മരുന്നു കമ്പനികളും ഡോക്ടര്‍മാരും : ചില അവിശുദ്ധകൂട്ടുകെട്ടുകള്‍

മരുന്നു കമ്പനികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകളെക്കുറിച്ചും പടക്ക വ്യവസായം പോലെ വളര്‍ന്നു പന്തലിക്കുന്ന ഇന്‍ഡ്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയേയും കുറിച്ച് പലയിടത്തായി കമന്റിയപ്പോഴൊക്കെ ഇതേക്കുറിച്ച് അല്പം വിശദമായ ഒരു പോസ്റ്റ് സ്ഥിതിവിവിരക്കണക്കുകളുടെ പിന്‍ബലത്തോടെ ഇടണമെന്നു കരുതിയതാണ്.
എന്നാല്‍ അടുത്തിടെ ഈ രംഗത്തേ ദുഷ്പ്രവണതകളെ നിയന്ത്രിക്കുന്നതിനു വേണ്ടി ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെ മുളയിലേ നുള്ളുവാനുള്ള ആവേശത്തിലാണ് സംസ്ഥാനത്തെ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഘടകവും ചില വമ്പന്‍ സ്രാവുകളും.
കഴിഞ്ഞ ദിവസം ഇന്‍ഡ്യാവിഷനില്‍ ആരോഗ്യമന്ത്രിയുടെ പ്രസ്താവനകളെ ഏതാണ്ട് ഒരേ സ്വരത്തില്‍ അപലപിക്കുന്ന (?) തരത്തില്‍ ചില പ്രശസ്ത ഡോക്ടര്‍മാരും സംഘടനാ നേതാക്കളും പ്രസംഗിക്കുന്നതു കണ്ടു. അതു കൊണ്ട് premature ആണെങ്കിലും പ്രതികരിക്കണമെന്നു തോന്നി.

മരുന്നു വ്യവസായത്തിന്റെ സര്‍ക്കസുകളി


ഇന്‍ഡ്യന്‍ മരുന്നു വ്യവസായത്തിന്റെ നട്ടെല്ല് എന്നു പറയുന്നത് മറ്റു രാജ്യങ്ങളില്‍ ഇല്ലാത്ത പ്രത്യേകതകളുള്ള പേറ്റന്റ് നിയമമാണ്. വികസിത രാജ്യങ്ങളില്‍ മരുന്നായി വികസിപ്പിക്കുന്ന ഒരു കെമിക്കല്‍ കോമ്പൌണ്ടിനോ (രാസ സംയുക്തം) ഒരു മോളിക്യൂളിനോ (രാസ കണിക) ആണ് സാധാരണയായി പേറ്റന്റു നല്‍കുക. ഉദാഹരണം: പാരസെറ്റമോളിന്റെ രാസ ഉള്ളടക്കം അസെറ്റാമിനോഫെന്‍ എന്ന കണികയാണ്. ഈ മോളിക്യൂള്‍ ഗവേഷിച്ച് കാശു മുടക്കി കണ്ടെത്തുന്ന കമ്പനിക്ക് 15 മുതല്‍ 20 വര്‍ഷം വരെ അതു സ്വന്തമാക്കിവയ്ക്കാനും ചില നിയന്ത്രണങ്ങളോടെ അതു മാര്‍ക്കറ്റ് ചെയ്ത് ലാഭമെടുക്കാനും പേറ്റന്റ് നിയമപ്രകാരം അനുമതി നല്കുന്നു. ഇതാണ് പ്രോഡക്റ്റ് പേറ്റന്റ് അഥവാ ‘ഉല്‍പ്പന്ന പേറ്റന്റ് ‘. എന്നാല്‍ ഈ രീതിക്കൊരു ദൂഷ്യമുണ്ട്. വളരെ വിശാലമായ ഉപയോഗവും പ്രയോജനവുമുള്ള മരുന്നുകള്‍ പോലും ഈ രീതിയില്‍ പേറ്റന്റു ചെയ്യപ്പെടുന്നതു മൂലം കമ്പനി നിശ്ചയിക്കുന്ന വില നല്‍കി ജനം വാങ്ങേണ്ടി വരും. എഫ് ഡി ഏ ക്ലിയരന്‍സൊക്കെ ക്അഴിഞ്ഞ് മരുന്നു മാര്‍ക്കറ്റിലിറങ്ങുമ്പോഴെക്കും പേറ്റന്റെറ്റുത്തിട്ട് വര്‍ഷം എട്ടൊന്‍പതു കഴിയുമെന്നതിനാല്‍ ഉല്‍പ്പാദനചിലവു പരമാവധി വേഗത്തില്‍ തിരിച്ചു പിടിക്കാനാവും കമ്പനികള്‍ ശ്രമിക്കുക. അതോടെ ജനം നട്ടം തിരിയും.

ഇന്‍ഡ്യന്‍ പേറ്റന്റ് രീതിയില്‍ ഒരു മരുന്നു ഉല്‍പ്പാദിപ്പിക്കാനുള്ള രാസപ്രക്രിയക്കാണ് പേറ്റന്റ് നല്‍കുക. അതായത് ഒരേ മരുന്നു (മോളിക്യൂള്‍) വ്യത്യസ്ഥമായ രണ്ടു രീതിയില്‍ വ്യാവസായികമായി നിര്‍മ്മിക്കാനായാല്‍, രണ്ടു രീതിക്കും പേറ്റന്റ് ലഭിക്കും. രണ്ട് ഉല്‍പ്പാദനരീതികളും തമ്മില്‍ വളരെ ചെറിയ ഒരു വ്യത്യാസമുണ്ടായിരുന്നാല്‍ മതി എന്നതിനാല്‍ അപേക്ഷിക്കുന്ന എല്ലാ കമ്പനികള്‍ക്കും യഥേഷ്ടം പേറ്റന്റുകള്‍ ലഭിക്കുമെന്ന അവസ്ഥയുണ്ട് ഇന്‍ഡ്യയില്‍. ഒരു തരം ഫോട്ടോസ്റ്റാറ്റ് കോപ്പിയടിക്കല്‍ പ്രക്രിയയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യം. നമ്മുടെ നാട്ടിലെ ദരിദ്രാവസ്ഥക്കു ചേര്‍ന്ന പേറ്റന്റ് രീതി പ്രോസസ്സ് പേറ്റന്റ് അഥവാ ഉല്‍പ്പാദനപ്രക്രിയാ പേറ്റന്റ് ആണ് എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ നാം തിരിച്ചറിഞ്ഞതു കൊണ്ട് മരുന്നു വില വിദേശ രാജ്യങ്ങളിലെപ്പോലെ കണ്ടമാനം കൂടിയില്ല എന്നത് സത്യം. കാരണം ഒരു കമ്പനിക്കും ഒരു മരുന്നിന്റെ മേലും monopoly ഇല്ല; ഒരേ മോളിക്യൂള്‍ തന്നെ പല പേരില്‍ ഇറക്കാം. പാരസെറ്റമോള്‍ തന്നെ Dolo, Vicks Action 500, Colgin, Coldrun, Pmol, Fepanil, Calpol തുടങ്ങി കാക്കത്തൊള്ളായിരം പേരുകളില്‍ ഉണ്ട് ഇവിടെ. ഗ്യാസിനും വയറെരിച്ചിലിനും കഴിക്കുന്ന Omeprazole, Pantoprazole, Rabiprazole, Ranitidine തുടങ്ങിയ മരുന്നുകളൊക്കെ മറ്റുദാഹരണങ്ങളാണ്.

2002ല്‍ ഇന്‍ഡ്യ ലോകവ്യാപാരസംഘടനയുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രോഡക്റ്റ് പേറ്റന്റ് രീതിയിലെക്ക് മരുന്നുല്‍പ്പാദന രീതികള്‍ മാറ്റണമെന്ന് നിര്‍ദ്ദേശമുണ്ട്. അന്ന് അതു നമ്മുടെ ആരോഗ്യരംഗത്തെ ചെലവ് വര്‍ദ്ധിപ്പിക്കുകയും മരുന്നകമ്പനികളെ തകര്‍ക്കുകയും ചെയ്യുമെന്നൊക്കെ വലിയൊച്ചപ്പാടുണ്ടാക്കിയെങ്കിലും കരാര്‍ 2005ല്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഇത് പുതുതായി ഗവേഷണം നടത്തി ഉണ്ടാക്കിയെടുക്കുന്ന മരുന്നുകള്‍ക്കേ ബാധകമാവൂ എന്നതിനാല്‍ ഇന്‍ഡ്യന്‍ മരുന്നു വ്യവസായം കാര്യമായ ഒരു പ്രശ്നവുമില്ലാതെ മുന്നേറി. മാത്രമോ, നമ്മുടെ കമ്പനികള്‍ കോപ്പി ക്യാറ്റുകളാണെന്നും അന്യന്റെ ബൌദ്ധിക സ്വത്ത് നാണമില്ലാതെ അടിച്ചുമാറ്റുന്നവരാണെന്നും പഴിപറഞ്ഞുകൊണ്ടിരുന്ന പല അന്താരാഷ്ട്രകമ്പനികളും ഇന്ന് ഇന്‍ഡ്യന്‍ കമ്പനികളുടെ കോപ്പിയടി വൈദഗ്ധ്യത്തിന്റെ സഹായത്തോടെ മൂന്നാം ലോകരാജ്യങ്ങളില്‍ ചെലവു കുറച്ച് മരുന്നു വില്ല്ക്കുകയും ചെയ്യുന്നു..!
അത്രയും മുട്ടയുടെ ഭംഗിയുള്ള പുറംതോട്. ഇന്നത്തെ അവസ്ഥയോ ?

ഒരേ പടം പത്തു തീയറ്ററുകളില്‍ ഓടുമ്പോള്‍...

ഗവേഷണത്തിന്റെയോ, മൌലികമായ വ്യാപാര രീതികളുടേയോ യാതൊരു ബാധ്യതകളുമില്ലാതെ മരുന്നു പടച്ചു വിടുന്ന നമ്മുടെ മിക്ക കമ്പനികളും മാര്‍ക്കറ്റിന്റെ സ്വാഭാവികമായ ഒരു സന്ദിഗ്ധാവസ്ഥയെ ഇന്ന് അഭിമുഖീകരിക്കുന്നു. കോമ്പറ്റീഷന്റെ ആധിക്യം.! ഓമീപ്രസോള്‍ (OMEPRAZOLE) എന്ന അള്‍സര്‍ മരുന്നു omez, omezone, poppi, ometab, omate,എന്നിങ്ങനെ ഇരുപതിനുമേല്‍ ബ്രാന്റുകളായി കേരളത്തില്‍ മാത്രം കിട്ടും. ഇതിലെല്ലാം ഒരേ ഉള്ളടക്കം - ഓമീപ്രസോള്‍; വിലയാനെങ്കില്‍ എറെക്കുറേ ഒന്നു തന്നെ... അപ്പോള്‍ ഏതാണ് മെച്ചപ്പെട്ട ബ്രാന്റ് ? ഡോക്ടര്‍ ഏതെഴുതും ?
അടുത്തടുത്ത തീയറ്ററുകളില്‍ ഒരേ സിനിമ കളിക്കുന്ന ഒരു അവസ്ഥ. ഏതു തീയറ്ററ് തെരഞ്ഞെടുക്കും നിങ്ങള്‍ ?
കൂടുതല്‍ കാര്‍ പാര്‍ക്കിങ്ങ് സൌകര്യം, ഏസി, നല്ല സീറ്റിംഗ്, ഡിജിറ്റല്‍ സൌണ്ട്, നല്ല റെസ്റ്റൊറെന്റ് ....നിങ്ങളുടെ പരിഗണന പലപ്പോഴും ഇങ്ങനെയാണ് പോകുക. ടിക്കറ്റ് വില ഒന്നു തന്നെ, പിന്നെ കൊടുക്കുന്ന കാശു മുതലാവുന്നയിടമാണു നല്ല ചൊയിസ് ..!

നമ്മുടെ ലോക്കല്‍ കമ്പനികള്‍ ഈ ഗ്യാപ്പിലാണു കളിക്കുന്നത്.

ഡോക്ടര്‍ക്ക് പേനയില്‍ തുടങ്ങി ഡി.വി.ഡീ പ്ലേയറും, ഫ്രിഡ്ജം, വിദേശയാത്രാ സ്പോണ്‍സര്‍ഷിപ്പും എന്തിനു മക്കളുടെ കല്യാണത്തിനു ഗിഫ്റ്റ് വരെ നീളുന്ന “കോമ്പ്ലിമെന്റ്” എന്ന ഓമനത്തമുള്ള കൈക്കൂലി.പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ അടക്കം ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. മരുന്നു കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ‘സൌജന്യ‘ മെഡിക്കല്‍ ക്യാമ്പുകള്‍, ക്രോണിക് രോഗികള്‍ക്കായി സ്റ്റഡീക്ലാസുകള്‍, രക്തപരിശോധനകള്‍, കോണ്‍ഫറന്‍സുകള്‍ (നമ്മുടെ Association of Physicians of India നടത്തുന്ന APICON കോണ്‍ഫറന്‍സും സ്പോണ്‍സര്‍ഷിപ്പുകളെയും കുറിച്ച് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഓര്‍ക്കുക) എന്നിവയൊക്കെ ഏതെങ്കിലും പ്രത്യേക ഡോക്ടര്‍മാരെയോ ഡോക്ടര്‍മാരുടെ ശൃഖലകളെയോ പ്രമോട്ടുചെയ്ത് സ്ഥലത്തെ “പുലി”കളാക്കിയെടുക്കാനുള്ള പരിപാടികളാണു പലപ്പോഴും. (അക്കാദമിക മെഡിസിന്റെ ആദര്‍ശത്തോടെ പുതു തലമുറയെ പഠിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന മെഡിക്കല്‍ കോളജ് അധ്യാപകര്‍ വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്നത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന പ്രതിഭാസം)

വൈദ്യരാജ നമസ്തുഭ്യം....യമരാജ സോദര...

ഒരിക്കല്‍ ഒരു റെപ്രസന്റേറ്റിവ് വന്ന് ടെല്‍മിസാര്‍ട്ടന്‍ (Telmisartan) എന്ന മരുന്നിനേക്കുറിച്ച് വര്‍ണ്ണിക്കുകയാണ്. ചില തരം രക്താതിസമ്മര്‍ദ്ദത്തിനും പ്രമേഹരോഗികളിലെ ഹൃദയതളര്‍ച്ചക്കും മാത്രം ഉപയോഗിക്കുന്ന മരുന്നാണത്. ടെല്‍മിസാര്‍ട്ടനു മുന്‍പ് അതേ ഉപയോഗവും ഏതാണ്ടൊരേ രാസഘടനയുമുള്ള ലൊസാര്‍ട്ടന്‍ (Losartan) എന്ന മരുന്നു ഈയടുത്താണ് ഇന്‍ഡ്യയില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ആ മരുന്നിനെക്കുറിച്ചു പോലും പൂര്‍ണ്ണമായി പഠനങ്ങള്‍ വരുന്നതേയുള്ളു..അപ്പോഴെക്കും ദാ പുതിയ മോളിക്യൂളും കൊണ്ട് ഒരുത്തന്‍.!

ഈ മരുന്നു ഏതു പഠനത്തിലാടോ Losartan നെക്കാള്‍ കിടിലമാണെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതെന്നു ചൊദിച്ചപ്പോള്‍ മൂപ്പരു പറയുകയാണ് : “സര്‍ ഇപ്പോള്‍ മെഡികല്‍ കോളജില് ബീ.പിക്ക് ഇതാണ് ട്രെന്റ്..! പിന്നെ നമ്മുടെ ‌‌‌‌‌----ഉം, ----ഉം ഒക്കെ ഈ മരുന്നാണ് കൂടുതലും പ്രിസ്ക്രൈബ് ചെയ്യുന്നത്. “

എന്തു കൊടുത്തു അവിടൊക്കെ ? ചോദ്യം കേട്ടതും ആദ്യരാത്രികഴിഞ്ഞ് രാവിലെ അമ്മായിയമ്മയെ കണ്ട നവവധുവിന്റെമുഖത്തു വിരിയുന്ന നാണം, നമ്മുടെ റപ്രസന്റേറ്റിവിനു...”സാര്‍ വയറ്റിപ്പാടല്ലേ..വിട്ടേരെ”

പലപ്പോഴും മരുന്നു ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞന്മാര്‍ പറയുന്ന രോഗാവസ്ഥകള്‍ക്കല്ല മരുന്നുകള് ‍മാര്‍ക്കറ്റിലിറങ്ങുമ്പോള്‍ എഴുതപ്പെടുന്നത്. രണ്ടാമത്തെയോ മൂന്നാമത്തേയോ ശ്രേണിയില്‍ പെടുന്ന മരുന്നുകള്‍ ആദ്യശ്രേണീ മരുന്നുകാളായി എഴുതുന്നു. ഇതിനെറ്റവും നല്ല ഉദാഹരണം ആന്റീബയോട്ടിക്കുകള്‍ ആണ്. ഒരു മാസം ലീവോഫ്ലോക്സസിന്‍ എന്ന രണ്ടാം ശ്രേണി ആന്റീബയോട്ടിക് ഇത്ര പ്രിസ്ക്രിപ്ഷനുകള്‍ എഴുതിക്കൊടുക്കാമെങ്കില്‍ “ലാന്‍സെറ്റ്” എന്ന വമ്പന്‍ മെഡിക്കല്‍ ജേര്‍ണലിനൊരു സബ് സ്ക്രിപ്ഷനും ഒരു MP3 player-മാണ് കഴിഞ്ഞയാഴ്ച്ച ഈ ലേഖകനു കിട്ടിയ ഓഫര്‍. (കര്‍ത്താവേ..ഈ പാനപാത്രം! )

പിന്നെ ചില adjuvant / supportive ചികിത്സാ മരുന്നുകളുടെ കാര്യം. നല്ല ആഹാരം തിന്നുന്ന ഒരു ധാതുക്കുറവുമില്ലാത്ത രോഗികള്‍ക്കു പോലും ഹാര്‍ട്ട് പേഷ്യന്റാണ്, പ്രമേഹരോഗിയാണ്, ആന്റിബയോട്ടിക് കഴിക്കുന്നുണ്ട് എന്നൊക്കെ മുട്ടു ന്യായങ്ങളുണ്ടാക്കി വൈറ്റമിന്‍ ഗുളികകള്‍ പോലെ ദിനം പ്രതി 7 മുതല്‍ 18 രൂപാവരെ വിലവരുന്ന മരുന്നുകള്‍ ഇവര്‍ ഇങ്ങനെ എഴുതി നല്‍കുന്നു.

ഇതിനൊക്കെ പുറമേയാണു അല്‍ഭുത രോഗശാന്തി, ഔഷധക്കഞ്ഞി, ഡയാക്യുവര്‍, മുസ്ലിപവര്, സ്പൈറുലീന, ക്ലോറോഫില്‍, ആംവേ ഹെല്‍ത്ത് പാനീയങ്ങള്‍ എന്നിങ്ങനെ പരസ്യങ്ങള്‍ നല്‍കിയുള്ള ആളെപ്പിടുത്തവും

നാട്ടുകാരേ.. ജാഗ്രതയോടെയിരിക്കുക.!


ശ്രീമതി ടീച്ചറുടെ ആരോഗ്യ നയപ്രസ്താവന അനല്പമായ സന്തോഷം തരുന്നു. ഈയുള്ളവന്‍ കൂടി അംഗമായ “പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം” മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങളിലൂടെ മുന്നോട്ട് വച്ച ഏറ്റവും പ്രധാന ആവശ്യങ്ങളായിരുന്നു മരുന്നുവില/ഉല്പാദന നിയന്ത്രണവും, ചികിത്സകള്‍ക്കു ഒരു സര്‍ക്കാര്‍ നിര്‍മ്മിത പ്രോട്ടോക്കോളും.ഇനി ഈ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണു മുഖ്യം.
ഇപ്പോള്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ ഇതിനു പരിഹാരമാകും. അഞ്ചോ ആറൊ മരുന്നുകള്‍ ഒരു രോഗിക്ക് എഴുതി ന്നല്‍കുമ്പോള്‍ അതെന്തിനൊക്കെയെന്നു വിശദികരിക്കാനുള്ള ബാധ്യത ഡോക്ടര്‍ക്കുണ്ടാവും ഇനി. ഒപ്പം ചികിത്സാഉപാധികള്‍ക്ക് ചില പ്രോട്ടോക്കോളുകള്‍ വരുംപോള്‍ തീര്‍ച്ചയായും അനാവശ്യ ടെസ്റ്റുകളും, മരുന്നുകളുമൊക്കെ നില്‍ക്കും. എന്നാല്‍ ഈ നിയന്ത്രണങ്ങളെ അട്ടിമറിക്കാന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ സംഘടനയുമൊക്കെ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ജനം ജാഗ്രതയോടെയിരിക്കുക.!

29 comments:

  1. മരുന്നു കമ്പനികളും ഡോക്ടര്‍മാരും : ചില അവിശുദ്ധകൂട്ടുകെട്ടുകള്‍"

    ഈ രംഗത്തേ ദുഷ്പ്രവണതകളെ നിയന്ത്രിക്കുന്നതിനു വേണ്ടി ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെ മുളയിലേ നുള്ളുവാനുള്ള ആവേശത്തിലാണ് സംസ്ഥാനത്തെ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഘടകവും ചില വമ്പന്‍ സ്രാവുകളും.....
    ...ഡോക്ടര്‍ക്ക് പേനയില്‍ തുടങ്ങി ഡി.വി.ഡീ പ്ലേയറും, ഫ്രിഡ്ജം, വിദേശയാത്രാ സ്പോണ്‍സര്‍ഷിപ്പും എന്തിനു മക്കളുടെ കല്യാണത്തിനു ഗിഫ്റ്റ് വരെ നീളുന്ന “കോമ്പ്ലിമെന്റ്” എന്ന ഓമനത്തമുള്ള കൈക്കൂലി...
    .....അഞ്ചോ ആറൊ മരുന്നുകള്‍ ഒരു രോഗിക്ക് എഴുതി ന്നല്‍കുമ്പോള്‍ അതെന്തിനൊക്കെയെന്നു വിശദികരിക്കാനുള്ള ബാധ്യത ഡോക്ടര്‍ക്കുണ്ടാവും ഇനി.

    ReplyDelete
  2. സൂരജേ ഞാന്‍ കണ്‍ഫ്യൂഷനടിച്ച്
    റോസുവസ്റ്റാറ്റിന്‍ [C22H28FN3O6S] , അട്റോവസ്റ്റാറ്റിന്‍ [C33H35FN2O5 ], ഫ്ലുവസ്റ്റാറ്റിന്‍ [C24H26FNO4 ] -യധാക്രമം ക്രെസ്റ്റര്‍, ലിപ്പിറ്റര്‍, ലെസ്കോള്‍ എന്നീ (ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍, നാട്ടിലെ ബ്രാന്‍ഡ് പേര്‍ അറിയില്ല) വ്യത്യസ്ത പേരുകളില്‍ അന്താരാഷ്ട്ര പേരുകളില്‍ ആണല്ലോ അന്താരാഷ്ട്ര പേറ്റന്റ് വിവിധ കമ്പനികള്‍ എടുത്തിരിക്കുന്നത്. ഇവത തങ്ങളിലും മോളിക്യുലര്‍ ഘടന മാത്രമല്ലേ വത്യാസമുള്ളു? ഒരേ സാധനം (നോണ്‍ ഫെര്‍മെന്റെഡ് സിന്തറ്റിക്ക് സ്റ്റാറ്റിന്‍) ഒരേ അസുഖത്തിനു (ഹൈപ്പര്‍ ലൈപ്പിഡീമിയ) ഉപയോഗിക്കുന്ന ഒരേ ചികിത്സ (HMG COA reductase inhibition) , മോളിക്യുലര്‍ ഘടനയിലെ വത്യാസം മാത്രം അല്ലേ ഇത്? അപ്പോ ഇതിങ്ങനെ അന്താരാഷ്ട്ര മാര്‍കറ്റില്‍ പേറ്റന്റ് ചെയ്യാമെങ്കില്‍ നാട്ടിലെ വത്യാസം എന്താണ്‌ പേറ്റന്റ് നിയമത്തില്‍?

    ഞാന്‍ ലേഖനം വായിച്ചു മനസ്സിലാക്കിയതിലെ തെറ്റാണോ?

    ReplyDelete
  3. “വൈദ്യവ്യവസ്ഥയും ഔഷധവിപണിയും തങ്ങള്‍ക്കും തങ്ങളുടെ രോഗികള്‍ക്കുമെതിരായി വിരിക്കുന്ന വലയില്‍ നിന്ന് രക്ഷപ്പെടാനായി എന്തെങ്കിലുമൊക്കെചെയ്യാന്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വരേണ്ടതല്ലേ?പുതിയ ജീവിതശൈലി രോഗങ്ങള്‍ സമൂഹത്തെ കീഴ്പ്പെടുത്തുമ്പോള്‍ ആ ജീവിതശൈലിക്കെതിരെ നമ്മുടെ ഭിഷ്ഗ്വരന്മാര്‍ ചില ജാഗ്രതാമുന്നറിയിപ്പുകള്‍ നല്‍ക്കേണ്ടതല്ലേ?” ‘പ്രൊഫഷണലുകള്‍ക്കൊരു കുറ്റപ്പത്രം‘ (പച്ചക്കുതിര)എന്ന ലേഖനത്തില്‍ സിവിക് ചന്ദ്രന്‍ ചോദിച്ചിരുന്നു. സ്വന്തം മേഖലയുടെ സവിശേഷവും സമൂര്‍ത്തവുമായ രാഷ്ട്രീയം രൂപപ്പെടുത്താനുള്ള ഒരു വഴി തുറന്നിടുക എന്ന ദൌത്യം പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ ഏറ്റെടുത്തിരുന്നെങ്കില്‍ അതൊരു വലിയ ആശ്വാസമാവുമായിരുന്നു. ഇതുപോലെ.

    ReplyDelete
  4. മരുന്നുകളെടുത്ത് അമ്മാനമാടാത്ത ഡോക്ടര്‍മാരെ പല രോഗികള്‍ക്കും വിശ്വാസമില്ല എന്നതും ഒരു സത്യം.ഉദാ: എന്റെ അച്ഛന്‍. :)

    ആ ദേശാഭിമാനി ലിങ്ക് യൂണിക്കോഡ് ആക്കി ഒരു സൂക്ഷിക്കുന്നത് നന്നായിരിക്കും. മൂന്നു മാസം കഴിഞ്ഞാല്‍ അത് ആര്‍ക്കൈവ്സില്‍ ഉണ്ടാവില്ല എന്ന് തോന്നുന്നു..
    qw_er_ty

    ReplyDelete
  5. ചര്‍ച്ച തുടങ്ങിവച്ചതില്‍ എല്ലാവര്‍ക്കും നന്ദി...രോഗികളുടെ ഈ സമൂഹത്തീല്‍ ഒരാളെങ്കിലുമീ കാര്യങ്ങളെപ്രതി ബോധവാനായാല്‍ അത്രയും നല്ലത് എന്നു കരുതുന്നു.

    ദേവന്‍ ജീ
    ആ തെറ്റിദ്ധാരണ എന്റെ എഴുത്തിലെ ശൈലിക്കുഴപ്പമാണെന്നു തോന്നുന്നു.

    യഥാര്‍ത്ഥത്തില്‍ മുന്‍പിറങ്ങിയ പല മരുന്നുകളുടേയും മോളിക്യൂളുകളില്‍ ഘടനാപരമായ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പല സീരീസുകളിലായി next generation മരുന്നുകളിറക്കുന്നത്.ഇത് പ്രോഡക്റ്റ് പേറ്റന്റില്‍ തന്നെ ഉള്‍പ്പെടും കാരണം,സാങ്കേതികമായി നോക്കിയാല്‍ മോളിക്യൂള്‍ മാറുകയാണല്ലോ ഇവിടെ.

    ഈ ഘടനാവ്യത്യാസം കാരണം ചില പ്രത്യേകതകള്‍ ഈ നെക്സ്റ്റ് ജെനറേഷന്‍ മരുന്നുകള്‍ക്ക് ലഭിക്കാറുണ്ട്: മരുന്നു ശരീരത്തില്‍ ഉണ്ടാക്കുന്ന സൈഡ് ഇഫക്റ്റില്‍ ചിലത് മാറാം, കരള്‍, വൃക്ക എന്നിവയിലൂടെ ശരീരത്തില്‍ മരുന്നു നിര്‍വീര്യമാക്കപ്പെടുന്ന രീതികളില്‍ ചില മാറ്റങ്ങള്‍ വരാം, അതുമല്ലെങ്കില്‍ കോശ-റിസപ്റ്ററുകളില്‍ (സ്വീകരിണികളായ പ്രോട്ടീനുകളില്‍)ഇവ ചെന്നുണ്ടാക്കുന്ന ഇഫക്റ്റില്‍ ചില വ്യത്യാസങ്ങളും വരാം. ഇത് ഒരു തരത്തില്‍ നോക്കിയാല്‍ നല്ലതാണ്. കാരണം കാലക്രമത്തില്‍ മരുന്നു മെച്ചപ്പെട്ടുകൊണ്ടിരിക്കും. ഉദാഹരണത്തിന് ആന്റീബയോട്ടിക്കുകള്‍ പലതും ഇങ്ങനെ ഒരു മൂല കണികയുടെ ഘടനാവ്യതിയാനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടവയാണു.

    പക്ഷേ ഇങ്ങനെ ഇറക്കുമ്പോള്‍ ആ മരുന്നു, തൊട്ടുമുന്‍പത്തെ മരുന്നിനേക്കാള്‍ എന്തു അഡ്വാന്റേജ് ആണു തരുന്നതെന്ന് വ്യക്തമാക്കപ്പെടണം. അല്ലെങ്കില്‍ അതു ‘കൂട്ടത്തില്‍ മറ്റൊന്ന്’ എന്ന മട്ടിലാകും.
    ഉദാഹരണത്തിന് ഹൃദ്രോഗികളിലുപയോഗിക്കുന്ന സ്റ്റാറ്റിനുകളില്‍ ‘അറ്റോര്‍വാ സ്റ്റാറ്റിനെ‘ കടത്തി വെട്ടാന്‍ മറ്റൊന്നിനുമായിട്ടില്ല. ഏറ്റവും നല്ല ട്രയലുകള്‍ നല്‍കുന്ന ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റും അറ്റോര്‍വക്കുണ്ട്...പിന്നെ ഇറക്കിപ്പോയില്ലെ എന്ന കാരണത്താല്‍ മരുന്നു കമ്പനികള്‍ ബാക്കിയുള്ളവയെ ചുമക്കുന്നുവെന്നേയുള്ളൂ :)

    പ്രോസസ് പേറ്റന്റില്‍ ഉല്‍പ്പാദന പ്രക്രിയയാണു മാറുന്നത്, മോളിക്യൂള്‍ പഴയതു തന്നെ. (അറ്റോര്‍വാസ്റ്റാറ്റിന്‍ തന്നെ രണ്ടു കമ്പനികള്‍ രണ്ടു രീതിയില്‍ നിര്‍മ്മിക്കുക എന്ന രീതി.)

    ReplyDelete
  6. സൂരജെ,
    വളരെ സുപ്രധാനമായ ഈ പൊസ്റ്റ് വായിക്കാതെ പോകുന്നതില്‍ ക്ഷമിക്കുക.സാവകാശം വന്ന് ഇതു വായിക്കേണ്ടത് ചിത്രകാരന്റെ ആവശ്യമാണ്.
    തല്‍ക്കാലം സൂരജിനും കുടുംബത്തിനും ചിത്രകാരന്റെ ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!

    ReplyDelete
  7. informative!

    ശ്ലാഘനീയമായ ഉദ്യമം! വസ്തുതകള്‍ മുഖം നോക്കാതെ
    പറയുന്നതിനെ അഭിനന്ദിക്കുന്നു!

    ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!

    ReplyDelete
  8. @@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@
    ############ നേരുന്നു ################

    ReplyDelete
  9. ഇപ്പോ തിരിഞ്ഞു. ഞാന്‍ ചക്കെന്ന് വായിച്ച് ചുക്കെന്ന് മനസ്സിലാക്കിയതാ. ഒരേ മരുന്നു മോളിക്യൂള്‍ വ്യത്യസ്ഥമായ രണ്ടു രീതിയില്‍ നിര്‍മ്മിക്കാന്‍ ആയാല്‍ എന്നത് ഞാന്‍ വ്യത്യസ്ഥമായ മോളിക്യുലര്‍ ഘടനയില്‍ എന്നു മനസ്സിലാക്കി . അടോര്‍‌വസ്റ്റാറ്റിന്‍ എന്ന നീറ്റുമരുന്ന് ഞാന്‍ റെഡ് റൈസ് യീസ്റ്റ് വാറ്റി ഉണ്ടാക്കിയാല്‍ അതിനു എനിക്കും പേറ്റന്റ് കിട്ടുമെന്നായിരുന്നു അല്ലേ?(നീറ്റുമരുന്ന് വാറ്റുമരുന്ന് എന്നതൊക്കെ ഡിറോഗേറ്ററി വിശേഷണങ്ങള്‍ ആയിട്ടില്ല എന്ന വിശ്വാസത്തില്‍ കീച്ചിയതാണേ)


    ഓഫേല്‍ ഓഫ്:
    അടോര്‍‌വസ്റ്റാറ്റിന്‍ ഇന്നു ലോകത്തിലെ ബെസ്റ്റ് സെല്ലിങ് ഡ്രഗ് ആണേലും കട്ടായമായിട്ടു പറയാം, അടുത്ത രണ്ടുവര്‍ഷം കൊണ്ട് "ലതിനു ഇപ്പറയണ കേമത്തമില്ലെന്ന്" വൈന്‍ഡ് അപ്പ് സയന്റിസ്റ്റുകള്‍ കണ്ടെത്തിക്കോളും. കാരണം ഇവന്‍ രണ്ടായിരത്തി പതിനൊന്നില്‍ ഓഫ് പേറ്റന്റ് ആകും. ഫൈസറിന്റെ ഷെയര്‍ ഇപ്പഴേ വീണു. അവര്‍ ഇതേല്‍ തന്നെ എന്തെങ്കിലും നടത്തി വീണ്ടും പേറ്റന്റ് എടുത്തില്ലെങ്കില്‍ ആസ്ട്ര സെനിക്ക "മുന്നൂറു ബില്യണ്‍ കൊളസ്റ്റ്റോള്‍ പൈ" മുറിക്കാതെ വിഴുങ്ങും.

    ഇനി ഓണ്‍:
    വിദ്ദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പ്രോജക്റ്റ് ഒരു സ്കാന്‍ സെന്ററിനു അവിടെ വരുന്നവരില്‍ നിന്നീടാക്കുന്ന ഫീസിന്റെ നിശ്ചിത ശതമാനം റെഫര്‍ ചെയ്ത ഡോക്റ്ററുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും മാസാമാസം സെറ്റില്‍മെന്റ് ചെക്ക് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു ഡിബേസ് (ഇപ്പോഴത്തെ പിള്ളേര്‍ ഡീബേസോ അതെന്താ എന്നു ചോദിക്കുമോ ആവോ ) പ്രോഗ്രാം ആയിരുന്നു.

    ഇവിടങ്ങളിലൊക്കെ കുഞ്ഞു ഹോസ്പിറ്റലുകള്‍ക്കും സ്വന്തം റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഉള്ളപ്പോള്‍ നാട്ടില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ സ്പെഷാലിറ്റി എന്നൊക്കെ പറയുന്നവര്‍ കൂടി "ദാ ഈ ശീട്ടുമായി നേരേ ഓട്ടോ വിളിച്ച് സ്കാന്‍ സെന്ററിലോട്ട് വിട്ടോ" എന്നു പറയുന്നു. അപ്പോഴൊക്കെ ഞാന്‍ ആ പഴയ പ്രോഗ്രാം ഓര്‍ക്കും.

    ReplyDelete
  10. ദേവന്‍ ജീ,
    അടോര്‍‌വസ്റ്റാറ്റിന്‍ ഇന്നു ലോകത്തിലെ ബെസ്റ്റ് സെല്ലിങ് ഡ്രഗ് ആണേലും കട്ടായമായിട്ടു പറയാം, അടുത്ത രണ്ടുവര്‍ഷം കൊണ്ട് "ലതിനു ഇപ്പറയണ കേമത്തമില്ലെന്ന്" വൈന്‍ഡ് അപ്പ് സയന്റിസ്റ്റുകള്‍ കണ്ടെത്തിക്കോളും. കാരണം ഇവന്‍ രണ്ടായിരത്തി പതിനൊന്നില്‍ ഓഫ് പേറ്റന്റ് ആകും.

    സത്യം!
    1. പക്ഷേ ഒരു കാര്യമുണ്ട്. ഹൃദ്രോഗം (അക്യൂട്ടും ക്രോണിക്കുമായ)ഉള്ളവരില്‍ statistically significant ആയി ആയുര്‍ദൈര്‍ഖ്യം കൂട്ടുന്ന മരുന്നുകളായി കണ്ടെത്തപ്പെട്ടിട്ടുള്ളവ :
    അറ്റോര്‍വ സ്റ്റാറ്റിന്‍, ആസ്പിരിന്‍, ഏസ്-ഇന്‍ ഹിബിറ്ററുകള്‍(ACE-I), ബീറ്റാബ്ലോക്കറുകള്‍, സ്പൈറണോ ലാക്റ്റോണ്‍ എന്നിങ്ങനെ 5 എണ്ണം മാത്രമാണ്. ഈ വിശാല പഠനങ്ങള്‍ പോസ്റ്റ് മാര്‍ക്കറ്റിംഗ് പഠനങ്ങളായതിനാല്‍ വളരെ വിലപ്പെട്ടതാണ്. ഇതിലേതെങ്കിലും ഒന്നിനെ കവചുവയ്ക്കാന്‍ കെല്‍പ്പുള്ള മോളിക്യൂള്‍ ആരെങ്കിലും ഉണ്ടാക്കിയാല്‍ത്തന്നെ അതിനു ഫേസ് ത്രീ ട്രയലും കഴിഞ്ഞ് ഇത്തരമൊരു ബഡാബംഗാളന്‍ പോസ്റ്റ് മാര്‍ക്കറ്റിംഗ് സ്റ്റഡി ഉണ്ടായി വരാന്‍ ഒത്തിരി കാലമെടുക്കും. അതുകൊണ്ട് എനിക്കു തോന്നുന്നത് അറ്റോര്‍വയടക്കം ഇവയില്‍ മിക്കതും പേറ്റന്റ് കാലാവധി കഴിഞ്ഞും ഹൌസ്ഫുള്‍ ആയി ഓടും എന്നാണ്.

    പിന്നെ ഇന്‍ഡ്യയില്‍ ഇപ്പോഴേ അറ്റോര്‍വയടക്കം ഈപ്പറഞ്ഞ 5നും മിനിമം 5 ബ്രാന്റ് വീതമുണ്ട്...ഹ ഹ ഹ...
    ഇതിലെ അറ്റോര്‍വ,ACE-I,ആസ്പിരിന്‍ എന്നിവ മൂന്നും കൂട്ടിച്ചേര്‍ത്ത ഒരു വിഡ്ഡി കോമ്പിനേഷന്‍ കുറേ മാസങ്ങള്‍ക്ക് മുന്‍പേ ഇറങ്ങിയതും (Polytorva)ഇവിടെ കിടന്നോടുന്നുണ്ട്...അതിനേയും നാട്ടുകാര്‍ സഹിക്കണം!
    (ഡ്രഗ് കണ്ട്രോളറുടെ അനുമതിയുണ്ടോ എന്നറിയില്ല )

    2.ആ ഡീബേസ് ഇന്നുമുണ്ട്. ഓ.പി സെറ്റപ്പിലാണെന്നു മാത്രം. അത്യാഹിതത്തിന് ഡോക്ടര്‍ക്ക് ഷെയറുള്ള ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യും.
    റേഡിയോളജി ഡിപ്ലോമ കഴിഞ്ഞ എന്റെ ഒരു സീനിയര്‍ ചേട്ടന് 2ലക്ഷമാണ് കണ്ണൂരുള്ള സഹകരണ ആശുപത്രിയില്‍ നിന്നും കിട്ടിയ മാസശംബള ഓഫര്‍.!
    ;)

    ReplyDelete
  11. ഇനിയും ഓഫ് അടിച്ചാല്‍ ഈ പോസ്റ്റ് ഡീറെയില്‍ ചെയ്തു പോകുമോ എന്തോ.

    അടോര്‍‌വയുടെ ജൈത്രയാത്രയ്ക്ക് ഏതാണ്ട് അന്ത്യമടുത്തെന്ന് (എന്റെ സ്വകാര്യ) തോന്നല്‍. ലോകത്തിലെ ഏറ്റവും വലിയ ആര്‍സിറ്റികള്‍ നടത്തിയെന്നും അടോര്വ്വയുയ്മായി തട്ടിച്ചാല്‍ എല്‍ ഡി എല്‍ കുറവിന്റെ തോത് കൂടുതലും ആനുപാതിക എച്ച് ഡി എല്‍ കുറവിന്റെ തോത് കുറവെന്നും പഠിച്ചു തെളിഞ്ഞെന്ന് റോസുവ നിര്‍മ്മാതാക്കള്‍ ആസ്ട്ര സെനിക്ക അവകാശവാദം മുഴക്കി മരുന്നിറക്കിയ വര്‍ഷം തന്നെ മൂന്നാം സ്ഥാനം വിപണിയില് പീറ്റിച്ചു പറ്റി. ടൈം ടെസ്റ്റഡ് എന്ന അഡ്വാന്റേജ് മാത്രമേ ഇപ്പോ അടോര്വ്വക്കു കയ്യിലുള്ളു. എസെറ്റിമൈബിനൊപ്പം ലോ ഡോസ് റോസുവസ്റ്റാറ്റിന്‍ കൊടുത്താല്‍ പോലും അത് എണ്‍പതു ശതമാനം വരെ എല്‍ ഡി എല്‍ കുറയ്ക്കുമെന്ന് വയ്പ്പ്.

    തേഡ് ജനറേഷന്‍ സ്റ്റാറ്റിന്‍ ആയ റോസുവയോട് സെക്കന്‍ഡ് ജെനറേഷന്‍ കാരനായ അട്റോവ‍ കൂടുതല്‍ കൂടുതല്‍ വിട്ടുകൊടുക്കുകയാണ്‌ ഓരോ കൊല്ലം കഴിയുമ്പോഴും. പക്ഷേ "ടൈം ടെസ്റ്റഡ്" എന്ന ഗുണം അടോര്‍‌വസ്റ്റാറ്റിനു വലിയൊരഡ്വാന്റേജ് കൊടുക്കുന്നുണ്ട്. പക്ഷേ 40mg Lipitor = 10mg crestor എന്ന advertisement slogan ഡോക്റ്റര്‍ക്കും രോഗിയ്ക്കും വലിയ പ്രലോഭനമായി തുടങ്ങി. ഗ്രേപ്പ് വൈന്‍ (ലുങ്കി വാര്‍ത്ത എന്നാണു ഗള്‍ഫിലൊക്കെ ഇതിനെ മലയാളം പ്രയോഗം) പ്രകാരം പോസ്റ്റ് മാര്‍ക്കറ്റിങ്ങ് നിരീക്ഷണത്തിനു വൈന്‍ഡ് അപ്പ് സയന്റിസ്റ്റുകളെ ഇറക്കിയെങ്കിലും ക്രെസ്റ്ററിനെ ഒതുക്കാന്‍ മാത്രം ഒന്നും ഇതുവരെ കിട്ടിയില്ല. (ഞാന്‍ രണ്ടാമത്തെ തവണയാണ്‌ ഇന്ന് ഗവേഷകരെ ആക്ഷേപിക്കുന്നത്, യാത്രാമൊഴിയും വക്കാരിയും ഡാലിയും പുല്ലൂരാനുമെല്ലാം കൂടി എന്നെ എന്തെങ്കിലും ചെയ്തുകളയുമോ എന്തോ)


    (സ്റ്റാറ്റിന്‍ മരുന്നുകളുടെ പ്രാധാന്യം കുറച്ചു കാണുകയല്ലേ, ലിപ്പിറ്ററിനെ പൊളിച്ചു തേഡ് ജനറേഷന്‍ എന്തെങ്കിലും ആക്കിയില്ലെങ്കില്‍ അവന്‍ വീണുപോകും എന്നു തോന്നുന്നു പറഞ്ഞതാ)

    എന്തെങ്കിലും ഓണ്‍ ടോപ്പിക്ക് എഴുതീല്ലേല്‍ മഹാപാപമാവുമല്ലോ. ഔഷധ ഉപയോഗം, ചികിസ്താ എത്തിക്കല്‍ കോഡ്, വൈദ്യവിദ്യാഭ്യാസം, ചികിത്സാ നയം, സര്‍ക്കാര്‍'s ആരോഗ്യ നയം എന്നിവ ഒരു ഓര്‍ഗനൈസേഷനു കീഴെ കൊണ്ടുവരികയും കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ(സര്‍ക്കാരും സ്വാശ്രയവും) അപെക്സ് ബോഡി ആയി വര്‍ത്തിക്കുകയും ചെയ്യാന്‍ ഒരു മെഡിക്കല്‍ യൂണിവേര്‍സിറ്റി ഡിസൈന്‍ ചെയ്യാന്‍ ഡോ. ബി ഇക്ബാല്‍ സാറ്‌ (ഞാന്‍ പുള്ളീടെ ഫാന്‍ ആണേ) ചെയര്‍മാന്‍ ആയി ഒരു കമിറ്റി ഉണ്ടാക്കിയിരുന്നു, അതിനിപ്പോള്‍ വല്ല പ്രോഗ്രസും ഉണ്ടോ എന്നറിയുമോ?

    ReplyDelete
  12. ദേവന്‍ ജീ,

    ഓഫുകളിലാണ് ചില സന്ദര്‍ഭങ്ങളിലെങ്കിലും പോസ്റ്റുകള്‍ ‘ധന്യ’മാകുനത്...ഹ ഹ ഹ..
    എന്തായാലും ഞങ്ങടെ ‘സ്റ്റെല്ലാര്‍’ട്രയല്‍(STELLAR) ഏതാണ്ട് മുഴുവനും അരച്ചുകലക്കിയിട്ടുണ്ടല്ലോ.കണക്കെഴുത്ത് എന്നത് പ്രൊഫൈലിലെ തമാശയാകും..ഫാര്‍മസി റിസര്‍ച്ചാ‍ണു പണിയല്ലേ...ങേ ;)

    1.ശരിയാണു ജീ, റോസുവസ്റ്റാറ്റിന്‍ പുലിതന്നെ. അറ്റോര്‍വയെ അപേക്ഷിച്ച് റോസുവക്കുള്ള എഫിക്കസി കൂടുതല്‍ സ്വതന്ത്ര പഠനങ്ങളിലൂടെ വരട്ടെ. AstraZeneca സ്പോണ്‍സര്‍ ചെയ്തതിനാലാവണം സ്റ്റെല്ലാര്‍ പഠനത്തിന് ‘ഒരിത്’.(70% പഠനങ്ങളും കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്നതു തന്നെ എന്ന് മെഡിക്കല്‍ സമൂഹത്തിനറിയാഞ്ഞിട്ടല്ല...എന്നാലും.. )

    പക്ഷേ ഇപ്പോള്‍ ആഘോഷത്തോടെ ഇറക്കുന്ന മിക്ക മരുന്നുകളുടെയും പ്രശ്നം റോസുവയും കാണിക്കുന്നു. എഫിക്കസിയോടൊപ്പം കൂടുതല്‍ സൈഡ് ഇഫക്റ്റുകളും.AHA യുടെ എഫ്.ഡി.ഏ ക്കുള്ള തിട്ടൂരം ഏതായാലും റോസുവായ്ക്കു എതിരാണ് - സൈഡ് ഇഫക്റ്റുകളുടെ കാര്യത്തില്‍. എഫിക്കസിയുടെ കാര്യത്തില്‍ Rosuvaയുടെ അച്ഛനായിരുന്നു Cerivastatin. പക്ഷേ 2001ല്‍ സൈഡ് ഇഫക്റ്റുകള്‍ കാരണം പൊറുതിമുട്ടി ഓന്റെ കഛവടം പൂട്ടി. (ഡയബറ്റീസിന് ഇത് പോലെ ഇറക്കിയ വെടിക്കെട്ടുകളാണ് പയോഗ്ലിറ്റസോണ്‍, റോസീഗ്ലിറ്റസോണ്‍, ട്രോഗ്ലിറ്റസോണ്‍ എന്നിവ..ഒടുക്കം സൈഡ് ഇഫക്റ്റും ലിറ്റിഗേഷനും കാരണം കമ്പനികള്‍ ഓടിത്തള്ളി...പാവം പയോഗ്ലിറ്റ് മാത്രം ഇപ്പോ‍ാഴും ബാറ്റു ചെയ്ത് നില്ക്കുന്നു, സ്റ്റമ്പ് തെറിക്കുമോയെന്നു നോക്കി നോക്കി...)

    പിന്നെ എല്ലാം കണ്ടുകൊണ്ട് മുകളിലൊരുത്തന്‍ ഇരുപ്പുണ്ടല്ലോ...നമ്മുടെ Cochrane Collaboration..! സകല തര്‍ക്കങ്ങളും അളന്നു തൂക്കി മൂപ്പര്‍ ഒരു തീരുമാനം പറയും അവസാനം...അത് മെറ്റാ അനാലിസിസിന്റെ ജാഡ..ഹ ഹ ഹ..


    2. ഇക്ബാല്‍ സാറിന്റെ വാചകവും കൈയ്യിലിരുപ്പും ഇത്തിരി വ്യത്യസ്ഥമാണ്. അതിനാല്‍ മൂപ്പരെ അങ്ങനങ്ങ് നമ്പണ്ടാ..ഹ ഹ..എന്നാലും മെഡിക്കല്‍ യൂണിവേഴ്സിറ്റി റിപ്പോട്ട് മൂപ്പരും ടീമും കലക്കി...നടപ്പിലാക്കിയാല്‍ അടിപൊളിയായേനെ..പക്ഷേ..റിപ്പോര്‍ട്ടിന്മേല്‍ ശ്രീമതി മാഡവും ടീമും അടയിരിക്കാന്‍ തുടങ്ങിയിട്ട് മാസം 10 ആകുന്നു...ഉടനെ വിരിയുമായീക്കും... ഇല്ലെങ്കില്‍ എടുത്ത് ഓമ്ലെറ്റടിക്കാം!

    ReplyDelete
  13. ലൈഫ് സ്റ്റൈല്‍ ഡിസോര്‍ഡറുകളോട് ഒരു പ്രത്യേക താല്പ്പര്യമുള്ളതുകൊണ്ട്, അതിന്റെ രാഷ്ട്രീയത്തില്‍ ഒരു ഭയവും ഉള്ളതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെയും ചികിത്സകളെയും അടക്കം സംഗതികള്‍ ശ്രദ്ധിക്കുന്നെന്നേയുള്ളു. ഒരു ഇതിഹാസം പോലെ പോലെ ഭയപ്പെടുത്തി, ചിരിപ്പിച്ച്, ചിന്തിപ്പിഉച്ച്, താത്വികനിലവാരം ഉയര്‍ത്തി കടന്നു പോകുന്ന കാര്യങ്ങളല്ലേ.

    സെറിവസ്റ്റാറ്റിനെയും എഫ് ഡി ഏ നിരോധിച്ചതല്ലല്ലോ, മരുന്നുകഴിച്ചവരില്‍ ചിലരുടെ പേശീനാശം ഒടുക്കം ഉണ്ടാക്കുന്ന കമ്പനിയുടെ നാശത്തില്‍ കലാശിക്കുമെന്ന് ഭയന്ന് ലവന്മാര്‍ ഗുളികയും കൊണ്ട് ഓടിക്കളഞ്ഞതല്ലേ. (കുളം സ്റ്റീറോള്‍ ഒരു വലിയ പോസ്റ്റ് ആക്കെന്നേ)

    ഇക്ബാല്‍ സാറ് മാത്രമാണ്‌ വൈദ്യത്തിന്റെ കണ്‍സ്യൂമര്‍ ഭാഗത്തു നിന്നും സാധാരണക്കാരന്റെ ഭാഷ സംസാരിക്കുന്നത് (ഏട്ടിലെങ്കിലും) എന്നതുകൊണ്ടും ശാസ്ത്രസാഹിത്യ പരിഷത്തിനോട് ഒരു വൈകാരിക അടുപ്പമുള്ളതുകൊണ്ടും (പിന്നെ ബ്ലോഗ് പോസ്റ്റ് എഴുതി അഭിപ്രായം ചോദിച്ചാല്‍ വായിച്ച് വിശദമായി മറുപടി തരുന്നതിന്റെ നന്ദിയും ) ഉരുത്തിരിഞ്ഞു വന്ന ഒരു സ്നേഹമാണേ. (തെറിയും കേട്ടിട്ടുണ്ട് മൂപ്പരുടെ വായീന്ന്, പള്‍സ് പോളിയോ ഇമ്യൂണൈസേഷനെ വിമര്‍ശിച്ചതിന്‌). മൂപ്പരുടെ എഴുത്തേ അറിയൂ, പയറ്റ് അത്ര പരിചയമില്ല.

    വൈദ്യശാസ്ത്ര യൂണിവേര്‍സിറ്റിയുടെ കാര്യവും നാട്ടിലെ മറ്റെല്ലാ കൊള്ളാവുന്ന പ്രോജക്റ്റുകളും പോലെ ആനയും ശംഖും പതിച്ച ചുവപ്പു ടേപ്പ് കെട്ടിയ ഒലിവ് പച്ച ഫയലില്‍ അവസാനിക്കുകയാണോ, ബെസ്റ്റ്. (ശ്രീമതി ടീച്ചര്‍ക്ക് ഇപ്പോള്‍ ഏഴില്‍ വൈറസിന്റെയും
    എട്ടില്‍ സമരത്തിന്റെയും മൂന്നില്‍ ഗ്രൂപ്പുകളിയുടെയും അപഹാരമാണെന്ന് ജ്യോതിഷരത്നം‍ വാറ്റുകലം രാധാകൃഷ്ണന്‍ പറയുന്നു. അതിനാല്‍ തൊട്ടതെല്ലാം തുള്ളപ്പനി പിടിച്ചു പോകുമത്രേ)

    ReplyDelete
  14. വളരെ വിഞ്ജാനപ്രദമായ ലേഖനങ്ങള്‍. ഇപ്പോഴാണെത്തിപ്പെടാന്‍ സാധിച്ചത്. സമയക്കുറവുതന്നെ കാരണം.

    സൂരജിന്‍റെ ഇ-മെയില്‍ /ഫോണ്‍നമ്പര്‍ തന്നാല്‍ ഉപകാരമായിരുന്നു. എന്‍റെ ഇ-മെയില്‍ sugatharaj@gmail.com / phone: 09312121052.

    ReplyDelete
  15. തീര്‍ച്ചയായും ദേവന്‍ ജീ,

    സനാതന വ്യാധികള്‍, അറിയും തോറും ചൊറിയുന്ന, ചൊറിയും തോറും അറിയുന്ന, ഒരു വിഷയം തന്നെ.
    ‘കുളംസ്ട്രോള്‍’ (ആ പ്രയോഗം സ്പാറി!), പ്രമേഹം എന്നിവ ഒരു പത്തു പോസ്റ്റിനെങ്കിലും വകതരുന്നവയാണ്. പി.ജി.എണ്ട്രന്‍സ് പരീക്ഷക്കാലമായതിനാല്‍ ഒരല്‍പ്പം സാവകാശമാകാം എന്നു വച്ചു...

    മെഡിക്കല്‍ യ്യൂണിവേഴ്സിറ്റി ഖജനാവിന്റെ ദൌര്‍ബല്യത്തില്‍ തട്ടിയാണു നിന്നതെന്ന് സെക്രട്ടേറിയറ്റ് വാര്‍ത്ത. കേന്ദ്രന്റ്റെ ഒരു ഗ്രാമീണ ആരോഗ്യ മിഷനില്‍ നിന്നു ഒരല്‍പ്പം കാശു വകമാറ്റാമോയെന്നു നോക്കിയിരിപ്പാണ് ആരോഗ്യവകുപ്പ് എന്നാണറിവ്. എന്തായാലും ആ പ്രോജക്റ്റ് ഈ ഗവണ്മെന്റ്റിന്റെ കാലത്തു തന്നെ നടപ്പാവും അത് തീര്‍ച്ച.ആ ഒരു ആത്മാര്‍ത്ഥത എന്തായാലും ഉണ്ട്. പക്ഷേ കക്ഷിരാഷ്ട്രീയ കസേര വിഭജനത്തില്‍ ഇതും കോഞ്ഞാട്ടയാകുമോയെന്ന് ഒരു പേടിയില്ലാതില്ല (ഒരു യൂണിവേഴ്സിറ്റി സ്ഥാപിക്കുകാന്ന്നു വെച്ചാല്‍ ചില്ലറവല്ലതുമാണോ തടയുന്നത്.ഹ ഹ ഹ..) കാത്തിരുന്നു കാണാം.

    സുഗതരാജ് ജീ
    ആശീര്‍വാദത്തിനു നന്ദി...
    ഒരു മെയില്‍ ഗൂഗിളിന്റെ കൈയ്യില്‍ കൊടുത്തു വിട്ടിട്ടുണ്ട്... വീണ്ടും കാണാം :)

    ReplyDelete
  16. സൂരജ്‌,
    താങ്കളുടെ ഈ ലേഖനവും, ദേവനുമായുള്ള അഭിമുഖവും വളരെ വിജ്ഞാനപ്രദം തന്നെയായിരുന്നു. ഒരു പരസെറ്റമോള്‍ കഴിക്കുന്നതുതന്നെ രണ്ടും കല്‌പിച്ചാണ്‌. കൂട്ടത്തില്‍ കുന്നംകുളം ബ്രാന്‍ഡും. വല്ലപ്പോഴും 'പുനത്തില്‍ കുഞ്ഞബ്ദുള്ള' ആണ്‌ മരുന്നു കമ്പനികളുടെ അവിഹിത വേഴ്ചകളെക്കുറിച്ചും ടോണിക്കുകളെക്കുറിച്ചുമൊക്കെ ചില വെളിപ്പെടുത്തലുകള്‍ നടത്താറുണ്ടായിരുന്നത്‌. താങ്കള്‍ സൂചിപ്പിച്ചപോലെ ഏറ്റവും അപകടകരമായി മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്നത്‌ ആയുര്‍വ്വേദത്തിന്റെ പേരു പറഞ്ഞ്‌ പുറത്തിറങ്ങുന്ന സാധനങ്ങളാണ്‌. സൗന്ദര്യത്തിനും ബുദ്ധിക്കും ശക്തിക്കും എല്ലാം വാണിജ്യപരമായി ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ (മരുന്നുകള്‍ എന്ന് ഞാന്‍ പറയുന്നില്ല) ലഭ്യമാണ്‌. അതുതന്നെ ആയുര്‍വ്വേദ മരുന്നുകളുടെ കണ്‍സപ്റ്റിനു വിരുദ്ധമാണ്‌.

    ReplyDelete
  17. താരാപഥമേ, ലേഖനവും കമന്റുകളും അറിവുകള്‍ നല്‍കിയെന്നറിയുന്നതില്‍ വളരെ സന്തോഷം.

    ആയുര്‍വേദ മരുന്നുകളായി ഇറങ്ങുന്ന സാധനങ്ങളെക്കുറിച്ച് പണിക്കര്‍ സാറ് മുന്‍പ് വിശദമായി ഒരു പോസ്റ്റില്‍ എഴുതിയിരുന്നു; വിശേഷിച്ച്, ആയുര്‍വേദത്തിന്റെ മരുന്നുനിര്‍മാണത്തിനു പിന്നിലെ ഫിസ്യോളജിക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ ബെന്‍സോയിക് ആസിഡ് പോലുള്ള പ്രിസര്‍വേറ്റിവുകളും മറ്റും ചേര്‍ത്ത് ഇറക്കുന്ന സാധനങ്ങളെക്കുറിച്ച്. പിന്നെ യാതൊരു ഡ്രഗ് ട്രയലും നടത്താതെ ചില ഗ്രന്ഥങ്ങളിലുണ്ടെന്ന വിശദീകരണവുമായി മാര്‍ക്കറ്റു ചെയ്യപ്പെടുന്ന ‘അത്ഭുത’രോഗശാന്തീമരുന്നുകളും.

    എന്തായാലും കുറച്ചുപേരെങ്കിലും ഇതിന്റെയൊക്കെ പിന്നിലെ സത്യം അറിഞ്ഞാല്‍ അത്രയുമായി എന്നു കരുതുട്ടെ. :)

    ReplyDelete
  18. സൂരജ് ഈ പോസ്റ്റ് ഒന്ന് നോക്കാന്‍ താല്പര്യം !

    ReplyDelete
  19. പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.

    ReplyDelete
  20. നന്ദി പ്രിയ താരാപഥം, നവത്സരാശംസകളും.

    ആയുര്വേദത്തിന്റെ രീതി അനുസരിച്ച് രോഗിയുടെ ശാരീരിക സ്വഭാവവും കാലവും മറ്റുന്നതനിസരിച്ചാണ്‌ ചികിത്സ എന്നതിനാല്‍ തന്നെ ഏ അസുഖത്തിനു എക്സ് മരുന്ന്, ബി അസുഖത്തിനു വൈ മരുന്ന് എന്ന പരസ്യങ്ങള്‍ തള്ളിക്കളയാവുന്നതേയുള്ളു.

    നാട്ടില്‍ മാത്രമല്ല, ലോകം മുഴുവന്‍ അത്ഭുസസിദ്ധികളുള്ള ഡയറ്റ് സപ്ലിമെന്റു വില്പ്പനക്കാര്‍ക്ക് ചാകരയാണ്‌.
    വണ്ടര്‍ പില്‍സും മൃതസഞ്ജീവിനിയും മനുഷ്യനെന്നും വിശ്വസിക്കാനിഷ്ടമാണല്ലോ. ഇമ്മാതിരി എന്തു കണ്ടാലും ഞാന്‍ ഡോ. മാക്ഡോഗല് ആചാര്യന്റെ വാക്കുകളാണ്‌ ഓര്‍ക്കാറ്. If it sounds too good to be true, it is.

    ഫലമില്ലെന്ന് മാത്രമല്ല, പലതും അപകടകാരികളുമാണ്‌. ഓര്‍ഗാനിക്ക് എന്നും നാച്ചുറല്‍ എന്നും കേട്ടാല്‍ ജനം അതില്‍ മയങ്ങിപ്പോകുമല്ലോ. വേദനയും ഹാങ്ങോവറും മാറ്റുന്ന വില്ലോ ട്രീ എക്സ്ട്രാക്റ്റിലെ ആറ്റീവ് വസ്തു ആസ്പിരിനാണ്‌. പെരിവിങ്കിള്‍ ചെടിയുടെ എക്സ്ട്രാക്റ്റ് vincristine (യൂണിക്കോഡാശാന്മാരേ ന്‍+ക സീറോവിഡ്ത് ജോയിനറിട്ടിട്ടും ങ്ക ആവുന്നല്ലോ?) എന്ന ക്യാന്‍സര്‍ മരുന്നാണ്‌. ഫോക്സ്ഗ്ലോവ് ചെടി ചേരുന്ന ഡയറ്ററി സപ്ലിമെന്റിലെ രാസവസ്തു ഡിഗോക്സിന്‍ എന്ന ഹൃദ്രോഗമരുന്നാണ്‌. ചുമ്മാ വാങ്ങാന്‍ സൂപ്പര്‍‌മാര്‍ക്കറ്റില്‍ കിട്ടുന്ന ഈ ആരോഗ്യവര്‍ദ്ധിനികള്‍ ചിലപ്പോ ആളെ തട്ടിക്കളയും.

    ആരോഗ്യത്തിനു കുറുക്കുവഴികളില്ല. രോഗം സ്വയം ചികിത്സിക്കുന്നത് ബുദ്ധിയുമല്ല എന്ന് നാട്ടുകാര്‍ മനസ്സിലാക്കും വരെ ലവന്മാര്‍ ആളെ കൊള്ളയടിച്ചുകൊണ്ടെയിരിക്കും.

    ഓഫ്:
    സൂരജേ നാട്ടില്‍ ഈ മാര്‍ക്കറ്റ് നല്ലപോലെ വളരുന്നുണ്ടല്ലേ? :) ഇതുവരെ പണ്ടം‌കലക്കി ലേഹ്യം, വൈറസ് മജീദിന്റെ ആഞ്ജിയോക്യൂര്‍ ഒക്കെയേ പരസ്യം കാണാറുള്ളായിരുന്നു. ഈയിടെ ഒരു വീക്കിലി മറിച്ചു നോക്കിയപ്പോള്‍ റാന്‍‌ബാക്സിയുടെ ഫുള്‍ പേജ് പരസ്യം - ഇതാ അമിനോ ആസിഡ്, പ്രോട്ടീന്‍, ട്രേസ് മിനറല്‍സ്, വൈറ്റമിന്‍, ആന്റി‌ഓക്സിഡന്റ്, പോളി സാക്കറൈഡ് എല്ലാം കൂടി അരച്ചുരുട്ടിയ ഗുളിക. ഡെയിലി വാങ്ങി വിഴുങ്ങൂ, ആരോഗ്യം ഇരച്ചു കേറി വരും ദേഹത്ത്, പിന്നങ്ങോട്ടുള്ള ജീവിതം അടിച്ചു പൊളിക്കൂ.

    ReplyDelete
  21. ഡോക്റ്റര്‍ സൂരജ്,
    ഇത്രയും വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ എഴുതുന്നതിന് നന്ദി. ആശംസകളും.
    ദേവ്‌ജീ, പോസ്റ്റിനൊപ്പം നില്‍ക്കുന്ന കാഴചപ്പാടുകളുമായി കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നതിന് അവിടേം ഒരു നന്ദി.

    ReplyDelete
  22. ദേവാ‍ാ..
    ഓഫ്:

    റാന്‍ബാക്സിയുടെ Revital എന്ന 2 കാപ്സൂളുകള്‍ ഇത്തവണത്തെ നമ്മുടെ ശ്രീമതി വാങ്ങിയ മാതൃഭൂമി ‘ആരോഗ്യമാസിക’ യുടെ കൂടെ ഫ്രീയായിട്ട്‌ വച്ചിട്ടുണ്ട്‌. വയസ്സുകാലത്ത്‌ ജോലി ഉണ്ടാക്കുമോ എന്തോ?

    ReplyDelete
  23. അങ്കിളേ , എടുത്ത് തെക്കേ പറമ്പിലേക്കെറിയൂ ആ ക്യാപ്സ്യൂളുകള്‍. എന്നിട്ട് നല്ല ചീരക്കറിയും മുരിങ്ങയിലത്തോരനും മേമ്പൊടിക്കിത്തിരി തീയലോ സാമ്പാറോ കൂട്ടി ഒരു ഊണും കഴിക്കുക.

    Revital ആരെയാണ് റീവൈറ്റലസു ചെയ്യാന്‍ പോകുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ!(റാന്‍ബാക്സിയെ തന്നെ)

    ആട്ടെ,വാങ്ങിയെന്നു പറഞ്ഞ ആരോഗ്യമാസികയില്‍ വൈറ്റമിനുകളെക്കുറിച്ച് ലേഖനം വല്ലതുമുണ്ടോ ? കാണാതിരിക്കില്ല... എന്തു പാഷാണം വില്‍ക്കുമ്പോഴും അതിനൊരു “ശാസ്ത്രീയ” പിന്‍ബലം വരുത്തുന്നതാണല്ലോ ഇന്നത്തെ ട്രെന്റ് !

    ReplyDelete
  24. അങ്കിളേ സംഭവം revital തന്നെ . ഇടിവെട്ടു പേരല്ലേ ഗുളികയ്ക്ക്, വൈറ്റലായതെല്ലാം റീച്ചാര്‍ജ്ജ് ചെയ്തു തരും പോലും , പരസ്യത്തിലും ആരോഗ്യം ഒരു രാശിചക്രം പോലെ വരച്ചിട്ട് ഇവിടെ വേണ്ടത് വൈറ്റമിന്‍, ഇവിടെ പ്രോട്ടീന്‍, ഇവിടെ ആന്റിയോക്സിഡന്റ് എന്നൊക്കെ എഴുതി വച്ചിട്ടുണ്ട്. അതേല്ലാം ചേരുന്നതാണു പോലും ആരോഗ്യം.


    ഫ്രീ സാമ്പിള്‍ കൊടുക്കല്‍ - അതു വഴിയില്‍ മരുന്നു വില്‍ക്കുന്നവര്‍ പണ്ടേ ചെയ്ത് വിജയിച്ച മാര്‍ക്കറ്റിങ്ങാണ്‌ "നോക്കണം സുഹൃത്തുക്കളേ, മന്ത്രമില്ല മായമില്ല ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നരവേട്ട നടത്തുന്ന നരികളുടെ നരച്ച രോമം കൊണ്ടുണ്ടാക്കിയ തൈലം. നിങ്ങള്‍ തന്നെ സ്വന്തം ദേഹത്തു തേച്ചോ മൂക്കില്‍ മണത്തോ ഗുണമറിയുന്നതിനു ഫീസ് ഒന്നും തരേണ്ടതില്ല, ബോദ്ധ്യപ്പെട്ടവര്‍ മാത്രം വാങ്ങുക, പരീക്ഷിച്ചറിയാത്തതൊന്നും നിങ്ങള്‍ വിശ്വസിക്കരുതെന്ന് നിങ്ങളെക്കാള്‍ നിര്‍ബ്ബന്ധം കമ്പനിക്കാണു സഹോദരരേ..."

    ReplyDelete
  25. സൂരജ്,
    ലിങ്ക് നോക്കുക..സൂരജിനു താല്പര്യമുണ്ടാകുമെന്നു കരുതുന്നു.

    ReplyDelete
  26. sooraj why u are not respondign to vaccine issue. central govt is going to close the vaccine manufact comp

    ReplyDelete
  27. ചില ആളുകള്‍ക് ഒരു തെറ്റിദ്ധാരണ ഉണ്ട് , കൂടുതല്‍ മരുന്ന് അല്ലെങ്കില്‍ ഡോസ് കൂടിയ മരുന്ന് എഴുതുന്ന ആളാണ്‌ നല്ല ഡോക്ടരെന്ന്.അങ്ങനെ ചെയ്യുന്നവരെ മാത്രമേ അവര്‍ കാണൂ .അത് പോലെ റെപ് കളുടെ സ്വാധീനം ആണെന്ന് തോന്നുന്നു പലരും priscription ഇല്ലാതെ ഓരോ മരുന്നുകള്‍ പേര് പറഞ്ഞു ഷോപ്പില്‍ നിന്നും വാങ്ങുന്നതും കാണാം.മരുന്നിനെ കുറിച്ചൊക്കെ എന്തോ വലിയ അറിവുള്ളത് പോലെ ആണ് ഇവരുടെ വിചാരം.അത് പോലെ പല റെപ് കളും മെഡിക്കല്‍ ഷോപ്പുകളും ആയി ഉള്ള പരിചയത്തിന്റെ പുറത്തു മരുന്നുകള്‍ വാങ്ങുന്നതും കാണാം.നിയമങ്ങലെക്കാള്‍ ജനങ്ങള്‍ക് ബോധവല്‍ക്കരണം ആണ് വേണ്ടത് എന്ന് തോന്നുന്നു .ആളുകള്‍ മരുന്നുകളെ കുറിച്ചും ,ടെസ്റ്റ്‌ കളെ കുറിച്ചും ( എന്താണ് ,എന്തിനു വേണ്ടിയാണ് എന്ന് )ഡോക്ടര്‍ ഓടു ചോദിക്കുന്ന അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ ശരിയാകും എന്ന് തോന്നുന്നു .എന്തായാലും ഒരു ഡോക്ടര്‍ എങ്കിലും അധാര്‍മിക പ്രവനതകള്‍ക്കെതിരെ നില്‍ക്കുന്നതില്‍ സന്തോഷം .കാരണം ഒരു ഡോക്ടര്‍ക്ക്‌ സാമൂഹ്യമായ ഒരു ബാധ്യത കൂടി ഉണ്ട് എന്ന് ഞാന്‍ കരുതുന്നു . ആരോഗ്യം ഉള്ള ജനത ആണല്ലോ ഒരു ന്നടിന്റെ സ്വത്ത്.

    ReplyDelete
  28. suraj,

    nice article.

    i think atleast a few tendencies among doctors are induced by the people themselves (as the 'kuttoos' has commented before me) I have stopped sending the patients off without any prescription, as I have seen them going without paying me anything, after i spend 10-15 minutes, explaining their symptoms, and why they dont need any medicine. They may even be going to the next doctor, unsatisfied with my 'knowledge'-therapy.

    ReplyDelete