുന്ന നിമിഷങ്ങള്‍.. എല്ലാം മറന്നു ഓടി നടന്നു അതു വിജയിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം..എല്ലാം നന്നായി എഴുതിയിരിക്കുന്നു....പിന്നെ എത്രയൊക്കെ ശ്രമിച്ചാലും പോകാനൊരുങ്ങിനില്‍ക്കുന്നവര്‍ക്കു പോകാതെ കഴിയില്ലല്ലോ...വിധിയെന്നോ..,തലയിലെഴുത്തെന്നോ ,ഒക്കെ അതിനെ വ്യാഖ്യാനിച്ചു സമാധാനിക്കാനല്ലേ നമ്മള്‍‍ക്കാവൂ ...

    ReplyDelete
  17. അയാള്‍ തന്റെ വിധി തീരുമാനിച്ചിരുന്നു.
    നിങ്ങള്‍ അതിന്റെ വഴി മാറ്റിവിട്ടു...

    ReplyDelete