ജീവന്റെ പുസ്തകം : ഭാഗം 2

ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം തുടര്‍ച്ച

പ്രോട്ടീനുകളുടെ ലോകം


ഓരോ ഡി.എന്‍.ഏ നൂലിഴയിലും പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ വേണ്ടുന്ന കോഡ് (code) ഉണ്ടെന്നു നമ്മള്‍ കണ്ടു. എന്താണീ കോഡ് ?

ഒരു പ്രോട്ടീന്‍ എന്നത് ഒരു ഭീമന്‍ തന്മാത്രയാണ്. ഈ തന്മാത്രയെ ഇഴപിരിച്ചു നോക്കുമ്പോള്‍ അതിന്റെ അടിസ്ഥാനഘടകങ്ങളായി നമുക്കു കാണാന്‍ കഴിയുന്നത് അമിനോ അമ്ലങ്ങളെയാണ്. ഒരു അമിനോ അമ്ലത്തിന് ഒരു ആസിഡ് അംഗവും ( COOH) ഒരു അമീന്‍ അംഗവും (NH2), അവശ്യം ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള 20 അമിനോ അമ്ലങ്ങളാണ് ജന്തുലോകത്തിന് അവശ്യം വേണ്ടത്. ഈ 20 അമിനോ അമ്ലങ്ങള്‍ വ്യത്യസ്ഥ കോമ്പിനേഷനുകളില്‍ ഒന്നിനു പിറകില്‍ ഒന്നായി മാലയിലെ മുത്തുകള്‍ പോലെ കോര്‍ത്തു നില്‍ക്കുമ്പോഴാണ് ഒരു പ്രോട്ടീന്‍ ഉണ്ടാകുന്നത്. ഈ മാല പിന്നീട് മടങ്ങി ചുരുണ്ട് ഒരു പന്തുപോലെയോ ചവണപോലെയോ ഒക്കെ ആകുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമമായ പ്രോട്ടീന്‍. ഈ പ്രോട്ടീനാണ് നാം നേരത്തേ കണ്ട കോശത്തിലെ തൊഴിലാളികള്‍ .

പ്രോട്ടീന്റെ അടിസ്ഥാനഘടന ഒരു മാലയുടേതാണെങ്കിലും ഓരോ പ്രോട്ടീനും എങ്ങനെയൊക്കെ ചുരുളുകയും മടങ്ങുകയും ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും അതു ചെയ്യുന്ന ജോലിയും. ഒരു പ്രോട്ടീന്‍മാലയുണ്ടാക്കണമെങ്കില്‍ ആദ്യം ആ പ്രോട്ടീന്‍ മാലയില്‍ ഏതൊക്കെ അമിനോ അമ്ളങ്ങള്‍ വേണമെന്നറിയണം. ഇവയെ തിരിച്ചറിയുന്നതെങ്ങനെ? അതിന് ആര്‍ .എന്‍.ഏ വേണം. ആര്‍ ‍.എന്‍.ഏ യാകട്ടെ ഡി.എന്‍.ഏയുടെ സഹായത്തോടെയേ ഉണ്ടാകൂ.

ഡി.എന്‍.ഏ ഇഴകള്‍ ഇരട്ടിക്കുന്ന വിദ്യ കഴിഞ്ഞ പോസ്റ്റിന്റെ അവസാനം ഓടിച്ചു പറഞ്ഞു.(കൂടുതല്‍ വിശദമായി അടുത്തലക്കങ്ങളില്‍ പറയാം) ഇതേ വിദ്യയിലാണ് ആര്‍ എന്‍.ഏയുമുണ്ടാകുന്നത്. ഡി.എന്‍.ഏ നൂലുകള്‍ ഇഴപിരിഞ്ഞു കഴിഞ്ഞാല്‍ വിവിധ തൊഴിലാളി പ്രോട്ടീനുകള്‍ വരുന്നു. ഇവ ആര്‍ ‍.എന്‍.ഏ നിര്‍മ്മിക്കാന്‍ വേണ്ടുന്ന ന്യൂക്ളിയോടൈഡുകളെയും, മറ്റു വസ്തുക്കളെയും കൊണ്ടുവരുന്നു. നേരത്തേ സൂചിപ്പിച്ചതു പോലെ ഡി.എന്‍.ഏ യില്‍ നിന്നും വ്യത്യസ്ഥമായി ആര്‍.എന്‍.ഏ യില്‍ തൈമീന്‍ വരേണ്ടിടത്ത് യുറാസില്‍ ആണുണ്ടാവുക. ഡി.എന്‍.ഏ നൂലില്‍ AATCTGAAG...എന്നാണ് സീക്വന്‍സ് എങ്കില്‍ ആര്‍.എന്‍.ഏയില്‍ അത് UUAGACUUC ...എന്നായിരിക്കുമെന്നര്‍ത്ഥം.

ഇത്തരത്തില്‍ ഉണ്ടാകുന്ന ആര്‍ .എന്‍.ഏ യുടെ കോഡാണ് പ്രോട്ടീന്‍ നിര്‍മ്മിതിക്കായി പരിഭാഷപ്പെടുത്തുന്നത്. ആര്‍ .എന്‍.ഏയില്‍ ഓരോ അമിനോ അമ്ലത്തിനും ഒരു കോഡുണ്ട്. അത് അടുത്തടുത്ത് വരുന്ന മൂന്ന് ന്യൂക്ലിയോടൈഡുകളുടെ ഒരു സീക്വന്‍സാണ്. ഉദാഹരണത്തിന്, മുകളില്‍ പറഞ്ഞ ആര്‍ ‍.എന്‍.ഏ ആയ UUAGACUUC... യിലെ ആദ്യ മൂന്നക്ഷരം UUA ആണ്. ഈ കോഡ് “ല്യൂസീന്‍ ” എന്നു പേരായ അമിനോ അമ്ലത്തിന്റേതാണ്. ആര്‍ .എന്‍.ഏയില്‍ ന്യൂക്ളിയോടൈഡുകളെ U-U-A എന്ന ക്രമത്തില്‍ ഒരുമിച്ചു കണ്ടാല്‍ ആ കോഡിന്റെ സ്ഥാനത്ത് ല്യൂസീന്‍ ആണ് വരേണ്ടത് എന്ന് കോശത്തിലെ പ്രോട്ടീന്‍ തൊഴിലാളികള്‍ക്കറിയാം. അടുത്ത മൂന്നക്ഷരമായ GAC എന്നത് “അസ്പാര്‍ട്ടിക് ആസിഡ് ”എന്ന അമിനോ അമ്ലത്തിന്റെ കോഡാണ് . UUC എന്നത് “ഫീനൈല്‍ അലാനിന്‍ ” എന്നതിന്റെയും. (ചിത്രം കാണുക)

ഡി.എന്‍.ഏയില്‍ നിന്നും കോഡുകളുടെ പകര്‍പ്പ് സ്വീകരിച്ച് കോശത്തിന്റെ ന്യൂക്ളിയസില്‍ നിന്നും പുറത്തുവരുന്ന ആര്‍ ‍.എന്‍.ഏയെ സന്ദേശവാഹകന്‍ അഥവാ മെസ്സഞ്ചര്‍ (messenger RNA or m-RNA) എന്നു വിളിക്കാം. ഈ ദൂതന്‍ കൊണ്ടുവരുന്ന കോഡ് വായിച്ചെടുക്കുന്ന വിദ്വാനാണ് തര്‍ജ്ജമക്കാരനായ (translator) ആര്‍ ‍.എന്‍.ഏ അഥവാ t-RNA. ഇതിന്റെ രൂപം പലതായി മടക്കിയ ഒരു മുത്തു മാലയടേതുപോലെയാണ്. അതിന്റെ ഒരു ഭാഗത്തായി messenger RNA യിലെ മൂന്നക്ഷരക്കോഡിന്റെ എതിര്‍കോഡ് ഉണ്ടാകും. ഉദാഹരണത്തിന് ല്യൂസീനു വേണ്ടുന്ന messenger RNA യില്‍ UUA ആണല്ലോ കോഡ്. അപ്പോള്‍ ല്യൂസീനെ കൊണ്ടുവരുന്ന t-RNA യ്ക്ക് AAU എന്ന എതിര്‍കോഡ് ആയിരിക്കും ഉണ്ടാകുക. 20 അമിനോ അമ്ലങ്ങള്‍ക്കും കൂടി തര്‍ജ്ജമക്കാരായ ഇരുപത് t-RNA കളും ഉണ്ടാകും.

തികച്ചും നൈസര്‍ഗ്ഗികമായ ചില രാസ പ്രതിപ്രവര്‍ത്തനങ്ങളാണ് ഇവയെയൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്നു വായനക്കാരെ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ. അതിഭൌതികവും അജൈവവുമായ ഒരു ദിവ്യശക്തിയും ഈ പ്രക്രിയകളിലെങ്ങും ഇടപ്പെടുന്നില്ല. ഇത്തരം ജനിതക ശാസ്ത്രവസ്തുതകള്‍ വിശദീകരിക്കുമ്പോള്‍ വായിക്കുന്നു, തര്‍ജ്ജമചെയ്യുന്നു, ചുമന്നുകൊണ്ടുവരുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വേണ്ടിവരുന്നത് അമിതമായ സങ്കീര്‍ണ്ണത ഒഴിവാക്കാന്‍ മാത്രമാണ്. ഉദാഹരണത്തിന് tRNA എങ്ങനെയാണ് mRNA യിലെ കോഡ് വായിക്കുക, അല്ലെങ്കില്‍ എങ്ങനെയാണ് കൃത്യമായി എതിര്‍കോഡുള്ള tRNA തന്നെ mRNA യുടെ നിശ്ചിത സ്ഥാനത്ത് വന്ന് കൊളുത്തി നില്‍ക്കുന്നത് എന്നിങ്ങനെയുള്ള സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. കഴിഞ്ഞ പോസ്റ്റില്‍ നാം പരിചയപ്പെട്ട ഹൈഡ്രജന്‍ ബോണ്ടുകള്‍ പോലുള്ള നൈസര്‍ഗികമായ ചില ആകര്‍ക്ഷണങ്ങള്‍ ഓരോ ന്യൂക്ലിയോടൈഡുകള്‍ തമ്മിലുമുണ്ട്. ഈ ആകര്‍ക്ഷണങ്ങളാണ് കൃത്യമായും UUA എന്ന mRNA കോഡിനെതിരെ AAU എന്ന കോഡ് കൈവശമുള്ള tRNAയെത്തന്നെ കൊണ്ടു നിറുത്തുന്നത്. ഒരുതരത്തില്‍പ്പറഞ്ഞാല്‍ കാര്‍ബണിക തന്മാത്രകളുടെ ആ ആകര്‍ഷണ-വികര്‍ഷണങ്ങളാണ് ഭൂമിയിലെ ജീവന്റെ തന്നെ ആധാരം. സങ്കീര്‍ണ്ണമായ ഈ പ്രതിപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ വിസ്താരഭയത്താല്‍ ഇവിടെ മുതിരുന്നില്ല. കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് പിന്‍കുറിപ്പില്‍ നല്‍കിയിട്ടുള്ള ഗ്രന്ഥങ്ങള്‍ പരിശോധിക്കാം.
























ചിത്രം 4: റൈബോസോമുമായി ചേര്‍ന്ന് നില്‍ക്കുന്ന m-RNAയില്‍ നിന്നും തര്‍ജ്ജമക്കാരന്‍ t-RNA പ്രോട്ടീന്‍ നിര്‍മ്മിതിക്കുള്ള കോഡ് വായിച്ചെടുക്കുന്നു. ആദ്യ t-RNAയുടെ വാലറ്റത്ത് മെത്തിയോണിന്‍ എന്ന അമിനോഅമ്ലം കൊളുത്തിയിട്ടിരിക്കുന്നത് കാണാം. കൊടുത്തിരിക്കുന്ന m-RNAയുടെ രണ്ടാമത്തെ കോഡ് (UUA) അനുസരിച്ച് അവിടെ വരേണ്ടത് ല്യൂസീന്‍ എന്ന അമിനോ അമ്ലമാണ്. അതും പേറി വരുന്ന വേറൊരു t-RNAയേയും ചിത്രത്തില്‍ കാണാം.

എതിര്‍ കോഡ് കൈവശമുള്ള tRNAകള്‍ mRNAകള്‍ക്കു നേരെ വന്നു നിരന്നുകഴിഞ്ഞാല്‍ സൂക്ഷ്മ രാസപ്രതിപ്രവര്‍ത്തനങ്ങളുടെ ഒരു തുടര്‍ച്ച തന്നെ സംഭവിക്കുന്നു. പ്രവര്‍ത്തന ഫലമായി, റൈബോസോമുകള്‍ (ribosome) എന്നു വിളിക്കുന്ന മറ്റൊരു കൂട്ടം പ്രോട്ടീന്‍സഹായികളുടെ കൂടെ അമിനോ ആസിഡുകളെ ഒന്നിനു പിന്നില്‍ ഒന്നായി കൊരുത്തു ചേര്‍ക്കുന്നു. ഈ മാലയാണ് പ്രാഥമിക പ്രോട്ടീന് (primary protein)‍. ഇവയില്‍ നിന്നും വേണ്ട ഭാഗം മാത്രം വെട്ടിച്ചുരുക്കി എടുക്കുന്ന പ്രക്രിയകളും മറ്റും കഴിഞ്ഞ് പൂര്‍ണ്ണമായ പ്രോട്ടീന്‍ (spliced protein) പുറത്തിറങ്ങുന്നു. ഇവ പിന്നീട് നേരത്തെ പറഞ്ഞ മട്ടില്‍ ചുരുളുകയോ മടങ്ങുകയോ ചെയ്ത് അതിന്റെ പ്രവര്‍ത്തിക്കനുസൃതമായി ഒരു ഉചിതരൂപം (secondary or tertiary structures) കൈകൊള്ളുന്നു.




ചിത്രം 5: പ്രോട്ടീന്‍ മുത്തുമാല ചുരുണ്ടു മടങ്ങി പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ഏകദേശരൂപം. ഇടത്തേയറ്റത്ത് കാണുന്നത് t-RNAകള്‍ കൊണ്ട് വന്ന അമിനോ അമ്ലങ്ങളെല്ലാം കൂടി കോര്‍ത്ത പ്രോട്ടീന്റെ പ്രാഥമികരൂപം. ഇതു കൂടുതല്‍ സാന്ദ്രീഭവിച്ചും മടങ്ങിയും ‘ദ്വിതീയ ഘടന’യുടെ അടുത്ത ഘട്ടമുണ്ടാകുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ ആന്തരികപ്രതിപ്രവര്‍ത്തനം വഴി ത്രിതീയ ഘടനയും ചിലപ്പോഴൊക്കെ നാലാം ഘട്ടവും ഉണ്ടാവുന്നു.


ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പ്രോട്ടീനുകളാണ് ജീവന്റെ നിലനില്‍പ്പിനുവേണ്ടുന്ന അടിസ്ഥാന ജോലികളൊക്കെ നിര്‍വഹിക്കുന്നത്.
ചില പ്രോട്ടീനുകള്‍ കോശത്തിന്റെ രൂപകല്‍പ്പനക്കാവശ്യമായവയാണ്. കെട്ടിടം പണിയില്‍ ഉപയോഗിക്കുന്ന ഇഷ്ടികകളേയും കമ്പിയേയും പോലെ. മറ്റ് ചിലത് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. വേറെ ചിലത് ചുമട്ടു തൊഴില്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നു. കോശത്തിന് പുറത്ത് എത്തിനില്‍ക്കുന്ന ഹോര്‍മോണ്‍ തന്മാത്രകളേയും, മരുന്നുകളുടെ തന്മാത്രകളെയും, ഉപ്പ് തരികളേയുമൊക്കെ കോശത്തിനുള്ളിലേക്ക് കടത്തികൊണ്ടുവരുന്നത് കോശത്തിന്റെ ഭിത്തിയില്‍ നില്‍ക്കുന്ന ഈ ചുമട്ടുതൊഴിലാളികളാണ്.

ഇവയുടെ പ്രവര്‍ത്തനത്തിന്റെ ചെറിയ ഒരു ഉദാഹരണത്തോടെ ചുരുളന്‍ കോണിയുടെ തലക്കുറി തല്‍ക്കാലം അവസാനിപ്പിക്കാം : നിങ്ങള്‍ അല്പം പഞ്ചസാര കൂടിയ ഒരു വസ്തു കഴിച്ചുവെന്നിരിക്കട്ടെ. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്നു. പഞ്ചസാരതന്മാത്ര (ഗ്ളൂക്കോസാണ് ഇതില്‍ മുഖ്യന്‍) രക്തത്തിലൂടെ വയറ്റിലെ ആഗ്നേയ ഗ്രന്ഥിയെന്ന (പാന്‍ക്രിയാസ്) അവയവത്തിലെ ലാംഗര്‍ഹാന്‍ കോശങ്ങളെ ചെന്ന് ‘മുട്ടി വിളിക്കുന്നു’. യഥാര്‍ത്ഥത്തില്‍ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി കോശത്തിന്റെ മതില്‍ക്കെട്ടിലുള്ള ചില പ്രോട്ടീനുകളുടെ ഘടനയെ മാറ്റുകയാണ് യഥാര്‍ത്ഥത്തില്‍ പഞ്ചസാര തന്മാത്ര ചെയ്യുന്നത്. ഇത് ആ പ്രോട്ടീനുകളുടെ ഉത്തേജനത്തിനിടയാക്കുന്നു. ഈ സിഗ്നല്‍ മറ്റ് ചില പ്രോട്ടീനുകളുടെ ഉത്തേജനത്തിനും കാരണമാകുന്നു. ഒരു ട്രെയിനിന്റെ ഒരു ബോഗി തള്ളിനീക്കിയാല്‍ മുന്നിലുള്ള ബോഗികള്‍ നീങ്ങുന്നതുപോലുള്ള ഒരു പ്രതിപ്രവര്‍ത്തന-ചങ്ങലയാണ് പിന്നെ.
ഇതിന്റെ അന്തിമഫലമായി കോശ കേന്ദ്രത്തിലെ ഡി.എന്‍.ഏ നൂലിഴകള്‍ ‘ഉണര്‍ത്തപ്പെടുന്നു‘. ഇന്‍സുലിന്‍ എന്ന പ്രോട്ടീനിന്റെ സൃഷ്ടിക്കാവശ്യമായ ഡി.എന്‍.ഏ യുടെ ഭാഗങ്ങള് ‍, പ്രവര്‍ത്തന സജ്ജമാകുന്നു. ഒരു പ്രോട്ടീനിനോ ഒരു കൂട്ടം പ്രോട്ടീനുകള്‍ക്കോ വേണ്ടിയുള്ള കോഡ് വഹിക്കുന്ന ഒരു കഷ്ണം ഡി.എന്‍.ഏ യെ ആണ് നാം ജീന്‍ എന്ന് വിളിക്കുന്നത്. അങ്ങനെ ഇന്‍സുലിന്റെ ജീന്‍ അതിവേഗം “തര്‍ജ്ജമ” ചെയ്യപ്പെടുന്നു.
m-RNA യും t-RNA യുമൊക്കെ താന്താങ്ങളുടെ ജോലികള്‍ നിര്‍വഹിച്ച് കഴിഞ്ഞാല്‍ ഒരു സമ്പൂര്‍ണ്ണ ഇന്‍സുലിന്‍ തന്മാത്ര സൃഷ്ടിക്കപ്പെടുന്നു. ഇതിനെ മറ്റു “പ്രോട്ടീന്‍-ചുമട്ടുകാര്‍ ” ചുമന്ന് കോശത്തിനു പുറത്തെത്തിക്കുന്നു. ഇന്‍സുലിന്റെ അളവ് അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവിന് ആനുപാതികമായി വര്‍ദ്ധിക്കുന്നു. ഈ ഇന്‍സുലിന്‍ തന്മാത്രകള്‍ നേരെ ചെല്ലുന്നത് പേശികളിലേക്കാണ്. ശരീരപേശികള്‍ക്ക് ഇന്‍സുലിന്റെ സഹായത്തോടെയേ പഞ്ചസാരയെ ഉള്ളിലേക്ക് സ്വീകരിക്കാനാവൂ . കാറിനും ബൈക്കിനും പെട്രോള്‍ എന്ന പോലെയാണ് ശരീരത്തിനു പഞ്ചസാര: ഊര്‍ജ്ജത്തിന്റെ ആധാരം. ചുമട്ടുതൊഴിലാളികളായ പ്രോട്ടീനുകളുടെ സഹായത്തോടെ ഇന്‍സുലിന്‍ പഞ്ചസാരയെ പേശികള്‍ക്കുള്ളിലേക്ക് കടത്തിവിടുന്നു. ഈ പഞ്ചസാരയെ പേശികള്‍ ഓക്സീകരണത്തിനു വിധേയമാക്കുകയും അതില്‍ നിന്നും പുറപ്പെടുന്ന ചൂട്, ഊര്‍ജ്ജമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഇന്‍സുലിന്‍ നിര്‍മ്മിക്കാനുള്ള കഴിവ് ആഗ്നേയഗ്രന്ഥിയിലെ ലാംഗര്‍ഹാന്‍ കോശങ്ങള്‍ക്കു ജന്മനാതന്നെ നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന രോഗത്തെ ഡയബീടിസ് /പ്രമേഹം എന്നു വിളിക്കുന്നു (Type-1 Diabetes). ഇത് മറ്റൊരുതരത്തിലും കാണാറുണ്ട്. ഇന്‍സുലിന്റെ സഹായത്തോടെ ഗ്ളൂക്കോസ് തന്മാത്രകളെ പേശികളിലേക്കു കടത്തിവിടുന്ന ഗ്ലൂക്കോസ് സംവാഹക പ്രോട്ടീനുകള്‍ക്ക് (ഗ്ലൂട്ട് എന്ന് ചുരുക്കപ്പേര്) നാശം സംഭവിക്കുകയോ, ഇന്‍സുലിനോട് അവ പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന പ്രമേഹം (Type-2 Diabetes). ഇത്തരക്കാരുടെ ശരീരം രോഗാരംഭത്തില്‍ സാധാരണയിലും കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാറുണ്ട്. കാരണം, കൂടുതല്‍ ഇന്‍സുലിന്‍ ഉണ്ടെങ്കില്‍ പേശികളിലേക്കു അല്പമെങ്കിലും ഗ്ളൂക്കോസ് കടക്കാനുള്ള സാധ്യത കൂടുതല്‍ ആണെന്നതുതന്നെ.എന്നാല്‍ ക്രമേണ കോശപ്രോട്ടീനുകള്‍ക്ക് ഇന്‍സുലിനോടുള്ള പ്രതികരണം കുറയുന്നതോടെ ഇന്‍സുലിന്റെ അളവും വീര്യവും കുറയുന്നതായി കാണാം.




ചിത്രം 6 : ഇന്‍സുലിന്‍ പ്രോട്ടീന്‍ തന്മാത്രയുടെ കമ്പ്യൂട്ടര്‍ ചിത്രം

ഇന്‍സുലിനെപ്പോലെ ഒട്ടനവധി രാസതന്മാത്രകള്‍ - ഹോര്‍മോണുകള്‍ ‍, കൊളസ്ട്രോള്‍ , അയണുകള്‍ എന്നിങ്ങനെ - കോശത്തെ ഉത്തേജിപ്പിച്ച് പ്രോട്ടിനുകള്‍ വഴി ശരീരത്തിനെ ഘടനാപരമായും പ്രവര്‍ത്തനപരമായും മാറ്റി മറിക്കുന്നുണ്ട്. വളര്‍ച്ച കൂട്ടുന്ന ഹോര്‍മോണായ ഗ്രോത്ത് ഹോര്‍മോണ്‍ (growth hormone), എല്ലുകളുടെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കുന്ന കാല്‍സിട്ടോണിനും, പാരാതോര്‍മോണും, ലൈംഗിക ത്വരകളേയും, ജനനേന്ദ്രിയങ്ങളേയും സ്വാധീനിക്കുന്ന ടെസ്റോസ്ററീറോണുകളും, ഈസ്ട്രജനുകളും, രക്തസമ്മര്‍ദ്ദത്തെയും മറ്റും നിയന്ത്രിക്കുന്ന അഡ്രീനലിന്‍, മനശ്ശാന്തിയും വേദനാരഹിതമായ അവസ്ഥയും പ്രദാനം ചെയ്യുന്ന എന്‍ഡോര്‍ഫിനുകള്‍, അലര്‍ജിയും ശ്വാസം മുട്ടലുമുണ്ടാക്കുന്ന ഹിസ്റ്റമീനുകള്‍ തുടങ്ങിയ തന്മാത്രകള്‍ അവയില്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം... അടുത്ത ലക്കത്തില്‍ : മ്യൂട്ടേഷനുകളും ജീനുകളും


ജീവന്റെപുസ്തകം : ഭാഗം 1 ഇവിടെ

കൂടുതല്‍ വായനയ്ക്ക്:
The Way of the Cell : Dr. Franklin M Harold (വിശേഷിച്ച് നാലാം അധ്യായം)

17 comments:

  1. ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം തുടര്‍ച്ച
    : പ്രോട്ടീനുകളുടെ ലോകം

    ReplyDelete
  2. ദൈവം ശകലം മണ്ണു് മിക്സിയില്‍ അരച്ചുകൊഴച്ചു് ഒരു മനിസേമ്മാരെ ഒണ്ടാക്കീന്നു് പറഞ്ഞു് കാര്യം തീര്‍ക്കണേനു് പകരം ദാണ്ടെ എഴുതിവച്ചേക്കണു് DNA, RNA എന്നൊക്കെ! ഈ DNA-യും RNA-യും വഹേലു് UNO-യുടെ അമ്മാവന്മാരും UFO-യുടെ അളിയന്മാരുമാന്നു് ആര്‍ക്കാ അറിയാത്തതു്? ഷൈഖ് മൊഹമ്മദ് ഇത്ത്രി ഹല്ലല്ല ഒത്ത്രി ബുല്‍ബുല്ല ഇതൊക്കെ പുല്‍പം പോലെ വള്ളിപുള്ളി വ്യത്യാസമില്ലാതെ ത്രേതായുഗത്തില്‍ തന്നെ കുറിച്ചു് വച്ചേക്കണതു് മാഷ് കണ്ടിട്ടില്ലേ? മണ്ടത്തരം എഴുതുന്നതിനു് മുന്‍പു് അതൊക്കെ വായിക്കൂ മാഷേ! എന്നിട്ടു് കൃപാത്മകമായി എയ്തൂ!

    പ്രൊട്ടീന്‍ എന്നതു് ഭീമന്‍ തന്മാത്രയാത്രേ! കശ്ടം! ഭീമന്‍ പഞ്ചപാണ്ഡവന്മാരു് നാലുപേരിലു് മൂന്നാമത്തോനാന്നു് പോലും അറിയാതെയാണല്ലോ സഹോദരാ താങ്കള്‍ ഈ വിഡ്ഢിത്തം മുയ്മന്‍ എയ്തി വച്ചേക്കിണതു്! കശ്ടം! കശ്ടം!!

    ReplyDelete
  3. കലക്കന്‍ പോസ്റ്റാണല്ലോഷ്ട !
    ഇത്തരം വിഷയങ്ങള്‍ വിസ്തരിച്ച് എഴുതു. പുസ്തകമാക്കുകയും ചെയ്യാം. അതോ ഇത് താങ്കളെഴുതിയ പുസ്തകത്തിലുള്ളതാണോ? ഏതായാലും നന്നായി. കുട്ടികള്‍ക്കും വലിയവര്‍ക്കും പഠിക്കാം. ഈ അറിവുകള്‍ ഉപയോഗിക്കപ്പെടാതെ തുരുംബെടുക്കുംബോഴാണ് നമ്മള്‍ മനുഷ്യ ദൈവങ്ങളേയും,രോഗശാന്തിക്കാരേയും,കണ്ട കല്ലിനെയും,മുട്ടിയേയുമൊക്കെ തൊഴുതു നടക്കെണ്ടി വരുന്നത്.
    ശാസ്ത്രം സമൂഹത്തില്‍ സജീവമായി നിന്നാല്‍ മാത്രമേ നാടിന് അഭിവൃദ്ധിയുണ്ടാകു. നന്ദി സൂരജ്.

    ReplyDelete
  4. നല്ല ലേഖനം !

    ഇതിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് ഞാനാലോചിക്കുകയായിരുന്നു.
    അമിനോ ആസിഡുകളെ മാലയായി ചേര്‍ക്കുന്നു എന്ന് എത്ര ലളിതമായി പറയാം...സസ്യങ്ങള്‍ ഈ അമിനോ ആസിഡുകളെ എങ്ങനെ ഉണ്ടാക്കുന്നു എന്നുകൂടി പറഞ്ഞാല്‍ ഇതിവിടെയൊന്നും നില്‍ക്കില്ല. ഷികിമേറ്റ് പാത്ത്‌വേ-യുടെ ഒരു ചാര്‍ട്ട് പ്രൊഫസര്‍ ക്ലാസ്സില്‍ കാണിച്ചപ്പോള്‍ 'അന്തം വിട്ട് കുന്തം മറിഞ്ഞ്' നിന്നു പോയി. എത്ര പേരുടെ അധ്വാനങ്ങളും ജീവിതങ്ങളുമാണ്‌ ഈ അറിവുകള്‍ക്ക് പിന്നില്‍ അലിഞ്ഞുചേര്‍ന്നത്.

    എല്ലാം ഞമ്മടെ കിത്താബിലുണ്ടെന്നു പറയാന്‍ എന്തെളുപ്പം

    ReplyDelete
  5. ഇതൊന്നും ആരും കാണണ്ട, കമ്പ്യൂട്ടറുകള്‍ എല്ലാം ചിലപ്പോള്‍ തീയിട്ടെന്നു വരും.

    ReplyDelete
  6. "ഫ്രാങ്ക്ലിന്‍ ഹാരോള്‍ഡിന്റെ.
    'ദി വേ ഓഫ്‌ ദി സെല്‍, മോളിക്യൂള്‍സ്‌, ഓര്‍ഗാനിസം ആന്റ്‌ ദി ഓര്‍ഡര്‍ ഓഫ്‌ ലൈഫ്‌.' എന്ന പുസ്തകത്തിലെ നാലാമധ്യായം
    മോളിക്യൂലാര്‍ ലോജിക്‌
    എന്ന ശീര്‍ഷകത്തിലാണ്‌ കാണുന്നത്‌...
    അതില്‍ എ പ്രോട്ടീന്‍ ഫോര്‍ എവരി ടാസ്ക്‌
    എന്ന തലക്കെട്ടിന്‌ താഴെ അതു സംബന്ധിച്ച പഠനം അദ്ദേഹം എഴുതിയിട്ടുണ്ട്‌...
    റൈബോ ന്യൂക്ലിക്ക്‌ ആസിഡ്‌ ചിലപ്പോള്‍ കാറ്റലിസ്റ്റിന്‍പ്പോലെ പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്ന്‌
    അദ്ദേഹം വിവരിക്കുകയും ചെയ്യുന്നു..!!!!!
    പക്ഷെ..അത്‌ വായിച്ചു മനസ്സിലാക്കുക..
    ഒരല്‍പം പ്രയാസമുള്ള കാര്യം തന്നെയാണ്‌ കേട്ടോ..മാഷേ...

    ഏതായാലും താങ്കളുടെ
    ഈ പോസ്റ്റ്‌ വളരെ
    വിജ്ഞാനപ്രദമാണെന്ന്‌
    ആത്മാര്‍ത്ഥമായി തന്നെ
    പറയട്ടെ..."

    ReplyDelete
  7. നന്ദി സൂരജ്‌ജി.. വിക്കിയിലിടുന്നുണ്ടോ ഇതൊക്കെ?

    ReplyDelete
  8. സൂരജ്‌ജീ വിജ്‌ഞാനപ്രദമായ പോസ്‌റ്‌റ്. കുട്ടിക്കഥ പോലെ ലളിതമായി പറയുന്ന ശൈലി തകര്പ്പന്‍!
    “തികച്ചും നൈസര്‍ഗ്ഗികമായ ചില രാസ പ്രതിപ്രവര്‍ത്തനങ്ങളാണ് ഇവയെയൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്നു വായനക്കാരെ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ. അതിഭൌതികവും അജൈവവുമായ ഒരു ദിവ്യശക്തിയും ഈ പ്രക്രിയകളിലെങ്ങും ഇടപ്പെടുന്നില്ല.“
    ബൂലോകത്തിലെ ലാടവൈദ്യന്മാരേ, മയിലെണ്ണവില്‍പ്പനക്കാരേ നിങ്ങളിതു കേള്‍ക്കുന്നില്ലേ?
    ഓടോ: ഗൊച്ചുഗള്ളാ അപ്പോഴെങ്ങനെയാണ്‍ പൂര്‍വ്വജന്മത്തിലെ പാപങ്ങള്‍ ഈ ജന്മത്തില്‍ എയിഡ്സിനു കാരണമാകുന്നത്? പറയൂ പറയൂ...

    ReplyDelete
  9. ശാസ്ത്രത്തെ വളരെ ലളിതമായി അനാവരണം ചെയ്തു തരുന്നതുമൂലം എന്നെപ്പോലുള്ളവര്‍ക്കു കൂടുതല്‍ അറിവും, ആകാംക്ഷയും, അതുകൊണ്ടുള്ള സന്തോഷവും പറഞ്ഞറിയിക്കാന്‍ വയ്യ!

    പരിമിതമായ സമയമാണു ബ്ലൊഗില്‍ ചിലവഴിക്കാനുള്ളു. എങ്കിലും, താങ്കളുടെ പോസ്റ്റ് കണ്ടാല്‍ വായിക്കാ‍തെ വിടാറില്ല......., (ഇതേപോലെ പലരുടെയും ഉണ്ട് - കമന്റു ചുരുക്കം ചിലര്‍ക്കു കൊടുക്കുന്നതു അതു അവിടം കൊണ്ട് തീര്‍ന്നു, എന്നാല്‍ താങ്കളുടെ പോലുള്ളവരുടെ പോസ്റ്റിന്നു അഭിപ്രായം പറയാന്‍ പ്രധാനമായി വിഷയങ്ങളിലുള്ള എന്റെ അജ്ഞതയാണു കാരണം.

    വളരെ നന്ദി ഉണ്ട്!
    ദൈവാനുഗ്രം എപ്പോഴും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.

    ReplyDelete
  10. നന്ദി സൂരജ്..തുടരുക ഈ വിജ്ഞാനമാല കോര്‍ക്കല്‍...

    ReplyDelete
  11. ഇത്രയും സിമ്പിളായി എഴുതിയിട്ടും ഇതു വായിച്ച് അവസാനം ഡീ എന്‍ എ യുടെ സ്ട്രക്ചര്‍ പോലെ കുഴങ്ങി ഞാന്‍ ഒരു വഴിക്കായി..!

    ReplyDelete
  12. പ്രിയപ്പെട്ട സൂരജ് ... ഒന്നാം ഭാഗം വായിച്ചിട്ടില്ലായിരുന്നു . ഞാന്‍ ആ ആണവക്കരാറിന്റെ തിരക്കിലായിപ്പോയി ... ഇനി സാവകാശം വായിക്കാം ...

    ഇത്തരം ലേഖനങ്ങള്‍ ഇപ്പോള്‍ Knolഎന്ന ഗൂഗ്‌ള്‍ വിക്കിയില്‍ എഴുതുന്നതാണ് ഉത്തമം എന്ന് തോന്നുന്നു . ഞാനവിടെ നിന്ന് ജലദോഷത്തെയും ഫ്ലൂവിനെ പറ്റിയും ഒക്കെ വിശദമായി വായിച്ചു . മലയാളത്തിലും knol-ല്‍ എഴുതാമെന്ന് തോന്നുന്നു . ഏതായാലും സൂരജ് ശ്രമിച്ചു നോക്കുക .

    സ്നേഹപൂര്‍വ്വം,

    ReplyDelete
  13. സൂരജ്, മറ്റൊരു ഗംഭീരലേഖനം, പതിവുരീതിയിലുള്ള ലളിതമായ ശൈലി അഭിനന്ദിക്കാതെ വയ്യ. തുടരൂ.

    ReplyDelete
  14. അതീവഗഹനം എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയുന്നില്ല. സുനീഷ് പറഞ്ഞപോലെ ബൂലോകത്തിലെ പൂര്‍വ്വജ്ന്മപാപക്കാരനെ ഇപ്പോള്‍ കാണാനില്ല. സന്തോഷ് മാധവനൊപ്പം മുങ്ങിയതായിരിക്കുമോ? ഒന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  15. soorajji

    madiyanu alle pudiya topics onnum illallo

    ReplyDelete
  16. ബാബു മാഷ് :))

    ചിത്രകാരൻ ജീ, നന്ദി. അതെ ഇത് “ഡാർവിന്റെ സൈന്യം” എന്ന എന്റെ പുസ്തകത്തിൽ നിന്നു തന്നെ. എഡിറ്റർ കത്തിവച്ച ഭാഗങ്ങളും ചിത്രങ്ങളും അഡീഷനലായി ചേർത്തിട്ടുണ്ട്. ഐ.എസ്.എം ൽ നിന്ന് യൂണീകോഡ് ആക്കാനുള്ള മെനക്കേടുണ്ട് :)

    റോബിച്ചാ, ;)

    അനിൽ ജീ ;)

    അമൃതേ, ശരിയാണ്, ആ പുസ്തകം ബയോളജി ഗ്രൂപ്പുകാരല്ലാത്തവക്ക് ഇത്തിരി പാടാണ് ദഹിക്കാൻ. മെഡിസിനു ചേർന്ന സമയത്ത് വായിച്ച ആദ്യ ബുക്കായത് കൊണ്ട് ഒത്തിരി ഇഷ്ടമായിരുന്നു അത്. സജസ്റ്റഡ് റീഡിംഗിനു പെട്ടെന്ന് അത് തന്നെ ഓർമ്മവന്നു. നൊസ്റ്റാൾജിയയുടെ അസ്കിത.

    പാമരൻ ജീ,

    വിക്കിയില്..? അത്രയ്ക്കൊക്കെ ഉണ്ടോ ഇത് ? ആ ഒരു ഔദ്യോഗിക ഭാഷ..ങ്ഹും.. അത് നമ്മക്ക് പറ്റൂല്ല.. ;)


    സുനീഷ് ജീ,
    പൂർവ്വജന്മ പാപം മൂലമാണല്ലൊ ഇതൊക്കെ നമുക്ക് എഴുതേണ്ടി വരുന്നത് തന്നെ ;)

    ദേശാഭിമാനീ, മൂർത്തിജീ, സുകുവേട്ടാ, നന്ദി നന്ദി..

    യാരിദ്, കുഴങ്ങിയോ ? (ഇത്തിരി കടുത്തു എന്ന് എനിക്കും ഇട്ട് കഴിഞ്ഞപ്പോൾ തോന്നി ;)അടുത്ത ഇൻസ്റ്റോൾമെന്റ് ഇതിലും ചെറുതാക്കാം.

    അപ്പുച്ചേട്ടാ, നന്ദി.

    രാജേഷ്, മൂപ്പർ കേക്കണ്ട.. ഇനീം അടിവയ്ക്കാൻ മേല :))

    സൂക്ഷ്മം, അതേ.മടി കലശലായിരിക്കുന്നു.. മാത്രമല്ല ഉപരിപഠനത്തിന്റെ ആപ്ലിക്കേഷൻ, ഇന്റർവ്യൂ.. അതിന്റെയൊക്കെ തലവേദനയും ;) പുതിയൊരു വിഷയമെടുത്താൽ ടൈപ്പ് ചെയ്ത് കുഴയും. അദോണ്ട് പഴയതിൽ തന്നെ പിടിക്കുന്നു...

    ReplyDelete
  17. കിടിലന്‍. വിക്കിയൊക്കെ നോക്കി സംശയങ്ങള്‍ ഒക്കെ ശരിയാക്കി വായിച്ചു. അപ്പോ അടുത്ത ഭാഗം പോരട്ടെ.

    ReplyDelete